നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ : സ്നേഹത്തിന്റെ സെൽഫി

Image may contain: Muhammad Ali Ch, smiling, closeup
അലക്സ് കുറേക്കാലമായി ആഗ്രഹിക്കുന്നതാണ് നീനുവിന്റെ അപ്പനെയും അമ്മച്ചിയെയെയും ദുബായിലേക്ക് കൊണ്ടുവരാൻ.
അഞ്ച് വർഷങ്ങൾക്ക് മുൻപ് സ്റ്റീവിനെ പ്രസവിക്കുന്ന സമയം "അമ്മ കൂടെ തന്നെ വേണമെന്ന്" അവൾ വാശി പിടിച്ചതിനാൽ അന്ന് അമ്മ ഇങ്ങോട്ട് വന്നിരുന്നു. അപ്പന് അന്ന് ജോലി അവധി ലഭിച്ചിട്ടില്ലാത്തതിനാൽ വരാൻ സാധിച്ചിരുന്നില്ല. അപ്പനിപ്പോൾ റിട്ടയർ ആയി വിശ്രമ ജീവിതം നയിക്കുകയാണ് . ഇവിടെയാണെങ്കിൽ ഇപ്പോൾ നല്ല കാലാവസ്ഥയും.
നീനു അവരുടെ ആകെയുള്ള സന്തതിയാണ്, അവളെ തന്നെ ഏൽപ്പിക്കുമ്പോൾ തന്റെ അപ്പൻ സ്ത്രീധനം കൂടി വിലപേശി വാങ്ങിയിരുന്നു. അപ്പനെ അനുസരിച്ച് മാത്രം ശീലമുള്ളത് കൊണ്ടും,അന്ന് താൻ ഇന്നത്തെ അത്രയും തന്റേടിയല്ലാത്തത് കൊണ്ടും അലക്സ് എതിർത്തൊന്നും പറഞ്ഞിരുന്നില്ല . തന്റെ അപ്പൻ നിർബ്ബന്ധപൂർവ്വമെന്ന പോലെ നീനുവിന്റെ അപ്പനിൽ നിന്നും സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ 'ഈടാക്കിയിരുന്നു'. അന്ന് അവളുടെ അപ്പൻ എന്റെ അപ്പനോട് പറഞ്ഞതോർമ്മയുണ്ട്.
"വർഗ്ഗീസച്ചായോ , നീനു ഞങ്ങൾക്കാകെ ഒരു മകളാണ്, ഞങ്ങൾക്കുള്ളതെല്ലാം അവൾക്കുള്ളത് തന്നെയല്ലേ".
"അത് പിന്നെ , സണ്ണീ , അലക്സിന്റെ കൂട്ടുകാരൊക്കെ നല്ലോണം കണക്ക് പറഞ്ഞു മേടിച്ചിട്ടാ കെട്ടിയിരിക്കുന്നെ, പിന്നെ ഇതൊക്കെ ഇന്നൊരു നാട്ടു നടപ്പല്യോ ? നിങ്ങടെ കയ്യിലുള്ളതൊക്ക പിന്നീട് നിങ്ങടെ കൊച്ചിന് തന്നെ കൊടുത്തേര്, ഇപ്പൊ ഈ കല്യാണം നടക്കുന്ന സമയത്ത് അലക്സിനൊരു അഞ്ചു ലക്ഷം രൂപ അങ്ങ് കൊടുത്തേക്കണം , ചെറുക്കന്റെ ആഗ്രഹമല്യോ , കൂട്ടുകാരെപ്പോലെ തന്നെ എന്തെങ്കിലും വാങ്ങി കെട്ടണമെന്ന് " ..
"അപ്പാ , എനിക്ക് ഈ കാശൊന്നും വേണ്ട". എന്ന് പറയാൻ പല തവണ നാവ് പൊങ്ങിയതാ, പക്ഷെ സാധിച്ചില്ല, അപ്പനോടുള്ള ഭയവും, ബഹുമാനവും അതിന് സമ്മതിച്ചില്ല ..
സണ്ണിച്ചായൻ പിന്നെ തർക്കിക്കാനൊന്നും നിന്നില്ല, അതങ്ങ് സമ്മതിച്ചു കല്യാണം ഭംഗിയായി നടന്നു.
സ്ത്രീധനം നൽകാത്തതിന്റെ പേരിൽ പീഡനങ്ങളുടെയും , പെണ്കുട്ടികളുടെ ആത്മഹത്യയുടെയും വാർത്തകൾ വായിക്കുമ്പോൾ അലക്സിനെ വല്ലാതെ അലട്ടാറുണ്ട് ,
ബുദ്ധിമതിയും. അനുസരണയുള്ളവളും, ശാന്തസ്വഭാവിയുമായ നീനുവിനോട് ചിലപ്പോളൊക്കെ അലക്സ് പറഞ്ഞു,
"സത്യമായും പറയുവാ, എനിക്കിഷ്ടമുണ്ടായിട്ടല്ല അന്ന് തന്റെ അപ്പനിൽ നിന്നും അഞ്ച് ലക്ഷം വാങ്ങിയത്.. എനിക്കതോർക്കുമ്പോൾ വല്ലാത്ത വിഷമമാ, അത് എന്നെങ്കിലും നിന്റെ അപ്പനെ തിരികെ ഏൽപ്പിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം".
'അലക്സ് , അതൊക്കെ മനസ്സിൽ വെച്ചോണ്ട് നടക്കുവാണോ ഇപ്പളും, പിന്നെ, അപ്പൻ അത് തന്നെ ഓർത്തോണ്ടു നടക്കുവല്ലേ, നമ്മൾ രണ്ടുപേരും എപ്പോളും സന്തോഷത്തോടെ ജീവിച്ചാ മതിയെന്നേ അപ്പനും അമ്മച്ചിയും ആഗ്രഹിക്കുന്നുള്ളൂ , അലക്സ് അതൊക്കെ വിട് ",
ഒരിക്കൽ അവൾ ഈ മറുപടി പറഞ്ഞപ്പോൾ പിന്നെ അലക്സ് നീനുവിനോട് ഇതേക്കുറിച്ച് പറയാറേയില്ല.
എന്നാൽ അലക്സ് അത് മറക്കാൻ ഒട്ടും തയ്യാറുമല്ലായിരുന്നു. ആ അഞ്ച് ലക്ഷം ഒരു അവിഹിതമായ ഒരു ധനമായി എന്നും അലക്സിന് തോന്നാറുണ്ട് .
അലക്സ് പലപ്പോഴും മനസ്സിലും ചിലപ്പോളെല്ലാം നീനുവിനോട് തന്നെയും പറയാറുണ്ട്
"നീ തന്നെയാണ് എന്റെ ധനം " എന്ന്...
നീനുവിന്റെ അപ്പൻ സണ്ണിച്ചായനെയും , അമ്മച്ചി വത്സമ്മയെയും അലക്സ് ദുബായ് എയർപോട്ടിൽ ചെന്ന് ബഹുമാനപുരസ്സരം സ്വീകരിച്ചു ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഒഴിവു ദിവസങ്ങളിലും, ജോലിയിൽ നിന്നും അവധിയെടുത്തും അലക്സ് നീനുവിന്റെ അപ്പനെയും അമ്മയെയും നാട് ചുറ്റിക്കാണിച്ചു, കുസൃതിക്കാരനായ സ്റ്റീവ് വല്യച്ചന്റെയും വല്യമ്മയുടെയും കണ്ണിലുണ്ണിയാണെന്ന് പറയേണ്ടതില്ലല്ലോ.
ദുബായ് സന്ദർശനം കഴിഞ്ഞു അപ്പയും അമ്മയും മടങ്ങിപ്പോകാൻ തീരുമാനിച്ചതിന്റെ തലേ ദിവസം രാത്രീ , കാർ പാർക്ക് ചെയ്യാൻ നേരം ഓരോന്ന് സംസാരിക്കവെ കാറിൽ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന സണ്ണിച്ചായനോട് അലക്സ് തന്റെ മനസ്സ് തുറന്നു പറഞ്ഞു.
“രണ്ടാളോടും എനിക്കൊരു കാര്യം പറയാനുണ്ട്”,
"പറഞ്ഞോളൂ അലക്സ് മോനെ" "ഇവനെന്തായിരിക്കും ഇപ്പൊ പറയാനുള്ളതെന്ന ഭാവത്തിൽ" സണ്ണിച്ചായൻ അലക്സിനെ കേൾക്കാൻ തയ്യാറായി.
"അപ്പാ , എന്റെ ഇഷ്ടത്തിനനുസരിച്ചല്ല, നീനുവിനെ കെട്ടുമ്പോ അഞ്ച് ലക്ഷം നിർബ്ബന്ധപൂർവ്വമെന്നപോലെ വാങ്ങിയത്”.
“അപ്പനെ അറിയാലോ, കുറച്ച് പഴഞ്ചൻ മട്ടാ, അപ്പന്റെ ആഗ്രഹമായിരുന്നു മകൻ 'വെറുതെ' അങ്ങനെ പെണ്ണ് കെട്ടരുതെന്ന് , എനിക്ക് ആ കാശ് അപ്പന് തിരിച്ചു തരണമെന്നുണ്ട്"
അലക്സിന്റെ മുഖത്ത് നോക്കിക്കൊണ്ട് സണ്ണിച്ചായൻ സ്നേഹപൂർവ്വമായൊരു പുഞ്ചിരി സമ്മാനിച്ചു. പിന്നെ അലക്സിനോട് പറഞ്ഞു.
"അതൊക്കെ അന്ന് സന്തോഷത്തോടെ തന്നു കഴിഞ്ഞതാണ്, എന്റെ മകൾക്ക്, അല്ലെങ്കിൽ നിങ്ങൾക്ക് രണ്ട് പേർക്കും അവകാശപ്പെട്ടതല്ലേ മകനെ ഞങ്ങൾ നിനക്ക് തന്നുള്ളൂ.”
“ഞങ്ങളുടെ മരണം വരെ നിങ്ങൾ എന്നും ഇങ്ങനെ സന്തോഷത്തോടെ കഴിയുന്നത് കണ്ടാ മതി. നീയിപ്പോ അഞ്ചു ലക്ഷമോ പത്ത് ലക്ഷമോ ഒന്നും ഞങ്ങൾക്ക് തരേണ്ട കേട്ടോ, മോന് വിഷമമൊന്നും തോന്നരുത് കേട്ടോ"
പിന്നെ.. അലക്സിന്റെ ചുമലിൽ സ്നേഹത്തോടെ തലോടിക്കൊണ്ട് തുടർന്നു
“നീനു ഞങ്ങളുടെ ആകെ സന്തതിയായിരുന്നു.. അവൾ വഴി അലക്സ് മോൻ കൂടി നമ്മുടെ വീട്ടിലെത്തിയപ്പോൾ ഞങ്ങൾക്കൊരു മകൻ കൂടി ഉണ്ടായത് പോലെയാ. ഇങ്ങനെയൊക്കെ ചിന്തിക്കാൻ മാത്രം പക്വതയെത്തിയ നിന്റെ ആ മനസ്സുണ്ടല്ലോ, ഞങ്ങളോടെയുള്ള ആ സ്നേഹം നിറച്ച ആ മനസ്സ് എന്നും ഞങ്ങളോടുണ്ടായാ മതി".
"അതെ അലക്സ് മോനെ, ഞങ്ങൾക്ക് സ്നേഹിക്കാനും, ഞങ്ങളെ സ്നേഹിക്കാനും".. അത് പറയുമ്പോൾ..വത്സമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.
അവർ തിരിച്ചു പോയി, രണ്ടാഴ്ചക്ക് ശേഷം നാട്ടിൽ നിന്നും ഒരു ദിവസം രാവിലെ അലക്സിന് നീനുവിന്റെ അമ്മാവന്റെ ഫോൺ "അലക്സേ , സണ്ണിച്ചായന് ഹാർട്ട് അറ്റാക്ക് ഉണ്ടായി, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുവാ, സാധിക്കുമെങ്കിൽ രണ്ടാളും പെട്ടെന്ന് വന്നോളൂ , ബൈപ്പാസ് ചെയ്യേണ്ടെണ്ടതുണ്ട്, പിന്നെ ഡോക്ടർമാർ അത്ര ഉറപ്പൊന്നും പറയുന്നുമില്ല, ആരെങ്കിലും വന്ന് കാണാനുണ്ടെങ്കിൽ കണ്ടോട്ടേ എന്നാണ് ഡോക്ടർമാരുടെ ഉപദേശം ".
എമെർജൻസി അവധിയെടുത്തു , അലക്‌സും നീനുവും ആശുപത്രീയിലുള്ള അപ്പനെ കാണാനായി പറന്നെത്തി.
പത്ത് ദിവസങ്ങൾക്ക് ശേഷം, ബൈപ്പാസ് കഴിഞ്ഞ, സ്വകാര്യ ആശുപത്രിയിലെ , സണ്ണിച്ചായന്റെ ആശുപത്രി ബിൽ മുഴുവനായും അടച്ച് കൊണ്ട് ഡിസ്ചാർജ്ജ് വാങ്ങി , അലക്സ് ഒരു മകന്റെ കടമ നിറവേറ്റി. ഒപ്പം ആശ്വസിച്ചു , വാങ്ങിയ സ്ത്രീധനം “അപ്പനോ അമ്മയോ എന്തായാലും തിരിച്ചു വാങ്ങില്ല, ഇനി അവരുടെ കയ്യിൽ പണം ഉണ്ടെങ്കിലും, താൻ ഇതെങ്കിലും ചെയ്തു സമാധാനിക്കണം”.
തിരിച്ചു ദുബായിലേക്ക്, നീനുവിന്റെ വീട്ടിൽ നിന്നും പുറപ്പെടാൻ ഒരുങ്ങവെ, അലക്സിന്റെ അപ്പനും അമ്മയുമെല്ലാം സന്നിഹിതരായിരുന്ന വേള , കിടക്കയിൽ എഴുന്നേറ്റിരുന്നു കൊണ്ട് സണ്ണിച്ചായൻ അലക്സിനെ അടുത്തേക്ക് വിളിച്ചുകൊണ്ടു പറഞ്ഞു ..
"അലക്സ് മോനെ, എല്ലാരേം ഇങ്ങോട്ട് വിളി, എന്നിട്ട് നിന്റെ ആ മൊബൈലിന്ന് എല്ലാരേം കൂട്ടി ഒരു സെൽഫി എടുക്ക്, ഞാൻ ദേ റെഡി. ". അലക്സിന് ആകെ സന്തോഷമായി, അവൻ എല്ലാവരെയും ഒരുമിച്ചു കൂട്ടി ഒരു കിടിലൻ സെൽഫി ... വീണ്ടും സണ്ണിച്ചായന്റെ കമന്റ് "മോനെ അലക്സേ , ഇതാണ് സ്നേഹത്തിന്റെ സെൽഫി, , ഇനി നിനക്കൊക്കെ ഇങ്ങനെ വന്ന് കാണാൻ ഞാൻ ഉണ്ടാകുമോ എന്തോ, എന്തായാലും നീ ആ ഫോട്ടോ എനിക്കയച്ചു തരണേ ", ..
യാത്ര പറഞ്ഞു, അലക്‌സും കുടുംബവും ദുബായിലേക്ക് യാത്രയായി..
-മുഹമ്മദ് അലി മാങ്കടവ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot