നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സത്യം!! അല്ലേ?

"എന്റെ അമ്മേ... "
ഒന്നൂടെ ബാഗിലും പോക്കറ്റിലും ഒക്കെ നോക്കിയിട്ട് ഞാൻ അറിയാതെ വിളിച്ചു പോയി. കാണുന്നില്ല. ഈശ്വര ഞാൻ മൊബൈൽ മറന്നു. ബാങ്കിൽ മുന്നിൽ കസ്റ്റമർ ഇരിക്കുന്നത് മറന്നു ഞാൻ കൂട്ടുകാരൻ ആഷികിന്റ അടുത്തേക്ക് ഓടി ചെന്നു.
അവൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ എന്നെ നോക്കി
"മൊബൈൽ വീട്ടിൽ വെച്ചു മറന്നെടാ "
ഞാൻ വിയർത്തു
"അതിനെന്താ? വൈഫിനെ വിളിക്കാനാണെങ്കിൽ ഞാൻ ഫോൺ തരാം "
അവൻ
"പോടാ കോപ്പേ അതല്ലാന്നു. അതിൽ ഐഷുന്റെ നമ്പർ ഉണ്ടെന്ന്... ഞാൻ ഡിലീറ്റ് ചെയ്യാൻ മറന്നു "
"എന്റെ പടച്ചോനെ നീ തീർന്നെടാ തീർന്നു... ഫോണിൽ ലോക്കുണ്ടോ? "
"പണ്ട് ഉണ്ടാരുന്നു. കല്യാണം കഴിഞ്ഞപ്പോൾ.. ഈ സത്യസന്ധത, ആത്മാർത്ഥത, വിശാലഹൃദയ.... "
"മാങ്ങാത്തൊലി... അത്ര സത്യമുള്ളവനെങ്കിൽ പഴയ കാമുകിയുടെ നമ്പർ സൂക്ഷിച്ചു വെക്കുമോ?
"മറന്നു പോയി "ഞാൻ ദയനീയമായി അവനെ നോക്കി. "പക്ഷെ ഞാൻ മാത്യു എന്ന സേവ് ചെയ്തേ "
"ആണോ? എന്ന കുഴപ്പം ഇല്ല അവൾ നോക്കാനൊന്നും പോണില്ല "
"പെണ്ണല്ലെടാ വർഗം? ഒരു ചാൻസ് കിട്ടിയാൽ.. നോക്കിക്കോ ഇന്നവൾ ചോറ് പോലും ഉണ്ടാക്കുകേല എന്റെ ഫോണിന്റെ ചരിത്രോം ഭൂമിശാസ്ത്രോം പടിക്കുകയായിരിക്കും "
"അല്ലെ... അവൾക്കു നിന്റെ ഐഷുന്റെ കാര്യം അറിയോ? "
ഞാൻ ഒന്ന് ചമ്മി
"ഫസ്റ്റ് നൈറ്റിൽ... ഒരാവേശത്തില്... പറഞ്ഞാരുന്നു... "
"കൂടുതൽ നിഷ്കളങ്കനാകാൻ....? "
"ഉം ഉം "
"ഇങ്ങനെ ഒരു സാധനം... പോട്ടെ നീ സീറ്റിൽ പോയി ഇരിക്ക്.. കസ്റ്റമർ എത്തി തുടങ്ങി "
ഞാൻ പോയിരുന്നു. എന്റെ നെഞ്ചിൽ തൃശൂർ പൂരം. വൈകിട്ട് വീട്ടിൽ പോകണോ വേണ്ടയോ. കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങൾ ആയെ ഉള്ളെങ്കിലും എനിക്ക് അവളുടെ സ്വഭാവം മനസിലായിട്ടുണ്ട്. കടുകട്ടിയാ .... കള്ളം അവൾ ക്ഷമിക്കില്ല.
വൈകുന്നേരം
ചായ വന്നു. അവൾ പഴയ പോലെ
"ഏട്ടൻ മൊബൈൽ മറന്നു ട്ടോ "
ഹോ നെഞ്ചിൽ ഒരു വെള്ളിടി
"ഞാൻ വിളിച്ചപ്പോൾ ദേ ഇവിടെ കിടന്നടിക്കുന്നു "അവളുടെ കയ്യിൽ എന്റെ മൊബൈൽ.
ഈ നിഷ്കളങ്കതയെ ആണല്ലോ ഞാൻ സംശയിച്ചേ... പാവം
"പൊന്നു ചായ കുടിച്ചോ? "
"ഇല്ല... ഏട്ടന്റെ ഒപ്പം ല്ലേ കുടിക്ക്യ "ആ നാണം കാണാൻ എന്താ ഭംഗി !
"എന്റെ ചക്കരയല്ലേ "?
"ഉം "
"എന്റെ തക്കുടു.... "ഞാൻ ഇച്ചിരി ഓവർ ആയി
അപ്പോളാണ് ബോംബ്
"ഏട്ടന്റെ മാത്യു വിളിച്ചിരുന്നു ട്ടോ "
ഈശ്വര എവിടെ ആ തൃപ്പാദങ്ങൾ. ഇനി ആ കാല് പിടിക്കാതെ രക്ഷ ഇല്ല. ഞാൻ ചത്ത്
"അയാളുടെ കല്യാണം ആണെന്ന് "
എന്റെ കൈയും കാലുമൊക്കെ വിറച്ചിട്ട് പാടില്ല. വല്ല സുനാമി വന്നു ഞാൻ ഒലിച്ചു പോണേ....
"അവൾ എന്റെ മുഖം കയ്യിൽ എടുത്ത് എന്റെ കണ്ണിലേക്കു നോക്കി. കഴുത്തിൽ ഞെക്കി കൊല്ലാൻ പോവണോ ദൈവമേ
"ഐഷു എന്നോടെല്ലാം പറഞ്ഞു. കൂടെ ഒരു സോറിയും. നമുക്ക് പോകാം കല്യാണത്തിന് "അവളുടെ മുഖത്തു നിറഞ്ഞ ചിരി.
"പൊന്നു... ഞാൻ സോറി... പണ്ട് അനിയത്തി കണ്ടു പിടിക്കാതിരിക്കാൻ മാത്യു എന്ന്...കല്യാണം കഴിഞ്ഞു ഞാൻ വിളിച്ചിട്ടേയില്ല . ഡിലീറ്റ് ചെയ്യാൻ മറന്നു പോയതാ "
"സാരോല്ല ഞാൻ ഡിലീറ്റ് ചെയ്തു. ഇനി ഈ മെമ്മറിയിൽ ഉണ്ടാവണ്ടിരുന്ന മതി "അവൾ എന്റെ തലയിൽ തൊട്ടു
"ഉണ്ടാകില്ല സത്യം "അത് ഞാൻ ഹൃദയം തൊട്ടു കൊടുത്ത പ്രോമിസ് ആയിരുന്നു
"ഈ നെഞ്ചിൽ ഞാൻ മാത്രം.. മതി.. "
"ഉം "
"എന്റെ ആണ്... എന്റെ മാത്രം "
ഞാൻ അവളെ എന്റെ നെഞ്ചിൽ അമർത്തി പിടിച്ചു. അതെ ഞാൻ നിന്റെ ആണ്. നിന്റെ മാത്രം...
സത്യത്തിൽ നമ്മൾ വല്ല കള്ളത്തരം കാണിക്കാൻ ശ്രമിച്ചാലും ദൈവം സമ്മതിക്കുവൊന്നുമില്ല പുള്ളി എപ്പോളും ഭാര്യമാരുടെ പക്ഷത്താ. കൃത്യം സമയം തന്നെ അതങ്ങു വെളിവാക്കി കൊടുക്കും
പെണ്ണുങ്ങളും പാവങ്ങളെന്നെ. അവരെ ഒന്നും ഒളിക്കാതിരുന്നാൽ മതി. എല്ലാം ക്ഷമിക്കും അവരുടെ പുരുഷനെ പങ്കു വെക്കുന്നതൊഴിച്ച്‌ ...സത്യം അല്ലേ ?

Written by: Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot