നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നെടുവീർപ്പുകൾ (കഥ)

Image may contain: 1 person, closeup
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
അച്ഛന്റെ പ്ലേറ്റിൽനിന്നും ഒരു വലിയ ഉരുള ചോറുരുട്ടി, കുഞ്ഞായിരുന്ന എന്റെ വായിലേക്ക് അച്ഛൻ വെച്ചുതരുമ്പോൾ താഴെ വീഴാതിരിക്കാൻ ഞാൻ കൈകൊണ്ട് താങ്ങിപ്പിടിക്കും. അതുകാണുന്നേരം അമ്മയുടെ കണ്ണും അച്ഛന്റെ മനസ്സും നിറയുന്നതുപോലെ എന്റെ വയറും നിറഞ്ഞിരുന്നു.
"ഇനി മോൻപോയി കൈയ് കഴുകി വാ."
ചോറുണ്ട കൈ ട്രൗസറിൽ തുടയ്ക്കുന്നതിനുമുമ്പേ അമ്മ പറയും. മുറ്റത്ത് മൺകുടത്തിൽ ചിരട്ടകൊണ്ട് അടച്ചുവെച്ച വെള്ളത്തിൽനിന്ന് കുറച്ചുവെള്ളം ചെരിച്ച് ഞാൻ കൈ കഴുകും. അടുത്തായി വെള്ളമില്ലാതെ കാലിയായ ചെറിയ കുടത്തിലേക്ക് അമ്മ കാണാതെ ചിരട്ടകൊണ്ട് കുറച്ചു വെള്ളം അതിനുമുകളിലേക്ക് ഒഴിക്കും. എന്തിനാണെന്ന് അറിയുമോ? വെള്ളം ഒഴിക്കുമ്പോൾ കുടത്തിനുള്ളിൽനിന്ന് 'ശീ' എന്നൊരു ശബ്ദം കേൾക്കാം.
"വേണൂ, വെള്ളത്തീ കളിച്ചത് മതീട്ടോ. അമ്മേടെക്കന്ന് അടി വാങ്ങേണ്ടെങ്കിൽ വേഗം വന്നോ. "
ഞാൻ അപ്പോഴും കുടത്തിന്റെ വായിലേക്ക് ചെവിയും വട്ടംപിടിച്ചിരിക്കുകയാവും.
"അവൻ കുട്ടിയല്ലേടീ... അവൻ കളിക്കട്ടെ."
"ആ നിങ്ങക്ക് അതുപറയാം. എന്തോരം വഴി പോയിട്ടാ രണ്ടുകൊടം നല്ലവെള്ളം കുണ്ടരുണതെന്നറിയാമോ?"
"പോട്ടെടീ സാരല്ല്യ. ഇമ്മടെ മോൻ വലുതാവുമ്പൊ അവൻ വല്ല്യൊരു ജോലിക്കാരനാവും. അപ്പൊ നമ്മക്കും ഒരു കെണറ് കുത്താം. "
"അതെ... അതൊക്കെ ദേ നാളെ നടക്കാൻ പോണതല്ലേ..?"
"നീ കളിയാക്കണ്ടടീ അവൻ പഠിച്ച് മിടുക്കനാവും.."
അച്ഛൻ എന്റെ അടുത്തുവന്ന് എന്നെ എടുത്തുകൊണ്ടു പറയും.
"അവന്റെ ജാതകത്തിലിണ്ട്, ഒരു സർക്കാരുദ്യോഗസ്ഥനാവും ന്ന്. "
"അതേടീ.. നീ നോക്കിക്കോ.. അവൻ ഇപ്പോഴേ ഒന്നാമനല്ലേ.."
അച്ഛൻ എന്നെയെടുത്ത് മേലേക്കുയർത്തി വട്ടംകറക്കും. അതു കാണുമ്പോൾ അമ്മ പറയും;
"ദേ, ആ കളി വേണ്ടാട്ടോ.. കൈയെങ്ങാനും വിട്ടാലേ.."
"അങ്ങനെ അങ്കട് വിടോടീ.. നീ നോക്കിയേ ഈ കൈ കണ്ടാ. "
അച്ഛൻ കൈയിന്റെ ആരോഗ്യം അമ്മയുടെ കൈത്തണ്ടയിൽ ഒരു നേരിയ ഇടിയോടെ തെളിയിക്കും. അച്ഛൻ പതുക്കെ ഇടിച്ചാലും അമ്മയ്ക്ക് വേദനിക്കും. അമ്മ പറയും;
"നിങ്ങടെ ആ മരക്കൈയ്യോണ്ട് എന്നെ ഇടിക്കല്ലേട്ടാ.. എന്റെ ജീവൻ പോയി. ഇനി ഒരാഴ്ച്ചക്ക് ഈ കൈയ്യൊന്ന് അനക്കാൻ പറ്റൂല്യ."
അപ്പോൾ അച്ഛൻ അമ്മയെക്കൂടി ചേർത്തുപിടിച്ച് ആ കൈയ്യിൽ തലോടിക്കൊടുക്കും. കുറച്ചു കഴിഞ്ഞ് അച്ഛൻ ചോദിക്കും;
"ഇപ്പൊ വേദന പോയോ?"
അല്പം ചിരിച്ചുകൊണ്ട് അമ്മ തലയാട്ടും. അച്ഛനും ചിരിക്കും. എന്നാൽ അപ്പോൾ അമ്മയുടെ കണ്ണുനിറഞ്ഞ് അമ്മ കരയുന്നത് എന്തിനാണെന്ന് എനിക്ക് അന്ന് മനസ്സിലായില്ല.
"അമ്മ എന്തിനാ കരയണത്" എന്നു ചോദിച്ച് ഞാൻ ആ കണ്ണു തുടയ്ക്കുമ്പോൾ അമ്മ എന്നെ വാരിയെടുത്ത് ഉമ്മ വയ്ക്കും.
"ഇനി മോൻപോയി പുസ്തകം എടുത്തുവച്ച് വായിക്ക്. തിങ്കളാഴ്ചയ്ക്ക് എന്തെങ്കിലും എഴുതിക്കൊണ്ടുചെല്ലാൻ ടീച്ചർ പറഞ്ഞിട്ടുണ്ടോ?"
"ഉം. അതൊക്കെ ഞാൻ എഴുതിവെച്ചു."
"എന്നാ മോൻ പുസ്തകം എടുത്തുവച്ച് വായിക്ക്. അമ്മയ്ക്ക് കൊറച്ചുംകൂടി ഓല മെടയാനുണ്ട്."
"ഞാനും വരും അമ്മേടെടുത്തിക്ക് ഓല മെടയുന്നോടത്തിക്ക്. "
"അപ്പൊ മോന് പഠിക്കണ്ടേ..?"
"അത് വൈന്നേരം പഠിക്കാം. "
"സുഭദ്രേ, ഞാനാ വേലുണ്ണീനെ ഒന്ന് കണ്ടിട്ട് വരാം. ഇപ്പൊഴേ പറഞ്ഞാലേ മഴ തൊടങ്ങുന്നേന് മുമ്പ് അവര് വരുള്ളൂ. "
"അത് ശരിയാ. അവരുക്കും തെരക്കല്ലേ. ഇനീം വേണം മൂന്നാലുകെട്ട് ഓലേങ്കൂടി. എന്നാലേ പന്ത്രണ്ടുകെട്ട് ആവൊള്ളൂ."
"ആ, ഇനീപ്പോ ഇവടെ അടുത്തൊന്നും കിട്ടില്ല. എല്ലാരും വാങ്ങിക്കഴിഞ്ഞിട്ടുണ്ടാവും."
"ആ, എല്ലാരും പെര കെട്ടിക്കഴിഞ്ഞു. ഇനി നമ്മടേം പിന്നെ അവടെ വെളക്കന്തലത്തേം മാത്രള്ളൂ. പെര കെട്ടീലെങ്ങ മഴ പെയ്യാണ്ടാവുമ്പോ ആൾക്കാര് പറയും നമ്മടെ പെര കെട്ടാത്തോണ്ടാന്ന്."
"ഇല്ല.. അവരോടുതന്നെ ഒന്ന് ചോദിക്കട്ടെ. എവടെങ്കിലും ഓല ബാക്കി ഇണ്ടോന്ന്. ഇല്ലെങ്കിൽ മതിരംപുള്ളീന്ന് കിട്ടും."
"അയ്യോ.. അതൊന്നും വേണ്ട. ഒരു വസ്തിന് കൊള്ളാത്ത മുണ്ടനോല രണ്ടെണ്ണം കൂട്ടിവെച്ച് മൊടഞ്ഞ് വെലുതാക്കി വെലുതിന്റെ കാശ് വാങ്ങും. കെട്ടഴിച്ച് പെരേമൽക്ക് എറിഞ്ഞുകൊടുക്കാൻ നേരത്താ കാണൊള്ളൂ. അതിലും ഭേദം നമ്മടെ തെങ്ങിന്റ ഓലതന്നെയാ.."
"അതും ശരിയാ.. ഞാൻ സഹായിക്കണോ നിന്നെ..?"
"തൽക്കാലം വേണ്ട. ഇതൊക്കെ ഞങ്ങൾ പെണ്ണുങ്ങൾക്കുള്ള ജോലിയാണ്. നിങ്ങൾ തെങ്ങ് കേറാൻ വരുന്ന ശങ്കരനെ ആ ചായപ്പീടേലെങ്ങാനും കണ്ടാ പറയണം വന്ന് തെങ്ങുകേറിത്തരാൻ. പിന്നെ കൊറച്ചു കൊതുമ്പും വെട്ടിത്തരാൻ. അത് വെള്ളത്തിലിട്ട് കീറി വള്ളിയാക്കിവെക്കണം. പോരാത്തത് ഓലമടലീന്ന് നാര് ചെത്തിയെടുക്കാം. "
"ആ ഞാനത് മറന്നു. ഞാൻ അവനെ പോയി കാണട്ടെ."
അച്ഛൻ കള്ളിമുണ്ടും വെളുത്തു ചെറിയ ഓട്ടയുള്ള ബനിയനുമിട്ട് രണ്ടുകൈയ്യും വീശി നടക്കും. നേരെ കാതിര് മാപ്ലേടെ ചായപ്പീടികയിലേക്ക്. അവിടെയാണ് മിക്കവാറും അവരൊക്കെ ഒത്തുചേരുന്നത്. അതിനോട് ചേർന്നാണ് കരീമാക്കായുടെ പലചരക്ക് കടയും.
"ദേ, പിന്നേ, വരുമ്പൊ ഇത്തിരി ഒണക്കച്ചെമ്മീൻ വാങ്ങിക്കൊ. കൂട്ടാത്തിന് ഒന്നുമില്ല. "
കിഴക്കേ ഇടവഴിയിലൂടെ അച്ഛൻ നടന്നുനീങ്ങുന്നത് കണ്ണെത്തുംവരെ അമ്മ നോക്കിനില്ക്കും. എന്നിട്ട് ഒരു നെടുവീർപ്പോടെ അമ്മ വീടിന്റെ ഉമ്മറത്ത്
വാതിലിനു മുകളിലായി ചില്ലിട്ടുവെച്ച ദൈവങ്ങളുടെ ഫോട്ടോയിലേക്ക് നോക്കി കണ്ണടച്ച് എന്തോ പ്രാർത്ഥിക്കുമ്പോഴും എനിക്ക് അറിയില്ലായിരുന്നു അമ്മ എന്താണ് പ്രാർത്ഥിച്ചതെന്ന്.
അമ്മ വീടിന്റെ കിഴക്കേപ്പാടത്തിനടുത്തുള്ള പൊട്ടക്കുളത്തിനരികിലേക്ക് പോകും, അവിടെ വെള്ളത്തിൽ കെട്ടിയിട്ടിരിക്കുന്ന കീറിയ ഓലക്കെട്ട് വലിച്ചു കൊണ്ടുവരാൻ. അമ്മയുടെ വിരലിൽ തൂങ്ങി ഞാനും കൂടെപ്പോകും. ഇടവഴിയിലെ വേനപ്പച്ചയുടെ ഇല പൊട്ടിച്ച് തള്ളവിരലും ചൂണ്ടാണിവിരലും വട്ടം കൂട്ടിപ്പിടിച്ച് അതിനുമേലെ വെച്ച് മറുകൈത്തലംകൊണ്ട് ആഞ്ഞടിച്ചു പടക്കം പൊട്ടിച്ചുകൊണ്ട്. ഇടയ്ക്ക് അമ്മയുടെ ചെവിയുടെ അരികിലേക്ക് ചേർത്തുപിടിച്ച്. അപ്പോൾ അമ്മയ്ക്ക് ദേഷ്യം വരും.
"ചെക്കൻ വെല്ലാണ്ട് കൊഞ്ചുണുണ്ട് ട്ടാ. നല്ല അടി കിട്ടാത്ത കൊഴപ്പാ."
കുറുന്തോട്ടിയും തുമ്പയും മഞ്ഞപ്പൂക്കളുള്ള ചെടികളും വഴിയരികിൽ കാണും. അവയുടെ ഇടയിലൂടെ തേൻകുടിച്ചുകൊണ്ട് മഞ്ഞത്തുമ്പിയും വെളുത്ത തിളങ്ങുന്ന ചിറകുള്ള കുഞ്ഞിത്തുമ്പിയും കൂടെ കറുത്ത തുമ്പിയുമുണ്ടാകും. ഞാൻ അവയിലേതെങ്കിലും പിടിക്കുവാൻ ശ്രമിക്കുമ്പോൾ അമ്മ പറയും;
"വേണ്ട മോനെ. അവറ്റേള് അവടെ പറന്നു നടന്നോട്ടെ."
"ഇനിക്ക് കല്ലെടുപ്പിക്കാനാ... ഒരെണ്ണം പിടിച്ചുതരോ അമ്മേ..?"
"അയ്യോ, അത് പാവല്ലേ മോനെ.. അവറ്റേളെ ഉപദ്രവിക്കാൻ പാടില്ല.. മോൻ വാ. നമ്മക്ക് വേഗം നടക്കാം."
വഴിയുടെ ഇടതുവശത്തെ കൈതവേലിയിലിടയിലൂടെ നുഴഞ്ഞെന്നവണ്ണം ഞങ്ങൾ പാടവരമ്പത്തേക്ക് ഇറങ്ങും. ആ വരമ്പ് ചെന്നു ചേരുന്നത് കുളത്തിലേക്കാണ്.
പാടത്തിനരികിലുള്ള ഒഴിഞ്ഞ വലിയ പറമ്പിന്റെ ഒരറ്റത്ത് മൂലയിലാണ് ആ കുളം. ആരും ആ കുളത്തിൽ കുളിക്കുകയോ ഇറങ്ങുകയോ ഇല്ല. ബാലമേനോന്റെയാണ് ആ വലിയ പറമ്പ്. ഒന്നുരണ്ട് ഏക്കർ പറമ്പുണ്ടാകും. കൂടാതെ അതിന് ചുറ്റും കുറെ വയലുകളും എല്ലാം അവരുടെ സ്വന്തമാണ്. ആരും അധികം സഞ്ചരിക്കാത്ത അവരുടെ ഈ കുളത്തിനോട് ചേർന്ന് ഒരു കാടും ഉണ്ടായിരുന്നു. രാത്രിയിൽ പല ശബ്ദങ്ങളും ആ കാട്ടിൽനിന്ന് കേൾക്കാം. കൂടാതെ ചേര് എന്നുപേരുള്ള തൊട്ടാൽ പൊള്ളുന്ന വലിയ മരവും അതിനുള്ളിൽ ഉണ്ടായിരുന്നു.
ആ പറമ്പിന്റെ ഒരു വശത്ത് ആരെയോ മരിച്ച് കുഴിച്ചിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ കുളത്തിനരികിലേക്ക് പോകുവാൻ എല്ലാവർക്കും ഭയമായിരുന്നു. ആരും ഒറ്റയ്ക്ക് അങ്ങോട്ട് പോകാറില്ല.
"മോൻ അവടെ നിന്നാമതി. അമ്മ ഇറങ്ങി ഓലവലിക്കട്ടെ."
അമ്മ കുളത്തിന്റെ ഇടിഞ്ഞുതുടങ്ങിയ പടവുകളിലൂടെ താഴേക്ക് ഇറങ്ങും. കുളത്തിൽ നിറയെ ആഫ്രിക്കൻ പായൽ നിറഞ്ഞിരിക്കും. കുളത്തിനരികിലുള്ള കശുമാവിന്റെ മാങ്ങയും അടുത്തുളള തെങ്ങിന്റ തേങ്ങയും ഓലയുമെല്ലാം അതിനുമുകളിൽ പൊന്തിക്കിടക്കുന്നുണ്ടാകും. അമ്മ താഴേക്ക് ഇറങ്ങുമ്പോഴേക്കും ഞാൻ കരഞ്ഞുതുടങ്ങും. പിന്നിൽ കുറച്ചകലെയായി മരിച്ച് അടക്കം ചെയ്തയിടെത്ത തെങ്ങിൻ തൈ നോക്കി ഞാൻ വീണ്ടും കരയും. . അവസാനം അമ്മ എന്നെയെടുത്ത് കുറച്ചുകൂടി താഴേക്ക് എടുത്തുനിർത്തും.
കയറുകെട്ടിയ ഓലക്കെട്ട് ചണ്ടികളൊക്കെമാറ്റി അമ്മ മേലേക്ക് വലിച്ചുകയറ്റും. കരയിലെത്തിയാൽ എളിയിൽ കൈകുത്തിനിന്ന് ഒരു നെടുവീർപ്പിടും. അത് എന്തിനാണെന്നറിയാതെ ഞാനും അമ്മയെ അനുകരിച്ച് അതുപോലെ ചെയ്യും. അതുകാണുമ്പോൾ അമ്മ ചിരിച്ചുകൊണ്ട് വെറുതെ എന്നെ അടിക്കുവാനെന്നപോലെ കൈ ഓങ്ങും. ഞാനും ചിരിച്ചുകൊണ്ട് തിരികെ, വന്നവഴിയിലൂടെ ഓടും.
വീട്ടിലെത്തിയാൽ കുറച്ചുകഴിഞ്ഞ് അമ്മ ഓല മെടയുവാൻ തുടങ്ങും. വെള്ളം വാർന്ന് ഉണങ്ങുന്നതിനുമുമ്പേ അത് മെടഞ്ഞു തീർക്കണം. ഓല ഉണങ്ങിയാൽ വീണ്ടും വെള്ളത്തിലിടണം.
"അമ്മേ, എന്നേം പഠിപ്പിച്ചു തരോ ഓലമെടയാൻ?"
"എന്തിനാ.. ഇതൊന്നും ആൺകുട്ടികൾ ചെയ്യേണ്ട ജോലിയല്ല. മോൻ വെറുതെ കണ്ടാമതി."
അമ്മ ഓലയെടുത്ത് മെടയുന്നത് ഞാൻ നോക്കി ഇരിക്കും.
ഒരു മുട്ടിപ്പലകയെടുത്തുവെച്ച് അമ്മ അതിൽ ഇരിക്കും. എന്നിട്ട് ഒരു ഓലയെടുത്ത് അതിന്റെ തലഭാഗം അല്പം വളച്ചെന്നപോലെ ഇരിക്കുന്ന ഭാഗത്ത് അതിന്റെ തണ്ട് വരുന്നതുപോലെ വയ്ക്കും. ഓലയുടെ കടഭാഗം കാലിന്റെ തള്ളവിരലുകൊണ്ട് ചവിട്ടിപ്പിടിക്കും. അപ്പോൾ ഞാൻ ചോദിക്കും;
"അമ്മേ ഓല നേരയല്ല കെടക്കുന്നത്."
"അത് സാരല്ല്യ. മെടയുമ്പോൾ ഓല നേരെവരണമെങ്കിൽ കുറച്ചു ചെരിച്ചിടണം. അല്ലെങ്കിൽ കൂന് വരും ഓലക്ക്."
അമ്മയുടെ വലതുഭാഗത്തുനിന്നും മെടഞ്ഞു തുടങ്ങും. ആദ്യത്തെ ഓല അല്പം ഉയർത്തിപ്പിടിച്ച് രണ്ടാമത്തെ ഓല എകദേശം ഒരിഞ്ചുമേലെവച്ച് ഈർക്കിലിയോടെ ഒടിച്ച് ആദ്യത്തെ ഓലയുടെ അടിയിലേക്ക് വെയ്ക്കും. അങ്ങനെ നാല് ഓലവരെയെടുത്ത് മെടഞ്ഞ് അവസാനംവരെ മെടയും. അവിടെയെത്തുമ്പോൾ ഓല മറിച്ചൊടിക്കും. അവിടെ നാലോ അഞ്ചോ ഓല മടക്കിവെച്ചുനെയ്ത് ഓലയുടെ വീതിനോക്കി വീണ്ടും തിരിച്ചും നെയ്തു തുടങ്ങിയ ഭാഗത്തും അതുപോലെ ചെയ്ത് മടക്കിവെച്ച് ഓല അഴിയാത്തവിധത്തിലാക്കും. പിന്നെ അത് മറ്റൊരു ഭാഗത്ത് വെച്ചു അടുത്ത ഓല എടുത്തു മെടയും.
കുറെ വാശിപിടിക്കുമ്പോൾ എനിക്കും ഒരു ചെറിയ ഓല അമ്മ തരും. ഞാനും സന്തോഷത്തോടെ അമ്മ ചെയ്തതുപോലെ ശ്രമിക്കും. സംശയം വരുമ്പോൾ വീണ്ടും അമ്മയോട് ചോദിക്കും. അമ്മ മെടയുന്ന ഓല നീക്കിയിട്ട് എന്നെ മടിയിലിരുത്തി കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മവെയ്ക്കും. മുടിയിഴകളിലൂടെ വിരലോടിക്കും. ഇടയിൽ അമ്മയുടെ കണ്ണിലൂടെ ഊർന്നുവീണ കണ്ണുനീർത്തുള്ളികൾ എന്റെ കവിളിൽ പതിക്കും.
"അമ്മ എന്തിനാ കരയണത്? "
"ഒന്നൂല്ല്യ മോനെ.. " എന്ന് പറയുമ്പോഴും എന്തിനാണ് അമ്മ കരഞ്ഞതെന്നറിയാതെ ഞാൻ ആലോചനയിലാവും.
"എന്താ ഇത്ര ആലോചന.... ? കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. "
സുനിതയുടെ പെട്ടെന്നുള്ള ശബ്ദം കാതുകളിൽ പതിച്ചപ്പോഴാണ്
ഞാൻ എന്റെ ഓർമ്മകളോടൊപ്പം സഞ്ചരിക്കുകയായിരുന്നു എന്നത് തിരിച്ചറിഞ്ഞത്.
"ഏയ്.. ഒന്നുമില്ല. ഞാൻ വെറുതെ ഓരോന്നൊക്കെ ആലോചിച്ചുപോയി."
"എനിക്കറിയാം, സുകുവേട്ടൻ ഇപ്പോൾ എന്താ ആലോചിച്ചതെന്ന്. ഈ വീടിന്റെ രണ്ടാമത്തെ നില വാർക്കുന്നതിനുപകരം ട്രെസ്സടിച്ചാമതിയായിരുന്നു എന്നല്ലേ? ഞാനും വിചാരിച്ചതാണ് അതു മതിതെന്ന്. പക്ഷേ മോന്റെ നിർബന്ധം.. അതു വേണ്ടാന്ന്. ഇനി വേണമെങ്കിൽ അതിന്റെ മുകളിൽ അടിക്കാമെന്ന്."
"അതൊന്നുമല്ലെടീ. അമ്മ അവിടെ ഒറ്റയ്ക്കല്ലേ. അമ്മയെ ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നു എന്നാ. "
"ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. സുകുവേട്ടന്റെ അമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നാൽ ആ നിമിഷം ഞാൻ എന്റെ വീട്ടിലേക്ക് പോകും. ഏതാ വേണ്ടതെന്ന് ചേട്ടൻതന്നെ തീരുമാനിച്ചോ."
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അല്ലെങ്കിലും അവളോട് എന്തു പറയുവാനാണ്? ഞങ്ങൾ രണ്ടുപേരും രണ്ടു വ്യത്യസ്ത ജീവിതപശ്ചാത്തലത്തിലൂടെ വളർന്നു വന്നതാണ്. അവൾക്കെന്നും ഞങ്ങളുടേത് കുഗ്രാമമാണ്. അവിടെയുള്ളവർ കൾച്ചർ ഇല്ലാത്തവരും. എന്റെ നോവുണർത്തുന്ന ഓർമ്മകളൊന്നും അവൾക്ക് അതുപോലെയായിരുന്നില്ല. ഞാനും എന്റെ ജോലിയും മാത്രമായിരുന്നു അവൾ ആഗ്രഹിച്ചത്. അതിനപ്പുറം ഒന്നിനേയും ഒരിക്കലും അവൾ സ്നേഹിച്ചില്ല. അംഗീകരിച്ചില്ല. ഇണങ്ങാത്ത കണ്ണികൾ വിളക്കിച്ചേർത്തതുപോലെ ഒരു ജീവിതം.
"സുകുവേട്ടാ നമുക്ക് സൂപ്പർ മാർക്കറ്റിലേക്ക് ഒന്നു പോകണം കേട്ടോ. വരുമ്പോൾ നമുക്ക് ആ 'തനിയെ നാടനി'ൽ കയറി ഫുഡ് കഴിക്കാം. "
അവളുടെ വാക്കുകൾ കേട്ട് ഞാനും ഒരു നെടുവീർപ്പിട്ടു. എന്നാൽ അപ്പോൾ എനിക്ക് അറിയാമായിരുന്നു എന്തിനാണ് ഞാൻ നെടുവീർപ്പിട്ടതെന്ന്. അകലെ ഇപ്പോഴും ഒരു ഓടുമേഞ്ഞവീട്ടിൽ എന്റെ വരവും കാത്തിരിക്കുന്ന അമ്മയെ ഓർത്തിട്ടായിരുന്നു...
***മണികണ്ഠൻ അണക്കത്തിൽ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot