Slider

പോയിന്റ്

0


പണ്ട് കുഴൂർ സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സിലെ ബഞ്ചിൽ ഇരുന്നു കൊണ്ടു തന്നെ ഞങ്ങൾ കൂട്ടുകാർ ഒരുപാട് കുഞ്ഞുകുഞ്ഞു കളികൾ കളിക്കുമായിരുന്നു.

ബെല്ലടിക്കുമ്പോൾ ഒരു ടീച്ചർ പോയതിന് ശേഷം അടുത്ത ടീച്ചർ വരുന്നതിന് മുമ്പുള്ള ആ ഗ്യാപ്പിലാണ് ഞങ്ങളുടെ കളികൾ മുഴുവൻ അരങ്ങേറുക.

തീപ്പെട്ടിപടം, വളപൊട്ട് തുടങ്ങിയവ എപ്പോഴും സ്കൂൾ ബാഗിൽ ഉണ്ടാകും. എപ്പോഴാണോ ഒഴിവ് കിട്ടുക അപ്പോളൊക്കെ അതെടുത്ത് കളിക്കും.ചിലപ്പോൾ ഒരു റൗണ്ട് തീപ്പെട്ടി പടം ഇട്ട്‌ കഴിയുന്നതിന് മുൻപേ തന്നെ അടുത്ത ടീച്ചർ പ്രവേശിക്കും.അപ്പോഴേക്കും എല്ലാവരും കൂടി വെപ്രാളപ്പെട്ട് എല്ലാം തപ്പി വാരി ബാഗിലിടും.വള പൊട്ടും അങ്ങനെതന്നെ!.
എന്നിട്ട് ആ ടീച്ചർ പോകുമ്പോൾ നിർത്തിയിടത്തു നിന്ന് പിന്നേയും കളിക്കും.അന്ന് കള്ളക്കളി ഇല്ല. ആ പ്രായത്തിൽ എന്തോ എല്ലാവരും വളരെ സത്യസന്ധരായിരുന്നു.

അതുപോലെ പെൺകുട്ടികൾക്കിടയിൽ മാത്രം കണ്ടു വന്നിരുന്ന കളിയാണ് ഷഡിയുടെ കളർ പറഞ്ഞുള്ള കളി.ഒരു കുട്ടി അന്ന് ഇട്ടിരിക്കുന്ന ഷഡിയുടെ കളർ മറ്റു കുട്ടികൾ ഊഹിച്ചു പറയണം.എല്ലാവരും ഉത്തരം പറഞ്ഞു കഴിയുമ്പോൾ അത് ശെരിയോ തെറ്റോ എന്നറിയിക്കാൻ കുട്ടി തന്റെ പാവാട പതിയെ തിരുകി തിരുകി മുകളിലേക്ക് കയറ്റി ഷഡിയുടെ അറ്റം മറ്റുള്ളവരെ കാണിച്ചു കൊടുക്കണം.
ആരാണോ ശെരിക്കും ഉള്ള കളർ പറഞ്ഞത് അവരാണ് കളിയിലെ വിജയി.അവർക്ക് പോയിന്റ് കിട്ടും.അതാണ് കളി.

ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം...ടീച്ചർ ക്ലാസ്സിൽ ഇല്ലാത്ത ഒരു പിരീയഡിൽ ഞങ്ങളുടെ ഷഡികളി അങ്ങനെ പുരോഗമിക്കുകയായിരുന്നു. ചെക്കന്മാർ കണ്ടാൽ നാണക്കേടല്ലേ... അതുകൊണ്ട് ഈ ഷഡി പൊക്കി കളിക്ക്‌ മാത്രം ഞങ്ങൾ മറ്റ്‌ ബെഞ്ചുകാരെ കൂട്ടാറില്ല.അതിനാൽ തന്നെ അഞ്ചു പേരുള്ള ആ ഒരു ബെഞ്ചിന്റെ ഇടത്തേ അറ്റവും വലത്തേ അറ്റവും അതിന്റെ ബോർഡറായി പണ്ടേ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

അങ്ങനെ പ്രിൻസിയുടെയും ഷീബയുടേയും ബിന്ദുവിന്റേയുമൊക്കെ ഷഡിയുടെ കളർ ഞങ്ങൾ വളരെ എളുപ്പത്തിൽ പറഞ്ഞു.
ഒന്നല്ലെങ്കിൽ നീല അല്ലെങ്കിൽ ചോപ്പ.അതിൽ കൂടുതൽ ഷഡികൾ ഒന്നും അന്ന് ആർക്കും ഉണ്ടായിരുന്നില്ല!.

ബെഞ്ചിന്റെ വലത്തേ അറ്റത്ത് ഇരിക്കുന്നത് ഞാനാണ്.എനിക്ക് മുൻപേ ഒരുത്തി വരിയിൽ ഇരിക്കുന്നുണ്ട്.പേര് പറയുന്നില്ല.നമുക്ക് അവളെ 'താരം' എന്നു വിളിക്കാം.

അടുത്തത്ത് താരത്തിന്റെ ഊഴമാണ്.ഞങ്ങൾ അവളുടെ ഷഡിയുടെ കളർ നീല, ചോപ്പ, കാപ്പി എന്നൊക്കെ പറഞ്ഞു.അപ്പൊ അവള് പറയാ...

" ഞാനില്ല ഈ കളിക്ക്."

"അതെന്താ നീ ഇല്ലാത്തെ പറയ്...പറയെടി...
പച്ചയാണോ" ഷീബ ചോദിച്ചു.

"അല്ല..." അവൾ ഇത്തിരി കടുപ്പിച്ച് പറഞ്ഞു.

"എങ്കി നീ ഒന്ന് പൊക്കി കാട്ട്.ഞങ്ങ കാണട്ടെ! അറ്റത്തിരിക്കുന്ന ബിന്ദു ഡെസ്ക്കിൽ ചാഞ്ഞുകിടന്ന്‌ പറഞ്ഞു.

താരം ഒന്നു കിടുങ്ങി. "ഞാൻ പറഞ്ഞില്ലേ...ഞാനീ കളിക്ക് ഇല്ലെന്ന്!! "അവളുടെ ഇരുണ്ട മുഖത്ത്‌ ദേഷ്യവും ഇരുണ്ടു കൂടി.

"എന്നാ നീ തോറ്റെന്ന് സമ്മയ്ക്ക് " ഞാൻ പറഞ്ഞു.

"ഞാൻ തോറ്റിട്ടും ഇല്ല നിങ്ങ ജയിച്ചിട്ടും ഇല്ല.
ഇന്നാ കണ്ടോ.."

അവൾ തന്റെ പാവാട പതിയെ പതിയെ മടക്കി മടക്കി മുകളിലോട്ടു കയറ്റി.ഞങ്ങൾ നാലുപേരും കമിഴ്ന്ന് കിടന്ന് അവളുടെ തുടയെ ഫോക്കസ് ചെയ്ത് കണ്ണൊക്കെ സൂം ചെയ്തങ്ങട് വരണനേരത്ത് അവൾ പാവാട ഒരൊറ്റ ഊർത്തല് കൊടുത്തു.എന്നിട്ട് ഞങ്ങളോട് ചോദിച്ചു...

"കണ്ടില്ലേ...? കറുപ്പാ!"

"കറുപ്പയോ....ഞങ്ങൾ ഒന്നും കണ്ടില്ല....നീ അപ്പോഴേക്കും പാവാട താത്തീല്ല്യേ!!'
ഞങ്ങളെല്ലാവരും ഒരുമിച്ച് ചോദിച്ചു.

'ഹോ! എന്നെക്കൊണ്ട് വയ്യ ഇനി കാണിക്കാൻ.
അത് കറുപ്പയാ.ഞാൻ ജയിച്ചു."താരം പാവാട രണ്ടു കയ്യും കൊണ്ട് കൂട്ടിപിടിച്ച്‌ പറഞ്ഞു.

"അയ്യടി...ഞങ്ങളെ ആദ്യം കാണിച്ചു താ എന്നിട്ട് മതി മോള് ജയിച്ചെന്നും പറഞ്ഞ് തുള്ളാൻ."
ബിന്ദു അറ്റത്തിരുന്ന് ഉറഞ്ഞു തുള്ളി.

"നീ കണ്ടോടി ലിപി?" ഷീബ എന്നോട് ചോദിച്ചു.

"ഏയ് ഞാൻ കണ്ടില്ല.അപ്പ്‌ളെക്കും അവള് പാവാട താത്തീല്ലേ!!" ഞാൻ കൈ മലർത്തി.

"ഒന്നൂടെ കാണിച്ചേ....നോക്കട്ടെ"
ഞാൻ അവളോട്‌ പറഞ്ഞു.

നിവൃത്തികേട് കൊണ്ട് അവൾ പിന്നേം പാവാട മടക്കി പയ്യെ പയ്യെ തെറുത്ത്‌ കയറ്റി...ഞങ്ങൾ നാലും ഡെസ്ക്കിൽ തല വെച്ച് താഴോട്ടും നോക്കി ഞങ്ങളുടെ വിജയം ഉറപ്പാക്കി ഇരിപ്പായി.

ഇത്തവണ പാവാട തെറുത്തു കയറ്റുമ്പോൾ അവളുടെ മുഖത്ത് എനിക്ക് മനസ്സിലാകാത്ത ഏതോ ഒരു ഭാവം. അവൾ വളരെ ശ്രദ്ധയോടെയാണ് പാവാട തെറുത്തു കയറ്റുന്നത്. അവൾ തന്റെ രണ്ടു കൈ കൊണ്ടും വലത്തേ ഭാഗത്തെ പാവാട തുടയുടെ അറ്റം വരെ എത്തിച്ചു.ഷഡിയുടെ കളർ അറിയാൻ ഞങ്ങൾ കണ്ണും കാതും ചുണ്ടും കൂർപ്പിച്ചിരിക്കുന്നനേരം....
ആരോ അലറി...

"ദേ..ടീച്ചർ!"

എല്ലാവരും ഒരുപോലെ ഞെട്ടിയെണീറ്റു.ആ ഞെട്ടലിൽ അവൾ തെറുത്തു കയറ്റിയ പാവാട താഴത്തേക്ക് പോകുന്നതിന് പകരം അവളുടെ വലത്തേ എളിയിലേക്ക് ഏങ്ങോണിച്ച്‌ പോയി!

ഞാൻ കണ്ടു....കറുപ്പയാ!.പക്ഷെ അത്... അത്... ഷഡി അല്ല!വെറും ഒരു കറുത്ത അരഞ്ഞാണ ചരട് മാത്രം!അതിന് മുകളിലോ താഴെയോ ആയി ഷഡിയുടെ ഒരംശം പോലുമില്ല!!

താരം ഷഡി ഇട്ടട്ടില്ല!!

ഞാൻ ഒന്ന് ഞെട്ടി.ആ ഞെട്ടലിന്റെ ശക്തിയിൽ തന്നെ ടീച്ചർക്ക് ഗുഡ് മോർണിംഗ് എണീറ്റു നിന്ന് പറയുകയും ഇരിക്കുകയും ചെയ്തു.

ഞാൻ ഞെട്ടിയത് പോലെ തന്നെ അവളും ഞെട്ടിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.ഞാനത് കണ്ടിട്ടാണ് ഞെട്ടിയതെങ്കിൽ... അവൾ ഞാനത് കണ്ടോ എന്നോർത്തിട്ടാണ് ഞെട്ടിയത് എന്നുള്ള വ്യത്യാസം മാത്രം!.

കണക്കു പുസ്തകം ബാഗിൽ നിന്ന് വലിച്ചെടുക്കുന്ന നേരത്ത് അവൾ എന്റെ മുഖത്തേക്ക് പാളി നോക്കുന്നത് ഞാനെന്റെ ഇടം കണ്ണാലെ കണ്ടു.

അവളുടെ ഹൃദയത്തിൽ നിന്നും ഉയർന്നു വന്ന നിസ്സഹായതയുടെയും നാണക്കേടിന്റെയും കറുത്ത പുകച്ചുരുളുകൾ ഏറ്റിട്ടാകാം അവളുടെ മുഖത്തെ ഭാവം മുഴുവൻ അന്നേരം ഇരുണ്ടിരുന്നു.

അവളുടെ വീട്ടുകാരെപ്പറ്റി എന്റെ അമ്മ പതം പറയുന്നത് ഞാനിടക്ക്‌ കേൾക്കാറുണ്ട്.
'ഉണ്ണാനും ഉടുക്കാനും ഇല്ലാത്തേറ്റങ്ങളാണ്....
എങ്ങനെ മൂന്നെണ്ണത്തിനെ പോറ്റുന്നോ ആവോ!'

അവൾക്ക്‌ സ്വന്തമായി നല്ലോണം കുടിക്കുന്ന ഒരച്ഛനും ഒരു പാവം പിടിച്ച അമ്മയും അവളേക്കാൾ രണ്ടു വയസ്സ് വീതം മാത്രം മൂപ്പുള്ള രണ്ടു ചേച്ചിമാരും ആണുള്ളത്. വീടുണ്ടോന്ന് ചോദിച്ചാൽ...ഉണ്ടെന്നും.അത് വീടാണോ എന്ന്‌ ചോദിച്ചാൽ അല്ലെന്നും പറയാം.അത്ര തന്നെ!

കളർ ഡ്രെസ്സിടാൻ പറയുന്ന ദിവസങ്ങളിൽ അവളും അവളുടെ ചേച്ചിമാരും കുഴൂർ സോസൈറ്റിയിൽ നിന്നും കിട്ടുന്ന തുണി കൊണ്ട് തയ്ച്ച ഒരു നീല പുള്ളി ബ്ലൗസും പാവാടയുമാണ് എന്നും എല്ലാ കൊല്ലവും ഇടാറുള്ളത്.

ഒരുമിച്ചു കണ്ടാൽ അവരെ തമ്മിൽ മാറിപ്പോകും!ഒരു ദിവസം ഒളിച്ചു കളിക്കുന്ന സമയത്ത് ഇവൾ ആണെന്ന് കരുതി ഞാൻ ഓടിപോയി തൊട്ടത് നീലകളർ പാവാടയിട്ട ഇവളുടെ ചേച്ചിയെയാണ്!.

അവളുടെ ഹൃദയം കിടന്ന് ഉരുകുന്നതിന്റെ ചൂട് ഒരു ഉയർന്ന നിശ്വാസമായി എന്റെ കാതിൽ വന്ന് പതിച്ചു.ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കുറ്റം കണ്ടുപിടിച്ചോയെന്ന ആധി അവളുടെ കണ്ണിൽ നിന്നും അഗ്‌നിയായി ഉയർന്നുവന്നു.

കണക്ക് ടീച്ചർ എന്തോ എഴുതുവാൻ ബോർഡിലേക്ക് തിരിഞ്ഞ നേരം ബിന്ദു തല വെട്ടിച്ച് കുശുകുശുത്തു...

"ഡി ലിപി....നീ കണ്ടാ? ന്തുട്ടാ കളറ്? കറുപ്പാ?

അവളുടെ ചോദ്യം കേട്ട് ഞാനും താരവും ഒരുപോലെ ഞെട്ടി.എന്റേം അവളുടേം കണ്ണുകൾ തമ്മിൽ ഒന്നുടക്കി.അരുതാത്തത് എന്തോ ഇപ്പോൾ സംഭവിക്കും എന്ന ഭയം അവളുടെ മുഖത്ത് ചായം പോലെ പടർന്നു.

അവളുടെ കണ്ണിൽ വിരിഞ്ഞത് ദാരിദ്ര്യത്തിന്റെ നിസ്സഹായതയും കുറ്റവാളിയുടെ അപേക്ഷയും ആയിരുന്നെങ്കിൽ എന്റെ കണ്ണിൽ വിരിഞ്ഞത് സത്യത്തിന്റെ ഏറ്റുപറച്ചിലും കളിയുടെ വിജയവുമായിരുന്നു.

എങ്കിലും എന്നിലെ നാലാം ക്ലാസുകാരി തലങ്ങും വിലങ്ങും ചിന്തിച്ചു.സത്യം പറയണോ... അതോ നുണ പറയണോ. നുണ പറയുന്നത് പാപം അല്ലേ! സത്യം പറഞ്ഞാലല്ലേ കളി ജയിക്കൂ. അല്ല... ഞാനിപ്പോ എന്തിനാ അവൾക്ക് വേണ്ടി നുണ പറയുന്നേ?.അവൾ നുണ പറഞ്ഞിട്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്!അവൾക്ക്‌ നുണ പറയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
ഷഡി ഇട്ടട്ടില്ല എന്ന കാര്യം അങ്ങട് തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്തായിരുന്നു അവൾക്കൊരു കുഴപ്പം!!

ഞാൻ സത്യമേ പറയു...ഞാൻ എന്റെ മനസ്സിനോട് പറഞ്ഞു.

"പറയെടി പോത്തേ...കറുപ്പയാ? ഇത്തവണ ഷീബയുടേതാണ് ചോദ്യം...

"ഉം...കറുപ്പയാ..." എന്റെ നാവ്‌ എന്റെ സമ്മതമില്ലാതെ ഉത്തരം പറഞ്ഞു.

അതുകേട്ട് താരത്തിന്റെ മുഖത്തും കണ്ണിലും ആശ്വാസത്തിന്റെ പ്രകാശ കിരണങ്ങൾ തെളിഞ്ഞു നിന്നു.ഒരു ദീർഘശ്വാസം വിട്ട് തന്റെ ഹൃദയത്തിന്റെ അറകളിലേക്ക്
ആളിപ്പടർന്ന അഗ്‌നിയെ അവൾ ഊതികെടുത്തി.
അവളുടെ വിറക്കുന്ന ചുണ്ടിൽ നിന്നും നന്ദിയുടെ ഒരു ചെറുപുഞ്ചിരി എന്നിലേക്ക്‌ അടർന്ന് വീണു.

ഒന്നും അറിയാത്ത പോലെ ഞാനും അവളെ നോക്കി പയ്യെ ചിരിച്ചു.

സത്യം പറയാഞ്ഞത് എത്ര നന്നായി എന്ന് അപ്പോൾ ഞാനോർത്തു.പറഞ്ഞിരുന്നെങ്കിൽ അവളുടെ ആത്മാഭിമാനത്തിന് ഏൽക്കേണ്ടി വരുമായിരുന്ന ആഘാതത്തെക്കുറിച്ച്‌ അപ്പോഴാണ് ഞാൻ കൂടുതൽ ബോധവതിയായത്. സത്യം പറയാഞ്ഞതിൽ എന്റെ നാവിനെ ഞാൻ തന്നെ അന്ന് കുറേ അഭിനന്ദിച്ചു.

"അപ്പൊ നീ ജയിച്ചു. നിനക്ക് ഒരു പോയിന്റ്"

പ്രിൻസി പോയിന്റ് എഴുതുന്ന ബുക്കിൽ ടീച്ചർ കാണാതെ അവളുടെ പോയിന്റ് എഴുതി ചേർത്തു.

മറ്റൊരാൾക്ക് പോയിന്റ് കിട്ടുന്നതിൽ എന്നും അസ്വസ്ഥയായിരുന്ന ഞാൻ അന്ന് ആദ്യമായി അവളുടെ പേരിന് നേരെ പോയിന്റ് എഴുതിചേർക്കുന്നത് ഒട്ടേറെ അഭിമാനത്തോടെ സന്തോഷത്തോടെ സ്വസ്ഥമായി നോക്കികൊണ്ടിരുന്നു.


By Lipi Jestin

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo