=============================
ഫർസാന അലി & അനീഷ് സുന്ദരേശൻ
ഫർസാന അലി & അനീഷ് സുന്ദരേശൻ
ഇരുട്ടിനു കടുംചുവപ്പു നിറമായിരുന്നു ആദ്യം. തലയ്ക്ക് പിന്നിൽ നിന്നും മുളപൊട്ടി, പിൻകഴുത്തിൽ വേരുകളാഴ്ത്തി, ശരീരമാകെ ശാഖികളായി പടർന്നു കയറിയ അസഹ്യമായ വേദനയുടെ നിറം.
ഇപ്പോൾ എനിക്കവരെ കാണാനും കേൾക്കാനുമാവുന്നുണ്ട് എന്നത് ഒരു പക്ഷേ അവർ അറിയുന്നുണ്ടാവില്ല. അത്രയും ശക്തമായിട്ടാണല്ലോ കടുംപച്ച നിറത്തിലുള്ള ഈ സ്ലീപ്പിങ് ബാഗിനകത്ത് എന്നെയവർ വരിഞ്ഞു മുറുക്കി കെട്ടിയത്. നിലാവ് ബാക്കിയാക്കിയ മങ്ങിയ മഞ്ഞനിറക്കാഴ്ച്ചകളിലേക്ക് കൺതുറക്കുന്ന ഒരു ചെറിയ സുഷിരം ഈ ബാഗിന്റെ തലഭാഗത്ത് എനിക്കായി കരുതി വെച്ചത് നിയതിയുടെ കാരുണ്യം തന്നെയാവണം.
കൂർത്തും പരന്നും ഉരുണ്ടുമുള്ള കൂറ്റൻ പാറകൾ നിറഞ്ഞ ഈ കുന്നിന്റെ മുനമ്പിൽ എനിക്ക് പുറം തിരിഞ്ഞാണ് അദ്വൈത് നിൽക്കുന്നത്. അവൻ സിഗരറ്റ് പുകയ്ക്കുകയാണെന്ന് കാറ്റ് വഹിക്കുന്ന ഗന്ധത്തിൽ നിന്നും എനിക്കറിയാനാവുന്നുണ്ട്. ഇടതു കൈ പാറക്കെട്ടിൽ കുത്തി വലതു കൈയിലെ ബീർ ബോട്ടിൽ ചുണ്ടിലേക്ക് കുത്തനെ വെച്ചു ലഹരി നുണയുന്ന ടെറി, ഇരുകാലുകളും നീട്ടിയിരിക്കുന്നത് എനിക്ക് അഭിമുഖമായാണ്. വെട്ടം വിതറിക്കൊണ്ട് പാഞ്ഞു വന്നൊരു മിന്നാമിനുങ്ങ് കൃത്യമായി സ്ലീപ്പിങ്ബാഗിലെ സുഷിരമടച്ചു കൊണ്ടു ഇരിപ്പുറപ്പിച്ചപ്പോൾ ഇരുളൊരു കരിനീലപ്പുതപ്പായി എന്റെ മിഴികളെ പൊതിഞ്ഞു.
“നീ പറയുന്ന പോലെ ജീപ്പുവരെ ചുമന്നു കൊണ്ട് പോയാലും ഫോറസ്റ്റ്കാരുടെ കണ്ണുവെട്ടിച്ചു കാടിനു പുറത്തേക്ക് കടത്തുന്ന കാര്യം റിസ്‌ക്കാണ്. ഇതിനെ ഇവിടെത്തന്നെ എങ്ങനേലും ഒഴിവാക്കുന്നതാണ് നല്ലത്”.
ഇരുട്ടിൽ കേൾക്കുന്ന ശബ്ദങ്ങൾക്ക് തെളിമ കൂടും. പക്ഷേ ഇപ്പോൾ ഞാൻ കേട്ടത് ഏത് ആൾക്കൂട്ടത്തിലെ ബഹളത്തിനിടയിലും എന്റെ കർണ്ണപുടങ്ങൾക്ക് അനായാസേന വേർതിരിച്ചെടുക്കാൻ കഴിയുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അദ്വൈതിന്റെ സ്വരമാണ്. അവൻ പറഞ്ഞ ‘ഇത്’ ഞാനാണെന്ന തിരിച്ചറിവിൽ ഉള്ളു നീറുന്നുണ്ടെങ്കിലും, ടെൻഷൻ വരുമ്പോൾ പതിവായി ചെയ്യുന്ന പോലെ അവനിപ്പോൾ പറ്റെ ട്രിം ചെയ്ത മേൽചുണ്ടിനു മുകളിലെ കുന്നിക്കുരുവോളം പോന്ന മറുകിന്മേൽ നഖംകൊണ്ട് ചൊറിയുന്നുണ്ടാവാം എന്ന നേരം തെറ്റിയ എന്റെ ചിന്തയുടെ മേലേക്ക് ടെറിയുടെ പരുക്കൻ ശബ്ദം ചിതറി വീണു.
“അരുവിയിലാണേൽ വെള്ളം കുറവാ... എങ്കിപ്പിന്നെ എവിടേലും കുഴിച്ചിടാന്നു വച്ചാ, ഒരു കമ്പിപ്പാര പോലുമില്ലാതെ എങ്ങനെ കുഴിക്കാനാ?”
എന്നെ തീർക്കാനായി സർവ്വ സന്നാഹങ്ങളോടും കൂടെത്തന്നെ വരാമായിരുന്നില്ലേ പ്രിയ സുഹൃത്തുക്കളേ എന്നെനിക്ക് ഉറക്കെ ചോദിയ്ക്കണം എന്നുണ്ടായിരുന്നു. ഈർപ്പം വറ്റിയ വായിൽ അങ്ങോട്ടോ ഇങ്ങോട്ടോ ഇളയ്ക്കാനാവാതെ ഉണങ്ങിക്കിടക്കുന്ന നാവും ഉണർച്ചയോടെ ശേഷിച്ച ബുദ്ധിയും എന്നിലെ ചോദ്യത്തെ വിഴുങ്ങിക്കളഞ്ഞു.
വൈകുന്നേരങ്ങളിൽ ക്ഷീണിതയായ എന്റെ ആവശ്യമറിഞ്ഞെന്നോണം, കോഫി മെഷീനിൽ നിന്നും തയാറാക്കിയ ചൂട് മാറാത്ത ഡബിൾ എസ്‌പ്രസോ കോഫീ പുഞ്ചിരിയോടെ വച്ചുനീട്ടുന്ന അദ്വൈതിന്റെയും, നൈറ്റ് ഷിഫ്റ്റിനിടയിൽ പാതിയടഞ്ഞ മിഴികളോടെ ഡെസ്കിൽ തല ചായ്ക്കുമ്പോൾ മുതുകിൽ തട്ടി ‘യൂ ഓക്കേ ഹിമാ?’ എന്ന കരുതലോടെയുള്ള ചോദ്യവുമായെത്തുന്ന ടെറിയുടെയും മുഖങ്ങൾ എനിക്കിപ്പോൾ അന്യവും അതോടൊപ്പം വേദനാജനകവുമാണ്.
വേദനയുടെ പരപ്പിലൂടെ ഓർമ്മകൾ തേടി ഊളിയിടുമ്പോഴും അല്പാല്പമായി എന്നിൽ നിന്നും വഴുതി നീങ്ങുന്ന ബോധത്തെ ഇറുകെ പിടിച്ചിരിക്കാൻ എത്രത്തോളം ഞാൻ ബാധ്യസ്ഥയാണെന്ന് എന്റെയുള്ളിൽ നിന്നാരോ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു.
അദ്വൈത് മേനോൻ, ടെറി സെബാസ്റ്റ്യൻ പിന്നെ ഹിമാ ജഹാൻ എന്ന ഞാൻ; മൂവരും ഹൈദ്രാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “ത്രീ ഡോട്ട്സ്” എന്ന വെബ് മീഡിയ സ്ഥാപനത്തിലെ ജേർണലിസ്റ്റുകളാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണുകളിൽ പതിയാത്തതും, അവരുടെ കച്ചവട താല്പര്യങ്ങളാൽ തമസ്ക്കരിക്കപ്പെടുന്നതുമായ വാർത്തകളുടെ പിന്നാലെ യാത്ര ചെയ്യുന്നു എന്നതാണ് ഞങ്ങളുടെ സ്ഥാപനത്തെ വേറിട്ട് നിർത്തുന്നത്. കഴിഞ്ഞകാലങ്ങളിൽ അധികാരസ്ഥാനങ്ങളെ പിടിച്ചുകുലുക്കിയ പല രഹസ്യ ഇടപാടുകളുടെയും പിന്നിലെ അണിയറകഥകൾ ആദ്യം വെളിച്ചത്തു കൊണ്ട് വന്നത് ഞങ്ങളാണ്. ‘ത്രീ ഡോട്ട്സ്… ഫില്ലിങ് ദി ട്രൂത്ത്’ അതാണ് ഞങ്ങളുടെ ടാഗ്‌ലൈൻ പോലും.
മലയാളികൾ എന്നതിനു പുറമെ മൂന്നുപേരെയും കൂട്ടിയിണക്കുന്നൊരു പൊതുഘടകമുണ്ട്. അത് ജോലിയോടുള്ള ഞങ്ങളുടെ അടങ്ങാത്ത അഭിനിവേശവും ഒടുങ്ങാത്ത അന്വേഷണത്വരയുമാണ്. പക്ഷേ ഇത് ഞങ്ങൾ ഏറ്റെടുത്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ ഒരു ദൗത്യമായിരുന്നു. ഫോട്ടോ ജേർണലിസ്റ്റും വിഡിയോഗ്രാഫറുമായ അദ്വൈതിനെയും സയൻസ് ജേർണലിസ്റ്റായ ടെറിയെയും സ്റ്റിങ് ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് ആയ എന്നെയും ഒരു പോലെ ത്രസിപ്പിച്ച ഈ ദൗത്യത്തിന്റെ തുടക്കം ജർമനിയിൽ ബയോകെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന ടെറിയുടെ കസിൻ സൂസന്നയുടെ ഒരു ഈമെയിലിൽ നിന്നുമായിരുന്നു.
വടക്കുകിഴക്ക് ഹിമവാന്റെ മടിത്തട്ടിലെ വിസ്തൃതമായ മഴക്കാടുകളുടെ ഗർഭഗൃഹത്തിനുള്ളിലെവിടെയോ അധിവസിക്കുന്ന വിരലിലെണ്ണാവുള്ള അംഗസംഖ്യമാത്രമുള്ള എന്നാൽ രാജ്യത്തെ കനേഷുമാരിക്കണക്കുകളിലൊന്നും ഉൾപ്പെടാത്ത ഒരു ഗോത്രവർഗ്ഗ ജനത. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അവരെ ഈ ലോകത്ത് വ്യത്യസ്തരാക്കുന്ന ഒരു ഘടകമുണ്ട്. അവരിൽ ആണിനും പെണ്ണിനും എല്ലാം നിത്യയൗവ്വനമാണ്! അവരുടെ അംഗസംഖ്യയാകട്ടെ എന്നാൽ കൂടുന്നതുമില്ല!!
“എനിക്കിതൊരു കെട്ടു കഥയോ, അല്ലെങ്കിൽ ആരോ മനപ്പൂർവം കബളിപ്പിക്കാനായി പടച്ചുവിട്ടൊരു തട്ടിപ്പോ ആയാണ് തോന്നുന്നത്” ചില റെഫറൻസ് ചിത്രങ്ങളോട് കൂടിയ സൂസന്റെ ഇമെയിൽ വായിച്ച എന്റെ ആദ്യ പ്രതികരണം അതായിരുന്നു.
“ഹിമാ… നമ്മൾ സത്യാന്വേഷികളാണ്. ഒരു സത്യം, അത് കണ്ടെത്തി തിരിച്ചറിയും വരെ അന്വേഷിച്ചു കൊണ്ടേ ഇരിക്കണം. ഈ മുൻവിധി നമുക്ക് ചേർന്നതല്ല.” അല്പം നരച്ചു തുടങ്ങിയ ബുൾഗാൻ താടിരോമങ്ങളിൽ മെല്ലെ വലിച്ചുകൊണ്ടു ടെറിയത് പറയുമ്പോൾ എന്റെ കമന്റ് അവനു ഇഷ്ടമായില്ല എന്ന് വ്യക്തമായിരുന്നു.
“ശരി, ഇനി ഇങ്ങനെ ഒരു അപൂർവ്വ ഗോത്രവർഗ്ഗം ഉണ്ടെന്നു തന്നെയിരിക്കട്ടെ. എന്നാലും ഇക്കാലത്തു ഈ നിത്യയൗവ്വനമെന്നൊക്കെ പറഞ്ഞാൽ; ടെറി... നമ്മളും അരിയാഹാരം തന്നെയല്ലേ കഴിക്കുന്നത്?” എന്നിലെ സംശയാലു ഒട്ടും വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല.
“നീ ഇത് കണ്ടില്ലേ, ഹിമാ... ? കാടിന്റെ എത്ര മനോഹരമായ ലാൻഡ്‌സ്‌കേപ്പ് ചിത്രങ്ങളാണിതിൽ! എന്ത് കൊണ്ട് നമുക്കിതൊരു ട്രക്കിങ് ആയെടുത്തു അവിടെവരെ ഒന്ന് പോയി വന്നുകൂടാ ? ” അദ്വൈത് ഏതോ സായിപ്പിന്റെ പേര് അടിക്കുറിപ്പിൽ കണ്ട ചിത്രങ്ങളിലേക്ക് വിരൽ ചൂണ്ടി ടെറിയുടെ പക്ഷം ചേർന്നു.
അപ്പോൾ ഞാനൊരു മറുപടി പറഞ്ഞില്ലെങ്കിലും രണ്ടാഴ്ച്ചകൾ പിന്നിട്ടപ്പോൾ ഈ യാത്രയ്ക്കായി മുന്നിട്ട് നിന്നത് ഞാനായിരുന്നു. കാരണം, നിരസിക്കാൻ കഴിയാത്തൊരു പ്രലോഭനമായി ഈ ദൗത്യം അപ്പോഴക്കും എന്റെയുള്ളിൽ രൂപാന്തരപ്പെട്ട് കഴിഞ്ഞിരുന്നു. പിന്നെയൊക്കെ പെട്ടെന്നായിരുന്നു.
അടിവാരത്തെത്തുന്നതിനു മുന്നേയുള്ള ചെറുപട്ടണത്തിൽ വെച്ചായിരുന്നു കുടിവെള്ളവും ഭക്ഷണ സാധനങ്ങളും, പിന്നെ ഒന്നു രണ്ടാഴ്ച്ച കാട്ടിൽ കഴിച്ചുകൂട്ടാൻ വേണ്ടുന്ന അത്യാവശ്യ സാധനങ്ങളും ഞങ്ങൾ ജീപ്പിൽ നിറച്ചത്. ഉച്ചത്തിൽ പോപ്പ് മ്യൂസിക്കും വച്ച് ചുരം കയറുന്ന ദുർഘടമായ പാതയിയിലുടനീളം ഫോർവീൽ ഡ്രൈവുള്ള ജീപ്പോടിച്ചത് ടെറിയായിരുന്നു. മുന്നിലിരുന്ന അദ്വൈതാകട്ടെ അവന്റെ സന്തത സഹചാരിയായ നിക്കോൺ കാമറയിൽ ചാരുതയാർന്ന വനഭംഗികൾ പകർത്തുന്നതിനൊപ്പം കൈയിലുള്ള മാപ്പിന്റെ സഹായത്താൽ ഞങ്ങളുടെ പ്രയാണത്തിന്റെ ദിശ നിയന്ത്രിച്ചുകൊണ്ടിരുന്നു. പിന്നിലെ സീറ്റിലിരുന്ന എന്റെ നോട്ടം കൂടുതൽ സമയവും പതിഞ്ഞത് പക്ഷേ കാട്ടുവഴികളിലൂടെ അതിസാഹസികമായി വാഹനം ഓടിക്കുന്ന ടെറിയുടെ കൈകളിലെ ദൃഢപേശികളിലായിരുന്നു.
രാത്രി എപ്പോഴോ വാനത്തെ ഭാഗികമായി മൂടിയെന്ന പോലെ തഴച്ചു വളർന്ന ഒരു മരത്തിനു ചുവടെ ജീപ്പ് നിർത്തിയിട്ട് ഉറങ്ങിയ ഞങ്ങൾ പിറ്റേന്ന് പുലർന്നു തുടങ്ങുമ്പോൾ തന്നെയാണ് ബാക്ക്പ്പാക്കുകളിൽ വേണ്ടുന്ന സാധനങ്ങളുമെടുത്ത് വാഹനത്തിനു കടന്നുചെല്ലാൻ കഴിയാത്ത ഉൾക്കാടിനുള്ളിലേക്ക് ഉത്സാഹത്തോടെ നടന്നു കയറിയത്. ഇന്നേവരെ കണ്ടിട്ടില്ലാത്തത്രയും ചെറുതും വലുതുമായ ഇഴജീവികളെയും മലമടക്കുകളിലൂടെ കുതിച്ചിറങ്ങുന്ന അനേകം ജലപ്രവാഹങ്ങളെയും ആകാശത്തേക്ക് പണിതുയർത്തിയ കോട്ടമതിൽ പോലെ ഉറച്ചു നിൽക്കുന്ന പാറക്കൂട്ടങ്ങളെയും താണ്ടി കൊടുംകാട്ടിനുള്ളിൽ ഞങ്ങൾ അലഞ്ഞു. ചില രാവുകളിൽ കൂടാരം കെട്ടി അതിനുള്ളിൽ പാർത്തും മറ്റുചിലപ്പോൾ ഇലക്കൂട്ടം മറച്ച ആകാശത്തിൻ കീഴിൽ മണ്ണിന്റെ തണുപ്പ് പറ്റിക്കിടന്നും ഞങ്ങൾ ഉറക്കത്തെ തേടി. പകലുകളിൽ കാടിന്റെ കാഴ്ച്ചകൾ കണ്ട്, കാടിന്റെ ഗന്ധം ശ്വസിച്ച്, കാടിന്റെ രവം ശ്രവിച്ച് ഞങ്ങൾ കാടിന്റെ രുചിഭേദങ്ങളറിഞ്ഞു.
ഒടുവിലൊരു നട്ടുച്ച വെയിലിൽ തിളങ്ങുന്ന അരുവിയിലെ ഓളങ്ങളെ മുറിച്ചു കടന്നപ്പോൾ, ഞങ്ങൾ ലക്ഷ്യത്തോട് അടുക്കുകയെണെന്നു എനിക്കൊരു ഉൾവിളിയുണ്ടായി. എന്റെ നെഞ്ച് പടപടാ മിടിക്കുകയായിരുന്നു. ഇതു പോലൊരു മിഷനുമായി മുന്പാരെങ്കിലും വന്നതായോ, വന്നെങ്കിൽ തന്നെ അവർ പുറംലോകവുമായി വീണ്ടും ബന്ധപ്പെട്ടതായോ ഇന്റർനെറ്റിന്റെ ചുഴികളിൽ ആവോളം പരതിയിട്ടും കണ്ടതില്ലായിരുന്നു എന്നത് എന്റെ ഭയത്തിന്റെ ആക്കം കൂട്ടി.
വൈകുന്നേരമായപ്പോഴേക്കും ക്ഷീണമകറ്റാനായി, അഞ്ചാളുകൾ ഒന്നിച്ച് കൈയെത്തിച്ചാലും ഒതുങ്ങാത്തത്ര വണ്ണമുള്ള മരത്തിന് ചുവട്ടിൽ കിതപ്പോടെ ഞങ്ങൾ ഇരുന്നു കഴിഞ്ഞിരുന്നു. സൂര്യൻ പതിയെ മാഞ്ഞു തുടങ്ങിയ നേരമായപ്പോഴാണ് ദിഗന്തം ഭേദിയ്ക്കുമാറുള്ള ആർപ്പുവിളികൾ കേട്ട് ഞങ്ങൾ ഞെട്ടിവിറച്ചത്! ചാടിയെണീറ്റ് മൂവരും മുന്നോട്ടുനീങ്ങിയപ്പോൾ മാത്രമായിരുന്നു വിശ്രമിച്ചതത്രയും ഒരു മുനമ്പിന്റെയറ്റത്തെ മരച്ചുവട്ടിലായിരുന്നു എന്ന് മനസ്സിലാക്കിയത് പോലും. മുനമ്പിൽ നിന്നും ശ്രദ്ധയോടെ മുന്നോട്ടേക്ക് നീങ്ങി, തെല്ലുതാഴെയുള്ള നിരപ്പായ സ്ഥലത്തേക്ക് നീണ്ട ഞങ്ങളുടെ കണ്ണുകൾക്ക് അനുഭവിക്കാനായത് അത്രയും നാൾ ഞങ്ങൾ തേടിയലഞ്ഞ കാഴ്ചയെന്തോ, അതായിരുന്നു! കൊഴുത്തൊരു മാൻകുട്ടിയെ മുളങ്കമ്പിൽ തലകീഴായി കെട്ടിത്തൂക്കി തോളിലേറ്റി, ആർപ്പുവിളികളോടെ നൃത്തം വെക്കുന്ന ഗോത്രവർഗ്ഗക്കാർ!
അത്യാഹ്ളാദത്തോടെ പരസ്പരം നോക്കിയതും തോളിൽ തൂക്കിയിരുന്ന ബൈനോക്കുലറിലേക്ക് ഞങ്ങളുടെ കൈകൾ നീണ്ടതും ഒരേ സമയത്തായിരുന്നു. നഗ്നരായ ഏഴു പുരുഷന്മാരും നാലു സ്ത്രീകളും ഉൾപ്പെടെയുള്ള ആ ചെറുകൂട്ടത്തിലെ പുരുഷന്മാരുടെ ടാർസൻ സിനിമയിലെ നായകന്റെ ആകാരഭംഗി ടെറിയിലും അദ്വൈതിലും ഉണ്ടാക്കിയത് അമ്പരപ്പോടെയുള്ള ‘വൗ’ എന്ന ശബ്ദമാണെങ്കിൽ, അപ്സരസ്സുകളെ പോലെ തോന്നിച്ച സ്ത്രീകളുടെ കൃത്യമായ ഉടലളവുകൾ എന്നിൽ ജനിപ്പിച്ചത് ജാള്യതയായിരുന്നു. അതിനാലായിരുന്നല്ലോ ടെറിയുടെയും അദ്വൈതിന്റെയും മുൻപിൽ ഒരുവേള ഞാൻ ചൂളിപ്പോയതും ബൈനോക്കുലറിൽ നിന്നും പിടിവിട്ട കൈകൾ അറിയാതെത്തന്നെ എന്റെ മാറിടങ്ങളിലൂടെയും ഇടുപ്പിലൂടെയും വേഗത്തിൽ സഞ്ചരിച്ചതും.
പ്രത്യേക ആകൃതിയിലുള്ള ഇലകളാൽ മേഞ്ഞ നീണ്ടയൊരു ഷെഡ്ഡുപോലെ തോന്നിച്ചൊരു കുടിലും തൊട്ടരികിലെ പാറക്കെട്ടിലൂടെ നിശബ്ദം ഒലിച്ചിറങ്ങുന്ന തെളിനീരും മാത്രമാണ് അവരുടെ ആവാസവ്യവസ്ഥ എന്ന നിഗമനത്തിലെത്താൻ ഞങ്ങളേറെ വൈകിയില്ല. മൂന്ന് ദിനരാത്രങ്ങളാണ് കണ്ണിമ മാറ്റാതെ, ഒച്ചയനക്കം കേൾപ്പിക്കാതെ അവരെയും നിരീക്ഷിച്ചു ഞങ്ങൾ കഴിച്ചുകൂട്ടിയത്. രാത്രികളിൽ ഊഴമിട്ട് ഞങ്ങൾ അൽപമെങ്കിലും മരച്ചുവട്ടിൽ കിടന്നുറങ്ങിയെന്നത് ശരീരത്തിന്റെ തളർച്ചയെ മാറ്റാനൊട്ടും സഹായകമാവുന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അവരുടെ നിത്യയൗവ്വനത്തിലേക്ക് വിരൽ ചൂണ്ടുന്ന അസ്വാഭാവികത നിറഞ്ഞ ഒന്നും തന്നെ കാണാനാകാഞ്ഞത് ഞങ്ങളെ ഏറെ നിരാശപ്പെടുത്തി. തീയിൽ ചുട്ട മാംസത്തോടൊപ്പം കാട്ടുതേനും കായ്കനികളും ഭക്ഷിക്കുന്നതും കൂട്ടം കൂടി ഉച്ചത്തിൽ സല്ലപിക്കുന്നതും ഇരുട്ട് കാടിനെ കീഴ്പ്പെടുത്തുമ്പോൾ മാത്രം കുടിലിനുള്ളിലേക്ക് വലിയുന്നതും മാത്രമേ ഞങ്ങൾക്കു കാണാനായുള്ളു.
“ഇനിയും ഇങ്ങനെ ഉറക്കമിളക്കാൻ നിന്നാൽ നമ്മുടെ കഥ കഴിയും.. ഒന്ന് കണ്ണു തെറ്റിയെന്ന് വെച്ചിട്ട്, ഒരു രാത്രി കൊണ്ട് ഒന്നും കീഴ്മേൽ മറിയാനും പോണില്ല..” മൂരിനിവർത്തി കോട്ടുവായിട്ട് അദ്വൈത് അങ്ങനെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാത്രി മൂവരും ഒരുമിച്ച് ഉറങ്ങാൻ തീരുമാനിച്ചത്.
ടെറിയുടെ ലിക്കർ ഫ്ലാസ്ക്കിൽ നിന്നും ഓരോ കവിൾ വീതം വിസ്‌ക്കി പങ്കിട്ടെടുത്തു ഇരുവരും ഉറക്കം തുടങ്ങിയപ്പോഴും അശാന്തതയുടെ പാതിരക്കാറ്റു വീശുന്ന എന്റെ മനസ്സ് അറിയാത്ത ഏതോ ഇരുണ്ട വനസ്ഥലികളിൽ പ്രയാണം നടത്തുകയായിരുന്നു. പിന്നെയും കുറേനേരം കഴിഞ്ഞാണ്, സ്റ്റിങ് ഓപറേഷനുകളിൽ ഞങ്ങൾ ഉപയോഗിക്കുന്ന നൈറ്റ് വിഷൻ സ്പൈ-ക്യാമറയുമെടുത്ത്, ഉറങ്ങുന്ന അദ്വൈതിന്റെ കാർഗോ ട്രൗസറിന്റെ പോക്കെറ്റിൽ നിന്നും വലിച്ചെടുത്ത സിഗരറ്റും പുകച്ചുകൊണ്ട് ഞാൻ ടെന്റിന് വെളിയിലേക്ക് ഇറങ്ങിയത്.
അംഗഭംഗമില്ലാത്ത ചന്ദ്രൻ ചൊരിഞ്ഞ നിലാവെട്ടത്തിൽ കാടിന്റെ മായികസൗന്ദര്യം നുകർന്ന് ഏറെ ദൂരം നടന്നു. എപ്പോഴോ കടപുഴകി വീണ വൻവൃക്ഷം മാർഗതടസ്സം സൃഷ്ടിച്ച ഇരുട്ടിടങ്ങളിലൂടെ മുന്നോട്ട് നടന്നപ്പോൾ ദിശ കാണാത്ത എന്റെ ലക്ഷ്യത്തെക്കുറിച്ചോർത്ത് വ്യസനിച്ചു. അൽപമകലെ നിലാവിൽ തെളിയുന്ന അരുവിക്കരയിലേക്ക് വൃക്ഷശിഖരങ്ങൾ ചാടിക്കടന്നു മുന്നോട്ടുനീങ്ങാൻ ശ്രമിക്കവെയാണ് ഉജ്ജ്വലമായ ശോഭയിൽ ആ ഭാഗമാകെ പ്രകാശമയമാവുന്നത് ഞെട്ടലോടെ ഞാൻ കണ്ടത്. ഉച്ചിയിൽ കെട്ടിവെച്ച തീപ്പന്തങ്ങളുമായി അരുവിയ്ക്കു നേരെ പ്രത്യേക താളത്തോടെ, പതിഞ്ഞ ശബ്ദത്തിലെന്തൊക്കെയോ ഉരുവിട്ട്, കൈകൾ വീശി നീങ്ങുന്ന രൂപങ്ങൾ ഗോത്രവർഗ്ഗക്കാരാണെന്ന് മനസിലാക്കാൻ എനിക്കൊട്ടും അമാന്തിക്കേണ്ടി വന്നില്ല. ശ്വാസമടക്കി വൃക്ഷവേരിൽ അള്ളിപ്പിടിച്ച് ഞാൻ മറഞ്ഞിരുന്നുകൊണ്ട് എന്റെ ക്യാമറ പ്രവർത്തിപ്പിക്കാൻ തുടങ്ങി.
അരുവിയിലേക്ക് ചാഞ്ഞുകിടക്കുന്ന മരത്തിൽ നിന്നും ഊർന്നിറങ്ങിയ വള്ളികളിൽ തീനാളങ്ങൾ ഏൽക്കാതിരിക്കാൻ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് അവർ മെല്ലെ വെള്ളത്തിലേക്കിറങ്ങി. മുട്ടറ്റം വരെ മുങ്ങിയ മധ്യഭാഗത്ത് എത്തിയശേഷം, അരുവിയുടെ ഇടതുവശത്തെ നെഞ്ചോളം ആഴമുള്ള ഭാഗത്തേക്ക് അല്പം വേഗതയിലാണ് അവർ നീങ്ങിയത്. ശേഷം, തീപ്പന്തങ്ങൾ വെള്ളത്തിൽ മെല്ലെ തല്ലിക്കെടുത്തി, ചന്ദ്രനു നേരെ ദൃഷ്ടികളയച്ച് അല്പനേരം നിന്നതും ഉച്ചത്തിൽ ഒരു ശബ്ദം പുറപ്പെടുവിച്ച് മുങ്ങാംകുഴിയിട്ടതും ക്ഷണനേരം കൊണ്ടായിരുന്നു.
ഒന്ന്, രണ്ട്, മൂന്ന്... ഞാൻ എണ്ണി തുടങ്ങിയിരുന്നു; അവർ വെള്ളത്തിൽ നിന്നും പൊങ്ങിവരുന്നത് കാണാതായപ്പോൾ! അക്കം നൂറും കവിഞ്ഞപ്പോൾ എന്തോ ചുരുട്ടിപ്പിടിച്ച പതിനൊന്ന് വലതു കൈകൾ മാത്രം വെള്ളത്തിനു മീതെ ദൃശ്യപ്പെട്ടു. കൈയിലെ പായൽ പോലെന്തോ നീണ്ട ഇല ഒന്നിച്ചു വായിലേക്കിട്ടവർ കണ്ണുകളടച്ചു ചവച്ചിറക്കുന്നത് കണ്ടപ്പോൾ എന്റെ ഉടലിലെ രോമരാജികൾ മുഴുവനും ഒരു നിമിഷം എഴുന്നേറ്റു നിന്നുപോയി.
“ഇതാണ് നീ തേടിവന്നത്. നിനക്കായ് മാത്രം കാലം കാത്തു വച്ച രഹസ്യം” ഉള്ളിൽ നിന്നും ആരോ ഉറച്ച ശബ്ദത്തിൽ എന്നോട് അങ്ങനെ പറയുന്ന പോലെ തോന്നി.
തീപ്പന്തങ്ങൾ ഇല്ലായിരുന്നു എന്നതൊഴിച്ചാൽ, വന്നതുപോലെ തന്നെ ആയിരുന്നു അവർ തിരിച്ചു പോയതും. എൻറെ കാഴ്ചയ്ക്കുമേറെ അപ്പുറത്ത് അവരെത്തി എന്ന് ബോധ്യമായപ്പോഴാണ് ക്യാമറ ഓഫ് ചെയ്ത് ഞാൻ മെമ്മറികാർഡ് ഊരി പാന്റിന്റെ ഒളിപ്പോക്കറ്റിലേക്ക് തിരുകിക്കൊണ്ട് അരുവിയുടെ ഓരത്തേക്ക് പതിയെ നടന്നു നീങ്ങിയത്. കാട്ടിൽ പെയ്തുവീഴുന്ന നിലാവിന് ഇത്രയേറെ തെളിച്ചമുണ്ടാവുമെന്ന് ഞാൻ അനുഭവിച്ചറിയുകയായിരുന്നു.
എല്ലാ രഹസ്യങ്ങളും ഒരു നാൾ വെളിപ്പെടാനുള്ളതാണ്. ഈ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്തൊരു മഹാരഹസ്യത്തിന്റെ ചുരുൾ ഞാൻ ഇവിടെ അഴിച്ചെടുക്കുമ്പോൾ, അധികം ദൂരത്തല്ലാതെ മറ്റൊരു രഹസ്യത്തിന്റെ മുഖംമൂടി സ്വയം അഴിഞ്ഞുവീഴുകയായിരുന്നു എന്ന് പക്ഷേ അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല.
ലോകം കീഴടക്കിയവളെപ്പോലെ ആഹ്ളാദവതിയായാണ് ഞാൻ ടെന്റിലേക്ക് തിരികെ ഓടിയെത്തുന്നത്. ഉള്ളിൽ കടന്നപ്പോൾ ടെറിയും അദ്വൈതും അവർ കിടന്നിടത്ത് ഉണ്ടായിരുന്നില്ല എന്നത് എന്നെ അമ്പരപ്പിക്കുന്നതിനേക്കാൾ വല്ലാതെ ആശങ്കപ്പെടുത്തുകയാണുണ്ടായത്. പാന്റിന്റെ പോക്കറ്റിൽ കരുതിയ കുഞ്ഞൻ ടോർച്ചു ഞെക്കിത്തെളിക്കുമ്പോൾ എന്റെ ബാഗിലെ സാധനങ്ങളെല്ലാം പുറത്തു വലിച്ചിട്ടിരിക്കുകയാണ് എന്നുകൂടി കണ്ടതോടെ ഭയം എന്നെ കീഴ്പ്പെടുത്താൻ തുടങ്ങി. സംഭ്രമത്തോടെ ടെന്റിനു പുറത്തേക്കിറങ്ങിയ ഞാൻ പക്ഷേ എവിടെ നിന്നോ കിട്ടിയൊരു അപ്രതീക്ഷിത പ്രഹരത്താൽ വേച്ചു വീണുപോയി.
“യൂ ബിച്ച്.. നീ ഞങ്ങളെ ചതിക്കുകയല്ലായിരുന്നു അല്ലെടീ ? ” എന്റെ മുഖത്ത് പതിച്ച കരുത്തുറ്റ കരം മങ്ങിത്തുടങ്ങുന്ന നിലാവെളിച്ചത്തിൽ ഞാൻ വ്യക്തമായും കണ്ടു. ടെറി!!
ഇരുളിൻറെ മറവിൽ നിന്നും അദ്വൈത് തെളിഞ്ഞു വന്നു. അവന്റെ കയ്യിൽ തുറന്നു പിടിച്ച എന്റെ മാക്ബുക്ക്! അതിൽ, അമേരിക്കയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി എനിക്ക് മാത്രമായി അയച്ചു തന്ന ചില രഹസ്യരേഖകൾ!!
“നീ എന്താ കരുതിയത്, ഈ കാടൻമാരുടെ രഹസ്യം അറിഞ്ഞശേഷം ഞങ്ങളെ പറ്റിച്ച് അമേരിക്കയിലേക്ക് കടന്നു കോടീശ്വരിയായി ജീവിക്കാമെന്നോ ?” അദ്വൈത് എന്റെ ടീഷർട്ടിൽ കുത്തിപ്പിടിച്ച് എന്നെ എണീപ്പിച്ചു നിർത്തി.
വാക്കുകൾ കിട്ടാതെ ഞാൻ തലകുനിക്കുമ്പോൾ ചെവികളിൽ ഒരു പൊട്ടിച്ചിരി മുഴങ്ങുന്നു. അല്ല ഒന്നല്ല; മുന്നിലും പിന്നിലുമായി ഇരുവരുടെയും ചിരികൾ ഒന്നിച്ചു ചേർന്നൊരു ചിരിയലയാണത് ! ആ കൊലച്ചിരി പെട്ടെന്ന് നിന്നതറിഞ്ഞു ഞാൻ മുഖം തിരിഞ്ഞു നോക്കുമ്പോൾ എക്കാലവും എന്നെ പ്രലോഭിപ്പിച്ചിരുന്ന ഉരുണ്ടു കയറിയ മാംസപേശികളുള്ള ആ കൈയിൽ ഒരു ബിയർ ബോട്ടിൽ. അത് എന്റെ നേർക്ക് വീശിയടുക്കുന്നുണ്ട്. പിന്നെ എല്ലാം ഇരുട്ട്!!
ഈ സ്ലീപ്പിങ് ബാഗിനുള്ളിൽ ശരീരം ശരിക്കൊന്നു അനക്കാൻ പോലുമാകാതെ കിടക്കുമ്പോഴും എനിക്ക് തെല്ലും കുറ്റബോധമില്ല. എന്റെ വഴി എനിക്ക് ശരിയായിരുന്നു. അങ്ങേയറ്റം ആത്മവിശ്വാസമുള്ള ഒറ്റയാൾ പോരാളിയുടെ ആരും കാണാത്ത ആകാശങ്ങളിലേക്കുള്ള ഒരു കുറുക്ക് വഴിയായിരുന്നു അത്. പാതിവഴിയിൽ ലക്ഷ്യമെത്താതെ വേച്ചു വീണുപോയൊരു സ്വപ്നം! ഇനി അറിയേണ്ടത് എന്നെ ഇവർ എന്താണ് ചെയ്യാൻ പോകുന്നത് എന്നാണ്. എന്റെ മനോഗതമറിഞ്ഞെന്നവണ്ണം ഇതുവരെ കാഴ്ച്ചയെ മറച്ചിരുന്ന മിന്നാമിനുങ്ങ് പറന്നുപോയപ്പോൾ എന്റെ ക്ഷീണിച്ച കണ്ണുകളിൽ വീണ്ടും നിലാവെട്ടത്തിന്റ തിളക്കം.
കുട്ടിക്കാലത്ത്, മുറിഞ്ഞ ഫിലിം കഷണങ്ങൾ വച്ച് ഒറ്റക്കണ്ണടച്ചു നോക്കുന്ന കളിക്കോപ്പിൽ കണ്ട വർണ്ണദൃശ്യം പോലെ ഇപ്പോൾ എനിക്ക് മുന്നിൽ രണ്ടുപേർ.
"ടെറീ.. ഇനി എന്താ പ്ലാൻ?" നിർത്താതെ സിഗരറ്റ് വലിച്ചുതള്ളുന്ന അദ്വൈത് അസ്വസ്ഥതയുടെ പാരമ്യത്തിലെത്തിയ പോലെ.
പാതിരാക്കാറ്റിന്റെ പതിഞ്ഞ താളത്തിനു മേലേക്ക് 'ഛിൽ' ശബ്ദത്തോടെ ബിയർ ബോട്ടിൽ എറിഞ്ഞുടച്ച ശേഷം അദ്വൈതിന്റെ ചാരത്തേയ്ക്ക് ഉറച്ച കാലടികളോടെ നടന്നടുക്കുന്ന ടെറി.
"അദൂ...നീയെന്നെ വിശ്വസിക്ക്... എന്തിനാണോ ഇവിടെ വന്നത്, അത് നേടിയിട്ടാകും നമ്മൾ ഇവിടുന്നു മടങ്ങുക. അത് കഴിഞ്ഞാൽ സൂസൻ പറഞ്ഞപോലെ നമ്മൾ ജർമനിയിൽ. അവിടെ ഞാനും നീയും മാത്രമുള്ള നമ്മുടേതു മാത്രമായ ഒരു കൊച്ചു സ്വർഗ്ഗം!!”
ഞാൻ കാണുന്ന ഈ കാഴ്ച്ച, ഇതു വരെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നതിന് എത്രയോ അപ്പുറത്താണ്. അദ്വൈതിന്റെ ചുണ്ടിലെരിഞ്ഞ സിഗരറ്റെടുത്ത് വലിച്ചെറിഞ്ഞ ടെറി അതാ അവന്റെ കൂർത്ത താടി തന്റെ കൈകുമ്പിളിലേക്കെടുത്ത്, നേർമ്മയായ കീഴ്ച്ചുണ്ടിൽ ഗാഢമായി ചുംബിക്കുന്നു!! കണ്ടു നിൽക്കാനാവാതെ ഞാൻ ഇമകളെയിറുക്കിയടച്ചു.
എന്റെ ഇരുട്ടിനിപ്പോൾ പച്ചനിറമാണ്. തിങ്ങി ഞെരുങ്ങിയാണെങ്കിലും ഇടംകൈ പാന്റിനുള്ളിലേക്ക് പണിപ്പെട്ടു കടത്തുമ്പോൾ എന്റെ മുഖത്തൊരു പുഞ്ചിരി വിരിയുന്നത് നിങ്ങൾ കാണുന്നില്ലേ? ഒളിപ്പിച്ചു വച്ച നനവ് മാറാത്ത പായലുപോലുള്ള രണ്ടിലകൾ; അത് പുറത്തെടുത്തു ഞാൻ വായിട്ടു ചവച്ചുതുടങ്ങുമ്പോൾ, കോർത്തു പിണഞ്ഞ കാട്ടുവള്ളികൾ കണക്കെ പരസ്‌പരം പടർന്നു കയറുന്ന രണ്ടു രൂപങ്ങൾക്ക് മുകളിൽ എല്ലാത്തിനും സാക്ഷിയായ പൂർണ്ണചന്ദ്രൻ മറയാൻ തുടങ്ങുകയായിരുന്നു...
(അവസാനിച്ചു )
©️ ഫർസാന അലി & അനീഷ് സുന്ദരേശൻ -
@ Nallezhuth FB Group©️ ഫർസാന അലി & അനീഷ് സുന്ദരേശൻ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക