Slider

സാത്മ്യം - ഭാഗം.2

0
ഭാഗം - 2
ആദ്യഭാഗം വായിക്കാൻ :
---രാവിലെ എട്ടേമുക്കാലിന് ഹർഷൻ സ്‌റ്റേഷനിൽ എത്തുമ്പോൾ ചോദ്യം ചെയ്യാനുള്ള മുറിയിൽ വിനയനു മുൻപിൽ ഗൗരി ഉണ്ടായിരുന്നു..പതിവു പോലെ, വളരെ നിശ്ശബ്ദനായി, നിസ്സംഗനായി തന്റെ ഇടതു കൈ വെള്ളയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു വിനയൻ..
''എവിടെയോ കിടന്ന ഒരാളെ ബെസ്റ്റ് ഫ്രണ്ടാക്കുക. തൊണ്ട കീറി പാടി നടന്ന അയാളെ ബാൻഡ് ഗായകനാക്കുക.. സമൂഹത്തിൽ പ്രശസ്തനാക്കുക.. എന്നിട്ട് അങ്ങ് കൊന്നു കളയുക. എങ്ങനെ സാധിച്ചെടാ?''
വിനയ് തല ഉയർത്തി ഗൗരിയെ നോക്കി. പതിയെ പറഞ്ഞു.
''ഞാനല്ല അത് ചെയ്തത്.''
''ഹ.. ഇവന് പറഞ്ഞാ മനസ്സിലാവില്ല. എടാ ഞാൻ ഈ കേസ് വിട്ടാ പിന്നെ കളി ഇതൊന്നുമല്ല. എന്തൊക്കെയാ എഴുതുക എന്നു പോലും പറയാൻ പറ്റില്ല. മര്യാദയ്ക്ക് പറഞ്ഞാ ഇളവെങ്കിലും സംഘടിപ്പിക്കാം.''
വിനയ് നിശ്ശബ്ദനായി നിന്നതേയുള്ളൂ..
''ഗൗരി തുടർന്നു.''
''ആദ്യം ഞാൻ കരുതിയത് നീ അല്ല അത് ചെയ്തതെന്നാണ്. നീ നിരപരാധി ആണെന്ന് ഞാൻ കരുതി. പൊന്നു മോനെ.. നീ പഠിച്ച കള്ളനാണ്. നിന്റെ മേഘനയുമായി കിരണിന് ഉണ്ടായ ഡിങ്കോൾഫി ആരും അറിയില്ലെന്നാണൊ നീ വിചാരിച്ചത്?''
ഒറ്റ നിമിഷം കൊണ്ട് വിനയന്റെ മുഖം ചുവന്ന് തുടുത്തത് ഗൗരി ശ്രദ്ധിച്ചു. പക അവന്റെ കണ്ണുകളിൽ തളം കെട്ടി. ഒരു വഴി തുറന്നു കിട്ടിയതിന്റെ ചിരി ഗൗരിയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു..
''എന്തെടാ ഒരു കലിപ്പ്? അവനും അവളും തമ്മിൽ ഉള്ളതെന്തോ നീ കണ്ടുപിടിച്ചു. അവനെ അങ്ങു തട്ടുകയും ചെയ്തു. ഇനി അവളും വരും നിനക്കെതിരേ സാക്ഷി പറയാൻ.''
ഒരു മുരൾച്ചയോടെ വിനയൻ ഗൗരിയെ നോക്കി. അവന്റെ മുഖം കണ്ടാൽ ആർക്കും ഭയം ആകുമായിരുന്നു..
''അവന് അവളോടല്ല ഡിങ്കോൾഫി.പാവം അവൾക്ക് എന്നോടായിരുന്നു ഇഷ്ടം.. ഞങ്ങൾ കല്യാണം കഴിക്കാൻ പോകുകയായിരുന്നു.''
പെട്ടെന്ന് ഗൗരി ചാടി എഴുന്നേറ്റു..
''പന്ന കഴുവേറി മോനെ. കള്ളം പറയുന്നോ..ഞാൻ പറയാം ഉണ്ടായത്. നീ അന്നു രാത്രി ആ പാവത്തിനെ വീട്ടിൽ വിളിച്ചു വരുത്തി. കുടിപ്പിച്ച് ബോധം കെടുത്തി ശ്വാസം മുട്ടിച്ച് കൊല്ലാനായിരുന്നു പരിപാടി. പക്ഷെ അവൻ കുടിച്ചില്ല. സോ നീ അവനെ കഴുത്തു ഞെരിച്ച് കൊന്നു. അതു തന്നെ!''
ഒരു അലർച്ചയോടെ വിനയൻ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. ഗൗരിയുടെ ഷർട്ടിന്റെ കോളറിൽ പകയോടെ കുത്തിപ്പിടിച്ചു കുലുക്കി..
അപ്പോഴേക്കും ഒന്നുരണ്ട് ഗാർഡുമാർ ഓടിവന്ന് വിനയനെ ബലമായി പിടിച്ച് വീണ്ടും കസേരയിൽ ഇരുത്തി. എന്നിട്ടും പക അടങ്ങാതെ അവൻ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു..ഗൗരി അൽപ നേരം എന്തോ ചിന്തിച്ചു നിന്ന ശേഷം കഴുത്തു തടവി മുറി വിട്ടു പോയി.
-------------------------------------
കമ്മീഷണർ മൂർത്തി വീണ്ടും തന്റെ പോക്കറ്റിൽ നിന്ന് തൂവാല എടുത്ത് കോർണർ റ്റു കോർണർ മടക്കി മൂക്കിനു മുന്നിലൂടെ രണ്ടു മൂന്നു പ്രാവശ്യം ഓടിച്ചുകൊണ്ട് ഗൗരിശങ്കർ സമർപ്പിച്ച കേസ് ഫയൽ ശ്രദ്ധിച്ചു നോക്കി. ഒന്നു നിർത്തിയ ശേഷം മുഖമുയർത്താതെ ഗൗരിയോട് പറഞ്ഞു..
ഗൗരിശങ്കർ, ഇത് ഇയാളുടെ ആദ്യത്തെ കേസ് അല്ലേ.. നല്ല വ്യക്തമായി അന്വേഷിച്ച ഈ കേസ് കുഴപ്പിക്കാതെടോ..റിപ്പോർട്ട് അവിടെ നിൽക്കട്ടെ.. തന്റെ ഫൈൻഡിങ്ങ്‌സ് പറ.
സർ.. ഇത് അത്ര സിമ്പിൾ കേസ് അല്ല. തുടക്കം മുതലേ ഞാൻ കരുതിയത് വിനയൻ അല്ല ഈ കൃത്യം ചെയ്തത് എന്നാണ്. അതുകൊണ്ട് ഞാൻ വളരെ സീരിയസ് ആയി ഈ കേസ് ഒന്നുകൂടി ആദ്യം മുതലേ അന്വേഷിച്ചു. വിനയൻ, മരിച്ച കിരൺ, വിനയന്റെയും കിരണിന്റെയും കൂട്ടുകാരൻ കണ്ണൻ, വിനയന്റെ മുൻ കാമുകി മേഘ്‌ന, അങ്ങനെ എല്ലാവരെയും പഠിച്ചു. പലരോടും സംസാരിച്ചു.. ഒടുക്കം ഞാൻ കണ്ടെത്തിയതും വിനയൻ തന്നെയാണ് കൊല നടത്തിയത് എന്നാണ്.
ഒരു സെക്കൻഡ് സ്തബ്ധനായി നിന്ന കമ്മീഷണർ ഗൗരിയുടെ മുഖത്തു നോക്കി. ചിരിയടക്കാൻ അദ്ദേഹം പാടു പെടുന്നുണ്ടായിരുന്നു.. പിന്നെ ആത്മ സംയമനം പാലിച്ച് അദ്ദേഹം ഗൗരിയോട് ചോദിച്ചു..
ഇതിപ്പോ തനിക്ക് വട്ടായതാണോ അതോ ബാക്കി എല്ലാവർക്കും വട്ടായതാണോ? എന്റെ പൊന്നു ഗൗരി, ഇതു തന്നെയല്ലേ ബാക്കി ഉള്ളവർ കണ്ടു പിടിച്ചത്? ഞാനോർത്തു ഇയാൾ എന്തോ ഇന്റെറസ്റ്റിംഗ് ആയ കണ്ടു പിടിത്തം നടത്തി എന്ന്...
ട്വിസ്റ്റ് അതല്ല സർ. വിനയൻ ഈ കൃത്യം ചെയ്തത് അവൻ അറിഞ്ഞു കൊണ്ടല്ല.
ഗൗരി... ഡോക്ടർ ഹബീബിനെ താൻ കൂടി ഒന്നു കണ്ടേക്കൂ... ഏതായാലും അയാൾ പറഞ്ഞത് ഈ വിനയന് മാനസിക പ്രശ്‌നം ഒന്നും ഇല്ലെന്നാണ്. പിന്നെങ്ങനെ അയാൾ അറിയാതെ ഒരു കൊല നടത്തും?
സർ..ഡോക്ടർ ഹബീബിനോട് ഞാൻ അൽപം മുൻപ് സംസാരിച്ചു... അദ്ദേഹത്തിന്റെ ഫൈൻഡിങ്ങ്‌സും ഇതിൽ ചേർത്തിട്ടുണ്ട്. വിനയന് ഒരു പെക്യൂലിയർ പ്രശ്‌നം ഉണ്ട്. ഏലിയൻ ഹാൻഡ് സിൻഡ്രോം എന്നാണ് അതിന്റെ പേര്. തലച്ചോറ് നിർദേശിക്കുന്ന കാര്യങ്ങളുടെ കടക വിരുദ്ധമായ കാര്യങ്ങൾ കൈകൾ പ്രവർത്തിക്കുന്ന ഒരു പ്രതിഭാസമാണത്. ഡയഗനോസ്റ്റിക് ഡിസ്പ്രാക്‌സിയ എന്നാണ് യഥാർഥ നാമം.
മനസ്സിലായില്ല.
സർ.. ഞാൻ അയാളെ ഓരോ പ്രാവശ്യം ചോദ്യം ചെയ്യുമ്പോഴും ഒരു ഭ്രാന്തനെപ്പോലെ അയാൾ തന്റെ ഇടത്തെ കൈ വെള്ളയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. ഇടയ്ക്ക് അയാൾക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു ടോപിക് ഞാൻ എടുത്തിട്ടു. അയാളെ പ്രകോപിപ്പിച്ചു. അയാൾ ചാടി എഴുന്നേറ്റ് എന്റെ കഴുത്തിൽ വലം കൈ കൊണ്ട് കുത്തിപ്പിടിച്ചു. പക്ഷേ അയാളുടെ ഇടത്തേ കൈ അയാളുടെ തന്നെ കഴുത്തിൽ അമർത്തിപ്പിടിച്ചിരിക്കുകയായിരുന്നു..
മൂർത്തിയുടെ കണ്ണുകൾ കുറുകി. ഒരുതരം അമ്പരപ്പ് അദ്ദേഹത്തിന്റെ മുഖത്ത് അറിയാമായിരുന്നു.
ഇന്ററസ്റ്റിംഗ്.... എന്തുകൊണ്ടായിരിക്കും അത്?
സർ, കൂടുതൽ പറയാം.. കിരൺ മരിച്ച ദിവസം മുറി കുത്തിത്തുറന്നവരുടെ മൊഴി പ്രകാരം കിരണിന്റെ ബോഡി ഫുൾ നേക്കഡ് ആയിരുന്നു. മുഖം മാത്രം മറച്ചിരുന്നു. ഡോക്ടർ ഹബീബിന്റെ റിപ്പോർട്ടിലും അത് പരാമർശിച്ചിരുന്നു. പക്ഷെ അത് വിസ്മരിച്ചാൽ പോലും ഒറ്റ നോട്ടത്തിൽ തന്നെ വിനയനെ അക്ക്യൂസ് ചെയ്യാൻ തക്ക എവിഡൻസ് ഉണ്ടായിരുന്നതു കൊണ്ട് അതിന് അത്ര സീരിയസ്‌നെസ് കൊടുത്തിരുന്നില്ല. പക്ഷെ, ഫൊറൻസിക് റിപ്പോർട്ടിൽ മറ്റൊരു കാര്യം പറഞ്ഞിരുന്നത് മരിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് കിരണിന് സ്ഖലനം ഉണ്ടായി എന്നാണ്. ഡോക്ടറും, മുൻപ് കേസ് അന്വേഷിച്ചവരും ധരിച്ചത് ബാച്ചിലേഴ്‌സ് ഫൺ എന്ന രീതിയിൽ മാത്രമാണ്. എന്നാൽ സത്യം വേറൊന്നായിരുന്നു സർ..
വാട്ട്‌സ് ദാറ്റ്? മൂർത്തി ടേബിളിലേക്ക് അൽപം കൂടി ചാഞ്ഞിരുന്നു.
ദെ ഹാഡ് സെക്‌സ് ബിഫോർ ദ ഹോമിസൈഡ്.
വാട്ട് നോൺ സെൻസ്?
പറയാം സർ. ആദ്യം കണ്ട അന്നു മുതലേ കിരണും വിനയനും പരസ്പരം ഇഷ്ടമായിരുന്നു. കൂടെ ഉണ്ടായിരുന്ന കണ്ണൻ എന്ന പയ്യൻ ധരിച്ചത് കിരണിന്റെ പാട്ട് കേട്ട് ഉണ്ടായ ഇഷ്ടം ആണെന്നാണ്. പക്ഷേ ഒരു പ്രാവശ്യം വിനയനോട് സംസാരിച്ചപ്പോൾ കിരണിന്റെ ബോഡി നേക്കഡ് ആയി കണ്ടത് എങ്ങനെയാണ് എന്ന് ഞാൻ അവനോട് ചോദിച്ചു. ഒന്നാലോചിക്കുക പോലും ചെയ്യാതെ അവൻ അറിയില്ല എന്ന് പറഞ്ഞു കളഞ്ഞു. ഒരു സംശയത്തിന്റെ പുറത്ത് ഞാൻ വിനയന്റെയും കിരണിന്റെയും മൊബൈൽ ഫോണുകൾ പരിശോധിപ്പിച്ചു. ഒറ്റ നോട്ടത്തിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. പക്ഷേ ഫോറൻസിക് വിഭാഗത്തിലെ വിദഗ്ധ പരിശോധനയിൽ ഡിലീറ്റ് ചെയ്ത ഒന്നിലധികം ഫോൾഡറുകൾ റിട്രീവ് ചെയ്തപ്പോൾ ധാരാളം ഗേ വീഡിയോകളും ചിത്രങ്ങളും കണ്ടെത്തി. വളരെ ക്രൂഷ്യൽ ആയ തെളിവ് അതിൽ ഒരു ഫോൾഡർ ആയിരുന്നു സർ.
തുടർന്ന് കവറിൽ സീൽ ചെയ്തു വെച്ചിരുന്ന രണ്ടു ഫോണുകളും എടുത്ത് അൺലോക്ക് ചെയ്ത് ഗൗരി ഓരോ ഫോൾഡറുകൾ മൂർത്തിയെ കാണിച്ചു. വിനയനും കിരണും തമ്മിലുള്ള ഹോമോ സെക്‌സിന്റെ സെൽഫി വീഡിയോകളും പരസ്പരം ഷൂട്ട് ചെയ്ത വീഡിയോകളും ചിത്രങ്ങളുമായിരുന്നു അവ.
ഗൗരി തുടർന്നു.
ഇതു കണ്ടതോടെ കിരണിന്റെ നഗ്നത എങ്ങനെ ഈ കേസുമായി ബന്ധപ്പെട്ടു എന്ന് എനിക്കു മനസ്സിലായി. പിന്നീട് എന്റെ ചിന്ത ഈ ബന്ധത്തിനിടെ കൊല എങ്ങനെ നടന്നു എന്ന വിഷയത്തിൽ ആയിരുന്നു.
കിരൺ മിക്കവാറും വിനയന്റെ ഫ്‌ളാറ്റിൽ വരും. ഇവർ ബന്ധപ്പെടും. ഇടയ്ക്ക് കണ്ണനും വരും. അന്ന് പാട്ടുകൾ മാത്രം...
വിനയന്റെ കാമുകി മേഘനയും കിരണുമായി ഇതിനിടെ വല്ല ബന്ധവും ഉണ്ടായിരുന്നോ എന്നറിയാൻ ഞാൻ കണ്ണനെ ഒന്നുകൂടി കണ്ടു. അപ്പോഴാണ് മേഘനയെ അച്ഛനമ്മമാർക്ക് പരിചയപ്പെടുത്താനായി കൊണ്ടു പോകും വഴി ഒരു കള്ളുവണ്ടി വന്നിടിച്ചാണ് വിനയന് ആക്‌സിഡന്റ് ഉണ്ടായത് എന്ന് ഞാൻ അറിഞ്ഞത്. വിനയൻ അതിന് ശേഷം ബോധമില്ലാതെ കുറേക്കാലം ആശുപത്രിയിൽ ആയിരുന്നു. ആക്‌സിഡന്റ് കഴിഞ്ഞ് നിസ്സാര പരിക്കുകളുമായി രക്ഷപ്പെട്ട മേഘനയെ, വിനയന് ആക്‌സിഡന്റിൽ സാരമായ പരിക്കുകൾ ഉണ്ടെന്നും നോർമൽ ലൈഫ് ഇനി സാധിക്കില്ലെന്നും വിശ്വസിപ്പിച്ചത് കിരൺ ആയിരുന്നു എന്ന് സംസാരത്തിനിടെ അറിയാൻ കഴിഞ്ഞു.
കണ്ണൻ കരുതുന്നത് മേഘന കിരണിന് ഒരു സിസ്റ്ററിനെപ്പോലെ ആണെന്നും അവളുടെ നന്മയെ കരുതി ആണ് കിരൺ അത് ചെയ്തത് എന്നുമായിരുന്നു.
ഇവിടെ മാത്രം ഞാൻ ഒരു ഊഹം നടത്തി സർ. പൊതുവേ ഹോമോ സെക്ഷ്വൽ ആയ രണ്ടു പേരുടെ മനശ്ശാസ്ത്രം പരിശോധിച്ചാൽ പ്യുവർ ഗേ ആയ ഒരാൾ തന്റെ പാർട്ണറിന്റെ ബൈ സെക്ഷ്വാലിറ്റി ഒട്ടും അക്കോമൊഡേറ്റ് ചെയ്യാൻ സാധ്യത ഇല്ല എന്ന് മനസ്സിലാക്കാം. പല പഠനങ്ങളും പറയുന്നത് ചിലപ്പോൾ പാർട്‌നറുടെ റിലേഷനുകളെയോ ചിലപ്പോൾ പാർട്‌നറെ തന്നെയോ കൊലപ്പെടുത്താൻ ഇത്തരക്കാർക്ക് ടെൻഡൻസി ഉണ്ടെന്നാണ്.
സോ ഞാൻ ആ കള്ളുവണ്ടി ട്രേസ് ചെയ്തു.. ബൈപാസിലെ ചാർലീസ് പാലസ് ബാറിൽ ഇടയ്ക്ക് വ്യാജമദ്യം സപ്ലൈ ചെയ്യാറുള്ള ഒരു തമിഴൻ, വെട്രി ഓടിച്ചിരുന്ന വണ്ടി ആണത്. മരിച്ച കിരൺ, ചാർലീസ് പാലസിൽ കുറച്ചു കാലം ജോലി ചെയ്തിരുന്നതായി കണ്ണന്റെ മൊഴിയിൽ ഉണ്ട്‌. വീട്ടുകാർ മേഘനയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു എന്ന വിവരം വിനയൻ കണ്ണനോടും കിരണിനോടും പറഞ്ഞിരുന്നു. പോകുന്ന ദിവസവും കിരണിന് അറിയാമായിരുന്നു. കിരൺ വെട്രിയെ സമീപിച്ചു. അവർ തമ്മിൽ ഒരു ധാരണയിൽ എത്തി. തനിക്കില്ലെങ്കിൽ പിന്നെ ആർക്കും വേണ്ട എന്നായിരുന്നു കിരണിന്റെ നിലപാട്. വെട്രി തന്റെ സുഹൃത്തിന്റെ കൊട്ടേഷൻ ഉത്തരവാദിത്തത്തോടെ നിർവഹിച്ചു. ഹോസ്പിറ്റലിലായ വിനയൻ പുറത്ത് വന്നപ്പോഴേക്കും മേഘന ട്രാൻസ്ഫർ വാങ്ങി പോയിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, ആക്‌സിഡന്റിൽ കിരൺ വിചാരിച്ച പോലെ ഒന്നും നടന്നില്ലെങ്കിലും അവരെ പിരിക്കാൻ സാധിച്ചു.
മൂർത്തിയുടെ മുഖത്തെ പരിഹാസച്ചിരി എപ്പോഴേ മാഞ്ഞു പോയിരുന്നു. മുഖം വലിഞ്ഞു മുറുകി.
അവൻ ചാകേണ്ടവൻ തന്നെ ആണല്ലൊ ഗൗരി.. പക്ഷെ വിനയൻ എങ്ങനെ ഇതു ചെയ്തു?
സത്യം പറഞ്ഞാൽ വിനയൻ ഇതു ചെയ്യാനും കാരണം കിരൺ തന്നെ. അന്നത്തെ ആക്‌സിഡന്റിൽ വിനയന് പ്രത്യേകിച്ച് മുറിവുകൾ ഒന്നും ഉണ്ടായില്ലെങ്കിലും ഒരു ബ്രെയിൻ ഇഞ്ച്വറി ഉണ്ടായി. കോർപ്പസ് കൊളോസം എന്ന ഭാഗത്ത്. ഈ ഇഞ്ച്വറി മിക്ക സമയത്തും ഒരു കുഴപ്പവും ഉണ്ടാക്കുകയില്ലെങ്കിലും ചിലപ്പോൾ ഒരു പ്രശ്‌നക്കാരനായി മാറും..ചെറിയ ലക്ഷണങ്ങൾ വളരെ കോമൺ ആണ്. ഞാൻ നേരത്തെ പറഞ്ഞ തുറിച്ചു നോട്ടം, ബ്രെയിനിന്റെ അസാധാരണമായ ഇടപെടലുകൾ അതായത് ഏലിയൻ ഹാൻഡ് സിൻഡ്രോം പോലെയൊക്കെ..
ഓഹ്...
അസുഖം മാറി എന്ന വിചാരത്തിൽ ഒന്ന് കൂടുന്നതിനായിട്ടാണ് വിനയൻ കിരണിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയത്. കണ്ണനെയും വിളിച്ചിരുന്നു. പക്ഷെ ചില ഓഫീസ് തിരക്ക് കാരണം അയാൾക്ക് എത്താനായില്ല. രാത്രിയിൽ കിരൺ തീരെ മദ്യം കഴിക്കാൻ കൂട്ടാക്കിയില്ല. പതിവു പോലെ വിനയനും കിരണും സെക്‌സിൽ ഏർപ്പെട്ടു. കിരണിന് സ്ഖലനമുണ്ടായതായി ഫോറൻസിക് റിപ്പോർട്ടിൽ ഉണ്ടല്ലോ..ഇതിനിടയിലെല്ലാം തന്നെ ബോധം മറയും വിധം വിനയൻ മദ്യപിക്കുന്നുണ്ടായിരുന്നു. രാത്രിയിൽ എപ്പോഴോ കെട്ടിപ്പിടിച്ചിരുന്ന വിനയനോട് കിരൺ ഒരു കൺഫെഷൻ പോലെ ആ ആക്‌സിഡന്റിന്റെ കാര്യം പറഞ്ഞു. രണ്ടുപേർക്കുമിടയിൽ ഒരു സ്ത്രീ വരുന്നത് കിരണിന് തീരെ സഹിക്കാനാകുമായിരുന്നില്ല എന്നും വിനയന്റെ കാര്യത്തിൽ കിരൺ അത്ര പൊസസീവ് ആണെന്നും പറഞ്ഞു. ഉപേക്ഷിച്ചു പോയ മേഘനയെക്കാൾ അതിനു കാരണക്കാരനായ കിരണിനോട് വിനയന് കൊടും പക ഉണ്ടായെങ്കിലും അവന്റെ പൊസസീവ്‌നെസ് വിനയനെ തളർത്തി.
തീർത്തും ബോധം മറഞ്ഞ അവസ്ഥയിലായിരുന്നെങ്കിലും പെട്ടെന്നുണ്ടായ പക വിനയന്റെ ബ്രെയിനെ ഉത്തേജിപ്പിക്കുകയും ഏലിയൻ ഹാൻഡ് സിൻഡ്രോം ട്രിഗർ ചെയ്യുകയും ചെയ്തു. കെട്ടിപ്പിടിച്ചു കിടന്നിരുന്ന വിനയന്റെ ഇടതു കൈ ബ്രെയിനിന്റെ നിർദേശങ്ങൾക്കു വിരുദ്ധമായി കിരണിന്റെ കഴുത്തു ഞെരിക്കുകയും അവനെ കൊലപ്പെടുത്തുകയും ചെയ്തു. സാധാരണ ഈ പ്രശ്‌നം ഉണർന്നിരിക്കുമ്പോൾ മാത്രമേ ട്രിഗർ ആകാറുള്ളൂ..പക്ഷെ, വിനയന്റെ കേസിൽ വിനയൻ തീർത്തും അബോധാവസ്ഥയിൽ ഉള്ളപ്പോഴാണ് ഈ കൃത്യം നടന്നത്. അതാണ് അയാൾക്ക് ഒന്നും തീർച്ചയില്ലാത്തത്. ഒരു നുണപറച്ചിൽ അല്ല അത്.
ഹോ.. മൂർത്തി നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തന്റെ തൂവാല കൊണ്ട് തുടച്ചു കൊണ്ട് ചോദിച്ചു..
ഗൗരി ഇത് ശ്രദ്ധിക്കാൻ കാരണം എന്താ?
എന്റെ കഴുത്തിൽ പിടിച്ചതിന് ശേഷം അവനോട് ചോദിച്ചപ്പോൾ ഓ..കുറച്ച് ദിവസമായി അങ്ങനെ ഉണ്ട് എന്നാണ് പാരലലി അവന്റെ കഴുത്ത് ഞെരിച്ചതിനെ പറ്റി അവൻ പറഞ്ഞത്...
ഒന്നു ചിരിച്ചുകൊണ്ട് ഗൗരി പറഞ്ഞു നിർത്തി.
മൂർത്തി എഴുന്നേറ്റ് ഗൗരിശങ്കറിന് ഒരു ഷെയ്ക് ഹാൻഡ് നൽകി. എന്നിട്ട് പറഞ്ഞു.
ഗ്രേറ്റ്!. ആദ്യ അസൈൻമന്റ് തന്നെ വളരെ നന്നായി. കീപ് ഇറ്റ് അപ്. ഈ ഫൈൻഡിങ്ങുകൾ എല്ലാം ചേർത്ത് നാളെ നമുക്ക് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാം.
പിന്നെ, കൈ നീട്ടി മേശമേൽ ഇരുന്ന കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്ന് സല്യൂട്ട് ചെയ്തു നിന്ന ഗാർഡിനോട് പറഞ്ഞു.
ഒരു കോഫി. വിത്തൗട്ട്, സ്‌ട്രോങ്ങ്. പിന്നെ ഒരു തലവേദനയുടെ ഗുളികയും.
പുറത്ത് ചെറിയ ഒരു മഴക്കോളുണ്ടായി എങ്കിലും മനസ്സിലെ കാർമേഘം വിട്ടൊഴിഞ്ഞ ഗൗരി ജീപ്പിനടുത്തേക്ക് നടന്നു.
**********************************
Written by - Rajeev Panickerപണിക്കത്തി അഥവാ പണിക്കരുടെ കത്തി!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo