Slider

മഴയോർമ്മകൾ അഥവാ ജൂണോർമ്മകൾ

0
Image may contain: 1 person, smiling, selfie and closeup
*****************************************
വെയിലിന്റെ വെള്ളിവെളിച്ചം മുറ്റവും കടന്ന് അകത്തെ മുറികളിലും തട്ടിത്തൂവിത്തെറിക്കുന്ന ഈ അപാരമായ കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടി വന്നപ്പോഴാണ് നനുത്ത ഓർമ്മക്കനവുകളുടെ വയൽ വരമ്പിലൂടെ അന്നൊരു നാളിൽ സ്ക്കൂളിലേക്ക് ആദ്യമായ്പ്പോയ യാത്രയിൽ ഞാനെത്തിനിന്നത്.
ഇപ്പൊഴത്തെപ്പോലെയല്ല.. അന്നൊക്കെ ജൂൺ മാസത്തിലെ മഴയെന്തൊരു മഴയും കുളിരെന്തൊരു കുളിരുമൊക്കെയായിരുന്നു. ഒന്നിൽ ചേർക്കപ്പെട്ട എനിക്ക് പക്ഷേ നാലിൽപ്പഠിക്കുന്ന ഏട്ടനൊപ്പമിരിക്കാനായിരുന്നു ഉത്സാഹമേറെ!അതു നടക്കില്ലെന്നു വന്നപ്പോൾ ആരെയും കുറ്റപ്പെടുത്താതെ തന്നെ വരാന്തയിൽ ഒറ്റയ്ക്കുള്ള ഇരിപ്പിലും ആനന്ദം കണ്ടെത്താനായി..!
പതുക്കെപ്പതുക്കെ ചങ്ങാതിച്ചങ്ങലയിൽ കണ്ണികൾ കൂടി വന്നു. ഓമനയും വല്ല്യ മേരിയും കുഞ്ഞുമേരിയും കുഞ്ഞാത്തുവും മുനീറും സജിയും രമണിമാരും അടങ്ങിയ സംഘത്തിൽ കുഞ്ഞുരമണിയാവും എപ്പോഴും നേതാവ്.ആണെന്നോ പെണ്ണെന്നോ വേർതിരിക്കാതെ ഇടകലർന്നുള്ള ഇരിപ്പിൽ അരുതുകൾ ഇല്ലാതിരുന്നത് കാലത്തിന്റെ നൈർമ്മല്യം തന്നെയാവണം..!
എന്നും സ്നേഹം മാത്രം കിനിഞ്ഞിരുന്ന കൽ വിളക്കുപോലെ പ്രഥമാദ്ധ്യാപകൻ നാരായണൻ മാസ്റ്റർ ഇടവേളകളിൽ കണ്ടുമുട്ടിയാൽ വാരിയെടുത്ത് മടിയിലിരുത്തും.ഒരിക്കൽ ക്ലാസ്സിൽ ഒരു രസമുണ്ടായി. "മുക്കുറ്റിപ്പെണ്ണിന്റെ കമ്മൽ വീണു.. "എന്നുള്ള വരികൾ മാഷ് ചൊല്ലിത്തീരുംമുമ്പ്‌ ഈ പാവത്തിന്റെ കമ്മലതാ നിലത്തു കിടക്കുന്നു.. ക്ലാസ്സിൽ കൂട്ടച്ചിരിക്ക് വേറെങ്ങും പോകേണ്ടല്ലോ..?"ദാ ഞാൻ പറഞ്ഞ പോലെ'' എന്ന് മാഷ് കൂട്ടിച്ചേർക്കുകേം ചെയ്തപ്പൊ ഞാനായി ചുളുവിൽ അന്നത്തെ സ്റ്റാർ ഓഫ് ദ ഡേ...!
വീടടുത്തായതു കൊണ്ട് തന്നെ ഉച്ചയ്ക്കുണ്ണാൻ വീട്ടിൽപ്പോണം.ഇതുപോലെ ഒട്ടുമിഷ്ടമില്ലാത്ത ഒരേർപ്പാട് വേറെയില്ല. പാവങ്ങൾക്കാണ് ഉപ്പുമാവെന്നു കേട്ടപ്പോൾ പാവമല്ലാത്തതിൽ അന്നാദ്യമായി ഇത്തിരി നീരസോം തോന്നി.( ആരോടാണെന്നറീലാട്ടോ) അങ്ങനെ തോന്നാമ്പാടില്ലെന്നു പിന്നീടാണറിഞ്ഞതും. എങ്കിലും ഞങ്ങൾക്കും ഉപ്പുമാവു കിട്ടീര്ന്നു.
ആ.. അതെന്തേലുമാട്ടെ.. പറഞ്ഞു വന്നതിതാണ്, വയൽ വരമ്പിലൂടെ വേണം തിരിച്ചു വീട്ടിലേയ്ക്കും വരാൻ. ഒറ്റയ്ക്കുള്ള നടത്തം. പകൽക്കിനാവുകൾ മാത്രമാവും യാത്രയിലെ കൂട്ട്. പെട്ടെന്നൊരു ശബ്ദം കേട്ടു ഞെട്ടിത്തിരിഞ്ഞു. വലതു വശത്തെ കണ്ടത്തിൽ നില്ക്കുന്നു പുല്ലരിയുന്ന ഒരു ചേച്ചി. കൈയിൽ കത്തിയുള്ള അവർ എന്തൊക്കെയോ പറയുന്നുണ്ട്.ശബ്ദമില്ലാത്തതിനാൽ മുഖം കൊണ്ടുള്ള ആംഗ്യം ഇത്തിരി കടുപ്പിച്ചാണെന്ന് തോന്നി.
കൈയിൽക്കരുതിയ ഉപ്പുമാവ് പാത്രത്തോടെ അവിടെയിട്ട് ഞാനന്നോടിയ ആ വരമ്പിലോ സമീപസ്ഥലങ്ങളിലോ പിന്നീട് പുല്ലെന്ന ആ നിസ്സാര വർഗ്ഗം മുളച്ചിട്ടില്ലത്രേ..!
--- ------ ---- ---- ----- ---- ------- ---- ------- -------- ---
വാൽക്കഷണം: കത്തിയും കൈയിലേന്തി കടുപ്പിച്ച ആംഗ്യങ്ങൾ കാട്ടിയ ചേച്ചി ഊമയാണെന്നും, അവർ എന്നിലേക്ക് ആവോളം വാത്സല്യം ചൊരിഞ്ഞതാണെന്നും ,എന്റെ ക്ലാസ്സിലെ തന്നെ ഫിലോമിനയുടെ സ്വന്തം ചേച്ചിയാണ് അതെന്നും മറ്റുമുള്ള വിവരാവകാശ രേഖകൾ പിന്നീടാണ് എനിക്ക് കൈമാറിക്കിട്ടിയത്
**ശുഭം**
( സരിത.പി.കാവുമ്പായി )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo