Slider

തേങ്ങാമസിൽ...!

0


പി വി മനോജിനും രiഘുവിനും നല്ല കട്ട മസിലുകളുണ്ടായിരുന്നു..! മമ്പാട് കോളേജിൽ മിസ്റ്റർ കോളേജാവാൻ എണ്ണ തേച്ചവരാണവർ... ഞാനും എന്നും രാവിലെ തായങ്കോട്ടുള്ള അപ്പുണ്യേട്ടന്റ വീട്ടിൽ പോയി കസർത്തെടുക്കുമായിരുന്നു.. ബൈ ടെക്, പുഷ്അപ് ,ചെസ്റ്റ് വീതി കൂടാൻ ഒരമ്മിക്കുട്ടി കയറിൽ കെട്ടിവലിക്കൽ, വെയറ്റെടുക്കൽ തുടങ്ങിയ കലാപരിപാടികൾ അടിവസ്ത്രധാരിയായി മസിൽദാഹിയായി നടത്തിവന്നിരുന്ന പതിനെട്ടു വയസ്സ് കാലങ്ങൾ.. പക്ഷേ എന്തുകൊണ്ടോ മസിൽ ദേവന്റെ അനുഗ്രഹം എന്റെ ശരീരത്തെ അനുഗ്രഹിച്ചില്ല..
മധു, സുനി, മനോജ്, കരീം, കീരി സുരേഷ്, രഘു എന്നിവർ ഇടക്ക് വീട്ടിൽ വരാറുണ്ട്.. സായാഹ്ന്നങ്ങളിൽ വീട്ടിലുള്ള ഹാർമോണിയോ തബലാദികളുപയോഗിച്ച് അന്നുണ്ടായിരുന്ന വിശാലമായ ഉമ്മറപ്പടിയിലിരുന്ന് ആവുന്ന രീതിയിൽ പാടി രസിക്കാറുണ്ട്... എന്റെ അഛൻ ജനാർദ്ദനൻ മാഷിന് ഇവരുടെ വരവ് വളരേ ഇഷ്ടവുമായിരുന്നു.. അടുക്കളയിൽ രാത്രി ഭക്ഷണത്തിന് ഉണ്ടാക്കിയ കപ്പയും ചക്കയും വരെ ഹരം കേറി ഈ സംഘത്തിന് വിളമ്പി തീറ്റിക്കലും അഛന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു..
അങ്ങിനെയൊരു ദിവസമാണ് ഇവർക്ക് മുൻപിൽ ഞാനെന്റെ മസിൽ പ്രശ്നം അവതരിപ്പിച്ചത്.. മധു ബ്ർ ർ ന്ന് ചിരിക്കുന്നത് കേട്ടു.. ഞാൻ പതറിയില്ല അവന് മസിലില്ല.. മസിലിന്റെ നിലയും വിലയും അറിയുകയുമില്ല...
കീരി, മധു, സുനി, ഇവർ കുറച്ചു നേരം എന്തൊക്കെയോ പതുക്കെ സംസാരിക്കുന്നുണ്ട്.. ഒന്നും പുറമേ കേൾക്കുന്നില്ല.'
അവസാനം മധുപറഞ്ഞു.. സുരേഷ് ജയന്റെ മസില് കണ്ടിട്ടില്ലേ? ഉണ്ട്.. ഞാൻ.. എന്താ മസില്.... ആ.. അതാണ്‌ തേങ്ങാ മസില്.. ജയൻ ഈയിടെ സിനിമാ മാസികയിൽ പറഞ്ഞത് ഞാൻ വായിച്ചതാ...
കാന്തവലയത്തിന്റെ സെറ്റിൽ വെച്ച്.കീരി കൂട്ടിച്ചേർത്തു മധു പറഞ്ഞു 'അത് ജയൻ ഉണ്ടാക്കിയെടുത്തത് എക്സർസൈസു കൊണ്ടല്ല.തേങ്ങ കൊണ്ടാണ്.. തേങ്ങ കൊണ്ടോ?അതെങ്ങനെ?
നീ യാ മാസിക വായിക്കാത്ത കുഴപ്പമാ.. ഞാൻ ഇനി വരുമ്പൊ കൊണ്ടത്തരാം.'മധു തുടർന്നു
സംഗതി സിംപിൾ.. കീരി വിശദീകരിക്കുന്നു..നല്ല മുഴുത്ത ഒരു തേങ്ങ.. നമ്മുടെ കൈയ്യിലൊതുങ്ങണം ട്ടോ. അതിന്റെ നാര് കളഞ്ഞ് മിനുസമാക്കുക.. ശബരിമലത്തേങ്ങ പോലെ.. പിന്നെ നല്ല വണ്ണം എണ്ണ തേക്കുക.. എന്നിട്ട് മസിൽ ഉണ്ടാവേണ്ട സ്ഥലത്ത് ശക്തിയോടെ ഇരുപത് പ്രാവശ്യം തേങ്ങ കൊണ്ട് ഇടിക്കുക..!
സുനി ഒന്നു കൂടെ വിശദീകരിച്ചു... അതായത് കയ്യിന്റെ മസിൽ പിടിച്ച് അവിടെ തേങ്ങ കൊണ്ട് ഇടിക്കുക... കാലിന്റെ മസിൽ.വയറ്, ചെസ്റ്റ് ഒക്കെ ഇങ്ങനെ തേങ്ങാ മസിലാക്കി ഉരുട്ടാം...!!
മാതുവമ്മ നെല്ല് കുത്തുന്ന ഒരു ചെറിയ മുറിയുണ്ട്.. അതിനുളളിൽ എന്നും രാവിലെ തേങ്ങാമസിലുണ്ടാക്കാൻ വേണ്ടിയായി പിന്നെ ശ്രമം.. കട്ടിയുള്ള തേങ്ങ നെഞ്ചിനിട്ടുകുത്തുമ്പൊഴും ജയന്റെ മസിലുകൾ ആയിരുന്നു മനസ്സിൽ..എന്റെ പ്രയത്നം കണ്ട അനിയനും തുടങ്ങി തേങ്ങാമസിൽ പ്രയോഗം...
മുത്തശ്ശി പറഞ്ഞു... നാരായണ.തേങ്ങ കുത്തീട്ട് മസില് ണ്ടാവ്വേ... ആരെങ്കിലും ഓരോന്ന് വിളമ്പാനും.. ഈ പൊട്ടനത് കേക്കാനും..
ഏതായാലും കുറേ ശരീരം വേദനിച്ചതൊഴിച്ചാൽ വേറെ ഗുണമൊന്നും കിട്ടിയില്ല.. മധുവും സുരേഷും സീരിയസ്സായി ചോദിക്കും.. മനോജ് നോക്കിയിട്ടു പറയും.ചെറിയ പുരോഗതിയുണ്ട്'.... ആ സിനിമാ മാസിക ചർച്ച ചെയ്യുകയല്ലാതെ എനിക്ക് കിട്ടിയതുമില്ല. അങ്ങനെ ജയൻ പറഞ്ഞിട്ടുണ്ടെങ്കിലല്ലേ?
ഇവൻമാർ പറ്റിച്ചതാണെന്ന് രണ്ട് മാസം കഴിഞ്ഞേ മനസ്സിലായുള്ളൂ.. പെട്ടെന്ന് തേങ്ങ ചിരകാൻ കിട്ടാതെ വന്നപ്പോൾ അമ്മ തേങ്ങാമസിലൻ തേങ്ങകൾ കൊണ്ടുപോയ കാര്യം ഞാൻ സങ്കടത്തോടെ പറഞ്ഞപ്പോൾ വൃത്തികെട്ടവൻമാർ ഒരു ചിരി ചിരിച്ചു.. ഇന്നും ആ ഓർമ്മ പൊട്ടിച്ചിരിക്കാനായി മാത്രം ഇടക്ക് ഓർക്കാറുണ്ട്
മിസ്റ്റർ കോളേജായി മനോജും രഘുവും എണ്ണ തേച്ചുമിനുങ്ങിക്കയറി.. അന്ന് എല്ലു മാത്രം കാണുന്ന ജ്യോതി പ്രകാശും ഷഡിയിട്ടു കയറി. കൈ മസിൽ... റഫറി പറയുമ്പോൾ ജ്യോതി കൈമടക്കി.. പിന്നെ മസിലിന്റെ ആകൃതിയിൽ മറ്റേക്കൈ ഉരുട്ടി...!!!
......................................
സുരേഷ് നടുവത്ത്
**************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo