Slider

കാലം മായ്ച്ചോരു ചിത്രങ്ങൾ

0


നീളമുള്ള നാട്ടുമാവിന്റെ നെടുനീളപ്പള്ളയിൽ മരംകൊത്തി പൊത്തുകൊത്തിപ്പാറിക്കഴിഞ്ഞാൽ പിന്നെ അവിടെ കുടി പാർപ്പ് തത്തകളല്ലേ... നാടും ഓർമ്മപ്പൊത്തിൽ സൂക്ഷിച്ച പച്ചപ്പുകൾ എത്രയെത്ര.. പാറിപ്പോകാത്ത കിളികളെപ്പോലെ ...!
മേടത്തിൽ വിഷുക്കണി'. പിന്നെ നെല്ലു വിതക്കൽ.. വിത്തും കൈക്കോട്ടും പാടി വന്നിരുന്ന കിളിയൊച്ചകളിൽ നാടു മാങ്ങാച്ചുന മണക്കും..
അണ്ടി പെറുക്കി കുളത്തിൽ ചാടി മാഞ്ചോടുകൾ തേടി നടക്കുമ്പോൾ എടവം ചിരിക്കും..
പാതി കഴിയുമ്പോൾ മഴ പൊടിയും ... പിന്നെ സ്കൂൾ ചിരിയുടെ മിഥുനമാസം.. കർക്കിടകത്തായമ്പകയിൽ പാടവരമ്പുകളിലൂടെ തവളയെ പിടിക്കാൻ പെട്രോ മാക്സുകൾ... കർക്കടകം 31 ന് പ്ളാച്ചുവട്ടിൽ കലിയ ന് കൊടുക്കൽ...സംക്രാന്തി കഴിഞ്ഞ് പിറ്റേ ദിനം ശീ വോ തി അകത്ത് ചേട്ടാ ഭഗവതി പുറത്ത്..
ചിങ്ങത്തിൽ ഓണപ്പൂവിളി.. പാടക്കൊയ്ത്' പുത്തരിയുമായി ഇല്ലം നിറ വല്ലം നിറപത്തായം നിറ പെട്ടി നിറ എന്നാർത്ത് വരും.. അരിമാവുകലക്കി വട്ടം വെച്ച വാതിൽ ജനൽ പാളികൾ കതിരു തൂങ്ങുന്നത് കണ്ട് ചിരിക്കും..
കന്നി താലികെട്ടാതെ കരഞ്ഞു പോകും.. തുലാവർഷ ദുന്ദുഭി കഴിഞ്ഞ് വൈകുന്നേരം മഴ തിമിർക്കും.. വൃശ്ചികക്കുളിരിൽ അയ്യപ്പന്മാർ കറുപ്പുടുത്ത് അഖണ്ഡനൃത്തത്തിന്റെ താണ്ഡവമാടും..ധനു തിരുവാതിരയായി ഊഞ്ഞാലാടുമ്പോൾ തുടികൊട്ടിക്കുളിയും തിരുവാതിര കളിയും ഉറക്കമൊഴിയും..
മകരക്കുളിരിന്റെ മരം കോച്ചും തണുപ്പിൽ തീ കായും കാലങ്ങൾ... ക്രിസ്മസിന്റെ മഞ്ഞണിപ്പൂക്കാലങ്ങൾ.. കുംഭം മീനം നാട്ടുതാലപ്പൊലികളുടെ മേളങ്ങൾ കാലം കോർത്ത മുത്തുക്കളെ കാലം തന്നെ പൊട്ടിച്ചെറിഞ്ഞല്ലോ ഇന്ന്..
കാപ്പിലും, ഷാരിയിലും രണ്ട് കരിങ്കാളിക്കാവുകൾ.. അവിടത്തെ ഉൽസവമറിയിക്കാൻ ചുവപ്പണിഞ്ഞ് അരമണിച്ചിലമ്പിൻ ത്സ്ലും, ത്സ്ലും താളവുമായി വരുന്ന നാട്ടു കോമരങ്ങൾ..ഹീയോ എന്നലറി മഞ്ഞപ്പൊടിയും തെച്ചിയും വിതറി ചെമ്പട്ടു വീശി ദേവിയുടെ അനുഗ്രഹം നാടാകെ വർഷിച്ചു പോകുന്ന സുകൃതങ്ങൾ.. വിളക്ക് കൊളുത്തി ഇടങ്ങഴിയിൽ നെല്ലും നാഴിയരിയും വാങ്ങി ഉറയുന്ന നാട്ടു പരദേവതകൾ..
കേലന്റെ താലപ്പൊലി അറിയിക്കാൻ വരുന്ന പുണ്യാഹം കിണ്ടി പൂക്കുലക്കോമരങ്ങൾ വേറെ.ഈശ്വരമംഗലത്ത് വന്ന് പുണ്യാഹം വാങ്ങി തിരിച്ചു പോകുന്ന ചെണ്ടത്താളച്ചാട്ടങ്ങൾ.. നെറ്റിച്ചോരയിൽ മഞ്ഞൾപ്പൊടി തൂവിച്ചുവന്നുറയുന്ന സന്ധ്യകൾ..
കാവടിയും ശംഖുമായി കാവിയുടുത്ത് പഴനിക്ക് പോകുന്ന പൂശാലി.. കാവടിവട്ടത്തിൽ മയിൽ പീലിക്കസവ്.... ശംഖിന്റെ മന്ദ്ര നാദത്തിൽ ഗ്രാമവിശുദ്ധിയുടെ മുഴക്കം..
കാപ്പിലെ പാണൻമാരുടേയും പറയൻമാരുടേയും ഉത്സവം അറിയിച്ചു വരുന്ന പെരും പറയൻകാള.. പാലക്കൊമ്പിൽ ചുട്ടി കുത്തിയിട്ട കാളയുടെ മുഖം.. നാലുകാലുകൾ ചതുരങ്ങളാക്കി തോളിലും തലയിലും അനായാസം ചുഴറ്റി പറയൻകാള ഇടച്ചെണ്ടക്കൊത്ത് നൃത്തം ചെയ്യുന്ന ആദിമ വൈദഗ്ധ്യം
ടുണ്ടേടുണ്ടേ ട്ടോട്ടുടുണ്ടേ ടുണ്ടേ ടുണ്ടേ.. ട്ടോ..ടുണ്ടേ
എന്ന താളക്രമത്തിൽ
നാഴിയുരിയരി വാങ്ങി തമ്പ്രാക്കളെ
താണ് തൊഴുക് കാളേ.. കാളേ
എങ്ങടെ കുണ്ടിലെ താലപ്പൊലിയാണ്
നിങ്ങള് വന്നിടണേ.കാളേ
എന്ന താളവായ് താരി....
തറിയിൽ തോർത്ത് നെയ്ത് വരിയായി പാടവരമ്പിലൂടെ പോയിരുന്ന ചെട്യാൻമാർ.. പനങ്കള്ളിന്റെ ലഹരിയിൽ തലയിൽ തോർത്ത് തലക്കെട്ടുമായി ചൂട്ടിൻ വെട്ടത്തിൽ ആടിയാടി പാടിപ്പാടി പോയിരുന്ന നിരുപദ്രവകാരികളായ കള്ളുകുടിയൻമാർ..
കൊടുങ്ങല്ലൂർ ഭരണിയുടെ അരിയേറുകാർ... അച്ചുതൻ നായർ ആനത്തോട്ടിയുമായി നടത്തിക്കൊണ്ടു വരുന്ന ചേന്നങ്ങുളങ്ങര മനക്കലെ കൊമ്പനാന..
ഓർമ്മപ്പൊത്തിൽ ഇനിയും ഉണ്ട് കിളികളേറെ.. ചിറകു നീർത്തട്ടെ.. എന്നിട്ടാവാം മാവിൻ പള്ളയിൽ പൊത്തിപ്പിടിച്ചു കയറ്റം...!
~~~~~~~~~~~~~~~~~`
സുരേഷ് നടുവത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo