
''നിന്നെ എനിക്കിഷ്ടമല്ല. ഇഷ്ട്ടപ്പെടാനും കഴിയില്ല. ഇനി ഇതും പറഞ്ഞ് ശല്യം ചെയ്യരുത്.'' ഇതും പറഞ്ഞ് അഞ്ജലി തിരിഞ്ഞു നടന്നു.
''നീ ഇഷ്ടപെടണ്ട. എന്നാൽ എനിക്കിഷ്ട്ടപ്പെടാലോ. നിനക്ക് എന്നെ ഇഷ്ടപ്പെടാൻ കഴിയില്ല എന്നല്ലേ ഉള്ളൂ? ഞാൻ ഇഷ്ടപ്പെടരുതെന്ന് പറയാൻ നിനക്കവകാശമില്ല. ഐ ലവ് യൂ അഞ്ജലീ'' അനൂപ് വിളിച്ചു പറഞ്ഞു.
അത് ശ്രദ്ധിക്കാത്തത് പോലെ അഞ്ജലി മുന്നോട്ട് നടന്നു.
വൈകീട്ട് വീട്ടിലെത്തിയത് മുതൽ അഞ്ജലി വല്ലാത്ത ടെൻഷനിലായിരുന്നു.
''അച്ഛാ ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട് വല്ലാത്ത തലവേദന ഞാനൊന്ന് കിടക്കട്ടെ.'' അവൾ അച്ഛനോട് പറഞ്ഞു.
വായിച്ചു കൊണ്ടിരുന്ന ബുക്കിൽ നിന്നും തലയുയർത്താതെ ബാലൻ ''ആ'' എന്ന് മൂളി.
സ്റ്റേഷൻ മാസ്റ്ററായിരുന്ന ബാലന്റേയും, ടീച്ചറായിരുന്ന സുഭദ്രയുടേയും രണ്ട് മക്കളിൽ ഇളയവളായിരുന്നു അഞ്ജലി.
മൂത്തവൾ ഗീത അമ്മയുടെ പ്രിയപ്പെട്ടവളായിരുന്നു. കോളേജിൽ പഠിക്കുമ്പോഴുള്ള പ്രണയം വീട്ടിലറിഞ്ഞതും, ഒരു അന്യമതസ്ഥനായത് കൊണ്ട് അച്ഛൻ എതിർത്തു ഒരു രാത്രി വെളുത്തപ്പോൾ എല്ലാവരേയും ഉപേക്ഷിച്ച് പ്രണയിച്ചവനൊപ്പം അവളിറങ്ങിപ്പോയി. ഇപ്പോൾ ഭർത്താവിനോടൊപ്പം ദുബായിൽ ആണ്.
അവസാനം അവളെ കണ്ടത് അമ്മ മരിച്ചപ്പോഴാണ്. ആരൊക്കെയോ അവളെ ചീത്ത പറയുന്നുണ്ടായിരുന്നു. അവളുടെ അടുത്തേക്ക് ഓടി ചെല്ലണമെന്നും കെട്ടിപ്പിടിച്ച് കരയണമെന്നും അഞ്ജലിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനവൾക്ക് കഴിഞ്ഞില്ല.
അവസാനം അവളെ കണ്ടത് അമ്മ മരിച്ചപ്പോഴാണ്. ആരൊക്കെയോ അവളെ ചീത്ത പറയുന്നുണ്ടായിരുന്നു. അവളുടെ അടുത്തേക്ക് ഓടി ചെല്ലണമെന്നും കെട്ടിപ്പിടിച്ച് കരയണമെന്നും അഞ്ജലിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനവൾക്ക് കഴിഞ്ഞില്ല.
അമ്മയുടെ മരണ ശേഷം അച്ഛൻ അധികം സംസാരിക്കാറില്ല, പുറത്തേക്ക് പോകാറില്ല, ഉറങ്ങുന്നുണ്ടോ എന്നു പോലും സംശയമാണ്. ഏത് സമയവും ഏതെങ്കിലും പുസ്തകം വായിക്കുകയോ, അല്ലെങ്കിൽ എന്തോ ആലോചിച്ച് കിടക്കുകയോ ചെയ്യും, പലപ്പോഴും ഭക്ഷണം പോലും കഴിക്കാൻ പോലും അച്ഛൻ മറന്ന് പോകും. അത് അവളെ ഭയപ്പെടുത്തിയിരുന്നു.
രാവിലെ കുറച്ച് വൈകീട്ടാണ് അവളെഴുന്നേറ്റത്. എഴുന്നേറ്റ് കുളിയും കഴിഞ്ഞാണ് അടുക്കളയിൽ കയറിയത്. അമ്മ പഠിപ്പിച്ച ശീലമാണ്. ചായ തിളപ്പിക്കാൻ പാത്രമെടുത്തപ്പോഴാണ് ശ്രദ്ധിച്ചത് പ്രഭാത ഭക്ഷണം തയ്യാറാക്കി വെച്ചിരിക്കുന്നു. അവൾ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി. തുണികളെല്ലാം കഴുകി അയയിലിട്ടിരിക്കുന്നു. അവൾ ഉമ്മറത്തേക്ക് ചെന്നു.
''അച്ഛാ...'' അവൾ പതുക്കെ വിളിച്ചു.
കയ്യിലിരുന്ന പുസ്തകം താഴെ വച്ച് ബാലൻ അവളെ നോക്കി.
''അച്ഛനെന്തിനാ ഈ പണികളൊക്കെ ചെയ്തത്? അതൊക്കെ ഞാൻ ചെയ്യില്ലേ...''
അതിന് ബാലൻ മറുപടിയൊന്നും പറഞ്ഞില്ല.
അവൾ പതുക്കെ അകത്തേക്ക് നടന്നു.
"മോളേ..." അച്ഛന്റെ വിളി കേട്ട് അവൾ തിരിഞ്ഞു.
''അച്ഛനോട് മോൾക്ക് ദേഷ്യമുണ്ടോ?''
അവൾ സംശയത്തോടെ അച്ഛനെ നോക്കി.
''എന്താ അച്ഛാ ഇങ്ങനെയൊക്കെ...'' അവളുടെ ശബ്ദമിടറി കണ്ണുകൾ നിറഞ്ഞു.
''മോളുടെ ഇഷ്ടങ്ങൾ ഓരോന്നായി ഉപേക്ഷിക്കുന്നത് അച്ഛന് വേണ്ടിയാണെന്നെനിക്കറിയാം. അച്ഛൻ ഇനിയും വിഷമിക്കരുതെന്ന് കരുതിയാണ് പല ഇഷ്ടങ്ങളും നീ വേണ്ടാന്ന് വെക്കുന്നത്...'' അയാളുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.
അവൾ അച്ഛന്റെ അടുത്തേക്ക് ചെന്നു...
"അച്ഛൻ ഞങ്ങൾക്ക് വേണ്ടി പല ഇഷ്ടങ്ങളും വേണ്ടെന്ന് വെച്ചിട്ടില്ലേ... അത് വച്ച് നോക്കുമ്പോൾ അച്ഛന്റെ സന്തോഷത്തിന് വേണ്ടി ചിലത് ഉപേക്ഷിക്കുന്നതിൽ ഞാനൊട്ടും സങ്കടപ്പെട്ടിട്ടില്ല. സന്തോഷം തോന്നീട്ടേ ഉള്ളൂ...'' അവൾ ഒന്നു നിർത്തി ഷാളിന്റെ തലകൊണ്ട് അച്ഛന്റെ കണ്ണുകൾ തുടച്ചു കൊണ്ട് തുടർന്നു...
''യഥാർത്ഥ സ്നേഹം അറിയുന്ന ഒരു മക്കൾക്കും മാതാപിതാക്കളെ വെറുക്കാൻ കഴിയില്ല.''
ബാലൻ എഴുന്നേറ്റ് അവളെ ചേർത്തു പിടിച്ചു.
''ഒരിക്കൽ ഗീതയുടെ ഇഷ്ടത്തിന് ഞാൻ എതിര് നിന്നിട്ടുണ്ട്. പിന്നീട് അതോർത്ത് ദുഃഖിക്കുകയും ചെയ്തിട്ടുണ്ട്. എപ്പോഴെങ്കിലും അവൾ തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചിരുന്നു... പക്ഷേ...''
''ചേച്ചി വരും അച്ഛാ അച്ഛൻ സങ്കടപ്പെടല്ലേ'' അവൾ മുഖം അച്ഛന്റെ നെഞ്ചോട് ചേർത്തു.
''അനൂപ് നല്ല പയ്യനാ...''
അച്ഛൻ പറഞ്ഞത് കേട്ട് അവളൊന്ന് ഞെട്ടി.
അയാൾ തുടർന്നു...
''അവൻ എന്നെ വന്ന് കണ്ടിരുന്നു. നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. അച്ഛനെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ് നീ അവനെ ഇഷ്ടമല്ല എന്ന് പറയുന്നതെന്ന് അവനറിയാം...''
''ഇല്ലച്ഛാ എനിക്ക് അങ്ങനെ ഇഷ്ടങ്ങളൊന്നും ഇല്ല്യാ... അച്ഛന്റെ ഇഷ്ടങ്ങളാണ് എനിക്ക് പ്രധാനം''
അയാൾ അവളുടെ മുടിയിൽ പതുക്കെ തലോടി. അഞ്ജലി അച്ഛന്റെ നെഞ്ചിലേക്കൊന്നുകൂടി ചേർന്നു. ഇതിനേക്കാൾ സുരക്ഷിതമായൊരിടം വേറെയില്ലെന്ന് അവൾക്കറിയാമായിരുന്നു.
''എനിക്ക് അനൂപിനെ ഇഷ്ടമാണ്. ഇനി മോള് അവന്റെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കരുത് ട്ടോ...''
''ഉം'' അവൾ മൂളി.
''എന്നാൽ വേഗം ഒരുങ്ങി കോളേജിൽ പോകാൻ നോക്ക്. അവന് ഒരു ജോലി ശരിയാകും വരെ സമയം ചോദിച്ചിട്ടുണ്ട്. അത് വരെ ക്ഷമിക്കണട്ടോ...''
''പോ അച്ഛാ'' അവളയാളുടെ കൈ തണ്ടയിൽ നുള്ളിക്കൊണ്ട് അകത്തേക്ക് ഓടി.
കോളേജിലെ ഗേറ്റിലെത്തുമ്പോൾ തന്നെ അനൂപ് അവളെ കാത്തിട്ടെന്നോണം നിന്നിരുന്നു. പക്ഷേ പതിവ് പോലെ അവൻ അടുത്തേക്ക് വരികയോ, സംസാരിക്കുകയോ ചെയ്യാത്തതിൽ അവൾക്ക് വിഷമം തോന്നി.
ഉച്ചക്ക് ഭക്ഷണവും കഴിഞ്ഞ് തിരികെ ക്ലാസിലേക്ക് നടക്കുമ്പോൾ അനൂപ് മുന്നിൽ. ''ഇനി തന്നെ ശല്യപ്പെടുത്തില്ലാട്ടോ. അടുത്ത ആഴ്ച്ച ഞാനിവിടുന്ന് പോകും. അത് തന്നെ കണ്ട് പറയണം എന്ന് തോന്നി... എന്നാ ശരി ഇനി യാത്രയില്ല''
അവളുടെ കണ്ണ് നിറഞ്ഞു. ഒന്നും മിണ്ടാതെ തിരികെ നടന്നു...
''പിന്നേ എനിക്കൊരു ജോലി കിട്ടി. പോകുന്നതിന് മുൻപ് അച്ഛനേയും അമ്മയേയും കൂട്ടി വീട്ടിലേക്ക് വരട്ടേ പെണ്ണ് ചോദിക്കാൻ...'' അവൻ പിറകിൽ നിന്ന് വിളിച്ച് ചോദിച്ചു.
ദേഷ്യത്തോടെ അവള് തിരിഞ്ഞ് അവനെ നോക്കി. പതുക്കെ ആ ദേഷ്യം പുഞ്ചിരിയായി മാറി. ഇഷ്ടങ്ങളെ നഷ്ടങ്ങളാക്കാതെ പ്രണയം അവളുടെ കണ്ണുകളിൽ വിരിഞ്ഞു...
-സിറാജ് നെല്ലിക്കുന്ന്- ( Siraj P Abdulla) @ Nallezhuth
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക