ഈ അരിപ്പൊടിക്കെന്താ ഉമ്മാ വല്ലാത്ത കയ്പ്!?
അതോ.. പെറ്റ് കെടക്കണ മേമക്ക് മരുന്ന് കൂട്ടി ഉണ്ടാക്കിയതല്ലേ.. നീയത് അധികം തിന്നണ്ട ട്ടൊ.. ആൺ കുട്ടികൾക്ക് തിന്നാൻ പറ്റൂല.. ഉമ്മ കുലുങ്ങി ചിരിച്ചു... എനിക്ക് ദേഷ്യമാണ് വന്നത്.. അതെന്താപ്പൊ തിന്നാൽ കുഴപ്പം ആവോ..
പടിഞ്ഞാറെ മുറിയിൽ മേമ പെറ്റ് കിടക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്നായി.. എന്റെ മുറിയായിരുന്നു അത്.. പ്ലാവിന്റെ മച്ചുള്ള അറ..മരത്തിന്റെ അഴികളുള്ള കുഞ്ഞ് ജനലിലൂടെ വൈകുന്നേരങ്ങളിൽ ചെമ്പക മണമുള്ള തണുത്ത കാറ്റ് വിരുന്നു വരാറുണ്ട് അവിടെ മേമ കയറിയത് എനിക്ക് ഒട്ടും ഇഷ്ടായിട്ടില്ലായിരുന്നു..
ഇപ്പൊ അവിടേക്ക് കയറിയാൽ എന്തോ കുഴമ്പിന്റെ ഒക്കെ വല്ലാത്ത മണമാണ്.. എന്നാലും ഇഷ്ടമുള്ള ഒരാളുണ്ട്.. വെളുത്ത തുണിക്കുള്ളിൽ ചുവന്ന് തുടുത്ത് പഞ്ഞി പോലെ അവൾ.. പെൺ വാവയാണ് ..മോൻ വേണം പേരിടാൻ എന്ന് മേമ കവിളിൽ നുളളി പറഞ്ഞപ്പോൾ ഞാൻ നാണം കൊണ്ട് ഓടിക്കളഞ്ഞു..
മേമക്ക് കുളിക്കാൻ പറമ്പിൽ ഓല വളച്ച് കെട്ടിയൊരു മറ ഉണ്ടാക്കിയിട്ടുണ്ട്.. രാവിലെ പെരുന്നാത്തി തള്ള വന്ന് എന്തൊക്കെയോ കുഴമ്പ് പുരട്ടി മേമയെ കുളിപ്പിക്കും... സുപ്രയിൽ കിടത്തി പെൺ വാവയെ കുളിപ്പിക്കുന്നത് കാണാൻ രസമാണ്.. വെള്ളം വീഴുമ്പോൾ അവൾ ഉറക്കെ കരയും.. എനിക്ക് ചിരിയാണ് വരിക.
മേമക്ക് വീടുണ്ടായിട്ടും ഇവിടെ വന്നതെന്തിനാന്ന് സംശയമുണ്ടായിരുന്നു.. ഇത്താത്തയാണ് പറഞ്ഞ് തന്നത്.. പെൺവാവ ആയതോണ്ട് ഇച്ചാപ്പക്ക് ഇഷ്ടമില്ല പോലും..ചിലവിന് പൈസ പോലും കൊടുക്കില്ല.. ബാപ്പയാണത്രെ ഇപ്പൊ എല്ലാം നോക്കുന്നത്... മേമ ഇടക്ക് കരയുന്നതെന്തിനാണെന്ന് എനിക്ക് മനസിലായി.. പക്ഷേ.. പെൺ വാവ ആയാൽ എന്താ കുഴപ്പമെന്ന് മാത്രം മനസിലായില്ല..
മൂന്ന് മാസം കഴിഞ്ഞു പോയി.. ഒരു ദിവസം സ്കൂൾ വിട്ട് വന്നപ്പോൾ പടിഞ്ഞാറെ റൂമിൽ ഇച്ചാപ്പയുണ്ട്.. മോളെ ഉമ്മ വെച്ച് ഓമനിക്കുകയാണ്.. മേമ അടുത്ത് നിന്ന് കരയുന്നുണ്ട്... എന്നെ കണ്ടപ്പോൾ ഇച്ചാപ്പ അടുത്തേക്ക് വിളിച്ചു.. പോക്കറ്റിൽ നിന്നൊരു ഫൈവ് സ്റ്റാർ എടുത്ത് തന്നു.. ഞാനതും വാങ്ങി ഒറ്റ ഓട്ടം വെച്ച് കൊടുത്തു..
അന്നെല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.. ഉച്ചക്ക് നെയ് ചോറും കോഴിമുളകിട്ടതും വയറ് നിറയെ തിന്നു ഇച്ചാപ്പയുടെ കൂടെ മേമയും പെൺ വാവയും യാത്രയായി.. പടിഞ്ഞാറെ മുറി ഒഴിഞ്ഞതിൽ സന്തോഷമുണ്ടായെങ്കിലും പെൺ വാവ പോയപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല..
എന്നാലും പെൺ വാവക്ക് പേരിട്ടത് ഞാൻ തന്നെയാട്ടൊ..എന്താണെന്നറിയോ... അല്ലേൽ വേണ്ട..അത് മാത്രം ഒരു രഹസ്യമായിക്കോട്ടെ..
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക