Slider

"മോഹിനി"

0

കാലഹരണപ്പെട്ട വാതിലുകൾ ചേർത്തടച്ചു ....
മുറിയിൽ ഇരുട്ട് നിറഞ്ഞു. ഇരുട്ട് പിടിച്ച് കിടന്ന മനസ് ചെറിയ വെള്ളി വെളിച്ചത്തിന് വേണ്ടി കൊതിച്ചു കഴിയുന്നില്ല
ചങ്ങല കണ്ണികൾ കൊണ്ട് ബന്ധിച്ചിരുന്ന മനസ് എങ്ങനെ പുറത്തു കടക്കും വെറുതെ ആശിക്കാം എന്നല്ലാതെ......
വർഷങ്ങൾക്ക് മുമ്പായിരുന്നു
അയാളെ ആദ്യമായി കണ്ടത് .
കൊമ്പൻ മീശയും ചുവന്ന കണ്ണുകളും ഉള്ള
ആ മനുഷ്യൻ മദ്യപിച്ച് ലക്ക് കെട്ട് ആരെയോ താഴെ ഇട്ട് ചവിട്ടുന്നു .
എന്തൊരു മനുഷ്യനാണ് ? അവൾക്ക് അയാളോട് ദേഷ്യം തോന്നി..
ജനിച്ച നാട് വിട്ട് കള്ള് കുടിയനായ അച്ഛനെ
പേടിച്ച് അമ്മ തന്നെയും സഹോദരൻമാരെയും കൂട്ടി ഇങ്ങോട്ട് വരുകയായിരുന്നു ...
മനസമാധാനം തരാതെ തേടി പിടിച്ച് അച്ഛൻ ഇവിടെയും എത്തി...
ഒരു വൈകുനേരത്ത് ആച്ഛനോടൊത്ത്
അയാളെ കണ്ടപ്പോൾ സങ്കടവും വിഷമവും
വന്നു .
വാങ്ങിച്ച് കൊടുക്കാൻ ആളുണ്ടെങ്കിൽ എത്ര കള്ള് കുടിക്കാനും അച്ഛൻ
തയ്യാറായിരുന്നു.
റോഡിന്റെ ഓരത്തുവച്ച് അയാളെ വീണ്ടും കണ്ടുമുട്ടി അവൾ ഒതുങ്ങി നിന്ന് വഴി വിട്ട് കൊടുത്തു മീശ ഒന്ന് പിരിച്ച് ഷർട്ടിന്റെ കൈ മേലോട്ട് കയറ്റി അയാൾ
ചോദിച്ചു .
" കൃഷണേട്ടന്റെ മോളല്ലേ ?"
അവൾ തലതാഴ്ത്തി നിന്ന് വെറുതെ ഒന്ന്
മൂളി
" ഉം "
"അച്ഛൻ നിന്നെ എനിക്ക് കെട്ടിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട് ഒരു ദിവസം
ഞാൻ വീട്ടിലേയ്ക്ക് വരും ഒരുങ്ങി
ഇരുന്നോ "
അയാൾ നടന്ന് അകന്നപ്പോഴായിരുന്നു അവൾക്ക് ശ്വാസം നേരെ വീണത് വീട്ടിൽ
ചെന്ന് അമ്മയോട് കാര്യം പറഞ്ഞപ്പോൾ
അമ്മ അച്ഛനെ ശപിച്ചു.
" ആ കാലൻ എന്റെ ജീവിതം നശിപ്പിച്ചു
ഇനി വേറൊരു കള്ള് കുടിയന് കെട്ടിച്ച് കൊടുത്ത് എന്റെ മോളുടെ ജീവിതം കൂടി"
പെറ്റവയറല്ലേ നോവാതിരിക്കില്ല.
അമ്മ നെഞ്ചത്തും വയറ്റത്തും അടിച്ച് നിലവിളിച്ചു.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അമ്മ പറഞ്ഞു .
"നിന്നെ ഒരു കൂട്ടര് കാണാൻ വരുന്നുണ്ട്
നീ ഒരുങ്ങി നിന്നോ?"
ആദ്യമായി അവളുടെ കവിളിൽ കല്യാണത്തിന്റെ നാണം വിരിഞ്ഞു വേദനകളിൽ നിന്ന് വല്ലപ്പോഴും സന്തോഷിക്കാൻ കിട്ടുന്ന അവസരമാണിത് രാവിലെ തന്നെ കുളിച്ച് കുറിയിട്ട് പുതിയ സാരിയുടുത്ത്
അവൾ ഒരുങ്ങി നിന്നു .
സമയം പതിനൊന്ന് കഴിഞ്ഞു ആ കൂട്ടര് വന്നില്ല ഉച്ചകഴിഞ്ഞപ്പോൾ ആരോ പറഞ്ഞ് അറിഞ്ഞു .
ആ കല്യാണം കെ.കെ മുടക്കി അയാളോട് അവൾക്ക് ദേഷ്യം തോന്നി ഒപ്പം സഹിക്കാനാവാത്ത വിഷമവും.
ആര് ചോദിക്കാൻ നാട്ടുകാർ വരെ
ആ മനുഷ്യനെ സഹായിക്കുന്നു.
ഒറ്റയാനെ പോലെ അയാൾ നാട് വിറപ്പിച്ച്
നടന്ന് വേണ്ടാത്തത് ചെയ്ത് കൂട്ടുമ്പോൾ
എന്താണ് ആരും അയാളോട് ചോദിക്കാത്തത് സ്നേഹമാണോ? ആളുകൾക്ക് അതോ ഭയമോ? അവൾക്ക് അറിയില്ലായിരുന്നു.
വീണ്ടും പെണ്ണ് കാണാൻ ഒരുപാട് പേർ വരുമെന്ന് പറഞ്ഞു .
ആരും വന്നില്ല എങ്ങനെ വരാൻ അവരുടെ വീട്ടിൽ ചെന്ന് ചെറുക്കന്റെ കഴുത്തിൽ കൊടുവാള് വെച്ച് അയാൾ പറയും.
"ആരെങ്കിലും മോഹിനിയെ പെണ്ണ് കാണാൻ ആ വഴിക്ക് വന്നാൽ ആ കാല്
ഞാൻ വെട്ടും ഇത് കെ കെ യുടെ വാക്കാണ് "
മരണത്തെ പേടിയുള്ളവരാണ് മനുഷ്യർ
ആദർശം പറയാൻ എല്ലാവരും കാണും
പക്ഷേ സ്വന്തം ജീവൻ കളഞ്ഞ് ഒരു സാധു
പെണ്ണിനെ ജീവതം കൊടുക്കാൻ ആരെങ്കിലും ഉണ്ടാവുമോ അറിയില്ല പക്ഷേ ആരും വന്നില്ല:
ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ ഒരുപാട് കടന്നു പോയി. അയാൾ എന്ന മനുഷ്യൻ അവളുടെ മുന്നിൽ രാക്ഷസനെ
പോലെ വളർന്നു കൊണ്ടിരുന്നു....
ഒരു പുലർക്കാലത്ത് അവൾ മുറ്റം അടിച്ചു കൊണ്ടിരുന്നപ്പോൾ അയാൾ പടി കയറി വന്നു
" ഇന്നു നമ്മുടെ കല്യാണമാണ് വേഗം ഒരുങ്ങി വാ അമ്പലത്തിലേക്ക് "
അയാൾ പറഞ്ഞത് കേട്ട് അവൾ പൂച്ച കുഞ്ഞിനെ പോലെ അമ്മയുടെ പുറകിൽ ഒളിച്ചു.
അമ്മയേ തട്ടിമാറ്റി അവളുടെ മുടി കുത്തിൽ കടന്ന് പിടിച്ച് റോഡിലൂടെ അയാൾ അമ്പലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.
നാട്ടുകാർ കാഴ്ച്ചകാരായി നോക്കി നിന്നു.
അയാളുടെ സുഹൃത്തുക്കളിൽ ആരോ ഒരാൾ കൊടുത്ത താലി
അവളുടെ കഴുത്തിൽ ചാർത്തുമ്പോൾ.
ധീരനായ ആ മനുഷ്യൻ തോൽക്കുകയായിരുന്നു ആ സാധു പെണ്ണിന്റെ മുമ്പിൽ?
സ്നേഹം എന്ന വികാരത്തിനു മുമ്പിൽ? ഭയപെടുത്തി നേടാൻ പറ്റുന്ന ഒന്നാണോ സ്നേഹം അയാൾക്ക് അറിയില്ലായിരുന്നു മോഹിനിയെന്ന മോഹത്തിന് മുമ്പിൽ അയാൾ ആത്മാഭിമാനം മറന്നു, മറ്റുള്ളവരുടെ വേദനകൾ മറന്നു,
തോൽക്കാൻ ഇഷ്ടമില്ലാത്ത കളിയിൽ
അയാൾ ജയിച്ചു പക്ഷേ അയാളുടെ മനസാക്ഷിയുടെ മുമ്പിൽ അയാൾ ജയിച്ച്
കാണുമോ അവൾക്ക് എന്നല്ല ലോകത്ത്
ആർക്കും അറിയില്ലായിരുന്നു....
അയാളുടെ ഒപ്പം ആ വിട്ടിലേയ്ക്ക് അവൾ
കയറി ചെല്ലുമ്പോൾ ആ വീട്ടിൽ നിലവിളക്കുമായി ആരും കാത്ത് നിന്നില്ല അയാളുടെ അമ്മയും സഹോദരിമാരും എതോ മുറിയിൽ നിന്ന് അവജ്ഞയോടെ നോക്കുന്നു...
അവളെ ഒരു മുറിയിൽ കൊണ്ട് ഇരുത്തി.
എന്നിട്ട് പറഞ്ഞു
" നീ ഇവിടെയിരിക്ക് ഞാനിപ്പോൾ വരാം"
അയാൾ വെളിയിലേയ്ക്ക് പോയി അവൾ
എന്ത് ചെയ്യണമെന്നറിയാതെ ആ മുറിയിൽ തലകുമ്പിട്ടിരുന്ന് കരഞ്ഞു.
രണ്ട് മൺകലവും കുറച്ച് അലുമിനിയി
പാത്രങ്ങളുമായി അയാളുടെ അമ്മ കടന്നു വന്നു .
" നിങ്ങൾ വേറെ വച്ച് കഴിച്ചോളൂ"
വേറൊന്നും ചോദിക്കുക പോലും ചെയ്യാതെ അമ്മ മുറി വിട്ട് പോയി.
രാത്രി വീട്ട് പടിക്കൽ ഓട്ടോ വന്നു നിന്നു അവൾ പതിയെ ജനലിലൂടെ പുറത്തേക്ക് നോക്കി ഒരു കുടുബത്തിന് കഴിഞ്ഞ്‌ കൂടാൻ വേണ്ട
എല്ലാ സാധനങ്ങളും അതിൽ ഉണ്ടായിരുന്നു പിന്നെ കുറെ സാരിയും ..
അവളുടെ ജീവിതത്തിൽ അത്രയും വില കൂടിയ സാരികൾ മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല....
കല്യാണം കഴിഞ്ഞ ആദ്യവർഷം ഒരു പെണ്ണ് ആഗ്രഹിക്കുന്ന സ്നേഹവും കരുതലും അയാളിൽ നിന്ന് ലഭിച്ചു . ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റിയ നല്ല മുഹൂർത്തങ്ങൾ തന്നു ...
ഒരു രാത്രിയിൽ തമാശക്ക് തുടങ്ങിയ കള്ള് കൂടി പിന്നെ മുഴു കുടിയായി തുടർന്നു..
മൂന്ന് മക്കളായി അവർക്ക്
വേണ്ടി ജീവിക്കണം എന്ന തിരിച്ചറിവ്
അവളെ ജീവിക്കാൻ പ്രരിപ്പിച്ചു.
രാവിലെ നല്ല സ്നേഹത്തോടെ പെരുമാറുന്ന മനുഷ്യൻ കള്ള്
കുടിച്ച് കഴിഞ്ഞാൽ മൃഗത്തിന്റ സ്വഭാവമാണ്.
അവളെ അടിക്കുന്നത് കണ്ട് മൂത്ത മോൻ ഒരിക്കൽ ചോദിച്ചു..
" അമ്മേ അച്ഛൻ മരിച്ചു പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു "
അവന്റെ കുഞ്ഞു മനസിന്റെ വേദന കൊണ്ട് ചോദിച്ചതായിരിക്കാം പക്ഷേ അവൾ കൊടുത്ത അടിയുടെ ചൂട് കൊണ്ടാവണം പിന്നിട് ഒരിക്കലും അവൻ
ചോദിച്ചിട്ടില്ല.....
തലചുമരിൽ ഇടിച്ചും ബെൽറ്റ് കൊണ്ട്
തല്ലിയും അയാൾ അവളുടെ ചെറിയ തെറ്റുകൾക്ക് വലിയ ശിക്ഷ വിധിച്ചു..
അന്ന് തൊട്ട് തുടങ്ങിയ തലവേദനയാണ്
ഇന്നും ഡോക്ട്ടർമാർക്ക് പോലും അസുഖം എന്താണെന്ന് അറിയാത്ത തലവേദന.. ഒരിക്കൽ അവളുടെസഹോദരൻ വന്ന് പറഞ്ഞു
"പിള്ളാരെയും വിളിച്ച് ഞങ്ങളോടെപ്പം
പോര് ചേച്ചി അയാൾ ഇവിടെ കിടന്ന്
എങ്ങനെയെങ്കിലും ജീവിക്കട്ടെ "
അവൾ പോയില്ല വേദനകളും വിഷമങ്ങളും ഉള്ളിലൊതുക്കി അവൾ അയാളോടെപ്പം കഴിഞ്ഞു .
മക്കളെ വളർത്താൻ പാടത്ത് കൊയ്ത്തിന് പോയി.
ആദ്യമായി വരമ്പിൽ കറ്റയുമായി നടന്ന നാൾ തുവര കുറ്റിയിൽ തട്ടി കാൽപാദം
മുറിഞ്ഞു .അവർ കരഞ്ഞില്ല..
മനസിൽ ഉണ്ടായ മുറിവിനെക്കാൾ വലുതല്ലലോ കാലിൽ തട്ടിയ മുറിവ്
എന്നെങ്കിലും അയാൾ ശരിയാവുമെന്ന
പ്രതീക്ഷയിൽ അയാൾ നല്കിയ ആദ്യവർഷത്തെ സുന്ദരജിവിതം
ഓർത്ത് അവളുറങ്ങി ..
കള്ള് കുടിക്കുമെങ്കിലും സ്നേഹമുള്ളവനായി അയാൾ മാറി കൊണ്ടിരുന്നു. അയാൾ നന്നാവുന്നത് കണ്ട് സഹിക്കാതിരുന്ന ദൈവം കാൻസർ എന്ന മാറാരോഗം അയാൾക്ക് സമ്മാനിച്ചു ...
തോൽക്കാൻ ഇഷ്ട്ടമില്ലാതിരുന്ന അയാൾ അവിടെ തോറ്റു മരണത്തിന്റെ
തൊട്ട് മുമ്പ് അവളുടെ മടിയിൽ തല വെച്ച് കൊണ്ട് പറഞ്ഞു
" ഞാൻ ഒരു പാട് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു മോഹിനി നിന്നെ പക്ഷേ ഞാൻ എന്താ ഇങ്ങനെ ആയി പോയി എന്നെനിക്ക് അറിയില്ല "
അതു പറയുമ്പോൾ അയാൾ കരഞ്ഞില്ല കരയാൻ അയാൾക്ക് അറിയുമായിരുന്നില്ല....
മകളെ അടുത്തിരിത്തി അയാൾ ഉപദേശിച്ചു
" എന്റെ ഭാര്യയെ ഒരിക്കലും നിങ്ങൾ വേദനിപ്പിക്കരുത് ഇവൾ
ആയ കാരണം ഇത്രയും കാലം എന്നെ സഹിച്ചു വേറെ വല്ല പെണ്ണുങ്ങൾ
ആയിരുന്നെങ്കിൽ ചിലപ്പോൾ "
പറഞ്ഞു വന്നത് മുഴുമിപ്പിക്കാതെ ആ ധീരനായ ആ മനുഷ്യൻ ജീവിതമെന്ന ചെറിയ ലോകത്തോട് വിടവാങ്ങി....
ഭർത്താവ് എന്ന പാപിയെ കുറിച്ചോർത്ത്
അവൾ കരഞ്ഞു അലമുറയിട്ട്....
കഷ്ടപ്പാടും ദുരിതവും പേറി മക്കൾ എന്ന കൊടും പാപിക്കൾക്ക് വേണ്ടി ഇന്നും
ജീവിക്കുന്നു ഇന്നല്ലെങ്കിൽ നാളെ നന്നാവുന്ന പ്രതിക്ഷയിൽ
എങ്ങനെ നന്നാവാൻ അച്ഛന്റെ അല്ലേ മക്കൾ ....
ശുഭം
മനു എണ്ണപ്പാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo