നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാപ്പ കസറി..

"പോടാ ബീഫേ ... "
ഓവുപാലത്തിനടിയിൽ ഒളിഞ്ഞിരുന്ന് ബീഡിപ്പുകയാസ്വദിക്കുകയായിരുന്ന മാത്തപ്പന്റെ കാതുകൾ ഒന്നു ചൂളി.. "ഇതവളമ്മാര് തന്നെ ... അവൻ മനസ്സിൽ പറഞ്ഞു .അവരെങ്ങിനെ തന്നെ കണ്ടു ..?
ഊണ് കഴിഞ്ഞ് ഒന്ന് ചുറ്റിക്കറങ്ങി അച്ഛൻ കാണാതെ നൈസായിട്ട് ഒരു ബീഡിയും ഇസ്കി ഓവുപാലം ലക്ഷ്യമാക്കി കുതിക്കുമ്പോൾ ഒരു മിന്നായം പൊലെ കണ്ടിരുന്നു .. തുളസിയും ഗായത്രിയും പുല്ലാഞ്ഞി വളവ് തിരിഞ്ഞ് വരുന്നത് .
ക്ലാസും കഴിഞ്ഞുള്ള വരവാണ് ,ബ്ലഡി പഠിപ്പികൾ ... അവനവരോട് പുച്ഛം തോന്നി .പ്ലസ് ടു ഒരു വിധം ഉന്തിത്തള്ളി മറിച്ചിട്ടതിന്റെ പെടാപ്പാട് തനിക്കേ അറിയൂ . അവള്മ്മാരാണെങ്കിൽ പരീക്ഷ കഴിഞ്ഞപാടെ കോച്ചിങ്ങിന് പോവുന്നു. .. വിദ്യാധരൻ മാസ്റ്ററുടെ മകളും മരുമകളുമാണ് ... മകൾ തുളസി സുന്ദരിയാണ് ,പക്ഷെ സൗന്ദര്യബോധം തീരെയില്ല . ഉണ്ടെങ്കിൽ
തന്നെ നോക്കാതിരിക്കുമോ ...?
ബീഡി കുത്തിക്കെടുത്തി ചുമയൊതുക്കി തീപ്പെട്ടി ഒളിച്ചുവെക്കുന്ന സ്ഥലത്ത് ബീഡിക്കുറ്റി ഒതുക്കിവെച്ച് പതുക്കെ പുറത്തിറങ്ങി.
അവര് കണ്ടിട്ടില്ല ,ഉണ്ടെങ്കിൽ അവിടെ നിൽക്കില്ലേ ?
കാണാതെ പിന്നെ എന്തിനാവും അങ്ങിനെ പറഞ്ഞത് , ബീഫ് എന്നൊക്കെ വിളിക്കണമെങ്കിൽ തന്നെഉദ്ദേശിച്ചു തന്നെയാവും .
നോട്ടം കൊണ്ട് തുളസിയെ പലവട്ടം കല്യാണം കഴിച്ച് ആദ്യരാത്രിയും ദാമ്പത്യവും കുട്ടികളും പേരക്കുട്ടികളും അടങ്ങുന്ന വിശാല ലോകം കെട്ടിപ്പടുക്കുന്നത് താൻ മാത്രമാണെല്ലോ !
പതിയെ വന്ന ഒരു തണുത്ത കാറ്റ് അവന്റെ ചിന്തകളെ ഘനീഭവിപ്പിച്ചു.തോട്ടിൻ കരയിൽ കുത്തി നിർത്തിയ ചൂണ്ടയെടുത്തു നോക്കി .
ഇല്ല .. കൊത്തിയിട്ടില്ല .. കൊത്തും, കൊത്താതെവിടെപ്പോവാൻ ?
അവന്റെയാത്മഗതം കേട്ടിട്ടാവണം ഒരു പേക്കാച്ചിത്തവള തോട്ടിലേക്കെടുത്തു ചാടി .ചുറ്റിത്തിരിഞ്ഞ് വീട്ടിലെത്തുമ്പോൾ വിദ്യാധരൻ മാസ്റ്റർ കോലായിലെ ബെഞ്ചിലിരിപ്പുണ്ട് .താഴെ തറയിലിരിക്കുന്ന അപ്പച്ചനുമായി എന്തോ സംസാരിക്കുന്നു. തന്റെ ഒളിത്താവളങ്ങളിൽ സർജിക്കൽ സ്ട്രൈക്ക് നടത്താനാവുമോ അതോ തന്റെ സ്വപ്നദാമ്പത്യത്തിന്റെ തായ് വേരറുക്കുവാനോ ?
"ആ വന്നോ തമ്പുരാൻ .. ഇന്നെവിടെയായിരുന്നു പള്ളിവേട്ട ... എടാ തെക്ക് വടക്ക് തെണ്ടിത്തിരിഞ്ഞ് നടക്കാതെ രണ്ടക്ഷരം പഠിക്കാൻ നോക്ക് .അതിനാ മാഷ് വന്നത് ,നാളെ മുതൽ പൊക്കോളണം .കുറേ ആയില്ലേ മാഷ് പറയുന്നത് ... അതെങ്ങന്യാ വല്ലോടത്തും വായ്നോക്കി നടന്നാലല്ലേ ..
എന്നെക്കൊണ്ട് അധികം
പറയിപ്പിക്കേണ്ട .. ".
ശ്ശെ ... ഭാവി അമ്മായിപ്പൻ ,തൊലിയുരിഞ്ഞു പോകുന്ന പോലെ .അപ്പൻ തനി കൺട്രി തന്നെ .അവന്റെയുള്ളിൽ രോഷാഗ്നി
മഴനനഞ്ഞ ഓലപ്പടക്കം പോലെ നിസ്സംഗത പൂണ്ടു.
"എന്താ വർഗീസച്ചായാ.... ഇങ്ങിനെയാണോ കുട്ടികളോട് പെരുമാറേണ്ടത് , അവൻ കൊച്ചു കുട്ടിയാണോ .. മാത്യൂ നാളെ മുതൽ കോച്ചിങ്ങിന് വരണം .. ഇനി കോളേജ് അഡ്മിഷൻ ആവുമ്പോഴേക്കും രണ്ട് മൂന്ന് മാസം കഴിയും .അതുവരെ പി എസ് സി കോച്ചിങ്ങ് .ഡിഗ്രിയോടൊപ്പം ഇതും കൊണ്ടുപോണം ഇടയ്ക്ക് ടെസ്റ്റും എഴുതണം , അപ്പോ പഠനം കഴിയുമ്പോഴേക്കും നമുക്ക് ലിസ്റ്റിൽ കയറാം .. "
"എന്റെ പട്ടി വരും .. എന്നു പറയാനുള്ള നെഞ്ചളവ് അവാത്തതിനാൽ ഒന്നും മിണ്ടാതെ നിന്നു.
"തുളസിയും ഗായത്രിയും പിന്നെ വടക്കേതിലെ ഷംസുവും ഉണ്ട് .. "
ഒരു പാട് ലെഡു പൊട്ടിച്ചിതിറുന്നുത് ആരും കാണാതിരിക്കാൻ ആകാശഗംഗയിലേക്ക് മിഴിയൂന്നി .. തുളസി .. അവളുണ്ടല്ലേ , അത്രയ്ക്കവൻ ഓർത്തില്ല .
"ഞാൻ വരും മാഷേ ,എനിക്ക് പഠിക്കണം .പഠിച്ച് ജോലി നേടി അപ്പച്ചനെ സഹായിക്കണം ." അവൻ ഒളികണ്ണിട്ട് അപ്പനെ നോക്കി .അനന്ദാശ്രു പൊഴിയണോ വേണ്ടയോ എന്ന് ശങ്കിച്ച ആ മിഴികളിൽ ഒരു തിളക്കം അവന് ദൃശ്യമായി .
പിറ്റേന്ന് ക്ലാസിൽ തുളസിയെ കാണത്തക്കവിധമുള്ള സീറ്റ് തരപ്പെടുത്തി മാത്തപ്പനിരുന്നു .വിദ്യാധരൻ മാസ്റ്ററുടെ പരിചയക്കാരും ശിഷ്യരും കൂടി നടത്തുന്ന സ്ഥാപനമാണ് , നല്ല രീതിയിൽ വസ്ത്രംധരിച്ച ഒരു സിംപ്ലൻ ക്ലാസിലേക്ക് കയറിവന്നു .മറ്റു കുട്ടികളുടെ പെരുമാറ്റത്തിൽ അതാണ് സാറെന്ന് അവനൂഹിച്ചു .അയാളെ പക്ഷെ മാത്തപ്പന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല .
അവന്റെയൊരു ഇൻസൈഡും ഷൂവും .. ഒരു വലിയ പുച്ഛഭാവം ഫിറ്റ് ചെയ്ത് മാത്തപ്പൻ ഒന്നിളകിയിരുന്നു .
മൊത്തം നിശ്ശബ്ത.... മാഷിന്റെ നോട്ടം മാത്തപ്പന്റെ നേരെ തിരിഞ്ഞു .
"പോടാ ബീഫേ .. "
മാത്തപ്പൻ ഞെട്ടി .. തന്റെ മുഖത്ത് തന്നെയാണ് ആ പുള്ളി നോക്കുന്നത് .പുച്ഛഭാവം എടുത്തു മാറ്റി ദേഷ്യം ഫിറ്റ് ചെയ്യാൻ നോക്കിയെങ്കിലും ടൈമിങ്ങിലെ പിഴവുമൂലം ചമ്മലാണ് വന്നത്
"മാത്യു അല്ലെ ... പതിയെ പരിചയപ്പെടാം. ഇന്നലത്തെ ക്ലാസിൽ പറഞ്ഞ ഓർമ്മിക്കാനുള്ള ട്രിക്ക് ആണിത്.
ആർക്കെങ്കിലും കിട്ടിയോ ?"
മാഷ് എല്ലാവരോടുമായി ചോദിച്ചു .മാത്തപ്പന്റെ ശ്വാസം നേരെയായി .അപ്പോൾ അതാണ് സംഭവം. ഛെ ...
നിശ്ശബ്ദതയെ ഭഞ്ജിച്ച് മാഷിന്റെ ശബ്ദമുയർന്നു ..
ഭാരതത്തിൽ വന്ന വിദേശിയരുടെ ക്രമം ..
പോ- പോർച്ചുഗീസ്
ഡാ- ഡെച്ച്
ബീ - ബ്രിട്ടീഷ്
ഫെ- ഫ്രഞ്ച് ..
ബോർഡിൽ എഴുതിയത് കണ്ട് മാത്തപ്പൻ അന്തം വിട്ടു . ഇത് കൊള്ളാമെല്ലോ, സംഭവം ഉഗ്രൻ .
"നിങ്ങൾ വളരെ താഴ്ന്ന ക്ലാസിൽ പഠിച്ചതാണെങ്കിലും ഓർമ്മ കാണില്ല .പരീക്ഷ ഹാളിൽ കൺഫ്യുഷൻ ഇല്ലാതെ എഴുതാൻ ഇത്തരം ട്രിക്ക് ആണ് നല്ലത് .. "
തുടർന്നങ്ങോട്ട് പലതും അങ്ങേറി.
ഇൻറർപോൾ SAFE അണ് ,MT യുടെ Kറുത്ത JUBA,
മാത്തപ്പന് രസം പിടിച്ചു .അവൻ ക്ലാസിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി .അതിനിടയിൽ അവന്റെ വൺവേ പ്രണയം ടു വേ ആക്കാനുള്ള പദ്ധതികളും മനസ്സിൽക്കണ്ടു .
അന്നൊരു ചൊവ്വാഴ്ചയായിരുന്നു .തുളസിയോട് തന്റെ പ്രണയം തുറന്ന്പറയാൻ അവൻ കണ്ടുവെച്ച പുണ്യദിനം. പുണ്യാളനോട് സമ്മതം വാങ്ങി ക്ലാസിലെത്തി. തുളസിയും ഗായത്രിയും വന്നിട്ടില്ല .. അവന്റെ പ്രതീക്ഷകളുടെ വൻമരം കടപുഴകാൻ തുടങ്ങി ,പുതിയൊരു മാഷാണ് ക്ലാസിൽ വന്നത് .. എന്തൊക്കയോ പഠിപ്പിച്ചു .അവന്റെ മനസ്സ് മുഴുവൻ തുളസിയായിരുന്നു. തലേന്ന് തന്ന ട്രിക്ക് അവന്റെ പുസ്തകത്തിൽ അനാഥമായിക്കിടന്നു .അർക്കും കിട്ടിയിരുന്നില്ല ,ആ മാഷും വന്നിട്ടില്ല
വാപ്പ കസറി 80 82 84.
അവൻ നിസ്സംഗതയോടെ അതിലൂടെ വിരലോടിച്ചു .കഴിഞ്ഞ ദിവസം ക്ലാസ് വിട്ട്പോവുമ്പോൾ തുളസി പറഞ്ഞതവനോർമ്മിച്ചു.
"മാത്യു ഞാൻ എന്തായാലും നാളെ ഇത് കണ്ടു പിടിച്ചേ വരൂ ... "
"എങ്കിൽ തുളസിയ്ക്ക് എന്റെ വക ഒരു സമ്മാനം തരും ."
"എന്ത് സമ്മാനമാ ?"
"അത് സസ്പൻസ്, നോക്കിക്കോ താൻ ശരിക്കും ഞെട്ടും ."
തിരിച്ച് വീട്ടിലെത്തിയപ്പോൾ അവനാണ് ശരിക്കും ഞെട്ടിയത് .
വിദ്യാധരൻ മാസ്റ്റർ മരിച്ചു. !
ഹൃദയാഘാതം , വെള്ളപുതച്ച് കിടക്കുന്ന മാഷിന്റെ മുഖത്ത് അപ്പോഴുമുണ്ടായിരുന്നു മായാത്ത ഒരു പുഞ്ചിരി .തൊട്ടടുത്ത് കരഞ്ഞ് തളർന്ന തുളസിയുടെ മുഖത്തേയ്ക്ക് ഒരു നോക്കേ അവൻ നോക്കിയുള്ളൂ .. നിയന്ത്രണം വിട്ട മനസ്സുമായി ഇറങ്ങി നടന്നു. ഒരു ചാറ്റൽ മഴ അവനെ തഴുകി കടന്നുപോയി
തുളസിയില്ലാത്ത ക്ലാസിനോട് അവന് താൽപര്യമില്ലായിരുന്നു .അതോടെ കോച്ചിങ്ങ് നിർത്തി . തുളസിയും അമ്മയും ആ വീട് വിറ്റ് അവളുടെ അമ്മവീട്ടിലേക്ക് പോയി . ഷംസുവിന്റെ കൂടെ ആർമി റിക്രൂട്ട്മെന്റിന് പോയ മാത്തപ്പന് സെലക്ഷൻ കിട്ടി. പിന്നീടൊരിക്കലും അവന് തുളസിയെ കാണാൻ കഴിഞ്ഞിരുന്നില്ല .
പതിയെ ആ പ്രണയത്തെ കുഴിച്ചുമൂടി മാത്തപ്പൻ ലില്ലിയുടെ കഴുത്തിൽ മിന്നുകെട്ടി. അധികം വൈകാതെ കുഞ്ഞു വർഗ്ഗീസ് കളത്തിലിറങ്ങി .. അവന്റെ തേരോട്ടത്തിൽ ലില്ലിയും മാത്തപ്പനും അവരുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചു .
വർഗ്ഗീസ് മാത്യുവിനെ സ്കൂളിൽ ചേർക്കാൻ അവർ രണ്ടുപേരും അന്ന് കാലത്ത് പുറപ്പെട്ടു. നടപടിക്രമങ്ങൾ കഴിഞ്ഞ് മകനെ ക്ലാസ് ടീച്ചറുടെ കൈവശമേൽപ്പിക്കാൻ പോയ ലില്ലിയെ കാത്ത് പുറത്ത് നിൽക്കുകയായിരുന്നു മാത്തപ്പൻ
"വാപ്പ കസറി ... " .
മാത്തപ്പൻ ഞെട്ടിത്തിരിഞ്ഞു. ലില്ലിയുടെ കൂടെ ഇറങ്ങി വന്ന ടീച്ചറെ കണ്ടതും അവനത്ഭുതപ്പെട്ടു.
തുളസി !
പുന:സമാഗമത്തിൽ വിശേഷങ്ങൾ പെരുമഴയായി പെയ്തു തോർന്നു .
"എനിക്ക് കിട്ടിയിരുന്നു .വാപ കസറി ..
സമ്മാനം റെഡിയാണെങ്കിൽ പറയാം ."
"വേണ്ട തുളസി ,അതെന്നും ഉത്തരംകിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സിൽ കിടന്നോട്ടെ .ആ ഓർമ്മകളുടെ സുഗന്ധം പേറി നടക്കാൻ ഒരു സുഖമാണ് "
മാത്തപ്പൻ ലില്ലിയുടെ കൈ പിടിച്ചു തിരിഞ്ഞു നോക്കാൻ വെമ്പുന്ന മനസ്സിനെയടക്കി പുറത്തേക്ക് നടന്നു.
........... ............. .............
അവസാനിച്ചു.
✍️ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot