Slider

ഭീതിയുടെ ശിഖരങ്ങൾ

0

ഇരുട്ടിൽ ആ മുഖം വ്യക്തമായിരുന്നില്ല.
കോടാലിയുമായി നടക്കുന്ന ചെല്ലപ്പനെയാണ് ആദ്യം ഓർമ്മ വന്നത്. ഞാൻ പേടിച്ച് വിറച്ചു നിന്നു..
ഏതോ വണ്ടിയുടെ ഇരുണ്ട വെളിച്ചത്തിൽ ഞാനാ മുഖം കണ്ടു .. ഗോപി....
ഓ എന്നെ പരിചയപ്പെടുത്തുവാൻ മറന്നു. സ്കൂൾ കെട്ടിടത്തിനു മുന്നിലെ ആ പഴയ മാവാണ് ഞാൻ.
സംശയിക്കേണ്ട ശിഖരങ്ങൾ വിടർത്തി തണലേകി നിൽക്കുന്ന ആ മാവ് തന്നെ.
എല്ലാം കണ്ടും,കേട്ടും വർഷങ്ങളായി ഇവിടെ നില്ക്കുന്ന മൂക സാക്ഷി .
നാട്ടിൽ കേട്ടും, കേൾക്കാതെയും എന്നെ വിളിക്കുന്ന ഒരു ചെല്ലപേരുണ്ട് മുത്തശ്ശിമാവ്...
ഈശ്വരാ ഗോപി കരയുവാണല്ലോ??
എന്റെ ചുവട്ടിലിരുന്നു അവൻ പൊട്ടിക്കരയുന്നു. മുകളിലേക്ക് കൈകളുയർത്തി എന്തോ പറയുന്നുമുണ്ട്.
ഗോപീ, നിന്റെ വേദനകൾ ഞാനറിയുന്നു. പക്ഷെ എനിക്ക് നന്മകളും , തിൻമകളും പറയാൻ നാവില്ലല്ലോ .. നിന്നെ ഞാൻ എങ്ങനെ ആശ്വസിപ്പിക്കും..?
പകൽ ബസ്സിൽ യാത്രക്കാർ പോകവേ ചിലർ എന്നെ ചുഴിഞ്ഞ് നോക്കും.
എന്റെ ചില്ലകളിൽ വിരിഞ്ഞ മാവിൻപൂക്കളെ കണ്ട് വ്യാമോഹിക്കും.
ചിലപ്പോൾ ഉണ്ണികൾ മൊട്ടിട്ട ശിഖരങ്ങളിൽ അത്ഭുതത്തോടെ...
മാമ്പഴക്കാലങ്ങളിൽ കൊതിയോടെ...
എന്റെ തണലിൽ കുട്ടികൾ കൂട്ടം കൂടിയിരുന്ന് പഠിക്കും.. പാട്ടു പാടും.
ഞാൻ മാത്രം ..
കഥകളും, കദനങ്ങളും കേട്ട് ഒന്നും പറയാനാകാതെ... അനങ്ങാതെ..
ഞങ്ങൾ മൂന്നു പേരായിരുന്നു.. ഒരുമിച്ച് വളർന്നു വലുതായവർ.. സ്കൂൾ വികസനത്തിനു വേണ്ടി ഒരിക്കൽ കോടാലിയുമായി ചെല്ലപ്പൻ വന്നു. കൂടെയുള്ളവർ എന്റെ കൺമുന്നിൽ അവസാന ശ്വാസം നിലച്ചു മറിഞ്ഞു വീഴവേ എന്നെ നോക്കി അവർ കരഞ്ഞു. ഞാനും..
പിന്നെ ചുട്ടുപൊള്ളുന്ന എത്രയോ പകലുകളിൽ , കറുത്ത രാത്രികളിൽ
ഒറ്റപ്പെട്ടു നിന്നു ഞാൻ..
ഇന്നലെകളിലെന്നോ ഇത്തിൾകണ്ണികൾ പിടിച്ച ശിഖരങ്ങളിലേക്ക് ഗോപി കയറുകയാണ്..
ഗോപീ അരുത്... നാവില്ലാത്തതിനാൽ
എന്റെ ശബ്ദം അവൻ കേട്ടില്ല..
ചാഞ്ഞു നിന്ന കൊമ്പുകളിലൊന്നിൽ അവൻ ഉടുമുണ്ട് വലിച്ചു മുറുക്കി..
അവൻ മരിക്കുവാൻ പോകുകയാണ്..
നിസഹായതയുടെ മൂർദ്ദധനൃതയിൽ വിറുങ്ങലിച്ച ഞാൻ .. എന്റെ തേങ്ങലുകൾ അവൻ കേട്ടെങ്കിൽ..
ആരേങ്കിലും വന്നിരുന്നുവെങ്കിൽ..
എനിക്കൊന്നുറക്കെ കരയുവാനായിരുന്നെങ്കിൽ...
ശക്തമായ ഒരു കാറ്റു വന്നെന്റെ ചില്ലകൾ ഉലച്ചിരുന്നെങ്കിൽ.
മരണത്തിനായി പ്രകൃതി പോലും മരവിച്ചു നില്ക്കുകയാണ്...
ശബ്ദിക്കാനാവാത്ത ഞാൻ.. ചലിക്കാനാവാത്ത എന്റെ നിസഹായത... എന്റെ കൈകളിൽ അകലുന്ന ജീവന്റെ അവസാന പിടച്ചിൽ.. ഞരക്കങ്ങൾ..
മരണത്തിനു മൂക സാക്ഷിയായി,
;കരച്ചിലോടെ ഞാൻ കണ്ണടച്ചു നിന്നു.
നാളെ എന്റെ തണലിൽ കുറേ ജനങ്ങൾ..
ചിലർ കാഴ്ചക്കാരായി
ചിലർ കണ്ണുകൾ നിറച്ച്..
കണ്ണുകൾ തുറിച്ച് തൂങ്ങി നില്ക്കുന്ന ഗോപിയുടെ നിശ്ചല ശരീരം... പേടിയോടെ എന്നെ നോക്കുന്ന കുട്ടികൾ..
നാളെ സ്കൂളിനു മുന്നിലെ അപശകുനമായി,
ഭീതിയുടെ ശിഖരങ്ങളുമായി ഞാൻ ...
മൂർച്ചയേറിയ ഒരു കോടാലിയുടെ ചിത്രം ആ ഇരുട്ടിൽ എന്റെ കണ്ണിൽ തെളിഞ്ഞു വന്നു..
....പ്രേം....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo