നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇഷ്ടവും വിവാഹവും

Image may contain: Muhammad Ali Ch, smiling, on stage
രാവിലെ തന്നെ ഓഫീസിൽ പോകാൻ തിരക്കിട്ട് തയ്യാറെടുക്കുമ്പോളാണ് പതിവില്ലാതെ മൊബൈൽ ഫോൺ ശബ്ദിക്കുന്നത്. "ഈ പിടപിടക്കുന്ന സമയത്ത് ആരാണാവോ " എന്ന് പിറുപിറുത്തു കൊണ്ട് ഫോണിലേക്ക് നോക്കിയപ്പോൾ നാട്ടിൽ നിന്നുള്ള നമ്പറിൽ നിന്നാണ്. സ്മാർട്ട് ഫോണിൽ ചൂണ്ടു വിരൽ കൊണ്ട് ആൻസർ അടയാളത്തിൽ അമർത്തി , മറുതലക്കൽ നിന്നും പരിചയമുള്ള പുരുഷ ശബ്ദം "ഹെലോ, റാഫി അല്ലെ , ഞാൻ മനാഫ് ആണ്".
കസിൻ സിസ്റ്ററുടെ ഭർത്താവാണ് മറുതലക്കൽ ,
"ങ്ഹാ , ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി, എന്താ വിശേഷിച്ച് ? " അത് , ഷാമിലക്ക് വേണ്ടി ചെറുക്കൻമാരെ അന്വേഷിക്കുന്നുണ്ട്. അവളുടെ കോളേജ് പഠനം കഴിഞ്ഞല്ലോ , ഇനി അധികം വൈകിക്കാതെ കെട്ടിച്ചു വിടണമെന്നുണ്ട് ",
"ഓഹ് , അവൾ അത്രക്ക് വളർന്നോ? ", കഴിഞ്ഞ വര്ഷം അവധിക്ക് പോയപ്പോൾ ഒരു തവണ മാത്രമാണ് അവളെ കണ്ടതെങ്കിലും, ഒരു ചെറിയ കുട്ടിയായി തന്നെയാണ് തനിക്ക് തോന്നിയത്, കോളേജിൽ പഠിക്കുകയാണെന്ന് പറഞ്ഞതൊക്ക ഓർമ്മയുണ്ടെങ്കിലും റാഫിയുടെ നാവിൽ നിന്നും അറിയാതെ അങ്ങനെയൊരു ചോദ്യമാണ് വന്നത്. "ഓക്കേ , എന്നിട്ട് , പയ്യനെ കണ്ടെത്തിയോ, എപ്പോളാ കല്യാണം ? "
"ഏയ്, പയ്യനെ തീരുമാനിച്ചിട്ടൊന്നുമില്ല, അവിടെയുള്ള ഒരു പയ്യനെ ബ്രോക്കർ പറഞ്ഞു തന്നിട്ടുണ്ട്.
ഇവിടെ ടൗണിൽ നിന്നും കുറച്ച് മാറിയാണ് അവരുടെ വീട്. നീ അവിടുന്ന് ഒന്ന് പയ്യനെ കണ്ട് അവന്ററെ കാര്യങ്ങളൊക്ക അന്വേഷിച്ച് ഒരു മറുപടി തരണം. പേരും, ടെലഫോൺ നമ്പറും ഞാനിപ്പോൾ പറയാം."
പയ്യന്റെ പേരും നമ്പറും കുറിച്ചെടുത്തു, അന്വേഷിച്ച് എത്രയും വേഗം തിരിച്ചു വിളിക്കാം എന്ന് ഉറപ്പു നൽകി, ഫോൺ സംഭാഷണം അവസാനിപ്പിച്ചു റാഫി ഓഫീസിലേക്കുള്ള ഒരുക്കത്തിന്റെ തിരക്കിലേക്ക് വീണ്ടും മുഴുകി.
അന്ന് തന്നെ 'പയ്യനെ' ടെലഫോണിൽ വിളിച്ചു പരിചയപ്പെട്ടു, അവനും ഇങ്ങനെ ആരെങ്കിലും ഒരാൾ വിളിക്കാൻ സാധ്യതയുണ്ട് എന്നൊരു സൂചയുള്ളത് പോലെ സംസാരത്തിൽ നിന്നും മനസ്സിലായി. പിറ്റേ ദിവസം അവധി ആയതിനാൽ നേരിട്ട് കാണാൻ സൗകര്യപ്പെടുമോ എന്ന് അന്വേഷിച്ചു 'അവൈലബിലിറ്റി' ഉറപ്പു വരുത്തിയതിന് ശേഷം "നാളെ നേരിൽ കാണാം" എന്ന് ശട്ടം കെട്ടി ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് തന്നെ ഒരു സുഹൃത്തിനെയും കൂട്ടി റാഫി പയ്യനെ നേരിൽ കാണാനായി ദുബായ് നഗരത്തിൽ നിന്നും അമ്പത് കിലോമീറ്ററപ്പുറത്തുള്ള ചെറിയ ടൗണിൽ, പയ്യന്റെ താമസസ്ഥലത്ത് എത്തി.
ഫോൺ ചെയ്തു, അല്പനേരത്തെ കാത്തിരിപ്പിന് ശേഷം ആളെത്തി
സാധാരണ സ്റ്റൈലിൽ പാന്റും ഇൻസേർട്ട് ചെയ്ത ഫുൾ സ്ലീവ് ഷർട്ടും ധരിച്ചു, ഇരു നിറവും, ശരാശരി ഉയരവും, ആവശ്യത്തിന് തടിയും , മുടിയും (പൊതുവെ ഗൾഫ് ചെറുപ്പക്കാർക്ക് കാണാറുള്ള കഷണ്ടിയിലേക്കുള്ള അടയാളങ്ങളൊന്നും തലയിലില്ല !!) ഉള്ള പയ്യനെ ഒറ്റ നോട്ടത്തിൽ കുറ്റം പറയാനൊന്നുമില്ല. സംസാരത്തിൽ നിന്നും പയ്യന്റെ ശരീരഭാഷയും, പെരുമാറ്റ രീതിയും ഒക്കെ ഒപ്പിയെടുത്തു. പയ്യനെ കുറിച്ചുള്ള റിപ്പോർട്ട് നൽകാനുള്ളതല്ലേ.
"അപ്പൊ അനസ് എപ്പോളാ നാട്ടിലേക്ക് പോകുന്നത് ? " റാഫി ചോദിച്ചു,
ഞാൻ അടുത്തമാസം രണ്ടാം തിയ്യതി , പതിനഞ്ച് ദിവസത്തെ ലീവ് മാത്രമേ ഉള്ളൂ, നാട്ടിലെത്തി രണ്ട് ദിവസത്തിന് ശേഷം നികാഹ്, അങ്ങനെയൊക്കെയാ പ്ലാൻ ", പയ്യൻ നിഷ്കളങ്കമായി തന്റെ പ്ലാൻ വിശദീകരിച്ചു.
"അപ്പോ കുട്ടിയെ അനസിന് നേരിൽ കാണണ്ടേ ? സംസാരിക്കേണ്ടേ ? "
"ഏയ് , അതൊന്നും വേണ്ട, നാട്ടിൽ നിന്നും ഉമ്മയും പെങ്ങളും , കുട്ടിയെ പോയി കണ്ടിരുന്നു, പിന്നെ എനിക്ക് ഫോട്ടോ വാട്സ്ആപ്പിൽ അയച്ചു തന്നിട്ടുമുണ്ട്, അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്, ഇനി എനിക്ക് പ്രത്യേകിച്ച് കാണാനൊന്നുമില്ല.",
ഈ വാക്കുകൾ കേട്ടപ്പോൾ റാഫിയും സുഹൃത്തും ഒന്ന് ഞെട്ടി, ഇക്കാലത്തും ഇങ്ങനെയുള്ള ചെറുപ്പക്കാരോ ? "അതത്ര ഒരു ശരിയായില്ലല്ലോ" സുഹൃത്ത് അഭിപ്രായപ്പെട്ടു. താൻ കെട്ടാൻ പോകുന്ന പെണ്ണിനെ കാണാനും, സംസാരിക്കാനും പ്രാധാന്യം കൽപ്പിക്കാത്ത അനസിനോട് അത് വരെയുണ്ടായിരുന്ന മതിപ്പെല്ലാം പെട്ടെന്ന് ഇല്ലാതായത് പോലെ റാഫിക്ക് തോന്നി. എന്തോ ഒരു പന്തികേട് പോലെ...
എന്തായാലും, പയ്യന്റെ സമ്മതത്തോടെ, നാട്ടിലേക്ക് അയച്ചുകൊടുക്കാൻ മൊബൈലിൽ ഒരു ഫോട്ടോയെടുത്ത് , റാഫിയും സുഹൃത്തും പയ്യനോട് യാത്ര പറഞ്ഞു പിരിഞ്ഞു. നാട്ടിലേക്ക് ഫോട്ടോ അയച്ചു കൊടുത്തു, ഒപ്പം മനാഫ്ക്കയെ വിളിച്ചു കാര്യങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തു.
"പയ്യൻ കാണാനൊന്നും കുഴപ്പമില്ല കേട്ടോ, സംസാരത്തിൽ സ്വഭാവവും നന്നായി തോന്നി, ഇരു നിറമാണ്, ഷാമില വെളുത്തിട്ടല്ലേ, അവൾക്ക് കൂടി അനസിനെ ഇഷ്ടപ്പെടുകയാണെങ്കിൽ... , അവന്റെ ജോലിയും നല്ലത് തന്നെ.. പിന്നെ, എനിക്ക് അത്ഭുതമായി തോന്നി കേട്ടോ, ഈ പയ്യന് ഷാമിലയെ കാണുകയോ സംസാരിക്കുകയോ വേണ്ട പോലും, ഉമ്മയും പെങ്ങളും കണ്ട് ഇഷ്ടപ്പെട്ടു, ഇനി അവന് പ്രത്യേകിച്ച് കാണേണ്ട ആവശ്യമില്ലാന്ന്". ഈ ഒരു കാര്യം ഒരു അൽപ്പം യാഥാസ്‌ഥികനായ മനാഫ്‌ക്ക ഒരു 'സൗകര്യമായി' കാണുമെന്നായിരുന്നു റാഫി കരുതിയത്, കാരണം, വലിയ പ്രയാസമില്ലാതെ, ഒരു നല്ല ജോലിയുള്ള ഗൾഫുകാരൻ പയ്യനെ ഒത്തുകിട്ടുകയും ചുളുവിൽ മകളുടെ കല്യാണം നടന്നു കിട്ടുകയും ചെയ്യുമല്ലോ, എന്നാൽ മനാഫ്ക്കയുടെ മറുപടി റാഫിയെ അത്ഭുതപ്പെടുത്തുന്നതായിരുന്നു
"ഓഹോ അങ്ങനെ പറഞ്ഞോ", അതൊരു ശരിയായ ഏർപ്പാടല്ലല്ലോ റാഫി, എന്തായാലും ഞാൻ ഷാമിലയുമായി സംസാരിക്കട്ടെ, എന്നിട്ടേ തീരുമാനമെടുക്കൂ, പിന്നെ, ഇനിയും ഈ അന്വേഷണവുമായി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീ സഹായിക്കണേ" . ആ സംഭാഷണം അവിടെ നിർത്തി.
മനാഫ്ക്ക മകൾ ഷാമിലയുമായി കാര്യങ്ങൾ സംസാരിച്ചു. പയ്യന്റെ ഫോട്ടോ കാണിച്ചു കൊടുത്തു.
വിവാഹാലോചനയെക്കുറിച്ച് അവൾക്ക് ധാരണയുണ്ടായിരുന്നെങ്കിലും, പലപ്പോഴായി ബാപ്പയോടും ഉപ്പയോടും അവൾ പറഞ്ഞിരുന്നു, തനിക്ക് എം എസ് സി കൂടി പഠിക്കണമെന്നും ഇപ്പോൾ കല്യാണം വേണ്ടെന്നും. പക്ഷെ കെട്ടുപ്രായം തികഞ്ഞു നിൽക്കുന്ന, പ്രത്യേകിച്ച് പ്രാരാബ്ധങ്ങളൊന്നുമില്ലാത്ത കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെ കെട്ടിക്കാതെ അങ്ങനെ നിർത്തുന്നത് ശരിയല്ലെന്നായിരുന്നു മനാഫ്‌ക്കയുടെ നിലപാട്. ഫോട്ടോ കണ്ടപ്പോളും ഷാമില പറഞ്ഞു "എനിക്കിപ്പോൾ കല്യാണം വേണ്ട ബാപ്പാ, ഞാൻ കുറച്ചു കൂടെ പഠിക്കട്ടെ",
"നോക്കൂ, ഈ പയ്യൻ ദുബായിൽ നല്ല ജോലിയുള്ളവനാ , നല്ല കുടുംബക്കാരും, അവന്റെ ഉമ്മയെയും പെങ്ങളേയുമെല്ലാം നീ കണ്ടതല്ലേ", ഷാമിലയുടെ മനസ്സറിയാൻ വേണ്ടി മനാഫ്ക്ക പറഞ്ഞു നോക്കി ,
"എന്നാ ബാപ്പാന്റെയും ഉമ്മാന്റെയും ഇഷ്ടം പോലെ നടക്കട്ടെ", അവൾ നിരാശ കലർന്ന മുഖത്തോടെ അൽപ്പം ദേഷ്യത്തോടെയും സങ്കടത്തോടെയും തന്നെ മറുപടി പറഞ്ഞു. മനാഫ്ക്ക പുഞ്ചിരിച്ചു കൊണ്ട് മകളോട് പറഞ്ഞു. "മോളെ ഷാമില, നീ ഇങ്ങനെ പറഞ്ഞത്, ഈ പയ്യനുമായുള്ള നിന്റെ വിവാഹത്തിന് ഞാനൊരു എളുപ്പമായി കണ്ടേനെ, എന്നാൽ ഈ പയ്യൻ അനസ് നിന്നെ കാണ്ടേണ്ടതോ, സംസാരിക്കണ്ടതോ ആയ ആവശ്യമില്ല, ഉമ്മയും പെങ്ങളും കണ്ടതിനാൽ ഇനി കല്യാണ ദിവസം തീരുമാനിച്ചാൽ മതി എന്ന നിലപാടിലാണ് എന്ന് റാഫി പറഞ്ഞറിഞ്ഞപ്പോൾ നിന്നെ അവന് നികാഹ് ചെയ്തു കൊടുക്കില്ല എന്ന് ഞാൻ തീരുമാനിച്ചതായിരുന്നു, പിന്നെ നിന്റെ മനസ്സൊന്നറിയാൻ വേണ്ടി നിന്നോട് അന്വേഷിച്ചെന്നേയുള്ളൂ, എന്റെ മകൾക്ക് അനുയോജ്യനായ തന്റേടിയായ ചെറുപ്പക്കാരനെ തന്നെ ഞങ്ങളെല്ലാവരും ചേർന്ന് കണ്ടെത്തും, മോള് ഇനിയും പഠിക്കാൻ തന്നെ പൊയ്ക്കോ, അത് കഴിഞ്ഞിട്ട് മതി ഇനി ആലോചനകളും, കല്യാണവുമൊക്കെ".
ഷാമിലക്ക് ബാപ്പാനോട് അതിരറ്റ ബഹുമാനവും സ്നേഹവും തോന്നി, അവളുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു. ബാപ്പയെ കെട്ടിപ്പിടിച്ചു കുറച്ചു നേരം നിന്ന ശേഷം അവൾ തന്റെ മുറിയിലേക്ക് പോയി, മനാഫ്ക്ക കണ്ണ് തുടച്ചു കൊണ്ട് പുറത്തേക്ക് നടന്നു.
രണ്ട് വർഷങ്ങൾക്ക് ശേഷം, എം എസ് സി പഠനം പൂർത്തിയാക്കി ഒരു മാസത്തിന് ശേഷം, ഗൾഫുകാരനായ മറ്റൊരു പയ്യൻ ഷെഫീറുമായി ഷാമിലയുടെ വിവാഹം നടന്നു. അതെ , വിവാഹത്തിന് മുൻപ്, പരസ്പരം കണ്ടു, സംസാരിച്ചു, ഇഷ്ടപ്പെട്ടതിന് ശേഷം മാത്രം ... ഷാമിലയും, ഷെഫീറും ഹാപ്പി, വീട്ടുകാരും ഹാപ്പി...
- മുഹമ്മദ് അലി മാങ്കടവ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot