Slider

പുതിയ സ്നേഹാന്വേഷികൾ

0


"ഹലോ സർ ........ സംസാരിച്ചോട്ടെ ....?"

ഓഫീസിലാണ് .കക്ഷികളിരിക്കുന്നു .അപ്പോഴാണ് ഫോൺ വന്നത് .
ഒരു മധുരവാണി .

" പറയൂ ,ആരാണ് ? എന്ത് വേണം ? "

സഗൗരവമാണ് ചോദ്യങ്ങൾ .ശിവപ്രസാദിലെ ഉദ്യോഗസ്ഥൻ ഉണരുന്നു .

"സർ, ഇത് സജിനി ഭാസ്ക്കറിൻ്റെ വീടല്ലേ ...? "

സജിനി ഭാസ്ക്കറോ....
ഓ ,ദൈവമേ സച്ചുമോൾ !
അളിയൻ ഭാസ്ക്കരൻ്റെ മകൾ .
നിർമ്മലയുടെ ആങ്ങളയുടെ മകളാണ് സജിനി .

ഭാസ്ക്കരൻ തൻ്റെ സ്നേഹിതനായിരുന്നു. പിന്നീട് അളിയനായി .
വളരെ എളിയ ജീവിത ചുറ്റുപാടിൽ നിന്നും നന്നായി കഷ്ടപ്പെട്ട് ജീവിതവിജയം നേടിയ ഭാസ്ക്കരനോടുള്ള ഇഷ്ടം ശിവ പ്രസാദ് എന്നും മനസ്സിൽ സൂക്ഷിച്ചു .
അവനും കുടുംബവും UAE യിലാണ് .മൂത്ത മകൾ സച്ചു എന്ന് ഞങ്ങൾ വിളിക്കുന്ന സജിനി UAE യിൽ തന്നെ പത്താം ക്ലാസ്സുവരെ പഠിച്ചിട്ട് ഹയർ സെക്കൻ്ററി നാട്ടിലാക്കി .പത്താം തരത്തിലും പ്ലസ് ടുവിലും ഉന്നത വിജയം നേടി ,എൻട്രൻസും എഴുതി നില്പാണ് സച്ചു.
ഒരു പക്ഷേ അവൻ സ്ഥലത്തില്ലാത്തതിനാൽ സ്കൂളിലോ മറ്റോ തൻ്റെ നമ്പർ കൊടുത്തതായിരിക്കും .

"അതെ .ആരാണ് ..? "

" സർ , മോൾ പ്ലസ് ടു കഴിഞ്ഞല്ലോ , ല്ലേ ....? "

ഇത്ര വിനയത്തോടെ സംസാരിക്കുന്നവരും ഉണ്ടോ ....?

"ങാ കഴിഞ്ഞല്ലോ .. "

ഫോൺ വിളി തുടരുന്നത് കൊണ്ടാവണം മുന്നിലിരിക്കുന്നവരിൽ നേരിയ അസ്വസ്ഥത .

ശിവ പ്രസാദിനും സ്വസ്ഥതയില്ലാത്ത സമയമാണ് .മാസാവസാനമായി .ഇതുവരെ കെട്ടിടമൊന്നും അളന്ന് താലൂക്ക് ഓഫീസിലേക്ക് റിപ്പോർട്ട് കൊടുത്തിട്ടില്ല .ടാർഗറ്റിൻ്റെ പകുതിയെങ്കിലും കൊടുത്തില്ലേൽ കോൺഫറൻസിന് ഇരുന്ന് വിയർക്കേണ്ടി വരും .

പണി പൂർത്തിയാകാതെ അളക്കാൻ പറ്റുമോ ...?

പണി തീരാറായ കെട്ടിടങ്ങളുടെ മുന്നിലൂടെ പച്ചമീൻ കണ്ട പൂച്ചയെ പോലെ നുണഞ്ഞ് നടക്കാമെന്നല്ലാതെ .....
VFA മഹേഷിനെയും കൂട്ടി പുറത്തേക്കിറങ്ങാൻ വിചാരിച്ചിരിക്കുകയാണ് .

"സർ, ഇത് ഏയ്ഞ്ചൽ എഡ്യൂക്കേഷണൽ ആൻറ് കരിയർ ഗൈഡൻസിൽ നിന്നാണ് .മോൾക്ക് ഏത് കോഴ്സാണ് താൽപര്യം ? "

താൽപര്യം .....!?

പെട്ടെന്ന് അയാൾ സ്വയം ചോദിച്ചു , തൻ്റെ മകന് എന്താകാനാണ് താല്പര്യം ....?

ങേ.... ശരിയാണല്ലോ .....
സ്വന്തം മകൻ്റെ ഭാവി പരിപാടി പോലും ചോദിച്ചറിഞ്ഞിട്ടില്ലാത്ത താനാണ് അളിയൻ്റെ മകളുടെ കോഴ്സിനെ കുറിച്ച് അറിയുന്നത് !

"അതിപ്പോ ...."

"

OK സർ , ഏത് തരം കോഴ്സിന് ചേരാനാണെങ്കിലും ഞങ്ങൾ ഹെൽപ്പ് ചെയ്യും . സേറിന് മോളുമായിട്ട് ഒരു കൗൺസിലിംഗിന് വരാൻ പറ്റുമോ .....? "

പെട്ടെന്ന് നിർമ്മലയുടെ മുഖമാണ് ഓർമ്മ വന്നത് .

രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും ഇ-ഡിസ്ട്രിക്ടിൽ കുത്തിക്കൊണ്ടിരിക്കുന്ന തന്നോട് മിക്കവാറും വഴക്കാണവൾ .

" അവിടിരുന്നോ ... ഇങ്ങേർക്ക് മാത്രേ ഒള്ളല്ലോ ഒരാപ്പീസ് "

ദേഷ്യപ്പെട്ട് ലൈറ്റണച്ച് കിടക്കുന്ന ഭാര്യയുടെ അടുത്തേക്ക് പിന്നീട് അയാൾ ചെല്ലുന്നത് മൊബൈൽ ഫോണിൻ്റെ ചെറിയ വെട്ടത്തിലാണ് .ലൈറ്റിട്ടാൽ പിന്നേം ചീത്ത കേട്ടാലോ ....

മധുരവാണിയുടെ ഉടമ തൻ്റെ മറുപടിക്ക് കാത്തിരിക്കുകയാണ് .

" നോക്കട്ടെ "

വെറുംവാക്കാണത് .PF ൽ നിന്നും ഒരഡ്വാൻസ് എടുത്ത് വീട് പെയിൻ്റ് ചെയ്യണം എന്ന് എത്ര നാളായി വിചാരിക്കുന്നു .
മോൻ്റെ ക്ലാസ്സ് ടീച്ചറെ ഒന്ന് കാണാൻ പോകാൻ നിർമ്മല പല തവണയായി പറയുന്നു .ക്ലാസ്സിലെ മെൻഡറിംഗ് ബുക്കിൽ മകൻ തന്നെ അച്ഛൻ്റെ ഒപ്പിട്ട് കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു . ടീച്ചറോട് ആ രഹസ്യം പറഞ്ഞു കൊടുത്ത സഹപാഠിയുമായി അവൻ തല്ലുകൂടുകയും ചെയ്തു.
" നിങ്ങളിനി എന്നു പോകാനാ സ്കൂളിൽ ? മകൻ എല്ലാ കള്ളത്തരവും പഠിച്ച് വളരട്ടെ .എന്നാലേ നിങ്ങൾ പഠിക്കൂ .നിങ്ങളും നിങ്ങടെ ഒരൊടുക്കത്തെ ജോലിത്തെരക്കും .വേറെങ്ങും വില്ലേജാപ്പീസറില്ലാത്ത പോലെ , ഹൂം .. "

*** * * * * * * * * *

കെട്ടിടം അളക്കാനായി മഹേഷിനെയും കൂട്ടി ഒരു കറക്കം കഴിഞ്ഞു തിരികെ വന്നു .
കറങ്ങിയത് മാത്രം മിച്ചം .

പുതിയ ഒരു ഇരുനില വീട് .
ആകെ താമസക്കാരിയായി ഒരമ്മച്ചി മാത്രം . മോനും കുടുംബവും വിദേശത്താണ് .

കെട്ടിടം മൊത്തം അളന്ന് നോട്ടുബുക്കിലാക്കി .കേറ്റിറക്കങ്ങളും ത്രിമാനങ്ങളും ഒക്കെയായി സങ്കീർണ്ണമായ ഒരു പ്ലാൻ .
കഷ്ടപ്പെട്ട് വരച്ചൊപ്പിച്ചു .

പേരും വിലാസവും ചോദിക്കവെ അമ്മച്ചി ഒരു ചോദ്യം
." ആറു മാസം കൂടുമ്പം വന്നിങ്ങനെ അളക്കണം അല്ല്യോ ......"

സകല നിയന്ത്രണവും വിട്ടു പോയി

"മഹേഷേ......."

"സാർ എനിക്കറിയില്ല ഇനി ആൻ്റണി സാറെങ്ങാനും വന്നതാരിക്കും "

"വാ പോകാം "

സന്തോഷിൻ്റെ കടയിൽ കേറി ഒരു കട്ടൻ കുടിച്ചു കൊണ്ടിരുന്നപ്പോൾ ഫോൺ ബെല്ലടിച്ചു .

"ഹലോ സജിനീഭാസ്ക്കറല്ലേ .." ?

" അല്ല ഇത് ...."

"സോറി , മിസ്റ്റർ ഭാസ്ക്കറല്ലേ ...? "

"അല്ല ..ങാ , എന്താ കാര്യം പറ"

"സർ ,മോൾ എഞ്ചിനിയറിംഗാണോ അതോ മെഡിക്കലാണോ നോക്കുന്നേ ...? "

ചൂട് കട്ടൻ വായിൽ പാതി വഴി നിന്നു . നാവു പൊള്ളി വേഗം ഗ്ലാസ്സ് മേശപ്പുറത്ത് വച്ചു .

ഇതിനിടെ മഹേഷ് അവൻ്റെ പോക്കറ്റിൽ തട്ടി എന്തോ പറയാൻ തുനിഞ്ഞു .

ഇത് പ്രശ്നമാകുമല്ലോ ... സച്ചു മോളുടെ വിവരങ്ങളെല്ലാം അറിഞ്ഞിരിക്കണം .ഇനിയും വിളി വരാൻ സാധ്യതയുണ്ട് .
എന്നാലും ചുമ്മാ പറഞ്ഞു

" മെഡിക്കൽ "

മഹേഷ് പോക്കറ്റിൽ നിന്ന് ഒരു പേപ്പറെടുത്ത് ശിവ പ്രസാദിൻ്റെ ഫോൺ വിളി തീരാൻ കാത്തിരുന്നു .

"സർ, മോളുടെ റാങ്ക് നമ്പർ ഒന്ന് പറയാമോ ....? "

മഹേഷ് പതുക്കെ കയ്യിലിരുന്ന ഇലക്ട്രിസിറ്റി ബിൽ ഓഫീസറുടെ മുന്നിലേക്ക് നീട്ടി .ശിവപ്രസാദ് ബിൽ തുക കണ്ട് അമ്പരന്നു .

"950 " ?!

" OK സർ നല്ല റാങ്കാണല്ലോ .... തീർച്ചയായും അഡ്മിഷൻ കിട്ടും .ഏത് കോളേജാണ് പ്രിഫർ ചെയ്യുന്നത് ...? we can help you Sir ... "

"ങാ .. ഹലോ ... അങ്ങനെയൊന്നുമില്ല . കിട്ടുന്നിടത്ത് പോകും ."

അന്നു രാത്രി തന്നെ ശിവ പ്രസാദ് ഭാസ്കരനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു .സജിനിയുടെ റാങ്ക് ഒന്നര ലക്ഷത്തിനു മുകളിലാണെന്നറിഞ്ഞപ്പോൾ ശിവപ്രസാദ് വല്ലാതായി .ഇനി ആ 950 എന്തു ചെയ്യുമോ എന്തോ ......

ഭാസ്കരനളിയൻ തീർത്തു പറഞ്ഞു
"അവൾക്ക് മെഡിസിന് തന്നെ കിട്ടണം .അവളെ റിപ്പീറ്റിന് വിടാം ;പാലായിൽ ."

"ങാ ,മാർക്കിത്തിരി കുറഞ്ഞാലും NRI ക്വോട്ടയിൽ അഡ്മിഷൻ വാങ്ങാമല്ലോ അല്ലേ ... " ?

ഒരു അപരാധം കേട്ടത് പോലെ ഭാസ്ക്കരനളിയൻ പറഞ്ഞു

"ഏയ്, അതിന് നല്ല കാശ് കൊടുക്കേണ്ടി വരും .അളിയൻ കണ്ടിട്ടില്ലേ ഞാൻ റേഷൻ കാർഡിൽ പ്രൈവറ്റ് എന്നല്ലേ ജോലിപ്പേര് വെച്ചിരിക്കുന്നേ .... NRI എന്ന് മിണ്ടിപ്പോകരുത് ."

ഭാര്യയും ഭർത്താവും UAE യിൽ ജോലിക്കാർ .എന്നാലും നാട്ടുനടപ്പനുസരിച്ച്‌ റേഷൻ കാർഡിൽ കുറച്ചു വരുമാനമേ കാണിക്കാവൂ .

" അപ്പോ അളിയാ , വരുമാന സർട്ടിഫിക്കറ്റിനൊക്കെ അപേക്ഷിക്കുമ്പോൾ മാതാപിതാക്കൾ വിദേശത്താണെന്നറിയിക്കണ്ടേ .....? അവര് തിരക്കുമല്ലോ ...? "

ശിവപ്രസാദ് ഒരു മണ്ടൻ സംശയം പ്രകടിപ്പിച്ചു .
കാലഘട്ടത്തിനു പറ്റാത്ത കഴുതയാണല്ലോ എൻ്റെ അളിയൻ എന്നു ചിന്തിച്ചിട്ടായിരിയ്ക്കും NRlഅളിയൻ ഇപ്രകാരം മറുപടി പറഞ്ഞു

"അതിനല്ലേ അളിയാ അളിയൻ . ''

* * * * * * * * * * * *

തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിൻ്റെ നാനാഭാഗത്തു നിന്നും വിളികൾ വന്നു.
ചിലർ വാട്സ്ആപ് മെസ്സേജായി അവരുടെ സേവനങ്ങൾ അയച്ചു കൊടുത്തു .

ഇത്രയധികം ആളുകൾക്ക് തൻ്റെ ഫോൺ നമ്പർ എങ്ങനെ കിട്ടുന്നു എന്ന് ശിവ പ്രസാദ് അതിശയിച്ചു .

"ഹലോ ഇത് സജിനിയുടെ ഫാദർ one Mr.ഭാസ്ക്കറല്ലേ....? "

"അതേ .. പറഞ്ഞോളൂ ...."

അയാൾ ഇതിനകം അത് അംഗീകരിച്ചു കഴിഞ്ഞു .

"സർ, മോൾ മെഡിക്കൽ അല്ലേ നോക്കുന്നേ ...? "

"അതേ ... മെഡിക്കലാണ് "

"അഡ്മിഷനായോ സർ ..? "

"ഇല്ലില്ല "

"സർ , എബ്രോഡ് പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ...? "

ഇക്കൂട്ടർക്ക് കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ഒരു ശൈലിയുണ്ട് .മിക്ക സ്ഥാപനങ്ങളിലും അവസ്ഥ ഇതു തന്നെ .
വിദേശത്ത് അയച്ച് പഠിപ്പിക്കാൻ താല്പര്യമുണ്ടോ എന്നാണ് ചോദ്യം .
തന്നോട് ചോദിച്ചതിരിക്കട്ടെ ,ആ പാക്കരനോടെങ്ങാനുമായിരുന്നെങ്കിൽ ....

സർക്കാർ വക മെഡിക്കൽ കോളേജിൽ പക്കാ മെരിറ്റിൽ കൊച്ചിനെ ചേർക്കാനിരിക്കുമ്പഴാ .....

ഇനി ഈ ശൈലീപുംഗവയോട് എന്തു പറയും ?
പോക്കുവരവ് അപേക്ഷകൾ ഒരുപാട് തീർപ്പാക്കാൻ ബാക്കി കിടക്കുന്നു.
മഴക്കാലവും വരുന്നു.
വെള്ളപ്പൊക്കം ,ക്യാമ്പ് , കഞ്ഞി വീഴ്ത്തൽ കേന്ദ്രം , ധന സഹായ വിതരണത്തിനുള്ള കണക്കെടുപ്പ് അങ്ങനെ ഒരു പാട് കാര്യങ്ങൾ വരുന്നു. വാക്കത്തി മുതൽ JCB വരെ ഒരുക്കി വയ്ക്കണം .

"ഹലോ സർ , എബ്രോഡ് നോക്കുന്നുണ്ടോ ? "

ഒരു ചീഞ്ഞ തമാശയാണ് അപ്പോൾ തോന്നിയത്.മക്കൾ പറയുന്ന പോലെ - അച്ഛൻ്റെ ഊളത്തരം -

"ഏയ്. , എംബ്രോയിഡറിയൊന്നും പഠിപ്പിക്കാൻ വിടുന്നില്ല .ഇത്രയൊക്കെ പഠിച്ച കുട്ടിയല്ലേ .... "

തിരിച്ചെന്തെങ്കിലും കേൾക്കും മുമ്പേ ഫോൺ കട്ട് ചെയ്ത് മേശപ്പുറത്തിട്ടു.
മുന്നിലിരുന്ന കക്ഷികൾ ഒന്നും മനസ്സിലായില്ലെങ്കിലും ചിരിച്ചു .ആ ചിരിയിൽ സാറുമായൊരടുപ്പം ......

*** *** *** ***

സ്കൂൾ തുറക്കലും കാലവർഷവും എന്നും ഒന്നിച്ചാണ് വരവ് .നനഞ്ഞൊലിച്ച് ക്ലാസ്സുകളിലേക്ക് ഓടിക്കയറിയ ആ ബാല്യകാലം ഓർമ്മിപ്പിക്കാൻ .

ജൂണും ജൂലൈയും കാര്യമായ മഴയില്ലാതെ കടന്നു പോയി .എന്നാൽ 2018ലെ മഹാപ്രളയം ഓർമ്മിപ്പിച്ച് ഓഗസ്റ്റിൽ മഴ തകർത്തു പെയ്തു .
ഇക്കുറി മലബാറിൽ മഴ കനത്ത നാശം വിതച്ചു .വയനാട്ടിലുണ്ടായ അതിഭയങ്കരമായ ഉരുൾപൊട്ടലിൽ ഒരു ചെറു ഗ്രാമം തന്നെ ഇല്ലാതായി .

കിഴക്കൻ വെള്ളം ഏറ്റുവാങ്ങി പള്ള നിറഞ്ഞ പമ്പയാറ് കുട്ടനാട്ടിൽ ചില വിക്രിയകൾ കാണിച്ചു .
പാടശേഖരങ്ങൾ പലതും മട വീണു. മീനപ്പള്ളി വട്ടക്കായലും നില മറന്നപ്പോൾ കനകാശ്ശേരി പാടവും മടവീഴ്ചയുടെ കെടുതിയറിഞ്ഞു .

ശിവപ്രസാദിനും സഹപ്രവർത്തകർക്കും പിന്നീട് തിരക്കിൻ്റെ ദിനങ്ങളായി .
ദുരിതത്തിലായ ഒരു വലിയ പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസം .അതിനുള്ള പരക്കംപാച്ചിലുകൾ...
ബാബുമോൻ എന്ന വില്ലേജ് ജീവനക്കാരൻ തൻ്റെ വിശ്വരൂപത്തിലേക്ക് ഉയരുന്ന നാളുകളാണവ. അമ്പത് ശതമാനത്തിലധികം വികലാംഗനായ അയാൾ പക്ഷേ അഹോരാത്രം പാടുപെട്ടു .
നാടും വീടും വീട്ടുകാരുമെല്ലാം വിസ്മൃതിയിലായ നാളുകൾ .

ജീവനക്കാരുടെ തലയിൽ മാവേലി സ്റ്റോർ , ഹോർട്ടികോർപ്പ് , LPG , ഇൻഡൻ്റ് എന്നിങ്ങനെയുള്ള പേരുകൾ മാത്രം .
പലപ്പോഴും ശിവപ്രസാദും ബാബു മോനും രാജേഷുമൊക്കെ വില്ലേജ് ഓഫീസിൽ തന്നെ രാത്രി കഴിച്ചുകൂട്ടി .
ഒപ്പം പമ്പയിലൂടെ ഒഴുകി വന്ന ചില ജീവികളും കൂടി .

ശിവപ്രസാദിൻ്റെ ഒഫിഷ്യൽ ഫോണും പേഴ്സണൽ ഫോണും നിരന്തരം തിരക്കിൽ പെട്ടു .
തഹസിൽദാർ , വാർഡുമെമ്പർമാർ , സന്നദ്ധ സംഘടനകൾ ,താലൂക്കിലെ സഹപ്രവർത്തകർ , ക്യാമ്പ് കൺവീനർമാർ , പത്രക്കാർ ........

വിളിയോടു വിളി

വിശ്രമമെന്തെന്നറിയാത്ത രാപകലുകൾ....

ഗ്യാസുകുറ്റി തോളത്ത് വെച്ച് വള്ളത്തിൽ നിന്നും ഇറങ്ങുമ്പോഴാണ് ഫോൺ ബെല്ലടിച്ചത് .

"ഹലോസർ, .... ഇത് സജിനീഭാസ്ക്കറിൻ്റെ പേരൻ്റല്ലേ .....? "

ഇരച്ചു വന്ന ദേഷ്യം ഒരു തെറിയായി പുറത്തു വരാതിരിക്കാൻ അയാൾക്ക് കഠിനമായി ശ്രമിക്കേണ്ടി വന്നു.

" അല്ലെടീ അല്ല .എനിയ്ക്കങ്ങനെയൊരു മകളില്ല ."

അങ്ങേ തലയ്ക്കലെ വിനയപൂരിത മധുരവാണി ഒരു നിമിഷം നിശ്ശബ്ദമായി .

പിന്നെ പറഞ്ഞു

"OK സർ, ഐ തിങ്ക് യു ആർ നോട്ട് ഇൻ എ ഗുഡ് മൂഡ് .കോൾ യു ലേറ്റർ സർ ...."

"വേണ്ടെടീ വേണ്ട .ഞാൻ പറഞ്ഞാ പറഞ്ഞതാ .ഇനി എനിക്ക് അങ്ങനെയൊരു മകളില്ല ."

അയാൾ താഴെ വച്ചിരുന്ന ഗ്യാസുകുറ്റി വീണ്ടും തോളിലേറ്റി ചെളി നിറഞ്ഞ വഴിയിലൂടെ നടന്നു .

*** *** ** * * * * * * *

By Nazeer k e
9446049715

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo