Slider

എനിമ (കഥ )

0


ഉച്ചക്ക് ഊണ് കഴിച്ചോണ്ടിരിക്കുമ്പോൾ മാഡം,വിളിച്ചിട്ട് സ്ക്രാപ് ചെയ്യാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം, മുകളിലേക്കു ഒന്ന് വരണമെന്ന് പറഞ്ഞിരുന്നു .
മുകളിൽ മാഡത്തിൻ്റെ റൂമിൽ ഉപയോഗശൂന്യമായതും വിറ്റു ഒഴിവാക്കേ ണ്ടതുമായ സാധനങ്ങൾ ഏതൊക്കെ എന്ന് ചർച്ച ചെയ്തോണ്ടിരിക്കുമ്പോഴാണ് എൻ്റെ മൊബൈലുമായി രവീന്ദ്രൻ വരുന്നത്. അപ്പോൾ മാത്രമാണ് മൊബൈൽ താഴെ വച്ച് മറന്നിട്ടാണ് പോന്നത് എന്നോർത്തത് തന്നെ .
"സാറിനെ ഒരു എനിമ വിളിച്ചിരുന്നു. " എന്ന് രവീന്ദ്രൻ പറയുകയും ചെയ്തു.

ലിസ്റ്റൊക്കെ തയ്യാറാക്കി താഴെ എൻ്റെ കാബിനിൽ വന്നിരുന്നു കഴിഞ്ഞപ്പോൾ രവീന്ദ്രൻ വീണ്ടും വന്നു. ഉച്ചക്ക് ഇടവേള സമയത്ത് ഒരു സംസാരം പതിവുള്ളതാണ്. എതിരേ കസേരയിൽ ഇരുന്നു കൊണ്ട് രവീന്ദ്രൻ ചോദിച്ചു.
"ആരാ സാറേ ഈ എനിമ .........."

എനിമ എന്ന് ആർക്കും അങ്ങനെ പേരിടാറില്ലാത്തതു കൊണ്ട് സംശയം സ്വാഭാവികം .

രവീന്ദ്രൻ ഒരു കഥാകൃത്ത് കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി എഴുതുന്നുണ്ട്. ആനുകാലികങ്ങളിലും ചില കഥകൾ പ്രസിദ്ധീകരി ച്ചു വന്നിട്ടുണ്ട്. അയാളുടെ തിരക്കഥയിൽ ഒരു സിനിമയും റിലീസായിട്ടുണ്ട്. ഒരു ന്യൂ ജെൻ സിനിമ ആയതു കൊണ്ട് ക്ലിക്കായില്ല എന്നു മാത്രം . തരക്കേടില്ലാത്ത ഒരു മൂവിയായിട്ടാണ് എനിക്ക് തോന്നിയത്. പുതിയ ഒരു തിരക്കഥയുടെ പണിപ്പുരയിലാണ് അയാൾ ഇപ്പോൾ.

'' ആ .....എനിമ സുനി എൻ്റെ ഒരു ഫ്രണ്ടാണ്. .....'' ഞാൻ പറഞ്ഞു.
"അതെന്താ സാറേ ... അങ്ങനെയൊരു പേര് ......"

" പറയാം ..... അതൊരു കഥയാണ് .... ചിലപ്പോ .. നിങ്ങൾക്ക് ഉപകാരപ്പെടും ... "
പലപ്പോഴും ഞങ്ങളുടെ ഉച്ച സംഭാഷണങ്ങളിൽ നിന്ന് അയാൾക്ക് ത്രഡ് കിട്ടാറുണ്ടെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട് .
രവീന്ദ്രൻ കഥ കേൾക്കുവാനായി കാത് കൂർപ്പിച്ചിരുന്നു.

ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം .പട്ടണക്കാട് പഞ്ചായത്ത് ലൈബ്രറിയിൽ അംഗങ്ങളാണ് ഞാനും സുനി എന്ന സുനിൽകുമാറും . സുനി അയൽവാസിയും അടുത്ത സുഹൃത്തുമാണ്. സ്ക്കൂളിൽ ഞങ്ങൾ രണ്ടു ഡിവിഷനിലാണെന്നു മാത്രം . സ്കൂളിലേക്കുള്ള പോക്കും വരവും ട്യൂഷനു പോക്കും ഒരുമിച്ചു തന്നെ.

ലൈബ്രറിയിലെ ഡിറ്റക്ടീവ് നോവലുകളും മുട്ടത്തു വർക്കിയും കാനവുമൊക്കെ വായിച്ചു തീർന്നു കഴിഞ്ഞു. എം ടി , ബഷീർ ,തകഴി ഒക്കെ തൊട്ടു തുടങ്ങിയ കാലമാണത്. സുനി വലിയ വായനക്കാരനാണ് . പെട്ടെന്നു തിർന്നു പോവുന്നതിനാൽ ചെറിയ പുസ്തകങ്ങളൊന്നും അവന് ഇഷ്ടമല്ല. ചെറുതായി എഴുതുന്ന സ്വഭാവവുമുണ്ട് അവന്.

മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ചയാണ്. പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനാൽ ആഴ്ച മുഴുവൻ അവധിയായിരുന്നു. പോയ ദിവസങ്ങളിലെല്ലാം ലൈബ്രറിയിൽ പോയി പുസ്തകം മാറിയിരുന്നു.
പിറ്റേന്ന് ഞായർ ആയതിനാൽ അന്ന് രണ്ടു പേരും വലിയ പുസ്തകങ്ങൾ തന്നെയാണ് എടുത്തത്.
വീട്ടിലെത്തിയാൽ ഉടൻ വായന തുടങ്ങുകയാണ് പതിവ്. ഞായറാഴ്ച ഉച്ച കഴിഞ്ഞാൽ സുനി വീട്ടിൽ വരും കയ്യിൽ അവൻ വായിച്ചു തീർത്ത പുസ്തകവുമുണ്ടാവും. ഞാൻ അപ്പോഴും എൻ്റെ പുസ്തകം വായിച്ചു തീർത്തിട്ടുണ്ടാവില്ല.ഞാൻ വായിച്ചു തീരുന്നത് വരെ അവൻ കാത്തിരിക്കും. പുസ്തകങ്ങൾ പരസ്പരം മാറ്റി വായിക്കുവാനായി.

വീട്ടിലേക്ക് എത്രയും വേഗത്തിൽ എത്താനായി
ഊടു വഴിയിലൂടെയാണ് നടപ്പ് . വീടെത്തും മുമ്പ് ഗിരിയുടെ വീട്ടിൽ കയറുന്ന ഒരു പതിവുണ്ട്. അവനും ഞങ്ങളുടെ അതേ പ്രായം തന്നെ .സ്കൂളിൽ മറ്റൊരു ഡിവിഷനിലാണ് എന്ന് മാത്രം .

ഗിരിയുടെ വീട്ടിൽ കയറുന്നതിന് ഒരു കാരണം കൂടിയുണ്ട് .
അവൻ്റെ വീടിന് ചുറ്റും വിശാലമായ പറമ്പിൽ കപ്പ കൃഷിയുണ്ട്. എപ്പോൾ ചെന്നാലും കപ്പ പുഴുങ്ങിയതും കാന്താരി മുളക് ഉടച്ചതും അവിടെ ഉണ്ടാകും . വൈകിട്ട് രണ്ടു കിലോ മീറ്ററോളം നടന്ന് വിഷമിച്ച് ചെല്ലുമ്പോൾ മൂന്ന് നാലു കഷണം കപ്പ കാന്താരി ഉടച്ചതുമായി കഴിക്കുമ്പോൾ വിശപ്പിന് ഒരു ശമനം കിട്ടും . വീട്ടിൽ ഇനി ഭക്ഷണം രാത്രിയിൽ മാത്രമേ ഉണ്ടാവൂ. അന്നും പതിവു പോലെ ഗിരിയുടെ വീട്ടിൽ എത്തുമ്പോൾ അവൻ കപ്പ കഴിച്ച് അവസാനിപ്പിക്കുകയായിരുന്നു. അവൻ്റെ മുന്നിൽ ഒരു പ്ലേറ്റിൽ കപ്പയുടെ നാര് മാത്രം അവശേഷിപ്പായി ഉണ്ടായിരുന്നു .

ഞങ്ങളുടെ നോട്ടം കണ്ടിട്ടാവണം കപ്പ തീർന്നു പോയല്ലോന്ന് അവൻ പറഞ്ഞു.
" ഉഷേ കപ്പ പുഴുങ്ങിയത് ബാക്കിയുണ്ടോടീ..... '' എന്ന് അവൻ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. മൂത്ത സഹോദരി എങ്കിലും ഗിരി, ഉഷയെ പേരാണ് വിളിക്കുന്നത്. ഗിരിയുടെ അമ്മ നേരത്തേ തന്നെ മരിച്ചു പോയിരുന്നു. ഏറ്റവും മൂത്ത ചേച്ചിയെ വിവാഹം കഴിച്ചു വിട്ടതിൽ പിന്നെ അടുക്കള കാര്യങ്ങൾ നോക്കുന്നത് ഉഷയാണ് .

"തീർന്നു പോയല്ലോ ..." ന്ന് ഉഷയിൽ നിന്നും പ്രതികരണം ലഭിച്ചതോടെ സുനിയുടെ മുഖം വാടി. ഞങ്ങൾ അല്പനേരം ബഞ്ചിലിരുന്ന് വിയർപ്പകറ്റി. ഗിരിയുടെ വീട് പണി പൂർത്തിയായിട്ടില്ല. എങ്കിലും അവർ അതിനുള്ളിൽ തന്നെയാണ് താമസം .ഞങ്ങളുടെ രണ്ടു പേരുടെ തിനേക്കാളും വലിയ വീടാണ് ഗിരിയുടേത് . ഞങ്ങൾ ഇരുന്നിരുന്നതിൻ്റെ അടുത്ത മുറിയായിരുന്നു ഡൈനിങ്ങ് ഹാൾ . ഡൈനിങ്ങ് ഹാളിൽ കിടന്നിരുന്ന ഡെസ്കിനു മേൽ ഒരു പ്ലേറ്റ് മൂടി വച്ചിരുന്നു. സുനി ഇതിനിടയിൽ അവിടെയെത്തി ആ പ്ലേറ്റ് തുറന്നു നോക്കി. അതിൽ പുഴുങ്ങിയ കപ്പയായിരുന്നു.
ഇതിൽ കപ്പയുണ്ടല്ലോ എന്ന് അവൻ പറയുകയും ചെയ്തു. ഗിരി വന്ന് നോക്കിയിട്ട് അത് നിങ്ങൾ കഴിച്ചോ എന്നും പറഞ്ഞു.

കാന്താരി ചമ്മന്തി ഇല്ലായിരുന്നെങ്കിലും ആ കപ്പ കഷണങ്ങൾ വളരെ രുചികരമായിട്ടാണ് ഞങ്ങൾക്ക് തോന്നിയത്.
കപ്പയും കഴിച്ച് പാത്രവും കഴുകി വച്ചിട്ടാണ് ഞങ്ങൾ വീട്ടിലേക്ക് പോന്നത്.

ചെന്ന പാടെ പുസ്തകം വായിക്കുവാൻ തുടങ്ങി . ലളിതാംബിക അന്തർജ്ജനത്തിൻ്റെ അഗ്നിസാക്ഷിയാണ് എടുത്തിരുന്നതെന്നാണ് എൻ്റെ ഓർമ . ഒമ്പത് മണിയോടെ അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നതു വരെ വായന തുടരുകയാണ് പതിവ്.

എട്ട് മണി കഴിഞ്ഞപ്പോൾ , പതിവില്ലാതെ ഗിരി വീട്ടിൽ വന്ന് , എന്നെ പുറത്തേക്കു വിളിച്ചു. അവൻ എന്നോട് ചോദിച്ചു നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോന്ന്. അവൻ്റെ അച്ഛൻ എലിക്ക് വിഷം വക്കാനായി വച്ചിരുന്ന കപ്പയാണത്രേ ഞങ്ങൾ കഴിച്ചത്. വിഷം കലർത്തിയിരുന്നോ എന്ന് സംശയമുണ്ട് . ഉടനെ തന്നെ ഞങ്ങൾ സുനിയുടെ വീട്ടിലെത്തി .
സുനി അറിഞ്ഞതോടെ അവൻ ഞങ്ങളേക്കാൾ പരിഭ്രമത്തിലായി. മൂന്നു പേരും കൂടി ഗിരിയുടെ വീട്ടിലേക്കാണ് പോയത്. ഉഷയെ കാണുകയായിരുന്നു ഉദ്ദേശ്യം. അവളോടാണ് ഗിരിയുടെ അച്ഛൻ അരവിന്ദേട്ടൻ പറഞ്ഞത് അത് എലിക്ക് വിഷം വക്കാനുള്ള കപ്പയാണെന്ന് .

കണ്ടപാടെ സുനി ഉഷയോട് ചോദിച്ചു.
"ആരെങ്കിലും പുഴുങ്ങിയ കപ്പയിൽ എലി വിഷം വക്കുമോ .... പച്ച കപ്പയിലല്ലേ വക്കുക....."
മൂന്നു പേരും കൂടി ഇത്ര കാര്യമായി ചോദ്യം ചെയ്തപ്പോൾ ഉഷ പകച്ചു പോയി. അവൾ അവസാനം പറഞ്ഞു.

"എനിക്കൊന്നു മറിയില്ല ......എലിക്ക് വെക്കാനെന്നും പറഞ്ഞാണ് അച്ഛൻ കപ്പ എടുത്തോണ്ട് പോയത് .. "

ഇത്രയും കേട്ടതോടെ സുനിക്ക് പെട്ടെന്ന് ഛർദിക്കാൻ വന്നു. അവൻ ഒരു കണക്കിൽ അത് പിടിച്ചു നിർത്തുന്ന താണെന്ന് എനിക്ക് മനസ്സിലായി. ഒന്നു ഉറപ്പു വരുത്താമെന്നു വച്ചാൽ കപ്പയിരുന്ന പാത്രം ഞങ്ങൾ കഴുകി വച്ചും പോയി .
ഗിരി എലിവിഷത്തിൻ്റെ പാക്കറ്റ് എടുത്തു നോക്കി. അത് പൊട്ടിച്ച് എടുത്ത ലക്ഷണമുണ്ട്.

എല്ലാം അറിയാവുന്ന അരവിന്ദേട്ടൻ കണിച്ചുകുളങ്ങര ഉത്സവത്തിന് പോയിരിക്കുകയാണ് ,എപ്പോ വരുമെന്ന് ഒരു പിടിയുമില്ല .

സുനി വീണ്ടും ഛർദി തുടങ്ങി. എനിക്കും വയറിനുള്ളിൽ അസ്വസ്ഥത തോന്നി തുടങ്ങി . എത്രയും വേഗം വീട്ടിലറിയിച്ച് ആശുപത്രിയിൽ പോവുക എന്നതേ ചെയ്യാനുണ്ടായിരുന്നുള്ളൂ.

ഇത്രയുമായപ്പോൾ മേശപ്പുറത്തിരുന്ന എൻ്റെ മൊബൈൽ വീണ്ടും ശബ്ദിച്ചു. എനിമ കാളിംഗ് എന്നായിരുന്നു ഡിസ്പ്ലേ . ഫോണെടുത്ത് അഞ്ചു മിനിട്ടോളം സംസാരിച്ചു. രവീന്ദ്രനും എൻ്റെ ഫോൺ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഇത്തവണത്തെ ക്ഷേത്രത്തിലെ മണ്ഡലവ്രതാഘോഷ കമ്മിറ്റിയുടെ പ്രസിഡൻ്റ് സുനിയാണത്രേ. നല്ല ഒരു സംഭാവന എന്നിൽ നിന്നും പ്രതീക്ഷിക്കുന്നു. ഞാൻ നഗരത്തിൽ താമസമായതിൽ പിന്നെ വല്ലപ്പോഴുമല്ലേ നാട്ടിൽ എത്താറുള്ളൂ. ബാങ്ക് അക്കൗണ്ട് നമ്പറും ഉത്സവാഘോഷത്തിൻ്റെ നോട്ടീസും വാട്സ് ആപ്പ് ചെയ്യും. കൂടുതൽ സംസാരിക്കാൻ സമയമില്ല , തിരക്കിലാണ് എന്ന് പറഞ്ഞാണ് അവൻ കാൾ കട്ട് ചെയ്തത്. വിവരങ്ങളെല്ലാം കഥയുടെ ബാക്കി അറിയാൻ കൗതുകപൂർവം ഇരിക്കുന്ന രവീന്ദ്രനോടും ഞാൻ പറഞ്ഞു.

രവീന്ദ്രൻ്റെ ക്ഷമ പരീക്ഷിക്കാതെ ഞാൻ കഥ തുടർന്നു.

ഇതിനകം തന്നെ വീട്ടുകാർ അറിഞ്ഞു കഴിഞ്ഞിരുന്നു. സുനിയുടെ അമ്മ കരച്ചിൽ തുടങ്ങി കഴിഞ്ഞു.
കുറഞ്ഞനേരം കൊണ്ട് അയൽക്കാരുമൊക്കെ അറിഞ്ഞു കഴിഞ്ഞു.
ഉടൻ തന്നെ ദിവാകരൻ ചേട്ടൻ്റെ ഓട്ടോയിൽ ഞങ്ങൾ മൂന്നു പേരും സുനിയുടെ അച്ഛനുമായി ചേർത്തല ആശുപത്രിയിലേക്ക് പുറപ്പെട്ടു. എൻ്റെ അച്ഛൻ ആ സമയം സ്ഥലത്തുണ്ടായിരുന്നില്ല.

ഗവണ്മെൻ്റ് ആശുപത്രിയിലാണോ പോവേണ്ടത് എന്ന് ഒരു ചെറിയ തർക്കം ഉണ്ടായി. അവസാനം ചേർത്തലയിലെ അന്നത്തെ മെച്ചപ്പെട്ട സ്വകാര്യ ആശുപത്രിയായ എക്സറേ യിൽ തന്നെയാണ് പോയത്.

ചെന്നപാടെ വിഷം കഴിച്ച ആൾക്കാർ എന്ന രീതിയിലാണ് അവർ ഞങ്ങളോട് പെരുമാറിയത്. എലി വിഷം മറ്റു വിഷങ്ങളെ പോലെ അത്ര അപകടകരമല്ല മനുഷ്യർക്ക് ,എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തോ മരുന്നൊക്കെ തന്ന ശേഷം എനിമ എടുക്കണം എന്നാണ് ഡോക്ടർ പറഞ്ഞത് . സുനിയെ ആദ്യം എനിമ കൊടുക്കാനായി കൊണ്ടു പോവുകയും ചെയ്തു.

വീട്ടിൽ നിന്ന് അയൽക്കാരും മറ്റുമായി രണ്ട് ഓട്ടോ റിക്ഷ വീണ്ടും വന്നു. ചിലരൊക്കെ സൈക്കിളിലും എത്തി. വന്നവരൊക്കെ എന്നെ വന്ന് കണ്ട് നെടുവീർപ്പിട്ടു. എൻ്റെ നോട്ടം അല്പം ദയനീയമായി മാറി എന്നു പറഞ്ഞാൽ മതിയല്ലോ .എല്ലാവരും അരവിന്ദേട്ടനെ ചീത്ത പറയുന്നതിൽ ഒരു ലോപവും വരുത്തിയില്ല.

അതു വരെ എനിക്ക് വയറ്റിൽ ഉണ്ടായിരുന്ന അസ്വസ്ഥത തീരെയില്ലാതായി എന്നത് എനിക്ക് ഒരു അത്ഭുതമായിരുന്നു.

എങ്കിലും എന്തോ പാതകം ചെയ്ത പോലെയുള്ള ആൾക്കാരുടെ നോട്ടം എന്നെ വിഷമിപ്പിച്ചു കൊണ്ടിരുന്നു.
സുനിയെ കൊണ്ടു പോയിട്ട് അര മണിക്കൂർ കഴിഞ്ഞു കാണും ഇതുവരെ ഒരു വിവരവുമില്ല.

എനിമ എന്നത് ഞാൻ അപ്പോൾ ആദ്യം കേൾക്കുന്ന വാക്കാണ് . വയറു കഴുകൽ എന്ന വാക്ക് ഇതിന് മുമ്പും എവിടെയോ കേട്ടിട്ടുണ്ട് . പറഞ്ഞു കേട്ടിട്ട് അത് അത്ര സുഖമുള്ള ഏർപ്പാടല്ല എന്ന് എനിക്ക് ഇതിനകം മനസിലായി. അപ്പോൾ സുനിയെ ഒരാൾ പിടിച്ചു കൊണ്ടു വന്നു. അവന് നേരെ നില്ക്കു വാനോ നടക്കുവാനോ കഴിയുമായിരുന്നില്ല . അവനെ ബഡിൽ കൊണ്ടു വന്നു കിടത്തുകയായിരുന്നു . അവൻ്റെ സാമീപ്യം ഡെറ്റോളിൻ്റെയോ ലോഷൻ്റെയോ ഗന്ധം മുറിയിലേക്കു കൊണ്ടു വന്നു.
സുനി തീരെ അവശനായിരിക്കുന്നു. ദയനീയമായ ഒരു നോട്ടമാണ് അവൻ എനിക്ക് നേരെ ഉതിർത്തത്.

എന്നെ എനിമ നല്കാനായി ഉള്ളിലേക്ക് വിളിച്ചപ്പോൾ പുറത്തു നിന്ന് അച്ഛനും അരവിന്ദേട്ടനും വിയർത്തു കുളിച്ച് കയറി വന്നു. വീട്ടിൽ നിന്ന് അവർ സൈക്കിളിനാണ് എത്തിയത്. വന്നപാടെ അവർ ഡോക്ടറെ കണ്ട് എനിക്ക് എനിമ കൊടുക്കേണ്ട എന്നു പറഞ്ഞു. കഴിച്ച ഭക്ഷണത്തിൽ എലിവിഷം കലർത്തിയിട്ടില്ലായിരുന്നുവത്രേ.

അരവിന്ദേട്ടൻ ഉഷയോട് പറഞ്ഞിരുന്നു എന്നതും പാത്രത്തിൽ കപ്പ എടുത്തു വച്ചു എന്നതും ശരിയാണ് , പക്ഷേ അതിൽ വിഷം ചേർത്തിട്ടില്ലായിരുന്നു .
കൂടി നിന്നവരോടായി അരവിന്ദേട്ടൻ പറഞ്ഞു.
'' പുഴുങ്ങിയ കപ്പയിലാണോ എലിക്ക് വിഷം വക്കുക .:...... പച്ച കപ്പയിലല്ലേ വക്കേണ്ടത് ..... 'മണ്ടന്മാർ ആരോ എന്തോ പറഞ്ഞപ്പോ ........"
ഇങ്ങനെ പറഞ്ഞെങ്കിലും അത്രയും ആൾക്കാരെ ആ രാത്രിയിൽ ബുദ്ധിമുട്ടിച്ചതിൻ്റെ ഒരു കുറ്റബോധം ചേട്ടൻ്റെ വാക്കുകളിലുണ്ടായിരുന്നു.

അരവിന്ദേട്ടൻ്റെ സംസാരം കേട്ടിട്ടാവണം ,അവശനായി മോന്താഴം നോക്കി മലന്നു കിടന്നിരുന്ന സുനി എന്തോ അസ്പഷ്ടമായി പിറുപിറുത്തു. ഒട്ടും നല്ല വാക്കുകളല്ലായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.
"ഹോ....... മോശമൊന്നും .. സംഭവിച്ചില്ലല്ലോ .... അതിൽ സന്തോഷിക്ക ...."
കൂട്ടത്തിൽ പ്രായം ചെന്ന ഓട്ടോക്കാരൻ ദിവാകരൻ ചേട്ടൻ പറഞ്ഞു.

ഇങ്ങനെയുള്ള അവസരങ്ങളിലാണ് അരവിന്ദേട്ടൻ്റെ നേതൃഗുണം പുറത്തു വരിക. വന്ന ആൾക്കാരെയെല്ലാം മൂന്ന് ഓട്ടോകളിലായി തിരിച്ചയച്ചു . അവശേഷിച്ചവർ സൈക്കിളിൽ മടങ്ങി.

അച്ഛനെ സുനിക്കൊപ്പം നിർത്തിയിട്ട് ,എന്നെയും ഗിരിയെയും പുറത്തു കൊണ്ടു പോയി, തട്ടു കടയിൽ നിന്നും ഭക്ഷണം വാങ്ങി തന്നു. സുനി , അന്ന് ഭക്ഷണം കഴിക്കരുതെന്നായിരുന്നു ഡോക്ടറുടെ നിർദ്ദേശം.

രാവിലെ തന്നെ ഡിസ്ചാർജ് ചെയ്ത് മൂന്നു പേരും കൂടി ഓട്ടോ പിടിച്ച് വന്നാൽ മതി എന്ന് പറഞ്ഞ് , ആവശ്യത്തിന് പൈസയും ഏല്പിച്ചിട്ട് അച്ഛനും അരവിന്ദേട്ടനും അവർ വന്ന സൈക്കിളിൽ തന്നെ തിരിച്ചു പോയി.

രാത്രിയിൽ ഉറക്കം ശരിയായില്ല ,സുനി രണ്ടു മൂന്നു തവണ ബാത്ത് റൂമിൽ പോകാൻ എഴുന്നേറ്റു . ബാക്കിയുള്ള സമയം കൊതുകുകടി ഉറക്കം കെടുത്തി.

ഉച്ചയോടെ ഓട്ടോയിൽ വീട്ടിലെത്തുമ്പോൾ ഒരു ചെറിയ ജനക്കൂട്ടം തന്നെ ഞങ്ങളെ പ്രതീക്ഷിച്ച് അവിടെ കൂടിയിരുന്നു.
സുനിയോട് എല്ലാവരും സഹതാപമാണ് പ്രകടിപ്പിച്ചതെങ്കിൽ ,എന്നോട് എല്ലാവർക്കും ഒരു തരം പരിഹാസം കലർന്ന ഒരു ചെറുചിരിയായിരുന്നു .
തലനാരിഴക്ക് രക്ഷപ്പെട്ടവൻ എന്നായിരുന്നു ആ ചിരിയുടെ അർത്ഥമെന്ന് പിന്നീടുള്ള കാലം എനിക്കു
പറഞ്ഞു തന്നു.

തുടർന്ന് എല്ലാം സാധാരണ നിലയിലായി . നേരം പുലർന്നു , അസ്തമിച്ചു ,പൂക്കൾ വിടർന്നു കൊഴിഞ്ഞു. സുനിക്കു മാത്രം ഒരു വ്യത്യാസം വന്നു. അവനെ എല്ലാവരും എനിമ സുനി എന്നു വിളിച്ചു തുടങ്ങി. ആദ്യമൊക്കെ അവൻ പ്രതിഷേധിക്കുകയും വഴക്കുണ്ടാ ക്കുകയുമൊക്കെ ചെയ്തെങ്കിലും ഇരട്ടപ്പേര് അവനെ വിട്ടു പോവുന്നതായിരുന്നില്ല . ക്രമത്തിൽ അവനും അത് അംഗീകരിച്ചു തുടങ്ങി. ഒരു പക്ഷേ അവൻ്റെ വീട്ടിലൊഴിച്ച് അവനെ സുനി എന്ന അവൻ്റെ സ്വന്തം പേരിൽ വിളിക്കുന്നത് ഞാൻ മാത്രമാവും. പലപ്പോഴും അവൻ പറയുകയും ചെയ്തിട്ടുണ്ട്. ഞാൻ അവനെ അങ്ങനെ വിളിക്കുമ്പോൾ മാത്രമാണത്രേ അവൻ സ്വന്തം പേര് ഓർക്കാറുള്ളത് എന്ന്.

വാട്സ ആപ്പിൽ അവൻ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൻ്റെ നോട്ടീസ് അയച്ചിരുന്നു. ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് എനിമ സുനി എന്നു തന്നെയാണ് പ്രിൻ്റ് ചെയ്തിരിക്കുന്നത് . രവീന്ദ്രനും കൗതുകത്തോടെ അത് നോക്കി കണ്ടു.

രവീന്ദ്രൻ ക്യാബിനിൽ നിന്ന് പോയി കഴിഞ്ഞപ്പോൾ ഞാൻ സുനിയെ കുറിച്ചു തന്നെ ഓർത്തു കൊണ്ടിരുന്നു. . അന്ന് എനിക്കും കൂടി എനിമ തന്നിരുന്നെങ്കിൽ എൻ്റെയും പേരിനു മുന്നിൽ ഈ വിശേഷണം വരില്ലായിരുന്നോ ..... എൻ്റെ ജാതകം തന്നെ മാറി പോവില്ലായിരുന്നോ ..... അന്ന് ആദ്യം തന്നെ സുനിക്ക് എനിമ കൊടുത്തതു കൊണ്ടല്ലേ ഞാൻ രക്ഷപ്പെട്ടത്. ..... ഒരിക്കലും ഞാൻ അവനെ എനിമ സുനി എന്നു വിളിച്ചു കൂട ....'' ഇതു വരെ അങ്ങനെ വിളിച്ചിട്ടില്ലെങ്കിലും ...'....

ഞാൻ മൊബൈലിൽ കോൺടാക്ട് ലിസ്റ്റിൽ എനിമ എടുത്ത് എഡിറ്റു ചെയ്തു തുടങ്ങി എനിമക്കു പകരം സുനി എന്ന് .......
ഇനി അവൻ വിളിക്കുമ്പോൾ സുനി കാളിംഗ് ....... എന്നേ വരാൻ പാടുള്ളൂ .....'

........................
എ എൻ സാബു
.........................

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo