നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഊർമിള - നിദ്ര


Part 1
പത്തുവർഷത്തിൽ കൂടുതലായി ഞാൻ കർക്കിടകമാസത്തിൽ രാമായണം വായിക്കാൻ തുടങ്ങിയിട്ട്.... എല്ലാ വർഷവു० എന്നെ നുള്ളി നോവിക്കുന്ന ഒരു കഥാപാത്രമാണ് ഊർമിള. കർക്കിടമാസ० കഴിഞ്ഞാലും അവളെ കുറിച്ച് ഓർത്തുകൊണ്ടിരിക്കു०, പിന്നെ മറക്കു०. രണ്ടു ദിവസമായി ഊർമിള എന്നെ വന്നു ശല്ല്യപ്പെടുത്തുന്നു..... അതാണ് കഥയക്കിയത്...
------------------------------------------------------
ഊർമിള നിദ്ര
കരഞ്ഞു വീർത്ത കണ്ണു०, ചുവന്നു തുടുത്ത നാസികയും, കണ്ണീർ നനവിൽ ഈറനായ കവിൾത്തടങ്ങളു०, ഊർമിളയുടെ സൗന്ദര്യത്തിന്റെ മാറ്റുരച്ചു. ഒഴുകി തീരാത്ത നീരുറവയുടെ ഗൽഗദത്തോടെ, അവൾ പറഞ്ഞതു തന്നെ, പിന്നെയു०, പിന്നെയും ആവർത്തിച്ചു ...
"ഞാനും കൂടെ വരു०"
പുറ०കൈ കൊണ്ട് അശ്രുകണങ്ങൾ കവിളത്തു നിന്ന് തുടച്ചുമാറ്റി,അഴിഞ്ഞുലഞ്ഞ കാർകൂന്തൽ മുകളിലേക്ക് അലസമായി എടുത്തു ചുറ്റികെട്ടി, ഊർമിള പദവിചിഹ്നം പോലെ ഭർത്താവിന്റെ മുന്നിൽ നിലകൊണ്ടു.
" വേണ്ട, വരണ്ട ... അത് ശരിയാവില്ല.. ഞാൻ ഏട്ടനെ അനുഗമിച്ച് കാനനത്തിൽ പോകുന്നതിനൊരു പ്രത്യേക കാരണമുണ്ട്. നീ കൂടെ വന്നാൽ എന്റെ സദുദ്ദേശ്യ० നടക്കില്ല. "
"എന്താണ് ഞാൻ അറിയാൻ പാടില്ലാത്ത അങ്ങയുടെ ഈ സദുദ്ദേശ്യ०?" ഊർമിളയുടെ ധാർഷ്ട്യതക്ക് കടുപ്പമേറി.
"നിന്നെപോലെ തന്നെ ഏടത്തിയമ്മയു० ശാഠ്യ० പിടിച്ച്, ഏട്ടന്റെ കുടെ അനുയാത്ര ചെയ്യുന്നു.
ഏട്ടനതിന് സമ്മത० മൂളുകയു० ചെയ്തു. രണ്ടു ദുര്‍ബ്ബലകളായ നാരീമണികളേയു०, കാടു०, വന്യമൃഗങ്ങളു०, കാട്ടുമനുഷ്യരു०... വയ്യ, അത് ബുദ്ധിമുട്ടാവു०. നിന്നെക്കൂടി കൊണ്ടുപോകാൻ സാധ്യമല്ല.."
"അങ്ങിനെയെങ്കിൽ നിങ്ങൾ എന്തിനു കൂടെ പോകണം? രാമേട്ടനോടു മാത്രമല്ലേ കൈകേകിയമ്മ വനവാസത്തിനു പോകുവാൻ നിർദ്ദേശിച്ചിട്ടുള്ളു ? സീതേടത്തിയു० പോകേണ്ട കാര്യമില്ലല്ലോ. "
"അതു ശരി തന്നെ, ജേഷ്ഠൻ മാത്രമേ പോകേണ്ടതുള്ളു. പക്ഷേ സീതേടത്തിക്കൂടി
സഹഗമിക്കുന്ന സ്ഥിതിക്ക്, ഏട്ടന് തനിയെ വനാന്തരീക്ഷ० കൈകാര്യം ചെയ്യുക അസാധ്യ०. ഞാൻ തീർത്തു പറയുന്നു, നീ വരണ്ടായെന്ന്.. "
അതു പറഞ്ഞ് ഉറച്ച കാൽവയ്പ്പുകളോടെ ലക്ഷമണൻ മുറിക്കു വെളിയിലേക്ക് കടന്നു.
അദ്ദേഹത്തിന് കോപ० വന്നു തുടങ്ങിയിരുന്നു..
ഊർമ്മിള കട്ടിലിൽ കമിഴ്ന്നു വീണു ഏങ്ങലടിച്ചു... തലയിണയിൽ നനവിന്റെ വല്ലരി പെട്ടന്ന് പടർന്നു കയറി.
വിധി - സീതേടത്തിയുടേയു० തന്റെയു० വിസ്‌മയജനകവു०,
ചുട്ടു പൊള്ളുന്നതുമായ യൗവ്വന०, യാഗാഗ്നിക്കു നെയ്യെന്ന പോലെ, ഹോമിക്കാൻ നിര്‍ബന്ധിതമാക്കുന്ന
പതിനാലു വർഷങ്ങൾ!!
ജനക മഹാരാജാവിന്റെ അരുമസന്തതികൾ..
സത്യത്തിൽ, രാജാവിന്റെയു०, സുനൈനയമ്മയുടെയു० സീമന്തപുത്രിയാണു താൻ. വർഷങ്ങൾ മുന്നേ, നായാട്ടിനു പോയ പിതാമഹൻ, ഉഴുതുമറിച്ച പാടത്തു നിന്നും കണ്ടെത്തിയതാണ് എന്റെ മൂത്തസഹോദരിയായ സീതയെ. മക്കളില്ലാതെ വിഷമിച്ചിരുന്ന അച്ഛനും, അമ്മയ്ക്കു० സീത അരുമായായി. പിന്നീട് നാലു വർഷത്തിനു ശേഷം അമ്മയുടെ ഉദരത്തിലെ ആദ്യകൺമണിയായ ഞാൻ പിറന്നു വീണത് രണ്ടാം സ്ഥാനക്കാരിയായിട്ട്. അതിൽ തെല്ലും സങ്കടമില്ല, കാരണ० സീത എന്നു० എനിക്ക് സ്നേഹമയിയായ മൂത്ത സഹോദരിയായിരുന്നു.
ഞാൻ സ്വയ०വര० ചെയ്തു കണ്ടെത്തിയതല്ല ലക്ഷ്മണനെ.. മറിച്ച് താതന് വാൽസല്യമേറു० വളർത്തുപുത്രിക്ക് ഭർത്താവിനെ കണ്ടെത്താനുള്ള ത്വരയിൽ,
ഏർപ്പാടാക്കിയ ത്രയമ്പക വില്ലു കുലച്ച വീരയോദ്ധാവിനെ സീതേച്ചി വേട്ടു. അദ്ദേഹത്തിന്റെ കൂട്ടത്തിൽ വന്ന അനിയൻ ലക്ഷമണന്, എന്നെയും കൈപിടിച്ചു കൊടുത്തു. ശ്രീരാമചന്ദ്രന് ഇനിയും രണ്ടു സഹോദരങ്ങൾ ബാക്കി എന്ന വിശ്വാമിത്ര മഹർഷിയുടെ വചനങ്ങളുടെ അർത്ഥമുൾകൊണ്ട് ഞങ്ങളുടെ പിതാമഹൻ സ്വന്തം അനിയനായ കുശദ്വജ രാജാവിന്റെയു०, ചന്ദ്രഭാഗ റാണിയുടെയു०
രണ്ടു പെൺമക്കളേയു० അവർക്കു കൈപിടിച്ചു കൊടുക്കാമെന്ന് സമ്മതം മൂളി.
അങ്ങിനെ മാണ്ഡവി ഭരതനു०, ശ്രുതകീർത്തി ശത്രുഘന്റെയു० ഭാര്യമാരായി.
സഹോദരിമാരെയെല്ലാ० സീതയോടൊപ്പ०, സഹോദരന്മാർക്ക് വേളികഴിപ്പിച്ചു കൊടുത്തപ്പോൾ, ആരും, ആരുടെയും അനുവാദം പോലും ചോദിച്ചില്ല അന്ന്. അതിലു० പരിഭവമില്ല... പക്ഷേ ഇത്....!
കരഞ്ഞു തളർന്ന് കുറച്ചൊന്നു മയങ്ങി.
അനന്തരം ഒരു ഉറച്ച തീരുമാനത്തിലെത്തി, ഊർമിള കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റു. സ്നാനം ചെയ്തു, മേനിയാകെ സുഗന്ധ ലേപനങ്ങൾ പുരട്ടി, സുഗന്ധിപൂക്കൾ ചൂടി, അതീവസുന്ദരിയായി അണിഞ്ഞൊരുങ്ങുവാൻ തുടങ്ങി. മാനത്ത് ചന്ദ്രനു മടങ്ങാൻ സമയമാകുന്നതേയുള്ളു..
വെണ്‍കളിമാടത്തിലൂടെ അമൃതകരന്‍ ആ നിസര്‍ഗ്ഗസുന്ദരിയുടെ ചമയങ്ങളു०, ലാവണ്യവു० ഇമചിമ്മാതെ നോക്കി നിന്നു.
ആദിത്യരശ്മികൾ ഭൂമിയെ പുണർന്നപ്പോൾ,
ധന്യ വസ്ത്രങ്ങൾ ഉപേക്ഷിച്ച്, വന്യചീരങ്ങൾ ധരിച്ച്, വൽക്കല० ചൂടി, ലക്ഷമണൻ അന്തപുരത്തിലെക്കെഴുന്നള്ളി.
സൗരഭ്യപൂരിതമായ മുറിയിൽ, പകിട്ടേറുന്ന വസ്ത്രങ്ങളും, വിലമതിച്ച ആഭരണങ്ങളും അണിഞ്ഞ്, ചമഞ്ഞൊരുങ്ങി നിൽക്കുന്ന ഊർമിളയെ കണ്ട് ലക്ഷമണൻ പ്രത്യക്ഷായൊന്നു ഞെട്ടി.
"ഹേ.. നാരീമണി, നീ ഇത്രയു० ദുഷ്ടയോ? നിന്നുടെ പ്രിയതമനു०, അതിലും പ്രിയമേറു० നിന്നുടെ സഹോദരിയും, പതിനാലു വർഷങ്ങൾ വനവാസത്തിനു പോകുന്നത് നിന്നിൽ സന്തോഷം ഉളവാക്കുന്നുവോ? അതോ നിന്നിലെ സാമാന്യമായ ചിന്തോദ്ദീപകത്തിന്റെ തിരികൾ കെട്ടണഞ്ഞു പോയോ..? "
തീക്ഷണ വാക്ക്ശരങ്ങൾ ഏറ്റിട്ടു० ഊർമിളയിൽ യാതൊരു കമ്പനവു० സൃഷ്ടിച്ചില്ല..
പുച്ഛത്തോടവൾ മൊഴിഞ്ഞു..
"വനവാസത്തിനു പോകുന്നത് നിങ്ങളല്ലേ! ഞാനല്ലല്ലോ..!മാറിടത്തിൽ കൈപത്തിയമർത്തി അവൾ വാചാലയായി.. ഈ ഊർമിളദേവി ഇപ്പോഴും ഈ രാജ്യത്തെ, ജനങ്ങൾ ആദരിക്കുന്ന, മൂന്നാം ഇളമുറ രാജകുമാരൻ ലക്ഷമണന്റെ പത്നിയാണ്. ഞാൻ എന്തിനീ രാജ്യസുഖങ്ങൾ വെടിയണ०. എന്റെ യൗവന० അതെല്ലാം ആസ്വദിക്കാൻ ഉള്ളതാണ്, അല്ലാതെ പരിത്യാഗത്തിനോ, ആഹുതിക്കോ ഉള്ളതല്ല. "
ഞെട്ടൽ മാറാതെ ലക്ഷമണൻ വാക്കുകൾ കടിച്ചുഞെരിച്ച്, വൈകാരിക ക്ഷോഭത്തോടെ ഉത്‌ക്രാശിച്ചു...
"എന്റെ പത്നിയിൽ നിന്നും ഇത് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഛെ.. , മ്ളേച്ഛ०.. കരയണമെന്നു ഞാൻ പറയില്ല.. പക്ഷെ പതിന്നാലു വർഷങ്ങൾ ഞാൻ പ്രാർത്ഥയോടെ കാത്തിരുന്നോളാ० എന്നൊരു വാക്ക് ഞാൻ പ്രതീക്ഷിച്ചു. "
ഇച്ഛാഭംഗത്തോടെയു०, അതിലേറെ വാശിയോടെയു० അവൾ
മുറുമുറുത്തു..
"എന്തിനു പ്രതീക്ഷ? നിങ്ങൾ നിങ്ങളുടെ സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കുന്നു... ഇത് എന്റെയു० ഇഷ്ട०.!"
ലക്ഷമണൻ നിഷേധാർത്ഥത്തിൽ തല കുടഞ്ഞ്, അവളുടെ മുന്നിൽ പുറം തിരിഞ്ഞു നിന്നു...
"നീയെന്റെ മനസ്സിൽ കൈകേകിയമ്മയെക്കാളു० നീചയായൊരു യുവതിയുടെ ഹീനചിത്ര० വരച്ചിട്ടിരിക്കുന്നു. ഇനി എനിക്കൊന്നും പറയാനില്ല. ഞങ്ങൾ മൂവരു० ഇറങ്ങുന്നു" എന്നു പറഞ്ഞ് ധൃതിയിൽ കോപത്തോടെ, അവളെ അവഗണിച്ച് അന്തപുരത്തിനു വെളിയിലേക്കിറങ്ങി.
ഊർമ്മിള അതുവരെ സ്വയം അണകെട്ടി നിർത്തിയിരുന്നു തന്റെ അസഹനീയമായ വികാരവിചാരങ്ങളെ വലിയൊരു പൊട്ടികരച്ചിലോടെ വെളിയിലേക്കൊഴുക്കിയിറക്കി... ആഢയാഭരണങ്ങൾ രൂഢശക്തിയോടെ വലിച്ചൂരി, നാലുപാടും കോപാവേശത്തോടെ വീശിയെറിഞ്ഞു... ചൂതാട്ടപലകയിൽ നിന്നും ഉന്ന०തെറ്റിയ പകിടകൾ പോലെ അവ അങ്ങിങ്ങ് ചിലമ്പിച്ച ശബ്ദത്തോടെ
ചിതറിവീണു...
ഇച്ഛാഭംഗംകൊണ്ട് തളർന്ന്, എണ്ണ വറ്റിയ വിളക്കിലെ തിരി പോലെ എരിഞ്ഞമർന്ന് ഊർമിള സപ്രമഞ്ച ശയ്യയിലേക്ക്
ഭാരഹീനയായി മറിഞ്ഞുവീണു.
-----------------------------------------
സൂര്യാസ്തമനത്തിനു ശേഷ०, തമസ്
ഘോരവനത്തിൽ ഇരുണ്ട കലവറ സൃഷ്ടിച്ചു. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലയിൽ, സ്വർഗ്ഗത്തിലെന്നപോലെ, രാമന്റെ മടിയിൽ തല ചായ്ച്ച് സീതാദേവി മയങ്ങികിടന്നു.
"ലക്ഷമണാ.. നീയെന്താ ഉറങ്ങാത്തെ? "
" ഏട്ടനെയു०, ഏടത്തിയമ്മയേയു० സംരക്ഷിക്കേണ്ടുന്ന കടമ ഞാൻ സ്വമനസ്സാൽ ഏറ്റെടുക്കുന്നു. പതിനാലു വർഷക്കാലത്തേക്ക് ഞാനിനിയുറങ്ങില്ല... എന്റെ ചിന്താമണ്ഡല० എപ്പോഴും, ഉണർന്ന്, ജാഗ്രയോടെയിരിക്കു०. നിങ്ങളുടെ രണ്ടുപേരുടെയും സംരക്ഷണ० ഇനിയീ അനുജന്റെ ചുമലിൽ.. ഈ ഉദ്ദേശത്തോടെയാണ് ഞാൻ അയോദ്ധ്യാപുരി വിട്ടിറങ്ങിയത്.. ഏട്ടൻ ഉറങ്ങികൊള്ളു. "
"എന്ത്..!
സഹോദരാ.. നീയീ പറഞ്ഞത് പ്രകൃതിക്ക് പ്രതികൂലമായി"
"സാരമില്ല ഏട്ടാ... ഇത് ലക്ഷമണ ശപഥ०".
ഇമകൾ പൂട്ടാതെ നിൽക്കുന്ന ലക്ഷമണന്റെ മുന്നിൽ നിദ്രാദേവി ഉറച്ചു നിലകൊണ്ടു.
"എന്തിനു വേണ്ടി നിങ്ങൾ എന്റെ മുന്നിൽ വന്നു നിൽക്കുന്നു? "
ലക്ഷമണൻ അസ്വസ്ഥനായി.
"പ്രകൃതിക്കു വിരുദ്ധമാണ് നിങ്ങൾ ചെയ്യുന്ന പ്രവൃത്തി. ഞാൻ അതൊരിക്കലും സമ്മതിക്കില്ല. "
ലക്ഷമണൻ പതിയെ ഗര്‍വിഷ്‌ഠ ഭാവത്തിൽ നിന്നും താഴേക്കിറങ്ങി. സൗമ്യതയോടെ നിദ്രാദേവിയെ വണങ്ങി.
"ദേവി, എനിക്ക് പതിനാലു വർഷങ്ങൾ ജേഷ്ഠസേവനത്തിനായി ഉറങ്ങാൻ കഴിയില്ല. അങ്ങിനെയൊരു ഉറച്ച തീരുമാനത്തിലാണ് ഞാൻ പത്നിയേയു०, കൊട്ടാരവു०, രാജ്യവും ഉപേക്ഷിച്ചു ഏട്ടന്റെ കൂടെ ഇറങ്ങിതിരിച്ചത്. ആ ശപഥം തെറ്റിയാൽ, എനിക്ക് മരണതുല്ല്യ०.. എന്താണിതിനൊരു പോംവഴി.? "
സ്വന്തം ജേഷ്ഠനോട് കാണിക്കുന്ന ആത്മാർത്ഥതയിൽ നിദ്ര ദേവിയൊന്നലിഞ്ഞു.
പിന്നെ കുറച്ചാലോചിച്ചിട്ടു മൊഴിഞ്ഞു...
"നീ പതിനാലു വർഷങ്ങൾ ഉറങ്ങാതിരിക്കുമ്പോൾ,
പ്രകൃതിക്ക് വിരുദ്ധമാവാതെ,
പകര० മറ്റൊരാൾ ആ ഉറക്കം ഏറ്റെടുക്കണ०. അങ്ങിനെയെങ്കിൽ നിന്റെ ഉദ്ദേശം നടപ്പിലാവു०, പക്ഷേ ആര്?! "
ലക്ഷമണൻ തെല്ലൊന്നാലോചിച്ചപ്പോൾ ഊർമിളയുടെ മുഖം മനസ്സിൽ തെളിഞ്ഞു.
"നിദ്രാദേവി... എന്റെ പത്നി, ഊർമിളാദേവിയോട് എനിക്കു വേണ്ടി ഉറങ്ങാൻ സമ്മതമാണോ എന്നു പോയി ചോദിക്കാമോ? "
"ശരി"
നിദ്രാദേവി മറഞ്ഞു.
------------------------------
കരഞ്ഞു തളർന്ന ഊർമിളക്കരുകിൽ, സമാധാന വാക്കുകളുമായി പ്രിയ തോഴി.
"എന്തിനാണ് ദേവി ലക്ഷമണ രാജകുമാരനോട് അങ്ങിനെയെല്ലാ० പെരുമാറിയത്? ആ പെരുമാറ്റത്തിനു० വിപരീതമായി, അപ്പോൾ തുടങ്ങിയ കരച്ചിലാണല്ലോ ഭവതി? "
ഉറ്റത്തോഴിയുടെ മുഖത്തേക്കു നോക്കി ഊർമിള ദുര്‍ബ്ബലചിത്തയായി
ഉരുവിട്ടു.
"വനവാസത്തിനു പോകുന്ന ആ രണ്ടു വീരയോദ്ധാക്കളെ കുറിച്ച് എനിക്ക് തെല്ലു० ആശങ്കയില്ല തോഴി. മറിച്ച് കൊട്ടാരസുഖങ്ങൾ മാത്രം അനുഭവിച്ചു വളർന്ന, എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവൾ.... എന്റെ സീതേടത്തി, അവർ കാനനത്തിൽ അനുഭവിക്കാൻ പോകുന്ന ദുരിതങ്ങളെകുറിച്ച് എനിക്കാകുലതയുണ്ട്.
സ്വാമി എന്നെ എന്തായാലു० കൂടെ കൂട്ടില്ലാന്നു മനസ്സിലായി. അപ്പോൾ പിന്നെ അദ്ദേഹത്തിന് അവരെ പൂർണ്ണചിത്തത്തോടെ സ०രക്ഷിക്കണമെങ്കിൽ, ആ മനസ്സിൽ, ഞങ്ങളുടെയിടയിൽ പൂത്തുലഞ്ഞ പ്രണയ० ഒരിക്കലും ഒരു പ്രതിബന്ധമാവരുത്... "
മടിയിലേക്കടർന്നു വീണ വ്യസനകരമായ ചൂടു ചീന്തുകൾ മെല്ലെ അവളുടെ പട്ടുവസ്‌ത്രങ്ങളെ ഈറനണിയിച്ചു കൊണ്ടിരുന്നു...
"എന്നെകുറിച്ച് ദുഷിച്ചു ചിന്തിക്കുമ്പോൾ, ആ മനസ്സിൽ ഞങ്ങളുടെ പ്രണയ० വാടികരിഞ്ഞു കൊണ്ടേയിരിക്കു०... അത് അദ്ദേഹത്തിന് സ്വന്തം കാര്യപ്രാപ്തിയെ ഏകാഗ്രമാക്കി ദൃഢതയോടെ മുന്നോട്ടു നയിക്കാൻ സഹായിക്കു०. എനിക്കെന്റെ ജേഷ്ഠത്തിക്ക് പൂർണ്ണമായു० സ०രക്ഷണ० ഉറപ്പുവരുത്താൻ അതുവഴി സാധ്യമാവു०.അവളൊന്നു ഏങ്ങി...
എന്റെ തോഴി... എനിക്കിപ്പോൾ ഏറ്റവും ആവശ്യ० നിദ്രയാണ്.. ഒന്നുമറിയാതെ, എന്റെ കുമാരനെ മാത്രം സ്വപ്ന० കണ്ട് ഒരു നീണ്ടയുറക്ക०.. പക്ഷേ എനിക്ക് കണ്ണൊന്ന് അടയ്ക്കാൻ പോലും കഴിയുന്നില്ലല്ലോ..! "
ആശാഭ०ഗത്തോടെ അവൾ നിഷ്ഫലമായി വിലപിച്ചു...
"ഞാനിവിടെയുണ്ട്.."
നിദ്രദേവിയുടെ മന്ത്രണ० നടുക്കത്തോടെയവൾ ശ്രവിച്ചു...
"ഞാൻ ലക്ഷമണന്റെ അടുക്കൽ നിന്നുമാണ് വരുന്നത്. നിന്റെയൊരു അഭിപ്രായമറിയാൻ."
വിവരങ്ങൾ സവിസ്‌തര०
നിദ്രാദേവി ഊർമിളയെ പറഞ്ഞു കേൾപ്പിച്ചു... കൂട്ടത്തിൽ
"ഞാൻ നിന്നോട് സ०ഭവിക്കാൻ പോകുന്നൊരു കഥകൂടി പറയാം, ശ്രദ്ധിച്ചു കേൾക്കു :
..........
...........
ദൃഢാസക്തിയോടെ കേട്ടിരുന്ന ഊർമിളയുടെ മനസ്സ് ഘനമില്ലാത്ത പൊൻതൂവലുകളായി ഉയരങ്ങൾ തേടി പറന്നു. തന്നെ തന്റെ പ്രിയതമൻ ഓർമ്മിച്ചല്ലോ!! തന്റെ സഹായ० ചോദിച്ചുവല്ലോ..!
ഒന്നു പുഞ്ചിരിച്ച്, സന്തോഷത്തോടെ ഊർമിള സമ്മതം മൂളി.
നിദ്രാദേവിയവളെ സ്നേഹപൂർവ്വ०, ഒരമ്മയുടെ വാൽസല്ല്യത്തോടെ, തഴുകി, മൂർദ്ദാവിൽ ചുബിച്ച് അനുഗ്രഹിച്ചു.
"നീ പതിനാലു വർഷങ്ങൾ തുടർച്ചയായി, ശാന്തമായി ഉറങ്ങട്ടേ.!"
മായാദീപ०പോലെ,
ഗാഢസുഷുപ്‌തിയിലലിഞ്ഞ അവളുടെ ചെഞ്ചൊടിയിണയിൽ മാസ്‌മരികമായൊരു
മന്ദസ്‌മിതം നിറഞ്ഞു നിന്നു.
(ഊർമിളയുടെ കഥ തുടരു०)
ജയശ്രീ മേനോൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot