നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഈ കടലും കടന്നക്കരെ....

Image may contain: Giri B Warrier, smiling, beard, closeup and outdoor
കഥ | ഗിരി ബി വാരിയർ
+=+=+=+=+
"ടീച്ചർ ഇന്ന് നേർത്ത്യാണല്ലോ..മോൻ വന്നില്ല്യേ "
ബീച്ചിലേക്കുള്ള വഴിയിൽ പെട്ടിക്കട നടത്തുന്ന സുലൈമാനിക്ക ചോദിച്ചു.
"അവൻ വര്ണുണ്ട്‌. ഒരു പുസ്തകം സ്‌കൂട്ടറിലുണ്ട്, അതെടുക്കാൻ പോയിരിക്കുകയാണ്."
റോഡിൽ നിന്നും ബീച്ചിലേക്കുള്ള കൊച്ചിടവഴിയിലൂടെ വന്നാൽ പാറക്കൂട്ടത്തിലേക്ക് വേഗം എത്താം. സ്‌കൂട്ടർ ഇടവഴിയിൽ ഒരു വീട്ടിൽ വെച്ച് വരികയാണ് പതിവ്.
ഇടവഴി കഴിഞ്ഞു ബീച്ചിനോട് ചേർന്ന് ഉപയോഗിക്കാതെ കിടക്കുന്ന പറമ്പിലൂടെ ഒരു ചെറിയ നടവഴിയുണ്ട്, അവിടെയാണ് സുലൈമാനിക്കയുടെ പെട്ടിക്കട. ബീച്ചിനടുത്ത് ഒരു മതിൽ കെട്ടി അതിനപ്പുറം കടൽ കയറാതിരിക്കാൻ കരിങ്കൽ ബ്ലോക്കുകൾ ഇട്ടിട്ടുണ്ട്.
കരിങ്കൽ ബ്ലോക്കുകൾ ഇറങ്ങി കുറച്ചു വലതുവശത്തേക്ക് പോയാൽ പാറക്കെട്ടായി. അവിടെ ഇരുന്ന് കടൽ കാണാൻ വല്ലാത്തൊരു ഭംഗിയാണ്.
കരിങ്കൽ ബ്ലോക്കിന്റെ ഏറ്റവും താഴത്തെ ബ്ലോക്കിൽ കാൽ വച്ചതും വഴുക്കിയതും ഒരുമിച്ചായിരുന്നു. കൈകുത്തി താഴെ മണലിലേക്ക് വീണു.
"വല്ലതും പറ്റിയോ ചേച്ചി?" താഴെ കരിങ്കൽ ബ്ലോക്കിൽ ഇരുന്നിരുന്ന രണ്ട് പെൺകുട്ടികൾ ഓടി വന്ന് ലീലയെ പിടിച്ചെഴുന്നേൽപ്പിച്ചു.
" ഒന്നൂല്ല്യാ, കാലൊന്ന് വഴുക്കിയതാണ്. "
" പ്രശ്നം ഒന്നും ഇല്ല്യല്ലോ.. ഞങ്ങൾ പോയ്ക്കോട്ടെ'
രണ്ടു പേരും യാത്ര പറഞ്ഞ് പോയി.
ഏതോ കോളേജിൽ നിന്നും ബീച്ച് കാണാൻ വന്ന കുട്ടികളാണെന്ന് തോന്നുന്നു. കൂട്ടത്തിൽ ചേർന്ന് മുന്നോട്ട് നടന്ന് പോകുമ്പോൾ അവർ ഒന്നു കൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും പിന്നിൽ നിന്നും വിച്ചുവും ഓടിയെത്തി.
"എന്താ പറ്റ്യേ അമ്മേ.."
"ഒന്ന് കാലിടറി, അത്രേള്ളൂ.."
"വയസ്സ് അമ്പതു കഴിഞ്ഞു, ആ വിചാരം അമ്മയ്ക്കില്ല്യ."
വർഷങ്ങളായി എല്ലാ വെള്ളിയാഴ്ച്ചയും വന്നിരിക്കാറുള്ള സ്ഥലമാണ്. ആദ്യമായാണ് കാല് വഴുക്കുന്നത്. വിച്ചു പറഞ്ഞത് ശരിയാണ്, പ്രായമാവാൻ തുടങ്ങിയിരിക്കുന്നു.
മണലിലൂടെ പാറക്കെട്ടുകളിലേക്ക് നടന്നു. ഉയരം കൂടിയ ഒരു പാറയിൽ ഒരു യുവാവും യുവതിയും നിന്ന് പല ഭാവത്തിലും സെൽഫി എടുക്കുന്നുണ്ടായിരുന്നു. അധികം താഴെക്ക് പോയില്ല.
വിച്ചു കൈയ്യിൽ കരുതിയിരുന്ന നോവലും കൊണ്ട് ഒരു പാറയുടെ മുകളിൽ ഇരുന്നു. എന്നെ ഒറ്റയ്ക്ക് ഇങ്ങോട്ട് വിടാനുള്ള ഭയം കാരണം കൂടെ വരുന്നതാണ്. സൂര്യാസ്തമനത്തിന് ഇനിയും കുറേ കഴിയണം.
ഓടി വന്ന് തീരം തൊട്ട്‌ തിരിച്ചു പോകാൻ ധൃതി കൂട്ടുന്ന തിരകളെ കണ്ടപ്പോൾ കൌതുകം തോന്നി. പലപ്പോഴും തോന്നിയിട്ടുണ്ട് ഇവർക്കെന്താണിത്ര ധൃതി.
ഇരുപത്‌ വർഷങ്ങൾക്ക് മുൻപ് സുകുവേട്ടൻ ലീവ് കഴിഞ്ഞ് തിരിച്ചു പോകുന്നതിന് തലേന്ന് ഈ പാറക്കൂട്ടത്തിൽ വന്നിരുന്നപ്പോൾ ഞാൻ ചോദിച്ചിരുന്നു ഇനിയൊരു മടക്കയാത്ര വേണോയെന്ന്. ദൂരെ നിന്നും വരുന്ന ഒരു തിരയെ ചൂണ്ടിക്കാണിച്ച് അന്ന് സുകുവേട്ടൻ പറഞ്ഞു.
"ആ വരുന്ന തിര കണ്ടോ, അതാണ് പ്രവാസി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഭാര്യയേയും മക്കളേയും മാതാപിതാക്കളേയും കൂടപ്പിറപ്പുകളേയും ഒക്കെ കാണാൻ കൊതിച്ച് ഓടി വരുന്ന അവരുടെ സന്തോഷം, ആവേശം എല്ലാം ആ തിരയിൽ കാണാം. അവ ഓടിവന്ന് ഈ തീരത്തെ കെട്ടിപ്പുണരുന്നു പിന്നെ തിരിച്ചു പോകുന്നു. കുറെ വെള്ളം ഈ തീരത്തെ മണലിൽ അലിഞ്ഞു ചേരുന്നു പക്ഷേ ബഹുഭൂരിപക്ഷവും തിരിച്ചു പോകുന്നു. അടുത്ത വരവിനായി വീണ്ടും ഒരുക്കം തുടങ്ങുന്നു."
"ഈ കടലിന്റെ അങ്ങേ കരയിൽ ഗൾഫിലെ ബീച്ചിൽ ഇതുപോലെ വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളിൽ ഞാൻ വന്നിരിക്കും നിന്നോട് മാത്രം പറയാനുള്ള കാര്യങ്ങൾ ഞാൻ തിരകളോട് പറയും. നിനക്കുള്ള കത്തുകൾ അവിടെയിരുന്നാണ് എഴുതാറുള്ളത്. "
അന്ന് മുതൽ എല്ലാ വെള്ളിയാഴ്ച്ചയും ഈ പാറക്കൂട്ടത്തിൽ വന്നിരിക്കും.
ഉയർന്ന് കരയിലേക്ക് വന്ന തിരയോട് ഞാൻ ചോദിച്ചു , സുകുവേട്ടൻ എന്നോട് പറയാൻ എന്തെങ്കിലും നിങ്ങളോട് പറഞ്ഞേൽപ്പിച്ചിട്ടുണ്ടോ ?
എന്നെ തിരിഞ്ഞുനോക്കി ഒന്ന് ചിരിച്ചുകൊണ്ട് ആ തിരകൾ എന്തോ എടുക്കാനെന്നപോലെ കടലിന്റെ ആഴങ്ങള്ക്ക് മുങ്ങാങ്കുഴിയിട്ടു. തിരികെവന്ന് പാറക്കെട്ടുകളിൽ വന്ന് തട്ടി കടൽ തിരകൾ മുഖത്തേക്ക് ഉപ്പുവെള്ളം തെറിപ്പിച്ചു.
സുകുവേട്ടൻ മുഖത്തേക്ക് വെള്ളം കുടയാറുള്ളത് ഓർമ്മ വന്നു. കുളി കഴിഞ്ഞ് വരുമ്പോൾ ഒന്നുകിൽ തല രണ്ടു വശത്തേക്കും ആട്ടി തലമുടിയിലെ വെള്ളം എന്റെ മുഖത്തേക്ക് തെറിപ്പിക്കും, അല്ലെങ്കിൽ തോർത്ത് ശക്തിയോടെ കുടയും. എന്നിട്ട് പുഞ്ചിരിച്ചു കൊണ്ട് പോകും.
വിവാഹം കഴിഞ്ഞ ഉടനെ സുകുവേട്ടന്റെ ഇത്തരം കുസൃതികൾ എന്നെ ചൊടിപ്പിക്കാറുണ്ടായിരുന്നു. പ്രത്യേകിച്ചും സുകുവേട്ടന്റെ അവിവാഹിതരായ സഹോദരിമാർ വീട്ടിൽ ഉള്ളതിനാൽ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ സുകുവേട്ടൻ കുളി കഴിഞ്ഞ് വരുന്നത് കാത്തിരിക്കും, കാരണം ആ കുസൃതികൾ എനിക്കൊരു ഹരമായി മാറിയിരുന്നു.
പളളിക്കമ്മിറ്റി നടത്തിയിരുന്ന കുറിക്കമ്പനിക്ക് വേണ്ടി തവണ പിരിക്കാൻ വന്നപ്പോഴാണ് സുകുവേട്ടനെ ആദ്യമായി കാണുന്നത്.
എപ്പോഴും കുളിർമ്മയേകുന്ന ഒരു പുഞ്ചിരി സുകുവേട്ടന്റെ ചുണ്ടിൽ കാണുമായിരുന്നു. നീണ്ടു മെലിഞ്ഞ ശരീര പ്രക്യതം. മമ്മുട്ടിയുടെ പോലെ മീശ വെച്ച് ഒരു യുവകോമളൻ.
അക്കാലത്ത് ഞങ്ങളുടെ വീട് വെട്ടുകല്ലുകൊണ്ട് ചുമരുകൾ പണിത് ഓലമേഞ്ഞ മേൽക്കൂരയും ഉള്ളതായിരുന്നു. അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു. നെൽക്യഷി തുടങ്ങിയാൽ പാടത്ത് കൂലിപ്പണിക്ക് പോകാറുണ്ട്.
ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് വേനലവധിക്ക് തയ്യൽ പഠിക്കാൻ പോകാറുണ്ടായിരുന്നു.
ഒരു ദിവസം തുന്നൽ പഠിക്കാൻ പോകാൻ ഒരുങ്ങുമ്പോഴാണ് സുകുവേട്ടൻ വന്നത്. നല്ലതുപോലെ ചായ്ച്ചിറക്കിയ മേൽക്കൂരയായതിനാൽ ആരെങ്കിലും മുറ്റത്ത് എത്തിയാൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ. സൈക്കിൾ പുറത്ത് വെച്ച് പടിയുടെ കഴ നീക്കി സുകുവേട്ടൻ അകത്തേക്ക് വന്നു. (ഗേറ്റ് പ്രചാരത്തിൽ ആവുന്നതിനുമുൻപ് പറമ്പിനു ചുറ്റും വേലി കെട്ടി പടിയുടെ സ്ഥാനത്ത് രണ്ട് മുളകൾ വെക്കുകയായിരുന്നു പതിവ്, അത് നീക്കി വെച്ചതായിരുന്നു പറമ്പിലേക്ക് പ്രവേശിക്കുക.)
കാവിലെ താലപ്പൊലിക്ക് പോയപ്പോൾ വാങ്ങിയ കണ്ണാടിയിൽ നോക്കി മുടിയൊതുക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് പിന്നിൽനിന്നും സുകുവേട്ടൻ പറഞ്ഞത്, "താൻ അല്ലെങ്കിൽ തന്നെ ഒരു സുന്ദരിയല്ലേ, ഒരുങ്ങേണ്ട ആവശ്യമില്ല" എന്ന്.
ആ പ്രായത്തിന്റെയാണോ, അതോ ഞാൻ അത് പ്രതീക്ഷിച്ചിരുന്നോ എന്തോ, ആ വാക്കുകൾ ശരീരമാസകലം കുളിരണിയിച്ചു.
പിന്നീടങ്ങോട്ട് എന്റെ മനസ്സിന്റെ GPS ചിപ്പ് സുകുവേട്ടന്റെ ഹ്യദയത്തിൽ ഘടിപ്പിച്ച പോലെ, ഓരോ നിമിഷവും ചിന്തയിൽ സുകുവേട്ടൻ മാത്രമായി.
പക്ഷെ ഒരിക്കൽ പോലും സുകുവേട്ടൻ എന്നോട് തന്റെ ഇഷ്ടം തുറന്നുപറഞ്ഞില്ല. ഒരു ദിവസം സുകുവേട്ടനെ കണ്ടില്ലെങ്കിൽ എന്തോ നഷ്ട്ടപ്പെട്ട പ്രതീതിയായിരുന്നു.
ഞാൻ എന്റെ ഉള്ളിന്റെ ഉള്ളിലെ സുകുവേട്ടനോടുള്ള പ്രണയം പ്രിയകൂട്ടുകാരി ഷീലയോട് പറഞ്ഞു. ഒരു പക്ഷെ സുകുവേട്ടൻ അങ്ങിനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതാവില്ല, എന്ന് ഷീലയും പറഞ്ഞു..
ക്രമേണ സുകുവേട്ടനില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയായി മാറാൻ തുടങ്ങി. .
മനസ്സിൽ അങ്ങിനെ ഒരു സംശയം വെച്ചുകൊണ്ടിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു. അടുത്ത ദിവസം തയ്യൽ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ അമ്പലമുറ്റത്തുനിന്നും പാടത്തേക്കിറങ്ങുമ്പോൾ മുന്നിൽ സുകുവേട്ടൻ. എന്നോട് സ്നേഹം ഉണ്ടോ എന്ന് ചോദിച്ചാൽ അഥവാ അങ്ങിനെയൊന്നും ഇല്ല എന്ന് പറഞ്ഞാലോ എന്ന് ഭയമുണ്ടായിരുന്നു എങ്കിലും ഒരു ധൈര്യം സ്വരൂപിച്ച് പെട്ടെന്ന് പറഞ്ഞു
"സുകുവേട്ട, എനിക്ക് ചേട്ടനെ ഇഷ്ടമാണ്, എന്നെ ഇഷ്ടമല്ലെന്ന് പറയരുത്.."
അപ്പോഴേക്കും പാടം കയറി ആരോ വരുന്നുണ്ടെന്ന് കണ്ടപ്പോൾ ഉത്തരത്തിന് കാത്തുനിൽക്കാതെ ഞാൻ നടന്നു.
അടുത്ത ദിവസം അതേ സ്ഥലത്ത് എന്നെ കാത്ത് സുകുവേട്ടൻ നിൽക്കുന്നുണ്ടായിരുന്നു.
"നീ ഇന്നലെ പറഞ്ഞത് ഗൗരവമായിട്ടുതന്നെ ആയിരുന്നോ ?"
"എന്താ സംശയം, കാര്യായിട്ട് തന്നെ പറഞ്ഞതാ.."
"നിനക്കെന്നെപ്പറ്റി ഒന്നും അറിയില്ല ലീല, എനിക്ക് മൂന്ന് പെങ്ങന്മാരാണ്. ചെറിയ ജോലികൾ ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് മൂത്ത മൂന്ന് പെങ്ങന്മാരും വാതം മൂലം നടക്കാൻ വയ്യാത്ത അമ്മയുമടങ്ങുന്ന കുടുംബവും കഴിയുന്നത്. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും എന്റെ ചുമലിലായി. അവരെയൊക്കെ ഒരു നിലയിൽ വിവാഹം ചെയ്തയക്കണം. എനിക്കിഷ്ടമാണ് നിന്നെ, പക്ഷെ ഈ സ്നേഹത്തിനൊക്കെ അപ്പുറം പച്ചയായ ഒരു ജീവിതമുണ്ട്. പട്ടിണിയും പ്രാരാബ്ധവും ആവുമ്പോൾ പിന്നെ നിനക്ക് ഈ സ്നേഹം എന്ന വികാരം ഇല്ലാതാവും."
"ഞാൻ കാത്തിരിക്കാൻ തയ്യാറാണ്. പക്ഷെ സുകുവേട്ടൻ ഇല്ലാത്ത ഒരു ജീവിതം എനിക്ക്‌ ചിന്തിക്കാൻ കൂടി വയ്യ"
പിന്നീട് രണ്ടുവർഷം പ്രണയത്തെ ഹ്യദയത്തിൽ കൊണ്ടുനടന്നു. സ്വപ്നങ്ങളും മോഹങ്ങളും വളമായിട്ട് ആ പ്രണയം ശരീരം മുഴുവൻ പടർന്നു. ഡിഗ്രി പരീക്ഷ കഴിഞ്ഞ സമയത്താണ് ഞാനുമായി സുകുവേട്ടന്റെ സ്നേഹം സുകുവേട്ടന്റെ ചേച്ചിമാർ അറിഞ്ഞത്. മൂത്ത ചേച്ചി ഒരു ദിവസം വഴിയിൽ വെച്ച് എനിക്ക് സുകുവേട്ടനോട് സ്നേഹമാണോ എന്ന് ചോദിച്ചു. എനിക്ക് സ്നേഹമാണെന്നും സുകുവേട്ടൻ ചില വ്യവസ്ഥകൾ വെച്ചിട്ടുണ്ട് അതിനാൽ കാത്തിരിക്കാൻ ഞാൻ തയ്യാറാണെന്നും ചേച്ചിയോട് പറഞ്ഞു.
"ഞങ്ങൾ മൂന്നുപേരും വിവാഹപ്രായം കഴിഞ്ഞു നിൽക്കുകയാണ്. ഇനി ഒരു വിവാഹം നടക്കുമോ എന്നും അറിയില്ല, ഞങ്ങളുടെ ജീവിതമോ പോയി, നിന്റെ ജീവിതം നശിപ്പിക്കണ്ട മോളെ." ചേച്ചി പറഞ്ഞ വാക്കുകൾ ഇന്നും കാതിലുണ്ട്.
അവർ വന്ന് വീട്ടിൽ സംസാരിച്ചു, വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ അമ്പലത്തിൽ വെച്ച് താലികെട്ടി. അങ്ങിനെ ഇരുപത്തി നാലാം വയസിൽ സുമംഗലിയായി.
വിവാഹം കഴിയാതെ നിരാശയോടെ ജീവിക്കുന്ന മൂന്ന് നാത്തൂന്മാർ ഉള്ള വീട്ടിലേക്ക് വളരെ ഭയന്നാണ് കയറിച്ചെന്നത്. പക്ഷെ കരുതിയതിലും ഒക്കെ വിപരീതമായി സ്നേഹം കൊണ്ട് അവർ വീർപ്പുമുട്ടിക്കുകയായിരുന്നു. അവർക്ക് സ്വന്തം സഹോദരിയാവുകയായിരുന്നു.
സുകുവേട്ടന്റേത് രണ്ടുമുറികൾ മാത്രമുള്ള ഒരു ചെറിയ വീടായിരുന്നു. ഒരു ബെഡ് റൂം, അതിലായിരുന്നു അമ്മ കിടന്നിരുന്നത്. അമ്മയ്ക്ക് വാതത്തിന്റെ അസുഖം ഉള്ളതിനാൽ നിലത്ത് കിടക്കാൻ പറ്റില്ലായിരുന്നു. പിന്നെ ഉള്ളത് വലിയ ഒരു തളമാണ്, അതിൽ തന്നെയാണ് എല്ലാവരുടെയും ഊണും ഉറക്കവും. വിവാഹത്തിന് മുൻപ് സുകുവേട്ടൻ പുറത്ത് ഇറയത്ത് ഒരു പായിട്ട് കിടക്കുകയാണ് പതിവ്.
ആദ്യരാത്രി കിടക്കാൻ നേരത്ത് പെങ്ങന്മാർ അമ്മയുടെ കിടപ്പ് തളത്തിലേക്ക് മാറ്റി, ആ മുറി ഞങ്ങളുടെ ആദ്യരാത്രിക്ക് വേണ്ടി മാറ്റിവെച്ചു. അമ്മയ്ക്ക് കിടക്കാൻ കിടക്ക നിലത്തുവിരിച്ചു.
അത്തരം ഒരു സൗകര്യം ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. സുകുവേട്ടനോട് പറഞ്ഞ് അമ്മയെ വീണ്ടും ആ മുറിയിലെ കട്ടിലിലേക്ക് തന്നെ മാറ്റിക്കിടത്തി. തന്നേക്കാൾ പ്രായം കൂടിയ മൂന്ന് പെങ്ങന്മാർ നിൽക്കുമ്പോൾ, മറ്റൊന്നും ചിന്തിക്കാൻ തോന്നിയില്ല, അവരുടെ വിവാഹം കഴിഞ്ഞിട്ട് മാത്രമേ ഒരു ദാമ്പത്യജീവിതം തുടങ്ങൂ എന്ന ഒരു ഉറച്ച തീരുമാനം ഞങ്ങളുടെ ഇടയിൽ രൂപം കൊള്ളുകയായിരുന്നു.
ചേച്ചിമാരും അവർക്കാവും വിധം വീടിന് വേണ്ടി അവർക്കാവുംവിധം ചെയ്യാറുണ്ട്. വീട്ടിൽ ഇരുന്ന് ടൗണിൽ ഉള്ള ഒരു ഫേബ്രിക്സ് സ്റ്റോറിന് വേണ്ടി ഡ്രെസ്സുകൾ തുന്നിക്കൊടുക്കുന്നുണ്ടായിരുന്നു. ഞാൻ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങി. ഇലക്ട്രിക്കൽ വർക്കുകളും ഓട്ടോ മെക്കാനിക്ക് ജോലികളും ഒക്കെ ചെയ്ത് അത്യാവശ്യം നല്ല വരുമാനം വീട്ടിലേക്ക് കൊണ്ടുവരാൻ സുകുവേട്ടനും ശ്രമിച്ചു.
ആ സമയത്താണ് സുകുവേട്ടന് ഗൾഫിൽ ഒരു ജോലിക്ക് അവസരം വരുന്നത്. പെങ്ങന്മാരുടെ വിവാഹവും, വീട് പുതുക്കിപ്പണിയാനും മറ്റും ഗൾഫിലെ ജോലി എന്തുകൊണ്ടും അത്യാവശ്യമായിരുന്നു.
കുറച്ചുകാലമായി ക്യഷി മുടങ്ങിക്കിടന്നിരുന്ന അൻപതു പറയ്ക്കുള്ള പാടം വിറ്റ് വിസയ്ക്കും ടിക്കറ്റിനും മറ്റും പൈസയുണ്ടാക്കി. വിവാഹം കഴിഞ്ഞിട്ടും ഒരു ദിവസം പോലും ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിക്കാതെ ഞങ്ങൾ പിരിഞ്ഞു.
ഗൾഫിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചകൾക്കെല്ലാം വിപരീതമായിരുന്നു സുകുവേട്ടന് കിട്ടിയ ജോലി. പോയത് ഇലെക്ട്രിഷ്യൻ വിസയിൽ ആയിരുന്നുവെങ്കിലും അവിടെയെത്തിയപ്പോൾ ആടിനെ മേയ്ക്കൽ ആയിരുന്നു ജോലി. ചെന്ന ഉടനെ അവർ സുകുവേട്ടന്റെ പാസ്പോർട്ട് വാങ്ങിവെച്ചു. .
ആദ്യത്തെ രണ്ടുവർഷം ശരിക്കും കഷ്ടപ്പാടായിരുന്നു. പിന്നീട് ഡ്രൈവിങ്ങ് ലൈസൻസ് എടുത്ത് അറബിയുടെ മകന്റെ കൂടെ ഡ്രൈവർ ആയി. അയാൾ അമേരിക്കയിൽ ഉപരിപഠനം കഴിഞ്ഞ് വന്നതായിരുന്നു. ഒരു പുതിയ കമ്പനിക്ക് രൂപം കൊടുത്തപ്പോൾ അയാൾ സുകുവേട്ടനെ ആ കമ്പനിയിൽ ഡ്രൈവർ ആക്കി. അതോടെ ശമ്പളം കൂടി. സുകുവേട്ടൻ കുറെ പൈസയുണ്ടാക്കി. വീട് പുതുക്കിപ്പണിതു, ഈ സമയത്തിനുള്ളിൽ മൂന്ന് പെങ്ങന്മാരേയും വിവാഹം കഴിച്ചയച്ചു.
ആറ് വർഷങ്ങൾക്ക് ശേഷമാണ് സുകുവേട്ടൻ ആദ്യമായി ലീവിൽ വന്നത്. ശരിയായ ദാമ്പത്യജീവിതത്തിന്റെ സുഖം അനുഭവിക്കാൻ തുടങ്ങുന്നത് അപ്പോഴാണ്. സുകുവേട്ടൻ കുറച്ച് പൈസ സംഭാവനയായി കൊടുത്ത് എനിക്ക് നാട്ടിൽ പുതിയതായി ആരംഭിച്ച മാനേജ്മെന്റ് സ്കൂളിൽ ടീച്ചറായി ജോലി വാങ്ങിത്തന്നു. ഇനിയൊരു തിരിച്ചുപോക്ക് വേണ്ട എന്നായിരുന്നു വിചാരിച്ചത് എങ്കിലും തുടങ്ങിയ ബിസിനസ് നഷ്ടത്തിലായി കുറച്ച് കടബാദ്ധ്യതകൾ വന്നപ്പോൾ ഒരു വർഷത്തിന് ശേഷം വീണ്ടും കുറച്ചു കാലം കൂടി ഗൾഫിൽ തുടരാം എന്ന് തീരുമാനിച്ചു തിരിച്ചുപോയി.
സുകുവേട്ടൻ തിരിച്ചുപോയതിന് ശേഷമാണ് എന്റെ വയറ്റിൽ ഒരു ജീവൻ തുടിക്കുന്ന വിവരം ഞങ്ങൾ അറിഞ്ഞത്. വിച്ചു ജനിച്ചപ്പോൾ സുകുവേട്ടൻ വരാൻ ശ്രമിച്ചിരുന്നതാണ് പക്ഷെ വിസയിൽ ഉണ്ടായിരുന്ന ചില പ്രശ്നങ്ങൾ കാരണം വരാൻ സാധിച്ചില്ല.
നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരിക്കൽ കൂടി എല്ലാം അവസാനിപ്പിച്ച് പോരാൻ തീരുമാനിച്ച് കാത്തിരിക്കുകയായിരുന്നു. തുലാവർഷം കൊടുമ്പിരികൊണ്ടിരുന്ന ഒരു വെള്ളിയാഴ്ചയായിരുന്നു, ഗൾഫിൽ സുകുവേട്ടന്റെ കൂടെ ജോലി ചെയ്തിരുന്ന തോമസിന്റെ ഫോൺ വന്നത്.
ഏകമകന്റെ മരണം താങ്ങാവുന്നതിലേറെ ആയിരുന്നു ആ അമ്മയ്ക്ക്. സുകുവേട്ടൻ മരിച്ച് മൂന്ന് മാസം തികയും മുൻപ് അമ്മയും പോയി.
സുകുവേട്ടൻ പോയിട്ടിപ്പോൾ പതിനാറ് വർഷങ്ങൾ കഴിഞ്ഞു. ഇന്ന് ഞാൻ ജീവിക്കുന്നത് വിച്ചുവിന് വേണ്ടിയാണ്
സുകുവേട്ടൻ മരിച്ചുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എല്ലാ വെള്ളിയാഴ്ച്ചകളിലും മുടക്കം കൂടാതെ ഈ പാറക്കൂട്ടത്തിൽ വന്നിരിക്കും. ഈ കടലും കടന്ന് മറുതീരത്ത് ഇരുന്ന് സുകുവേട്ടൻ എന്നോട് പറയാൻ ഈ കടലിനോട് വിശേഷങ്ങൾ പറയുന്നുണ്ടാവും, ഞാൻ ഈ കടലിനോടു പറഞ്ഞ വിശേഷങ്ങൾ കേൾക്കാൻ സുകുവേട്ടൻ കാതോർത്തിരിക്കുന്നുണ്ടാവും
"അമ്മേ, പോകാം ഇരുട്ടായിത്തുടങ്ങി "
പിറകിൽ നിന്നും വിച്ചു വിളിച്ചപ്പോൾ ഓർമ്മകളിൽ നിന്നും തിരിച്ചു വന്നു.
ചുവപ്പ് ചായം പൂശിയ ആകാശത്തിനെ സാക്ഷ്യം നിർത്തി സൂര്യൻ ചക്രവാളത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയിരിക്കുന്നു . കടലമ്മയുടെ കനിവിനായി പ്രാർത്ഥിക്കുന്ന കുടുംബങ്ങളെ തീരത്തിലുപേക്ഷിച്ച് മുക്കുവരുടെ വഞ്ചികൾ ദൂരക്കടലിലേക്ക് ഭാഗ്യം തേടി യാത്ര തുടങ്ങിയിരിക്കുന്നു. കടൽ കാണാൻ വന്ന കുട്ടികൾ തിരിച്ചുപോയിരിക്കുന്നു.
തിരിച്ച് പാറക്കെട്ടുകൾ കയറുമ്പോൾ വിച്ചുവിന്റെ കൈകൾ എന്നെ മുറുകേ പിടിച്ചിട്ടുണ്ടായിരുന്നു,
(ശുഭം )
ഗിരി ബി. വാരിയർ
08 ജൂൺ 2019
© copyright protected

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot