നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുലരിത്തൂമഞ്ഞുതുള്ളി.

The Leaves, Plants, Hwalyeob, Nature, Green, Abstract
ശ്രീജാ എഴുന്നേൽക്കെടാ
മഞ്ഞു പോലെ വെളുവെളുത്തൊരപ്പുപ്പൻതാടി ഇളം മഞ്ഞിലൂടെ തെന്നിതെന്നി പറന്നു നീങ്ങുന്നു. ബാലാർക്കൻ്റെ സുവർണ്ണരശ്മികൾ പതിച്ച നേരം അവയിൽ നിന്ന് മഴവില്ലിൻ്റെ ഏഴു നിറങ്ങൾ
അടർന്നുവീണു. ഒരു വിരൽപാടിൻ്റെ ദൂരത്ത്, ഒരു വിളിപ്പാടകലെ എന്നിട്ടും തൊടാനാവുന്നില്ല.
ഒരു നിമിഷം ഒന്നു നിൽക്കൂ, ഞാനിതാ തൊട്ടടുത്തെത്തി.
പുലരിത്തൂമഞ്ഞുതുള്ളിയിൽ, പുഞ്ചിരിയിട്ടു പ്രപഞ്ചം, ഭാരം താങ്ങാനാവാതെ നീർമണി വീണുടഞ്ഞു.
അമ്മാവൻ്റെ ടേപ്പ് റിക്കോർഡറിൽ നിന്ന് പുലർകാലത്ത് ഒഴുകി വന്ന സുന്ദരമായ ഗാനാലാപം കേട്ട് സ്വപ്നവും കണ്ട് മൂടിപ്പുതച്ചിത്തിരി നേരം കൂടെ ഉറങ്ങാമെന്നൊന്നു കരുതിയതേയുള്ളു.
ശ്രീജാ എഴുന്നേറ്റ് പാലു മേടിച്ചോണ്ട് വാ മോനേ, അമ്മാവന് എട്ടുമണി ആകുമ്പോൾ പോകേണ്ടതല്ലേ.
ശ്രീജാ എന്നുള്ള പേരിട്ട താരാണാവോ? ഏതായാലും കൊടും ചതിയായിപ്പോയി, ശ്രീക്കുട്ടാ എന്ന് വിളിയ്ക്കാൻ പറഞ്ഞാലീ അമ്മുമ്മ കേൾക്കില്ല. സാധാരണ അമ്മുമ്മയെ കൊണ്ട് സ്നേഹത്തോടെ അഞ്ചാറു പ്രാവശ്യം വിളിപ്പിച്ചതിനു ശേഷം, മുത്തച്ഛൻ്റെ രണ്ടലർച്ചയോടെയുള്ള വിളിയാണ് എന്നും അത്ര ഇഷ്ടത്തോടല്ലാത്ത തൻ്റെ ഉറക്കെഴുന്നേൽപ്പ്, അങ്ങിനെ ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേൽപ്പിക്കലാണ് മുത്തച്ചൻ്റെ പതിവ്. പക്ഷെ ഇന്ന് പതിവിനു വിപരീതമായി ആദ്യ വിളിയ്ക്ക് എഴുന്നേറ്റത് കണ്ടപ്പോൾ അമ്മുമ്മയ്ക്ക് തന്നേ അതൊരത്ഭുതമായി.
അമ്മുമ്മയുടെ വിളിയോടെ പൊട്ടിത്തീർന്ന സ്വപ്നത്തിൻ്റെ പൊട്ടും പൊടിയും തൂത്തെറിഞ്ഞ് പതിവിൽ കവിഞ്ഞ ചടുലമായ വേഗത്തിൽ ചാടിയെഴുന്നേറ്റ് പുറത്തേയ്ക്ക് ഓടിയിറങ്ങി കിഴക്കുവശത്തെ വേലിയിലെ ശീമക്കൊന്നപ്പത്തലിൽ പിടിച്ചു നിന്നു കൊണ്ട് പ്രഭാത സൂര്യനെ കണികണ്ട് പ്രഭാതകൃത്യങ്ങളുടെ തുടക്കം കുറിച്ചു.
അല്പം മാറിയിരുന്ന്
ഓലമടൽ കീറിക്കൊണ്ടിരുന്ന മുത്തച്ചൻ്റെ ശ്രദ്ധ തൻ്റെ പുറകെയാണ് എന്നറിഞ്ഞത്, തൊടുപുറകെ കേട്ട ചോദ്യത്തിൽ നിന്നാണ്.
എടാ ആ വാഴയുടെ ചുവട്ടിലേയ്ക്ക് മാറി നിന്നാണ്
എന്നുമീ പ്രവൃത്തിയെങ്കിൽ മുരടിച്ചു നിൽക്കുന്ന
വാഴ എന്നേ കുലച്ചേനേ.
എന്നാൽ വാഴയീ ശീമക്കൊന്ന നിൽക്കുന്നിടത്തേയ്ക്ക് പറിച്ചു മാറ്റിവയ്ക്ക് മുത്തച്ഛാ എന്നൊന്നും തറുതല പറയാൻ പോയില്ല, എന്തിനു വെറുതെ മുത്തച്ഛൻ്റെ കൈയ്യിലിരിക്കുന്ന മാന്താംപൊളി കൊണ്ട് തൻ്റെ മുതുകിൽ ഭരതനാട്യം നടത്തിക്കുന്നത്. മുത്തച്ചനാണത്രേ മുത്തച്ഛൻ. ഇന്നാണെങ്കിൽ നേരത്തെ പാലിന് പോയിട്ട് കാര്യവുമുണ്ട്. അല്ലെങ്കിൽ എന്നത്തേയും പോലെ എത്ര തല്ലു വാങ്ങിക്കൂട്ടിയേനേ എന്നിട്ട് പറഞ്ഞേനേ, എൻ്റെ മുത്തച്ഛാ ചന്ദനമുട്ടി കൊണ്ട് തല്ലിയാലും ങ്ങേ ഹേ ഞാൻ നന്നാകില്ല.
അമ്മിക്കല്ലിൻ്റ അടുത്ത് കയറിൽ തൂക്കിയിട്ടിരിക്കുന്ന കലത്തിൽ നിന്ന് ഇച്ചിരി ഉമിക്കരിയുമെടുത്ത്, മുത്തച്ചൻ കീറി ഇട്ടിരിക്കുന്ന ഓലയിൽ നിന്ന് ഒരീർക്കിലും ഓടിച്ചെടുത്ത് പല്ലുതേപ്പ് മഹോത്സവം നടത്തി, കിണറ്റിൻ കരയിൽ ചെന്ന്
ഒരു തൊട്ടി വെള്ളം കോരി വായും മുഖവും കഴുകി വന്നപ്പോൾ അമ്മുമ്മ കട്ടൻചായ ആറ്റി കൈയ്യിൽ തന്നതും ഒറ്റ വലിയ്ക്ക് കുടിച്ച് കഴിഞ്ഞ് അകത്തുചെന്ന് ഷർട്ടുമിട്ട് പാലു വാങ്ങാനുള്ള തൂക്കുപ്പാത്രവും എടുത്ത് യാത്ര തുടർന്നു.
ഇന്ന് എന്താണാവോ നല്ല കുട്ടിയാകാൻ തീരുമാനിച്ചോ, പതിവു കുരുത്തകേടുകളൊന്നും കാണുന്നില്ലല്ലോ, അമ്മുമ്മ പിന്നെയും എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു മുന്നോട്ടുള്ള യാത്രയിൽ അതിനൊന്നും മറുപടി പറയാനുള്ള നേരമില്ലായിരുന്നു.
ചെറിയ ഇടവഴി കേറി ചെന്നത് പൂഴിറോഡിലേക്കാണ്, പൂഴിറോഡ് എന്ന പേരുമാത്രമേയുള്ളു. പണ്ടെന്നോ ഇട്ട പൂഴിയെല്ലാം മഴയത്ത് ഒലിച്ചുപോയിട്ടൊടുവിൽ ഉയർന്നു നിൽക്കുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞപ്പാതയിലൂടെ കുറച്ച് മുന്നോട്ടു നടന്നു ചെന്നപ്പോൾ കിഴക്കോട്ടു കിടക്കുന്ന മറ്റൊരിടവഴി, ആ വഴിയ്ക്കു മുന്നിൽ ഒരു മാത്ര ആരെയോ കാത്തു നിന്നു.
ഇന്നലെ രാവിലെ ഇവിടെ എത്തിയ നേരമാണ് ഇടവഴിയിലൂടെ മഞ്ഞു പോലൊരു പെൺക്കുട്ടി ഓടി വന്ന് തന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചത്. അവളുടെ നെഞ്ചിടിപ്പിൻ്റെ ശബ്ദം ഇപ്പോഴും തൻ്റെ ചെവിയിൽ മുഴങ്ങുന്നു. അവളെ പിന്തുടർന്നു വന്നൊരു നായയെ താൻ കൈയ്യിലിരുന്ന പാൽപ്പാത്രം കൊണ്ട് വീശിയടിച്ചിട്ടും തരിമ്പും പേടിക്കാതെ മുരണ്ടു കൊണ്ട് മുന്നോട്ടു കുതിയ്ക്കുന്ന നായയെ കണ്ട് താനുമല്പം ഭയപ്പെട്ടു. എങ്കിലും ആ കുട്ടിയെ ഒരു വശത്തേക്ക് തള്ളിമാറ്റി പാൽപ്പാത്രം ഇടത്തേ കൈയ്യിലേക്ക് മാറ്റി പെട്ടെന്ന് കുനിഞ്ഞ് തപ്പിക്കിട്ടിയ മുഴുത്ത കല്ലെടുത്ത് നായയുടെ നെറുകംതല നോക്കി ആഞ്ഞെറിഞ്ഞതും, ഏറുകൊണ്ട നായ എങ്ങോട്ടെന്നില്ലാതെ കരഞ്ഞോണ്ട് ഓടി മറഞ്ഞതുമെല്ലാം നിമിഷാർദ്ദങ്ങളുടെ ഇടവേളകളിൽ നടന്നു തീർന്നു. അപ്പോഴും പൂക്കുല പോലെ വിറച്ചു നിൽക്കുന്ന പെൺക്കുട്ടിയുടെ കൈയ്യിൽ പിടിച്ച് പേടിക്കേണ്ട എന്നു പറഞ്ഞപ്പോൾ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ അതെന്നെ കടിച്ചുകീറിയേനേ എന്ന് ഭീതിതമായ ശബ്ദത്തിൽ പറഞ്ഞത് ഇപ്പോഴുമുള്ളിൽ മുഴങ്ങുന്നു. അതെന്നേ രണ്ടു മൂന്ന് പ്രാവശ്യം കടിയ്ക്കാൻ നോക്കിയെങ്കിലും ഒരു വട്ടം അതിൻ്റെ പല്ലുകൾ കാലിൽ ചെറുതായി കൊണ്ടു എന്നു തോന്നുന്നു.
എന്നിട്ട് കാലിൽ വേദനയുണ്ടോ, പൊട്ടിയോ?
ഇല്ല, ചെറുതായി തൊലി പോയതേയുള്ളു.
അതിരിക്കട്ടെ എന്താ കുട്ടിയുടെ പേര്,
നീരജ
ഇത്ര രാവിലെ എങ്ങോട്ടു പോകുന്നു.
ഞാൻ ഖദീശിത്തയുടെ വീട്ടിൽ പാലിനു പോകുകയാണ്.
അതു കൊള്ളാല്ലോ ഞാനും പാലു വാങ്ങാൻ പോകുന്നത്
ഖദീശിത്തയുടെ വീട്ടിലാണ്.
അപ്പോൾ ഇനി നമുക്ക് എന്നുമൊന്നിച്ചു പോകാം.
ചേട്ടൻ്റെ പേര് എന്താണ്?
എൻ്റെ പേര് ശ്രീജൻ, പക്ഷെ
ആൾക്കാർ ശ്രീജാ എന്നു വിളിക്കുമ്പോൾ ഏതോ പെൺക്കുട്ടിയുടെ പേര് പോലെ തോന്നും. സത്യത്തിൽ നമ്മുടെ പേരുകൾ മറിച്ചിട്ടാൽ മതിയായിരുന്നു നീരജ എന്ന പേര് ഞാനെടുത്തിട്ട് ശ്രീജ എന്ന പേര് കുട്ടിയ്ക്ക് തരാം.
അപ്പോൾ എന്നേ എല്ലാവരും നീരജ് എന്നും, കുട്ടിയേ ശ്രീജേ എന്നും വിളിയ്ക്കുമ്പോൾ
നമ്മൾ രണ്ടാളും ഹാപ്പി.
അത് പറഞ്ഞപ്പോൾ നീരജ മുത്തു പൊഴിയുന്ന പോലെയാണ് ചിരിച്ചത്. ശരിയ്ക്കും മുത്തു പോലെ തിളങ്ങുന്ന ഭംഗിയുള്ള പല്ലുകളാണ് നീരജയ്ക്കുള്ളത്. ചെറിയ തമാശ പറഞ്ഞാൽ മതി പൊട്ടിച്ചിരിക്കുന്ന കുട്ടിക്കുറുമ്പുകാരി.
അങ്ങിനെ കളിയും ചിരിയും പറഞ്ഞ് പാലു വാങ്ങി തിരിച്ചു വന്നവരെ സമയം പോയതറിഞ്ഞില്ല, നാളെയും ഒന്നിച്ചു പോകാം എന്നു പറഞ്ഞ് പിരിഞ്ഞതിനാൽ ആണ് ഇന്ന് ഇടവഴി വന്നു ചേരുന്ന സ്ഥലത്ത് കുറെ നേരം നീരജയ്ക്കായി കാത്തു നിന്നത്. ഏറെ നേരം കാത്തു നിന്നിട്ടും നീരജയെ കണ്ടില്ല. വീട്ടിൽ വൈകി ചെന്നാലുള്ള ഭൂകമ്പം ഓർത്ത് ഖദീശിത്തായുടെ വീട്ടിലയ്ക്ക് വച്ചുപിടിച്ചു.
പാലളന്നു കൊണ്ടിരുക്കുമ്പോഴാണ് ഖദീശിത്താ ഓരോ വിശേഷങ്ങൾ പറയുന്നത്.
അവർ സ്നേഹത്തോടെ ശ്രീക്കുട്ടൻ എന്നാണ് വിളിക്കുന്നത്.
ശ്രീക്കുട്ടനറിഞ്ഞില്ലേ ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ വിട്ടു വന്നപ്പോൾ നീരജയേ ഒരു പട്ടി കടിച്ചത്, കഷ്ടകാലത്തിന് ആ പട്ടിയ്ക്ക് പേവിഷ ബാധയുള്ളതായിരുന്നെന്ന്. പട്ടിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. നീരജയേ മെഡിക്കൽ സെൻ്ററിലേക്ക് കൊണ്ടുപോയി, ഒരു കോഴ്സ് ഇഞ്ചക്ഷൻ എടുക്കണമെന്നാണ് ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നതെന്ന്. പാവം കുട്ടി, ഒരു കിലുക്കാംപെട്ടി പോലെ ഇന്നലേയും കൂടെ ശ്രീക്കുട്ടൻ്റെ കൂടെ ഓടിച്ചാടി വന്നതല്ലേ.
പിന്നീടുള്ള ദിവസങ്ങളിലെ പാലുവാങ്ങാനുള്ള പോക്കിന് ഒരുന്മേഷം ഇല്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞൊരു ദിവസവാണ് ഖദീശിത്താ പറഞ്ഞത് മിക്കവാറും നീരജ യേ ഇന്നോ നാളെയോ ഡിസ്ചാർജ് ചെയ്യുമെന്നാണ് അറിഞ്ഞത്.
രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു, പതിവുപോലെ പുലർകാലെ പാലിനായി പുറപ്പെട്ടെങ്കിലും നീരജയെ കണ്ടുമുട്ടിയ ഇടവഴി വന്ന് ചേരുന്ന സ്ഥലത്തെത്തിയപ്പോൾ ഇറ്റുനേരം കിഴക്കോട്ട് നോക്കി നിന്നു. എവിടെയാണാവോ ആ കുട്ടിയുടെ വീട് എന്നറിയില്ല. ചോദിയ്ക്കാനാണെങ്കിൽ ആരെയും കാണാനുമില്ല. ഇരുവശത്തും നിരനിരയായി നിൽക്കുന്ന മരങ്ങളും മഞ്ഞും ചേർത്ത് മുന്നോട്ടുള്ള കാഴ്ചയേ മങ്ങനേൽപ്പിക്കുന്നു, അവിടെ നിന്ന് നോട്ടം പറിച്ചെടുത്ത് മുന്നോട്ടുള്ള പൂഴിറോട്ടിലേക്കെറിഞ്ഞു. എന്ത് അത്ഭുതം, മുന്നിലുള്ള മഞ്ഞിലൂടെ, പുലരിത്തൂമഞ്ഞുതുള്ളി പോലെ, ഒരു വിളിപ്പാടകലത്തിലൂടെ പാൽപാത്രവുമായി മന്ദം നടന്നു നീങ്ങുന്ന നീരജ. മനസ്സ് സന്തോഷാതിരേകത്തിൽ തുടികൊട്ടി.
കൈ കൊട്ടി വിളിച്ചു, പക്ഷെ നീരജ കേൾക്കുന്നില്ല, നീരജാ നിൽക്കൂ, ഞാനുമുണ്ട് ഖദീശിത്തായുടെ വീട്ടിലേയ്ക്ക്, മഞ്ഞു കൊണ്ടാണെന്ന് തോന്നുന്നു, തൊണ്ട അടഞ്ഞിരിക്കുന്നതിനാൽ എത്ര ഉച്ചത്തിൽ വിളിച്ചിട്ടും ചെറിയ ശബ്ദമേ പുറത്തേയ്ക്ക് വരുന്നുള്ളു. നടത്തതിൻ്റെ വേഗത അല്പം കൂട്ടിയാൽ നീരജയ്ക്കൊപ്പം എത്താം, അല്ലെങ്കിൽ തന്നെ സ്വല്പം അടുത്താൽ പിന്നെ പയ്യെ വിളിച്ചാലും കേൾക്കാമല്ലോ. ഖദീശിത്തായുടെ വീടിൻ്റെ വളവിലേയ്ക്ക് തിരിഞ്ഞപ്പോൾ നീരജ ഒന്നു തിരിഞ്ഞതും തന്നെ കണ്ടെന്നു തോന്നി, ചെഞ്ചുണ്ടുകളിൽ നിന്ന് ഒരു പൂപ്പുഞ്ചിരി അടർന്നുവീണു, കുഞ്ഞിളം കൈകൾ വീശി ഒരു റ്റാറ്റാ പറഞ്ഞുവോ, തനിക്ക് വേണ്ടി കാത്തു നിൽക്കാതെ നീരജ വീണ്ടും നേരേ നടന്നു മുന്നോട്ട്. ഖദീശിത്തായുടെ വീട്ടിൽ കാത്തു നിൽക്കാം എന്നാണ് പറഞ്ഞതെന്ന് തോന്നുന്നു.
മൂന്നാലു മിനിട്ടിനകം ഞാൻ ഖദീശിത്തായുടെ വീട്ടിലെത്തി. നീരജയെ അവിടെ എങ്ങും കണ്ടില്ല, ഇനി ചിലപ്പോൾ വീടിനകത്തേക്ക് പോയി കാണുമായിരിക്കും. ഖദീശിത്താ പാൽപ്പാത്രം വാങ്ങി പാലളന്നു കൊണ്ടിരുന്ന നേരം പതിവു വർത്തമാനങ്ങൾ പറഞ്ഞു തുടങ്ങി.
എന്നാലും ശ്രീക്കുട്ടാ വളരെ സങ്കടമായിപ്പോയി നീരജയുടെ കാര്യം, ഡോക്ടർമാർ ഒത്തിരി പരിശ്രമിച്ചെങ്കിലും........

By PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot