നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പഴംമാങ്ങാ സാമ്പാർ.

Image may contain: 1 person, stripes
ഹലോ, ഇതെവിടെയാണ്
എന്താ വിളിച്ചിട്ടൊന്നും കിട്ടുന്നില്ലല്ലോ, ബിസിയാണോ?
ഫോൺ ഡൈനിംഗ് ഹാളിൽ ഇരിയ്ക്കുകയായിരുന്നു. റിംഗ്‌ ചെയ്യുന്നത് കേട്ടില്ല.
പിള്ളേരാണെങ്കിൽ പിന്നെ
ടിവിയുടെ മുന്നിലല്ലേ, ലോകം ഇടിഞ്ഞാലും, ഞാൻ കിച്ചണിലെങ്ങാനും ഉരുണ്ടു വീണാലും അവർ അറിയില്ല. കറണ്ടെങ്ങാൻ പോയാൽ പിന്നെ ഫോണിൽ കളിക്കാൻ ഫോണും തപ്പി ഇറങ്ങിക്കോളും രണ്ടും കൂടെ.
അതിൻ്റെ കൂടെ വഴക്കും
അപ്പോൾ വേണം രണ്ടിനേയും കണ്ടം വഴി ഓടിക്കാൻ. ദൈവമേ ഒന്ന് വേഗം സ്ക്കൂൾ തുറന്നാൽ മതിയായിരുന്നു.
ഇത് എപ്പോഴും കേൾക്കുന്നതല്ലേ, എന്നിട്ട് സ്കൂൾ തുറന്ന് പിള്ളേർ പോയിക്കഴിയുമ്പോൾ വിഷമിച്ചിരിക്കുന്നതും കാണാറുള്ളതല്ലേ. അതു കൊണ്ട് അതിനെ പറ്റിയെന്നും വലിയ ഗമ പറയണ്ട.
എന്താണാവോ കിച്ചണിൽ ഭയങ്കര മലമറിച്ചിൽ, അരി വയ്ക്കുകയാണോ?
അരിയെല്ലാം വച്ചു, അടിപൊളിയായി കറി ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു. ഇന്ന് സ്പഷ്യൽ വിഭവമല്ലേ, സൂപ്പർ ഡ്യൂപ്പർ പഴംമാങ്ങാ സാമ്പാർ .
ദൈവമേ ഇത് മിക്കവാറും സ്വപ്നക്കൂട് എന്ന സിനിമയിൽ ജയസൂര്യ ഉണ്ടാക്കിയ ചിക്കൻ സാമ്പാറിൻ്റെ കോപ്പിയല്ലേ, സാമ്പാർ ഉണ്ടാക്കിയതിൽ പഴംമാങ്ങ അറിയാതെ വീണുപോയതിനാൽ അഡാർ ഐറ്റം എന്നു പറഞ്ഞ് മറ്റുള്ളവരെ കൊണ്ട് ഉണ്ടാക്കിക്കാനുള്ള സൈക്കിളോടിക്കൽ മൂവ്മെൻ്റല്ലേ. അത് എൻ്റെയടുത്ത് നടക്കില്ലെൻ്റെ പ്രിയതമേ.
ഏയ് ഇതങ്ങിനെയൊന്നുമല്ല,
ഇന്നലെ ഞങ്ങൾ ഒരു ബന്ധുവിൻ്റെ വീട്ടിൽ നിന്ന് ഉച്ചയ്ക്ക് കഴിച്ചതാണ്, വളരെ സ്വാദിഷ്ടമായ വിഭവം. അതിനാൽ ഭക്ഷണത്തിനു ശേഷം അവരുടെ കൈയ്യിൽ നിന്ന് പഴംമാങ്ങാ സാമ്പാറിൻ്റെ റെസിപ്പി കൈയ്യോടെ വാങ്ങി.
അപ്പോൾ സംഗതി കളിപ്പീരല്ല, സത്യസന്ധമായ പരീക്ഷണമാണല്ലേ, എന്നാൽ ഞാനും കേൾക്കട്ടെ.
ശരി എന്നാൽ ശ്രദ്ധിച്ചു കേട്ടുകൊള്ളുക, ആദ്യമായി
അഞ്ചാറു പഴംമാങ്ങ എടുക്കുക, വലിയ വലുപ്പം ഇല്ലാത്തതും, ചെറിയ പുളിയുള്ളതുമാണ് ഇതിന് ഏറ്റവും അനുയോജ്യം. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നതാണ്. ആദ്യം കുറച്ച് പരിപ്പ് വേവിച്ചെടുക്കുക. അതിനു ശേഷം അതിലേക്ക് പഴംമാങ്ങയും, മൂന്നാലു പച്ചമുളകും ഇടുക, രണ്ടു മൂന്ന് സ്പൂൺ സാമ്പാർപൊടി ചേർത്ത് അവശ്യത്തിന് വെള്ളവും, ഉപ്പും ചേർത്ത് വേവിയ്ക്കുക. വെന്തു വരുമ്പോൾ, ചെറിയ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് വഴറ്റി എടുത്തതും ചേർത്ത് ഒന്നു കൂടെ തിളപ്പിച്ചു കഴിയുമ്പോൾ
നല്ല അടിപൊളി രുചികരമായ പഴംമാങ്ങാ സാമ്പാറിൻ്റെ മണം അടുത്ത വീടുകളിൽ പോലും എത്തും. പിന്നെ അവരു വരേ തിരക്കി വരും എന്താണ് സ്പഷ്യൽ എന്നറിയാൻ.
ദൈവമേ അപ്പോൾ പിന്നെ നമുക്ക് കൂട്ടാനുള്ളത് ബാക്കി കാണുമോ?
എന്തും എല്ലാർക്കും കൊടുത്തിട്ട് കഴിയ്ക്കുമ്പോൾ സ്വാദ് കൂടും എന്ന് കേട്ടിട്ടില്ലേ.
അപ്പോൾ സൂപ്പറാണല്ലേ. എൻ്റെ അച്ഛാമ്മ ഉണ്ടാക്കാറുള്ള എള്ളും,ശർക്കരയും ചേർത്ത് തേങ്ങാ വറുത്തരച്ച് വയ്ക്കുന്ന പഴംമാങ്ങാക്കറിയുടെ അടുത്തെത്തുമോ എന്നറിയില്ലെങ്കിലും ഞാൻ ഒന്ന് പരീക്ഷിക്കുന്നുണ്ട്.
അല്ലെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ വീട്ടുകാർ ഉണ്ടാക്കുന്ന സാധനങ്ങൾക്കെല്ലാം തേനൊലിക്കുന്ന സ്വാദാണ് എന്നാണല്ലോ അഭിപ്രായം.
അത് പിന്നെ നൂറു ശതമാനം
ശരിയല്ലേ, അവർ ഭക്ഷണമുണ്ടാക്കുമ്പോൾ അതിൻ്റെ കൂടെ സ്നേഹം കൂടി ചേർക്കും. എന്തുണ്ടാക്കുമ്പോഴും സ്നേഹം ചേർത്തുണ്ടാക്കിയാൽ അതിന് ഒരു പ്രത്യേക സ്വാദാണ്. വഴക്കിടുമ്പോൾ പോലും അല്പം സ്നേഹം ചേർത്ത് വഴക്കടിച്ചു നോക്ക്
അതിൻ്റെ സുഖമൊന്നു വേറെയല്ലേ.
ശരിയാണ് നമ്മളെ പോലെ.
അതേ നമ്മളെ പോലെ നമ്മൾ മാത്രം. ഇടിവെട്ടും,മഴയും, വെയിലും, മഞ്ഞും എല്ലാം പ്രണയവും പരിഭവവും
നിമിഷങ്ങൾ കൊണ്ട് മാറി വരുന്ന അപൂർവ്വജന്മങ്ങൾ.

By: PS Anikumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot