നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞായറാഴ്ച്ചയിലെ തേൻമിട്ടായികൾ

Image may contain: 1 person, closeup
••••••••••••
"നീ കണ്ടിട്ടുണ്ടല്ലോ ആ കുട്ടിയെ...
പിന്നെന്താ ഈ ആലോചനയുടെ കാര്യം പറഞ്ഞിട്ടും നീ ഒന്നും പറയാത്തെ സുജി...പോയാൽ ഒരുവാക്ക്.. അങ്ങനെ കരുതിയാൽ പോരെ..."
സ്പൂണെടുത്തു കുറച്ചുകൂടി ഉള്ളിത്തീയൽ മോന്റെ ചോറിലേക്ക് ഒഴിച്ച്കൊടുത്തു ഞാൻ.
“ഓംലെറ്റിൽ ചെറിയഉള്ളി ഇട്ടാൽ മതിയാരുന്നില്ലേ എന്തിനാ സവാള ഇട്ടത്...ആ രുചിയങ്ങുപോയി അമ്മേ “
വായിൽ തിരുകിയ പൊരിച്ച മുട്ട ചവച്ചിറക്കുന്നതിനിടയിൽ അവൻ ചോദിച്ചപ്പോഴേ എനിക്ക് കത്തി!
ഉണ്ണാനിരിക്കുമ്പോഴാ ഒരു പെണ്ണാലോചനയെന്നാകും അവന്റെ മനസ്സിൽ..
ഉച്ചക്ക് വിശന്നുവലഞ്ഞ് വന്ന ചെറുക്കനോട് ഇപ്പോൾ തന്നെ കല്യാണാലോചനയുടെ കാര്യം എന്നെകൊണ്ട് ചോദിപ്പിക്കാൻ ലജ്ജയില്ലേ മനുഷ്യാ നിങ്ങൾക്ക് എന്നർത്ഥത്തിൽ ചന്ദ്രേട്ടനെ ഞാനൊന്ന് നോക്കി..
മോനാണെങ്കി ഉച്ചയൂണെന്നു വച്ചാൽ മനസ്സറിഞ്ഞു കഴിക്കണം...
അവനിഷ്ടപ്പെട്ടതെല്ലാം ഒരുക്കിവച്ച് ഇരിക്കുമ്പോഴാണ് ഒരു ബന്ധു അവരുടെ നാട്ടിൽ പുതുതായി വന്ന് താമസിക്കുന്ന ഒരു കൂട്ടരുടെ ആലോചനകാര്യം കൊണ്ടുവന്നത് സൂചിപ്പിക്കാൻ അദ്ദേഹം പറഞ്ഞത്...
അല്ല ആളെ പറഞ്ഞിട്ടും കാര്യമില്ല...
വരുന്ന ചിങ്ങം വന്നാൽ സുജിത്തിന് വയസ്സ് 34 ആകും അവനൊപ്പമുള്ളവന്മാരുടെയെല്ലാം കല്ല്യാണം കൂടി
അവൻ ..
അവർക്കൊപ്പം ഇവന്റെയും നടന്നിരുന്നെങ്കിൽ മരുമോളിപ്പോ ഒക്കത്തൊന്നിനെയും കയ്യിലൊന്നിനെയും കൊണ്ട് ഇവിടെ തേരാപാരാ നടന്നേനെ...
യോഗം....
ദീർഘനിശ്വാസമെടുത്തതോടൊപ്പം നല്ലോണം മൊരിഞ്ഞ ചൂട് മത്തി രണ്ടെണ്ണം കൂടി അവന്റെ പ്ലേറ്റിലേക്ക് വച്ച്കൊടുത്തുകൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു...
അടുക്കളവാതിൽക്കലെത്തി മെല്ലെ തിരിഞ്ഞുനിന്ന്
ഇനി നിങ്ങളൊന്നു പറയെന്ന് ...ഞാൻ കണ്ണ് കാണിച്ചു..
മുതിർന്നതിൽപ്പിന്നെ അച്ഛനും മോനും മിണ്ടാട്ടമൊക്കെ കുറവാണ് എന്നാലും എവിടെപ്പോയാലും അവനിഷ്ടമുള്ളതെല്ലാം വാങ്ങി വച്ചുവിളമ്പിക്കൊടുക്കാൻ പറഞ്ഞു മറക്കാതെ വീട്ടിൽ എത്തിക്കും...
ഒരുതവണ ഉണ്ട് കഴിഞ്ഞു വീണ്ടും ചോറെടുക്കാനായി കാസറോൾ തപ്പുന്ന മോനോട് ഗൗരവത്തോടെ വിഷയത്തിന് തുടക്കമിടാനായി ചന്ദ്രേട്ടനൊന്നു മുരടനക്കുന്നത് ഞാൻ കേട്ടു..
" ആ കുട്ടിയെ കാണാൻ നമുക്കൊന്ന് പോകാം..വരുന്ന ഞായറാഴ്ച്ച... ഞാനിപ്പൊത്തന്നെ ആ സുന്ദരേശനെ വിളിച്ചുപറയാം.."
" ആ ആയിക്കോട്ടെ അച്ഛാ..എനിക്കിഷ്ടക്കുറവൊന്നും ഇല്ലാ...ഇതിന് മുൻപ് കണ്ടവരോടും എനിക്കായിരുന്നില്ല ഇഷ്ടക്കുറവ് !അതൊക്കെ അച്ഛനും അമ്മയും ഒന്നു മനസ്സിൽ വച്ചേക്കണം..മടങ്ങിവന്നിട്ട് സെന്റിയടിച്ചു നടക്കരുത്..."
പറഞ്ഞുകഴിഞ്ഞു അവൻ നോക്കിയത് ഊണ് കഴിഞ്ഞു അവനിഷ്ടപ്പെട്ട മോരുംവെള്ളവും കയ്യിൽ പിടിച്ചു കടന്നുവന്ന എന്റെ മുഖത്തേക്ക്...
മോരിൽ ചതച്ചിട്ട ഇഞ്ചി അറിയാതെ എടുത്തു കടിച്ച കുരങ്ങനെ പോലെ അപ്പുറമിരുന്ന അദ്ദേഹത്തിന്റെ മുഖം ഒന്ന് ചളുങ്ങിയത് ഞാനും കണ്ടു..
മോരിൽ ചതച്ചിട്ട കാന്താരിയുടെ നീറ്റലാണോ എന്റെ കണ്ണൊന്ന് നീറി...ഒന്നാമത്തെയോ രണ്ടാമത്തെയോ ആലോചനയല്ലിത് അവനായി ഞങ്ങൾ നോക്കുന്നത്...
എവിടെപ്പോയാലും തിരിച്ചു ഇറങ്ങുമ്പോൾ അറിയിക്കാമെന്നുള്ള വാക്ക് കേൾക്കുമ്പോൾ ആദ്യമൊക്കെ പ്രതീക്ഷയോടെ കാത്തിരിക്കും പിന്നെയാ വാക്ക് കേൾക്കുമ്പോഴേ ആ ആലോചനയങ്ങു മറക്കും..
നിശ്ചയം വരെയെത്തിയ ഒരു ആലോചന പെണ്ണിനോടൊന്ന് ഫോണിൽ സംസാരിച്ചശേഷം അവൻ വേണ്ടെന്നു വച്ചു ...
അന്ന് മുറിയുടെ വാതിൽക്കൽ ഉത്തരത്തിനെന്നോണം കാത്തുനിന്ന എന്നോട് ഒരാൾക്ക് വേണ്ടിയും എനിക്കെന്റെ ഇഷ്ടങ്ങൾ മാറ്റാൻ കഴിയില്ലെന്നും പറഞ്ഞു അവനിറങ്ങിപോയി...
ബ്രോക്കർമാരും മാര്യേജ് ബ്യൂറോക്കാരും ഒടുവിൽ മാട്രിമോണിയൽ സൈറ്റ് വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു ഇത്രേം തടിയുള്ള ചെറുക്കനെ പെൺകുട്ടികൾക്ക് ഇഷ്ടം കുറവാണെന്ന് ..
ഉദ്ദേശിച്ചപോലെയൊരു ബന്ധം കിട്ടണമെങ്കിൽ കുടുംബപാരമ്പര്യമോ സ്വത്തോ സമ്പത്തോ മാത്രം പോരാ.. ആറും എട്ടും ഇല്ലെങ്കിലും ചുരുങ്ങിയത് നാലു പാക്കിന്റെ മസിലെങ്കിലും ശരീരത്തിലുള്ളവരെ വേണമെന്ന് എല്ലാവരും സൂചന തന്നു...
എന്തിനധികം... വകയിലൊരു ആങ്ങളയുടെ മകളെ അവനുവേണ്ടി ചോദിച്ചപ്പോൾ എന്നോടവന്റെ ഭാര്യ പറഞ്ഞത് ...
"അവളിപ്പോ പഠിക്കയല്ലേ..അതൊക്കെ കഴിയട്ടെ പിന്നെ അവന്റെ തീറ്റയൊന്ന് കുറച്ചു തടി കുറക്കാൻ പറയെന്റെ നാത്തൂനേ.. "
മൊബൈൽ സ്‌പീക്കറിൽ അവരുടെ സ്വരത്തിലെ പരിഹാസം മനസിലായെങ്കിലും വൈകുന്നേരത്തേക്ക് അവനിഷ്ടമുള്ള വറുത്തരച്ച കോഴിക്കറിയുണ്ടാക്കുന്ന തിരക്കിൽ ഞാനാ കോളങ്ങു കട്ടാക്കി...
ഞായറാഴ്ച കാലത്തുതന്നെ പെൺകുട്ടിയുടെ വീട്ടുകാരോട് മുൻകൂറായി അറിയിച്ച സമയത്തിനെത്താനായി വീട്ടിൽ നിന്നിറങ്ങാൻ നേരം അവൻ വീണ്ടും ഞങ്ങളെ ഓർമിപ്പിച്ചു..
" ഇതും കൂടി കഴിഞ്ഞാൽ പിന്നെ എന്നെയീ പരിപാടിക്ക് വിളിക്കരുത് ... ഭാഗ്യം പരീക്ഷിക്കാനും പെണ്ണ് കിട്ടാൻ പട്ടിണി കിടക്കാനും എനിക്ക് വയ്യ.."
" നീ വാ..മനസ്സറിഞ്ഞു ഭക്ഷണം കഴിച്ചു ആരോഗ്യത്തോടെ ഇരിക്കുന്നവർക്ക് പെണ്ണ് കിട്ടുമോയെന്നു ഞാനും നോക്കട്ടെ..."
അങ്ങനെ പറഞ്ഞെങ്കിലും എങ്ങനെയെങ്കിലും ഇതൊന്ന് നടക്കണേയെന്നു ഞാൻ മനസ്സുരുകി കൃഷ്ണനെ വിളിച്ചു..
അമ്മയായത് കൊണ്ട് പറയുന്നതല്ല എങ്ങനെ നോക്കിയാലും അമിതവണ്ണമൊന്നും എന്റെ മോനില്ല ...
മറ്റുള്ളവർക്ക് അസൂയകൊണ്ടാവും അങ്ങനെ തോന്നുന്നത്.
ഇഷ്ടപെട്ട ഭക്ഷണം ആസ്വദിച്ചു കഴിച്ചു സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കുന്ന അവൻ ചോദിക്കുമ്പോൾ മനസ്സ് നിറഞ്ഞ സ്നേഹത്തോടെ ഇനിയും ഞാനുണ്ടാക്കി കൊടുക്കും..
അങ്ങനെ പലവിധചിന്തകളും കൊണ്ട് റോഡരുകിലെ കാഴ്ചകളും കണ്ട് പോകുമ്പോഴാണ് റോഡിലൊരു ആൾക്കൂട്ടവും അതിൽ ചിലർ റോഡിലേക്ക് കയറിനിന്ന് കൈ കാണിക്കുന്നതും കണ്ടത് ...
വണ്ടി സൈഡാക്കി ഇറങ്ങിച്ചെന്ന മോൻ ആൾക്കൂട്ടത്തിനിടയിലേക്ക് എത്തിനോക്കുന്നതും മുണ്ട് മടക്കിക്കുത്തി ഓടിവന്ന് എന്നോട് ഒതുങ്ങി ഇരിക്കാൻ പറഞ്ഞതിന് പിന്നാലെ ചോരയിൽ കുളിച്ച ഒരു മനുഷ്യനെയും താങ്ങി കുറച്ചു പേർ വന്ന് ഡോർ തുറന്നു..
" ചേച്ചി പുള്ളിയുടെ തലയൊന്ന് മടിയിലേക്ക് വക്കോ ആൾക്ക് ബോധമില്ല.."
പച്ചചോരയുടെ മണത്തിനൊപ്പം മണ്ണുപറ്റിയ മാംസം പറിഞ്ഞുകീറി തൂങ്ങികിടക്കുന്നതും അതിനിടയിലൂടെ കാണുന്ന ഇടതുകാലിലെ എല്ലിന്റെ നിറവും കണ്ടതോടെ എനിക്ക് പരവേശമെടുക്കാൻ തുടങ്ങി..ശർദ്ധിക്കാനോ തലകറങ്ങുന്ന പോലെയോ ആകെയൊരു സംഭ്രമം .
" അമ്മ പേടിക്കണ്ട കണ്ണടച്ചിരുന്നോളു...ചേട്ടന്മാരെ നിങ്ങളാരെങ്കിലും ഒന്നെന്റെ കൂടെവരോ കയ്യിൽ പൈസയൊന്നും ഇല്ലാ.."
കണ്ണടക്കും മുൻപേ ശബ്ദത്തിനുടമയായ പെൺകുട്ടിയെ ഞാൻ നോക്കി നീണ്ടുവിടർന്ന കണ്ണുകളാണ് ആദ്യം കണ്ണിൽ പെട്ടത് ..
വല്ല്യേ സുന്ദരിയൊന്നും അല്ലെങ്കിലും ഐശ്വര്യമുള്ള മുഖം..
അതിന്റെ ചുരിദാറിന്റെ മുക്കാൽഭാഗവും രക്തത്തിൽ മുങ്ങിയിരുന്നു.
കാശ് ചിലവാക്കാനുള്ള മടിയും വയ്യാവേലി ഏറ്റെടുക്കാനുള്ള പേടിയും അവിടെ കൂടിയ ആരും കൂടെ കയറിയില്ല...
പൈസ തൽക്കാലം എന്റെ കയ്യിലുണ്ട് നമുക്ക് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് സുജിത്ത് പറയുന്നത് ഞാൻ കേട്ടു..
അപ്പോഴും കണ്ണ് തുറക്കാനോ പൊത്തിപിടിച്ച മൂക്കിൽ നിന്നും കൈമാറ്റാനോ എനിക്കിനിയും ധൈര്യം കിട്ടിയില്ല..
ചന്ദ്രേട്ടനും സുജിത്തും ആ പെൺകുട്ടിയും സംസാരിക്കുന്നതിൽ നിന്നും അപകടത്തിൽ പെട്ടത് ഏതോ വഴിപോക്കനാണെന്ന് മനസിലായി..
ഐ ടി പാർക്കിലെ നെറ്റ് ഷിഫ്റ്റും കഴിഞ്ഞു വീട്ടിലേക്ക് സ്കൂട്ടിയിൽ പൊയ്ക്കൊണ്ടിരുന്ന വിഷ്ണുപ്രിയ ഇയാളെ ബസ് ഇടിച്ചു തെറിപ്പിക്കുന്നത്‌ കണ്ട് വണ്ടി നിർത്തി ഓടിച്ചെന്നതാണ്...
താടിക്കും കൈകൊടുത്തും മൂക്കിന് വിരൽ വച്ചും ദുഖത്തോടെ സെൽഫിയെടുത്തും ജീവന് വേണ്ടി പിടഞ്ഞു കേഴുന്ന ആ മനുഷ്യനെ എത്തിനോക്കി ആൾക്കൂട്ടം നിൽക്കുന്നത് കണ്ട് കലിയിളകി അയാളെ ആസ്പത്രിയിലെത്തിക്കാൻ അവൾ അലറി വിളിച്ചതുകൊണ്ടാണ് ഞങ്ങടെ വണ്ടിക്ക് അവർ കൈ കാണിച്ചു നിർത്തിയത്..
കണ്ണ് തുറന്ന് ആ മിടുക്കിയെ ഒന്ന് കൂടി കാണണമെന്നുണ്ട് പക്ഷെ തുറന്നാൽ മടിയിൽ കിടക്കുന്ന ഇയാളെക്കാൾ മുൻപേ എന്നെ ഐ സി യുവിൽ കയറ്റുമെന്ന അവസ്ഥയാണ്.
അതിനിടക്ക് ഫോണിൽ വിളിച്ചു് ആരോടോ മെഡിക്കൽ കോളേജിലേക്ക് എത്താൻ പറയുന്നുണ്ടവൾ..
മെഡിക്കൽ കോളേജിലെത്തി അവർ മൂവരും കൂടി അത്യാഹിതവിഭാഗത്തിലേക്ക് അയാളെ കൊണ്ടുപോയതിന് ശേഷമാണ് ഞാൻ കണ്ണുതുറന്നത്..
കർചീഫ് കൊണ്ട് പൊത്തിപിടിച്ചിട്ടും കാറിനുള്ളിലെ മനംപിരട്ടുന്ന രക്തഗന്ധം മൂക്കിലേക്കടിച്ചു കയറിയതും ഞാൻ പുറത്തേക്ക് ഇറങ്ങി ...നോക്കുമ്പോൾ ദൂരെ നിന്ന് ചന്ദ്രേട്ടൻ നടന്നു വരുന്നുണ്ടായിരുന്നു..
അയാളുടെ പോക്കറ്റിൽ കിടന്ന ഫോണിൽ വിളിച്ചു വീട്ടിൽ വിവരമറിയിച്ചെന്നും...
അയാളെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി രക്തം കുറെ നഷ്ടപെട്ടതുകൊണ്ട് രക്തദാനത്തിന് മോൻ പോയിട്ടുണ്ടെന്നും അതും തികയാത്തതുകൊണ്ട് ആരെയൊക്കെയോ വിളിക്കുന്നുണ്ടെന്നുമൊക്കെ പറയുന്നതിനിടയിൽ തന്നെ പെൺവീട്ടുകാരെ വിളിച്ചു ഇന്ന് വരാൻ കഴിയില്ലെന്നും ചന്ദ്രേട്ടൻ അറിയിച്ചു..
അയാളുടെ വീട്ടിൽ നിന്നും ആളെത്തിയിട്ട് പൊയ്ക്കോളാം ചേട്ടൻ അമ്മയേം അച്ഛനേം കൂട്ടി മടങ്ങിക്കോളാൻ ആ കുട്ടി പറഞ്ഞിട്ടും മടങ്ങാതെ ഞങ്ങൾ അവൾക്കൊപ്പമിരുന്നു... പരുക്കേറ്റയാളുടെ ഭാര്യയും കുടുംബക്കാരും വരും വരെയും.
ആ രണ്ടോ മൂന്നോ മണിക്കൂറിൽ പങ്കുവെച്ച വിശേഷങ്ങളിൽ കൂടി കഷ്ടപ്പെട്ട് പഠിച്ചു ജോലിനേടി സ്വന്തം കാലിൽ നിന്ന് ധൈര്യത്തോടെ ജീവിക്കുന്ന ആ കുട്ടിയെ എനിക്കങ്ങു വല്ലാതെയിഷ്ടപ്പെട്ടു..
ചായ മാത്രം വാങ്ങികൊണ്ടുവന്ന സുജിയോട് എനിക്ക് കഴിക്കാനെന്തെങ്കിലും വേണം ചേട്ടാ..
വിശന്ന് കുടല് കത്തണുന്ന് പരാതിപെട്ട് പരിചയകുറവേതുമില്ലാതെ ഉറക്കക്ഷീണവും വിശപ്പും തളർത്തിയ ആ ഉണ്ടക്കണ്ണുകൾ വിടർത്തി അവളവനെ നോക്കി...
തടിയുടെ പേരിൽ കല്യാണാലോചന മുടങ്ങിപ്പോയ കഥകളൊക്കെ ഞാനവളോട് വിസ്തരിച്ചു പറയുമ്പോൾ മോനെന്നെ ദേഷ്യത്തിൽ ചുണ്ട് കൂർപ്പിച്ചു കൈ മലർത്തികാണിച്ചു ... എന്ത് പണിയാണിത് അമ്മേ!! എന്ന ആക്ഷനോടെ..
" അപകടം നടന്ന സ്ഥലത്തെ മസിൽ സുന്ദരന്മാരുടെ ശോഷിച്ച മനസ്സ് ഞാൻ കണ്ടതാ.. ഈ മോനെ കിട്ടുന്ന മരുമോള് ഭാഗ്യം ചെയ്തതാ അമ്മേ..
പുറമേക്ക് ലക്ഷണമൊത്ത സുന്ദരനും സുമുഖനുമൊക്കെ ആയിട്ട് മനസ്സിൽ നന്മയില്ലാതെ ഇരിക്കുന്നവരെ കിട്ടിയിട്ട് എന്ത് കാര്യം..."
ഇത്രയുമായപ്പോൾ പോയാലൊരു വാക്ക്..കിട്ടിയാലൊരു പൊന്നിൻകുടമെന്നു കരുതി അച്ഛന്റെയും മോന്റെയും കണക്കിൽ ബുദ്ധിയില്ലാത്ത ഞാൻ ഒട്ടും വൈകിക്കാതെ ആ ശുഭമുഹൂർത്തത്തിൽ മെഡിക്കൽ കോളേജിന്റെ വരാന്തയിലിരുന്ന് ഒരു ചോദ്യമങ്ങു ചോദിച്ചു അവളോട്..
ആ ഞായറാഴ്ചയിലെ ചോദ്യത്തിനുത്തരമായി ഇന്ന് കൊല്ലങ്ങൾക്കിപ്പുറമുള്ള അതേ ഞായറാഴ്ചയിൽ സോഫ നിറഞ്ഞിരിന്ന് അവളും അവനും കൂടി പൊട്ടിച്ചിരിച്ചുകൊണ്ട് ടി വി കാണുന്നുണ്ട്..
അവരെ ഒന്ന് നോക്കി ഉമ്മറത്ത് തേൻമിട്ടായി പോലുള്ള രണ്ട് ഗുണ്ടുമണി പിള്ളേരുമൊത്തു ആന കളിക്കുന്ന ചന്ദ്രേട്ടനരികിലേക്ക് ഒരു പാത്രം നിറയെ ചൂടൻ പഴംപൊരിയുമായി ഞാൻ ചെന്നതും സുജിയും വിഷ്ണുവും ഓടിവന്നു.
"തടിയുള്ളവരെ കെട്ടിപിടിച്ചു കിടക്കുമ്പോൾ പഞ്ഞിക്കിടക്കയിൽ കിടക്കുന്ന സുഖമല്ലേ അമ്മേ.. മാത്രല്ല ഇഷ്ടഭക്ഷണം കഴിച്ചു ജീവിക്കാൻ ഇതിലും നല്ലൊരു ചാൻസ് വേറെയുണ്ടോ ? എനിക്ക് സമ്മതമാണ് അമ്മേടെ മരുമോളാകാൻ.. എന്റെ വീട്ടിൽ വന്ന് അച്ഛനോട് ഒന്ന് ചോദിക്കോ.."
നാവിലലിഞ്ഞു പോകുന്ന തേൻമിട്ടായിയുടെ രുചിയോടെ അവൾ തന്ന ആ ഒറ്റ മറുപടിയിൽ എന്റെ മകളായി കൈ കോർത്ത് പിടിച്ചതാണ് ഞാനന്ന് ...
ഇഷ്ടങ്ങളൊന്നും ആർക്ക് വേണ്ടിയും മാറ്റാതെ പട്ടിണി കിടന്ന് മസിലുണ്ടാക്കാൻ നടക്കാതെയും അവരിപ്പോഴും ഹാപ്പി ആയി ജീവിക്കുന്നു...എനിക്കത് മതി.
ഒറ്റത്തവണ ഓഫറാണ് ജീവിതം.. അത് മറ്റുള്ളവരുടെ ഇഷ്ട്ടവും ചിന്തകളും നോക്കി ജീവിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നമ്മളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടതും ചിന്തിക്കേണ്ടതും..
••••••••••
ലിസ് ലോന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot