നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു 'പാകിസ്ഥാൻ' അപാരത

Image may contain: 1 person
ആറേഴ് വർഷങ്ങൾക്ക് മുൻപാണ് ഞാനും പത്നി ദീപയും കൂടി ഷാർജയിൽ നിന്ന് നാട്ടിലേക്ക് ലീവിന് പോവാണ്. അതും രാജൂന്റെ വിമാനം എന്ന് വീട്ടുകാർക്കിടയിലും കൂട്ടുകാർക്കിടയിലും ദുഷ്പേര് കേൾപ്പിച്ച എയർഅറേബ്യ വിമാനത്തിൽ.പറഞ്ഞ സമയത്തിന് അഞ്ചു മിനിറ്റ് മുൻപ് കൊച്ചിയിൽ എത്തുമെന്ന് ഉറപ്പുള്ളത്കൊണ്ടും വണ്ടിക്കൂലി കുറവായതിനാലും മ്മള് സ്ഥിരം അതിൽ തന്നെ യാത്ര ചെയ്യുന്നത് കൊണ്ടാണ് ആ വിമാനത്തിന് അങ്ങനെയൊരു ചീത്തപ്പേര് കേൾക്കേണ്ടി വന്നത്.
ഷാർജയിൽ നിന്നും ഉയർന്നു പൊങ്ങി കൃത്യം ഒന്നരമണിക്കൂർ കഴിഞ്ഞതേയുള്ളൂ വിമാനത്തിനകത്തു മൊത്തത്തിൽ ഒരസ്വസ്ഥത.ലൈറ്റുകളെല്ലാം മിന്നി മിന്നി കളിക്കുന്നു.ആകാശയാത്ര തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇപ്പോഴും അതൊന്ന് നിലം തൊടണ വരെ ഒരു പരിഭ്രമമാണ്.കുറച്ചു കഴിഞ്ഞപ്പോൾ വിമാനം ചെറുതായി ഇളകുന്ന പോലെ തോന്നി.ആദ്യം കരുതി വല്ല എയർഗട്ടറിലും പെട്ടതാകുമെന്ന്. മ്മടെ റോഡിലുള്ള പോലെ തന്നെ കുണ്ടും കുഴിയുമെല്ലാം ആകാശത്തുമുണ്ട്.പക്ഷേ പെട്ടെന്ന് തന്നെ മനസ്സിലായി ഇതതൊന്നുമല്ല വിമാനം മൊത്തത്തിൽ ഉലയുകയാണ്.
ഞാൻ പരമാവധി ധൈര്യം മുഖത്ത് വരുത്താൻ ശ്രമിച്ചു കൊണ്ട് ദീപയെ നോക്കി പാവം ആകെ പേടിച്ചു വിറച്ചു ഇരിക്കയാണ്. കുറച്ചു സമയം കഴിഞ്ഞു ക്രൂവിലെ ഒരാൾ വന്ന് അനൗൺസ് ചെയ്തു "ആരും പേടിക്കരുത് വിമാനത്തിന് ചെറിയ യന്ത്രതകരാർ. അതുകൊണ്ട് അടിയന്തിരമായി ഏറ്റവും അടുത്തുള്ള കറാച്ചി എയർപോർട്ടിൽ ഇറക്കുകയാണ്. എമർജൻസി ലാൻഡിംഗ് ആണ് എല്ലാവരും രണ്ട് കൈകൊണ്ടും കാൽമുട്ടിൽ പിടിച്ചു കുനിഞ്ഞു ഇരിക്കുക.ദൈവത്തോട് പ്രാർത്ഥിക്കുക". അത് കേട്ടതോടെ കെടാൻ പോയ ബോധത്തിനെ ഞാൻ വല്ലവിധേനയും പിടിച്ചു നിർത്തി.
വിമാനത്തിനുള്ളിൽ കൂട്ടകരച്ചിലുകൾ മുഴങ്ങി.ഞാൻ പതുക്കെ ദീപയെ നോക്കി പാവം വെളിച്ചപ്പാടിനെ കണ്ടപോലെ പേടിച്ചു കരയുകയാണ്(അമ്പലത്തിൽ ഉത്സവത്തിന് പോകുമ്പോ വെളിച്ചപ്പാടിന്റെ തുള്ളൽ ഉണ്ടെങ്കിൽ നിന്ന നിൽപ്പിൽ അദൃശ്യയാവാനുള്ള കഴിവുണ്ട് മ്മടെ ഭാര്യക്ക്).കരഞ്ഞിട്ടൊന്നും കാര്യമില്ല.കാര്യം ഏകദേശം തീരുമാനമായെന്നു എന്റെ മനസ്സ് പറഞ്ഞു.എന്നിട്ടും ഒന്നും സംഭവിക്കരുതേയെന്നു മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
തൊട്ടടുത്തു ഇരുന്ന സഫാരിസ്യൂട്ടിൽ വീർപ്പുമുട്ടുന്ന ചേട്ടൻ അതിനിടയിൽ എന്നോട് ദാക്ഷിണ്യമേതുമില്ലാതെ ചോദിച്ചു "മോനെ വിമാനത്തിന്റെ ആ ചിറകിലേക്കൊന്ന് നോക്കൂ പുക വരുന്നുണ്ടോ"? വായിച്ചു മടക്കി വച്ച പെരുംമ്പടവത്തിന്റെ അരൂപിയുടെ മൂന്നാം പ്രാവെടുത്തു അയാളുടെ തല അടിച്ചുപൊളിക്കാൻ തോന്നിയെങ്കിലും എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പുസ്തകസുഹൃത്തുക്കളിൽ ഒരാളെ വച്ച് മരിക്കാൻ പോകുന്നതിനു മുൻപ് ഒരു കൊലപാതകം വേണ്ടയെന്നു എന്റെ മനസ്സെന്നോട് പറഞ്ഞത് കൊണ്ട് ഞാൻ വളരെ മാന്യമായി അയാളോട് ഇപ്രകാരം മൊഴിഞ്ഞു "ഒന്ന് മിണ്ടാതിരിക്കോ ചേട്ടാ. മനുഷ്യനിവിടെ ടെൻഷൻ അടിച്ചു പകുതി ചത്തിരിക്കുമ്പോഴാ തന്റെയൊരു..###"
വിമാനം ഇറക്കാൻ പോകുന്നത് പാകിസ്താനിലെ കറാച്ചിയിലാണ്.മ്മടെ നാട്ടിൽ പൊട്ടാസ് പൊട്ടണ ലാഘവത്തിൽ സ്‌ഫോടനങ്ങൾ നടക്കുന്ന സ്ഥലത്താണ് ലാൻഡ് ചെയ്യാൻ പോകുന്നത്. അതുകൊണ്ട് തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്താലും ആശ്വസിക്കാൻ യാതൊരു നിവൃത്തിയുമില്ല. എന്തായാലും ഞങ്ങളുടെ പ്രാർത്ഥന കേട്ട് ചെവിയടിച്ചു പോവാതിരിക്കാൻ ദൈവം ഞങ്ങളെ സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിച്ചു. പാകിസ്ഥാൻന്ന് കേട്ടിട്ടേയുള്ളു ദാ ഇപ്പൊ ജീവിതത്തിൽ ആദ്യമായി ഞാനവിടെ കാല് കുത്താൻ പോണു.സന്തോഷത്തിനു പകരം കരച്ചിലാണ് എനിക്ക് വരുന്നത്.
വിമാനം ലാൻഡ് ചെയ്യേണ്ട താമസം കുറേ തോക്കുധാരികൾ വന്ന് വിമാനത്തിനെ വലയം ചെയ്തു.അപ്പൊ വീണ്ടും എന്റെ മനസ്സിൽ ഒരു സംശയം ഇനി ഇവന്മാരെങ്ങാൻ വിമാനം റാഞ്ചിയതാണോ..എന്റെ സംശയത്തിന്റെ മുനയൊടിച്ചു കൊണ്ട് വിമാനത്തിൽ നിന്ന് എയർപോർട്ടിലേക്ക് ഞങ്ങളെ ആനയിക്കാൻ ബസ് വന്നു നിന്നു.ബസിന്റെ ഡോറിനു കാവലായി തോക്കുപിടിച്ച ഒരാൾ നിൽക്കുന്നുണ്ട്.
യാതൊരു മടിയും കാണിക്കാതെ ഹൃദ്യമായി അയാൾ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് "ആവോ ഭായി"ന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ വന്നത് ഇങ്ങോട്ട് തരാനുള്ള ബാക്കി ചില്ലറ ചോദിച്ചാൽ മ്മളേതോ കടം ചോദിച്ച ഭാവത്തിൽ "ന്തൂട്ടാ നീ കൊറേ നേരായല്ലോ ബാക്കി ചോദിച്ചോണ്ടിരിക്കണേ ഇന്നാടാ ബാക്കി പൈസ. എന്റേൽ ഉണ്ടായിട്ടൊന്നുമല്ല" എന്നുള്ള ഡയലോഗ് മനസ്സിൽ പിറുപിറുത്തുകൊണ്ട് ബാക്കി പൈസ തിരിച്ചു തരുന്ന മ്മടെ നാട്ടിലെ ബസുകളിലെ ചില കണ്ടക്ടർചേട്ടന്മാരെയാണ്‌.
എയർപോർട്ടിലേക്ക് ആടിയുലഞ്ഞു പോയികൊണ്ടിരിക്കുന്ന ബസ്സിൽ കണ്ണടച്ചു ഇരിക്കുമ്പോഴും ഞാൻ മനസ്സിൽ പ്രാർത്ഥിച്ചോണ്ടിരിക്കയാർന്നു ദൈവമേ ഒന്നും സംഭവിക്കരുതേ ബോംബൊന്നും പൊട്ടരുതേ.. എന്നിട്ടും ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടുംന്നു മനസ്സിലിരുന്നു ആരോ മന്ത്രിക്കുന്നത് പോലെ..പെട്ടെന്നാണ് അത് സംഭവിച്ചത്..ഞാൻ ഭയപ്പെട്ടത് തന്നെ.. കർണ്ണകഠോരമായ ശബ്ദം.. "ഠോ".. ബസ് തകർന്ന് തരിപ്പണായിന്നും വിചാരിച്ചു അയ്യോന്നലറി വിളിച്ചു കണ്ണ് തുറന്നപ്പോ കണ്ട കാഴ്ച്ച..
ഒരു കുഴപ്പവുമില്ലാതെ ബസ് പോയിക്കൊണ്ടിരിക്കുന്നു.ആളുകൾ എന്നെ നോക്കി ചിരിക്കുന്നുണ്ട്.അപ്പൊ ബോംബല്ലെ പൊട്ടിയത് എന്ന് അന്തം വിട്ടു നിന്ന എനിക്ക് തൊട്ടു മുന്നിലെ സീറ്റിലിരുന്ന ചേച്ചി മോനോട് "നോക്കിപിടിക്കണ്ടേ മോനൂ"ന്ന്‌ പറഞ്ഞപ്പോഴാണ് സ്ഥലകാലബോധം വന്നത്.കുരുത്തംകെട്ട ചെറുക്കൻ എന്തോ എടുത്തു താഴെയിട്ടതാണ്. കണ്ണ് ഉരുട്ടാവുന്ന അത്രേം ഉരുട്ടി ഞാൻ ചെറുക്കനെയൊന്ന് പേടിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും എന്റെ ഉണ്ടക്കണ്ണുകൾ കണ്ട് അവൻ തൊട്ടടുത്തിരുന്ന ആജാനുബാഹുവായ അച്ഛനെ തോണ്ടി വിളിക്കുന്നത് കണ്ടപ്പോൾ ഉരുട്ടിയ കണ്ണ് അതേപോലെ ചെറുതാക്കി കൺപോളകൾക്കിടയിൽ ഞാൻ ഒളിപ്പിച്ചു.
"സബ് ആദ്മി ഉത്തരോ"ന്നുള്ള പുഞ്ചിരിമുഖനായ തോക്കുധാരിയുടെ ഡയലോഗ് കേട്ട് ഞങ്ങൾ ഓരോരുത്തരായി ബസ്സിന്‌ പുറത്തിറങ്ങി എയർപോർട്ടിലേക്ക് നടന്നു.എയർപോർട്ട് എന്ന് വിളിച്ചാൽ ഇപ്പൊ ഞാൻ പോന്ന ഷാർജ എയർപോർട്ടും ഇറങ്ങാൻ പോകുന്ന മ്മടെ കൊച്ചി എയർപോർട്ടും പുറംകാലുകൊണ്ട് തൊഴിക്കുമെന്നുറപ്പായതിനാൽ മ്മടെ മാളയിലെ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിനോടാണ് ആദ്യനോട്ടത്തിൽ ഞാൻ കറാച്ചി എയർപോർട്ടിനെ ഉപമിച്ചത്.
ഒരു ചന്തയിലെ തിരക്കിനോട് സമം എയർപോർട്ടിൽ.വൃത്തിഹീനമായ അന്തരീക്ഷം. എല്ലായിടത്തും പെട്ടിയും കിടക്കകളും ഒക്കെ ആയിട്ട് ആളുകൾ കുത്തിയിരിക്കുന്നു.ഞങ്ങൾ വന്ന ഫ്ലൈറ്റ് ശരിയാക്കാൻ രണ്ടു മണിക്കൂർ സമയം എടുക്കും അതുവരെ അവിടെ ചിലവഴിക്കണം.ഞങ്ങൾ നേരെ ചെന്നത് ബാഗേജ് ചെക്കിങ്ങിലേക്കാണ്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ ക്യൂവാണു.എന്റെ ഹാൻഡ് ബാഗേജ് സ്കാൻ ചെയ്ത ഓഫീസർ പെട്ടെന്നു എന്നോട് മാറി അപ്പുറത്തേക്ക് നിൽക്കാൻ പറഞ്ഞു.എന്താണ് സംഭവം എന്നറിയാതെ ആകെ പകച്ചു നിന്ന എന്നോട് കണ്ണ് കൊണ്ട് എന്താണ് സംഭവംന്ന് ദീപ ചോദിക്കുന്നുണ്ട്. എന്താണെന്ന് ഒരു പിടിയും കിട്ടാത്തത് കൊണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങാതെ ഞാൻ നിന്നു.
അങ്ങനെ നിൽക്കുമ്പോൾ ഞാൻ കണ്ടു ഉറുമ്പുകളുടെ നിരപോലെ വരി വരിയായി മറ്റുള്ള ചേട്ടന്മാരും മ്മടെ പിന്നിൽ..ശെടാ ഇതെന്താ സംഭവംന്ന് ആലോചിച്ചു നിൽക്കുമ്പോൾ വിമാനത്തിൽ വച്ച് ഞാൻ കൊല്ലാതെ വിട്ട സഫാരിസ്യൂട്ട്ചേട്ടൻ വളരെ സ്നേഹത്തോടെ എന്നോട് ഇങ്ങനെ പറഞ്ഞു "മ്മടെയൊക്കെ ബാഗിൽ ബോട്ടിലുണ്ട്.അതാ" അമ്പടാ അങ്ങനെ വരട്ടെ ചുമ്മാതല്ല എന്റെ പിന്നിൽ ഈ അസ്സംബ്ലി.എന്തായാലും ഈ കേസിൽ ഞാൻ ഒറ്റക്കല്ലന്നോർത്തപ്പോൾ ഉണ്ടായ സന്തോഷം.. കുറച്ചു കഴിഞ്ഞു വേറൊരു തലമൂത്ത ഓഫീസർ വന്നു എല്ലാവരുടേം ബാഗിൽ Ok മാർക്കിട്ടു. സ്കൂളിൽ പഠിക്കുമ്പോ കിട്ടിയ മാർക്കിന് പോലും അത്രേം സന്തോഷം തോന്നീട്ടില്ല.
അങ്ങനെ രണ്ടുമണിക്കൂർ കഴിഞ്ഞു ഞങ്ങളുടെ വിമാനം തിരിച്ചു പറക്കാൻ റെഡി ആയെന്നുള്ള അറിയിപ്പ് കിട്ടി.തിരിച്ചു എയർപോർട്ടിൽ നിന്നിറങ്ങുമ്പോൾ അവിടെ നിന്നിരുന്ന ഓഫീസർ പറഞ്ഞു"നിങ്ങൾ ഒരിക്കലും വരാൻ കഴിയില്ല എന്ന് വിചാരിച്ചിരുന്ന സ്ഥലത്തു നിങ്ങൾക്ക് വരാൻ കഴിഞ്ഞില്ലേ.അള്ളാഹു അനുഗ്രഹിക്കട്ടെ".വിമാനം കറാച്ചിയിൽ നിന്ന് ഉയർന്നു പൊങ്ങുമ്പോൾ ഞാനും മനസ്സിൽ വിചാരിക്കുകയായിയുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിൽ കുറച്ചു നേരം പെട്ട് പോയെങ്കിലും ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയില്ലന്നു വിചാരിച്ചിരുന്ന ഒരു സ്ഥലം കാണുവാൻ പറ്റി..ഇനി ആരൊക്കെ ഏതൊക്കെ സ്ഥലം കണ്ടിട്ടുണ്ട് പോയിട്ടുണ്ട് എന്ന് പറയുമ്പോൾ എനിക്കും പറയാലോ ഞാനും പോയിട്ടുണ്ട്ട്ടാ "പാകിസ്ഥാനിൽ"ന്ന്.

Written By: 
Rajeev Peringat Kalarikkal @ Nallezhuth

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot