ഓർമ്മകൾ ശിരസ്സിലെവിടെയോ ഓടാമ്പലിട്ടു കിടക്കുകയായിരുന്നു.. പണ്ടെന്നൊക്കെയോ നടന്നു പോയ വഴികൾ ചിലപ്പോൾ ഓർക്കാനാരും മിനക്കെടാറില്ല പക്ഷേ ഒന്നോർക്കാൻ ശ്രമിച്ചു നോക്കൂ.. ഏതൊക്കെയോ അsരിൽ നിന്നുതിരുന്ന മൺ ചിതലിനുളളിൽ നിന്ന് ജീവസ്പന്ദനങ്ങൾ ഇഴയും പോലെ അനങ്ങും അകത്തളം.. പിന്നെ മണ്ണിര മണ്ണിനെയെന്ന പോലെ അത് ജൈവമായ ഒരു പരിണതിയായി അവസാനം വാക്കിന്റെ ചെടിയായി പൂത്ത് സുഗന്ധം ചൊരിയും..
ബഷീർ തങ്ങൾ, വാഴശ്ശേരി ഇബ്രാഹിം കുട്ടി ഇവരുടെ മുറിയിൽ ഒരു താൽക്കാലിക താമസക്കാരനായാണ് ആ ഗാഖാൻ ഹോസ്റ്റലിൽ സുലൈമാൻ ഹാളിൽ താമസമുറപ്പിക്കുന്നത്. ചിലപ്പോൾ മുറികൾ ഒഴിവില്ലാത്ത സമയങ്ങളിൽ അഡ്മിഷൻ നടക്കാറുണ്ട് അതങ്ങനെയൊരു സമയമായിരുന്നു..
രണ്ട് ചാർ പായകൾ - ചൂടിക്കടിലിന്റെ ഹിന്ദി നാമം - അതിനിടയിലുള്ള സ്ഥലത്ത് നിലത്ത് ഞാനെന്റെ കിടക്ക വിരിച്ചു..
ബിഎ രണ്ടാം വർഷ വിദ്യാർത്ഥി ഇബ്രാഹിം കുട്ടി.. വണ്ടുരുള്ള അമ്പാസഡർ ഹോട്ടൽ ഉടമയുടെ രണ്ടാമത്തെ മകൻ.. ആ ജാനുബാഹു. കറുപ്പ് ,ആഷ് നിറമുള്ള കുപ്പായത്തിന്റെ മുൻ കുടുക്ക് അലിഗർ ട്രഡീഷനെ വെല്ലുവിളിച്ച് എപ്പോഴും തുറന്നു കിടന്നു.. ഏറനാടൻ മുസ്ലീമിന്റെ എല്ലാ ശുദ്ധതയും സൗമ്യതയും നർമ്മബോധവും ഇബ്രാഹിം കുട്ടിയെ വ്യത്യസ്ഥനാക്കിയിരുന്നു.. എന്ത് പ്രശ്നമുണ്ടായാലും ചുണ്ട് കോട്ടിയ ഊറിച്ചിരിയോടെ ബ്രായ്ങ്കുട്ടി
മറുപടി പറയും.കോയീ ബാത്ത് നഹീ.... അത് പ്രശ്നമല്ല ശരി യാക്കാം....
ബഷീർ തങ്ങൾ മക്കരപ്പറമ്പ് വടക്കേ ങ്ങര സ്വദേശി ... രണ്ട് കൈകളും എപ്പോഴും പാന്റിന്റെ രണ്ട് പോക്കറ്റിൽ തിരുകി ഇളം ചിരി ചിരിച്ച് ഒന്നു ഞെളിഞ്ഞ് തങ്ങൾ നിൽക്കും.. ബി ലിബ്-ലൈബ്രറി സയൻസ് ബിരുദത്തിനായി പഠിച്ചു തങ്ങൾ...
രാത്രികളിൽ എത്രയോ ഇരുളകങ്ങളിൽ സംസാരിച്ച് കിടന്ന ഓർമ്മകൾ.. കൊടും ചൂടെത്തുമ്പോൾ പുറത്തെ ടെറസ്സിൽ കട്ടിലിട്ട് കൊതുവലപ്പന്തൽ കെട്ടി തിരിഞ്ഞും മറഞ്ഞും കിടന്ന രാത്രികൾ.. രാജസ്ഥാനിലെ പഴുക്കുന്ന മണ്ണ് രാത്രി തണുക്കുന്നതും പിങ്ക് സിറ്റിയുടെ ഭംഗിയും അജ്മീറും എല്ലാം വർത്തമാനപ്പുറം കയറിയിറങ്ങി..
ഈ രണ്ടു പേർക്കൊപ്പം എൻജിനീയറിംഗിലെ ഫൈസലും ഫിറോസും കൂടിയായാൽ ഒരു ഗാങ്ങ് ആയി. ജോധ്പൂരിലെ കറക്കങ്ങൾ, സിറ്റി യാത്ര, സൈക്കിളിൽ പോകുന്ന സെക്കന്റ് ഷോകൾ എല്ലാ തീരുമാനങ്ങളും രാത്രി ഭക്ഷണത്തിനു ശേഷം എല്ലാവരും ഒത്തുകൂടുന്ന ആ ഗാഖാനിലെ പ്രസിദ്ധമുറി 21 ൽ വെച്ച്...
അലിഗറിന്റെ ഓരോ മുക്കും മൂലയും പരിചയപ്പെട്ടത് ഇവരോടൊപ്പമാണ് ':നമായി ഷിന്റെ, വേനൽ തണുപ്പുകാലങ്ങളുടെ, മദർ ഗേറ്റിന്റെ.വ്യത്യസ്ഥങ്ങളായ യൂണിവേഴ്സിറ്റിയുടെ പുറം ഗ്രാമങ്ങളെ, കൃഷിസ്ഥലങ്ങളെ എല്ലാം ഞാൻ കണ്ടതിൽ ഈ സീനിയർ സുഹൃത്തുക്കളുടെ കൂട്ട് ലഭിച്ചത് കൊണ്ടായിരുന്നു...
ഇബ്രാഹിം കുട്ടി ഗൾഫിലെത്തി.. കുബ്ബൂസ് പോലെ ചീർത്തു.. തങ്ങൾ മഞ്ചേരി യൂനിറ്റി കോളേജ് ലൈബ്രേറിയനായി.അതേ തങ്ങൾ തന്നെ... അന്നും.. ഇന്നും...! ഫൈസൽ ബാലുശ്ശേരിയിൽ ഉയർന്നു പൊന്തി.. ഫിറോസ് പെട്രോളിയത്തിന്റെ പ്രമുഖ ഡീലർ ...
ഫിറോസിന്റെ മകളെ സംവിധായകൻ കമലിന്റെ മകനാണ് കല്യാണം കഴിച്ചത്
അന്ന് ഇവരെയൊക്കെ വീണ്ടും കണ്ടു..
കാലമിനിയുമുരുളും
വിഷു വർഷങ്ങളും വരും
ഓരോ ചെടിയും പൂവും കായുമാകും..
അതല്ലേ ജീവിതം.... അതൊക്കെത്തന്നെയല്ലേ ജീവിതം...അങ്ങിനെയൊക്കെത്തന്നെയല്ലേ.. ഈ ജീവിതം.!!
*********""***"*************
സുരേഷ് നടുവത്ത്
**""*"**********************

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക