നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രാഷ്ട്രഭാഷ (മിനിക്കഥ)

Image may contain: 1 person, selfie, beard, closeup and indoor
****************
രചന: അരുൺ വി സജീവ്
നിനച്ചിരിക്കാതെ എത്തിച്ചേർന്ന പുതിയ സ്ഥലം മാറ്റം, എനിക്കുണ്ടാക്കിത്തന്ന പൊല്ലാപ്പുകൾ ചില്ലറയായിരുന്നില്ല...!വാടകക്കൊരു വീട് തരപ്പെടുത്തൽ, വീട്ടു സാധനങ്ങൾ പുതിയ താമസ സ്ഥലത്തേക്ക് മാറ്റൽ, കുട്ടികളുടെ സ്കൂളു മാറ്റം... അങ്ങനെ എല്ലാം കൊണ്ടും ഓട്ടപ്പാച്ചിൽ തന്നെ ആയിരുന്നൂ രണ്ട് മൂന്ന് ദിവസം. ഇതെല്ലാം ഒന്നൊതുങ്ങിയപ്പോൾ, ഇനി സ്വസ്ഥമായൊന്നുറങ്ങണമെന്ന ചിന്തയൊടെയാണ്, അന്ന് രാത്രി ഉറക്കത്തിലേക്ക് ഊളിയിട്ടത്...
പടിക്കലെത്തി നിന്നിരുന്ന നിദ്രാദേവി പതിയെ കടാക്ഷിച്ച് തുടങ്ങിയപ്പോൾ.. ഭാര്യയുടെ വകയായി തലയിലൊരു ഞോണ്ടൽ ! എന്നിട്ട് പതിവില്ലാതെ മുഖവുരയോടെ ഒരു ചോദ്യവും: "അതേ ഞാനൊരു കാര്യം ചോദിക്കട്ടെ ... നിങ്ങൾ കോളേജിൽ സെക്കൻഡ് ലാംഗ്വേജായി പഠിച്ചത് ഹിന്ദിയല്ലെ....? "
" ഉം... അതിന്....?" ഉറക്കം തടസ്സപ്പെടുത്തിയ ദേഷ്യത്തോടെ കമിഴ്ന്ന് കിടന്ന ഞാൻ പുതപ്പ് കൊണ്ട് തലകൂടി മൂടി..അപ്പോൾ ദാ വരുന്നു അവളുടെ വക അടുത്തത് വീണ്ടും:
" അതേ.... പിന്നെ...ഈ 'കാലമാടൻ ' എന്നുള്ളതിന് ഹിന്ദിയിൽ എന്താണ് പറയുക....?
" ഈ നട്ടപ്പാതിരാക്ക് കാലമാടന്റെ ഹിന്ദി പഠിച്ചിട്ട് നിനക്ക് ആരെ പണ്ടാരം അടക്കാനാ...! മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലെ...? " തികട്ടി വന്ന കോപത്തോടെ ഞാൻ മറുചോദ്യമുന്നയിച്ചു.
" നിങ്ങൾക്കിങ്ങനെ പറയാം...രാവിലെ നിങ്ങള് ജോലിക്കും, പിള്ളേര് സ്കൂളിലും പോയിക്കഴിഞ്ഞാൽ പിന്നെ ഞാനിവിടെ ഒറ്റക്കാ... ആകെ മിണ്ടാനും, പറയാനുമായിട്ടുള്ളത്... അപ്പുറത്ത് താമസിക്കുന്ന ആ ബംഗാളി ഭായീടെ ഭാര്യ സരസ്വതിയാ... അവൾക്കാണെ മലയാളം പറഞ്ഞാൽ ഒരക്ഷരം ഒട്ട് മനസ്സിലാകുവേം ഇല്ല..! ഇന്നുച്ചക്ക് അവളെന്നോട് ചോദിക്കുവാ ... " ആപ് കാ പതി കൈസാ ആദമീ ഹെ ?"ന്ന്.(താങ്കളുടെ ഭർത്താവ് എങ്ങനെയുള്ള ആളാണെന്ന്.) അവൾ ദു:ഖത്തോടെ പറഞ്ഞു.
ങ്ങേ...... !!!
പകച്ച് പണ്ടാരമടങ്ങിപ്പോയെന്റെ പരലോക ജീവിതം കൂടി.
NB : കാലമാടന്റെ ഹിന്ദി അറിയാവുന്നവർ ഒരു കാരണവശാലും പുറത്ത് പറയരുത് ...എന്തിനാ വെറുതെ പേരുദോഷം കേൾക്കുന്നത്
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot