Slider

തീപൊള്ളിമരിച്ചവൾ

0
Image may contain: 1 person, smiling, eyeglasses, selfie and closeup
ഭൂമിയിലിന്നോളം
തീപൊള്ളിമരിച്ചവരിൽ
ഏറ്റവും സുന്ദരി
അവളായിരുന്നു.
അകലെ നിന്നും
ആയിരം പേർ
അവളെ കാണാനെത്തിയത്
അതിനാലാണ്.
കണ്ണുതട്ടാതിരിക്കാൻ
കവിളിൽ പൊട്ടുതൊട്ടും
കഴലിൽ ചരടുകെട്ടിയും
ബാല്യ യൗവ്വനവും തീർത്തെങ്കിലും
തീപൊള്ളിമരിക്കുമ്പോഴുണ്ടായ
സൗന്ദര്യത്തിന്റെ ഏഴയലത്ത്
അതൊന്നും എത്തിയിരുന്നില്ല.
ഗ്രീഷ്മഅയനാന്തദിനങ്ങളിലെ
ചിലമധ്യാഹ്നങ്ങളിൽ,ഭൂമി -
ഏതോ സ്വപ്നദർശനത്തിന്റെ
ആത്മവിശ്രാന്തിയിൽ
കണ്ണുകളടച്ചു കിടക്കുംപോലെ
ധ്യാനലീനമിരിക്കുമൊരു പൂവിന്റെ
വാടിയദലമായി അവൾ കിടന്നു.
അസ്ഥികളൊട്ടിപ്പിടിക്കും മട്ടിൽ
ഉയിരിൽ ശൈത്യം പുതച്ചാണ്
പാറകക്കാടിന്റെ തൊട്ടടുത്ത്
ഉടലിൽ തീപ്പൂക്കൾ ചൂടി
ചെമ്പരത്തിക്കാടായി
കോരിത്തരിച്ചു നിന്നവളെ
ബലമായി പറിച്ചെടുത്തത്.
പൂവിൽ നിന്നുമിറ്റിറ്റുനീർമണി
താഴെ വീഴും പോലെ മന്ദം
ഊർന്നിറങ്ങിയ മിഴികൾ
കവിളുകളിലിരു മുത്തുപോലെ
പറ്റിപ്പിടിച്ചിരുന്നിരുന്നു അപ്പോൾ.
പോളകളെത്രയടർത്തിയാലും
തീരാത്ത വാഴത്തണ്ടുപോലെ
ഒട്ടിയചേലത്തുണ്ടുകളാശു -
പത്രിയിൽ വെച്ചടർത്തിയെങ്കിലും
വിട്ടുവരാതെ തീനക്കിയ
ചർമത്തിന്റെ ഭാഗമായി മാറി.
ഉള്ളിപൂവിന്റെ നാറ്റമാണവൾക്കെന്ന്
ഒന്നായതിന് ശേഷമെല്ലാം
പുരുഷൻ പറഞ്ഞപ്പോഴും
ഉടൽമടക്കിന്റെ ഉപ്പളങ്ങളിൽ
അയൽക്കാരൻ പ്രണയമുപ്പിലിട്ടപ്പോഴും
കുളിമുറിയുടെ ജാലകത്തിലൂടെ
ചിലകണ്ണുകൾ കൊത്തിവലിച്ചപ്പോഴും
അവൾക്കിത്ര ഭംഗിയുണ്ടെന്നാരും
തിരിച്ചറിഞ്ഞതേയില്ല.
സുഗന്ധലേപന തൈലത്തിൽ
മുങ്ങിക്കിടക്കും മരത്തൊലി പോലെ
കറുകറെ കറുത്താണ് കിടപ്പതെങ്കിലും
ചുറ്റിലും ഓർമ്മകൾ തളിക്കുന്നുണ്ട്
ഇത്രയും നാളില്ലാത്ത പോലെ.
ചുട്ടമീനിന്റെ മണമുണ്ടേൽമാത്രം
ഇത്തിരി വറ്റുകൊറിക്കുന്ന മകന്
കത്തിയ ഇറച്ചിയുടെ മണമായും
ഇരുൾ കണ്ണുകുത്തും അടുക്കളയിൽ
കരിപിടിച്ച ഓർമ്മയായും
നനച്ചിട്ടതുണികൾക്കിടയിൽ
അലക്കുകാരത്തിന്റെ തലോടലായും
തുറന്നിട്ട പൈപ്പിൻ ചുവട്ടിൽ
സ്നിഗ്ദാർദ്രമേതോ താളമായും
വിസിലൂതി തളർന്ന കുക്കറിൽ
രക്ഷപ്പെട്ടോടും നീരാവിയായും
പല മുഖങ്ങളിൽ ഇനിയമവൾ
മായാതെ തന്നെ നിൽക്കും.
നാട്ടിലിനി മുളയ്ക്കുന്ന
നാഥനില്ലാ കഥകളിലൊക്കെ
നായികയായവളും
നാളുകളോളമുണ്ടാകും.
രണ്ടായിമടക്കിയ ശവക്കച്ചയിൽ
അടിമുടി മൂടിയാണ് കിടപ്പെങ്കിലും
സംശയമേതുമില്ലാതെ പറയാം
ഭൂമിയിലിന്നോളം
തീപൊള്ളിമരിച്ചവരിൽ
ഏറ്റവും സുന്ദരി
അവളായിരുന്നു.
# രാഹുൽ #
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo