നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 9

സന്ധ്യയ്ക്ക് വളരെ താമസിച്ചാണ് രാഘവനും ഭാര്യയും അന്നു വീട്ടിലെത്തിയത്. ഗേറ്റു കടക്കുമ്പോൾ വീടിനകത്തെ മുറികളിൽ ലൈറ്റുകൾ തെളിഞ്ഞുകിടക്കുന്നതും തിണ്ണയിൽ ഒരു നിലവിളക്കു കത്തുന്നതും അവർ കണ്ടു. അത് പതിവില്ലാത്തതാണ് തങ്ങൾ പുറത്തെവിടെയെങ്കിലും പോയി തിരികെ വരുന്ന സന്ധ്യകളിൽ ഒരിക്കൽ പോലും രാജമ്മ വിളക്ക് കൊളുത്തിയിട്ടില്ല.അതു കാണുമ്പോൾ ഗോമതി അവളെ വഴക്കുപറയും
"നിനക്കുമ്മറപ്പടീല് ഒരു വെളക്കു കത്തിച്ചുവെച്ചാലെന്നാ രാജേ.. ഈ വീടൊരു ഭാർഗ്ഗവീ നെലയമൊന്നുമല്ലല്ലോ ഇങ്ങനെ ഇരുട്ടത്തിരിക്കാൻ..?"
പക്ഷേ ഇന്നാ പതിവെല്ലാം തെറ്റി
" ഈശ്വരാ അവക്ക് നല്ല ബുദ്ധി തോന്നിച്ചല്ലോ "
മുറ്റത്തെ ടാപ്പിന്റെ ചുവട്ടിൽ നിന്നു കാലുകൾ കഴുകുമ്പോൾ ഗോമതി രാഘവനോടു പറഞ്ഞു.
നടക്കല്ലിൽ വിരിച്ചിട്ടിരിക്കുന്ന ചാക്കിൽ കാലുകൾ ചവിട്ടിത്തുടച്ചുകൊണ്ട് മറുപടിയായി അയാൾ ഒന്നു നീട്ടി മൂളി.
" അവളെന്തെങ്കിലും ചോദിച്ചാൽ ഇന്നെന്താ പറയേണ്ടതെന്നോർത്തിട്ട് പേട്യാകുന്നു ഇപ്പോ നമ്മളു കണ്ടേന്റെ നേർ വിപരീതാരിക്കും അപ്പോ ചെയ്യുന്നേ "
"ഗോമൂ നീ പറയുന്നത് ശര്യന്നാ പക്ഷേങ്കീ നമ്മളേക്കൊണ്ടെന്താ ചെയ്യാമ്പറ്റ്വാ.. സത്യായ്ട്ടും ന്റെ പേടി നെന്നേക്കുറിച്ചോർത്താ ഇന്നോ നാളെയോന്നും പറഞ്ഞ് ദെവസങ്ങളെണ്ണിക്കഴിയുന്ന എന്റെ കണ്ണടഞ്ഞാല് നീ ഇവളേംങ്കൊണ്ട് എങ്ങനെ മുന്നോട്ടു ജീവിക്കും..? ചെലപ്പോത്തോന്നും ഒരിറ്റു വെഷം നിങ്ങക്കു തന്നിട്ട് ഈ ഉത്തരത്തിലങ്ങ് കെട്ടിത്തൂങ്ങ്യാലോന്ന് "
തിണ്ണയിലുള്ള ചാരുകസാരയിൽ അമർന്നിരുന്നു കൊണ്ട് രാഘവൻ തന്റെ സങ്കടം ഭാര്യയോടു പങ്കുവച്ചു.
"അങ്ങനെയൊന്നൂപ്പോ ചിന്തിക്കണ്ട എല്ലാം ശര്യാകും ഒരുമിച്ച് ചാകാനെനിക്ക് പേടിയില്ല സന്തോഷേയുള്ളു. പക്ഷേ അതിപ്പളല്ലാതെ കൊറച്ചു നേരത്തേ ആകാരുന്നല്ലോ? ഇത്രേം തീ തിന്നേണ്ട കാര്യോല്ലാരുന്നു. പക്ഷേ എല്ലാങ്കണ്ടും കേട്ടും മോളിലൊരുത്തനിരിപ്പൊണ്ടല്ലോ ഒര്കയറ്റത്തിന് ഇറക്കോം ഇറക്കത്തിന് കയറ്റോമൊണ്ടല്ലോ..? അങ്ങനോർത്താ മതി രാവേട്ടാ... നിങ്ങടാഗ്രഹം സാധിക്കാതെ പോയാൽ അത് എനിക്കൊട്ടും മനസമതാനം തരില്ലാ അല്ലെങ്കിലിങ്ങനെ വേദന തിന്നു ജീവിക്കുന്ന രാവേട്ടനെ കണ്ടോണ്ടിരിക്കാതെ ഞാനങ്ങനെ തന്നെ ചെയ്തേനേ... ഒന്നൊറപ്പാ രാവേട്ടന്റെ ആഗ്രഹം സാധിക്കുന്നവരെയെ രാവേട്ടന്റെ ഗോമ്വീ ബൂമിലൊണ്ടാവൂ..."
ഗോമതി ഭർത്താവിനെ ആശ്വസിപ്പിച്ചു.
"വെഷമം സഹിക്കാൻ പറ്റണില്ല ഗോമൂ എല്ലാം ഞാൻ തനിച്ചു ചൊമക്കുന്നത് നീയും കാണുന്നില്ലേ കൂടപ്പെറപ്പുകളാെള്ളത് അവനോന്റെ കാര്യം നോക്കിപ്പോയി എന്റെ അവസ്ഥയറിഞ്ഞട്ടും ഒരെണ്ണം തിരിഞ്ഞു നോക്ക്യോ..? അവര് പറഞ്ഞത് നീയും കേട്ടതല്ലേ ഞാനായിട്ടു വരുത്തിവെച്ചത് സൊന്തം അനുഭവിച്ചോളാൻ. അവസാന കാലത്ത് ഒരിറ്റുവെള്ളം തരാനും കൊള്ളിവെക്കാനും ഈശ്വരൻ നമ്മക്ക് മക്കളേം തന്നില്ല. നിന്നോടല്ലാതെ വേറെയാരോടാ എന്റെ സങ്കടം പറയ്ക. അകത്തൊരുത്തിയൊണ്ട് ഇതെക്കെഅവളോട് പറഞ്ഞാൽ വല്ലോം മനസ്സിലാക്വോ അതിനൊള്ള നെലേലാണോ അവളൊള്ളത്? ഇതൊന്നും കാണാതേം കേക്കാതേം അനുഭവിക്കാതേം തന്തേം തള്ളേം നേരത്തേ പോയത് നന്നായി അല്ലെങ്കി അതുങ്കൂടെ താങ്ങേണ്ടി വന്നേനേ ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം ഞാനെന്തു തെറ്റാചെയ്തേ? പെങ്ങമ്മാരുടേം അനിയന്മാരുടേം ജീവിതോം കുടുമത്തിന്റെ അഭിമാനേം രക്ഷിച്ചതാണോ ഇത്ര വല്യതെറ്റ്...?"
"എല്ലാം ശര്യാകും രാവേട്ടൻ സമാതാനിക്ക് ഞാനടുക്കളേക്കേറി എന്തേലും തിന്നാനൊണ്ടാക്കാട്ടെ "
അടുക്കളയിൽ കയറിയ ഗോമതി ഞെട്ടിപ്പോയി ഒരു കലത്തിൽ കഞ്ഞിയും പാത്രത്തിൽ മുളകു ചമ്മന്തിയും പപ്പടം ചുട്ടതും ഉണ്ടാക്കി വച്ചിരിക്കുന്നു.
അവൾ നേരേ ഉമ്മറത്തേക്കോടിച്ചെന്ന് ഭർത്താവിനെ വിളിച്ചു.
"രാവേട്ടാ.. ഒന്നടുക്കളേലേക്ക് വന്നേ... ഒരു കാര്യോണ്ട് വേഗം വാ"
"എന്താ ഗോമൂ... എന്നാ പറ്റീ..? "
"അതെക്കെയൊണ്ട് നിങ്ങളുവന്നേ "
ഭാര്യയുടെ ശബ്ദത്തിലെ മാറ്റം രാഘവന്റെ ഭയം കുറച്ചു.
അയാൾ അടുക്കളയിലെത്തി അവിടെ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി.
"ഇതെല്ലാം... അവള്...?"
ബാക്കി ചോദിക്കാൻ അയാൾക്ക് കഴിഞ്ഞില്ല
" അല്ലാണ്ടാരാ ചാത്തന്മാര് വര്വോ ഇതെക്കെ ചെയ്യാൻ "
അവളുടെ സന്തോഷം കണ്ടപ്പോൾ അയാൾ മുകളിലേക്കു നോക്കി ദൈവത്തിന് നന്ദി പറഞ്ഞു.
" എന്നിട്ട് അവളെവിടെ...? "
"രാവേട്ടൻ... നമ്മക്കു നോക്കാം "
അവർ രാജമ്മയുടെ മുറിയിലേക്കു പോയി.
ജനാലക്കമ്പിയിൽ പിടിച്ച് പുറത്തേക്കു നോക്കി നില്ക്കുകയാണ് രാജമ്മ. കാര്യമായ ചിന്തയിലാണെന്നു കണ്ടപ്പോൾ തിരിച്ചു നടന്ന അയാളെ ഗോമതി കൈയ്യിൽ പിടിച്ചു നിറുത്തി.
"രാജേ.. "
ഗോമതി അവളെ വിളിച്ചു.
"നിങ്ങളുവരുന്നത് ഞാങ്കണ്ടായിരുന്നു അതാ ഇങ്ങോട്ടു പോന്നേ കഞ്ഞീം ചമ്മന്തിയും പപ്പടം ചുട്ടും വച്ചിട്ടാെണ്ട് നിങ്ങളു വരാൻ കാത്തിരുന്നതാ "
"കണ്ടു... എന്നാവാ നല്ല വെശപ്പൊണ്ട് കൊറെയായില്ലേ നമ്മളൊരുമിച്ചെന്തെങ്കിലും കഴിച്ചിട്ട് ഞാൻ കഞ്ഞിയെടുത്തോണ്ടു വരാം വെക്കാം നിങ്ങള് .. പോയി കൈകഴുകിക്കോ "
ഗോമതി അടുക്കളയിലേക്കു നടന്നു.
ഊണുമുറിയിലിരുന്ന് കഞ്ഞി കുടിക്കുമ്പോൾ രാഘവൻ പറഞ്ഞു:
"ഗോമൂ നിനക്കറ്യോ ഇങ്ങനെത്തെ മൊളക് ചമ്മന്തീങ്കൂട്ടി ഞങ്ങളെന്തോരും കഞ്ഞി കുടിച്ചിട്ടൊണ്ടെന്ന് ...? അന്നും എന്റെ പെങ്ങമ്മാരിൽ രാജതന്ന്യാ വെച്ചു വെളമ്പാൻ മിടുക്കി മൂത്തോര് ഇവടെ ഏഴയലത്തു വരൂലാ.. നിനക്കൊരു കാര്യമറ്യോ പണ്ട് കപ്പക്കാലായിൽ പണിക്കു വരുന്നോരിൽ ഒരുത്തനൊണ്ടായിരുന്നു. ഒരു തെക്കൻ ഗോപാലൻ ഒരു ദിവസം ഇവളൊണ്ടാക്കിയ കഞ്ഞീം കറീം കഴിച്ചിട്ടു പറയ്വാ രാഘവേട്ടാ നിങ്ങടെ അനിയത്തിയെ എനിക്കു കെട്ടിച്ചുതര്വോന്ന് ഇത്ര രുചിയോടെ മുമ്പെങ്ങും അവൻ തിന്നിട്ടില്ലെന്ന് പക്ഷേ അതു കേട്ടോണ്ടു വന്ന അമ്മ അവനെ തെറി പറഞ്ഞ് കണ്ണുപൊട്ടിച്ചു.പിന്നെ അടുത്തൊള്ള കപ്പക്കാലായിൽ പണിക്കുവന്നാൽ അവൻ അമ്മയെ പേടിച്ചിട്ട് ഞങ്ങടെ വീടിരിക്കുന്ന ഭാഗത്തിന്റെ ഏഴയലത്തേക്കേ നോക്കില്ലാരുന്നു. പിന്നെ അവന്റെ പേരു പറഞ്ഞായിരുന്നു ഞങ്ങളിവളെ കളിയാക്കിക്കൊണ്ടിരുന്നത് "
പറഞ്ഞു കഴിഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചു. വളരെ നാളുകൾക്കു ശേഷമായിരുന്നു അയാളുടെ ചിരി ആ വീട്ടിൽ ഉയർന്നത്.ഗോമതി രാജമ്മയെ നോക്കി അവൾ ചെറുചിരിയോടെ ഭക്ഷണം കഴിക്കുന്നതു തുടർന്നു രാഘവന്റെ ചിരി ചുമയായി പരിണമിച്ചു അപ്പോൾ അയാളുടെ മൂക്കിൽ നിന്നും രക്തം ഇറ്റുവീണ് തീൻമേശയിൽ പടർന്നു.ഗോമതി അകത്തുചെന്ന് പഞ്ഞിയെടുത്തു കൊണ്ടുവന്നു രാഘവന്റെ മുഖവും മേശയും തുടച്ചു. ഇതു കണ്ട രാജമ്മ ഭയന്നു പോയി.
" പേടിക്കണ്ട രാജേ ആദ്യം കാണുന്നതോണ്ടാ നീ പേടിച്ചത്. ഗോമൂനെ കണ്ടില്ലേ ഇത് മിക്കപ്പോഴു കാണുന്നതോണ്ടാ പഞ്ഞി യെടുത്തോണ്ടെത്തന്നത് കണ്ട് കണ്ട് അവടെ പേടി പോയി ഇനിയിപ്പം ഒരാള് ചോരേക്കുളിച്ചു കെടക്കണ കണ്ടാലും അവള് പേടിക്കില്ല. കൂടിപ്പോയാൽ ഒരു മാസങ്കൂടി ഈ വേദന സഹിച്ചാ മതീലോ എനിക്കൊരു കാര്യത്തിലേ സങ്കടൊള്ളൂ നിന്റെ മോളേ എന്റെ കണ്ണടയുന്നതിനു മുമ്പേ നിന്റെ മുമ്പിക്കൊണ്ടരാന്നാ വാക്കുപാലിക്കാൻ ഈ കൂടപ്പെറപ്പിനേക്കൊണ്ടായില്ല അതിനെന്റെ പെങ്ങളീ പാപിക്കു മാപ്പു തരണം"
അയാൾ മേശയിലേക്ക് ശിരസ്സമർത്തി പൊട്ടിക്കരഞ്ഞു. രാജമ്മ ഒന്നും മിണ്ടാതെ തന്റെ സഹോദരന്റെ ശിരസ്സിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. ഇതു കണ്ട ഗോമതി രാജമ്മയുടെ ചുമലിലേക്ക് ചാഞ്ഞു വിങ്ങിപ്പൊട്ടി.
" എനിക്കറിയാം നിങ്ങളെല്ലാരും എനിക്കു വേണ്ടി കഷ്ടപ്പെടുന്നതും കണ്ണീരൊഴുക്കുന്നതും ഒന്നും നമ്മടെ കുറ്റമല്ല എല്ലാം വിധിയാണ് ഇതെല്ലാം നമ്മളനുഭവിക്കണമെന്ന് ഒടേതമ്പുരാൻ തീരുമാനിച്ചെട്ടൊണ്ടാകും അങ്ങനെയെങ്കിലും നമ്മൾ ചെയ്ത പാപങ്ങൾ തീരുമെങ്കിൽ തീരട്ടേ എന്റെയേട്ടൻ എന്നെയോർത്ത് ഇനി സങ്കടപ്പെടണ്ട ഞാനിക്കാര്യം പറഞ്ഞ് ഏട്ടനെ വേദനപ്പിക്കില്ല
ജനിച്ചപ്പോ വലിച്ചെറിഞ്ഞ നമ്മക്ക് അതിനെ കാണാനൊള്ള യോഗ്യതയൊന്നുമില്ല എനിക്കതറിയാം എന്നാലും അവളനാഥയായില്ലല്ലോ എന്നെങ്കിലുമൊരിക്കൽ അവളെ കാണാമെന്ന പ്രതീക്ഷയിൽ എനിക്കു ജീവിക്കാലോ"
എഴുന്നേറ്റു പോകാൻ തുടങ്ങിയ രാജമ്മയോട് രാഘവൻ പറഞ്ഞു.
"നീയിരിക്ക് എനിക്കൊരു കാര്യങ്കൂടി പറയാനാെണ്ട് നിന്നോട് "
"എന്തായേട്ടാ.."
" നിന്റെ മോടെ കല്യാണ നിശ്ചയമാണ് മേടം ഇരുപത്തെട്ടിന് നിന്നോട് ഞങ്ങൾ പറയാതിരുന്നതാ അന്ന് പറഞ്ഞാലും അതുൾക്കൊള്ളാനുള്ള മനസ്സ് നിനക്കില്ലെന്നു കരുതിയാണ് പറയാതിരുന്നത് പക്ഷേ ഇന്ന് നിനക്കതിനു കഴിയും അവടെ പേര് ശ്രീജാന്നാ. പടിച്ച് പടിച്ച് നല്ല സർക്കാരുദ്യോഗം കിട്ടി കെട്ടാൻ പോകുന്നവനും സർക്കാരു ജോലിയൊണ്ട് നൂറ്റൊന്നു പവനാണ് അവൾക്ക് അവരുകൊടുക്കണതത്രേ അവടെ ഓഫീസില് ജോലിയൊള്ള ഒരു സ്ത്രീ പറഞ്ഞതാ അവരാണ് നിന്നെ കാണിച്ചു തരാന്നു പറഞ്ഞത് ഇന്നു ഞങ്ങള് ചെന്നപ്പോഴാണ് കാര്യങ്ങളറിഞ്ഞത് ഒരു പക്ഷേ നമ്മടെ കാര്യങ്ങളറിഞ്ഞാൽ അവടെ കല്യാണം മൊടങ്ങാനും സാധ്യതയൊണ്ടത്രേ..? അതാേണ്ട് അവടെ ജീവിതം നശിപ്പിക്കാനായി നമ്മളിനി അവളെ കാണാണ്ടാന്നാണ് അവരു പറഞ്ഞേ ഒരു കണക്കിന് അതല്ലേ ശരി അതിന്റെ ജീവിതം നമ്മളായിട്ട് നശിപ്പിക്കണോ? നീ ആലോജിച്ചു നോക്ക്യേ..? ഇനീം നിനക്കവളെ കാണണെങ്കിൽ ഞാനൊന്നൂടെ പോകോം അവര്ടെ കാലുപിടിക്കാം "
" വേണ്ട, എനിക്കു കാണണ്ട എവിടെയായാലും എന്റെ മോള് സന്തോഷായി കഴിയട്ടേ. ഇനിയൊള്ള ജീവിതകാലം മുഴുവൻ അവക്കു ജീവിതത്തില് ദു:ഖങ്ങളില്ലാതിക്കാൻ പ്രാർത്ഥിച്ചോളാം ഞാൻ "
രാജമ്മ തന്റെ മുറിയിലേക്കു പോയി
മനസമാധാനത്തോടെ രാഘവനും ഗോമതിയും ഉറങ്ങാൻ പോയി.
തുടർന്നങ്ങോട്ടുള്ള ദിവസങ്ങളിൽ വ്യത്യസ്ത സ്വഭാവങ്ങളായിരുന്നു രാജമ്മയ്ക്ക് രണ്ടു ദിവസങ്ങൾ നോർമ്മലാണെങ്കിൽ പിന്നീടുള്ള ദിവസങ്ങൾ വീണ്ടും പഴയതുപോലേ അത് രാഘവനും ഗോമതിക്കും വലിയ ദു:ഖം നല്കി.രാഘവൻ തീരേ അവശനായി തനിക്കധികം ആയൂസ് ഇല്ലെന്ന് അയാൾ വിശ്വസിച്ചു. തന്റെ സഹോദരങ്ങളെയൊക്കെ പോയിക്കണ്ടു ചിലർ അയാളെ കാണാൻ വീട്ടിൽ വന്നു ഒരു ദിവസം പ്യൂൺ ലക്ഷ്മിയമ്മ രാഘവന്റെ വീട്ടിലെത്തി.
"കൊറേയായി നിങ്ങളെ വന്നു കാണണെന്ന് വിജാരിക്കാൻ തൊടങ്ങീട്ട് സമയക്കൊറവും ജോലിത്തെരക്കും കാരണം അതങ്ങ് നീണ്ടു നീണ്ട് പോയി .. ഇന്നാ അതിനിത്തിരി സമയം കിട്ടീത്.."
വീടിന്റെ തിണ്ണയിലെ കസേരയിൽ ഇരുന്നു കൊണ്ട്
ലക്ഷ്മിയമ്മ പറഞ്ഞു
"സാറു വരുമെന്നോർത്തില്ലട്ടോ ഗോമ്വേ നീ പോയി കൊറച്ച് കുടിക്കാനെന്തെങ്കിലും കൊണ്ട്വാ..വരുമ്പോ രാജേനേം ഇണ്ടു വിളിച്ചോണ്ടുവാ "
അയാൾ അവരെ സസന്തോഷം സ്വീകരിച്ചു അവർ തമ്മിൽ വിശേഷങ്ങൾ പറയാൻ തുടങ്ങിയപ്പോൾ ഗോമതി അകത്തേക്കു കയറിപ്പോയി. കുറച്ചു സമയം കഴിഞ്ഞ് ലക്ഷ്മിയമ്മയ്ക്കു കുടിക്കാൻ കാപ്പിയുമായി ഗോമതിയെത്തി അവർക്ക് രണ്ടു പേർക്കും കാപ്പി കൊടുത്ത ശേഷം അവൾ പറഞ്ഞു.
"രാവേട്ട.. രാജ റൂമിന്റുള്ളിൽ കതകടച്ചിട്ടിരിക്ക്യാ വിളിച്ചപ്പോ ഇപ്പോ വരാന്നു പറഞ്ഞു.. "
ലക്ഷ്മിയമ്മ കാപ്പി കുടിച്ചു കഴിഞ്ഞ് ഗ്ലാസ് ഗോമതിയുടെ കൈയ്യിൽ കൊടുക്കുമ്പോൾ അകത്തു നിന്നും പുറത്തേക്കിറങ്ങിയ രൂപത്തെ കണ്ട് തല ഉയർത്തി നോക്കി.
"സാറേ..ഇതാണ് എന്റെ പെങ്ങൾ രാജമ്മ "
രാഘവൻ പെങ്ങളെ അവർക്കു പരിചയപ്പെടുത്തി.
ലക്ഷ്മിയമ്മ രാജമ്മയെ ആപാദചൂഡം നോക്കി.
തന്റെ ഊഹം തെറ്റിയില്ലെന്നു അവർക്കു തോന്നി
ശ്രീജയുടെ അതേ പൊക്കം നിറം കൂടുതൽ അമ്മയ്ക്കാണ്. അവളുടെ നീണ്ട മുടി അമ്മയ്ക്കുമുണ്ട് രണ്ടു പേരേയും ഒരുമിച്ചു കണ്ടാൽ അനിയത്തിയും ചേച്ചിയും പോലേ എന്തൊരു സാമ്യം.രാജമ്മ അവരെ നോക്കി ചിരിച്ചു കൈയ്കൾ കൂപ്പി
" ഞാൻ ലക്ഷ്മിയമ്മ ശ്രീജേടെ ഓഫീസിലാ ജോലി ചെയ്യുന്നത് ബത്തേരിയിൽ "
അവളോന്നും പറയാതെ ചിരിച്ചു പക്ഷേ അവളുടെ കണ്ണിലെ തിരയിളക്കം ലക്ഷ്മിയമ്മ തിരിച്ചറിഞ്ഞു.
" മിനിഞ്ഞാന്നായിരുന്നു അവളുടെ മോതിരം മാറ്റൽ വരുന്ന ചിങ്ങം പത്തിന് കല്യാണംനടത്താനാ തീരുമാനിച്ചിരിക്കുന്നത് തിരുനെല്ലീല് അല്ലെങ്കിൽ കൊട്ട്യൂരമ്പലത്തില് അത് പിന്നീട് അറിയിക്കാന്നാ ചെറുക്കന്റെ വീട്ടുകാർ പറഞ്ഞേ. ഓഫീന്ന് ഞങ്ങൾ കൊറേപ്പേര് പോയിരുന്നു. മിടുക്കൻ ചെറുക്കൻ അവൾക്ക് ചേരുന്നവൻ തന്നെ നിശ്ചയത്തിന് ആങ്ങളമാർ മൂന്നു പേരും ചേർന്ന് അഞ്ചു പവന്റെ നെക്ലേസാ അവൾക്കായിവാങ്ങീത് അതും ഇട്ടാ അവള് ഇരുന്നത് നിങ്ങളെ കാണിക്കാൻ ഞാൻ അവളുടെ ഫോട്ടോ കൊണ്ടുവന്നിട്ടൊണ്ട്."
തന്റെ ബാഗുതുറന്ന് കുറച്ചു ഫോട്ടോ എടുത്ത് രാഘവനു നല്കി.അയാൾ അതു വാങ്ങി നോക്കിയ ശേഷം രാജമ്മയ്ക്കു കൊടുത്തു. അവൾ അതു വാങ്ങിക്കൊണ്ട് കത്തേക്ക് പോയി.
"എങ്ങനുണ്ട് ചെറുക്കൻ "
എന്തെങ്കിലും ചോദിക്കണമല്ലോ എന്നു കരുതി ലക്ഷ്മിയമ്മ ചോദിച്ചു.അതല്ലാതെ സുഖവിവരങ്ങൾ തിരക്കുന്നത് ഔചിത്യമല്ലെന്ന് അവർക്കറിയാമായിരുന്നു.
"സാറു പറഞ്ഞതുപോലേ തന്നെ മിടുമിടുക്കൻ അവക്കു ശരിക്കുമൊള്ള ജോഡി തന്ന്യാ. അവടെ നിശ്ചയത്തിന്റെ ഫോട്ടോ കൊണ്ടുവന്നു കാണിച്ചത് തന്നെ വലിയൊരു ഉപകാരാണ് ഞങ്ങൾക്കു ചെയ്ത ഈ സഹായത്തിന് എങ്ങനാണ് സാറിനോട് നന്ദി പറേണ്ടതെന്നറിയില്ല മാത്രമല്ല സത്യത്തിൽ
ഞാങ്കരുതീല ജീവനോടെ എനിക്ക് സാറിനെ വീണ്ടുമൊന്നൂടെ കണാമ്പറ്റൂന്ന് സന്തോഷായി ഒത്തിരിയൊത്തിരി സന്തോഷായി... എന്റെ രാജ.... പെറ്റ ദിവസം അവസാമായി കണ്ട മോടെ മൊകം ഇരുപത്താറു വർഷങ്കഴിഞ്ഞ് ഫോട്ടോയിലെങ്കിലും അവക്കു കാണാനൊള്ള ഭാഗ്യൊണ്ടായല്ലോ.. ഈ ഉപകാരം ഒരിക്കലും മറക്കില്ല "
രാഘവൻ നിറഞ്ഞൊഴുകിയ കണ്ണുകൾ തന്റെ ഉടുമുണ്ടിന്റെ തുമ്പുകൊണ്ട് തുടച്ച് അവരുടെ നേരെ കൈകൂപ്പി നന്ദി പറഞ്ഞു.കുറച്ചു സമയം കൂടി അവരോടൊപ്പം ചിലവഴിച്ച ശേഷമാണ് അവർ തിരിച്ചുപോയത്.
ലക്ഷ്മിയമ്മ തിരിച്ചു പോകൻ നേരം രാജമ്മ തന്റെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിവന്നു. തന്റെ കൈയ്യിലിരുന്ന ഫോട്ടോകൾ അവർക്കു തിരിച്ചു കൊടുക്കുമ്പോൾ ചോദിച്ചു.
"ഇതിലൊരെണ്ണം എനിക്കു തര്വോ? ചുമ്മാ കാണാനാ സാറിനിഷ്ടമില്ലെങ്കിൽ വേണ്ട."
" ഏതാ നിനക്കു വേണ്ടത് അത് എടുത്തോളൂ"
അവർ അവളോടു ചോദിച്ചു.
രാജമ്മ അതിൽ നിന്നും ശ്രീജയുടെ തനിച്ചുള്ള ഒരു ഫോട്ടോ എടുത്തു.
"ഏതാ ഞാൻ കാണട്ടേ?"
രാജമ്മ താനെടുത്ത ഫോട്ടോ അവരെ കാണിച്ചു.
" ഇപ്പോൾ എറങ്ങീലെങ്കിൽ സമയത്തിന് വീട്ടിലെത്തില്ല.. പോട്ടേ പിന്നെപ്പഴെങ്കിലും നമ്മക്കു കാണാം "
യാത്ര പറഞ്ഞ് മുറ്റത്തേക്കിറങ്ങി രണ്ടു മൂന്നു ചുവടുകൾ നടന്ന ശേഷം അവർ നിന്നു.പിന്നെ തിരിഞ്ഞു രാജമ്മയെ തന്റെ അരുകിലേക്കു വിളിച്ചു. അവരുടെ അടുത്തുചെന്ന രാജമ്മയുടെ നേരെ തന്റെ കൈയ്യിലിരുന്ന മുഴുവൻ ഫോട്ടോയും നീട്ടിയിട്ടു പറഞ്ഞു.
"എനിക്കെന്തിനാ ഈ ഫോട്ടോ ഇതെല്ലാം നീയെടുത്തോ.. "
പിന്നെ എല്ലാവരേയും നോക്കി കൈയ് വീശിക്കാണിച്ചു പതിയെ നടന്നു മറഞ്ഞു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot