Slider

ഊമക്കിളികൾ

0
★------------------★
"വല്ല്യച്ഛൻ ,പൊട്ടനാഅല്ലെ അച്ഛാ..?"
മുറ്റത്തു ശ്രുതി മോളുമായിആംഗ്യഭാഷയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന സുനിയെ നോക്കി ചിന്നുമോൾ പറഞ്ഞു..
തന്റെ ,കോപം കലർന്ന നോട്ടം കണ്ടു അവൾ മെല്ലെ ചിണുങ്ങാൻ ആരംഭിച്ചു .വൈകാതെ അതൊരു വലിയ കരച്ചിൽ ആയി രൂപംമാറും.രണ്ടാം ക്ലാസ്സിൽ ആയി എങ്കിലും. തന്റെ മുഖം മാറിയാൽ ഇപ്പോഴും കരച്ചിൽ തുടങ്ങും.
അവളെ നോക്കികൊണ്ടുപറഞ്ഞു.
"ഒരിക്കലും അങ്ങിനെവിളിക്കരുത്.
വല്ല്യച്ഛനെമാത്രം അല്ല,ആരെയും.
അങ്ങിനെയാവുന്നത്അവരുടെ കുറ്റം കൊണ്ടല്ലമോളെ ,അതുദൈവംകൊടുക്കുന്നതാണ്‌.."
അവൾ ഒന്നു മനസ്സിലാക്കാതെ തന്റെ മുഖത്തു നോക്കി..
"എന്നിട്ടു എല്ലാവരും എന്തേ അങ്ങിനെ ആവാത്തെ..?
ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നതിനാൽ വേഗം തന്നെ മറുപടി കൊടുത്തു..
"അതു ദൈവത്തിനു ഒരുപാട് ഇഷ്ടമുള്ളവരെ മാത്രമേ ഇങ്ങിനെ ആക്കൂ..!"
പെട്ടെന്നാണ് മുറ്റത്തു ഒരു മൂവാണ്ടൻമാങ്ങ വന്നു വീണത്..എന്തിനോ തിരിഞ്ഞു നോക്കിയ സുനിയുടെയും കണ്ണുകൾ മങ്ങായിൽ പതിച്ചു.ആ കാഴ്ച കണ്ടു.
അവനറിയതെ അവന്റെ മുഖത്തു ഒരുചിരി വിരിഞ്ഞു.
അപ്പോൾ വീശിയടിച്ച കാറ്റിലേറി
ഓർമ്മകൾ ഒരു പാട് പിന്നിലേക്ക് തിരിച്ചു പോയ്‌.
"ടാ.. പൊട്ടാ ,എനിക്ക് വിശക്കുന്നു." കാലുകൾ കൊണ്ടു മെല്ലെ ,തട്ടി സുനിയെ വിളിച്ചു.താഴെതറയിൽ ഇരുന്ന് സിനിമാ മാസികയിൽ നിന്നും മമ്മൂട്ടിയുടെ പടം ബ്ലേഡ് കൊണ്ടു കൃത്യമായിവെട്ടി എടുത്തു കൊണ്ടിരുന്ന സുനി തലയുയർത്തി നോക്കി.
ആംഗ്യഭാഷയിൽ കൈ കൊണ്ട്.എന്താന്നു തിരക്കി.വയറുതടവിക്കൊണ്ട് 'വിശക്കുന്നു' എന്നത് വാക്കുകൊണ്ടും ആംഗ്യംകൊണ്ടും അവതരിപ്പിച്ചു.
തന്റെ ദയനീയമുഖഭാവം കണ്ടാവണം അവന്റെ മുഖംമാറി.അവൻ പതിയെ എഴുന്നേറ്റു.നിക്കർ നല്ലതു പോലെ എളിയിൽ കുത്തി.അടുക്കളയിലേക്കു പോയി.
അമ്മയ്‌ക്ക്‌ പനി ആയതുകൊണ്ടു അച്ഛൻ അമ്മയെയും കൊണ്ടു രാവിലെ ആശുപത്രിയിൽ പോയതാണ്‌.സമയം പതിനൊന്നായിട്ടും ഇത് വരെ തിരിച്ചു വന്നില്ല.
സുനി തന്നെക്കാൾ രണ്ടു വയസ്സുമൂത്തത് ആണ്.ജന്മനാകേൾവിശക്തിയില്ല അതു കൊണ്ടു സംസാരവുംഇല്ല.
അടുക്കളയിൽ നിന്നും സുനി തിരികെ വന്നത് നിരാശയോടെ ആയിരുന്നു.
അവിടെ എങ്ങും ഒന്നും ഇല്ലെന്ന് ആംഗ്യഭാഷയിൽ അറിയിച്ചു.
അവൻ വീണ്ടും മാസികയിലേക്കുതിരിഞ്ഞു.
വിശപ്പു കൂടിവരുന്നു.സഹിക്കാൻ പറ്റുന്നില്ല.
കട്ടിലിൽ കിടന്നുരുണ്ടു.എഴുന്നേറ്റു താഴെ ഇരുന്നു.
തന്റെ അവസ്ഥ സുനിക്കുമനസ്സിലായ്‌എന്നു തോന്നി.എന്തോ ആലോചിച്ചുറപ്പിച്ചു കൊണ്ടു തന്റെ കയ്യും പിടിച്ചു. പുറത്തിറങ്ങി..തൊടിയിലെ മൂവാണ്ടൻ
മാവിന്റെ തുഞ്ചത്ത് കിടന്നു ആടുന്ന
രണ്ടു മാങ്ങയിലെക്കു അവൻ വിരൽ ചൂണ്ടി.
"അതു മതിയോ....?"എന്ന് ആംഗ്യഭാഷയിൽ
ചോദിച്ചു തന്റെ ചിരിയിൽ അവനു കാര്യം മനസ്സിലായി.
പക്ഷെ, അത് എങ്ങിനെ പറിക്കും..?
വലിയമാവാണ്.പോരാത്തതിന് നിറയെ മുശറൻ ഉറുമ്പും.
നോക്കി നിൽക്കെ, സുനി മാവിൽ അള്ളി പിടിച്ചു കയറാൻ ശ്രമംതുടങ്ങി.
രണ്ടു കൈ കൊണ്ടും അവനെക്കാൾ വണ്ണമുള്ള മാവിലേക്ക്‌ പിടിച്ച് കയറിത്തുടങ്ങി. ബുദ്ധിമുട്ട് ഉള്ള ഭാഗം ഒരു വിധം കഴിഞ്ഞു. പിന്നെയാണ് ഉറുമ്പ്..അവൻ്റെ ദേഹം ഉറുമ്പുകളെ കൊണ്ടു പൊതിയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.ഇടയ്ക്കിടെ കൈകൾ വിട്ടു ദേഹത്തു നിന്നും ഉറുമ്പുകളെ തുടച്ചു കളയുന്നത് കണ്ടപ്പോൾ ഭയം തോന്നി.
പെട്ടെന്നാണ് ദൂരെ മിന്നായം പോലെ ആ കാഴ്ചകണ്ടത്.അച്ഛനും ,അമ്മയും വരുന്നു.ഞെട്ടിപ്പോയി. ഒരിക്കലും
മാവിൽകയറാൻ പാടില്ല എന്നത് അച്ഛന്റെ ഉഗ്രശാസനയാണ്. കൊച്ചച്ഛൻ ഏതോ മരത്തിൽ നിന്നുവീണു മരിച്ചതിൽ പിന്നെ
ഒരു മരത്തിന്റെയും അടുത്തു പോകുവാൻ
പോലും ഞങ്ങളെ സമ്മതിച്ചിരുന്നില്ല.
സുനിയുടെ ശ്രദ്ധ തിരിക്കാൻ ആവുന്നതും നോക്കി. അവൻ മാങ്ങ പറിക്കാനുള്ള തിരക്കിലായിരുന്നു.
മാവിന്റെ മുകളിലിരിക്കുന്നഅവനെ അച്ഛനും അമ്മയും കണ്ടാൽ ഇന്ന് അടിച്ചു കൊല്ലും.
എന്തു ചെയ്യണം എന്നറിയാതെ നിന്നു പോയി.വേഗം അകത്തേക്ക്ഓടി.ഒന്നും
അറിയാത്ത പോലെ കട്ടിലിൽപോയി
കിടന്നു. അല്പം കഴിഞ്ഞു.അമ്മയുടെ ഉറക്കെയുള്ള ശബ്ദം കേട്ടു.
"അയ്യോ.. ന്റെ ദൈവമേ ,ഈ ചെറുക്കൻ ഇതെവിടെയാണ് കയറിഇരിക്കുന്നത്..?"
"ടാ താഴെ ഇറങ്ങടാ.."
പിന്നാലെ അച്ഛന്റെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന സ്വരം.
അന്തരീക്ഷത്തിൽ വടിപുളയുന്ന ശബ്ദം. ഒപ്പം വേദന കൊണ്ട് നിലവിളിക്കുന്ന സുനിയുടെ പരുക്കൻ ശബ്ദം, കേൾക്കുവാൻ ആവാതെ കാതുകൾ
ഇരുകയ്യും ചേർത്തു അടച്ചു. അച്ഛന്റെ കോപം അടങ്ങുന്നവരെ ആ പാവത്തിനെ തല്ലുന്ന ശബ്ദം അവ്യക്തമായികേൾക്കാം.
അൽപ്പം കഴിഞ്ഞുഒന്നും അറിയാത്തവനെപോലെ പുറത്തിറങ്ങി ചെന്നു.കരഞ്ഞു കൊണ്ട് നിൽക്കുന്ന സുനിയെ കണ്ടു.പിടി വിടാതെ കടിച്ചു തൂങ്ങുന്ന ഉറുമ്പ്കൾ അവന്റെ ദേഹത്തു അപ്പോഴും ഉണ്ടായിരുന്നു.
നഗ്നമായനെഞ്ചിൽ മാവിന്റെ തടിയുമായി ഉരഞ്ഞപാടുകളും. ..അങ്ങിങ് പറ്റിപിടിച്ച മാവിന്റെപശയും..
അച്ഛനും അമ്മയുംഅകത്തേക്ക് പോയി.
ഈ സമയം സുനി നിക്കറിന്റെ കീശയിൽ നിന്നും,രണ്ടിലയും, കൂടെ കുറച്ചു ഉറുമ്പുകളും ഉള്ള മാങ്ങ തന്റെ നേരെ വെച്ചു നീട്ടി. അതിൽ വിയർപ്പും ,അവന്റെ കണ്ണീരും ഉണ്ടായിരുന്നു.
അതു കണ്ടു തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
വേഗം അകത്തേക്ക് ഓടി.
എന്താണ് സംഭവിച്ചത് എന്നു അച്ഛനോടും, അമ്മയോടും കരഞ്ഞു കൊണ്ട് പറഞ്ഞു.
അവരുടെ തല കുനിയുന്നത് കണ്ടു.
അച്ഛൻ സുനിയെ വിളിച്ചു. ചേർത്തു നിർത്തി.
"സന്തോഷമായി.. !അച്ഛന് തെറ്റുപറ്റി മക്കളെ ,ക്ഷമിക്കൂ.ഞങ്ങളുടെ കാലം കഴിഞ്ഞാലുംനിങ്ങൾ എന്നും ഇങ്ങനെ തന്നെ വേണം കഴിയാൻ.."സുനിയുടെ കണ്ണീര് തുടച്ചു.തിരിഞ്ഞു എന്നോട്.
"ഇവൻ പൊട്ടൻ ആണെന്ന് കരുതി ഒരിക്കലും ഇവനെ നീ വെറുക്കരുത്.മരണം വരെ അവനു വേണ്ടി നീ കേൾക്കണം. അവനായി നിന്റെ നാവുകൾ ചലിക്കണം.."
ഇതു പറയുമ്പോൾ അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളികണ്ണുനീർ തന്റെ കയ്യിൽ വീണുപൊള്ളി.
അമ്മയും ,കണ്ണുകൾ തുടയ്ക്കുന്നത് കണ്ടു.
അതിനു ശേഷം പൊട്ടൻ എന്ന വാക്ക് ഒരിക്കലുംആ വീട്ടിൽ ആരും ഉപയോഗിച്ചിട്ടില്ല.അതിനു താൻ സമ്മതിച്ചിട്ടുംഇല്ല.
അച്ഛന്റെ ആ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്.ഇതു വരെ അവനു ഞാനും ,എനിക്കവനുംതുണയായിരുന്നു.
അതു കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾക്ക് ഭാര്യമാർ പോലും.
തന്റെ വിവാഹമായിരുന്നു ആദ്യം നടന്നത്.
ആദ്യമായി അച്ഛനായപ്പോൾ സന്തോഷമായിരുന്നു..ശ്രുതിമോൾ
ഒരിക്കലും വിളികേൾക്കില്ലെന്നറിഞ്ഞപ്പോൾ സന്തോഷത്തിനു ഒട്ടും കുറവ് തോന്നിയില്ല.
അതറിഞ്ഞു ആശുപത്രിയുടെ
'നിശബ്ദത പാലിക്കുക'എന്ന ബോർഡിന് താഴെ ബെഞ്ചിലിരുന്നു പൊട്ടിക്കരയുന്നസുനിയെ കണ്ടപ്പോൾ..
അവനെ എങ്ങിനെ ആശ്വസിക്കും എന്നോർത്തുകൂടെ കരഞ്ഞു.നിശബ്ദത
യുടെ ലോകത്തിലെ വേദനകൾ അവനല്ലേ
അറിയൂ..!
അന്ന് തൊട്ട് ,ശ്രുതിമോൾക്ക്‌ സുനിയാണ് എല്ലാം.ചിന്നുമോൾജനിച്ചശേഷം,ശ്രുതി യോടുള്ള അവന്റെ സ്നേഹം കൂടി.
നെഞ്ചിൽ കൈ വച്ചു അവൻ എപ്പോഴും ആംഗ്യം കാട്ടും.
"ഇവൾ എന്റെ മോളാണ്..ആരും നോക്കണ്ട ഞാൻ നോക്കിക്കൊള്ളാം ."
കുട്ടികൾഇല്ലാത്ത ഓരാളുടെ സങ്കടം ആയിരുന്നില്ലത് .മറ്റാരേക്കാളും നന്നായി അവളെ നോക്കാൻ അവനെ കഴിയൂ എന്ന സത്യം ആയിരുന്നു.
അവളുടെ ഉള്ളിലെനൊമ്പരങ്ങൾ മറ്റാരെ ക്കാളുംഅവനല്ലേ അറിയൂ...!
ശുഭം.
By, ✍️
Nizar vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo