സ്കൂളിലെ അധ്യാപകർപിരിയുന്ന യാത്രയയപ്പ് വേളകൾ ഒരു നാടിന്റെ ഉത്സവമായി മാറിയിരുന്നു പണ്ട്... ആനുവേഴ്സറി എന്ന പേരിൽ അറിയപ്പെടും ഈ ചടങ്ങ്.. രാത്രി ഏഴു മണിയോടെ മീറ്റിംഗ്.. യാത്രയയപ്പ്ചടങ്ങ്... പ്രസംഗം... മറുപടി പ്രസംഗം.. അതു കഴിഞ്ഞ് ഒരു പത്ത് മണി കഴിയുമ്പോഴേക്കും നൃത്തനൃത്യങ്ങൾ അടക്കം കുട്ടികളുടെ കലാപരിപാടികൾ.. അവസാനം നാട്ടിലെ വായനശാലയുടെ വക നാടകം.. നേരം അപ്പോഴേക്കും ഒരു നാലഞ്ച് മണിയൊക്കെയാവും...
കേശവൻ മാഷ്, വേലായുധൻ മാഷ്, എന്റെ മുത്തശ്ശി ദേവകി ടീച്ചർ, നാരായണൻ മാഷ് തുടങ്ങിയവരൊക്കെ നേരത്തെ പെൻഷൻ പറ്റി പിരിഞ്ഞവരായിരുന്നു..
1975-80 കാലത്ത് ...ഒരു ഹരം തന്നെയായിരുന്നു അത്.. കമ്മറ്റിയൊക്കെ നിശ്ചയിച്ച് പിരിവൊക്കെയെടുത്ത് സമ്മാനമൊക്കെ കൊടുത്ത് ഒരു നാടിന്റെ ഉൽസവം.
കാരണവുമുണ്ട്.. അന്ന് ആകെ ഒരു സ്കൂൾ.. നാട്ടിലുള്ളവരും അവരുടെ മക്കളും ഒക്കെ പഠിക്കുന്ന തവിടെ.. അധ്യാപകരും ആ നാടിന്റെ നെഞ്ച് തൊട്ടറിയുന്നവർ.. ഇന്നും അവരെ കാണുമ്പോൾ മുണ്ട് മടക്കിക്കുത്ത് താനേ അഴിയും... തലയുടെ പിൻഭാഗം അറിയാതെ ചൂണ്ടുവിരൽ കൊണ്ട് ചൊറിയും...
കാരണവുമുണ്ട്.. അന്ന് ആകെ ഒരു സ്കൂൾ.. നാട്ടിലുള്ളവരും അവരുടെ മക്കളും ഒക്കെ പഠിക്കുന്ന തവിടെ.. അധ്യാപകരും ആ നാടിന്റെ നെഞ്ച് തൊട്ടറിയുന്നവർ.. ഇന്നും അവരെ കാണുമ്പോൾ മുണ്ട് മടക്കിക്കുത്ത് താനേ അഴിയും... തലയുടെ പിൻഭാഗം അറിയാതെ ചൂണ്ടുവിരൽ കൊണ്ട് ചൊറിയും...
ആനുവേഴ്സറി മിക്കവാറും സ്കൂൾ പൂട്ടുന്ന ദിവസമോ തൊട്ട് മുൻപിലെ ദിവസമോ ആയിരിക്കും.. ടീച്ചർമാർക്കെല്ലാം പിടിപ്പത് തിരക്ക്.. നൃത്തസംഘം, മറ്റ് പ്രോഗ്രാമുകൾ ഒക്കെ തയ്യാറാക്കേണ്ടേ.. ഗംഗാദേവി ടീച്ചറും ശാന്ത ടീച്ചറും നിർമ്മലടീച്ചറും ഓടി നടക്കുന്നത് കാണാം..
നിലമ്പൂരെ ഇന്ദ്രാണി ടീച്ചറാണ് ഏറനാടൻ ഭാഗങ്ങളിലെ ആദ്യ ഡാൻസ് ടീച്ചർ.. ഡാൻസ് പഠിപ്പിക്കാൻ ടീച്ചർ വന്നാൽ കുട്ടികളെ ക്ലാസിൽ നിന്നിറക്കി സെലക്ഷൻ നടത്തും.. പലപ്പോഴും തലേക്കെട്ടൊക്കെ കെട്ടുന്ന ആൺവേഷങ്ങൾക്ക് ആൺകുട്ടികളേയും പരിഗണിക്കാറുണ്ട്.
ഇന്ദ്രാണി ടീച്ചർ, സരോജ ടീച്ചർ, ഗീത ടീച്ചർ തുടങ്ങിയവരാണ് ആനുവേഴ്സറി നൃത്തം പഠിപ്പിച്ചിരുന്നത് എങ്കിൽ അതേ സമയത്ത് വായനശാലയിൽ നാടക റിഹേർസൽ പൊടിപൊടിക്കുകയാവും.. സി എൽ ജോസ്, മുഹമ്മദ് പുഴക്കര തുടങ്ങിയവരുടെ രണ്ട് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള നാടകങ്ങൾ അന്ന് നാട്ടിൻ പുറങ്ങളിൽ സ്കൂൾ ആനുവേഴ്സറികളിൽ അവതരിപ്പിച്ചിരുന്നു..
അപ്പുണ്യേട്ടൻ ആണ് നടുവത്തിന്റെ നാടക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു പേര്.. നാടക സംവിധാനവും മുപ്പർ ചെയ്യുമായിരുന്നു.. മൂശാലിത്തൊടി ഉണ്യേട്ടൻ, സരോജിനിയമ്മയുടെ അനിയൻ ഉണ്യേട്ടൻ, വേലുക്കുട്ടിയേട്ടൻമാർ, കുട്ടി മാമമോഹനൻ, വാസുവേട്ടൻ (തട്ടാൻ ) പി.ഡബ്ലിയു ഡി സത്യൻ തുടങ്ങിയവരിൽ നിന്ന് ആ പാരമ്പര്യം ഞങ്ങൾ വരെയുള്ള തലമുറ വരെ എത്തിയിരുന്നു..
ഒരു തുള്ളി ദുഃഖം അപ്പുണ്യേട്ടൻ എഴുതിയ നാടകമായിരുന്നു.. സൂര്യാഘാതം, സൂര്യായനം എന്നീ നാടകങ്ങളും ഓർമ്മ വരുന്നു
നാടകത്തിലെ നടി ആദ്യ ദിവസങ്ങളിലൊന്നും വരില്ല.. പകരം ഡമ്മിയായി ആരെങ്കിലും നിന്ന് ഡയലോഗ് പറയും.. ഹാസ്യ രംഗങ്ങൾ കാണാനായിരുന്നു ഏറെ ഹരം. പോസ്റ്റുമാൻ കുഞ്ഞൻ, തട്ടാൻ ഉണ്ണി തുടങ്ങിയവരൊക്കെ നല്ല ഹാസ്യനടൻമാരായിരുന്നു..
എനിക്ക് ഹാർമോണിയോ വായിച്ച് ആദ്യ പ്രതിഫലം 25 രൂപ തന്നത് വേലുക്കുട്ടിയേട്ടനായിരുന്നു.. ജോളി ബ്രദേഴ്സ് എന്നായിരുന്നു കാരണവൻമാരുടെ ഗ്രൂപ്പിന്റെ പേര്.. ഒരു നൈറോസ്റ്റിന് ഒരു രൂപയും സിനിമാ ടിക്കറ്റിന് 45 പൈസയും ഉള്ള കാലത്തെ 25 രൂപ... എത്ര ദിവസം കൊണ്ടാ അന്ന് ചിലവാക്കിയത്..
നിലമ്പൂർ ആയിഷ,നിലമ്പൂർ സീനത്ത്, വാണിയമ്പലം ശോഭന തുടങ്ങിയ നടികളെല്ലാം ആനുവേഴ്സറി നാടകങ്ങളിൽ വന്നിട്ടുണ്ട്.. പ്രോംപ്റ്റ് ചെയ്തു കൊടുക്കണം പിന്നിൽ നിന്ന് സ്ക്രിപ്റ്റ്.. ചിലപ്പോൾ ഡയലോഗുകൾ മാറ്റിപ്പറഞ്ഞ് രംഗങ്ങളടക്കം മാറിപ്പോയതെല്ലാം ഊറിച്ചിരിപ്പിക്കുന്നു..
പായയും സുറുവങ്കുറ്റിയും ചൂട്ടുമൊക്കെയായി സമീപ പ്രദേശങ്ങൾ മുഴുവൻ സ്കൂൾ മൈതാനത്തേക്കൊഴുക്കിയ .. ചായക്കടയിൽ കത്തുന്ന പെട്രോമാക്സ് വെളിച്ചത്തിൽ തലയിലൊരു കെട്ടുമൊക്കെ കെട്ടി കട്ടൻ ചായ കുടിച്ച ... മേക്കപ്പ് റൂമിൽ മേക്കപ്പ്മാന്റെ മുന്നിൽ നാടക, നൃത്തവേഷവും കൈയ്യിൽ പിടിച്ച് ഊഴം കാത്ത് വരിനിന്ന.. അടുത്ത ദിവസം രാവിലെ നാടകത്തിലെ വീരശൂര കഥാപാത്രങ്ങൾ സാധാരണക്കാരായി കടകൾക്ക് മുന്നിലിരുന്ന് വർത്തമാനം പറയുന്ന.. ആ ആന്വേഴ്സറിക്കാലങ്ങൾക്ക് ഇന്നും ഉള്ളിലെന്തൊരു തിളക്കമാണ്..
ഒരു രാത്രിയുടെ ഉറക്കം പിറ്റേന്ന് വൈകുന്നേരത്തോടെയാവും ഉറങ്ങിത്തീരുക.. പല്ല് തേപ്പ് നാല് മണിക്ക്.. മഞ്ഞവെയിൽ ചിരിക്കുന്ന സായാഹ്ന്നങ്ങൾ ഉറക്ക പ്രാന്തുകൊണ്ട് പ്രഭാതത്തെപ്പോലെ തോന്നും
സമ്മാനമായിക്കിട്ടിയ കണ്ണാടിയും സോപ്പിൻ കൂടും കുപ്പി ഗ്ലാസും എല്ലാം പൊടി പിടിക്കാതെ മനസിൻ കൂട് ചില്ലിട്ടു വച്ചിട്ടുണ്ട്.. ഇടക്കൊക്കെ വീണ്ടും പഴയ കുട്ടിയാകാൻ...!!
~~~~~~~~~~~~~~~~~~~
സുരേഷ് നടുവത്ത്
=======================

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക