Slider

അമ്മുമ്മയ്കൊരു പ്രസാദം

0

നീയൊരു പെൺകുട്ടിയാ അതോർമ്മവേണം.മകളുടെ കുസൃതികൾ കാരണം പൊറുതിമുട്ടി ശാരദ ദേഷൃപ്പെട്ടൂ.എന്താ പെൺകുട്ടി ആയാൽ, ആകാശം ഇടിഞ്ഞു വീഴുമോ, എന്ത് കഷ്ടാ ഇത് ആണ്കുട്ടികൾക് മാത്രം ഇവിടെ ജീവിച്ചാൽ മതിയോ. അമ്മുക്കുട്ടി ദേഷ്യത്തോടെ പിറുപിറുത്തു. അതേയ് വയസ്സ് പത്തിരുപതായി ഇപ്പോഴും പാലുകുടി മാറാത്ത കുട്ടിയാണെന്നാണോ നിന്റെ വിചാരം, കണ്ട കുട്ടിപ്പിശാചുക്കളുടെ കൂടെ മരംകേറി നടന്നാലുണ്ടല്ലോ കെട്ടിക്കൊണ്ട് പോകാനാരും വരില്ല പറഞ്ഞേക്കാം, പിന്നെ കിടന്നു അയ്യോ പൊത്തോന്ന് വിളിച്ചിട്ടൊരു കാര്യോമില്ല, അതെങ്ങനെയാ ജനിച്ചതേ കാലുപിറന്നല്ലേ പിന്നെങ്ങനെ നന്നാവും അതും പറഞ്ഞു ശാരദ അടുക്കളയിലേക്ക് പോയി.
അമ്മ പറഞ്ഞതിലും കാര്യമുണ്ടെന്നവൾക് തോന്നി മുത്തശ്ശി പറഞ്ഞു അവൾ കേട്ടിട്ടുണ്ട് തന്നെ പ്രസവിച്ച സമയത്തു കാലാനാദ്യം വന്നതെന്നും പെട്ടെന്ന് തന്നെ ഓപ്പറേഷൻ നടത്തിയത്കൊണ്ട് രക്ഷപ്പെട്ടു കിട്ടിയെന്നും.ആ കാലുറപ്പിച്ചു പിച്ച വക്കാൻ തുടങ്ങിയ സമയത്തു മുതൽ തുടങ്ങിയ തന്റെ തീരാത്ത കുരുത്തക്കേടുകൾ കാരണം മുത്തശ്ശൻ അവളെ കളിയാക്കി വിളിക്കുന്നത് തന്നെ കാലു പുറന്നതേന്നാണു.
അമ്മുക്കുട്ടിക് അഞ്ചു വയസ്സ് പ്രായമുള്ള സമയത്തു,മുത്തശ്ശന്റെ അമ്മ വല്യ മുത്തശ്ശി ജീവനോടുണ്ടായിരുന്നു. പ്രായാധിക്യം കാരണം ഓര്മയൊക്കെപ്പോയി കിടന്നിടത് തന്നെ മലമൂത്ര വിസർജ്ജനം ചെയ്യുന്ന അവസ്ഥ എന്നിരുന്നാലും നാക്കിനു യാതൊരുവിധ കുഴപ്പങ്ങളുമില്ല. ഒരുദിവസം കൊച്ചമ്മുവിന്റെ കളിപ്പാട്ടങ്ങളൊക്കെ അടുക്കി പിറക്കി വല്യ മുത്തശ്ശി അടുക്കളയിലേക്ക് വച്ചു പിടിക്കുന്നത് അവൾ കണ്ടു. ഈ മുത്തശ്ശിക്കെന്തിനാ തന്റെ കളിപ്പാട്ടങ്ങൾ എന്നായിരുന്നു കൊച്ചമ്മുവിന്റെ സംശയം, അവളും മുത്തശ്ശിയുടെ പുറകെ പമ്മി പമ്മി ചെന്നു. അടുക്കളയിൽ ചെന്നപ്പോൾ മുത്തശ്ശി അടുപ്പിൽ തീയൂതുകയാണ്,അടുപ്പത്തു അരി തിളച്ചു മറിയുന്നു,പെട്ടെന്നാണ് കൊച്ചമ്മു അത് ശ്രദ്ധിച്ചത് വല്യമുത്തശ്ശി വിറകായ് പിറക്കി വച്ച് എരിച്ചുകൊണ്ടിരിക്കുന്നത് കണ്ണേ കരളെന്നു താൻ കൊണ്ടു നടക്കുന്ന തന്റെ കളിപ്പാട്ടങ്ങളാണെന്നു, അതിൽ അവൾക്കേറ്റവും പ്രീയപ്പെട്ട നീണ്ട സ്വർണ്ണ മുടിയിഴകളുള്ള, നീലക്കണ്ണുകൾ ചിമ്മി തുറക്കുന്ന പാവക്കുട്ടിയും ഉണ്ടായിരുന്നു. അതാണിപ്പോൾ വിറകിനു പകരം കത്തിക്കൊണ്ടിരിക്കുന്നത്.
കൊച്ചമ്മുവിനു ദേഷ്യവും സങ്കടവും കൊണ്ട് മുഖം ചുമന്നു . അവൾ ഓടി ചെന്നു അടുപ്പിൽ നിന്നും തന്റെ പാവക്കുട്ടി വലിച്ചെടുത്തു അതെ വേഗത്തിൽ തന്നെ അത് താഴെയിട്ടു അലറി വിളിച്ചു...
ബഹളം കേട്ട് എല്ലാരും ഓടിവന്നു അപ്പോഴേക്ക് അമ്മുവിന്റെ കൈ ഒരു ചെറിയ പപ്പടവട്ടത്തിൽ പൊള്ളിക്കുടുത്തിരുന്നു. ഏങ്ങലടിച്ചു കരയുന്നതിനിടയിലും അവൾ വല്യ മുത്തശ്ശിയെ പകയോടെ നോക്കി. അവളുടെ ഭാവം കണ്ട അമ്മക്കു മുത്തശ്ശിയാണ് അതിനുത്തരവാദി എന്ന് തോന്നി മുത്തശ്ശിയെ വഴക്ക് പറഞ്ഞു. ഞാൻ ഒന്നും ചെയ്തില്ല അരിവേവിക്കുകയായിരുന്നു എന്ന് പിറുപിറുത്തു മുത്തശ്ശി സ്വന്തം മുറിയിലേക്ക് വേച്ചു വേച്ചു നടന്നു.
അങ്ങനെയിരിക്കെ ഒരുദിവസം വല്യമുത്തശ്ശി ഉമ്മറത്തിരുന്നു നിലവിളി തുടങ്ങി. മുത്തശ്ശിക്കൊരാഗ്രഹം രാവിലെ അമ്പലത്തിൽ പോയി പ്രസാദം തൊടണം. കരച്ചിലുകേട്ട് ഉറക്കമുണർന്നു കണ്ണും തിരുമി അമ്മുക്കുട്ടി അങ്ങോട്ടു വന്നു.ഇത് സ്ഥിരം ഏർപ്പാടായതിനാൽ മുത്തശ്ശിയേയും അവരുടെ ആവശ്യവും ആരും ഗൗനിക്കുന്നില്ലെന്നു മനസ്സിലായി , അവളുടെ കുഞ്ഞു മനസ്സിൽ കളിപ്പാട്ടം കത്തിച്ചു കൈപൊള്ളിച്ച മുത്തശ്ശിയോട് ദേഷ്യമാരുന്നു .
അമ്മുക്കുട്ടി പയ്യെ പറമ്പിലേക്കിറങ്ങി പറമ്പിൽ നിരനിരയായി നട്ടു വച്ചിരിക്കുന്ന കുഞ്ഞൻ വാഴകന്നുകളിൽ നിന്നും ഒരു കഷണം വാഴ ഇല ചീന്തിയെടുത്തു, നേരെ കോഴിക്കൂടിനടുത്തേക്ക് വച്ചുപിടിച്ചു,ചിന്നൂക്കോഴിയും മക്കളും അവിടെ നിന്നു എന്തോ ചിക്കി ചിതഞ്ഞു തിന്നുന്നുണ്ടാരുന്നു, അവൾ അവരെ ശല്യപ്പെടുത്താതെ ഒരു ചെറിയ കമ്പെടുത്തു കോഴിക്കൂടിനടുത്തുനിന്നും ചൂടാറിയിട്ടില്ലാത്ത നല്ലൊരു കോഴിക്കാഷ്ടം തോണ്ടി വാഴയിലയിലിട്ടു, പിന്നെ മുറ്റത്തു കുലച്ചു നിൽക്കുന്ന തെറ്റിയിൽ നിന്നും രണ്ടു മൂന്നു പൂക്കൾ അടർത്തി കോഴിക്കാഷ്ടത്തിനുമേൽ വിതറി, അവൾ തയ്യാറാക്കിയ കാഷ്ഠ പ്രസാദവുമായി നേരെ വല്യമുത്തശ്ശിക്കടുക്കലേക്ക്, അവിടെ കൂവി കാറിക്കൊണ്ടിരിക്കുന്ന മുത്തശ്ശിക്ക് വളരെ സന്തോഷപൂർവം അവളാ പ്രസാദം കൈമാറി, വലതു കയ്യിലെ നാലു വിരലുകൾ കൊണ്ട് മുത്തശ്ശി കോഴിക്കാഷ്ഠ പ്രസാദം തോണ്ടി നെറ്റിയിൽ ചാർത്തികൊണ്ട് പറഞ്ഞു ഈ കൊച്ചിന് മാത്രെ എന്നോട് സ്നേഹമുള്ളു. ഇതുകേട്ട് അമ്മുക്കുട്ടി ഊറി ചിരിച്ചു.
ആരെക്കുറിച്ചാ മുത്തശ്ശി പറയുന്നേ എന്ന് ചോദിച്ചു ശാരദ അങ്ങോട്ടേക് വന്നു. കോഴിക്കൂടിനടുത്തിരുന്നു അമ്മുക്കുട്ടി ചിക്കി പിറക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു സംശയം തോന്നിയ ശാരദ പ്രസാദം വാങ്ങി മണത്തു. എടി അമ്മു... എന്നൊരലർച്ചയായിരുന്നു പിന്നവിടെ കേട്ടത്, അന്ന് വീടിനു ചുറ്റും മൂന്നാലു പ്രാവശ്യം അമ്മുക്കുട്ടിയും പുറകെ അമ്മയും ഓടി അളന്നു. അവസാനം അമ്മ കയ്യോടെ പിടികൂടി നല്ല രണ്ടു പൊട്ടിക്കലും കൊടുത്തു. കരഞ്ഞുകൊണ്ട് പിന്നാമ്പുറത്തേക്കോടുമ്പോഴും,ഒരു പകരം വീട്ടലിന്റെ മാധുര്യം അവൾ നുണയുന്നുണ്ടാരുന്നു...
മായാത്ത ഓർമകൾ എന്ന കഥക്കൂട്ടിൽ നിന്നൊരേട്
By: 
Dhanyajijesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo