നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ നെല്ലിമരച്ചോട്ടിൽ.

.Image may contain: 1 person, smiling
•••••••••••••••••••••••••••••••••••
പതിനൊന്നരയുടെ ഇന്റർബെല്ലടിച്ച്‌ നിമിഷനേരങ്ങൾ കൊണ്ട്‌ തന്നെ ശാരദടീച്ചർ സ്റ്റാഫ്‌ റൂമിലെത്തി.
എത്തിയ പാടെ "ഇനി ആ 'ഏഴ്‌ എ' യിൽ സയൻസ്‌ പഠിപ്പിക്കാൻ എന്നെക്കൊണ്ടാകൂല"
എന്നും പറഞ്ഞ് കൈയ്യിലെ ഡെസ്റ്റർ വലിച്ചൊരേറു മുന്നിലെ ഡസ്ക്കിലെക്ക്‌.
ഡസ്കിൽ വീണു ഒരു ബോംബ്‌ പൊട്ടിയ മാതിരി വെളുത്ത ചോക്ക്‌ പൊടിയൊന്നാകെ ആകെ 'ക്ഷീണിത പോരാത്തതിനു ഗർഭിണി'യുമായിരിക്കുന്ന കനകലത ടീച്ചറുടെ, ശബ്ദം കേട്ട്‌ ഡസ്കിൽ ചായ്ച്ച്‌ വച്ച തലയുയർത്തിയ മൂക്കിലേക്ക്‌.
പരവശപ്പെട്ട്‌ കനകലത ടീച്ചർ തുമ്മാൻ മൂന്നാലു വട്ടം മൂക്ക്‌ വിടർത്തി തലയടക്കം മുകളിലേക്ക്‌ പലവട്ടംഉയർത്തിയിട്ടും ‌ പരാജയപ്പെട്ട്,‌ ഉന്തിയ വയറിൽ കൂച്ചൽ വരാതിരിക്കാൻ കൈയമർത്തിപ്പിടിച്ച്‌ ശാരദടീച്ചറെ നോക്കവെ പാവം വെള്ളത്തിൽ വീണ പൂച്ചയെ പോലെ ഡസ്റ്റർ എറിയാൻ തോന്നിയ ആ നശിച്ച നിമിഷത്തെയും ശപിച്ച്‌ കൊണ്ട്‌ കനകലതടീച്ചറുടെ പിന്നിൽ പരുങ്ങി നിന്നു പാവം.
അപ്പോളാണു മൂത്രമൊഴിക്കാനെന്ന വ്യാജേന സ്റ്റാഫിന്റെ ബാത്ത്റൂമിൽ കയറി സിസർ വലിച്ചതിന്റെ മണവുമായി രാഘവൻ മാഷ്‌ ആ മുറിയിലെത്തിയത്‌‌.
രണ്ട്‌ പേരുടെയും മുഖത്തെ പന്തികേട്‌ കണ്ട്‌ എന്താണെന്ന് ചോദിച്ച രാഘവൻ മാഷോട്‌ ശാരദ ടീച്ചർ പരാതി പറഞ്ഞ്‌ തുടങ്ങവെ 'ഏഴ്‌ എ' എന്ന് കേട്ടതും "ചായയെത്തിയില്ലേ" എന്ന ചോദ്യം കൊണ്ട്‌ മാഷ്‌ ടീച്ചറുടെ വായ അടപ്പിച്ചു.
'അങ്ങനെ വിട്ടാൽ പറ്റൂലാലൊ'എന്ന ഭാവത്തിൽ ഹവായ്‌ ചെരുപ്പിന്റെ പൊട്ടിയ വള്ളിയും ശരിയാക്കി, തോളിൽ ഇറുക്കിപ്പിടിച്ച പുസ്തകവുമായി വരുന്ന മുകുന്ദൻ മാഷോടായി പരാതി.
പരാതി മുഴുമിക്കുമ്പോളേക്കും സ്റ്റാഫ്‌ റൂം നിറഞ്ഞു.
ടീച്ചർ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
"ഏഴ്‌ എ യിൽ ഇനി സയൻസ്‌ ക്ലാസ്സെടുക്കാൻ ഞാൻ പോകില്ല",ഒന്നുകിൽ ആ കുരുത്തംകെട്ട കൂട്ട്കെട്ടിന്റെ നേതാവിനെ സ്കൂളീന്ന് പുറത്താക്കണം. അല്ലെങ്കിൽ വേറെ ആരെങ്കിലും ക്ലാസ്സെടുക്കണം".
പറയുമ്പോളും ദയനീയമായൊരു നോട്ടം കനകലത ടീച്ചറുടെ മുഖത്തേക്ക്‌ പാറിയിരുന്നു. "സാരമില്ല ഞാൻ ഓക്കെ ആണെന്ന്" കനകലതടീച്ചർ കണ്ണു കൊണ്ട്‌ ആംഗ്യം കാണിക്കുന്നത്‌ കണ്ട്‌ സന്തോഷിച്ച ശാരദടീച്ചറുടെ സന്തോഷത്തിനു വലിയ ആയുസ്സില്ലാതെ കനകലത ടീച്ചർ വീണ്ടും തുമ്മാനൊരുങ്ങുകയും പരാജയപ്പെട്ട്‌ വയർ പിടിക്കുകയും ചെയ്തു.
അപ്പൊഴേക്കും വാസുവാട്ടന്റെ പീടികയിലെ ചായയുമായി വിനോദൻ സ്റ്റാഫ്‌ റൂമിലേക്കെത്തി.
"ഒരു നരന്ത്‌ പോലത്തെ ചെക്കനെ പേടിച്ച്‌ ടീച്ചർ ക്ലാസ്സെടുക്കാൻ പറ്റില്ലാന്ന് പറഞ്ഞാൽ എന്തൊരു നാണക്കേടാ ടീച്ചറേ, നല്ല പേരവടി ഒന്ന് ചെത്തിക്കൊണ്ടു വന്നാൽ അടങ്ങാത്ത പിള്ളേരുണ്ടൊ?, ആ അടിയിൽ പറക്കാത്ത അന്തകനുണ്ടൊ? ഇല്ലേടാ വിനോദാ?"
എല്ലാവർക്കും ചായയും ചൂട്‌ പഴംപൊരിയും വിതരണം ചെയ്യുകയായിരുന്ന വിനോദന്റെ വലത്തെ കൈ അറിയാതെ ട്രൗസറിന്റെ പിന്നിലേക്ക്‌ പോയി. ചായയും കൊടുത്ത്‌ ഓടുന്നതിനിടയിൽ അവൻ പിറുപിറുക്കുന്നുണ്ടായിരുന്നു,
"കാലൻ മാഷെന്ന്".
"ടീച്ചറെ ഇതിനൊക്കെ ഒരു തഞ്ചമുണ്ട്‌,ക്ലാസ്സ്‌ ടീച്ചറായിട്ട്‌ പോലും എനിക്ക്‌ വലിയ പ്രശ്നമില്ലാത്തത്‌ അതാണു".
പ്രേമലത ടീച്ചർ മുഴുമിക്കും മുന്നെ ശാരദടീച്ചർ ഇടപെട്ടു. "ആ പഠിക്കാൻ വരുന്ന പിള്ളേരെ കഞ്ഞി വെക്കാൻ വിറക്‌ കൊണ്ടുവരാൻ പറഞ്ഞയക്കലല്ലേ തഞ്ചം"
അത്‌ പ്രേമലത ടീച്ചറെ ഇത്തിരി ചൊടിപ്പിച്ചു.
"ഞാൻ വിറകിനു പറഞ്ഞയക്കുന്നതേ എന്റെ വീട്ടിലേക്കല്ല, ഇവിടെ സ്കൂളിലേക്കാണു. ആ പിള്ളേർ ഉള്ളത്‌ കൊണ്ടാണു കോരിപ്പെയ്യുന്ന മഴക്കും നല്ല ഉണങ്ങിയ ചെരട്ടയും മടലും വെച്ച്‌ കൃത്യസമയത്ത്‌ എല്ലാരും ഉത്സാഹിച്ച്‌ കഞ്ഞി വിളമ്പുന്നത്‌. അത്‌ എല്ലാ ദിവസമൊന്നുമില്ലല്ലൊ ആഴ്ചയിൽ രണ്ട്‌ ദിവസല്ലേ പറഞ്ഞയക്കുന്നത്‌, അത്‌ ഞാനങ്ങ്‌ സഹിച്ചോളാം".
ശാരദടീച്ചറോടുള്ള ദേഷ്യം മുന്നിൽ പെട്ട പഴംപൊരിയോട്‌ കാണിച്ച്‌ പഴംപൊരിയെ ഞെരിച്ചുടച്ചു പ്രേമലത ടീച്ചർ.
ഈ വാഗ്വാദത്തിനിടയിലാണു മുകുന്ദൻ മാഷ്‌ ഇടപെട്ടത്‌.
"നോക്കൂ.. കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എന്നെ കണ്ട്‌ പഠിക്കരുതൊ?,ഞാൻ ആ കുരുത്തക്കേടിനെ വിളിച്ച്‌ സ്കൂൾസ്റ്റോറിൽ നിർത്തും, എന്നിട്ട്‌ ഞാൻ പോയി അവന്റെ ക്ലാസ്സെടുക്കും. തിരിച്ച്‌ വരുമ്പോഴേക്കും പുസ്തകങ്ങളും അലമാരയും എന്ന് വേണ്ട മുറി വരെ അവൻ വൃത്തിയാക്കിയിട്ടുണ്ടാകും.
ചില ദിവസങ്ങളിൽ അവനെ കൊണ്ട്‌ മലയാളം പാഠത്തിലെ ഏതെങ്കിലും ഭാഗം വിശദീകരിച്ച്‌ എഴുതാൻ പറയും. മലയാളം ഇഷ്ടമുള്ള അവൻ അത്‌ എഴുതി വരും,എന്തേലും തെറ്റുണ്ടെങ്കിൽ തിരുത്തിക്കൊടുത്ത്‌ അവനെ കൊണ്ട്‌ തന്നെ മറ്റുള്ളവർക്ക്‌ വായിച്ച്‌ കൊടുത്ത്‌ എഴുതിപ്പിക്കും, ആഴ്ചയിലെ അഞ്ച്‌ ക്ലാസ്സുകൾ അങ്ങനെ തീർന്നാ"
മുകുന്ദൻ മാഷ്‌ വിജയിയേപ്പോലെ എല്ലാരെയും നോക്കി ചായയിലേക്ക്‌ ശ്രദ്ധ തിരിക്കവെ,
"ഈ മനുഷ്യന്റെ വലിയ വർത്തമാനം കേട്ടിട്ടാണൊ ടീച്ചറെ.."
"ദേ പ്രേമേ മനുഷ്യനൊക്കെ വീട്ടിൽ,ഇവിടെ മാഷേന്ന് വിളിക്കണമെന്ന് പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്‌ കേട്ടല്ലോ"
മുകുന്ദൻ മാഷ്‌ ചായയേക്കാൾ ‌ ചൂടായീന്നറിഞ്ഞ പ്രേമലത ടീച്ചർ ഒന്നൊതുങ്ങി.
"മാഷെങ്കിൽ മാഷ്,‌ കണ്ട എട്ടും പൊട്ടും തിരിയാത്ത പിള്ളേരെ ഒക്കെ കേറ്റീട്ടാണു സ്റ്റോറിൽ എന്നും നഷ്ടാണെന്ന് പറയുന്നത്‌". ടീച്ചർ ഇത്തിരി തണുപ്പിച്ചു.
"അത്‌ പിന്നെ വീട്ടിലേക്ക്‌ വരുമ്പൊ അരിയും മീനും വാങ്ങുന്നത്‌ നിന്റെ... ആ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട വെറുതെ.."
മുകുന്ദൻ മാഷ്‌ ചൂടുള്ള ചായ ഒറ്റവലിക്ക്‌ കുടിച്ച്‌ ഗ്ലാസ്സ്‌ ഡസ്കിൽ ആഞ്ഞ്‌ കുത്തി രാഘവൻ മാഷെ മുഖത്തേക്ക്‌ നോക്കി.
നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ രാഘവൻ മാഷ്‌ സിസറിന്റെയും തീപ്പെട്ടിയുടെയും കൂട്‌ മുകുന്ദൻ മാഷക്ക്‌ കൊടുത്ത്‌ കണ്ണുകൾ കൊണ്ട്‌ "പോട്ടെ മാഷേ"എന്ന് ആശ്വസിപ്പിച്ചു.
ഓഫീസ്‌ മുറിയിൽ വന്ന ഏതോ 'ലാത്തിയടി'ക്കാരനെ ഒരു വിധത്തിൽ പറഞ്ഞയച്ച്‌ ആറിത്തണുത്ത ചായ ഒരിറക്ക്‌ ഇറക്കി പഴംപൊരിയിൽ കൈവച്ച ഹെഡ്മാഷ്‌ കുമാരൻ മാഷോടും ടീച്ചർ ആവലാതി ബോധിപ്പിച്ചു.
"എന്ത്‌ ചെയ്യാനാ ടീച്ചറേ ഇനി ഏറി വന്നാൽ ആറു മാസം കൂടി സഹിച്ചാൽ മതിയല്ലൊ ഇതിനെയൊക്കെ. സത്യത്തിൽ എന്നെ കുറ്റം പറഞ്ഞാൽ മതി, 'ആറു സി'യിലെ കുരുത്തക്കേട്‌ കണ്ട്‌ പൊറുതി മുട്ടി ആണു ഓഫീസ്‌മുറിയുടെ തൊട്ടടുത്തുള്ള ഈ 'ഏഴ്‌ എ'യിലേക്ക്‌ ഇവറ്റകളെ ഞാൻ മാറ്റിയത്‌. അതിൽ തന്നെ നരന്ത്‌ പോലുള്ളതിനെ ഓഫീസ്‌ വാതിൽ തുറന്നാൽ ആദ്യം കാണുന്ന രീതിയിൽ ബെഞ്ച്‌ ഇടീച്ച്‌ അവിടെ കൊണ്ടിരുത്തി, ബഹളവും കുരുത്തക്കേടും കുറയുമെന്ന് കരുതീട്ട്‌. ഫലത്തിലെന്തായി ഓഫീസിൽ ആരെങ്കിലും വന്നാൽ ആ വാതിൽ ഇപ്പോൾ തുറക്കാൻ പറ്റില്ല എന്നായിട്ടുണ്ട്‌. ബഹളം കൊണ്ട്‌ ചിലപ്പൊ വരുന്നവരുടെ മുന്നിൽ തൊലി ഉരിയുകയാണു.
പിന്നെന്നാ ടീച്ചറെ ഏറെ ഗുണങ്ങളും ഉണ്ടല്ലൊ ആ കുട്ടികളെ കൊണ്ട്‌. ഇത്രയും ഉയരത്തിൽ കയറി വാട്ടർ ടാങ്കൊക്കെ വൃത്തിയാക്കാൻ നമ്മൾ വിചാരിച്ചാലൊക്കെ നടക്കുന്നതാണൊ? അവന്മാർ അതിന്റെ മേലെ കേറി വൃത്തിയാക്കാൻ തുടങ്ങിയേ പിന്നെയല്ലേ പെൺകുട്ടികളുടെ ബാത്ത്‌റൂമിനു ആസ്പറ്റോസ്‌ പാകിച്ചതുമൊക്കെ. ചില കുരുത്തക്കേടുകൾക്കിടയിൽ ഇങ്ങനെ ചില നന്മകളും നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്‌ ടീച്ചറെ".
വാക്കുകളാൽ ആർദ്രമായ തൊണ്ടയെ മാഷ്‌ പഴംപൊരി നൽകി ആശ്വസിപ്പിച്ചു.
"ആ പുണ്യവാളനാണൊ മാഷേ കഴിഞ്ഞ ദിവസം ആ ക്ലാസ്സ്‌ ലീഡറുടെ ബ്ലൗസ്‌ പിടിച്ച്‌ പറിച്ചെ?"
'ആറു സി' യിൽ ഇവന്മാരെക്കൊണ്ട്‌ പൊറുതി മുട്ടി ഒടുവിൽ ഏഴിലേക്ക്‌ ജയിപ്പിച്ച രമടീച്ചർക്ക്‌ അരിശം ഇനിയും കുറഞ്ഞിട്ടില്ല.
"മെല്ലെ പറയ്‌ ടീച്ചറേ" ആദ്യം ഞാനും അങ്ങനാ കരുതിയെ ഒരു ചൂരൽ പൊട്ടിച്ചിതറും വരെ ഞാൻ അടിക്കുകയും ചെയ്തു ആ ചെക്കനെ. പിന്നെയാ സത്യം അറിയുന്നെ".
"എന്ത്‌ സത്യം"
ചുറ്റുമുള്ളവരുടെ മുഖത്ത്‌ ആശ്ചര്യം.
"ആ ദിവ്യയെ ക്ലാസ്സ്‌ ലീഡറാക്കിയത്‌ മുതൽ തുടങ്ങിയതാ ചെക്കനു ഇളക്കം. ക്ലാസ്സിൽ ഒച്ച വെക്കുന്നവരുടെ പേരെഴുതുന്നതിൽ ‌ പോലും ആദ്യം ഇവന്റെ എഴുതിയില്ലെങ്കിൽ പിന്നെ ക്ലാസ്സിൽ ബഹളവും അടിപിടിയുമാണു.
പെൺപിള്ളേരും അത്രക്ക്‌ നല്ല കൂട്ടങ്ങളൊന്നുമല്ല ടീച്ചറെ, അന്നത്തെ ദിവസം ഈ വിദ്വാൻ മൂത്രമൊഴിച്ച്‌ വരുന്ന വഴി ക്ലാസ്സിന്റെ വാതിൽ പടിയിൽ ഇവളും ഇവളുടെ ഒരു കൂട്ടുകാരിയും കൂടി നിന്നിട്ട്‌ ഇവനോട്‌ പറഞ്ഞു പോലും 'നടുവിലൂടെ പോയ്ക്കോളാൻ'.
"ഒരാൾക്ക്‌ തന്നെ മര്യാദക്ക്‌ പോകാൻ പറ്റാത്ത വാതിലിലൂടെയോ" മൂക്കത്ത്‌ വിരൽ വച്ച്‌ ആശ്ചര്യത്തോടെ രമടീച്ചർ നെടുവീർപ്പിട്ടു.
"അതേന്ന്,ദേഷ്യം വന്ന അവൻ അവളെ പിടിച്ച്‌ തള്ളി. തള്ളലിൽ വീഴാൻ പോയ അവളെ പിടിക്കാനോങ്ങിയപ്പോൾ കൈയ്യിൽ കിട്ടിയത്‌ അവളുടെ പിന്നിൽ ബ്ലൗസാണു. അതും അടിയിലെ പെറ്റിക്കോട്ടും കൂടി കുറച്ച്‌ ഭാഗം കീറിപോയി.
കൈയ്യിൽ കിട്ടിയ ചൂരൽ കൊണ്ട്‌ അവന്റെ തൊലി പൊളിച്ചു. അടി കിട്ടുമ്പൊളെങ്കിലും സത്യം പറയണ്ടെ ആരേലും. ഞാൻ ഈ പാപമൊക്കെ എവിടെ തീർക്കുമോ എന്തോ"?
മാഷ്‌ നെടുവീർപ്പിട്ടു.
"അല്ല മാഷേ എന്നിട്ട്‌ മിനിഞ്ഞാന്ന് വേറെയും എന്തോ ഗുലുമാലൊപ്പിച്ചല്ലൊ അവൻ".
ദുരാർത്ഥചിരിയോടെയുള്ള രാഘവൻ മാഷുടെ ചോദ്യത്തിൽ തന്നെ കുമാരൻ മാഷക്ക്‌ കാര്യമേതാണെന്ന് മനസ്സിലായി.
"അതും ഏകദേശം ഇത്‌ പോലെ തന്നെ ആയിരുന്നു. എന്റെ പന്ത്രണ്ട്‌ രൂപയുടെ ചൂരൽ ഒന്ന് കൂടി പോകുമായിരുന്നു.
ക്ലാസ്സിൽ ടീച്ചറില്ലാത്തത്‌ കൊണ്ട്‌ ഞാൻ തന്നെയാണു ക്ലാസ്സ്‌ ടീച്ചറോട്‌ ഒച്ച വെക്കുന്നവരുടെ പേരെഴുതാൻ പറഞ്ഞത്‌.
ബോർഡിൽ ഇവന്റെ പേരെഴുതാൻ പോയ അവളെ ഇവൻ ഡസ്റ്റർ കൊണ്ടെറിഞ്ഞു. എഴുതാൻ എടുത്ത ചോക്ക്‌ താഴെപോയത്‌ എടുക്കാൻ ഇവൾ കുനിഞ്ഞതും ഏറു കൊണ്ടതും ഒന്നിച്ച്‌.
ഡസ്റ്ററിലെ ചോക്കുപൊടി മുഴുവൻ പെണ്ണിന്റെ 'ചന്തിക്കൊരു ചന്ദ്രനെ പോൽ വിളങ്ങി നിന്നു"....
"മാഷേ സാഹിത്യം കൂട്ടാതെ കാര്യം പറയ്‌"
പ്രേമലതടീച്ചർ ഇത്തിരി ചൂടായി.
"എന്നിട്ട്‌ എന്താ ടീച്ചറേ കരഞ്ഞ്‌ കൊണ്ട്‌ ഓഫീസ്‌ മുറിയിൽ വന്ന അവളോട്‌ 'നാളെ വരുമ്പോൾ നല്ലൊരു വടി ചെത്തിക്കൊണ്ടു വരാനും അത്‌ വച്ച്‌ ഇവന്റെ എറിഞ്ഞ കൈ ശരിയാക്കാം'എന്നും പറഞ്ഞു. അല്ലതെ ഈ കിട്ടുന്ന ചമ്പളത്തീന്ന് പന്ത്രണ്ട്‌, പന്ത്രണ്ട്‌ വച്ച്‌ ചൂരലു വാങ്ങിച്ച്‌ കുട്ടികളെ നന്നാക്കാൻ എനിക്ക്‌ നേർച്ചയൊന്നുമില്ലല്ലൊ? തല്ലാനൊരു വടി പോലും നിങ്ങളാരും പൈസ മുടക്കി വാങ്ങുകേം ഇല്ലാലൊ"?
"എന്നിട്ടൊ നിങ്ങൾ കാര്യം പറ മാഷേ"
രമടീച്ചർക്കും ജിജ്ജാസ ഏറി.
"എന്നിട്ടെന്താ പിറ്റേന്ന് പെണ്ണിനെ വിളിപ്പിച്ച്‌ ചോദിച്ചപ്പൊ പെണ്ണു പറയാ 'അത്‌ ഞങ്ങൾ കോംപ്രമൈസാക്കി' എന്ന്.
"എങ്ങനേന്ന് ചോദിച്ചപ്പോ അവനൊരു ജോകര" വാങ്ങിക്കൊടുത്തു പോലും അവൾക്ക്‌"
ഇന്റർബെല്ല് കഴിഞ്ഞ്‌ ക്ലാസിലേക്ക്‌ എല്ലാരും മടങ്ങി.
ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിച്ച്‌ കുട്ടികളുടെ കഞ്ഞി വിതരണവും കഴിഞ്ഞ്‌ എല്ലാരും എത്തിയെങ്കിലും കുമാരൻമാഷെ കാണാത്തതിനാൽ ആരും സ്വന്തം ചോറ്റുപാത്രം തുറന്നില്ല. ശാരദടീച്ചറും പ്രേമലതടീച്ചറും നിർബന്ധിച്ച്‌ കനകലതടീച്ചറെ കഴിപ്പിക്കാൻ ശ്രമിച്ച്‌ കൊണ്ടിരിക്കെ ഓടിക്കിതച്ച്‌ കുമാരൻ മാഷെത്തി.
"നിങ്ങൾ കഴിച്ചോളൂ ഞാൻ പിന്നെ കഴിച്ചോളാം"
എന്നും പറഞ്ഞ്‌ തിരിഞ്ഞ്‌ നടക്കാൻ നോക്കിയ കുമാരൻ മാഷെ രാഘവൻ മാഷ്‌ തടഞ്ഞു.
"മാഷേ എന്താ കാര്യം ഊണു കഴിക്കാൻ സമയമില്ലാത്തത്ര വലിയ പണിയെന്താ മാഷക്കിപ്പൊ"
നടത്തം നിർത്തി കുമാരൻ മാഷ്‌ വ്യസനത്തോടെ പറഞ്ഞു.
"ഒരു അബദ്ധം പറ്റി മാഷേ, കഴിഞ്ഞ പിരിയഡിൽ ക്ലാസ്സിൽ ബഹളം വച്ച ആ ചെക്കനെ ഞാൻ ഓഫീസിൽ കൂട്ടികൊണ്ടു വന്നിട്ട്‌ പറഞ്ഞു. 'നീ ഏഴാം ക്ലാസ്സിൽ പഠിക്കാനുള്ളതൊക്കെ പഠിച്ചു, ഇനി നീ സ്കൂളിൽ വന്നില്ലെങ്കിലും ഞങ്ങൾ നിന്നെ ജയിപ്പിച്ചോളാം ക്ലാസ്സിലിരിക്കണ്ടാന്ന്".
"ക്ഷമക്കും ഒരതിരില്ലേ മാഷേ?
"എന്നിട്ടെന്ത്‌ പറ്റി മാഷേ"
രാഘവൻമാഷ്‌ അക്ഷമനായി.
"അത്‌ കൊണ്ട്‌ ഇവിടെ ഓഫീസിൽ വന്നിരുന്നാ മതി,'വെറുതെ ഇരിക്കണ്ട ഇതൊക്കെ വായിച്ചോ' എന്നും പറഞ്ഞ്‌ ഞാനൊരു പുസ്തകം വായിക്കാൻ കൊടുത്തു, അത്‌ ഇപ്പൊ പൊല്ലാപ്പായി മാഷേ"
"എന്ത്‌ പൊല്ലാപ്പ്‌?മാഷ്‌ കാര്യം പറയ്‌".
"കൊടുത്തത്‌ 'നാലുകെട്ട്‌'ആണു മാഷേ, പോയി കഞ്ഞി കുടിക്കാൻ പറയുമ്പൊ അവൻ പറയാ ഇത്‌ വായിച്ച്‌ തീർന്നിട്ട്‌ കുടിക്കാമെന്ന്, അവനെ ഒറ്റക്ക്‌ അവിടെ ഓഫീസിൽ ഇരുത്തിയിട്ട്‌ എനിക്ക്‌ ഉണ്ണാനുള്ള ധൈര്യവുമില്ല മാഷേ.
അത്‌ കൊണ്ട്‌ നിങ്ങളാരെങ്കിലും കഴിച്ചിട്ട്‌ കുറച്ച്‌ സമയം ഓഫീസിൽ വന്നിരിക്ക്‌ അപ്പൊ ഞാൻ കഴിക്കാം." അതും പറഞ്ഞ്‌ കുമാരൻ മാഷ്‌ ഓഫീസിലേക്കും രാഘവൻ മാഷ്‌ സ്റ്റാഫ്‌ റൂമിലേക്കും നടന്നകന്നു.
കാലങ്ങൾ മുറതെറ്റാതെ ഊണും കഴിഞ്ഞ്‌ വന്ന് "അവനെവിടെ" എന്ന് അന്വേഷിച്ചു.
കാലങ്ങൾക്കിപ്പുറമേതോ കലണ്ടർ വർഷങ്ങളതിനുത്തരവും നൽകി.
"അവനീ ലോകത്തിന്റേതോ കോണിലിരുന്ന് ആ കാലത്തെ ഒക്കെയും ഓർത്തെടുക്കുകയും, ഉള്ളതും ഇല്ലാത്തതും ഇങ്ങനെ അവിടെയും ഇവിടെയും കുത്തിക്കുറിക്കുകയും ചെയ്യുന്നുണ്ടെന്ന്".
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot