നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സാത്മ്യം - ഭാഗം.1

ഭാഗം.1
"ഹലോ"
ഇടത്തെ കൈ കൊണ്ട് തന്റെ ബുള്ളറ്റിന്റെ ആക്‌സിലറേറ്റർ നിയന്ത്രിച്ചു കൊണ്ട് കണ്ണൻ പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഹെൽമറ്റിനകത്ത് വെച്ച് ഉറക്കെ സംസാരിച്ചു.
"എന്താ മധൂ.. ഞാൻ ബൈക്കിലാ... അർജന്റായി സ്‌റ്റേഷനിലേക്ക് പോകുന്നു..
ഇല്ല... ഒഫീഷ്യൽ അല്ല"
"പണ്ടാരം, ആകാതിരിക്കട്ടെ"
"പിന്നെ വിളിക്കാം.. ട്രാഫിക്കുണ്ട്."
ഡെയ്‌ലി ന്യൂസ് പത്രത്തിന്റെ ചീഫ് റിപ്പോർട്ടർ ആണ് കണ്ണൻ. ഇരു നിറത്തിൽ, തീരെ മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ.
ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു.. ഫോൺ ചെവിയിൽ നിന്നെടുത്ത് പാന്റിൽ തുടച്ച് പോക്കറ്റിൽ വളരെ കഷ്ടപ്പെട്ട് തിരുകി കയറ്റി എങ്കിലും കണ്ണന് വണ്ടി നിർത്താൻ തോന്നിയില്ല. ഹെൽമറ്റിലൂടെ ഒന്നുരണ്ട് തുള്ളി മുഖത്ത് ശക്തിയായി വീണു കഴിഞ്ഞപ്പോൾ കണ്ണൻ തല ഒന്ന് കുതറി. വായിൽ വന്ന വെള്ളത്തുള്ളിയെ തുപ്പിത്തെറിപ്പിച്ചു. പിന്നെ മാക്‌സിമം സ്പീഡിൽ പൊലീസ് സ്‌റ്റേഷനിലേക്ക് വണ്ടി വിട്ടു.
-----------------------------
കണ്ണൻ കയറിച്ചെല്ലുമ്പോൾ സബ് ഇൻസ്‌പെക്ടർ ഹർഷൻ വലിയ സന്തോഷത്തിലായിരുന്നു. കണ്ണൻ കൈ വീശി അഭിവാദ്യം ചെയ്തു. വിജയിയുടേതായ ഒരു ഭാവത്തോടെ അയാൾ കണ്ണനോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. പിന്നെ ഒരു ഊറിയ ചിരിയോടെ പറഞ്ഞു.
"നിന്റെ ഫ്രണ്ട് എല്ലാം സമ്മതിച്ചു കേട്ടോ"
ഒരു വിളറിയ ചിരിയോടെ കണ്ണൻ ചോദിച്ചു.
"അവൻ തന്നെയാണോ കൊന്നത്? സമ്മതിക്കാൻ പല കാരണങ്ങൾ ഉണ്ടാകാമല്ലൊ"
ഇരച്ചു കയറിയ ദേഷ്യത്തോടെ മുൻപിലെ ടേബിളിൽ രണ്ടു കൈ കൊണ്ടും ആഞ്ഞടിച്ച് ഹർഷൻ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റു. പിന്നെ കണ്ണന്റെ മുഖത്തിനടുത്തേക്ക് മുഖമടുപ്പിച്ച് ഒരുതരം വൈരാഗ്യം സ്ഫുരിക്കുന്ന മുഖത്തോടെ പറഞ്ഞു..
"അവൻ തന്നെയാണ് കൊന്നത്. സമ്മതിപ്പിക്കാൻ എത്ര വരെ വേണമെങ്കിലും ഞങ്ങൾ പോയേനെ. വേണ്ടി വന്നില്ല. രണ്ടിടി കൊണ്ടു തന്നെ അവൻ മുഴുവൻ കാര്യങ്ങളും ശർദിച്ചു"
അയാൾക്ക് മുഖം കൊടുക്കാതെ കണ്ണൻ തല കുനിച്ചിരുന്നു.
ദേഷ്യത്തിൽ നിന്ന് വഴുതി മാറിയ ഒരു ചിരിയോടെ കണ്ണന്റെ ഇരു ചുമലുകളിലും രണ്ടു കൈ കൊണ്ടും തട്ടി ഹർഷൻ പറഞ്ഞു.
"പുതിയ സി ഐ വരും മുൻപ് നീ വേണെങ്കിൽ ഒന്ന് കേറി കണ്ടോ. പറ്റിയാ ഒന്നുരണ്ട് നുണയും കൂടി പറഞ്ഞു കൊടുത്തോ. നീയാണല്ലോ അവന്റെ ആത്മീയ ഗുരു.. പക്ഷെ പറഞ്ഞു കൊടുക്കുമ്പോ ഒരു കാര്യം ഓർക്കണം. വലിയ ചങ്കുകളായിരുന്നതിൽ ഒന്നിനെയാ അവൻ കാച്ചിയത്. ഇനി നീയാ."
ചുമൽ കൊണ്ട് അയാളുടെ കൈ കുടഞ്ഞ് തെറിപ്പിച്ച് കണ്ണൻ പിറുപിറുത്തു.
"താങ്ക്‌സ്."
പിന്നെ പതിയെ എഴുന്നേറ്റ് ലോക്കപ്പിനടുത്തേക്ക് നീങ്ങി..
---------------------------------------------------------
ഒരു കോൾ വന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോളാണ് സ്റ്റേഷന് പുറത്ത് ഒരു പോളോ വന്നു നിൽക്കുന്നത് ഹർഷൻ കണ്ടത്. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയ വ്യക്തിയെ കണ്ടപ്പോൾ ഹർഷന്റെ കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ മോഹനൻ അയാളോട് പറഞ്ഞു..
"പുതിയ സി ഐ ഗൗരിശങ്കർ സാറാണ് സാറേ. വാട്സാപ്പ് ഗ്രൂപ്പിൽ പടം ഉണ്ടായിരുന്നു ."
ഒറ്റ നോട്ടത്തിൽ കുട്ടികളുടെ ഡോക്ടർമാരുടെ പോലെ തോന്നുന്ന ഒരു പ്രകൃതമായിരുന്നു സർക്കിൾ ഇൻസ്പെക്ടർ ഗൗരി ശങ്കറിന്റെത്. നന്നായി വെട്ടി ഒതുക്കിയ മീശ. ഷേവ് ചെയ്ത് ഭംഗിയാക്കി താടി. ഒരു വശത്തേക്ക് നന്നായി ചീകിയൊതുക്കിയ മുടി. ഒത്ത ഉയരവും അതിനൊത്ത തടിയും. മൃദുവായ ശബ്ദം. പ്രമോഷനോട് കൂടി സർക്കിൾ ഇൻസ്പെക്ടർ ആയി നോർത്ത് സ്റ്റേഷനിൽ ജോയിൻ ചെയ്യാനായി കോഴിക്കോട് നിന്നും വന്നിരിക്കുകയാണ്.
ഗേറ്റിനരികിലേക്ക്‌ വന്ന് കൈയിലിരുന്ന കുട നിവർത്തി ഗൗരിയെ ചൂടിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു.
"നമസ്കാരം സർ, ഞാൻ ഇൻസ്പെക്ടർ ഹർഷൻ'
ഗൗരി പ്രത്യഭിവാദ്യം ചെയ്തു.
"നല്ല വെയിലാണ് സാർ.. ചൂട് തീരെ സഹിക്കാൻ പറ്റില്ല"
"സത്യം. കാറിൽ ഇരുന്നതു കൊണ്ട് ഇത്ര നേരവും ചൂട് ഫീൽ ചെയ്തില്ല." 
"ഓഹ്.. സാർ കോഴിക്കോട് നിന്ന് ഒറ്റ ഡ്രൈവ് ആയിരുന്നോ? ഫ്‌ളാറ്റിൽ കയറിയില്ലെ?" 
"ഇല്ല. ഫാമിലിയെ അവിടെ ഇറക്കി. ഞാൻ സ്‌റ്റേഷനിൽ വന്നിട്ട് പോകാം എന്ന് വെച്ചു."
"അതു നന്നായി സർ. ഇന്ന് വളരെ നല്ല ദിവസമാണ്. ഒരു കേസ് വൈൻഡ് അപ് ചെയ്ത ദിവസമാണ്. സാറിന് ഐശ്വര്യമായിത്തന്നെ തുടങ്ങാം."
"ഹഹ.. ആയിക്കോട്ടെ."
റൈട്ടർ സദാനന്ദനോട് രണ്ട് ചായ എത്തിക്കാൻ പറയാൻ ആവശ്യപ്പെട്ട് ഹർഷൻ ഗൗരിയെ കാബിനിലേക്ക് ആനയിച്ചു.
-----------------------------
ലോക്കപ്പിൽ ഒരു മൂലയിലായി കാൽമുട്ടിൽ കൈകൾ പിണച്ച് ഇരുന്നിരുന്ന യുവാവിനെ ഗൗരി ശ്രദ്ധിച്ച് നോക്കി. അയാൾ ഇരുന്നിരുന്നതിന്റെ തൊട്ടു താഴെ നിലത്ത് ഒന്നുരണ്ട് ചോരത്തുള്ളികൾ ഉണങ്ങിപ്പിടിച്ചിരുന്നു. ഒട്ടും പഴയതായിരുന്നില്ല അത്. ശ്രദ്ധയോടെ അതിൽത്തന്നെ നോക്കിയ ഗൗരി മുഖമുയർത്തിയപ്പോൾ കണ്ടത് അൽപം ദയനീയമായി തന്നെ നോക്കുന്ന ആ കുറ്റവാളിയെ ആയിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും മർദ്ദനം അയാൾക്ക് ഏൽക്കുന്നതെന്ന് വ്യക്തമായിരുന്നു. ഇരുപത്തിയഞ്ചോളം വയസ്സ് മതിക്കുന്ന അയാൾ അതി സുന്ദരനും അത്യാവശ്യം നല്ല ഒതുങ്ങിയ ശരീരമുള്ളവനുമായിരുന്നു. പെട്ടെന്ന് വണ്ണം കുറഞ്ഞത് പോലെ ഇരു ചുമലുകളിലും സ്‌റ്റ്രെച്ച് മാർക്കുകളും ഉണ്ടായിരുന്നു. ഒട്ടും ഉറങ്ങാതെ, അല്ലെങ്കിൽ രാത്രി മുഴുവനും കരഞ്ഞതിന്റെ ക്ഷീണമാകണം കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു.
ഒരൽപ്പനേരം അയാളെത്തന്നെ നോക്കിയിരുന്ന ശേഷം ഗൗരി ലോക്കപ്പിനു പുറത്തിറങ്ങി. കരിഞ്ഞു പോകും പോലെയുള്ള വെയിൽ വക വയ്ക്കാതെ സ്‌റ്റേഷനു പുറകിൽ, ചോദ്യം ചെയ്യാനുള്ള മുറിയുടെ വരാന്തയിലെ തിണ്ണയിൽ കാൽ കയറ്റി അൽപ്പസമയം നിന്നു. അയാളുടെ മനസ്സിൽ, ചോദ്യം ചെയ്യേണ്ട പ്രതിയോട് ചോദിക്കണ്ട ചോദ്യങ്ങൾ രൂപപ്പെടുത്തുകയായിരുന്നു. വരാന്തയിൽ നിന്നും അകത്തു കയറി ഗൗരി വീണ്ടും ലോക്കപ്പിലേക്ക് നടന്നു. കമ്പിയഴിക്കരികിൽ നിന്ന് അയാൾ വാതിൽക്കൽ നിന്നിരുന്ന ഗാർഡിനോട് പ്രതിയെ ചോദ്യം ചെയ്യുന്നതിനായി റൂമിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഗാർഡിനോടൊപ്പം എഴുന്നേറ്റ പ്രതി വേച്ചു പോകുന്നുണ്ടായിരുന്നു. ചോദ്യം ചെയ്യുന്ന മുറിയിൽ ഒരു കസേരയിൽ പ്രതിയെ ഇരുത്തിയ ശേഷം ഗാർഡ് പുറത്തേക്ക് മാറി.
ഗൗരി പതിയെ എഴുന്നേറ്റ് മുഖം കുനിച്ച് അവശനായി ഇരിക്കുന്ന അയാളുടെ അടുത്തെത്തി. വലതു കൈ കൊണ്ട് ചുമലിൽ പിടിച്ച് തന്റെ ഘനമുള്ള ശബ്ദത്തിൽ വിളിച്ചു.
"വിനയ്,  വിനയ്.. എന്റെ പേര് ഗൗരി ശങ്കർ. സർക്കിൾ ഇൻസ്‌പെക്ടർ. ഞാനാണ് നിന്റെ കേസ് ഇനി മുതൽ കൈകാര്യം ചെയ്യുന്നത്. എനിക്കറിയാം ഇന്നലെ എല്ലാവരും കൂടി നന്നായി മേഞ്ഞു കാണും എന്ന്. നീ സഹകരിക്കാഞ്ഞിട്ടാവണം അത്. പറയൂ.. കിരണിനെ നീ എന്തിനാണ് കൊന്നത്?
എനിക്ക് നിന്നെ ഹെൽപ് ചെയ്യാൻ പറ്റും. ഇനി ആരും നിന്നെ ഒരു പോറൽ പോലും എൽപ്പിക്കാതെ ഞാൻ നോക്കാം. പക്ഷെ നീ മിണ്ടാതെ ഇരിക്കാൻ ആണ് പ്ലാൻ എങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല."
ഒരനക്കവും കാണുന്നില്ല എന്ന് മനസ്സിലാക്കിയ ഗൗരി തുടർന്നു.
"ആൾറൈറ്റ് വിനയ്. ഞാൻ ഇന്ന് ജോയിൻ ചെയ്തതേ ഉള്ളൂ. ഇവിടെ കിരൺ വധക്കേസ് മിക്കവാറും ക്ലോസ് ചെയ്തിരിക്കുകയാണ്. കിരണിനെ നീ കൊന്നു എന്ന് എല്ലാവർക്കും അറിയാം. നീ പറഞ്ഞാലും ഇല്ലെങ്കിലും കാരണവും അറിയാം. പറഞ്ഞാൽ നിനക്ക് ഇളവുകൾ പ്രതീക്ഷിക്കാം. പറഞ്ഞില്ലെങ്കിൽ, ആരോപണങ്ങൾ എന്തും തന്നെയാവാം. എന്ത് ശിക്ഷയും പ്രതീക്ഷിക്കാം.നീ ആലോചിക്ക്‌. ഞാൻ അൽപം കഴിഞ്ഞ് വരാം."
മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഗൗരി വിനയനെ ഒന്നു കൂടി നോക്കി. തന്റെ ചുവന്നു കലങ്ങിയ കണ്ണുകൾ കൊണ്ട് നിസ്സംഗനായി തന്റെ ഇടം കൈവെള്ളയിലേക്ക് നോക്കിയിരിക്കുകയായിരുന്നു അയാളപ്പോൾ.
--------------------
"ഹർഷൻ, ഐ നോ യു ഹാവ് ക്ലോസ്ഡ് ദ ചാപ്റ്റർ. ബട്ട്, ഫോർ ആൻ അക്കാദമിക് ഇന്ററസ്റ്റ്, എന്തിനാണ് വിനയ് ഈ കൊല നടത്തിയത് എന്ന് എനിക്കൊന്ന് ബ്രീഫ് ചെയ്യാമോ?"
സീറ്റിലിരുന്ന് ഒരു ചായ മൊത്തിക്കുടിച്ചുകൊണ്ട് ഗൗരി ഹർഷനോട് ചോദിച്ചു. ഹർഷൻ ഉത്തരം പറയാൻ തയ്യാറെടുക്കുമ്പോൾ ഗൗരി അയാളെ ശ്രദ്ധിച്ച് നോക്കുകയായിരുന്നു. ഇരു നിറത്തിൽ ശരീരം മുഴുവൻ മൂടത്തക്കവിധം രോമങ്ങൾ ഉള്ള ഒരു മനുഷ്യൻ. കൈകളുടെ വലുപ്പം കണ്ടപ്പോൾ തലേ ദിവസം വിനയന് കിട്ടിയിരിക്കാൻ ഇടയുള്ള മർദ്ദനത്തെക്കുറിച്ച് ഗൗരി ആലോചിച്ചു പോയി.
"സർ, ആസ് യു നോ, ഇറ്റ് ഈസ് എ ക്ലോസ്ഡ് കേസ്. ഈ വിനയൻ എന്നവൻ അവന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്ന കിരൺ എന്നവനെ 2018 ആഗസ്റ്റ് ഒന്നാം തീയതി വിനയൻ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ വെച്ച് കഴുത്തു ഞെരിച്ചു കൊന്നു എന്നാണ് കേസ്. കാരണം വ്യക്തമല്ല. ഫോറൻസിക് റിപ്പോർട്ട് പ്രകാരം, അതി രാവിലെ രണ്ടുമണിയോടെ ആണ് കൊല നടന്നത് എന്നാണ്. ബോഡി ഫുൾ ന്യൂഡ് ആയിരുന്നു. മുഖം ഒരു പുതപ്പിന്റെ മൂല കൊണ്ട് മറച്ചിരുന്നു. ബോഡി കണ്ടെത്തിയ റൂം അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. രാത്രിയിൽ വിനയന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടതായി ഓർക്കുന്ന തൊട്ടടുത്ത ഫ്‌ളാറ്റുകാരൻ സെക്യൂരിറ്റിയുമായി ചെന്ന് വാതിൽ പൊളിച്ച് അകത്തു കടക്കുമ്പോൾ മദ്യലഹരിയിൽ ബോധമില്ലാതെ കിടക്കുന്ന വിനയനെയും മരിച്ചു കിടക്കുന്ന കിരണിനെയും ആണ് കണ്ടത്. ഒറ്റനോട്ടത്തിൽ തന്നെ വിനയൻ തന്നെയാണ് ഈ കൊല നടത്തിയത് എന്നുറപ്പിക്കാം സർ.. അവൻ മാത്രമേ ആ മുറിയിൽ ഉണ്ടായിരുന്നുള്ളൂ.. ജനൽ വഴി ഒന്നും ആർക്കും കയറാൻ സാധിക്കില്ല. വേറെ വാതിലും ഇല്ല അവന്റെ ഫ്‌ളാറ്റിന്."
"ഹ്മ്മ്... ഇനി വിനയനെ പറ്റി പറയാമോ?"
"വിനയൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആണ് സർ. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ പ്രോഗ്രാമർ ആണ്. സഹോദരങ്ങൾ ആരുമില്ല. പേരന്റ്‌സ് ടീച്ചർമാരാണ്. ഓഫീസുമായി ബന്ധപ്പെട്ട് ഒരു ചുറ്റിക്കളി ഉള്ളതായി കേട്ടിരുന്നു സർ. മറ്റൊരു രസകരമായ വസ്തുത ഈ ചത്ത ചെക്കനുമായി ചേർത്തും ഈ പെണ്ണിന്റെ പേര് കേട്ടു എന്നതാണ്. അവൾ ഒരു പെഴയാ സാറേ.. പലരുമായും ചുറ്റിക്കളി ഉണ്ട്. അതീപ്പെട്ട ഒരുത്തൻ രാവിലെ ഇവനെ കാണാൻ ഇവിടെ വന്നിരുന്നു. പത്രക്കാരനാ. കണ്ണൻ എന്നാ അവന്റെ പേര്."
"അതൊക്കെ പോട്ടെ.. ഈ കിരണിന് എന്തായിരുന്നു പരിപാടി?"
"അവന് പ്രത്യേകിച്ച് പരിപാടി ഒന്നും ഉണ്ടായിരുന്നില്ല സർ. ഒരു ബാൻഡിന്റെ കൂടെ പാട്ട് പാടാൻ പോകും. അച്ഛനും അമ്മയും മരിച്ചു. നോർത്ത് റയിൽവേ സ്‌റ്റേഷനടുത്ത് ഒരു ലോഡ്ജിലാ താമസം."
"ഇവന്മാർ തമ്മിൽ എങ്ങനെയാ പരിചയം?"
"ഈ കിരണിന്റെ പാട്ട് കേട്ട് കൂടെ കൂടിയതാ എന്നാ അറിഞ്ഞത്. വലിയ ചങ്കുകൾ ആയിരുന്നു."
"മറ്റേ പെണ്ണിനെ കണ്ടിരുന്നോ?"
"കണ്ടു."
"അവളുടെ വീട് ഗുജറാത്തിൽ ആണ്. ബാംഗ്ലൂരിൽ ജോലി. ബാംഗ്ലൂർ വെച്ചാണ് കണ്ടത്. പതിവു പോലെ, ഞങ്ങൾ വല്യ കൂട്ടുകാർ ആയിരുന്നു. അല്ലാതെ ഒന്നുമില്ല എന്നായിരുന്നു ഉത്തരം..ഉപയോഗമുള്ള ഒന്നും കിട്ടിയില്ല സർ."
"ഹ്മ്മ്... എനിക്ക് ഈ വിനയനെ ഒന്നു കൂടി കാണണം"
"എന്തിനാ സാറേ ആവശ്യമില്ലാത്ത കേസിൽ തലയിടുന്നത്? നാളെ മജിസ്‌റ്റ്രേട്ടിന്റെ മുന്നിൽ ഹാജരാക്കി നമ്മുടെ തലയിൽ നിന്നൂരാം.. സാർ പുതിയതായതു കൊണ്ടാ."
"ഹർഷാ, ചെക്കൻ ഫുഡ് കഴിച്ചോ എന്ന് കൺ ഫേം ചെയ്‌തേ. എന്നിട്ട് അര മണിക്കൂറിൽ നമുക്ക് ഒന്നുകൂടി കാണണം.. ഇപ്പൊ പൊയ്‌ക്കോ."
ഗൗരിയുടെ ശബ്ദത്തിലെ അസാധാരണമായ ഭാവം കണ്ട് അൽപം പകച്ച ഹർഷൻ എന്തൊക്കെയോ മുരണ്ട് മുറിയിൽ നിന്ന് പോയി..
ഗൗരി വീണ്ടും മുറിയിൽ ചെല്ലുമ്പോൾ വിനയ് തല കുനിച്ച് എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ് തറയിൽ നോക്കി ഇരിക്കുകയായിരുന്നു. ആദ്യം കണ്ട സമയത്തെപ്പോലെ അയാൾ ഗൗരിയെ നോക്കിയതേയില്ല.
ഗൗരി നേരെ കാര്യത്തിലേക്ക് കടന്നു.
"കിരണിനെ നീ എന്തിനാണ് കൊന്നത്?"
ഒരു മറുപടിയും കിട്ടാതായപ്പോൾ ഗൗരി ഒന്നു കൂടി ചോദിച്ചു..
"നീ ഞാൻ ചോദിച്ചത് കേട്ടില്ലേ?"
യാതൊരു ഉത്തരവും ഉണ്ടായില്ല.
അടുത്ത നിമിഷം വിനയനും ഇരുത്തിയിരുന്ന കസേരയും കൂടി എടുത്തെറിഞ്ഞ പോലെ തൊട്ടടുത്ത മേശയിൽ ഇടിച്ചു വീണു. ഒരു ഞെരക്കത്തോടെ വിനയൻ കരയാൻ ആരംഭിച്ചു. ഗൗരി എഴുന്നേറ്റ് വിനയന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. പിന്നെ പതിയെ പറഞ്ഞു..
"ഇതുപോലെയല്ലേ നീ അവന്റെ കഴുത്ത് ഞെരിച്ചത്... ഒരു ശബ്ദം പോലും ഇല്ലാതെ നീ തീരും..ഇന്നലെ കണ്ടവരൊന്നുമല്ല ഞാൻ."
കുഴഞ്ഞതു പോലെ കിടന്ന വിനയൻ തന്റെ രണ്ടു കൈകൾ കൊണ്ടും ഗൗരിയുടെ കൈയിൽ പിടിച്ചു. തേങ്ങലിനിടെ പതിയെ പറഞ്ഞു.
"ഞാൻ ആണോ എന്നറിയില്ല സാർ... ഞാൻ നല്ലോണം കുടിച്ചിരുന്നു. രാവിലെ ആരോ കുലുക്കി വിളിച്ചപ്പോഴാ അവൻ മരിച്ച് കിടക്കുന്നത് ഞാൻ കാണുന്നത്.
അവന്റെ കഴുത്തിൽ എന്റെ കൈയുടെ പാട് ഉണ്ടായി എന്നും എന്റെ കൈയിൽ അവന്റെ കടി കിട്ടി എന്നും പോലീസ് പറഞ്ഞാ അറിഞ്ഞത്.
എനിക്കൊന്നും അറിയില്ല സർ.. ഞാൻ അവനെ കൊല്ലത്തില്ല... അത്ര ഇഷ്ടമായിരുന്നു എനിക്കവനെ."
'"നിനക്കറിയില്ലേ വേറെ ആരും മുറിയിൽ ഉണ്ടായിരുന്നില്ല എന്ന്? മുറി അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു എന്ന്? വിനയ്.. നീ വെറുതെ ഞങ്ങളുടെ ടൈം വേസ്റ്റ് ചെയ്യരുത്.. തോന്നിയ പോലെ മൊഴി മാറ്റി പറഞ്ഞാൽ വളരെ വേദന തിന്നണ്ടി വരും.. പറ.. അന്ന് രാത്രി എന്താണ് സംഭവിച്ചത്?"
"സർ.. എനിക്കറിയില്ല.. ഞാൻ രാവിലെ ആരോ വിളിച്ചപ്പോ എഴുന്നേറ്റ് നോക്കി. അവൻ മരിച്ചു കിടക്കുകയായിരുന്നു. ഞാനാദ്യം അവൻ വല്ല ഗുളികയും തിന്ന് സൂയിസൈഡ് ചെയ്തതാകും എന്നാ കരുതിയത്. പോലീസാണ് ഞാനാ കൊന്നതെന്ന് പറഞ്ഞത്."
നാവിന്റെ തുമ്പ് വരെ വന്ന ഒരു തെറി കഷ്ടപ്പെട്ട് വിഴുങ്ങി ഗൗരി വിനയന്റെ കഴുത്തിൽ കുത്തിപ്പിടിച്ച കൈ കൊണ്ട് വിനയനെ ആഞ്ഞു തള്ളിക്കൊണ്ട് വെറുപ്പോടെ പറഞ്ഞു, "പോടാ... നിനക്കുള്ളത് വാങ്ങിച്ചോ."
--------------------------------
പുറത്തേക്കിറങ്ങിയ ഗൗരിയെ കാത്ത് ഹർഷൻ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു.
"സർ, പ്രതിയെ മജിസ്‌റ്റ്രേറ്റിനു മുന്നിൽ ഹാജരാക്കണ്ടേ?'
''അറസ്റ്റ് രേഖപ്പെടുത്തിയിരുന്നോ?''
''ഇല്ല. സാർ വന്നിട്ട് ചെയ്യാം എന്നാ കരുതിയത്.''
''എന്നാൽ ഒരു ദിവസം കൂടി വെയിറ്റ് ചെയ്യാം. താൻ ഡോക്ടർ ഹബീബിന് നാളെ ഒരു അപ്പോയിൻമന്റ് പറഞ്ഞു വെക്ക്.''
---------
വീട്ടിലെത്തിയിട്ടും ഗൗരിക്ക് സ്വസ്ഥത കിട്ടിയില്ല. ലക്ഷ്മിയും മോളും കൂടി ഓരോ സാധനങ്ങളായി അടുക്കി വെക്കുന്നതിനിടെ പല പ്രാവശ്യം ഗൗരിയെ വിളിച്ചെങ്കിലും അയാൾ ചെന്നില്ല. ബാക് റ്റു ബാക് സിഗരറ്റ് വലിച്ചു തള്ളിക്കൊണ്ടിരുന്നു.. വിനയ് തന്നെയാണ് കൊലപാതകി. പക്ഷെ എന്തിന്? എത്ര ആലോചിച്ചിട്ടും കൊലപാതകത്തിന്റെ ഉദ്ദേശം ഗൗരിക്ക് പിടികിട്ടുന്നുണ്ടായില്ല. ചിന്തകൾ കൊണ്ട് ഭ്രാന്ത് പിടിച്ച് ഓർഡർ ചെയ്തു വരുത്തിയ പാർസലിന്റെ കൂടെയുള്ള ഫ്‌ളാസ്‌കിൽ നിന്ന് ഒരു ചായ പകർന്ന് കുടിച്ചു കൊണ്ടിരിക്കേ ഗൗരിയുടെ ഫോണിൽ ഒരു കോൾ വന്നു.
ഫോൺ എടുത്ത ഗൗരിയുടെ മുഖഭാവം മാറാൻ നിമിഷങ്ങൾ മാത്രമെ വേണ്ടി വന്നുള്ളൂ. വലിഞ്ഞു മുറുകിയ മുഖവുമായി അയാൾ വിളിച്ചയാളോട് ചോദിച്ചു.
''നിങ്ങൾ ആരാ?.''
''ഞാൻ കണ്ണൻ. ഡെയ്‌ലി ന്യൂസിന്റെ റിപ്പോർട്ടർ ആണ്. കിരണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മോട്ടീവ് ആണ് സാർ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം. ഇതേ ആവശ്യമുള്ള മറ്റൊരാൾക്ക് വേണ്ടി ആണ് ഞാൻ ഇപ്പോ വിളിക്കുന്നത്. നമുക്ക് ഒന്ന് നേരിൽ കാണാൻ പറ്റുമോ?''
''കാണാം. കണ്ണൻ എവിടെയുണ്ട്?''
''വേണ്ട സർ. പ്രോബ്ലം ഇല്ലെങ്കിൽ ഞാൻ സാറിന്റെ ഫ്‌ളാറ്റിൽ വരാം. ഇൻ ഫാക്ട്, ഞാൻ താഴെത്തന്നെ നിൽക്കുന്നുണ്ട്. സാറിന് സാറിന്റെ റോഡിലേക്ക് തുറക്കുന്ന ജനൽ തുറന്നാൽ എന്നെ കാണാം.''
കർട്ടൻ മാറ്റിയ ഗൗരി താഴെ നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു. പച്ച ടീഷർട്ടും കടും നീല ജീൻസും ധരിച്ച അയാൾ ഒരു ബ്ലാക് മാറ്റ് ബുള്ളറ്റിൽ ചാരി ആയിരുന്നു നിന്നിരുന്നത്. കർട്ടനിപ്പുറത്ത് ഗൗരിയെ കണ്ടപ്പോൾ അയാൾ കൈ വീശിക്കാണിച്ചു. ഗൗരിയും പ്രത്യഭിവാദ്യം ചെയ്തു. പിന്നെ കയറിപ്പോരാൻ ആംഗ്യം കാണിച്ചു.
-------------------------------
''മിസ്റ്റർ കണ്ണനെ പറ്റി ഞാൻ കേട്ടിരുന്നു. ഹർഷൻ പറഞ്ഞു. എന്തായാലും ഈ ദിവസങ്ങളിൽ ഞാൻ കാണാൻ വരികയും ചെയ്യുമായിരുന്നു. കണ്ണന് വിനയനെ പരിചയമുണ്ടല്ലേ?''
''വെറും പരിചയമല്ല സർ.. ഞങ്ങൾ നല്ല കൂട്ടുകാർ ആയിരുന്നു,. ഞാനും വിനയനും കിരണും. ഇപ്പോ കിരൺ ഇല്ലല്ലോ.''
''വിനയൻ ആണോ കിരണിനെ കൊന്നത്?''
''അറിയില്ല സർ. എല്ലാ ലോജിക്കും അങ്ങനെ തന്നെയാണ് പറയുന്നത്.''
''എന്തിനായിരിക്കും വിനയൻ അത് ചെയ്യുക?''
ആ ചോദ്യത്തിനുത്തരം പറയുന്നതിന് പകരം കണ്ണൻ ഫ്‌ളാറ്റിനകമാകെ ഒന്നു കണ്ണോടിച്ചു. പിന്നെ, ഇരുന്ന സെറ്റിയിൽ ഒരൽപം മുന്നോട്ട് കയറിയിരുന്ന് ഒച്ച താഴ്ത്തി ഗൗരിയോട് പറഞ്ഞു..
''സർ ജോയിൻ ചെയ്യുന്നതിന് മുൻപ് ഞാൻ സ്‌റ്റേഷനിൽ വന്ന് വിനയനെ കണ്ടിരുന്നു.''
''അറിയാം. ഹർഷൻ പറഞ്ഞിരുന്നു.''
''വിനയനോട് സംസാരിച്ചപ്പോൾ അവൻ ഒരുപാട് കരഞ്ഞു. അവന്റെ ഇടത്തേ കൈത്തണ്ടയിൽ കടിയേറ്റ പാടുണ്ട്. അവൻ പറഞ്ഞത് കിരൺ കടിച്ചതാണ് അതെന്നാണ്. പക്ഷേ അതും അവന് ഉറപ്പില്ല. എന്താണ് സംഭവിച്ചതെന്ന് അവന് സത്യമായും അറിയില്ല. എന്തിനാണ് അവൻ കിരണിനെ കൊന്നതെന്ന് കണ്ടുപിടിക്കാൻ ആണ് അവൻ എന്നോട് ആവശ്യപ്പെട്ടത്.''
''വിചിത്രമായിരിക്കുന്നു''. ഗൗരി കൈകൾ കൂട്ടിത്തിരുമ്മി.
ഒരു നിമിഷത്തെ നിശബ്ദതയ്‌ക്കൊടുവിൽ ഗൗരി കണ്ണനോട് ചോദിച്ചു.
''കണ്ണൻ നിങ്ങളെക്കുറിച്ച് പറയൂ. നിങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ കുറിച്ചും.''
''ഞങ്ങൾ ചെറുപ്പം മുതലെ ഒരുമിച്ചാണ് പഠിച്ചത്.. പ്രീഡിഗ്രി കഴിഞ്ഞപ്പോ അവന് എൻട്രൻസ് എഴുതി കിട്ടി. എനിക്ക് അത് താൽപര്യം ഉണ്ടായില്ല. അതു കൊണ്ട് ഞാൻ ഡിഗ്രിയും ജേണലിസവും പഠിച്ചു. തുടർന്ന് പഠിക്കുമ്പോഴും പലപ്പോഴും ഞങ്ങൾ ഒരുമിച്ച് കാണാറും കൂടാറും ഉണ്ടായിരുന്നു. ഇപ്പോൾ വിനയന് ഇൻഫോ പാർക്കിൽ ജോലി കിട്ടിയ ശേഷം കൊച്ചിയിൽ മിക്കവാറും ഞങ്ങൾ കൂടാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ബൈപാസിലെ ചാർലീസ് പാലസ് ബാറിൽ മദ്യപിച്ചു കൊണ്ടിരിക്കെ പാട്ടു കേട്ട് പരിചയപ്പെട്ടതാണ് കിരണിനെ.. ഞങ്ങളാണ് കിരണിനെ തണ്ടേഴ്‌സ് എന്ന ബാൻഡുമായി പരിചയപ്പെടുത്തിയത്.. ബാൻഡിൽ കയറിയ ശേഷം അവൻ നല്ലോണം രക്ഷപ്പെട്ടു.''
''അവൻ എങ്ങനെയാ ആള്? നല്ല തണ്ണിപ്പാർട്ടി ആയിരുന്നോ?''
''എയ്.. അവൻ മദ്യപിക്കില്ല. ഞങ്ങളുടെ കമ്പനികളിൽ സ്ഥിരം ടച്ചിങ്ങ്‌സ് ഈറ്റർ ആയിരുന്നു അവൻ.''
''ശല്യമായിരുന്നു എന്നർഥം. ഗൗരി ഒരു ചെറുചിരി വിട്ടു. കൊന്നു കളയാനും മാത്രം ഇല്ലെങ്കിലും.''
''പോട്ടെ.. ഈ വിനയൻ ഓഫീസിൽ എങ്ങനെയാണ്?''
''ഡീസന്റാണ് സർ.. ഓഫീസിൽ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. മേഘ്‌ന. ഗുജറാത്തി ആണ്. വിവാഹം കഴിക്കാൻ പ്ലാൻ ഉണ്ടായിരുന്നു. വീട്ടിൽ പറയാനും മേഘ്‌നയെ കാണിക്കാനും കൊണ്ടു പോകുന്ന സമയത്താണ് അവന് ഒരു ആക്‌സിഡന്റ് ഉണ്ടായത്. ഒരു കള്ളുവണ്ടി വന്ന് അവന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.. കുറച്ചു നാൾ ഹോസ്പിറ്റലിൽ കിടന്നു. അതിനിടെ മേഘ്‌ന നാട്ടിൽ പോയി. പിന്നെ അറിഞ്ഞു അവൾക്ക് ബാംഗ്ലൂർക്ക് ട്രാൻസ്ഫർ ആയെന്ന്. അതിൽ അൽപം ഡിപ്രസ്ഡ് ആയിരുന്നു അവൻ''
''അപ്പോൾ അവൾ ഇപ്പോൾ നാട്ടിൽ ഇല്ല.''
''ഇല്ല''
''ഓക്കേ കണ്ണൻ, നമുക്ക് ഇനീം കാണണം.. ഇരുട്ടിൽ തപ്പിക്കൊണ്ടിരുന്ന എനിക്ക് ഒരുപാട് ഹെൽപ് ആണ് കണ്ണൻ ചെയ്തത്.''
''ഇറ്റ് ഈസ് മൈ ഡ്യൂട്ടി സർ.. പത്രത്തിനും പോലീസിനെപ്പോലെ സത്യാന്വേഷണം തന്നെ ആണല്ലൊ ഉദ്ദേശം.''
---------------------------
പിറ്റേന്ന് രാവിലെ ഗൗരി സ്‌റ്റേഷനിൽ എത്തുമ്പോൾ ഡോക്ടർ ഹബീബ് റൂമിൽ ഉണ്ടായിരുന്നു.
സംശയത്തോടെ നോക്കിയ ഗൗരിയോട് ഡോക്ടർ ഒട്ടും ചിരിയില്ലാതെ ഗൗരവത്തോടെ പറഞ്ഞു.
''ഞാൻ ഡോക്ടർ ഹബീബ്. ഫൊറൻസിക് ഡിപ്പാർട്മന്റ്.''
''ഓഹ്.. സർ.. ഞാൻ അപ്പോയിൻമന്റ് ചോദിക്കാൻ ഏൽപ്പിച്ചിരുന്നു.''
''ഇറ്റ്‌സ് ഓകെ. ഹർഷൻ എന്നെ വിളിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞു. എനിക്ക് ഒരു കോൺഫറൻസിന് പോകാനുണ്ടായിരുന്നു. അപ്പോൾ അതിന് മുൻപ് വന്നാലെ കാണാൻ പറ്റൂ എന്ന്. പിന്നെ ആലോചിച്ചപ്പോ പോലീസുകാർ കറക്ട് സമയം പാലിച്ചില്ലെങ്കിൽ എനിക്ക് അത് ഒരു ബുധിമുട്ടായാലോ എന്ന് തോന്നി. അതാ രാവിലെ തന്നെ വന്നത്.''
''ഓഹ്.. സോറി ഫോർ മെയ്ക്കിംഗ് യു വെയിറ്റ്.. ഒന്നു രണ്ടു കാര്യങ്ങൾ ചോദിച്ചറിഞ്ഞാൽ യു കാൻ കാരി ഓൺ വിത് യുവർ കോൺഫറൻസ്.''
''സീ ഗൗരി, സത്യത്തിൽ ഇതൊരു വേസ്റ്റ് ഓഫ് ടൈം ആണ്. ഞാൻ അയാളെ പരിശോധിച്ചതാണ്. ഈ കൾപ്രിറ്റ് തുടക്കം മുതലേ നുണയാണ് പറയുന്നത്. അയാൾക്ക് മാനസിക രോഗത്തിന്റെ ഒരു ഹിസ്റ്ററിയും ഇല്ല എന്നു മാത്രമല്ല, ആൾ പൂർണമായും ഓകെ ആണ് താനും. കാഴ്ചയിൽ ഇങ്ങനെ പതുങ്ങി ഇരിക്കുന്നത് കണക്കാക്കണ്ട. എന്റെ അനുഭവത്തിൽ പഠിച്ച കള്ളന്മാരെല്ലാം നമ്മുടെ സങ്കൽപ്പത്തിനുമപ്പുറം പാവങ്ങളായാണ് ഇരിപ്പ്. സോ ഇറ്റ് ഹാപ്പൻസ് റ്റു ബി എ ക്ലിയർ കേസ് ഓഫ് മർഡർ.''
''സർ.. എനിക്ക് അയാൾ നുണ പറയുന്നതായി തോന്നിയില്ല ഡോക്ടർ.. അയാളുടെ കണ്ണുകൾ ശ്രദ്ധിച്ചോ, ചിലപ്പോൾ അയാൾ അത് ചെയ്തിട്ടുണ്ടാവില്ല എന്നു തന്നെയാണ് എന്റെ തോന്നൽ.''
ഇത്തവണ ഡോക്ടർ ഹബീബിന്റെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു.
''ഞാൻ പറഞ്ഞാലുണ്ടല്ലോ സാറേ.. അദ്ദേഹം ഒന്നിളകിയിരുന്നു.. സാറ് വളരെ ചെറുപ്പമാ.. ഈ ക്രിമിനലുകളെ നോക്കുന്നതിനു പകരം വല്ല പെമ്പിള്ളേരുടെ കണ്ണിലും നോക്കണ്ട പ്രായമാ..ഇനിയുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം എന്റെ റിപ്പോർട്ടിലുണ്ട്. ചത്തവന്റെ ഫോറൻസിക് റിപ്പോർട്ടും കൊന്നവന്റെ മെന്റൽ റിപ്പോർട്ടും... ബാക്കി എന്നതേലും ഉണ്ടെങ്കിൽ ആരെയെങ്കിലും വിട്ടാ മതി. അറിയാവുന്ന പോലെ പറഞ്ഞു തരാം.''
ഹബീബ് എഴുന്നേറ്റു..
ഡോക്ടറിന്റെ പുച്ഛം തീരെ വക വയ്ക്കാതെ ഗൗരി വീണ്ടും ചോദിച്ചു..
''സർ.. ബോഡി ന്യൂഡ് ആയിരുന്നില്ലേ? അതിനെ പറ്റി എന്തെങ്കിലും പരാമർശം?''
''യെസ്. ബോഡി ന്യൂഡ് ആയിരുന്നു. അത്ര തന്നെ.''
''അല്ല. അതൊരു നോർമൽ സംഗതി അല്ലല്ലോ.. ആരെങ്കിലും തുണിയില്ലാതെ കിടന്നുറങ്ങി തുണിയില്ലാതെ നോർമലി മരിച്ചു കിടക്കുമോ? അഥവാ വിനയൻ കൊന്നതാണെങ്കിൽ അവൻ എന്തിന് കിരണിന്റെ തുണി അഴിച്ചു കളയണം?''
''എന്റെ പൊന്നു സാറേ.. ബാച്ചിലേഴ്‌സ് താമസിക്കുന്ന സ്ഥലമല്ലേ.. എല്ലാവന്റെയും കൈയിൽ മൊബൈലും.. നിരോധിച്ച ഐറ്റംസ് ഒക്കെ എങ്ങനെ കാണാം എന്ന് ഇപ്പോഴത്തെ കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അറിയാം.''
ഡോക്ടർ മുറി വിട്ടു പുറത്തേക്കു പോകുമ്പോഴേക്കും ഗൗരി ചിന്തയിലാണ്ടു പോയിരുന്നു..ടേബിളിൽ ഇരുന്ന ഒരു കോയിൻ വിരലുകൾ കൊണ്ട് കറക്കി ഒറ്റ ഞൊട്ടു കൊണ്ട് റൂമിന്റെ എതിർവശത്ത് മനോഹരമായി അലങ്കരിച്ചു വെച്ച ഒരു ഫ്ളവർ വെയ്‌സിൽ എത്തിച്ചു അയാൾ.
--------------------
തുടരും.... Next Part in Nallezhuth within One hour or
***********************************
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot