നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്നാലുമെൻ്റെ ഫരഫൂ.


ഇതാണ് ശശിസാർ, കഞ്ഞി പിഴിഞ്ഞ് കട്ടിയായി തേച്ചുമടക്കിയെടുത്ത കരയുള്ള മുണ്ട്, ലേശം അയഞ്ഞ വെളുത്ത ജുബ്ബ, കട്ടിയുള്ള കണ്ണട, ചീകിയൊതുക്കിയ മുടി, ഇടങ്കൈയിൽ സദാസമയവുമുള്ള കാലൻകുട. ഇത്രയും എല്ലാം കൃത്യമായി പരിപാലിക്കുന്ന സാറിൻ്റെ പേര് മാത്രം എന്തേ ശശിയെന്നായിപ്പോയി എന്നു തെറ്റിദ്ധരിയ്ക്കണ്ട. സാറിൻ്റെ
അച്ഛനിട്ടു കൊടുത്ത പേര് ശശീന്ദ്രനാഥൻനായർ എന്നായിരുന്നു. കൗമാരത്തിലെ അല്പം പുരോഗമനാശങ്ങളുടെ പേരിൽ സാറു തന്നേ വാലുമുറിച്ചു, മറ്റുള്ളവർ സ്നേഹ ബഹുമാനങ്ങളോടെ തലയും മുറിച്ചു, അങ്ങിനെ ശശിയേട്ടനായി, അടുത്ത സ്കൂളിൽ ജോലി കിട്ടിയപ്പോൾ ശശിസാറും ആയി. അന്നൊന്നും ശശിയെന്ന പേരിന് ഇത്ര വിലയിടിവ് വന്നിട്ടില്ല. പിന്നെ മറ്റൊരു കാര്യം ശശിയെന്ന സ്വന്തം പേരിന് വിലയിടിയ്ക്കാൻ അറിഞ്ഞോ അറിയാതെയോ സാറിൻ്റെ സംഭാവനകളും ധാരാളമുണ്ട്.
അദ്ധ്യാപകനാണ്, പുരാപകാരിയാണ്, അന്യരുടെ ദു:ഖത്തിൽ പങ്കാളിയാകുന്ന ആളാണ്, സഹജീവികളിൽ കരുണയുള്ളവനാണ് പക്ഷെ പുള്ളിയുടെ പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ ഇടയ്ക്കെല്ലാം ശശി ആകാറുണ്ട്. ഇടയ്ക്കെല്ലാം എന്ന് ഒരു തമാശക്ക് പറഞ്ഞതാണ് ഏറെക്കുറേ മിക്കപ്പോഴും ഇതുതന്നേ അവസ്ഥ. എന്നും ഏതെങ്കിലും വിധത്തിൽ ശശിയാകുക എന്നതാണ് പുള്ളിയുടെ ജന്മോദ്ദേശം എന്ന് തോന്നിപ്പിക്കുമാറ് എന്നും ഓരോ എടാകൂടത്തിൽ ചെന്ന് ചാടി കൊടുക്കുക എന്നതാണ് പുള്ളിയുടെ ഒരു രീതി. ഇന്ന് ദൈവം സഹായിച്ച് ഇതുവരേ ഒരു കാര്യത്തിനും ശശി ആയിട്ടില്ല, സ്കൂൾ വിട്ട് വന്ന് വീടിൻ്റെ പടിക്കൽ വരെ എത്തിച്ചിട്ടുണ്ട് ബാക്കിയെല്ലാം തലേവര പോലെ ആകട്ടെ.
ശശിസാർ വീടിൻ്റെ ഗെയിറ്റ് കടക്കുന്നതിന് മുമ്പാണ് അഞ്ചാറു വീടിൻ്റെ അപ്പുറത്ത് താമസിക്കുന്ന സരസു, സാറിനെ കടന്നു പൊയ്ക്കൊണ്ടിരുന്നത്. പരിചയമുള്ള ആരെ കണ്ടാലും കുശലം ചോദിയ്ക്കാതിരിക്കാനാവില്ലല്ലോ നമ്മുടെ ശശിസാറിന്. സാറു തന്നേ തുടക്കം കുറിച്ചു.
സരസൂ എവിടെ പോകുന്നു.
എൻ്റെ ഫാറേ വീട്ടുപണിയ്ക്കിടയിൽ ഇന്നലെ ഫിമൻറ് പെട്ടെന്ന് തീർന്നപ്പോൾ നമ്മുടെ ഫീതയുടെ വീട്ടിൽ നിന്ന് ഒരു പാക്കറ്റ് ഫിമൻറ് വാങ്ങിയിരുന്നു. ഇപ്പോൾ ഫീതയുടെ വീട്ടിൽ ഫിമൻ്റിൻ്റെ പൈഫ കൊടുക്കാൻ പോകുവാണ്.
എന്നാൽ ചെന്ന് സിമൻ്റിൻ്റെ പൈസ കൊടുത്തിട്ട് വാ, ഞാൻ വീട്ടിലേക്ക് കേറട്ടെ.
അല്ല ഫാറേ ഒരു കാര്യം പറഞ്ഞോട്ടെ, എൻ്റെ മകൻ ഫന്തോഷ് ഫാറിൻ്റെ ക്ലാഫിൽ അല്ലേ, ഫ്കൂളിൽ പഠിക്കുന്നത് മാത്രമേയുള്ളു. വീട്ടിൽ വന്നാൽ അവൻ പുഫ്ത്തകം തുറക്കത്തില്ല. ഫാറൊന്നു ഉപദേശിക്കണം കണക്കിൻ്റെ കാര്യത്തിൽ അവൻ അവൻ്റെ അച്ചനെ പോലെ കണക്കാ. അതുപോലെ തന്നേ ഫയൻഫ്, ഫാമുഹ്യപാഠം, ഇംഗ്ലീഷും ഒന്നും നന്നായി മനഫിലാകുന്നില്ല എന്നാണ് അവൻ്റെ പരാതി. ഫാറിൻ്റെ വീട്ടിലേയ്ക്ക് വൈകുന്നേരങ്ങളിൽ അവനെ വിടട്ടെ. അവനതെല്ലാം ഒന്ന് നന്നായി പറഞ്ഞു കൊടുക്കുമോ. അവനെ ഒന്നു നന്നായി പഠിപ്പിച്ചെടുക്കാൻ ഫാർ ഒന്നു നന്നായി മനഫറിഞ്ഞ് ഫഹായിക്കണം.
ശരി ഫരഫൂ എന്നെ കൊണ്ട് കഴിയുന്ന വിധത്തിൽ അവനെ പഠിപ്പിക്കാൻ ഫഹായിക്കാം. അവനോട് അടുത്ത ശനിയും, ഞായറും വീട്ടിലേക്ക് വരാൻ പറത്തേക്ക്.
അതെന്താ ഫാർ എന്നെ ഫരഫൂ എന്ന് വിളിച്ചത്. എന്റെ പേര് ഫരഫൂ എന്നാണെന്ന് സാറിനറിയില്ലേ. ഫാറുമ്മാരെല്ലം ഇങ്ങിനെ തെറ്റ് പറഞ്ഞു പഠിപ്പിച്ചാൽ പിന്നെ കുട്ടികൾ എങ്ങിനെ രക്ഷപ്പെടും.
ദൈവമേ ഇപ്പോൾ ഞാനാരായി, സത്യത്തിൽ സസിയല്ല ഫഫിയായി. ചീത്ത കേട്ട് സാറിൻ്റെ കണ്ണടഞ്ഞു പോയി. പിന്നെയും
ദേഷ്യത്തിൽ എന്തെല്ലാമോ പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു നിങ്ങുന്ന സരസു.
എന്നാലുമെൻ്റെ ഫരഫൂ, നിൻ്റെ സകാരത്തിനു പകരമുള്ള ഫകാരത്തിൽ ഞാനെൻ്റെ സകാരം പോലും മറന്നു പോയി എന്നു പറഞ്ഞ് കണ്ണുതുറന്നപ്പോൾ കൺമുന്നിൽ ഇപ്പോൾ പറഞ്ഞത് എല്ലാം കേട്ട് കലിതുളളി നിൽക്കുന്ന സ്വന്തം ഭാര്യ ലക്ഷ്മി.
അല്ലെങ്കിൽ തന്നെ നിങ്ങളുടെ സ്വകാര്യം ഇത്തിരി കൂടുന്നുണ്ട് എന്നെല്ലാരും പറയുന്നതു ഞാൻ കേൾക്കുന്നുണ്ട്. ഇന്ന് ദൈവം ആയിട്ടാണ് സ്വന്തം വീട്ടുവാതിൽക്കൽ വരേ വച്ചുള്ള നിങ്ങളുടെ ശൃംഗാര നർമ്മസല്ലാപങ്ങൾ സ്വന്തം കണ്ണാൽ കാട്ടിത്തന്നത്.
എൻ്റെ പൊന്നു ലക്ഷ്മീ നിൻ്റെയീ കലിതുള്ളൽ കണ്ടാൽ ലക്ഷ്മീദേവിയ്ക്ക് പകരം മൂധേവിയാണ് നിന്നിൽ കുടികൊള്ളുന്നത് എന്നു തോന്നും.
ഇപ്പോൾ നിങ്ങൾക്ക് ഞാൻ വെറും മൂധേവിയായല്ലേ, നിങ്ങളൊന്ന് അകത്തേയ്ക്ക് കേറ് എന്നിട്ടീ മൂധേവി ഭദ്രകാളിയാകുന്നത് കാട്ടിത്തരാം.
ഇന്നത്തെ ശശിചരിതം ഇവിടെ തീരുന്നു, നാളെ തുടരുമോ?

PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot