നിഴലുകളോടിയൊളിക്കും
നിശ്ചല നിബിഢതയാണു
വെളിച്ചം;പാഴിരുലൊഴുകി
യകന്ന മുഹൂർത്തം, കാഴ്ചയി-
ലിമ തേടുന്നവസന്തം!
പരിചിതമേതോ ശബ്ദ-
ച്ചിറകിന്നലയൊലി
വന്നു വിളിക്കേ
തിരുമിഴിയൊന്നു തുറക്കൂ
സ്വപ്നം ചിതറിയ വീഥികൾ തോറും
ശാപക്കനലുകൾ പൊള്ളി-
ത്തീരാനോവിൻകവിതകൾ പാടി
കുടിലത മൂത്തു വ്രതം കൊള്ളുന്നു
പഴയൊരുകർക്കിട രാവ്
മുടിയിഴ തോറും മഴയുടെ
കണ്ണീർ തേച്ചുമിനുക്കിത്തരളിതയായി
പ്രാണൻ പാതിയകന്ന നിലാവിനെ
മാറൊടു ചേർത്തു പുണർന്നും
വിഹ്വല ചിന്തകളെഴുതിയൊരന്തിപ്പാട്ടിൻ
പല്ലവി മൂളി നടന്നും
നീയിന്നെന്നെ വലിച്ചു മുറുക്കി
ഞെരിച്ചു വധിക്കും മുൻപേ
കാലഗതിക്കു കരുത്തായൂർജ -
ത്തേരുതെളിച്ചു വിടർന്നൂ
പൂ പോൽ വെള്ളി വെളിച്ചം
ഞാനാനിലനില്പിൻ്റെ ദുരന്തം !
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക