നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുട്ടപ്പൻ അഗർബത്തീസ്

***************************
ചോദ്യം നമ്പർ വൺ :-
ലോകത്താരെങ്കിലും തന്റെ കമ്പനിയിലുണ്ടാക്കുന്ന ബിസ്ക്കറ്റിന് കമലാക്ഷീ ബിസ്ക്കറ്റ് എന്നു പേരിടുമോ...?!

ചോദ്യം ന്യായമാണെങ്കിലും..
പുക്കാട്ടുപടി ജംഗ്ഷനിൽ, വ്യവസായ വകുപ്പിൽ നിന്നും ലഭിച്ച ലോണുകൊണ്ട് പ്രൊപ്പറൈറ്റർ ബിജുക്കുട്ടൻ തുടങ്ങാൻപോകുന്ന ബിസ്ക്കറ്റ് കമ്പനിക്ക് അവൻ ഇട്ടപേര് കമലാക്ഷി ബിസ്ക്കറ്റ് എന്നുതന്നെ ആയിരുന്നു !. ആ പേരിട്ടുകൊണ്ട് അവൻ നടത്താനുദ്ദേശിച്ചത് ഒരു കൊഡൂര പ്രതികാരമായിരുന്നു.. ഭൂമി മലയാളത്തിൽ പോയിട്ട്, വേൾഡ് ഇംഗ്ലീഷിൽ പോലും, ഇന്നേവരെ ആരും ചെയ്തിട്ടില്ലാത്ത ഒരു കൊലമാസ്സ് പ്രതികാരം !.

ക്യാരക്ടർ എസ്റ്റാബ്ളീഷ് മെന്റ് :-

ബിജുക്കുട്ടൻ ആളൊരു ഇന്നവേറ്റീവ് യംഗ്മാൻ ആയിരുന്നു. ആട്, തേക്ക്,മാഞ്ചിയം ലെവലിൽത്തൊട്ട് എങ്ങുമെത്താതെ പോയ ലോട്ട്ഓഫ് ഐഡിയാക
ൾക്ക് ഉടമ. ഏത് സാഹചര്യത്തിലും പുതുപുത്തൻ കോർപ്പറേറ്റ് ബിസിനസ്സ് ആശയങ്ങൾ തലയിൽ മിന്നിമറയുന്ന ഒരു ചീപ്പ്റേറ്റ് മഹാൻ!.

തത്കാലം ഇതുമതി. വീണ്ടും കഥയിലേക്ക്..

ബിസ്ക്കറ്റിൽ മുദ്രണം ചെയ്യാനായ് അവൻ ഉദ്ദേശിച്ച കമലാക്ഷി എന്ന പേരിന്നുടമ..നിങ്ങൾ വിചാരിക്കും പോലെ അവന്റെ മുത്തശ്ശിയോ, മരിച്ചു പോയ മുതുമുത്തശ്ശിയോ, ''ചെറുപ്പത്തിൽ നീ എന്റെ മിൽമ എത്ര കുടിച്ചതാടാ"
എന്നവകാശപ്പെട്ടുവരുന്ന കമലാക്ഷി വല്യമ്മയോ ആയിരുന്നില്ല.. ആ പേര് അവന്റെ കാമുകി മിനിക്കുട്ടിയെ, ഹോം ഡെലിവറി നടത്തിയ പുല്ലാട്ടുവീട്ടിൽ കുട്ടപ്പൻ ഭാര്യ "കോളാമ്പികമല " എന്ന് വിളിപ്പേരുള്ള മഹതിയുടെതായിരുന്നു.

പ്രേമസുരഭിലമായ്, അനിർഗ്ഗളം പ്രവഹിച്ചുകൊണ്ടിരുന്ന അവന്റെയും, മിനിയുടേയും പ്രണയ പ്രവാഹിനിയിൽ അണകെട്ടി നഞ്ചുകലക്കിയശേഷം, "ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന ആ എമ്പോക്കിക്ക്.. എന്റെ കുഞ്ഞിനെ കൊടുക്കത്തില്ലെന്നും, അവളെ ഞാനൊരു സർക്കാരുദ്യോഗസ്ഥനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കുവെന്നും " അസന്നിഗ്ദമായ് പ്രഖ്യാപിച്ച ആ കോളാമ്പിക്കൊരു സ്മരാമിപാടാനാണ് അവൻ കാമുകിയുടെ അമ്മയുടെ പേര് തന്റെ പ്രൊഡക്റ്റിനിടാനായ് മനസ്സിൽ കണ്ടത്.

ചോദ്യം നമ്പർ ടു :-

ബിസ്കറ്റിന് ഇങ്ങനൊരു പേരിട്ടാൽ അതെങ്ങനെ ഒരു പണിയാകും..?!
ഇതുപോലൊരു ചോദ്യമിപ്പോൾ നിങ്ങളുടെ തലയിലൂടെ ചൂളം വിളിച്ച് തെക്കുവടക്ക് പായുന്നുണ്ടാവാം. കഥയിൽ ചോദ്യമില്ലെങ്കിലും, ഉത്തരം ദാ ഇവിടുണ്ട്..

അവൻ തന്റെ കമ്പനിയിൽ ഉത്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നത്
ഒരു ഹൈ പ്രോട്ടീൻ പട്ടി ബിസ്ക്കറ്റായിരുന്നു !.
"കമലാക്ഷി നായ ബിസ്ക്കറ്റ് "
സ്ഥാനത്തും, അസ്ഥാനത്തുമായ് പൊട്ടിമുളച്ച നിങ്ങളുടെ എല്ലാ ചോദ്യങ്ങളും ഇപ്പോൾ പട്ടിക്കൂട്ടിലായ്ക്കാണും എന്ന് കരുതുന്നു.

അങ്ങനെ പലവിധ റിവഞ്ചുകളുടെ ഹിസ്റ്ററിയിൽ പുതിയൊരധ്യായമായ് ആരും പോകാത്ത കാടുപിടിച്ച വഴിയിലൂടെ നടന്ന ഡോക്ടർ സണ്ണിയെപ്പോലെ, ബിജു, കമലാക്ഷി ഹൈ പ്രോട്ടീൻ "ബ്രാക്കറ്റിൽ പട്ടി" ബിസ്ക്കറ്റ് പിറവിയെടുക്കുന്നതും സ്വപ്നം കണ്ട് തന്റെ ദിനങ്ങളുന്തി. നാടൻ ചാവാലി മുതൽ ഗംഭീരവിദേശി വരെ തന്റെ കമലാക്ഷിയുടെ ഉടൽ കടിച്ച് ചവച്ചരച്ച് വിഴുങ്ങുന്ന കാഴ്ച്ച സ്വപ്നത്തിൽ കണ്ട്, ആ പ്രതികാര ദാഹി, കോൾമയിർ കൊണ്ട് ഉറക്കത്തിൽ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. ഇതുകേട്ടുണർന്ന അടുത്ത മുറിയിൽക്കിടന്ന അവന്റെ അമ്മ ഭാർഗ്ഗവി, കട്ടിലിൽ നിന്നും ദേഹം പാതി ഉയർത്തി ''ഇതവളുടെ കൂടോത്രം തന്നെ തേവരെ "എന്ന് പറഞ്ഞ് നെഞ്ചിൽ കൈവെച്ച ശേഷം, വടിപോലെ അവിടത്തന്നെ കിടന്ന് സുഖ സുഷുപ്തിയിലാണ്ടു.

ശകലം ഫ്ളാഷ് ബാക്ക്:

ഒട്ടുമിക്ക സിനിമകളിലും കാണുമ്പോലെ പുത്തൻപുരക്കാരും, പുല്ലാട്ടുകാരും ഒരു പറമ്പിന്റെ രണ്ടതിരുകാരായിരുന്നു. "ധർമ്മ സംസ്ഥാപനാർത്ഥം " കുട്ടപ്പേട്ടൻ അതിരാവിലെ കുത്തിയിരിക്കുന്ന കുണ്ടനിടവഴിയായിരുന്നു അതിരുകൾക്കിടയിലെ ലൈൻ ഓഫ് കൺട്രോൾ. ഒരു പാത്രത്തിലുണ്ടും രണ്ട് വീട്ടിൽ ഉരുണ്ടും കഴിഞ്ഞ് വന്നിരുന്ന അവർ തമ്മിൽ തെറ്റുന്നത്.. കമലാക്ഷി കുടുംബശ്രീയിൽ നടത്തിയ സാമ്പത്തിക തിരിമറി ബിജുവിന്റെ അമ്മ ഭാർഗ്ഗവി കണ്ടുപിടിച്ചതോടെ ആയിരുന്നു. അതോടെ ഇന്ത്യയും പാക്കിസ്ഥാനുമായ് മാറിയ വീട്ടുകാർ തമ്മിൽ ദിനവും അതിർത്തി സംഘർഷങ്ങളും കനത്ത വെടിവെപ്പും തുടങ്ങി. അങ്ങനെ വിഭജനകാലത്ത് പഞ്ചാബ് പ്രവിശ്യയിലും, ലാഹോറിലുമായി വേർപിരിഞ്ഞ് പോയ കാമുകീ കാമുകന്മാരായ് ബിജുവും, മിനിയും മാറി. ഇതിന്റെ ഫലമായിട്ടായിരുന്നു കമലാക്ഷി ആ വിളംബരം നടത്തിയത്.

ട്വിസ്റ്റ്.

പക്ഷെ വീണ്ടുവിചാരമുള്ളവനും, ദീർഘദർശ്ശിയുമായിരുന്നു മിനിക്കുട്ടിയുടെ അപ്പൻ കുട്ടപ്പൻ. അയാൾ ബിജുവിൽ തന്റെ മകൾക്ക് അനുയോജ്യനായ ഒരു അംബാനിയെ കണ്ടെത്തി. കാരണം അവൾക്കിളയവരായ് അതുപോലെ രണ്ടെണ്ണം വെടീം, പൊകേം പോലെ പെരക്കാത്ത് ഇരിപ്പുണ്ടായിരുന്നു. ഏറെ ഒന്നും ആലോചിക്കാതെ അയാൾ മകളെ, ഒരു നട്ടപ്പാതിരാക്ക് ഭാര്യ കമലാക്ഷി അറിയാതെ തങ്ങളുടെ അതിർത്തിയിൽ എത്തിച്ച് ബിജുവിന് കൈമാറി..

മിനിക്കുട്ടിയുടെ കൈയ്യും പിടിച്ച് ആ രാത്രി പറമ്പിന്റെ അതിരുകടക്കുമ്പോൾ കമലാക്ഷി ബിസ്ക്കറ്റ് എന്ന സ്വപ്ന പദ്ധതി ബിജു ആ "കുണ്ടനിടവഴിയിൽ " ഉപേക്ഷിച്ചിരുന്നു...പകരം അവിടെ നിന്നും കണ്ടെടുത്ത ആനപ്പിണ്ടത്തിൽ നിന്നും ചന്ദനത്തിരി ഉണ്ടാക്കുന്ന പുതിയ ഒരു ഇന്നവേറ്റീവ് ഐഡിയാ ആയിരുന്നു അവന്റെ തലയിൽ മുഴുവൻ. അതിനായ് അവനൊരു പേരും കണ്ടുവെച്ചു "കുട്ടപ്പൻ അഗർബത്തീസ്..! "

ശുഭം

അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot