നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 8


പിറ്റേന്ന് ഓഫീസിലെത്തിയപ്പോൾ ശ്രീജ തന്റെ വിശേഷങ്ങൾ ലക്ഷ്മിയമ്മയോടു പറഞ്ഞു അവർക്കും സന്തോഷായി
"മോളേ... നിന്നേക്കുറിച്ച് സുധീഷിനോട് എല്ലാം പറഞ്ഞിട്ടുണ്ടോ നിന്റെ കുഞ്ഞേട്ടൻ"
"അറിയില്ല ലക്ഷ്മിയമ്മേ...ഞാനതെങ്ങനെ ചോദിക്കും അവരോട്?"
"ശരിയാണ് നിന്റെ വീട്ടുകാർ ആരോടും പറയില്ല ഇനി അതൊന്നും ചെകയാൻ നിക്കണ്ട ഏതായാലും ചെറുക്കനിഷ്ടപ്പെട്ടു. നിങ്ങക്കു രണ്ടാക്കും ഗെവർമെന്റ് ജോലീമൊണ്ട് പിന്നെയെന്നതാ കൊഴപ്പം എത്രയും പെട്ടന്ന് കല്യാണം നടത്തുക വാക്കിയെല്ലാം പിന്നെയല്ലേ "
ഒരാഴ്ച്ചകഴിഞ്ഞപ്പോൾ നാണുവേട്ടനും അളിയൻ കുമാരനും ഭാര്യ പാറുക്കുട്ടിയും ലക്ഷ്മിയേടത്തിയും നാലുമക്കളും, അടങ്ങുന്ന സംഘം തൃശലേരിയിൽ സുധീഷിന്റെ വീട്ടിൽ പോയി ശ്രീജയുടെ കല്യാണം ഉറപ്പിച്ചു.
" കാര്യങ്ങളൊക്കെ നല്ലതുപോലേ നടന്നു.ഇനിയല്പം കല്യാണക്കാര്യങ്ങളിലേക്കു കടക്കാല്ലേ?
ഞങ്ങളുടെ എളയമോളാണ് പൊന്നൂട്ടി കുടുമത്തിലെ അവസാന കല്യാണോം അപ്പോ അതിന്റെ രീതീലു വേണല്ലോ നടത്താൻ എന്താണ് കേശവേട്ടാ നിങ്ങള് പ്രതീക്ഷിക്കുന്നേ ഈ കൊടുക്കൽ വാങ്ങൽ.."
നാണുവേട്ടൻ സുധീഷിന്റെ അച്ഛനോടു ചോദിച്ചു.
"എന്ത് സ്ത്രീധനമോ... ഏയ് അതു വേണ്ട എന്റെ രണ്ടു പെണ്മക്കളെ കെട്ടിച്ചയച്ചപ്പോ അവരാരും സ്ത്രീധനായിട്ടൊന്നും എന്നോട് ചോതിച്ചില്ല പെണ്ണിനെ മാത്രേ ചോതിച്ചൊള്ളു. ഞാനെന്റെ പെണ്മക്കക്ക് എനിക്കിഷ്ടമൊള്ളത് കൊടുത്താ കെട്ടിച്ചുവിട്ടെത്. ഞാൻ കൊടുക്കാത്തോണ്ട് വാങ്ങണ്തും ശര്യല്ല... കല്യാണന്നുവെച്ചാല് മാനന്തവാടിച്ചന്തേപ്പോയി അറവു മാടിനെ വെലപേശി വാങ്ങുന്നതുപോലത്തെ കച്ചോടമല്ലല്ലോ..?എനിക്കിത്രയൊള്ളതോണ്ട് ഇത്രോങ്കിട്ടണന്നു പറഞ്ഞ് വാങ്ങുന്നോരൊണ്ട്
പെണ്മക്കളൊള്ള മാതപിതാക്കടെ ചങ്കില് തീകോരിയിട്ട് കണക്കു പറയുന്നോര് അങ്ങനെയൊള്ളോര്ടെ ഗണത്തില് ഈ കേശവൻ പെടില്ലാ.. ഞങ്ങക്കു നിങ്ങടെ മോളെ മതി അവനും അതാണ് താൽപ്പര്യം പുതിയ പിള്ളേരല്ലേ നാണുവേട്ടാ അവര് നമ്മടെ കാലത്തല്ലല്ലോ ജീവിക്കണത് സ്ത്രീധനം വാങ്ങിക്കെട്ടുന്നത് അവർക്കു കൊറച്ചല്ലേ? നിങ്ങള് നിങ്ങടെ മോക്ക് നിങ്ങക്കിഷ്ടമൊള്ളത് കൊടുത്തോ. ഇനി കൊടുത്തില്ലേലും പരാതിയില്ല പോരേ...?''
"ഞങ്ങള് ഞങ്ങടെ പെങ്ങക്ക് നൂറ്റൊന്നുപവൻ കൊടുക്കും ഇപ്പോ ഞങ്ങള് താമസിക്കുന്ന സ്ഥലോം പെരേം അവടെ പേരിലാ..പിന്നെ ചെറുക്കനെ ഞങ്ങടെ കൂടെ നിറുത്തണമെന്നാണ് ഞങ്ങടെ ആഗ്രഹം അതാണ് സ്ഥലോം പെരേം അവടെ പേരിലാക്കീത് "
ചന്ദ്രകുമാർ എല്ലാവരും കേൾക്കെ പറഞ്ഞു. അപ്പോൾ കേശവേട്ടൻ എതിർത്തു
"ഏയ് അതു ശരിയാവില്ല എനിക്ക് ആണായിട്ട് ഇവനൊരാളേയുള്ളൂ അപ്പോ നിങ്ങള് പറയുന്നത് നടക്കില്ല നിങ്ങളു പറഞ്ഞ സ്ഥലോം പെരേം ഞങ്ങക്കു വേണ്ട ഈ കാണുന്ന മൂന്നരയേക്കർ സ്ഥലം അവനൊണ്ട് ഇക്കാണുന്നതിനൊക്കെ അവകാശിയായി അവനൊരാളേയൊള്ളു..ഇനി ഭാര്യേടെ വീതം വേണ്ട അത് അവളേക്കൊണ്ട് തിരിച്ചെഴുതിക്കാലോ."
"നിങ്ങടെയൊക്കെ താല്പര്യം അതാണെങ്കിൽ അങ്ങനെയാകട്ടേ നല്ലൊരു മുഹൂർത്തം നോക്കി ചിങ്ങത്തിൽ നടത്താം പത്താമൊദയത്തിലാണെങ്കിൽ നന്നായിരിക്കും "
നാണുവേട്ടനും തന്റെ സമ്മതം അറിയിച്ചു.
"അല്ല നാണ്വേ ഇനിയൊരു കല്യാണം നമ്മടെ കുടുമത്തൊണ്ടാണെങ്കി കൊറഞ്ഞത് പത്തുപന്ത്രണ്ട് വർഷമെങ്കിലും കഴ്യും നന്ദന മോള് വെലുതാവണ്ടേ അതുവരെ നമ്മളൊക്കെ ബൂമിക്കുമേലെ ഒണ്ടാകുമെന്ന് ഒരൊറപ്പും പറയാമ്പറ്റൂലാ അതോണ്ട് നിശ്ചയം നമ്മക്ക് വീട്ടിലു വെച്ചു നടത്താം നാട്ടാരെമൊത്തം വിളിച്ചൊരൂണ് കൊടുത്തട്ടു വേണം നടത്താൻ എന്താ നിന്റെ അവിപ്രായം "
അളിയൻ കുമാരേട്ടൻ ചോദിച്ചു.
"എന്നാലതു തന്നെ അളിയൻ പറഞ്ഞപോലേ "
" അപ്പോൾ നിശ്ചയോം മോതിരമറ്റോം നമ്മക്ക് മേടം അവസാനം നടത്താം മഴ മാറീട്ട് കല്യാണോം "
"മേടം ഇരുപത്തെട്ട് തിങ്കളാഴ്ച്ച ഒരു നല്ല മുഹൂർത്തമൊണ്ട് അന്നാക്കാം നിശ്ചയം നമ്മക്കൊരുപാട് സമയോംങ്കിട്ടും "
സുധീഷിന്റെ അമ്മ ദേവകി ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറിലുള്ള പഞ്ചാഗം തപ്പിനോക്കി ദിവസം കണ്ടു പിടിച്ചു.
അത് ശ്രീജയുടെ വീട്ടുകാർക്കും സമ്മതമായിരുന്നു
അങ്ങനെ ശ്രീജയും സുധീഷുമായിട്ടുള്ള വിവാഹം ഉറപ്പിച്ചു.
മൂന്നു ദിവസത്തെ ലീവ് കഴിഞ്ഞ് ഓഫീസിലെത്തിയ ശ്രീജത തന്റെ സഹപ്രവർത്തകർ എല്ലാവരോടും പുതിയ വിശേഷങ്ങൾ പങ്കുവച്ചു.എല്ലാവരും അവൾക്ക് ആശംസകൾ നേർന്നു.അതിൽ ഏറ്റവും സന്തോഷിച്ചതും എന്നാൽ അതിലേറെ ദുഃഖിച്ചതും ലക്ഷ്മിയമ്മ ആയിരുന്നു തനിക്ക് രാഘവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരിക്കലും കഴിയില്ലെന്ന് അവർ ഉറപ്പിച്ചു.സ്വന്തം പെങ്ങൾക്ക് കൊടുത്ത വാക്കുപാലിക്കാൻ കഴിയാതെ മരിക്കാനാകും അയാളു വിധി.ദു:ഖങ്ങളെല്ലാം ഉള്ളിലൊതുക്കി പുതിയ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കണ്ണുനട്ടിരിക്കുന്ന ശ്രീജയെ അവളുടെ ഭൂതകാലത്തേക്കുറിച്ച് ഓർമ്മിപ്പിക്കുന്നത് ശരിയല്ലെന്ന് അവരുടെ മനസാക്ഷി പറഞ്ഞു. അങ്ങനെ ഒരു മാസം കടന്നുപോയി. അങ്ങനെയിരിക്കവേ ഒരു ദിവസം അവർ വീണ്ടും വന്നു ലക്ഷ്മിയമ്മയെ കാണാൻ.
ഉച്ചയൂണിന്റെ സമയമായിരുന്നു അപ്പോൾ.കല്യാണ നിശ്ചയത്തിന്റെ ഒരുക്കത്തിനായി പത്തു ദിവസത്തെ അവധി എടുത്തിരുന്നതിനാൽ ശ്രീജ അന്നവിടെ ഉണ്ടായിരുന്നില്ല. ഭക്ഷം കഴിച്ച് വീട്ടിലേക്ക് ഫോൺ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് എൻട്രൻസ് കൗണ്ടറിൽ നിന്നും അവരുടെ കൗണ്ടറിലേക്ക് വിസിറ്റർസ് ഉണ്ടെന്ന ഫോൺ വന്നത് ആരായിരിക്കും എന്ന ആലോചനയോടെ അവിടെ എത്തിയപ്പോൾ രാഘവനും ഗോമതിയും.കഴിഞ്ഞ തവണ കണ്ടതിനേക്കാൾ ക്ഷീണിച്ചിരുന്നു രണ്ടു പേരും. മരുന്നുകളുടെ ഉപയോഗം നിമിത്തം രാഘവന്റെ നെറ്റിയിലും മുഖത്തും വന്ന കറുത്തു കരുവാളിച്ച പാടുകൾ കണ്ടപ്പോൾ സഹതാപം തോന്നി എന്തു പറഞ്ഞാണ് താനിവരെ ആശ്വസിപ്പിക്കുക തന്റെ ആഗ്രഹം നടക്കില്ലെന്നറിയുമ്പോൾ ആ വിഷമം താങ്ങാൻ കഴിയുമോ ഈ ദുർബല ശരീരത്തിന് ലക്ഷ്മിയമ്മ ധർമ്മസങ്കടത്തിലായി.
"നമസ്ക്കാരം സാറേ.. "
ലക്ഷ്മിയമ്മയെ കണ്ടപ്പോൾ അവർ എഴുന്നേറ്റ് കൈകൂപ്പിനമസ്ക്കാരം പറഞ്ഞു.
"നമസ്ക്കാരം.. നിങ്ങളെപ്പോ വന്നു? ഞാൻ നേരത്തേ പറഞ്ഞിരുന്നതല്ലേ ഓഫീസിലേക്ക് വരണ്ടാന്ന് ."
" ഷെമിക്കണം സാറേ ഒന്നര മാസം കഴിഞ്ഞിട്ടും സാറിന്റെ ഫോണൊന്നും വന്നില്ലല്ലോ ഒരുപാട് ജോലിത്തെരക്കൊള്ളതല്ലേ അതിനെടേല് ഇക്കാര്യം മറന്നു കാണുമെന്നോർത്തു. പിന്നെയൊന്നും വിജാരിച്ചില്ല ഇങ്ങോട്ടു പോന്നു ആവിശക്കാരന് ഔചിത്യം പാടില്ലല്ലോ ഇനി കൂടിപ്പോയാൽ ഒന്നരയല്ലെങ്കിൽ രണ്ടുമാസം അത്രേം മുന്നോട്ടു പോയാൽ ഭാഗ്യം അതിനു മുമ്പെങ്കിലും.."
പറഞ്ഞത് മുഴുവനാക്കാതെ രാഘവൻ നിറുത്തി.
" നോക്കൂ രാഘവാ..ഞാനും വിജാരിച്ചത് കാര്യങ്ങൾ നടക്കുമെന്നു തന്ന്യാണ് അതിന്റെ അടുത്തെത്തുകേം ചെയ്തു പക്ഷേ കാര്യങ്ങളെല്ലാം കൈവിട്ടു പോയി ഇനി ഇക്കാര്യം നടക്കുമെന്നു തോന്നുന്നില്ല."
ലക്ഷ്മിയമ്മ അതു പറഞ്ഞതും ഗോമതി ചോദിച്ചു.
"എന്നാ പറ്റ്യേ സാറേ അവളോടെല്ലാം പറഞ്ഞോ? അവളെല്ലാം അറിഞ്ഞോ?"
"അവക്കറിയാം അവളാരാണെന്ന് ചെറുപ്പം മൊതല് ഓരോന്നും കേട്ടുകേട്ടല്ലേ വളരുന്നേ.? പോരാത്തതിന് നമ്മടെയീ ചീഞ്ഞസമൂഹോം അപ്പോ എത്ര മൂടി വവെച്ചാലും ചെലര് ചെകഞ്ഞോണ്ടിരിക്കൂലോ കുഞ്ഞായിരുന്നപ്പോൾ കേട്ടതൊന്നും വെലുതാകുമ്പോ ആരും മറക്കില്ലല്ലോ...?"
"എന്താ സാറേ അവക്കെല്ലാം അറിയാമെങ്കിൽ അവള് തെരക്കില്ലേ എന്റെ അച്ഛനും അമ്മേം ആരാണെന്ന്?"
രാഘവൻ ചോദിച്ചു.
" അവള് തെരക്കീലാ അതിന്റൊവശ്യം അവക്കു വന്നിട്ടില്ല അത്രയ്ക്കും കാര്യായിട്ടല്ലേ അവര് അവളെ വളർത്തണത്. പിന്നെ എനിക്ക് അവളേക്കുറിച്ചറിയാമെന്ന് പറഞ്ഞപ്പോൾ അവൾ ചോദിച്ചത് ആരു പറഞ്ഞിട്ടാണ് ഞാനറിഞ്ഞതെന്നാണ് ഇഷ്ടമൊണ്ടെങ്കിൽ പറയാനും പറഞ്ഞു. പറഞ്ഞില്ലെങ്കിലും കൊഴപ്പമില്ലെന്നും ഇത്രയും നാളും എങ്ങനെയാണ് അവളു ജീവിച്ചത് ഇനിയങ്ങനെ തന്നെ മുന്നോട്ടും ജീവിക്കൂന്നാ പറഞ്ഞേ. പിന്നെ അവടെ കല്യാണ നിശ്ചയോം മോതിരം മാറലും ഈ വരുന്ന മേടം ഇരുപത്തെട്ടിനാ ചിങ്ങത്തില് കെട്ടും നടത്തും നൂറ്റൊന്നു പവനാ അവര് അവക്കു കൊടുക്കുന്നേ അപ്പോ ഈ സമയത്ത് നിങ്ങടെ ബെന്ധോം സൊന്തോം പറഞ്ഞ് അവടെ ചെന്നാൽ അത് മതി ചെലപ്പോ അതിന്റെ കല്യാണം മൊടങ്ങാൻ അതിനേക്കാൾ നല്ലത് ഇതിവിടെ വെച്ച് നിറുത്തണതല്ലേ?"
"കല്യാണോ.. എവിടുന്നാ സാറേ ചെറ്ക്കൻ ജോലിക്കാരനാണോ?എന്നാ പേര്?"
ശ്രീജയ്ക്ക് കല്യാണമാണെന്നറിഞ്ഞപ്പോൾ അവർക്കു സന്തേഷമായി
"ചെറുക്കൻ മാനന്തവാടീല് ജലസേജന വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീറാ. ഒരു മോനാ ത്രിശലേരിയിലാണ് വീട് സുധീഷെന്നാ പേര്
അപ്പോ ഞാമ്പറയുന്നത് നിങ്ങളിനി അവളെ കാണനോ പഴമ്പുരാണം പറയാനോ നിക്കണ്ട ചെലപ്പോ ആ നാണുവേട്ടനും കുടുമോം അവരോടൊന്നും പറഞ്ഞിട്ടൊണ്ടാകൂല തന്റെ മോന്റെ ഭാര്യയാകാൻ പോകുന്ന പെങ്കൊച്ച് പെഴച്ചുപെറ്റൊണ്ടായതാണെന്ന് അവരെങ്ങാനുമറിഞ്ഞാൽ അവരീ കല്യാണം വേണ്ടാന്നു വെക്കുലേ..? മാത്രമല്ല ഞങ്ങളോടീച്ചതി വേണ്ടാരുന്നെന്നു അവരാനാണുവേട്ടന്റെ മൊകത്തു നോക്കി ചോദിച്ചാൽ ഇത്രയും കാലം സ്വന്തം മക്കളേക്കാൾ അവളെ സ്നേഹിച്ചു വളർത്തിയ അവരുടെ ത്യാഗം വെറുതെയാവില്ലേ? അതുമ്പോട്ടേ ഇനി അവരു സമ്മതിച്ചാലും കെട്ടാമ്പോകുന്ന ചെറുക്കനതറിഞ്ഞാലോ? തന്തയില്ലാതൊണ്ടായ പെണ്ണിനെക്കെട്ടേണ്ട ഗതികേട് തനിക്കില്ലെന്നുമ്പറഞ്ഞ് ആ പെണ്ണിനെ വേണ്ടന്നു വച്ചാലോ.? ഈ നാട്ടില് ഗെവർമെന്റുദ്യോഗസ്ഥർക്കാണോ പെണ്ണുകിട്ടാൻ പാട്. നല്ലാെന്നാന്തരം തറവാട്ടിപ്പെറന്ന ഒന്നല്ല നൂറെണ്ണങ്കിട്ടും. അറിയാലോ നിങ്ങക്ക് അതോണ്ട് ആ പെങ്കൊകൊച്ചിന്റെ ജീവിതം തകർക്കാണ്ട് നിങ്ങളുപോ.. അത് ഇനിയൊള്ളകാലമെങ്കിലും മനസമാതാനത്തോടെ ജീവിക്കട്ടേ ആ കൊച്ചിനോട് അല്പമെങ്കിലും സ്നേഹാേണ്ടെങ്കിൽ
ഇനി മേലാൽ എന്നെ അനോഷിച്ചിങ്ങോട്ടു വരണ്ട.."
" ഇല്ല സാറേ ഞങ്ങളു കാരണം ആ കൊച്ചിനൊരു ബുദ്ധിമുട്ടുമൊണ്ടാകില്ല പണ്ട് ഞങ്ങളൊരു തെറ്റു ചെയ്തുപോയി ഞങ്ങടെ സ്ഥാനത്ത് നിങ്ങളാണെങ്കിലും അങ്ങനെ ചെയ്തേനെ എന്നാ പറയാനാ ഞാൻ മരിക്കുന്നതിനു മുമ്പ് എന്റെ അനിയത്തിക്ക് അവടെ മകളെയൊന്നു കാണിച്ചു കൊടുക്കാമെന്നു വാക്കു കൊടുത്തുപോയി അതുകൊണ്ടാ അവളിന്നും ജീവിച്ചിരിക്കുന്നേ ഇനി അവൾക്കതിന് വിധിയില്ലെന്നു കരുതി സമാധാനിക്കാനല്ലേ കഴ്യൂ ഓരോ ദെവസോം നേരം വെളുക്കുമ്പോൾ ചോദിക്കും മോളെ കാണാൻ ഞാനും വരട്ടേേന്ന് എന്നും ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറും ഇപ്പോൾ അവക്കും മനസ്സിലായി ഞാനതികം കാലം ജീവിക്കില്ലാന്ന് ഇപ്പോൾ അതും പറഞ്ഞാണ് നൊരോളി"
"ഞാൻ പറഞ്ഞത് നിങ്ങളെ വെഷമിപ്പിക്കാനല്ല രാഘവാ, നിങ്ങള് ജീവിതത്തിന്റെ അവസാന ഘട്ടത്തിലാ പക്ഷേ ആ പെങ്കൊച്ചിന്റെ കാര്യം അങ്ങനാണോ. ജീവിതത്തിന്റെ തൊടക്കത്തിലല്ലേ..? എന്തെങ്കിലും പാകപ്പെഴസംഭവിച്ച് കല്യാണം മൊടങ്ങിയാപ്പിന്നെ അതിനേക്കൊണ്ട് ആ വെഷമം താങ്ങാൻ കഴ്യാതെ അതു വല്ല കടുങ്കൈയെങ്ങാനും ചെയ്തുപോയാലോ? അതോർത്തൊള്ള ഭയമാണെനിക്ക് അതു കൊണ്ട് പറഞ്ഞതാ. എങ്കിലും ഇക്കാര്യത്തിൽ ഇനി എനിക്കൊന്നും ചെയ്യാനില്ല നിങ്ങള് വേറെ വഴിക്കൊന്നു ശ്രമിച്ചു നോക്കൂ. അതിന്റെ ആങ്ങളമാര് പുല്പള്ളീലും കാട്ടിക്കൊളത്തെക്കെയൊണ്ടല്ലോ ആരുമറിയാതെ അവരെയൊക്കെ പോയിക്കണ്ട് കാര്യം പറ ചെലപ്പോ നടക്കാതിരിക്കില്ല ഏതായാലും മനുഷ്യത്തമൊള്ളോരാ ആ പിള്ളേര് "
"ശരി സാറെ ഞങ്ങള് പോക്വാ ഞങ്ങളോട് കാട്ടിയ സ്നേഹത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല നിങ്ങടെ ഫോൺ നമ്പറൊന്നു തന്നേര് അതവാ ഞാൻ മരിച്ച കാര്യം ഒന്നു വിളിച്ചറിയിക്കാന അതെങ്കിലും അവളെ അറിയിക്കണം അവളെ വലിച്ചെറിഞ്ഞവൻ മരിച്ചു പോയെന്ന് പറയണം അവർക്കന്ന് വേറൊരു നിവൃത്തിയില്ലാത്തോണ്ടാണ് അന്നങ്ങനെ ചെയ്തതെന്നും പട്ടാണിക്കുപ്പുവരേ പോയിട്ട് തിരിച്ചു വന്നിരുന്നുവെന്നും അത് അവളെ എടുത്തുകൊണ്ടു പോകാനായിരുന്നെന്നും അപ്പോഴേക്കും അവളെ നാണുവേട്ടൻ കൊണ്ടുപോയെന്നും ജീവിച്ചിരുന്നപ്പോൾ അതോർത്ത് ഒരുപാടു സങ്കടപ്പെട്ടെന്നും അവളുടെ ഓരോ വളർച്ചയിലും വന്നു കാണാറുണ്ടായിരുന്നെന്നും അവടെയമ്മ ഇപ്പഴും ജീവിച്ചിരിക്കുന്നുവെന്നും പറയണം.. ഗതി കിട്ടാതെ മരിക്കുന്നവന്റെ അന്ത്യാഭിലാഷമാണെന്നു കരുതിയെങ്കിലും അവളോടിതു പറയണം പറയില്ലേ..?"
“തീർച്ചയായും പറയാം രാഘവ പിന്നെ നിന്നെ കാണാൻ ഞാൻ വരും എന്റെ ഇത്രയും കാല സർവ്വീസിനിടയിൽ ഒത്തിരിയാൾക്കാരെ കണ്ടിട്ടൊണ്ട് അവരെല്ലാം സർക്കാരാഫീസിൽ വരുന്നത് സർക്കാരിൽ നിന്നും അവർക്കു ലഭിക്കേണ്ട ഓരോ ആനുകൂല്യം വാങ്ങാനും വാങ്ങുന്നതിനൊള്ള അപേക്ഷകൾ കൊടുക്കാനുമാണ്‌. പക്ഷേ നിങ്ങള് വന്നത് സ്വന്തം പെങ്ങടെ മോളെക്കാണാനും അവളേക്കൊണ്ട് പെങ്ങളെ അമ്മേന്നു വിളിക്കുന്നതു കേക്കാനും ഇതെന്റെ ജീവിതത്തിൽ ആദ്യാണ് ഒരിക്കലും മറക്കില്ല എന്റെ സഹോദരനായിക്കണ്ട് ഒരു സഹോദരി ചെയ്യേണ്ട കടമ അവിടെ വന്നു ഞാൻ ചെയ്യും നിനക്കു തന്ന വാക്കുപാലിക്കാൻ കഴിയാത്തതിൽ ദു:ഖമൊണ്ട് പക്ഷേ ഒരു പെങ്കൊച്ചിന്റെ ഭാവിയേക്കരുതി അത് ചെയ്യുന്നില്ല അവടെ പ്രായത്തിൽ എനിക്കും ഒരു മകളൊണ്ട് അതോണ്ടാ ഒരമ്മയ്ക്കേ തന്റെ പെമ്മക്കടെ ദു:ഖം മനസ്സിലാക്കാമ്പറ്റൂ “
ലക്ഷ്മിയമ്മ തന്റെ ഫോൺ നമ്പർ എഴുതി ഗോമതിക്കു കൊടുത്തു. അവർ അതു വാങ്ങി കൈയ്യിൽ പിടിച്ചു കൊണ്ട് താലൂക്കാഫീസിന്റെ ഗേറ്റും കടന്ന് പുറത്തെ ജനത്തിരക്കിൽ മറയുന്നതുകണ്ടു നില്ക്കുമ്പോൾ അവരുടെ മനസ്സും വിങ്ങുന്നുണ്ടായിരുന്നു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot