Slider

ദി സർജിക്കൽ സ്ട്രൈക്ക്

0
Image may contain: 1 person
*********************
കാലത്തെഴുന്നേറ്റ് മുഖക്കണ്ണാടിയിൽ നോക്കി ഒന്ന് ഇളിച്ച് കാട്ടിയ ശേഷം... കെ. പി നമ്പൂതിരിയുമായി മൽപ്പിടുത്തം നടത്തിക്കൊണ്ടിരുന്നപ്പോഴാണ് അടുക്കളയിൽ നിന്നും "ശൂ...ശ് " തുടങ്ങിയ ചില ശബ്ദങ്ങൾ കേട്ടത് ....!
" ഹൊ നാശം... ഇന്നും രാവിലെ പള്ളി ദോശയും, പള്ളിച്ചമ്മന്തിയും തന്നെ " എന്ന് അവിടെ നിന്ന് ഉച്ചത്തിൽ ആത്മഗതം നടത്തിയപ്പോൾ... ഉടനടി വന്നു മാതാശ്രീയുടെ മറുപടി :- "അല്ലെടാ ഇന്നലെ ഗ്യാസ് തീർന്നു... അത് കൊണ്ടിന്ന് പള്ളി പഴങ്കഞ്ഞിയാ... വേണെ വന്ന് മുണുങ്ങിയിട്ട് നീ ഓഫീസിലേക്ക് പൊക്കോ. "
അടുക്കളയിൽ നിന്നും നേരത്തെ കേട്ട ആ "ശൂ'' ശബ്ദം ദോശയുടേതല്ലെങ്കിൽ പിന്നെന്തിന്റെ ആയിരിക്കും?!... എന്ന് ചിന്തിച്ച് വശം കെട്ട് നിന്ന എന്റെ കാതിലേക്കപ്പോൾ... സ്റ്റേഷൻ ക്ലിയറാക്കി, കണ്ഠ ശുദ്ധി വരുത്തിയ റേഡിയോ... ഉച്ചത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ് മുഴക്കി... അതിൽ "ആകാശം മേഘാവൃതമായിരിക്കുമെങ്കിലും, ഇന്ന് മഴക്ക് തീരെ സാധ്യതയില്ല "എന്ന് പറഞ്ഞത് കേട്ടപ്പോൾ... കുറെക്കാലമായ് മടക്കി അലമാരയിൽ വെച്ചിരുന്ന കുട, ഇന്നെന്തായാലും എടുത്ത് ബാഗിൽ വെക്കണമെന്നുള്ള ഒരു ചിന്ത എന്റെ ഉള്ളിൽ നിന്നും വെളിയിലേക്ക് ചാടി !...പിന്നീട് കേട്ട പ്രധാന വാർത്തകളിൽ...ശ്രീലങ്കയിൽ നിന്നും ഭീകരർ ലക്ഷദ്വീപിലേക്ക് കടന്നിട്ടുണ്ടെന്നും, അവർ കേരള തീരത്തേക്ക് എത്താൻ സാധ്യത ഉണ്ടെന്നും ഉള്ള...ഒരു മുന്നറിയിപ്പ് കൂടി ഉണ്ടായിരുന്നു.
ഈ വാർത്ത ശ്രവിച്ചതും ... "എന്നാൽ അവന്മാരെം കൂടി നാളെ മുതൽ ഇവിടത്തുകാർ ബംഗാളികൾക്കൊപ്പം വാർക്കപ്പണിക്കിറക്കും... "എന്നൊരു സദ്:ചിന്ത എന്റെ മനസ്സിൽ തെളിഞ്ഞു !.''
വേഗം തന്നെ പല്ലിൽ നടത്തിയിരുന്ന ആ ക്രൂരകൃത്യം അവസാനിപ്പിച്ച് ഞാൻ, തീർത്ഥത്താൽ പരിഹാരക്രിയയും നടത്തി... ഉമ്മറത്തേക്ക് പോയി ... അവിടെ നിന്നും നോക്കിയപ്പോൾ മുറ്റത്തൊരു കോണിലായ്, പഴയകാല മലയാള സിനിമകളിലെ ബലാത്സംഗ സീനുകളിൽ പ്രതീകാത്മകമായി കാണിക്കുന്ന... നായികക്കു ചുറ്റും ചിതറിക്കിടക്കുന്ന വസ്ത്രങ്ങൾ പോലെ ... വിതരണക്കാരനാൽ പീഢിപ്പിക്കപ്പെട്ട അന്നത്തെ പത്രം... മേലാട, പാവാട, അടിയാട ക്രമത്തിൽ പലയിടങ്ങളിലായി കിടക്കുന്നുണ്ടായിരുന്നു...! അതൊക്കെ പെറുക്കി യഥാവിധി ചേർത്ത് വെച്ച് ഒന്നോടിച്ച് നോക്കിയപ്പോൾ... അതിലും ഉണ്ടായിരുന്നു ഈ ഭീകരന്മാരുടെ വാർത്ത...!
പത്രത്തിൽ വരച്ച് ചേർത്തിരുന്ന രേഖാ ചിത്രത്തിൽ...കടൽ മാർഗ്ഗം അവർ കേരളത്തിലേക്കെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ, ഞങ്ങളുടെ വീടിരിക്കുന്ന ഭാഗം കൂടി ഉണ്ടെന്ന് കണ്ടപ്പോൾ എന്റെ മനസ്സിലേക്ക്... തലപ്പാവും, താടിയുമുള്ള എന്നാൽ മീശയില്ലാത്ത കുറെ ഭീകരർ... ഉറുദുവിൽ എന്തൊക്കെയോ വിളിച്ച് പറഞ്ഞ് കയ്യിൽ മെഷീൻ ഗണ്ണുമായി ഇരുട്ടിന്റെ മറപറ്റി വീട്ടിലേക്കിരച്ച് കയറുന്ന ഒരു കാഴ്ച തെളിഞ്ഞു വന്നു!. എന്നാൽ കൊടും ഭീകരികളായ, സ്വന്തം മക്കളെ വരെ കൊല്ലാൻ മടിയില്ലാത്ത...ന്യൂജൻ അമ്മമാർക്കിടയിൽ ജീവിക്കുന്ന ഞാൻ... ഈ ഫീകരർ എന്ന പീക്രികളെ എന്തിന് ഭയക്കണം എന്ന ചിന്തയോടെ...പത്രം നാലായ് മടക്കി മൂലക്ക് വെച്ച ശേഷം... അമ്മ വാഗ്ദാനം ചെയ്ത ആ പള്ളിക്കഞ്ഞിയിലേക്ക് മടങ്ങി.
അന്നേ ദിവസം ഊണിന് ശേഷം ഓഫീസിൽ നടന്ന ഉച്ചചർച്ചയിലും, ഒരു വിഷയമായ് മാറാൻ ലക്ഷദ്വീപിൽ നിന്നും വരാനിടയുള്ള ആ "ഫീകരന്മാർക്ക് " കഴിഞ്ഞു ...! ഇതിനിടയിൽ അങ്ങ് പാറശ്ശാല മുതൽ ഇങ്ങ് കാസർഗോഡ് വരെയുള്ള പല സ്ഥലങ്ങളിലും ഇവന്മാരെ കണ്ടതായി "സുക്കർ ബർഗ്ഗ് വൈറസുകൾ " മുഖപുസ്തകത്തിൽ വാർത്തകളും പടച്ച് വിട്ടു...! ചുരുക്കി പറഞ്ഞാൽ അന്ന് വൈകുന്നേരത്തോട് കൂടി"ഭീകരരാണ് താരം" എന്ന നിലയിലേക്കെത്തി കാര്യങ്ങൾ!.
ഓഫീസിൽ നിന്നും മടങ്ങുമ്പോൾ വഴിയിൽ വെച്ച് കണ്ട... കമ്പിളിപ്പുതപ്പ് കച്ചവടക്കാരനോട് ..."ആർ യൂ എ ഫീകരൻ...? " എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും, അവനെങ്ങാനും അവരുടെ കൂട്ടത്തിൽ പെട്ടവനാണെങ്കിൽ... വെറുതെ കുറെ ഉണ്ട പാഴാക്കി എന്റെ നെഞ്ചിൽ ഓട്ട വീഴ്ത്തണ്ട... എന്ന് കരുതി ശ്വാസം അടക്കിപ്പിടിച്ച് ഞാൻ പതിയെ വീട്ടിലേക്ക് വെച്ച് പിടിപ്പിച്ചു!.
വീട്ടിലെത്തിയപ്പോൾ വരാന്തയിൽ ഫ്രീക്കന്മാർ ധരിക്കുന്ന തരം, രണ്ട് ജോടി ഷൂസ് കിടക്കുന്ന കാഴ്ച്ച കണ്ട് ഞാനൊന്നമ്പരന്നു ...!
പെട്ടെന്ന് തന്നെ വാതിലിന് വെളിയിലേക്ക് കുതിച്ച് ചാടി വന്ന ശശി മാമന്റെ ഇളയ മകൻ സുശാന്ത് ശശി ... റെസലിങ്ങിൽ, സൈഡ് ബാറിൽ നിന്നും ചാടി വീഴുന്ന അണ്ടർടേക്കറേ പോലെ വരാന്തയിലെ കസേരയിൽ കയറി നിന്ന ശേഷം "ചേട്ടായി ഹീയ്യാ... " എന്നൊരു അലർച്ചയുമായി എന്റെ ദേഹത്തേക്ക് ചാടി വീണു ...!
അവനെയും കൊണ്ട് നിലത്തേക്ക് മറിഞ്ഞ് വീണ എന്റെ അരികിലേക്കെത്തിയ മൂത്തവൻ സുശീൽ ശശി ...വയറ് നോക്കി ഒരു പഞ്ച് തന്നിട്ടു ചോദിച്ചു ... " അണ്ണന് പഴയ സ്റ്റാമിനയൊന്നും ഇല്ലാല്ലെ..? " കിതച്ച് കൊണ്ട് കസേരയിലേക്ക് കയറി ഇരുന്ന് ഞാൻ പറഞ്ഞു... "സ്റ്റാമിനക്ക് ഒരു കുറവും വന്നിട്ടില്ലെടാ... ആ പഴയ സ്റ്റാമിനയൊക്കെ ഇപ്പോഴും ഉണ്ട്... "എന്നിട്ട് മുറ്റത്തേക്ക് കൈ ചൂണ്ടിയിട്ട് തുടർന്നു ''നീ അവിടെ കിടക്കുന്ന ആ വലിയ കല്ല് കണ്ടോ ...? അതെനിക്ക് പണ്ടും പൊക്കാൻ പറ്റില്ലായിരുന്നു... ഇപ്പഴും പറ്റില്ല !."
"തമാശക്കാരൻ... " എന്ന മറുപടിക്കൊപ്പം, എന്റെ നെഞ്ചും കൂട് നോക്കി ഒരു ഇടി കൂടി തന്നിട്ടവൻ അകത്തേക്ക് നടന്നു. ഇതിലും ഭേദം ആ ഫീകരന്മാർ വരുന്നതായിരുന്നു... എന്ന ചിന്തയോടെ പതിയെ വീടിനുള്ളിലേക്ക് കടന്ന ഞാൻ... എന്റെ ദേഹരക്ഷയെ കരുതി ഊണ് സമയം വരെ മുകൾ നിലയിലെ കിടപ്പുമുറിയിൽ വാതിലടച്ച് പതുങ്ങിയിരുന്നു!.
ഊണും കഴിച്ച് പതിവിലും നേരത്തെ ഉറക്കത്തിലേക്ക് വീണ ഞാൻ അർദ്ധ രാത്രിയോടടുത്ത് എന്തോ തറയിലേക്ക് വീഴുന്ന വൻ ശബ്ദം കേട്ട് ഞെട്ടിയുണർന്നു... ! ആ ശബ്ദത്തിന് പിന്നാലെ "അരെ ജൽദി ഭാഗ്... ഡ്രോപ് ഗിരാ... " എന്നൊരലർച്ച കൂടി അവിടെ മുഴങ്ങി. പിന്നെ തുരുതുരാ മുഴങ്ങിക്കേട്ട വെടി ശബ്ദം കൊണ്ട് വീടാകെ പ്രകമ്പനം കൊണ്ടു....ഇതിനിടയിൽ "എടാ സുശീലെ റിവൈവ് മി "എന്ന സുശാന്തിന്റെ ദയനീയമായ നിലവിളിയും ഞാൻ കേട്ടു...! പിന്നെ തുടരെയുള്ള ആക്രോശങ്ങളും, ഹിന്ദിയിലുള്ള അലർച്ചകളും കൊണ്ട്, വീടാകെ കുലുങ്ങി വിറച്ചു.
ആ നിമിഷം എന്റെ തലയിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു... ദ്വീപിൽ നിന്നും എത്തിയ ഭീകരർ വീടിനുള്ളിൽ കയറിയിരിക്കുന്നു... ഞാൻ അലറി വിളിച്ചെങ്കിലും തൊണ്ടയിൽ നിന്നും ശബ്ദം വെളിയിലേക്ക് വന്നില്ല ...!
ഒരു നിമിഷം സ്തബ്ദനായിപ്പോയ ഞാൻ സമചിത്തത വീണ്ടെടുത്ത്, വാതിൽ തുറന്ന് ഒരു ബെഡ്ഷീറ്റും കൈയ്യിലെടുത്ത് ബാൽക്കണിയിലേക്ക് കുതിച്ചു... അപ്പോഴും താഴെ ഹാളിൽ നിന്നും തുടർച്ചയായി വെടി ശബ്ദങ്ങളും അലർച്ചകളും മുഴങ്ങി കേട്ടുകൊണ്ടേയിരുന്നു...!
ആ ബെഡ്ഷീറ്റ് ബാൽക്കണിയിലെ തൂണിൽ ബന്ധിച്ച ശേഷം അതിൽ തൂങ്ങി താഴേക്കിറങ്ങാനായ് ഞാനൊരു ശ്രമം നടത്തി ... എന്നാൽ അല്പസമയം അതിൽ തൂങ്ങിയാടി കൈകാലിട്ടടിച്ച ഞാൻ അതൊരു പാഴ്ശ്രമമാക്കിക്കൊണ്ട്... അതിലെ പിടിയും വിട്ട് ... നേരെ താഴെയുള്ള പട്ടിക്കൂടിന്റെ ഓടും തകർത്ത്കൊണ്ട് ആ കൂടിനുള്ളിലേക്ക് വീഴുകയാണുണ്ടായത്...
ആ വീഴ്ചയിൽ എങ്ങോ പോയ് മറഞ്ഞ എന്റെ ബോധം പിന്നെ തിരികെ എത്തിയത്... ആരോ മുഖത്തേക്ക് ശക്തിയായി വെള്ളം തളിച്ചപ്പോളായിരുന്നു!.
കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാനായ് പിന്നെയും കുറെ സമയം എനിക്ക് വേണ്ടിവന്നു... നട്ടപ്പാതിരാക്ക് മൊബൈലിൽ " പബ്ജി ഗെയിം " കളിച്ച...ആ കാലന്മാർ, അതിന്റെ എഫക്ട് കൂട്ടുന്നതിന് വേണ്ടി വീട്ടിലെ ഹോം തീയറ്ററുമായി ഘടിപ്പിച്ച ശേഷം അത് ഫുൾ വോളിയത്തിൽ വെച്ചതായിരുന്നു...! അതിൽ നിന്നും ഉയർന്ന് കേട്ടതായിരുന്നു വെടി ശബ്ദവും മറ്റ് ബഹളങ്ങളും... ഹിന്ദിയിൽ കേട്ട അലർച്ചകൾ അവന്മാർ പാർട്ണർമാരായി തിരഞ്ഞെടുത്ത ബംഗാളികൾ പുറപ്പെടുവിച്ചതായിരുന്നു !.
അങ്ങനെ മഴ മേഘങ്ങളാൽ റഡാർ കണ്ണുകൾ മൂടപ്പെട്ട ആ കാളരാത്രി നടന്ന... സർജിക്കൽ സ്ട്രൈക്കിനൊടുവിൽ കളി തീർന്ന് വിജയം ആഘോഷിച്ച അവന്മാർ സമ്മാനമായ് കിട്ടിയ ചിക്കൻ ഡിന്നർ കഴിച്ചപ്പോൾ... വെടികേട്ട് കിളിപോയ എന്റെ കിടപ്പ് താഴെ പട്ടിക്കൂട്ടിലായിരുന്നു !.
ശുഭം.
Bann pubg
അരുൺ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo