Slider

കാട്ടിലൂടൊരു യാത്ര

0
Image may contain: 4 people, people smiling
യാത്രപോകാം കാട്ടിൽപ്പോകാം
ആ മല,യീമല താണ്ടിപ്പോകാം.
കാടിന്‍റെ ഭംഗി തിരഞ്ഞു പോകാം;
നീലക്കൊടുവേലി പൂത്തതുകാണാം.
യാത്രപോകാം കാട്ടിൽപ്പോകാം
ആ മലയീ,മല താണ്ടിപ്പോകാം.
കാടിന്‍റെമക്കൾതന്നൂരു കാണാം;
കാടിന്‍റെമക്കൾതൻപാട്ടും കേൾക്കാം.
ചീവീടിൻപാട്ടുകൾ കേട്ടുകൊണ്ട്
കുയിൽനാദംപോലൊരുചൂളംകുത്തി
മയിലാടുംകാഴ്ച്ചകൾ കണ്ടുകൊണ്ട്
ചുറ്റും തിരഞ്ഞു നടന്നുപോകാം.
തെല്ലുനടന്നുവലഞ്ഞെന്നാലോ
കാട്ടുകല്ലിമ്പുറത്തൊന്നിരുന്നും
കാട്ടുപഴങ്ങൾ പറിച്ചുതിന്നും
ക്ഷീണമകറ്റി നടന്നുനീങ്ങാം.
ചേരുമ്പഴക്കുല കണ്ടെന്നാലോ
ഓടിച്ചെന്നാരും പറിക്കരുതേ.
ചേര് ചൊരുക്കിയാൽ താന്നിമരം
കാക്കും; കാര്യങ്ങളാരും മറക്കരുതേ.
കാക്കക്കറുമ്പനാം ഞാവൽപ്പഴം,
ചോന്നുതുടുത്തൊരാ,യത്തിപ്പഴം,
ചക്കപ്പഴമ്പോലേ,യാഞ്ഞിലിച്ചക്കയും
മഞ്ചാടിക്കുരുപോൽച്ചൊമന്നിരിക്കും
ചെറുചടച്ചിപ്പഴത്തിൻരുചിയറിഞ്ഞും
കാട്ടിലൂടൊന്നായ് നടന്നുനീങ്ങാം.
വാളൻപുളിതോല്ക്കുമമ്പഴങ്ങയും
കാട്ടുനെല്ലിക്കയും പെറുക്കിത്തിന്നും
കാട്ടുമാവിലൊരു കല്ലെറിഞ്ഞും
ഞാറപ്പഴം പറിച്ചുതിന്നും
ഏമ്പക്കംവിട്ടു നടന്നുപോകാം.
കാട്ടിൽക്കിടക്കുന്ന കല്ലെടുത്ത്
അലക്ഷ്യമായാരു,മെറിയരുതേ.
തേനീച്ചക്കൂടും കടന്നൽക്കൂടും
അങ്ങിങ്ങായെങ്ങാനും തൂങ്ങിനില്ക്കും.
ഉണങ്ങിക്കിടക്കുംകരിയിലയിൽ
വല്ലാതമർത്തിച്ചവിട്ടരുതേ.
തേള്, പഴുതാര, കാട്ടുപാമ്പ്
കുത്തിക്കടിച്ചു വിഷം കയറ്റും.
ഗരുഢക്കൊടിയുടെകൂടെയല്പം
കാട്ടുമഞ്ഞളും ചേർത്തരച്ച്
ലേപനമായിപ്പുരട്ടിയെന്നാൽ
എല്ലാ വിഷവും വലിച്ചെടുക്കും.
കാട്ടുമഞ്ഞളിന്‍റെ ചന്തം കണ്ടാൽ
മോന്ത കറുത്തോനു,മൊന്നുനിന്ന്
വെണ്ണതോല്ക്കുമ്പോലരച്ചെടുത്ത്
മുഖമാകെ തേച്ചുപിടിപ്പിച്ചൊന്ന്‍
കണ്ണാടിനോക്കുവാൻ പൂതി തോന്നും.
മുളങ്കൂട്ടം കണ്ടാലോ മെല്ലേപ്പോണം
മുള്ളുകൊള്ളുമെന്ന പേടിവേണം.
മുളയരികുത്തിയകഞ്ഞിയുണ്ടേൽ
വാതരോഗത്തിന്‍റെ ക്ഷീണം മാറും.
മുളങ്കൂമ്പ് ചെറുതായരിഞ്ഞെടുത്ത്
മൂന്നുനാൾ നീറ്റിലും മുക്കിവച്ച്
കറികളു,മച്ചാറുമുണ്ടാക്കിയാൽ
നിറവയറുണ്ടാലും മതിയാവില്ല.
കാട്ടുചേനയോ കൂട്ടരേ, കണ്ടാൽ പാവം!
തൊട്ടുനോക്കിയാലോ ആളു ക്രൂരൻ!
മൂലക്കുരുവിന്‍റെ ശത്രുവല്ലോയിവൻ
ഉദരരോഗിക്കൊരു മിത്രമല്ലോ.
ചിറ്റമൃതിന്‍റെ വളളി കണ്ടാൽ
ഊഞ്ഞാല കെട്ടുവാനാശിക്കല്ലേ.
കൊട്ടനും ചുക്കുംകൂടെ ചേർത്താൽ
പ്രഷറും പ്രമേഹവുമോടിപ്പോകും.
മലയിഞ്ചിച്ചുവടെങ്ങാൻ കണ്ടെങ്കിലോ
കാട്ടുതേനുംകൂട്ടിക്കഴിച്ചിടണം.
ആസ്തമയുമലർജിയും കട്ടച്ചുമയും
ഏഴയൽപക്കത്തു മാറിനില്ക്കും.
പാലമരം കണ്ടാൽ പേടിവേണ്ടാ
യക്ഷിയും മറുതയുമൊന്നുമില്ല.
പാലപ്പൂ,വിലഞ്ഞിപ്പൂ ഹാരം
കാടിന്‍റെമക്കൾതൻതാലിയല്ലോ.
തേക്കുമരങ്ങളെ കണ്ടെന്നാലോ
നാട്ടിലെ തെമ്മാടികളെയോർത്തിടണേ!
ഈട്ടിമരങ്ങളെ മുന്നിൽക്കണ്ടാൽ
നമ്മിലും വിലയുണ്ടെന്നോർമ്മവേണം.
പുതുമണ്ണിലെങ്ങാനും പൊത്തു കണ്ടാൽ
കൈയിട്ടു വല്ലാതെ തപ്പരുതേ.
മുള്ളനും കീരിയുമൊക്കെക്കാണും
കണ്ടാലോ പേടിച്ചിട്ടോടരുതേ.
മാമരക്കൊമ്പത്തു ചാടിക്കേറും
വാനരക്കൂട്ടത്തെ കണ്ടുപോയാൽ
സ്വന്തം മുഖവുമോർത്തിടണ,മൊപ്പം
പരിണാമസിദ്ധാന്തവുമോർക്കണം.
പുള്ളിമാൻകൂട്ടത്തെ കണ്ടുവെങ്കിൽ
മാരീചന്‍റെ രൂപം ഓർമ്മവേണം.
ലക്ഷ്മണരേഖയും സീതാദേവിയും
സ്മരണയായ് മനതാരിലെത്തിടണം.
കാട്ടുപോത്തിനെ ദൂരേക്കണ്ടാൽ
വേദാന്തമോതുവാൻ നില്ക്കരുതേ.
കാട്ടുപന്നിയെ കണ്ടെത്തിയാൽ
തീപ്പൊള്ളലിനുള്ളാരൌഷധമായല്പം
നെയ്യ് തരാവോയെന്നു ചോദിക്കണം.
കടുവേടെ മുന്നിലോ പെട്ടുപോയാൽ
ദേശസ്നേഹം നോക്കാതോടിടണം.
കരടിയെ വഴിവക്കിൽ കണ്ടെന്നാലോ
കഷണ്ടികൊണ്ടുള്ള വിഷമം പറഞ്ഞിടണം.
കാട്ടാനക്കൊമ്പനെക്കണ്ടെങ്കിലോ
നെറ്റിപ്പട്ടം ചാർത്താൻ നില്ക്കരുത്.
ആനച്ചവിട്ടേറ്റു ചത്തുപോയാൽ
മൂക്കിലെ രോമത്തിനു കേടില്ലല്ലോ.
കാടിന്‍റെമക്കളെ നേരിൽക്കണ്ടാൽ
നെഞ്ചോടു ചേർത്തൊന്നണച്ചിടാനായ്
മടിവേണ്ടാ, മടിവേണ്ടെൻകൂട്ടുകാരേ.
മാനുഷർതന്നെ,യവരെല്ലാരും
നിർമ്മലഹൃത്താണവർക്കെല്ലാർക്കും.
ബെന്നി ടി. ജെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo