Slider

നഖക്ഷതങ്ങൾ

1
Image may contain: Fibin Jacob, eyeglasses, beard, selfie and closeup
---------------------
സച്ചി എവിടെയാ?? എനിക്കൊന്നു കാണണം, കാന്റീനിലെക്ക് വരാമോ?
നേരം വെളുക്കുന്നതിന് മുമ്പ് എന്താ പെണ്ണെ??
നിർബന്ധം കൂടിയതോടെ എഴുന്നേറ്റു ഒരു കള്ളക്കുളി നടത്തി കിട്ടിയ കുപ്പായവുമിട്ട് നേരെ കാന്റീനിലെക്ക് നടന്നു
ഉറക്കച്ചടവോടെ വരുന്ന അവനെയും കാത്ത് കാപ്പിയും കുടിച്ച് അവളവിടെ ഉണ്ടായിരുന്നു. പതിവില്ലാതെ ചന്ദനക്കുറി തൊട്ടിട്ടുണ്ട്.
ഇതെന്ത് കോലമാ സച്ചി, സ്റ്റഡി ലീവിന് പോകുമ്പോ എങ്ങനെ ഇരുന്നതാ!! അവിടെ കഴിക്കാനൊന്നുമില്ലേ??
അത് വിട്, നീ രാവിലെ അമ്പലത്തിൽ പോയോ??
ങാ പോയി, ചിലതെനിക്കും പറയാനുണ്ടായിരുന്നു ഈശ്വരനോട്.
കുറെ നേരം അവളൊന്നും പറയാതെ താഴേക്ക് നോക്കിയിരുന്നു.
" നിനക്ക് വിശക്കുന്നില്ലേ?? " അവളൊന്നു തലയാട്ടി.
" ത്രേസ്യാമ്മ കൊച്ചേ, രണ്ട് മസാല ദോശ, ഒരു കാപ്പി, ഒരു ചായ, എല്ലാത്തിന്റെം കാശ് ഇവള് തരും " ത്രേസ്യാമ്മ ചേച്ചിയും അവളും ഒരുപോലെ ചിരിച്ചു.
ഈ ചെറുക്കന്റെ ഒരു കാര്യം, എടാ പെങ്കൊച്ചിനെ കൊണ്ട് കാശ് കൊടുപ്പിക്കരുത്, ത്രേസ്യാമ്മ ചേച്ചി ഉറക്കെ പറഞ്ഞു.
എന്റെ കൈയിൽ ഇല്ലാത്തോണ്ടല്ലേ പെമ്പ്രന്നോരേ. ഉണ്ടാകുന്ന ഒരു കാലം വരും പക്ഷെ അന്ന് ത്രേസ്യാമ്മ കൊച്ചിവിടെ ഉണ്ടാകരുത്!! എവിടെയെങ്കിലും സുഖമായി ജീവിക്കണം കേട്ടോ.
ഞങ്ങളൊക്കെ ഇവിടെ നിന്ന് പോകാനായി. ഇനി വരുന്ന പിള്ളേരെയും ഇത് പോലെ സ്നേഹിക്കണം കേട്ടോ. മസാല ദോശയും തന്ന് ത്രേസ്യാമ്മ ചേച്ചി പോയി.
മസാലദോശ കഴിക്കുന്നതിനിടയിൽ അമ്മു പറഞ്ഞു തുടങ്ങി.
അമ്മുക്കുട്ടി, നീയിപ്പോ ഇത് കഴിക്ക് എന്നിട്ട് നമുക്ക് സംസാരിക്കാം, അല്ലെങ്കിൽ ഇന്നിനി കുഞ്ഞൊന്നും കഴിക്കില്ല, അവൾ പറയാൻ പോകുന്നത് എന്താണെന്ന് ഏകദേശം ധാരണ സച്ചിക്ക് ഉണ്ടായിരുന്നു. അവളൊന്നു ചിരിച്ചു, പെയ്യാൻ തൂങ്ങി നിൽക്കുന്ന ഒരു മേഘമുണ്ട് ആ കണ്ണുകളിൽ.
കൈ കഴുകി അതെ സ്ഥലത്ത് വന്നിരുന്നു, അമ്മു ഇനി പറ.
" നമുക്കൊരുമിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല സച്ചി " , അച്ഛനുമമ്മയും വാശിയിലാണ് അന്യജാതിക്കാരനായ ഒരാളെ സ്നേഹിക്കുന്നത് വീട്ടിൽ അറിഞ്ഞ അന്ന് തുടങ്ങിയതാണ്‌ ഇതൊക്കെ. എല്ലാം സച്ചിക്ക് അറിയാമല്ലോ
വീട്ടിൽ ഞാനൊരു അന്യയായി, ആർക്കുമെന്നോടൊന്നും പറയാനില്ല. പക്ഷെ എനിക്കതിൽ സങ്കടമൊന്നുമില്ല.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, എനിക്കെല്ലാരെയും വേണം സച്ചി, അച്ഛനുമമ്മയും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. സച്ചിയും!! ഞാനാരെ ഒഴിവാക്കും?
ചുവന്ന ചരട് കെട്ടിയ, വിറയ്ക്കുന്ന അവളുടെ വലത് കൈ സച്ചി കൈയിലെടുത്തു.
" അമ്മൂ, നിനക്കറിയാമല്ലോ കാര്യങ്ങളൊക്കെ, വീണ്ടും അത് പറയാൻ എനിക്ക് തോന്നുന്നില്ല " അച്ഛനോടും അമ്മയോടും നിനക്ക് ദേഷ്യമൊന്നും വേണ്ട, അവരുടെ സങ്കടം കൊണ്ട് പറയുന്നതാണ് അതെല്ലാം.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരെങ്കിലുമൊക്കെ ഉള്ളത് ഒരാശ്വാസമാണ്. എന്റെ കാര്യം ഒന്നാലോചിച്ചു നോക്ക് അമ്മൂ, ആരുമില്ല എനിക്ക്, ഒന്നുമില്ല സ്വന്തമെന്ന് പറയാൻ. നീ ഇക്കാലം കൊണ്ട് തന്ന സ്നേഹമല്ലാതെ.
നീ അച്ഛനുമമ്മയും പറയുന്നത് അനുസരിക്കണം. ഞാനെവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന ആരോ ഒരാൾ. ഇടക്ക് കുറച്ച് കാലം സ്നേഹം എന്താണെന്ന് അറിയാനായി മാത്രം നിന്റെ കൂടെ ചില നിമിഷങ്ങൾ വിധി ഒരുക്കി തന്നു. അത് ഇവിടെ വരെയേ ഉള്ളൂ എന്നെനിക്കറിയാമായിരുന്നു.
നിന്റെ കണ്ണുകളിൽ നിന്ന് ഒഴുകുന്ന ഈ തീക്കനൽ എന്റെ നെഞ്ചിൽ കിടന്നെരിയുന്നു. നമ്മുടെ നഷ്ട പ്രണയത്തിന്റെ കവിത പാടാൻ ഈ ചുവരുകൾ വെമ്പി നിൽക്കുന്നു മോളെ.
നീയെന്നിൽ പെയ്തോഴിഞ്ഞത്, എന്റെ കവിതകളിൽ വരികളായത്.. ഒന്നും, ഒരു കാലത്തും മറക്കാൻ എനിക്കാവില്ല.
" സച്ചി, നിർത്ത് പ്ലീസ് എനിക്കിപ്പോ ഇതൊന്നും തലയിൽ കയറില്ല. ഞാനെന്ത് ചെയ്യണം സച്ചി?? അത്ര വേഗം മറക്കാൻ എനിക്ക് കഴിയില്ല. സച്ചിയുടെ കവിതകളിൽ ഞാനായിരുന്നു എന്ന് പറഞ്ഞ ദിവസം ഞാനൊരുപാട് സന്തോഷിച്ചു പക്ഷെ ആ വാക്കുകളെന്നെയിപ്പോൾ നോവിക്കുന്നു "
അമ്മു കഴിഞ്ഞതൊക്കെ വേഗം മറക്കണം എന്നല്ല, മറക്കണം എന്ന് മാത്രമാണ് ഞാൻ പറയുന്നത്. ആരെയും നോവിച്ചു കൊണ്ട് നമുക്കൊന്നും നേടാനില്ല. സ്വപ്‌നങ്ങൾ ശേഖരിച്ചു വെക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പണ്ടൊരിക്കൽ അമ്മു പറഞ്ഞതോർക്കുന്നോ??
ശേഖരിച്ചു വെച്ച സ്വപ്നങ്ങളെല്ലാം നടന്നില്ലെങ്കിലും സ്വപ്നം കാണാതിരിക്കാൻ കഴിയില്ലല്ലോ അമ്മൂ നമുക്ക്. ജീവിക്കണം, അച്ഛന് വേണ്ടി അമ്മക്ക് വേണ്ടി, അവരുടെ സന്തോഷത്തിന് വേണ്ടി എന്റെ അമ്മുക്കുട്ടി സന്തോഷമായി ജീവിക്കണം.
ഞാൻ പോകുവാ സച്ചി ഇനി ഇരുന്നാൽ എനിക്ക് സഹിക്കാനാവില്ല, കണ്ണീര് നിറഞ്ഞ മുഖത്ത് ചിരി വരുത്താൻ ശ്രമിക്കുമ്പോൾ ചുവന്ന ചരട് കെട്ടിയ ആ കൈ സച്ചിയുടെ ഹൃദയത്തിൽ നഖക്ഷതങ്ങൾ വീഴ്ത്തി പറിച്ചെടുത്ത് അമ്മു നടന്നകന്നു.
എത്ര രൂപയായി ത്രേസ്യാമ്മ കൊച്ചേ? പെങ്കൊച്ചിനെ കൊണ്ട് ഞാൻ കാശ് കൊടുപ്പിച്ചില്ല കേട്ടോ.. ത്രേസ്യാമ്മ ചേച്ചി ചിരിച്ചു
എടാ ഞാൻ എഴുതി വെച്ചേക്കാം
വേണ്ട കൊച്ചേ, നഷ്ടങ്ങളുടെ കണക്ക് പുസ്തകം ഇനി തുറക്കണ്ട. അതെന്നെ വീണ്ടും പലതും ഓർമ്മിപ്പിക്കും..വേണ്ട... പോട്ടെ....
ഫിബിൻ @ Nallezhuth
1
( Hide )
  1. നേടുന്നത് മാതൄമല്ല പ്രണയം....വിട്ടുകൊടുക്കുന്നതും പ്രണയമാണ്

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo