എവിടേ നീ തുറന്നിട്ട
പ്രണയത്തിൻ്റെ ജാലകം
വെയിലേൽക്കാതെ, പൂക്കാതെ
മുകുളം പട്ടു ഞാനകം.
അകലുന്തോറുമേറുന്നു
പകലില്ലാത്ത വൻകര
ഇരുളിൽ തൊട്ടു വായിക്കാം
വെറുതേ നിൻ്റെ പുഞ്ചിരി
മിഴി ചിമ്മുന്ന നേരത്തും
കുഴി മൂടാക്കിനാവുകൾ
അഴുകിത്തീർന്നിടുന്നില്ലീ-
യഴകിൻ ശവസഞ്ചയം
തമ്മിലന്നേ പിരിഞ്ഞിട്ടും
പമ്മി നിൽക്കുന്നു നിൻ സ്മൃതി
രാത്രിയെന്നാലിടയ്ക്കൊക്കെ
യാത്രയില്ലെന്നു ചൊല്ലുവാൻ
ഇരുൾവാനത്തുദിക്കുന്ന
നിണ നക്ഷത്ര സാന്ത്വനം
കണ്ണു മൂടിയിരുന്നാലും
വെൺമ ചോരുന്ന മാത്രയിൽ
കണി കാണുന്നു നോവിൻ്റെ
പ്രണയാതുരവിഗ്രഹം
എഴുതിത്തീർന്നു പോവാതെ
ഇനിയും നിൻ്റെയക്ഷരം
വിരലിൽ ബാക്കിയാവുമ്പോൾ
ഇരുളാണെൻ്റെ വൽക്കലം
നെഞ്ചിലാളും തിരിത്തുമ്പിൽ
ചുണ്ടു ചേർക്കൂ, വിറയ്ക്കുമെൻ
തൊണ്ട പാടിച്ചുവപ്പിച്ച
നല്ല കാലങ്ങളോർക്കുവാൻ
**** **** *****
ശ്രീനിവാസൻ തൂണേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക