Slider

ബോംബ്

0
Image may contain: 1 person, smiling, eyeglasses, outdoor and closeup
---------------
അരുണയോട് യാത്ര പറഞ്ഞ് പിരിയുമ്പോൾ ഏതോ ഒരു വിഷാദം അയാളെ പിടികൂടിയിരുന്നു. പിരിയുമ്പോൾ അവൾ ചോദിച്ചു, "ഇന്ന് നീയൊരു കഥയെഴുതണം. പതിവുള്ള പ്രേമകഥകൾ വേണ്ട".
"കഥയ്ക്കുള്ളതെല്ലാം നീയിന്നു തന്നിട്ടുണ്ടല്ലോ.", അയാൾ പറഞ്ഞു.
കാർ മെല്ലെ ഓടിച്ചു കവലയിലെത്തിയപ്പോൾ, ഒരു യുവാവും യുവതിയും കാർ നിർത്തുവാൻ കൈ കാണിച്ചു. കാർ നിർത്തിയപ്പോൾ യുവാവ് അടുത്തുവന്നു.
യുവാവ് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു, " ഞങ്ങളെ ഒന്ന് ടൗണിൽ വിടാമോ? ഇവിടെ നിന്നാൽ ഞങ്ങളുടെ ജീവൻ അപകടത്തിലാണ്. ഞങ്ങളുടെ പ്രണയം വീട്ടുകാർക്ക് സമ്മതമല്ല, ഒളിച്ചോടുകയാണ്. "
"കയറിക്കോ, ടൗണിൽ വിടാം.", അയാൾ പറഞ്ഞു.
അവർ നന്ദി പറഞ്ഞ് കാറിൻ്റെ പിൻസീറ്റിൽ കയറിയിരുന്നു. എത്രദൂരം പോയെന്നറിയില്ല. വഴി വിജനമായിരുന്നു. പെട്ടന്ന്, പിന്നിലിരുന്ന യുവാവ് ഒരു തോക്ക് അയാളുടെ തലയിൽ ചേർത്തു വച്ചു.
യുവാവ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, " മിണ്ടാതെ വണ്ടി നിർത്തി ഇറങ്ങിക്കോ? ഇല്ലെങ്കിൽ തല പൊട്ടിച്ചിതറും. ഞങ്ങൾക്കു രക്ഷപെടാൻ ഈ കാറ് വേണം. അനുസരിക്കുന്നതാണ് നല്ലത്."
ഒരുവേള ഞെട്ടിയെങ്കിലും, ഏതോ ധൈര്യം അയാളിൽ നിറഞ്ഞു.
"കൊന്നോളൂ, മരണത്തിൻ്റെ ആഘാതത്തിൽ എൻ്റെ കാല് ബ്രേക്കിൽ അമർന്നാൽ ഈ കാറും നമ്മളും ഒരായിരം കഷ്ണങ്ങളായി ചിന്നിച്ചിതറും. പിന്നെ നീയുണ്ടാവില്ല, നിൻ്റെ കാമുകിയും. കാറിൽ ബോംബ് വച്ചിട്ടുണ്ട്. ഞാൻ തന്നെ വച്ചതാണ്. ഞാൻ മരിക്കാനിറങ്ങിയതാണ്. അടുത്തമാസം എൻ്റെ കാമുകിയുടെ മോതിരം മാറ്റമാണ്. ഗൾഫിലാണ് വരൻ. അവളില്ലാതെ എനിക്കൊരു ജീവിതമില്ല. ഇതെൻ്റെ അവസാനത്തെ ദിവസമാണ്.", വളരെ ശാന്തമായിരുന്നു അയാളുടെ മൊഴികൾ.
യുവാവിൻ്റെയും യുവതിയുടെയും മുഖത്ത് ഭീതി പടരുന്നത് അയാൾ കണ്ടു.
അവർ ദയനീയമായി യാചിച്ചൂ, " ഞങ്ങളെ തുറന്നു വിടൂ, ഞങ്ങൾക്കു ജീവിക്കണം."
"എന്തിന്? ഇവൾക്കൊരു വസ്ത്രം വാങ്ങാനുള്ള പണം പോലും നിൻ്റെ കയ്യിലുണ്ടോ? എൻ്റെ പാഴ്ജന്മം ഇവിടെ തീരുമ്പോൾ, നിങ്ങളും കൂട്ടിനു വേണം. നിങ്ങളും വെറും പാഴ്ജന്മമാണല്ലോ?" അയാളുടെ ശബ്ദം അപ്പോഴും ശാന്തമായിരുന്നു.
അവർ ഉച്ചത്തിൽ കരയാൻ തുടങ്ങി.
അയാൾ പറഞ്ഞുകൊണ്ടേയിരുന്നു, " ഇനി എനിക്കൊന്നും ചെയ്യാനാവില്ല. കാറിൻ്റെ വാതിലുകൾ ഞാൻ പാസ്‍വേഡ് ഇട്ടു പൂട്ടിയിരിക്കുന്നു. തലയിൽ ഏതോ മരവിപ്പു പടരുന്നു. എനിക്കൊന്നും ഓർക്കാൻ കഴിയുന്നില്ല."
അവരുടെ കരച്ചിൽ പേടിച്ചരണ്ട തേങ്ങലായി. ഒരു നിമിഷം യുവാവ് വെടിയുതിർത്തു. അയാളുടെ തല പൊട്ടിച്ചിതറി.
പെട്ടന്നാണ് ഫോൺ ശബ്ദിച്ചത്. അയാൾ എഴുത്തിൻ്റെ മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. അരുണയാണ് വിളിച്ചത്.
" കഥയെവിടെ? എനിക്കിപ്പോൾ വായിക്കണം." അവൾ പറഞ്ഞു.
അയാൾ കടലാസിലേക്കു നോക്കി. എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചതെന്നോർത്ത് അയാളൊന്നു ഞെട്ടി. നിമിഷം ശാന്തനായി പറഞ്ഞു, "എഴുതിയത് ഫോട്ടോയിലാക്കി ഇപ്പോൾ വാട്സാപ്പിൽ തരാം."
എഴുതിയതു മൊബൈൽ ക്യാമെറയിൽ പകർത്തി അരുണയ്ക്കു അയച്ചുകൊടുത്തു.
രാവിലെ അരുണയുടെ ഫോൺവിളി കേട്ടാണ് അയാൾ ഉണർന്നത്. അവളുടെ ശബ്ദത്തിൽ ഭയമുണ്ടായിരുന്നു.
" ഞാൻ പേടിച്ചൂ. നീ രാവിലെ കാറെടുത്തിറങ്ങിയെന്ന്.", അവൾ പറഞ്ഞു.
"നീയെന്തിനാ പേടിക്കുന്നത്. കഥയെങ്ങിനെയുണ്ട്?" അയാൾ ചോദിച്ചൂ.
" നീയെങ്ങിനെയാണ് എൻ്റെ കല്യാണക്കാര്യം അറിഞ്ഞത്. അതും ഞാൻ പോലും അറിയുന്നതിനു മുൻപ്. " അവൾ ചോദിച്ചൂ.
അയാൾ ഒരു നിമിഷം പ്രതിമപോലെ നിന്നുപോയി.
"നിൻ്റെ കഥ വായിച്ചൂ. രസം തോന്നിയപ്പോൾ ചേട്ടനെ കാണിക്കാൻ ചെന്നതാണ് ഞാൻ. ചേട്ടൻ്റെ മുറിയിൽ എൻ്റെ കല്യാണക്കാര്യം ചർച്ചചെയ്യുകയായിരുന്നു. ഒപ്പം നിന്നെയില്ലാതാക്കാനും. നീ ജീവിച്ചിരുന്നാൽ അവരുടെ ഉദ്ദേശം നടക്കില്ലെന്നു അവർക്കറിയാം. സൂക്ഷിക്കണം. നിൻ്റെ കാറിൽ ബോംബ് വച്ചിട്ടുണ്ട്.
നഗരത്തിൻ്റെ നടുവിൽ നീയും നിൻ്റെ കാറും പൊട്ടിത്തെറിയ്ക്കാൻ. ഉടനെ പോലീസിൽ അറിയിക്ക്. ഞാൻ ഏതു കോടതിയിലും സത്യം പറയാം. എനിക്ക് നിന്നെ വേണം." അവളുടെ ശബ്ദം വളരെ പതിഞ്ഞതായിരുന്നു.
--------------------------------------------------------
--- സിരാജ് ശാരംഗപാണി
--------------------------------------------------------
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo