അപ്പുക്കുട്ടൻ ടെലിവിഷനു മുൻപിൽ തല കുനിച്ചിരിക്കുകയായിരുന്നു. മുഷിഞ്ഞ മുണ്ടും തോളിലൊരു തോർത്തും മാത്രമായിരുന്നു അയാളുടെ വേഷം. സുനാമി വിതച്ച വിപത്തുകൾ ഓരോന്നായി വിസ്തരിക്കവേ ന്യൂസ് റീഡർ റിപ്പോർട്ടറോട് ചോദിച്ചു.
മരിച്ചവരിൽ എത്ര മലയാളികൾ ഉണ്ട്?
അപ്പുക്കുട്ടൻ പുകയിലക്കറ പിടിച്ച പല്ലു കാട്ടി ഉറക്കെ ചിരിച്ചു. ഹഹ്ഹഹ്ഹി ഹി.....
വൃത്തികെട്ട ആ ചിരി മൂലം അയാളെ നാട്ടിൽ അട്ടഹാസം എന്നാണു വിളിച്ചിരുന്നത്..
എന്തിനാ ചിരിക്കുന്നത് ഞാൻ ചോദിച്ചു.
മരിച്ച ശരീരങ്ങളിൽ മലയാളി ബംഗാളി വകഭേദം ഉണ്ടോ സാറേ?..
ഇതിലും നല്ലത് മരിച്ചവരിൽ എത്ര ഹിന്ദുവുണ്ട് ,ക്രിസ്ത്യനുണ്ട്, മുസ്ലീമുണ്ട് എന്ന ചോദ്യമായിരുന്നു.
ഉത്തരത്തിനായി ഞാൻ പരതുമ്പോൾ വീണ്ടും ആ ചിരി
ഹഹ്ഹഹ്ഹി ഹി....
ഒന്നും മിണ്ടാതിരുന്ന എന്റെ മുഖത്ത് നോക്കാതെ അപ്പുക്കുട്ടൻ പടിയിറങ്ങി പോയി.. ഉത്തരം കിട്ടാത്ത ആ ചിരിയുടെ പ്രതിധ്വനികൾ കുറേയേറെ നാൾ എന്റെ ചെവിയിൽ അലയടിച്ചു നിന്നു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുള്ള ആ ചിരി ആരാണ് പേടിക്കാത്തത് ?
പിന്നീടു പല തവണ ഞാൻ ആ ചിരി കേട്ടു .രാഷ്ട്രീയ വാഗ്ദാനങ്ങളിൽ , പത്രവാർത്തകളിൽ , ചില കാഴ്ചകളിൽ അപ്പുക്കുട്ടൻ പുകയിലക്കറ പിടിച്ച പല്ലുകൾ കാട്ടിചിരിച്ചു.
ഹ ഹ് ഹ ഹ് ഹി ഹി
ഉത്തരങ്ങളില്ലാതെ ചോദ്യങ്ങളുമായി ആ ചിരി വായുവിൽ ഒഴുകി നടന്നു.
ഭാര്യയുടെ മൃത ശരീരവും ചുമന്ന് കിലോമീറ്ററുകളോളം നടന്ന ആ മനുഷ്യന്റെ വീഡിയോ ദൃശ്യം യൂറ്റ്യൂബിൽ കണ്ട് മനം നൊന്ത് കവികളും കവയത്രിമാരും കണ്ണീരിൽ ചാലിച്ച് കവിതകൾ എഴുതിയപ്പോളും, പീഡനങ്ങളുടെ കഥകൾ സ്വകാര്യമായി വായിച്ചാനന്ദിക്കുമ്പോളും, ശബരിമല വിവാദവും, പർദ്ദ വിഷയവും ചാനൽ ചർച്ചയ്ക്കു വന്നപ്പോളും ആ ചിരി ഞാൻ ഉയർന്നു കേട്ടു .
പീഡനക്കഥയുടെ പെരുമഴകളിൽ അപ്പുക്കുട്ടന്റെ ചോദ്യം വിചിത്രമായിരുന്നു. ബലാൽസംഘം ചെയ്യപ്പെട്ട യുവതി തെളിവിനായി സി ഡി കൊണ്ടു വരാൻ ആവശ്യപ്പെട്ടാലോ സാറേ?
ഹ ഹ് ഹഹ്ഹി ഹി....
ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ഞങ്ങളുടെ നാട്ടിൽ രണ്ട് മല്ലൻമാരുടെ ഗുസ്തി കണ്ടു നിൽക്കവേ എന്നെ ആരോ വിളിച്ചു.. സാറേ ...
ഞാൻ തിരിഞ്ഞു നോക്കി.. അതാ അപ്പുക്കുട്ടൻ.. മുഷിഞ്ഞ മുണ്ടും തോളിലൊരു തോർത്തുമായി വീണ്ടും.
ഫെയ്സ് ബുക്കിൽ മോപ്പസാങ്ങും ഹെമിങ്ങ് വേയും പാബ്ലോ നെരൂദയും മാർകേസും സ്വയം ചമയുന്ന ചില അല്പൻമാർ ഇല്ലേ സാറേ?...
ഞാനൊന്നും മിണ്ടിയില്ല..
മുണ്ടശ്ശേരിയും, കെ പി അപ്പനും, കൃഷ്ണൻ നായരും ചമയുന്ന നിരൂപകരും അല്ലേ .?
ഹഹ്ഹഹ് ഹി ഹി...
പഴയ ആ വ്യത്തിക്കെട്ട ചിരി...
ഒന്നു ചോദിച്ചോട്ടെ
പറയൂ അപ്പുക്കുട്ടാ... ഞാൻ ഭയത്തോടെ നിന്നു..
ജട്ടിയിട്ട ഈ മല്ലൻമാരെ പോലെ മൽപിടുത്തം നടത്താൻ സാഹിത്യം എന്താ ഗുസ്തിയാണോ സാറേ..?
ഹ ഹ് ഹഹ്ഹി ഹി...
ഞാൻ ഉത്തരം കിട്ടാതെ വിയർത്തു..
അപ്പുക്കുട്ടന്റെ ചിരി ആയിരം ചോദ്യചിഹ്നങ്ങളായി എന്നെ തുറിച്ചു നോക്കി വീണ്ടും ചിരിച്ചു.
.... പ്രേം...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക