Slider

അലിഗഢ് ഡയറി / 28

0

ഓർമ്മകൾക്കിടയിൽ മറവി കൂടുകൂട്ടാൻ തുടങ്ങിയോ? അടുത്ത ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് ഒരു ലക്കം എഴുതിയില്ല എന്നറിഞ്ഞത്..
അലിഗഢിലെ സൗഹൃദവലയത്തിൽ മുജീബ് എന്ന മുജി, അജാക്സ് മുഹമ്മദ്, നാസർ, കുറ്റി ബഷീർ, ചോറ്റും പട്ടാളം എന്ന് ഉബൈദ് വിളിച്ച സഹദ്, കൊടുങ്ങല്ലൂർക്കാരൻ ഇബ്രാഹിം കുട്ടി, എം സി എ ക്ക് പഠിച്ചിരുന്ന സാബിർ, ഫായിസ് 'എന്നെ ഏറ്റവും അധികം റാഗ് ചെയ്തിരുന്ന ബിഎ വിദ്യാർത്ഥി സാദിക് എല്ലാവരും ഓർമ്മക്കൂടിൽ നിന്ന് തല പൊന്തിക്കുന്നു. ഞാനിവിടെയുണ്ടെന്ന് സലാം വയ്ക്കുന്നു.
എന്റെ കൂടെ എം എ ക്ലാസിലുണ്ടായിരുന്ന നസീർ ഫാറൂഖ് കോളേജിൽ മലയാളം ഹെഡ്.. അരക്കൻ കബീർ +2 അധ്യാപകൻ.. ആരുടെ കൈയ്യിലാ കാശുള്ളത് എന്നുറക്കെ ചോദിക്കാറുള്ള അജാക്സ് ജർമ്മനിയിൽ.. വട്ട് നാസർ ഗൾഫിൽ'.. എല്ലാവരും പൊതു സ്വത്തായി ഉപയോഗിച്ചിരുന്ന ഓവർ കോട്ടിന്റെ ഉടമ മുജി സിംഗപ്പൂരിൽ.. കുറ്റി ബഷീർ മെഡിക്കൽ കോളേജിനടുത്തുള്ള റഹമാനിയാ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ, മൻസൂർ ഭായ് മമ്പാട് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ഹെഡ് റിട്ടയർ ചെയ്യും താമസിയാതേ...
അടുത്തെത്തുന്ന മക്കളെ അറിഞ്ഞാശിർവദിക്കുന്ന അമ്മയേപ്പോലെ അലിഗഢ് എല്ലാവരേയും ജീവിതപ്പാതയിൽ വളർത്തി.. ഉയരവൃക്ഷങ്ങളാക്കി മാറ്റി..
അത് അലിഗഡിന്റെ ഒരു നന്മ 
തന്നെ.. ആ മണ്ണിൽ കാലുകുത്തിയവർ, അവിടെ പഠിച്ചു പോന്ന മലയാളികൾ എല്ലാവരും ജീവിതക്കടലിൽ തുഴഞ്ഞ് മോശമല്ലാതെ ഓരോ കര പറ്റുന്നു..

ചന്നം പിന്നം പെയ്യുന്ന മഴകൾ മാറുന്ന കാലാവസ്ഥകൾ മുൻകൂട്ടി സൂചന തരുമ്പോൾ എകെ 21 ൽ ഇരുന്ന് കുറുകിയ ഇളം കുരുവികളെല്ലാം ഏതൊക്കെയോ വൃക്ഷങ്ങളിൽ കൂടുകെട്ടി തലമുറകളിലേക്ക് ചിലപ്പ് തുടർന്നു കൊണ്ടിരിക്കുന്നു
ഉബൈദിന്റെ ഓർമ്മകൾ മാത്രം ചെയ്യാത്ത മേഘമായി വിങ്ങുന്നു... പിന്നെ മറ്റൊരോർമ്മയും... മുഹമ്മദുണ്ണിയുടെ..വളളുവമ്പ്രംകാരനായ മുഹമ്മദുണ്ണി അലിഗഡിൽ ക്ലർക്കായിരുന്നു എന്നാണോർമ്മ.. സരസമായ തമാശകളിലൂടെ ഗോപാലൻ എന്ന സീനിയറിനെ ഗോപാലൻ മൗലാനയാക്കിയ മുഹമ്മദുണ്ണി.. സരസ ലളിതമായ ഒരു സംഭാഷണച്ചിരിയുടെ സ്വാഭാവികതയിൽ മനസ്സിൽ ഇടം പിടിച്ചവൻ.. കുറച്ചു കാലങ്ങൾക്ക് മുമ്പ് ഏതോ അസുഖത്തിന് കീഴടങ്ങി ഈ ലോകം വിട്ടു പോയതായി അറിയിച്ചത് പത്രത്താളിലെ ചരമക്കോളമായിരുന്നു..
യൗവ്വനത്തിന്റെ ഏറ്റവും സുന്ദരമായൊരു കാലം.. ഒരു വേള പറഞ്ഞാൽ പെൺ സൗഹൃദങ്ങളൊന്നുമില്ലാതെ പഠിച്ചിറങ്ങിയ എംഎക്കാലം..
തിരിഞ്ഞു നോക്കുമ്പോൾ എന്നെ ഞാനാക്കിയത് ആ അനുഭവക്കാലം തന്നെ...!

****************************
സുരേഷ് നടുവത്ത്
*********************""******
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo