നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഈനാശുവിൻ്റെ മനഃശാസ്ത്രം


Written by Thampy Antony, USA @ Nallezhuth
മനഃശാസ്ത്രജ്ഞനായ പ്രൊഫസർ ഡോക്ടർ ഈനാശു പട്ടക്കാരന് മനോഹരൻ മുതലാളി ഒരു കത്തയച്ചതാണ് ആകെക്കുഴപ്പമായത്. അതോടുകൂടി സ്വന്തം  ജീവിതം ഏതാണ്ട് കട്ടപ്പുകയായി എന്നുതന്നെയാണ് മനോഹരൻ മുതലാളി വിശ്വസിക്കുന്നത് .   മുതലാളിയുടെ കത്ത് ഈനാശുവിൻ്റെ  ശ്രദ്ധയിൽ പെട്ടതിനും ഒരു കാരണമുണ്ട്. ഇംഗ്ലീഷിലുള്ള നിരവധി കത്തുകളുടെ ഒപ്പം കടുത്തമലയാളത്തിൽ എഴുതിയ ഒരേയൊരു കത്ത് മനോഹരന്റേതായിരുന്നു. 
ഡോക്ടർ ഈനാശു ആ കത്ത് പരസ്യമാക്കിയത് മുതലാളിയുടെ ഇപ്പോഴത്തെ ലിവിംഗ് റ്റുഗതർ ജെസ്സിയുടെ അനുവാദത്തോടുകൂടിത്തന്നെയാണ് . 
ഇനി കാര്യത്തിലേക്കു കടക്കാം . 
കത്തെഴുതിയ പ്രതി മനോഹരൻ ഇപ്പോൾ ഒളിവിലാണ് . ആളിത്തിരി "ഷോ -ഓഫ്‌'' ആണ്. അതുകൊണ്ടാണോ  ''മുതലാളി'' എന്ന പെരുവീണതെന്നൊന്നും കൃത്യമായി ആർക്കും അറിയില്ല . അതെന്തുമാകട്ടെ, തൽക്കാലം അങ്ങനെ പറഞ്ഞാലേ ബന്ധുക്കൾ പോലും അറിയൂ . എന്നാൽ  വായനക്കാർ തെറ്റിദ്ധരിക്കരുത്; തൃശ്ശൂർക്കാരനായ ഡോക്ടർ ഈനാശുവിൻ്റെ  പട്ടക്കാരൻ അയാളുടെ ശരിക്കുള്ള വീട്ടുപേരാണ്. 
അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രശ്നം. 
മുതലാളിയുടെ കൂടെത്താമസിച്ചിരുന്ന പ്രിയകാമുകി ജെസ്സി ഒരാഴ്ച്ച മുൻപ് അമേരിക്കയിലെ ഒരു പ്രമുഖ മലയാളപത്രത്തിൽ മനോഹരനെ കാണ്മാനില്ല എന്നൊരു  പരസ്യം കൊടുത്തിരുന്നു . എന്നിട്ടും ഇതുവരെ അയാളെപറ്റി ഒരു തുമ്പും  കിട്ടിയിട്ടില്ല.  ആ പരസ്യം കണ്ടിട്ടെങ്കിലും അയാൾ ഒന്നു പ്രതികരിക്കുന്നെങ്കിൽ പ്രതികരിക്കട്ടെ എന്നുള്ള ഒരു പെണ്‍ബുദ്ധികൂടി ഇതിൻ്റെ  പിന്നിലുണ്ട്. 
ഒരു പെണ്ണല്ലേ, അവളുടെ ഒറ്റക്കുള്ള താമസം മലയാളികളുടെ ഇടക്ക് പല പരദൂഷണങ്ങളും പടർന്നു പന്തലിക്കാൻ ഇടയാക്കും. അതത്ര പന്തിയല്ലെന്ന് ജെസ്സിക്ക് നന്നായി അറിയാം . അതിനൊരു പരിഹാരം എന്ന നിഗമനത്തിലാകാം അവൾ ഇങ്ങനെ ഒരു കടുകൈ ചെയ്തത് .
കാര്യങ്ങൾ ഇങ്ങനെയെത്തി നിൽക്കുമ്പോൾ വായനക്കാർക്ക് ഈ കത്തുകൂടി വായിച്ചാലേ വിഷയത്തിന്റെ  ഗൗരവം ശരിക്ക് മനസിലാവുകയുള്ളു.

പ്രിയപ്പെട്ട ഡോക്ടർ  ഈനാശു പട്ടക്കാരൻ അറിയുവാൻ,
എൻ്റെ  വിളിപ്പേര് മനോഹരൻ മുതലാളി. സത്യത്തിൽ ഞാനിപ്പം മിനിസോട്ടായിൽ എൻ്റെ  ഒരു കൂട്ടുകാരൻ്റെ കൂടെത്താമസിക്കുകയാണ്. ഞാൻ മറ്റെങ്ങോട്ടും പോകില്ലെന്ന് ജെസ്സിക്ക്‌ നന്നായി അറിയാം. കാരണം ഇതിനുമുമ്പും  ഞാൻ ഇങ്ങനെയുള്ള പലായനങ്ങൾ നടത്തിയിട്ടുണ്ട്. അതറിഞ്ഞുകൊണ്ടുതന്നെ അവൾ മന:പ്പൂർവം എനിക്കിട്ട് ഒരു പണിതരാൻ വേണ്ടിയാണ്, എന്നെ കാണ്മാനില്ല എന്നൊരു പരസ്യം കൊടുത്തത്. 
 സിലിക്കോണ്‍ വാലിയിലെ ഒരു പ്രമുഖ സോഫ്റ്റ്‌വയെർ കമ്പനിയിൽ അക്കൗണ്ട്‌ മാനേജരായി ജോലിചെയ്യുമ്പോളാണ് എൻ്റെ  ഈ ഒളിച്ചോട്ടത്തിന് പ്രചോദനമായ സംഭവവികാസങ്ങൾ ഉടെലെടുക്കുന്നത് . വക്കീലിനോടും ,മനസാസ്ത്രജ്ഞനോടും ഒരിക്കലും കള്ളം പറയാൻ പാടില്ല എന്നെനിക്കറിയാം. അതുകൊണ്ട് സംഭവം ചുരുക്കത്തിലങ്ങ് വിവരിക്കാം .

ഞാനും ജെസ്സിയും  ഏതാണ്ട് അഞ്ചു വർഷമായി സിലിക്കോണ്‍ വാലിയിലെ സാരറ്റോഗ എന്ന ചെറുപട്ടണത്തിലെ ഒരു ഫ്ലാറ്റിൽ  ഒന്നിച്ചുള്ള താമസം തുടങ്ങിയിട്ട്. അവൾ അവളുടെ വീട്ടിൽ ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തു  എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് വെറും വർക്ക്‌വിസക്കാരനായ ഞാൻ ഭർത്താവായി അഭിനയിക്കുകയും ജീവിക്കുകയും ചെയ്യുന്നു. 

നാട്ടിലുള്ള എൻ്റെ  വീട്ടുകാർക്കറിയില്ലെങ്കിലും അവളുടെ വീട്ടുകാർക്ക് ചില കാര്യങ്ങളെല്ലാം അറിയാം . അവർക്ക് അന്യജാതിയായതിൽ ഇത്തിരി വിഷമമുണ്ട്‌ . പക്ഷേ  അമേരിക്കയല്ലേ, പിള്ളേരോട് മതം പറയാൻ പറ്റുമോ?. "ഫോളോ ദി കിഡ്സ്‌ എന്നല്ലേ അമേരിക്കൻ പ്രമാണം. അതായത്  കുട്ടികൾ പറയുന്നത് എന്താണങ്കിലും. അച്ഛനമ്മമാർ കമാന്നൊരക്ഷരം മിണ്ടാതെ അനുസരിക്കുക.

അടുത്തകാലത്ത്‌ നാട്ടിൽനിന്നുവന്ന മറ്റൊരു എച്ച് വണ്‍ വിസക്കാരി സ്വപ്ന ജോണാണ്  ഈ കേസിലെ പ്രധാനപ്രതി. അവളോട്‌ അപമാര്യാദയായി സംസാരിച്ചു എന്ന  കുറ്റാരോപണം മാത്രമേ എൻ്റെ  പേരിൽ ചുമത്തിയിട്ടുള്ളൂ. അതോടുകൂടി ജെസ്സിയുമായുള്ള സൗഹൃദംപോലും തകർന്നുകൊണ്ടിരിക്കുകയാണ് . എൻ്റെ  ഈനാശുസാറേ, അവളുമായുള്ള കല്ല്യാണം നടന്നില്ലെങ്കിൽ നിക്കറു കീറിയതുതന്നെ!! അമേരിക്കയിലെ പച്ചക്കാർഡ്  പോയിട്ട് ഒരു വെള്ളക്കടലാസുപോലുമില്ലാതെ നാടുവിടണ്ടി വരും. എല്ലാറ്റിനും കാരണം അവളുടെ അനാവശ്യമായ സംശയരോഗം മാത്രമാണന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്.
അവൾ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. 
പുതുതായിട്ട്‌ നാട്ടീന്നു വന്ന കുറെ അലവലാതികളാ അവളിൽ ഈ വിഷവിത്തു പാകിയത്‌ . കേരളത്തിലെ എല്ലാ പുരുഷന്മാരും ഏതു പൂന്തോട്ടം കണ്ടാലും പൂപറിക്കുന്നവരാ; ഒന്നു ശ്രദ്ധിച്ചോണം എന്നൊക്കെയുള്ള  എന്തെല്ലാം തരം വേണ്ടാതീനങ്ങളാണ് അവളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്‌. ഈ നാട്ടിൽ ജനിച്ചു വളർന്ന അവൾക്ക് അതൊന്നും അത്രക്കങ്ങോട്ടു പിടികിട്ടിയിട്ടില്ല. എന്നാലും അവളിൽ സംശയരോഗം പകരുന്നതിൽ അവർ സമ്പൂർണ്ണവിജയംതന്നെ നേടിയിരിക്കുന്നു. 

സ്വപ്നയും ഞാനും ജോലിചെയുന്നത് സാന്താക്ലാരയിലുള്ള ഒരു ഹൈട്ടെക്ക് കമ്പനിയുടെ  എച്ച് ആർ ഡിവിഷനിലാണ്. അവിടെ വേറേ  രണ്ടു മലയാളികൾ കൂടിയുണ്ട് . ഒന്നൊരു കോട്ടയംകാരി താരതോമസ്‌. പിന്നെയുള്ളത് കണ്ണൂരുകാരി കനകലത. 

ജെസ്സിയുമായി രണ്ടുപേരും നല്ല അടുപ്പത്തിലുമാണ്. ഒക്കെ ഞാനായിട്ട് ചെയ്ത  ആനമണ്ടത്തരങ്ങളാണ് . കാമുകിയേയോ ഭാര്യയേയോ ഒരിക്കലും നമ്മുടെ ജോലിസ്ഥലത്തുള്ള ആരുമായും പരിചയപ്പെടുത്താനേ  പാടില്ല എന്നൊരു പാഠം  ഞാനിപ്പോൾ പഠിച്ചുകഴിഞ്ഞു. ഇനിയിപ്പം പോയ ബുദ്ധി പുലി പിടിച്ചാൽ കിട്ടുമോ. 

മലയാളികളായി അങ്ങനെ മൂന്നു പെണ്‍കുട്ടികളെയുള്ളൂ ആ കമ്പനിയിൽ. അല്ലെങ്കിൽത്തന്നെ എന്തിനാ  അധികം.; എന്നെപ്പോലെ ഒരു നിരപരാധിയെ കുരിശിൽ തറക്കാൻ ഇത്രയൊക്കെ പോരേ? !!
ഞാനൊന്നു തുമ്മിയാൽ അവരറിയും . അതുപിന്നെ പ്രകാശവേഗത്തിൽ സാരറ്റോഗയിലെ ലാൻഡ്‌ഫോണിൽ കൂടി ബ്രോഡ്കാസ്റ്റ് ചെയ്യും.

അന്നൊരു ദിവസം ജോലി കഴിഞ്ഞിറങ്ങിയ ആ രാത്രിയിൽ സ്വപ്ന എൻ്റെയടുത്തേക്ക് ഓടിവന്നതാണ് എല്ലാത്തിൻ്റെയും തുടക്കം. അമേരിക്കയിൽ അങ്ങനെ ഒറ്റക്ക് ഒരു പെണ്‍കുട്ടി ഒരു പരുഷൻ്റെ അടുത്തേക്ക് വരുന്നതോ കാറിൽ കയറിപ്പോകുന്നതോ അത്ര പുതുമയോ അത്ഭുതമോ ഒന്നുമല്ലല്ലോ. അതൊന്നും ആരും ശ്രദ്ധിക്കാറുപോലുമില്ല. ഹോളിഡേ  സീസണ്‍ ആയിരുന്നതുകൊണ്ട് ക്രിസ്തുമസ് വിളക്കുകളുടെ മങ്ങിക്കത്തലുകൾ മാത്രമാണ് നടന്ന സംഭവങ്ങൾക്കെല്ലാം മൂകസാക്ഷി. 

സംഭവം നടന്ന ദിവസം പതിവില്ലാതെ ഇത്തിരി നേരത്തേ  ജോലികഴിഞ്ഞിറങ്ങിയ ഞാൻ പാർക്കിംഗ് ലോട്ടിൽ വന്ന് കാറിൽ കയറിയപ്പോഴാണ് സെൽഫോണ്‍ എടുക്കാൻ മറന്നകാര്യം ഓർത്തത് . ഡോർ തുറന്ന് പുറത്തിറങ്ങിയപ്പോഴേക്കും സ്വപ്ന ദൂരേന്നു വരുന്നത്  കണ്ടു. സത്യത്തിൽ ആ സമയത്ത് ആ മൂടൽമഞ്ഞിലൂടെ ഒരു സ്വപ്നദേവത ഒഴുകിവരുന്നതുപോലെയാ എനിക്കു തോന്നിയത്. ഞാനേതോ സ്വപ്നലോകത്താണോ എന്നുപോലും എനിക്ക് തോന്നിപ്പോയി. കൈയിൽ എൻ്റെ  സെൽഫോണ്‍ കാണത്തക്ക രീതിയിൽ പോക്കിപ്പിടിച്ചുകൊണ്ടായിരുന്നു അവളുടെ ആ വരവ് . അതുകണ്ടാപ്പോഴാ സത്യത്തിൽ എനിക്കൊരു സ്ഥലകാലബോധമുണ്ടായത്. 

മഞ്ഞും ഇരുട്ടും നൂൽവണ്ണത്തിൽ മഴയും ഉണ്ടായിരുന്നുവെങ്കിലും പാർക്കിങ്ങ് ലോട്ടിലെ മഞ്ഞലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തിൽ അവളൊരു മാലാഖ തന്നെയായിരുന്നു. എത്രയോ ആണ്‍ ജോലിക്കാരുണ്ടവിടെ . അവർക്കാർക്കെങ്കിലും ഈ ഉദ്യമം ഏറ്റെടുക്കാമായിരുന്നില്ലേ?.

ഞങ്ങൾ ഒരു നാട്ടുകാരായിരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ അവളുമായി ഇത്തിരി കൂടുതൽ സംസാരിക്കാറുണ്ടെന്നുള്ള കാര്യം ഞാൻ തുറന്നു പറേവാ . ഒരു മാസം സ്വപ്നയുമായി മൂവായിരം മിനിട്ട് സംസാരിച്ചത് ഫോണ്‍ബില്ലിൽ കണ്ടപ്പോളാണ് ജെസ്സിക്ക്‌ എന്തോ സംശയം തോന്നിത്തുടങ്ങിയത് . അതിത്തിരി കടന്നകൈയാണന്നപ്പോൾ എനിക്കും തോന്നിയതാ . സത്യം പറയാമല്ലോ, സ്വപ്ന  സംസാരിച്ചുതുടങ്ങിയാൽ വല്ലാത്തൊരു ഹരമാ. സമയംപോകുന്നതുപോലും അറിയില്ല.

ജെസ്സിയും ആദ്യമൊക്കെ അങ്ങനെയായിരുന്നുവെന്ന കാര്യം ഞാൻ മറച്ചുവെക്കുന്നില്ല. ഇപ്പോൾ തൊട്ടതിനൊക്കെ കുറ്റം കണ്ടുപിടിക്കലാ അവളുടെ അജണ്ട . ഈ പെണ്ണുങ്ങൾക്ക്‌ അങ്ങനെ ഒരു കുഴപ്പമുണ്ട്. ഒന്നിച്ചു താമസിച്ചാൽ ആണുങ്ങളെകൊണ്ട് നക്ഷത്രമെണ്ണിക്കും. 
അല്ലെങ്കിൽ ഈ സായിപ്പന്മാര്  പറയുന്നതുപോലേ  അവർ എന്തു മണ്ടത്തരം പറഞ്ഞാലും "ഹണി യു ആർ റയിറ്റ്" എന്ന് ഇടയ്ക്കിടെ പുലമ്പിക്കൊണ്ടിരിക്കണം. അതിപ്പം നമ്മളേപ്പോലെയുള്ള ആണുങ്ങൾക്കു ചേർന്നതാണോ?

സ്വപ്നയുമായി ഫോണിൽക്കൂടി  ഒരുപാട് അടുത്തുപോയതാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം. ആ ഇരുട്ടത്ത് ഫോണ്‍ തന്നിട്ട് തിരിച്ചുപോകാൻനേരം ഒരു ഹഗ്ഗ് കൊടുത്തു എന്നുള്ളതും ഞാൻ നിഷേധിക്കുന്നില്ല. അങ്ങനെ ആലിംഗനം ചെയ്യുബോൾ കവിളിൽ ഒന്നു മുട്ടിയുരുമുക എന്നത് വളരെ സാധാരണമായ നാട്ടുനടപ്പാണ്. തൊട്ടടുത്ത ഷോപ്പിംഗ്‌മാളും വഴികളുമൊക്കെ പ്രകാശപൂരിതമായിരുന്നു. എന്നാൽ  ഞാൻ കാർ പാർക്ക് ചെയ്തിരുന്ന  സ്ഥലംമാത്രം മൂടൽമഞ്ഞിൽ മൂടിക്കിടന്നിരുന്നു. 

ആ ചാറ്റൽമഴയത്ത് മുടി വെറുതെ അലക്ഷ്യമായി  പടർത്തിയിട്ട് ഓടിവരുന്ന അവളുടെ ആ വരവുകണ്ടിട്ട് എൻറെ ഹൃദയം പടപടാന്നങ്ങ് ഇടിക്കാൻതുടങ്ങി. വേഗത്തിൽ ഓടിയതുകൊണ്ടായിരിക്കണം അടുത്തടുത്തു വരുന്തോറും അവളുടെ മാറിടത്തിന് വല്ലാത്തൊരു ഇളക്കമായിരുന്നു.  ആ മഴയിൽ അവൾ ഇട്ടിരുന്ന കട്ടികുറഞ്ഞ പിങ്ക് ഷർട്ട്‌ ശരീരത്തോട് ഒട്ടിപ്പിടിച്ചിരുന്നു. മന:പൂർവമാണോ എന്നറിയില്ല ഉടുപ്പിൻ്റെ മുകളിലത്തെ ബട്ടൻസ് രണ്ടും ഇട്ടിരുന്നില്ല . അപ്പോൾമാത്രമാണ് ഞാൻ ആദ്യമായി അവളുടെ വടിവൊത്ത ശരീരവും ആ സമൃദ്ധമായ മുലകളും  ഒന്നു ശ്രദ്ധിച്ചത്. പുരുഷന്മാർ അങ്ങനെയുള്ള ഒരു പ്രത്യേകസാഹചര്യത്തിൽ കുറച്ചു നേർവസ് ആകുമെന്നറിയാൻ വലിയ മനഃശാസ്ത്രമൊന്നും  പഠിക്കേണ്ട ആവശ്യമില്ലല്ലോ. 
സത്യത്തിൽ ആ കുളിരുള്ള രാത്രിയിൽ എൻ്റെ  രോമകൂപങ്ങൾപോലും അനുസരണയില്ലാതെ എഴുന്നേറ്റുനിൽക്കുകയായിരുന്നു. അൽപ്പം പേടിച്ചിട്ടാണങ്കിലും "ആരുമില്ലല്ലോ പെണ്ണേ ഒരു ചുംബനം തരട്ടെ" എന്ന് വെറും തമാശയായിട്ടാണ് ചോദിച്ചത് . അതു പറയുബോൾ ഞാൻ അറിയാതെ അവളെ ഒന്നമർത്തിപ്പിടിച്ചു എന്നാണ് എൻ്റെ  ഓർമ്മ . അതിനിപ്പം അവൾ ഇത്രയധികം പൊട്ടിത്തെറിക്കുമെന്നു സ്വപ്‌നത്തിൽപോലും വിചാരിച്ചില്ല.

 ഈ പെണ്ണെന്നു പറയുന്ന വർഗ്ഗത്തെ രാത്രിയിലല്ല പകൽപോലും വിശ്വസിക്കരുതെന്നുപറയുന്നത് അക്ഷരാർത്ഥത്തിൽ  ശരിയാണെന്ന്‌ അന്നാണ് ആദ്യമായി മനസിലായത്. ഫോണിൽക്കൂടി  എന്തെല്ലാം കിന്നാരവർത്തമാനങ്ങളായിരുന്നു. ഒക്കെ വെറും കാര്യം സാധിക്കാനുള്ള കാപട്യം; അല്ലാതെന്ത്? . 

നാട്ടുകാരിയല്ലേ എന്നോർത്ത് നാട്ടിൽനിന്നു വന്നപ്പോൾ മുതൽ എട്ടുംപൊട്ടും തിരിയാത്ത ആ പെണ്ണിനെ ഷോപ്പിങ്ങിനു കൊണ്ടുപോയതും ഡ്രൈവിംഗ് പഠിപ്പിച്ചതുംവരെ ഞാനാ . ജെസ്സിക്ക്  അവളെ അത്രയ്ക്കും വിശ്വാസമായിരുന്നു. അല്ലെങ്കിൽ ഒരു ചെറുപ്പക്കാരിയെ എൻ്റെകൂടെ ഇങ്ങനെ അഴിഞ്ഞാടാൻ വിടുമോ. എന്തെല്ലാം സ്വാതന്ത്ര്യമായിരുന്നു അന്നൊക്കെ!!
 എല്ലാം ഒരു നിമിഷനേരത്തെ തെറ്റിൽ ചീട്ടുകൊട്ടാരംപോലേ  തകർന്നുവീണു. ഒക്കെ സഹിക്കാം; അവളുപറഞ്ഞ  ആ വർത്തമാനമുണ്ടല്ലോ; അത് തിരുവന്തോരം ഭാഷയിൽ പറഞ്ഞാൽ പെറ്റതള്ളപോലും സഹിക്കത്തില്ല. എന്നിട്ട് ആ മുന്നറിയിപ്പുകൂടി കേട്ടപ്പോൾ ഉള്ളൊന്നു കത്തി.
"നാണമില്ലല്ലോ കിളവന് ഇരുട്ടത്ത് ഉമ്മ ചോദിക്കാൻ!! ഞാനിനി മേലാൽ മിണ്ടില്ല. എല്ലാം ഞാൻ ജെസ്സിചേച്ചിയോടു പറഞ്ഞുകൊടുക്കുന്നുണ്ട്‌ "

എന്നിട്ട് ദഹിപ്പിച്ചൊരു നോട്ടവും തലവെട്ടിച്ച് ഓരോട്ടവും!! എത്ര തണുപ്പാണങ്കിലും ചില പ്രത്യേക  സാഹചര്യങ്ങളിൽ ശരീരം വല്ലാതെ വിയർക്കുമെന്ന്  അന്നാണ് ആദ്യമായി എനിക്കു മനസിലായത്. വിനാശകാലേ വിപരീതബുദ്ധി എന്നൊക്കെയുള്ള പഴഞ്ചൊല്ലുകളാണ് പെട്ടെന്നോർമ്മ വന്നത്.
 ഈ ന്യുജെനറേഷൻ പെണ്‍കുട്ടികൾ ഇങ്ങനെയൊക്കെ ആയിരിക്കും എന്നൊക്കെ ഞാൻ ഊഹിച്ചു . എന്നാലും അന്നേരത്തെ എൻ്റെ  മാനസികനില ഒരു മന:ശാസ്ത്രജ്ഞനായ താങ്കൾക്ക് മനസിലായിക്കാണുമല്ലൊ.
 എല്ലാം സഹിക്കാം; അന്നുവരെ മനോഹരേട്ടാ എന്നുമാത്രം വിളിച്ചിട്ടുള്ള അവളുടെ ആ കിളവനെന്നുള്ള സംബോധന!! അതുമാത്രം അങ്ങോട്ടു തികട്ടിത്തികട്ടി വരുവാ. അവൾക്ക് എങ്ങനെപോയാലും ഒരു ഇരുപത്തിയഞ്ചു വയസ്സുകാണും. അതുറപ്പാ. അത് ശരിയാണങ്കിൽ എനിക്ക് കൃത്യം  പതിനാറു വയസു കൂടുതൽ കാണും.. അതത്ര കൂടുതലൊന്നുമാണന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒരിക്കൽ ഞാൻ അതവളോട്‌ ഒന്നു സൂചിപ്പിച്ചതാ . അപ്പോൾ അവൾ എന്തുപറഞ്ഞെന്നോ " അതിനെന്താ മനോഹരേട്ടാ പ്രായത്തിലെന്തിരിക്കുന്നു സ്നേഹമല്ലേ വലുത്?" . 
അത് ശരിയാണന്ന് അപ്പോൾ എനിക്കും തോന്നിയതാ. അവളോടു സംസാരിക്കുബോൾ അറിയാതെ പ്രായം കുറയുന്നതുപോലെ ഒരു ഫീലിങ്ങാ . വലിയ കലാകാരന്മാരും പണക്കാരുമൊക്കെ ഡേറ്റ് ചെയുന്നത് ഇരുപതും ഇരുപത്തഞ്ചും വയസു കുറഞ്ഞ പെണ്‍കുട്ടികളെയാണെന്ന് അമേരിക്കയിലുള്ള ഈനാശു സാറിനോട് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ . അതിനല്ലേ ഈ ഷുഗർഡാഡി  ഡേറ്റിംഗ് എന്നൊക്കെ പറയുന്നത്.  

ഇതിപ്പം അതിനോന്നും അല്ലല്ലോ, ഒരു വെറും സൗഹൃദത്തിനല്ലേ? അടുത്തുവന്നപ്പോൾ ഒരു ചുംബനമല്ലേ ചോദിച്ചുള്ളൂ?. അതിനിത്ര പൊട്ടിത്തെറിക്കേണ്ട ആവശ്യം വല്ലതുമുണ്ടോ? .ഇവിടെ വഴീലും പാർക്കിലുമൊക്കെ എത്രപേർ ചുംബിക്കുന്നു!! അവരൊക്കെ ഭാര്യാ ഭാർത്താക്കന്മാരാണോ എന്ന് ആരെങ്കിലും അന്ന്വേഷിച്ചിട്ടുണ്ടോ?. അതൊക്കെ അവളും കണ്ടിട്ടുള്ളതല്ലേ. 

ഫോണ്‍ബില്ലു പിടിച്ചദിവസം ജെസ്സിയും പറഞ്ഞതാ .''ഷയിം ഓണ്‍ യു മനോഹർ, ഇങ്ങനെ കൊച്ചു പെണ്‍പിള്ളേരുമായി കിന്നരിക്കാൻ'' . 
ഞാനതൊന്നും അത്ര കാര്യമായെടുത്തതുമില്ല. അന്ന് ജെസ്സി മുഖത്തടിച്ചതുപോലെയാ പറഞ്ഞത്. എന്തായാലും സംഗതി പ്രശ്നമായി.
അവൾ ജെസ്സിയോട് , നടന്ന കാര്യങ്ങളൊക്കെ കുമ്പസാരിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി ഓർത്തതു കാരണം അന്ന് രാത്രി ഉറക്കം വന്നിലെനിക്ക്.
അങ്ങനെ കാമുകിയുടെയും സ്വപ്നപെണ്ണിൻറെയും മുഖത്തുനോക്കാനുള്ള ചമ്മൽകൊണ്ടാണ് ഞാൻ രാവിലത്തെ ഫ്ലൈറ്റിനുതന്നെ ഒന്നും മിണ്ടാതെ മിനിസോട്ടായിലുള്ള കൂട്ടുകാരൻ്റെ  അടുത്തേക്കു പറന്നത് .

 പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല എന്ന കാര്യം ഞാൻ പിന്നീട് ഒരു രഹസ്യാന്ന്വേഷണത്തിലൂടെ അറിഞ്ഞു. സത്യത്തിൽ എൻ്റെ  ഈ ഒളിച്ചോട്ടമാണ് സകലകുഴപ്പവും സൃഷ്ടിച്ചതെന്നാണ് ഇപ്പോൾ എനിക്കു തോന്നുന്നത് . 

ജെസ്സി അയച്ച ഫോണ്‍ബില്ലിൻ്റെ  സ്കാൻ ചെയ്ത  കോപ്പി ഇപ്പോഴും എൻ്റെ  ഇമെയിലിൽ കിടപ്പുണ്ട്. അന്ന് അവൾക്ക് വെറും സംശയം മാത്രമേയുണ്ടായിരുന്നുള്ളു. അവളും ഇഷ്ടമുള്ളോരോട് ഏറെനേരം സംസാരിക്കുന്നതും ഉറക്കെ പൊട്ടിച്ചിരിക്കുന്നതുമൊക്കെ ഞാനും കേൾക്കുന്നതല്ലേ. ഒരിക്കൽപോലും അതാരോടാണന്ന്  ഞാൻ ചോദിച്ചിട്ടില്ല. 
എല്ലാം ഒരുതരം ഗീവ് ആൻഡ്‌ റ്റൈക്കല്ലേ . അങ്ങോട്ടും ഇങ്ങോട്ടും കുറച്ചൊക്കെ വിട്ടുവീഴ്ച്ച ചെയാതെ പറ്റില്ലല്ലൊ . അല്ലെങ്കിൽ എൻ്റെ  ഗ്രീൻകാർഡിൻ്റെ അനിശ്ചിതാവസ്ഥ വല്ലാത്തൊരു ദുരവസ്ഥയായി മാറും . ഹല്ല!! ഇനി അവളു പറയുന്നതൊക്കെ ശ്രദ്ധിച്ചാലും അമേരിക്കയിൽ പഠിച്ച അവളുടെ ഇംഗ്ലീഷും പൊട്ടത്തമാശകളും എന്നെപ്പോലെയുള്ള പുത്തൻവരത്തന്മാർക്കു മനസിലാകത്തുമില്ല. അതറിഞ്ഞുകൊണ്ടു തന്നെയായിരുന്നു അവളുടെ ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും പരിഹാസവർത്തമാനങ്ങളും .

കൂട്ടുകാരൻ്റെ  ഭാര്യ നാട്ടിൽനിന്നു വരാറായി. അപ്പോൾപ്പിന്നെ അവിടുന്നു മുങ്ങാതെ നിവർത്തിയില്ല . അങ്ങനെ മിനിസോട്ടായിലെ ഈ ഒളിച്ചുകളി പാളിപ്പോകാറായപ്പോളാണ് സ്വപ്നയെ ഒന്നു വിളിക്കണം എന്നു തോന്നിയത് . എന്തായാലും രണ്ടിലോന്നറിയണമല്ലോ . അവളൊടു സംസാരിച്ചപ്പോളാണ് അൽപ്പം മനഃസമാധാനമായത്. 
അവൾ അത് ആരോടും പറഞ്ഞില്ലാന്നു മാത്രമല്ല. മനോഹരേട്ടൻ ഒരു ചുബനമല്ലേ ചോദിച്ചോള്ളൂ അത് തരാഞ്ഞതിൽ അതിയായി വിഷമിക്കുന്നുവെന്നും പറഞ്ഞു. അന്നേരത്തെ ദേഷ്യത്തിന്  വെറുതേ എന്തൊക്കെയോ പറഞ്ഞുവെന്നും അതുകൊണ്ട് അവളും അന്നത്തെ ആ രാത്രിയിൽ ഉറങ്ങിയിട്ടില്ല എന്നുംകൂടി പറഞ്ഞു. 

എന്തൊക്കെയാണെങ്കിലും പെണ്ണല്ലേ വർഗ്ഗം!! എനിക്ക് അതിലൊന്നും അത്ര വിശ്വാസം പോര. എന്നാലും അതുകേട്ടപ്പോൾ വല്ലാത്തൊരു ഉൾക്കുളിർ. ആ മഴയുള്ള തണുത്ത ക്രിസ്തുമസ്സ് രാത്രിയിൽ അൽപ്പം റിസ്ക്‌ടുത്ത് ഒരുമ്മ ചോദിച്ചത് എന്തുകൊണ്ടും നന്നായി എന്നുതന്നെയാണ്  അപ്പോൾ തോന്നിയത് .

 ഇങ്ങനെയുള്ള പെണ്‍വിഷയങ്ങളിൽ ആണുങ്ങൾ ഇത്തിരി റിസ്ക്‌ എടുത്തില്ലെങ്കിൽ പിന്നെ ആണായിട്ട് ഈ ഭൂമിയിൽ ജീവിച്ചിട്ട് എന്തുകാര്യം? റിസ്ക്‌ എടുക്കാത്തവർ ഒന്നും ചെയ്യുന്നില്ല എന്നല്ലേ പറയപ്പെടുന്നത്‌. എന്നാലും ആ സ്വപ്നസുന്ദരിയുടെ സ്നേഹത്തിനുവേണ്ടി അനുഭവിച്ച മാനസികാഘാതവും ധനനഷ്ടവും സമയനഷ്ടവും ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. 
ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം. 
ഇഷ്ടമുള്ളത് ഒരിക്കലും തുറന്നുപറയില്ല. വെറുതെ ആണുങ്ങളെയിട്ട് പമ്പരം കറക്കുന്നതുപോലേ കറക്കിക്കൊണ്ടിരിക്കും. ഒരുതരം സാഡിസ്റ്റു മനസാ .ഇനിയിപ്പം തിരിച്ചുചെന്നാൽ ഭാവി വിവാഹ ജീവിതത്തിൽ ഉണ്ടാകാൻപോകുന്ന ഒരു ഭീകരാവസ്ഥയാണ്‌ എൻ്റെ  ഇപ്പോഴത്തെ ഒരേയൊരു ഭീതി . അല്ലെങ്കിലും പരസത്രീബന്ധങ്ങളുടെ കാര്യങ്ങൾ കണ്ടുപിടിക്കാൻ ഈ മലയാള മങ്കകൾക്ക് ഒരു പ്രത്യക കഴിവുതന്നെയാ . പോരാഞ്ഞിട്ട് എരിതീയിൽ എണ്ണയൊഴിക്കാൻ കനകലതയും താരാ തോമസും. എന്നാലും ഈ ഒളിച്ചോട്ടത്തിൽ അവൾ എന്തുവിചാരിക്കും എന്നുള്ള വേവലാതിയാ ഇപ്പോൾ . 

താങ്കളെപോലെയുള്ള ഒരു മനഃശാസ്ത്രജ്ഞൻ വിചാരിച്ചാൽ ഇതൊക്കെ വെറും നിസാരമായ സംഗതിയാണന്ന് എനിക്കറിയാം. ഇങ്ങനെ പെണ്‍കുട്ടികളുടെ മനഃശാസ്ത്രം  അറിയാം എന്നുള്ള അഹങ്കാരത്തിൽ എനിക്ക് പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട് . അതൊന്നും അടുത്ത കൂട്ടുകാരോടുപോലും പറയാൻ പറ്റില്ലല്ലോ . അതുകൊണ്ടുമാത്രമാണ് ഞാനീ കത്തെഴുതാനുള്ള തീരുമാനത്തിലെത്തിയത് . 

എന്നെപോലെയുള്ള എഫ്. ഓ. ബി. കളെ രക്ഷിക്കാൻ ഇനി താങ്കളേപ്പോലെയുള്ള മനഃശാസ്ത്രജ്ഞനല്ലാതെ മറ്റാർക്കും പറ്റുമെന്നു തോന്നുന്നില്ല. ഇവിടെ ജനിച്ചു വളർന്ന അഹങ്കാരികൾ പുത്തൻ വിസാക്കാരെ വിളിക്കുന്ന പേരാണ് എഫ്.ഓ.ബി. അതായത് ഫ്രഷ്‌ ഓഫ്‌ ദി ബോട്ട്, നാട്ടിൽനിന്നു വന്ന സ്ഥലകാലബോധമില്ലാത്ത കൾച്ചർലെസ്സ് ഫെല്ലോസ്. 
അത് താങ്കൾക്കും അറിവുള്ളതാണല്ലോ.

സ്നേഹപൂർവ്വം,
മനോഹരൻ മുതലാളി.
======================

ഈനാശു ഡോക്ടർ മറുപടിയായി ഇങ്ങനെയെഴുതി. 

ഹലോ മിസ്റ്റർ മനോഹരൻ,
താങ്കളയച്ച കത്തു കിട്ടി. ഞാൻ അമേരിക്കയിലെ പ്രശസ്ത സർവ്വകലാശാലയിൽ നിന്നും  ഡോക്ടറേറ്റ്  എടുത്തതാണന്ന വിവരം താങ്കൾക്ക് ഗൂഗിളിൽ സേർച്ച്‌ ചെയ്തപ്പോൾ മനസ്സിലായിക്കാണുമല്ലോ. കത്തിൽനിന്നു കിട്ടിയ വിവരമനുസരിച്ച് താങ്കളുടെ വിഷമതകൾ മനസിലാക്കാനും അതിനു പരിഹാരം നിർദ്ദേശിക്കാനും ഞാൻ ആഗ്രഹിക്കുന്നു . എനിക്കു മനസിലായിടത്തോളം ഇതിലെ യഥാർഥ പ്രതികൾ നിങ്ങളുടെ ഭാര്യയാകാൻ പോകുന്ന ജെസ്സിയും ,കൂട്ടുകാരിയും നാട്ടുകാരിയുമായ സ്വപ്നാ ജോണുമാണ് . മനോഹരനെ ഇങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചതിൽ പ്രധാന പങ്കു വഹിച്ചത്  അവരുതന്നെയാണ്. 

അന്തസ്സുള്ള പെണ്ണിനോട് ഒരാണും അപമാര്യാദയായി പെരുമാറില്ല എന്നുതന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. സ്വപ്ന എന്ന പെണ്‍കുട്ടി സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി മധുരമായി സംസാരിച്ച് നിങ്ങളെ മുതലെടുക്കുകയായിരുന്നു എന്നുവേണം അനുമാനിക്കാൻ. മറിച്ച് ജെസ്സി നിങ്ങളെ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല എന്നുള്ളത് പോകട്ടെ. അസാധാരണമായ ഫോണ്‍ബില്ലു കണ്ടിട്ടും അത്ര കാര്യമാക്കിയില്ല . അത് അമേരിക്കയിൽ ജനിച്ചുവളർന്ന അവരുടെ മര്യാദ മാത്രമാണ് . അവർ ഒരിക്കലും മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങളിൽ ഇടപെടാറില്ല . 

എന്നാൽ അടുത്ത കാലത്തു വന്ന സ്വപ്ന അങ്ങനെയല്ലല്ലോ .പുതുതായി വന്ന മലയാളി പെണ്‍കുട്ടിയുടെ എല്ലാ ചാപല്യങ്ങളും അവൾക്കുണ്ട് . ആരെ കറക്കി എങ്ങനെ രക്ഷപ്പെടണം  എന്നൊരു ചിന്ത മാത്രമേയുള്ളൂ . അതുകൊണ്ടാണ് അവൾ ഫോണിൽക്കൂടി  കൂടുതൽ അടുപ്പം കാണിക്കുകയും എല്ലാ രീതിയിലും മനോഹരനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയിതത് . അത് വെറും കാര്യം കാണാനുള്ള ഒരു ഹിപ്പൊക്രറ്റിക് മെൻറ്റാലിറ്റി മാത്രമായിരുന്നു. അതുകൊണ്ട് എൻ്റെ  കേസ്സ് സ്റ്റഡിയിൽ നിങ്ങൾ കുറ്റവിമുക്തനാണ്. 

സത്യത്തിൽ അവർക്കുരണ്ടുപേർക്കുമാണ് മനോരോഗ ചികിത്സ ആവശ്യമായി വരുന്നത്. തൽക്കാലം മുതലാളി ധൈര്യമായി വീട്ടിലേക്കു പോവുക. സൗകര്യംപോലെ ഒരു ദിവസം ബെർക്കിലിയിലെ യുണിവേർസിറ്റി അവന്യുവിലുള്ള എൻ്റെ  ഹോം ഓഫീസിലേക്ക് വരുക. ആദ്യത്തെ അപ്പോയിന്മെന്റ്  ഫ്രീ ഓഫ് ചാർജ് ആണ്. അപ്പോൾ ഒന്നുകൂടി വിശദമായി സംസാരിക്കാം. 

അതിനു മുൻപ് താങ്കൾ അവരുടെ രണ്ടുപേരുടെയും ഫോണ്‍ നമ്പരും ഫേസ്ബുക്ക് അക്കൗണ്ടും  മറക്കാതെ എനിക്ക് ഈ മെയിൽ ചെയ്യുക . ബാക്കി കാര്യങ്ങൾ ഞാൻ വേണ്ടവിധത്തിൽ കൈകാര്യം ചെയ്തോളാം .

സ്നേഹപൂർവ്വം,
ഡോക്ട്ടർ ഈനാശു പട്ടക്കാരൻ
യുണിവേർസിറ്റി ഓഫ് കാലിഫോർണിയ
ബെർക്കിലി .USA

ആ കത്തു കിട്ടിയശേഷമാണ് മുതലാളി മിനിസോട്ടായിൽനിന്ന് യാത്ര തിരിച്ചത് . സാരറ്റോഗയിലെ ഫ്ലാറ്റിലെത്തിയപ്പോൾ ജെസ്സി ഇല്ലായിരുന്നു. 
ഏതു യുദ്ധവും തുടങ്ങാൻ അൽപ്പം താമസ്സിക്കുന്നത്‌ പോരാട്ടത്തിനുള്ള വീര്യം കുറയുമെന്ന് നെപ്പോളിയൻ വരെ പറഞ്ഞിട്ടുണ്ട് . അതുതന്നെ ഒന്നു പരീക്ഷിച്ചുകളയാം എന്നുള്ള തീരുമാനത്തിൽ അവളുവരുന്ന സമയം കണക്കുകൂട്ടി വെറുതെ ഉറക്കംനടിച്ച് മുതലാളി, സോഫയിൽ മൂടിപ്പുതച്ചു കിടന്നു. 
വല്ല തുള്ളൽപനിയാണെന്ന് കരുതിക്കോളും എന്നുള്ള ധാരണയിൽ അവളുവന്നപ്പോൾ ചില അപശബ്ദങ്ങൾ കേൾപ്പിക്കുകയും ചെറുതായി ശരീരം ഒന്നു വിറപ്പിക്കുകകൂടി ചെയ്തു. പക്ഷെ അവിടെയും അയാളുടെ കണക്കുകൂട്ടലുകൾ തെറ്റി. 
അവളു വന്നപാടെ ഒന്നും സംഭവിക്കാത്ത മട്ടിൽ കിച്ചണിൽ കയറി നല്ല ഒരു ചായ ഉണ്ടാക്കിയിട്ട് മനോഹർ എന്ന് നീട്ടിവിളിച്ചു. എന്നിട്ട് ഒന്ന് ആക്കിയ മട്ടിൽ "ഹായ് മനോഹർ. വെൽകം ഹോം" എന്നും പറഞ്ഞു . 

അപ്പോഴേ മുതലാളീടെ സകല വിറയലും ചീറ്റിപ്പോയി . എന്നാലും ഈ പെണ്ണുങ്ങളുടെ മനസ്സിത്തിരി കട്ടിയാ . ഇവളെ ഡോക്ടർ ഈനാശുവല്ല ലോകത്തിലുള്ള ഒരു മനഃശാസ്ത്രജ്ഞനും  പിടികിട്ടുമെന്നുതോന്നുന്നില്ല. അങ്ങനെ ഒന്നും സംഭവിക്കാതെ ദിവസങ്ങൾ സാധാരണപോലെ കടന്നുപോയി. 

അവൾക്ക് അതിൽപിന്നെ ഒരുമാതിരി "ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ" എന്നൊരു രീതിയിലുള്ള പെരുമാറ്റമായിരുന്നു. ഇടയ്ക്ക് മൂന്നു തവണ മുതലാളി ഡോക്ടർ ഈനാശുവിനെ അയാളുടെ വീട്ടിൽ പോയി കണ്ടു. അങ്ങനെ കുറേ  ഡോളർ അയാളും അടിച്ചുമാറ്റി. അയാളും ഇപ്പോൾ സിംഗിൾ ആണ് ആദ്യ ഭാര്യ വെള്ളക്കാരി പ്രൊഫസർ മേരി ബെല്ലിനെ മൂന്നു വർഷം മുൻപ് ഡിവോഴസ് ചെയ്തു എന്നാണ് പറഞ്ഞത്. 

സ്വന്തം ഭാര്യയെ നിലയ്ക്കു നിർത്താൻ അറിയാത്ത മനഃശാസ്ത്രജ്ഞൻ  എങ്ങനെയാ മറ്റുള്ളവരുടെ പ്രശ്നങ്ങൾ തീർക്കുന്നത്!!? .അതുകൊണ്ട് മുതലാളി ആ പണിയങ്ങു നിർത്തി. 
എന്നാലും എന്തൊക്കെയോ ദുരൂഹതകൾ ബാക്കിയാകുന്നതുപോലേ. 
 ഇനി കുറെനാളത്തേക്ക് സ്വപ്നയെ വിളിക്കരുത് എന്നും ഡോക്ടർ ഈനാശു നിർദേശിച്ചിരുന്നു. അതേതായാലും മനോഹരനെക്കൊണ്ട് പറ്റാത്ത കാര്യമാണന്ന് പട്ടക്കാരനറിയില്ലല്ലോ. 
മിനിസോട്ടായിൽനിന്ന് വന്നതിൻ്റെ  അടുത്ത വാരാന്ത്യത്തിലാണ് ജെസ്സി അവളുടെ ഏതോ വളുബി കൂട്ടുകാരിയുടെ കല്ല്യാണത്തിന് മെക്സിക്കൊയിലുള്ള കാൻകൂണിലേക്ക് പോയത്. അതറിഞ്ഞുകൊണ്ടുതന്നെയാണ് സ്വപ്ന സാരറ്റൊഗായിലുള്ള അവരുടെ ഫ്ലാറ്റിലേക്ക് വന്നത് . വന്നപാടെ അവൾ ഒരു ജാക്ക് ആൻഡ്‌ ജിഞ്ചർ വിസ്ക്കിയാണ് ചോദിച്ചത് . ജാക്സ്ദാനിയെൽ വിസ്കിയുടെകൂടെ ജിഞ്ചറെയിൽ ഒഴിച്ച് ഒരിക്കൽ മുതലാളി തന്നെയാണ് അവൾക്ക് കൊടുത്തിട്ടുള്ളതാണ് . അതിൽപ്പിന്നെ അതാണിപ്പം അവളുടെ ഇഷ്ടപാനീയം. 
ഒക്കെ ഒരു നിമിത്തം എന്നു പറഞ്ഞാ മതിയല്ലോ.
അന്ന് രണ്ടുപേരും ആ ഇഷ്ടപാനീയം ഇഷ്ടംപോലെ മോന്തിക്കുടിച്ചു. ആ ആദ്യപകൽ സാരറ്റൊഗായിൽ നല്ലതുപോലെ ഒന്നാസ്വദിച്ചു. അങ്ങനെയാണ് അവൾ അയാളോടു വാക്കുപാലിച്ചത്. ആദ്യരാത്രിക്ക് മുൻപുതന്നെ ആദ്യപകൽ . അതൊന്നും മനഃശാസ്ത്രഞ്ജനോടെന്നല്ല  ഒരു മുനുഷ്യനോടുപോലും മുതലാളി പറഞ്ഞതുമില്ല. 
ആ സംഭവങ്ങൾക്കുശേഷം ഒന്നും സംഭവിക്കാതെ ഏതാണ്ട് മൂന്നുമാസം സുഗമമായി മുന്നോട്ടുപോയിക്കഴിഞ്ഞപ്പോഴാണ് കഥ ക്ലൈമാക്സിൽ എത്തിയത്.

ഒരു ദിവസം അപ്രതീക്ഷിതമായി ഒരു വെഡിംഗ് കാർഡ് മെയിലിൽ വന്നു . ജെസ്സിയുടെ കൈയിലാണ് കിട്ടിയത്. അവൾ ഒരു കള്ളച്ചിരിയോടെയാണ്  പൊട്ടിച്ച കവർ മനോഹരൻ്റെ  കൈയിൽ കൊടുത്തത് . വെഡിംഗ് ഇൻവിറ്റെഷൻ ''ഡോക്ക്ട്ടർ ഈനാശു പട്ടക്കാരൻ വിത്ത് സ്വപ്നാ ജോണ്‍" .എന്ന് സ്വർണ്ണലിപികളിൽ മുകളിൽതന്നെ എഴുതിയിരുന്നു. 

മുതലാളി മനസ്സിലൊന്നു കണക്കുകൂട്ടി. 
-എങ്ങനെപോയാലും ഈനാശുവിന് അവളെക്കാൾ ഒരു ഇരുപതു വയസ്സെങ്കിലും കൂടുതൽ കാണും. തന്നെ കിളവാന്നു വിളിച്ചിട്ട് നീ അവസാനം നീ ഒരു രണ്ടാംകെട്ടുകാരാൻ മുതുകിളവൻ്റെ  വലയിൽത്തന്നെ വീണല്ലോ . എടീ നിനക്കു പറ്റിയ ഷുഗർ ഡാഡി തന്നെ. ഇനി നിൻ്റെ   തലക്കാലിക കാര്യങ്ങൾ ഒക്കെ അയാൾ നോക്കിക്കോളും. മനോഹർ മനസ്സിൽ പറഞ്ഞു 

ഡോക്ടർ ഫേസ്ബുക്ക്‌ അക്കൗണ്ട് ചോദിച്ചപ്പോഴേ മുതലാളിക്ക് എന്തൊക്കെയോ സംശയങ്ങളുണ്ടായിരുന്നു. -എന്നാലും ഒരു മനഃശാസ്ത്രജ്ഞനല്ലേ,  ഇത്രക്കങ്ങോട്ടു പ്രതീക്ഷിച്ചില്ല . ഈശ്വരാ ജെസ്സിയുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ രണ്ടുപ്രാവശ്യം ചോദിച്ചിട്ടും കൊടുക്കാതിരുന്നത് എത്ര നന്നായി. മുതലാളി ആശ്വസിച്ചു.

-ഈ ആണുങ്ങൾ എത്ര പഠിച്ചാലും എവിടെപഠിച്ചാലും കുറുക്കൻ്റെ  സ്വഭാവമാണന്ന് കനകലത തമാശിനാണങ്കിലും പലതവണ പറഞ്ഞത് കേട്ടിട്ടുണ്ട്. അപ്പോൾ പിന്നെ ഡോക്ടർ  ഈനാശുവും മോശമാകാൻ വഴിയില്ല. അങ്ങനെയുള്ളവർ നല്ല പൂന്തോട്ടം കണ്ടാൽ അവിടെ നിൽക്കും പിന്നെ ഏറ്റവും നല്ല പൂവിലേക്കായിരിക്കും നോട്ടം. ആ കനകലതയും  താരാ തോമസും ജസ്സിയോട്  അതൊക്കെ പറഞ്ഞല്ലേ തന്നെ  ക്രൂശിച്ചത്, മുതലാളി ഓരോന്നോർത്തു ചിരിച്ചു, എന്നിട്ട് തന്നെത്താൻ പറഞ്ഞു.
"എടീ  സ്വപ്നാ, അങ്ങനെ നീയിപ്പം സ്വപ്ന ഈനാശു പട്ടക്കാരിയായി . നിന്നെ ഞാൻ സമ്മതിച്ചുതന്നിരിക്കുന്നു. എനിക്കറിയാം ഗ്രീൻകാർഡു കിട്ടുന്ന ദിവസം നീ അവനേയും പുഷ്പംപോലേ  വലിച്ചെറിയുമെന്ന്."

 അയാൾ മനസ്സിൽ ഒന്നുകൂടി ഊറിച്ചിരിച്ചു . ഇനിയിപ്പോൾ  ഡോക്ടർ ഈനാശുവിൻ്റെ  സർവ്വനാശത്തിലേക്കുള്ള വഴി അവളിലൂടെയാണല്ലോ എന്നതോർത്തപ്പോൾ മനോഹരൻ മുതലാളിക്ക് ഒന്നാർത്തുല്ലസ്സിക്കാൻ തോന്നി.
"If someone steals your wife or girl friend. The best way of taking revenge is to let her stay with him."
പച്ച മലയാളത്തിൽ പറഞ്ഞാൽ ആരെങ്കിലും കാമുകിയേയോ ഭാര്യയേയോ അടിച്ചുമാറ്റിയാൽ ഏറ്റവും നല്ല പ്രതികാരം, പ്രതികരിക്കാതെ അവർക്ക് വിട്ടുകൊടുക്കുക എന്നതാണ്.

ആരാണ് അതുപറഞ്ഞ ആ മഹാൻ?. അവൻ്റെ  കാൽക്കൽവീണ് ഒന്നുകൂടി നമിക്കട്ടെ. മനോഹരൻമുതലാളി വീണ്ടും ചിരിച്ചു. 

Written By 
Thampy Antony Thekkek

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot