നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെറുതെ ഒരു ഭാര്യ


"എന്താ വിവേക് നിന്റെ ചെവിയിൽ ടാർ ഉരുക്കിയൊഴിച്ചിട്ടുണ്ടോ?"

ഗ്ലാസ്സിലേക്ക് ചായ പകർത്തുന്ന വിവേക് പിന്നിൽ നിന്നു കേട്ട ശബ്ദം കേട്ട് ഞെട്ടിതിരിഞ്ഞു.

മുടിയും വാരിക്കെട്ടി കലി തുള്ളി നിൽക്കുന്ന ഭാര്യയെ കണ്ടതോടെ അവന്റെ കൈയ്യിലെ ചായഗ്ലാസ് വിറച്ചു.

"എത്ര നേരമായി ഒരു ചായയ്‌ക്കായി തൊണ്ട പൊട്ടി വിളിക്കുന്നു."

വിവേക് ചായഗ്ലാസ്സ് ഭാര്യയ്ക്കു നേരെ നീട്ടി.

" ഞാൻ കേട്ടില്ല അനൂ കേട്ടിരുന്നെങ്കിൽ ഞാൻ ബെഡ്റൂമിലക്ക് എത്തിച്ചു തരില്ലായിരുന്നോ?"

വിവേക് അതും പറഞ്ഞ് ചപ്പാത്തി പരത്താൻ തുടങ്ങി.

"ഇതെന്താ കഷായ മോ? ഇതുവരെ ഒരു നല്ല ചായയിടാൻ വിവേക് പഠിച്ചിട്ടില്ലേ?"

ഒരിറക്ക് കുടിച്ചതിനു ശേഷം, ബാക്കി ചായ സിങ്കിലേക്ക് കമഴ്ത്തി അവൾ ചവുട്ടിതുള്ളി അകത്തേക്ക് പോയി.

അവളുടെ പോക്കും നോക്കി വിവേക് പല്ലിറുമ്മി.

കാലത്ത് അഞ്ചു മണിക്ക് എഴുന്നേറ്റ് പെടാപ്പാട് പെടുന്നതാണ്.

പ്രഭാതകൃത്യങ്ങൾ നടത്തി, കുളിച്ച് ദൈവങ്ങളെ പ്രാർത്ഥിച്ച് അടുക്കളയിലേക്കെത്തുമ്പോഴെയ്ക്കും അഞ്ചരയായി.

ഇന്നലെ കഴുകാൻ ബാക്കിയുണ്ടായിരുന്ന പാത്രങ്ങളും, അടുക്കളയും വ്യത്തിയാക്കി തീർന്നപ്പോഴെയ്ക്കും ആറു മണിയായ്.

കെറ്റിലിൽ ചായയ്ക്കുള്ള വെള്ളം വെച്ചപ്പോഴാണ്, പടിക്കൽ നിന്ന് മീൻക്കാരൻ കുമാരേട്ടന്റെ വിളി വന്നത്.

പാത്രവുമായി അങ്ങോട്ട് പോയി, നല്ല മീൻ തിരഞ്ഞെടുക്കുമ്പോഴെയ്ക്കും അഞ്ച് മിനിറ്റ് അവിടെ പോയി.

അപ്പോളായിരിക്കാം ബെഡ് റൂമിൽ നിന്ന് അനു ചായക്കു വേണ്ടി വിളിച്ചത്.

ഒന്നു രണ്ടു തവണ വിളിച്ചിരിക്കാം -

അതു കേട്ടില്ലെന്നു പറഞ്ഞാണ് ഈ അങ്കം.

വിവേകിന്റെ കണ്ണിൽ നീർനിറഞ്ഞു തുടങ്ങി.

കരിപിടിച്ച ചുമരിൽ ചാരി നിന്ന് നെടുവീർപ്പിടുമ്പോഴെയ്ക്കും ബെഡ് റൂമിൽ നിന്ന് അനുവിന്റെ വിളിയെത്തി.

തോളിൽ കിടന്ന ടവലെടുത്ത് കണ്ണുതുടച്ചുക്കൊണ്ട് വിവേക് ബെഡ്റൂമിലേക്ക് ഓടി.

" എന്റെ സാരിയൊന്നു ഇസ്തിരിയിടണം. ഇന്നലെ ചെയ്തതുപോലെ വേണ്ടാവെറുക്കനെ ചെയ്യരുത്"

ഒന്നും മനസ്സിലാവാതെ വിവേക് അനുവിനെ നോക്കി.

"ആത്മാർത്ഥതയോടെ ചെയ്യണമെന്"

അനുവിന്റെ ശബ്ദത്തിലെ കാഠിന്യം വിവേകിനെ വല്ലാതാക്കി.

തലകുലുക്കി പുറത്തേക്ക് വരുമ്പോഴാണ് ചപ്പാത്തിയുടെ കാര്യം ഓർമ്മ വന്നത്.

ഓടി ചെന്ന് ചപ്പാത്തി പരത്തുന്നതിനു മുന്നായി പരിപ്പെടുത്ത് കുക്കറി ലിട്ടു.

ഇന്നലെ അരിഞ്ഞു വെച്ച സാമ്പാർ കഷ്ണങ്ങൾ ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് വെച്ചു.

"ഉണ്ടാക്കാനറിയുമെങ്കിൽ ഉണ്ടാക്കിയാൽ മതി അല്ലെങ്കിൽ ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചോളാം"

പിന്നിൽ നിന്നു ശബ്ദം കേട്ടപ്പോൾ വിവേക് - തിരിഞ്ഞു നോക്കിയില്ല.

ഇന്നലെയുണ്ടാക്കിയ ചപ്പാത്തി മൃദുവായില്ലെന്ന് പറഞ്ഞ് തുടങ്ങിയ ശകാരത്തിന്റെ ബാക്കിയാണ് പിന്നിൽ നിന്നുയരുന്നതെന്ന് അവനറിയാം,

അനു-ടവലുമെടുത്ത് കുളിമുറിയിലേക്ക് കടക്കുന്നത് കണ്ട വിവേകിന്റെ പണിക്ക് വേഗത വർദ്ധിച്ചു.

ഇടയ്ക്കവന്റെ വിരൽ കത്തിക്കൊണ്ടു മുറിയുകയും, കൈതണ്ടയിൽ ചുടുവെള്ളം വീണ് പൊള്ളുകയും ചെയ്തു.

അതൊന്നും വകവെക്കാതെ ഡൈനിങ്ങ് ടേബിളിൽ അനുവെത്തുന്നതിനു മുൻപ് എല്ലാം ശരിയാക്കാനുള്ള തത്രപ്പാടിലായിരുന്നു അവൻ.

അല്ലെങ്കിൽ അനുവിൽ നിന്ന് കണ്ണുപൊട്ടുന്ന ചീത്ത കേൾക്കുമെന്ന ഭയത്തിലായിരുന്നു വിവേക്.

ചപ്പാത്തിയും, സാമ്പാറും തയ്യാറാക്കി ചോറ് വാറ്റുന്നതിനിടയിലാണ്, വിവേക് പിന്നിൽ നിന്നൊരു ചിണുങ്ങൽ കേട്ടത്.

തുമ്പി മോൾ.

എട്ടു മണിക്ക് തുമ്പി മോളുടെ സ്ക്കൂൾ ബസ് വരും.

അതിനിടയിൽ എല്ലാം നടത്തി അവളെ അണിയിച്ചൊരുക്കണം.

വിവേക് തലനീട്ടി ക്ലോക്കിലേക്കു നോക്കി.

കൃത്യം ഏഴ് മുപ്പത്.

അര മണിക്കൂറിനുള്ളിൽ അവളെയൊരുക്കി, ടൈംടേബിൾ നോക്കി പുസ്തകവും, ടിഫിനും ബാഗിലെടുത്തുവെച്ച് പടിക്കലെത്തണം.

തല പെരുക്കുന്നതു പോലെ തോന്നി വിവേകിന് .

തളർന്നു പോകുന്നതു പോലെ തോന്നിയപ്പോൾ ചുമരിൽ ചാരി നിന്നു വിവേക്.

മൊരിയുന്ന ചപ്പാത്തിയെയും, തിളക്കുന്ന സാമ്പാറിനെയും, തുമ്പിമോളെയും, ചുമരിലെ ക്ലോക്കിനെയും രണ്ട് മിനിറ്റ് നേരം മാറി മാറി നോക്കി വിവേക്.

"വിവേക് പൈപ്പിൽ വെള്ളം കഴിഞ്ഞെന്നാ തോന്നുന്നേ- ആ മോട്ടോർ ഒന്നു ഓൺ ചെയ്യ് "

കുളിമുറിയിൽ നിന്നു അനു-വിളിച്ചു പറഞ്ഞപ്പോൾ അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടായി വിവേകിന്.

എങ്ങിനെയൊക്കെയോ എത്തിപ്പിടിച്ച് അനുവിനും, തുമ്പി മോൾക്കും ബ്രേക്ക് ഫാസ്റ്റ് കൊടുത്ത്, അവർക്കുള്ള ലഞ്ച് ബോക്സും നിറച്ച് അവരെ യാത്രയാക്കുമ്പോൾ, ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയിലായിരുന്നു വിവേക്.

ഒരു ചിരി പോലും തരാതെ അനു നടന്നകലുമ്പോൾ, ഉള്ളിൽ ഒരു വിഷമമുയർന്നെങ്കിലും, ഒരു ചെറുപുഞ്ചിരിയോടെ വിവേക് തന്റെ ഒരുക്കങ്ങൾക്ക് തുടക്കമിട്ടു.

അനുവിനും വിവേകിനും ഒരു പ്രൈവറ്റ് -കമ്പനിയിൽ തന്നെയാണ് ജോലി.

ഒൻപതു മണിക്ക് അറ്റൻഡസിൽ ഒപ്പ് വെച്ചില്ലെങ്കിൽ മാനേജരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും.

വിവേക് പെട്ടെന്ന് അണിഞ്ഞൊരുങ്ങി, വാതിൽ അടച്ച് പുറത്തിറങ്ങുമ്പോൾ സമയം എട്ട് - അൻപത്.

തിരക്കേറിയ റോഡിലൂടെ തന്റെ ബുള്ളറ്റിലൂടെ പായുമ്പോൾ, യുദ്ധം ജയിച്ച് പോകുന്ന ഒരു പടയാളിയുടെ മനസ്സായിരുന്നു വിവേകിന്റെത്.

സമയം വൈകിയതിന് ചീത്ത കേട്ടെങ്കിലും, ഒരു പുഞ്ചിരിയോടെ അകത്ത് കടന്ന വിവേകിന്റെ നോട്ടം, തൊട്ടടുത്ത് കസേരയിലിരുന്നു ഏതോ ഫയൽ നോക്കുന്ന അനു വിൽ ചെന്നെത്തി.

സങ്കടംകൊണ്ടും അമർഷം കൊണ്ടും വിവേകിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു വന്നു.

വൈകിട്ട് ജോലി കഴിഞ്ഞ് വന്ന വിവേക് ബൈക്കിൽനിന്നിറങ്ങി ചൂലെടുത്ത് മുറ്റത്ത് വീണ കരിയിലകൾ തൂത്തു തുടങ്ങിയപ്പോൾ, ഒപ്പം വന്ന അനു വാതിലും തുറന്ന് അകത്തേക്ക് കയറി.

"വിവേക് ഒരു ചായ "

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ടി.വിയുടെ മുന്നിൽ നിന്ന് അനുവിന്റെ വിളി കേട്ട്, അരിശത്തോടെ ചൂൽ ഒരു വശത്തേക്ക് എറിഞ്ഞു അകത്ത് കയറി വിവേക്‌.

ചായയ്ക്കുള്ള വെള്ളം കെറ്റിലിൽ വെച്ചു ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ പുറത്തേക്കിറങ്ങിയതും വീണ്ടും വന്നു വിളി.

" ആ പാലും കൂടി ചൂടാക്കിക്കോ വിവേക് - മോളെ അമ്മ കൊണ്ടുവന്നിട്ടുണ്ട് "

വേഗം സ്ക്കൂളിൽ നിന്ന് വരുന്ന തുമ്പി മോൾ, അനുവിന്റെ വീട്ടിലാണ് ഇറങ്ങാറ്.

അവിടെ നിന്ന് തുമ്പി മോളെയും കൊണ്ട് അനുവിന്റെ അമ്മ വിവേകിന്റെ വീട്ടിലെത്തുമ്പോൾ ആറ് മണിയാകും-

ഇനിയും അടുക്കളയിൽ നിന്നാൽ അവളുടെ അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കാൻ ഓർഡറിടുമെന്ന പേടിയിൽ eവഗം തന്നെ വിവക് പുറത്തു കടന്നു.

കാലത്തെ അതേ ജോലിയുടെ പുനരാവർത്തനത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന വിവേക് വല്ലാതെ ക്ഷീണിച്ചിരുന്നു.

അനുവിനും,തുമ്പി മോൾക്കും രാത്രി ഭക്ഷണം കൊടുത്ത്, ടേബിളും തുടച്ച്, പാത്രങ്ങൾ വൃത്തിയാക്കി തീർന്നപ്പോൾ വിവേകിന്റെ വിശപ്പ് കെട്ടിരുന്നു.

സിങ്കും, കിച്ചനും വൃത്തിയാക്കി ,ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച് ബാത്ത് റൂമിലേക്ക് പോകുമ്പോൾ വല്ലാതെ തളർന്നു പോയിരുന്നു വിവേക്.

കുളിച്ച് ബെഡ്റൂമിലെത്തിയ വിവേക്, അനു ഉറക്കമായെന്ന് മനസ്സിലായതോടെ ശബ്ദമുണ്ടാക്കാതെ അരികത്ത് കിടന്നു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ, തന്റെ നെഞ്ചിലൂടെ ഇഴയുന്ന കൈ അനുവിന്റേതാണെന്ന് മനസ്സിലായി.

"നല്ല ഷാംപൂം സോപ്പും ആണല്ലോ വിവേക് "

അനു, വിവേകിനെ തന്റെ അരികത്തേക്ക് വലിച്ചപ്പോൾ അവൻ കുതറിയകന്നു.

" പകൽ ദേഷ്യപ്പെട്ട തൊക്കെ ഉള്ളിൽ തട്ടി യിട്ടല്ല വിവേക് "

വീണ്ടും അവനിലേക്ക് ചാഞ്ഞ അനുവിനെ വിവേക് തട്ടിമാറ്റി.

"വല്ലാത്ത ക്ഷീണം അനു. ശരീരത്തിൽ -എവിടെയൊക്കെ അസ്ഥികൾ നുറുങ്ങിയതുപോലെ - ശ്വാസമെടുക്കാൻ പോലും കഴിയുന്നില്ല"

" ശവം - ഒന്നിനും കൊള്ളില്ല "

നിരാശയിലാണ്ട അനുവിന്റെ കോപത്തിലാണ്ട വാക്കുകൾ കേട്ടപ്പോൾ വിവേകിന്റെ കണ്ണ് നിറഞ്ഞു.

മൗനസാന്ദ്രമായ നിമിഷങ്ങൾക്കൊടുവിൽ വിവേക് അനുവിന്റെ കൈപ്പത്തിയിൽ പതുക്കെ തലോടി.

വീണ്ടും ആവേശത്തോടെ അനു, വിവേകിലേക്ക് ചേർന്നു കിടന്നപ്പോൾ അവൻ വീണ്ടും തള്ളി മാറ്റി പതിയെ മുരണ്ടു.

"അതിനല്ല കുരിപ്പേ"

"പിന്നെ?"

അനുവിന്റെ ശബ്ദത്തിൽ ദേഷ്യം പ്രകടമായിരുന്നു.

" നമ്മൾക്ക് ഈ ചലഞ്ച് അവസാനിപ്പിക്കാം"

അനുവിനെ തഴുകിക്കൊണ്ട് വിവേകത് പറഞ്ഞപ്പോൾ, അവൾ പതിയെ ചിരിച്ചു.

"ഇനി നാളെ മുതൽ, ആദ്യത്തെപോലെ തന്നെ ഞാൻ ഭർത്താവും നീ ഭാര്യയും ആയാൽ മതി"

വിവേകിന്റെ ശബ്ദം കലങ്ങിയിരുന്നു.

" ചലഞ്ച് തുടങ്ങിയിട്ട് രണ്ടുദിവസമായിട്ടുള്ളൂ വിവേക്. അഞ്ചു ദിവസത്തെ ചലഞ്ചാ നമ്മൾ പറഞ്ഞിരിക്കുന്നത് "

അനു-പതിയെ അവന്റെ നെറ്റിയിൽ തലോടി.

"വയ്യ അനൂ - അടുക്കളയിലും പറമ്പിലും ഓടിനടന്ന് ശരീരം തളരുമ്പോൾ, മനസ്സ് തളരുന്നത് ഗ്യാസ് ഓഫാക്കിയോ, ചായയിൽ മധുരം കൂടിയോ, കറിയിൽ എരിവ് കൂടിയോ എന്നൊക്കെയുള്ള ചിന്തയിലാണ് - ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ "

വിവേക് ശരിക്കും തളർന്നിട്ടുണ്ടെന്ന് അനുവിന് മനസ്സിലായി.

അനു-സ്നേഹത്തോടെ അവനരികിലേക്ക് ചേർന്നു കിടന്നു.

"രണ്ടു ദിവസം കൊണ്ട് വിവേകിന്റെ ശരീരവും, മനസ്സും ഇത്ര തളർന്നെങ്കിൽ ഏഴു വർഷം ഈ വീട്ടിൽ ഓടി നടക്കുന്ന എന്റെ ശരീരവും മനസ്സും എത്ര തളർന്നിട്ടുണ്ടാവും വിവേക്?"

അവളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ അവൻ കൺമുന്നിലെ ഇരുട്ടിലേക്ക് നോക്കി കിടന്നു.

കറിയിൽ ഉപ്പു കുറഞ്ഞാൽ, ചായയിൽ മധുരം കൂടിയാൽ, ചോറിൽ ഒരു മുടിയിഴ കണ്ടാൽ എന്നെ വിവേക് ചീത്ത പറയുമ്പോൾ ഞാൻ എത്ര വിഷമിച്ചിട്ടുണ്ടാകും?"

ഒന്നും പറയാതെ വിവേക് അവളുടെ കവിളിൽ തലോടിക്കൊണ്ടിരുന്നു.

അവൾ പറയുന്നതൊക്കെ സത്യമാണെന്ന് അവനറിയാമായിരുന്നു.

" എല്ലാം കഷ്ടപ്പെട്ട് ചെയ്തു തീർത്തിട്ടും ഇവിടെ മല മറിക്കുന്ന പണിയൊന്നുമില്ലല്ലോയെന്ന അവസാനമുള്ള ഒരു ചോദ്യമുണ്ടല്ലോ?

അവിടെയാണ് തകർന്ന് പോകുക - തളർന്നു പോകുക .മനസ്സും ഹൃദയവും കീറി മുറിഞ്ഞു പോകുക.

ദാമ്പത്യമെന്ന ചതുരംഗക്കളത്തിൽ വെറും കാലാൾപടകൊണ്ട് തന്റെ അഹന്തയുടെ കുതിരപ്പടയെ തകർത്തു കൊണ്ട് മുന്നേറുകയാണ് അനു.

" എന്തൊക്കെ സഹിച്ചും, കഷ്ടപ്പെട്ടും എന്ത് ചെയ്ത് കൊടുത്താലും, ഒടുക്കമുള്ള അവഗണന കാണുമ്പോൾ, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു സമയമുണ്ട്. ആ സമയത്ത് വേദനയോടെ ഓർക്കും - ഭാര്യയെന്നത് വെറുതെയുള്ള പദവിയാണെന്ന് "

അനു-കരയുകയാണെന്നറിഞ്ഞ വിവേകിന്റെ കണ്ണും നിറഞ്ഞു.

അവൻ അനുവിനെ അരികിലേക്ക് ചേർത്ത് കിടത്തി അവളുടെ മിഴികളിൽ ചുണ്ടമർത്തി.

" ഈ പണിയൊക്കെ കഴിഞ്ഞിട്ട് ബെഡ് റൂമിലെത്തുന്ന അവസ്ഥ ഇപ്പോൾ വിവേകിനറിയാമല്ലോ?

ശവം തന്നെയായിട്ടാ ചിലപ്പോഴൊക്കെ ബെഡ് റൂമിലെത്തുന്നത് - അതിനും കേൾക്കണം പഴി "

ഒന്നും പറയാതെ, വിവേക് അവളെ കേട്ടിരുന്നു.

"ഇതൊക്കെ ഞാൻ പറയുന്നതെന്തിനാണെന്നോ? എന്നെങ്കിലും, എപ്പോഴെങ്കിലും പാതിവഴിയിൽ ഞാൻ അവസാനിക്കുകയാണെങ്കിൽ.... "

അനു-വാക്കുകൾ പൂർത്തിയാക്കും മുൻപെ വിവേകിന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ ബന്ധിച്ചു.

വിവേകിന്റെ കണ്ണു നിറഞ്ഞു തുളുമ്പി!

അവളുടെ ചുണ്ടിൽ നിന്നും തന്റെ ചുണ്ടുകൾ -വേർപെടുത്തിയാൽ, താൻ ഉറക്കെ കരഞ്ഞു പോകുമെന്ന് അറിയാമായിരുന്ന വിവേക് അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.

അനു, വിവേകിന്റെ നെഞ്ചിൽ പതിയെ ഇടിച്ചു ചുണ്ടുകൾ വേർപെടുത്തി.

" ഈ നെഞ്ചിൽ എന്നോടുള്ള സ്നേഹം തിളച്ചുമറിയുന്നുണ്ടെന്നറിയാം - പക്ഷെ അത് എങ്ങിനെ പ്രകടിപ്പിക്കണമെന്ന് വിവേകിനറിയുന്നില്ല"

അനു-പതിയെ അവന്റെ മീശയിൽ തടവി.

" ഉള്ളിലെ ദേഷ്യം പ്രകടിപ്പിക്കുന്നതു പോലെ തന്നെ ഉള്ളിലെ സ്നേഹവും പ്രകടിപ്പിക്കണം വിവേക്?"

ഇടയ്ക്കെപ്പോഴോ വിവേകിന്റെ കൂർക്കം വലിയുയർന്നപ്പോൾ, ഇതുവരെ പറഞ്ഞതൊക്കെ വെറുതെയായെന്ന നിരാശയിൽ അനു കണ്ണടച്ചു.

ഉറക്കത്തിലെപ്പോഴോ തന്റെ നെറ്റിയിൽ നനവ് തട്ടിയപ്പോൾ അനു-പതിയെ കണ്ണു തുറന്നു.

കള്ള ചിരിയോടെ, തന്റെ നെറ്റിയിൽ ചുംബനമർപ്പിക്കുന്ന വിവേകിനെ കണ്ടതും, വല്ലാത്തൊരു ആവേശത്തോടെ അവനെ വാരി പുണർന്നു അനു

" ഇതുമതി വിവേക് -ഇത്രേം മതി. മനസ്സും ശരീരവും തളരുമ്പോൾ ഇതുപോലെയൊരു സ്പർശം മതി, ഒരു ഭാര്യയ്ക്ക് പുതുജീവൻ കിട്ടാൻ "

നീണ്ട വർഷങ്ങൾക്കു ശേഷം അന്നാദ്യമായി ,വിവേകിനെ എത്ര -മാറോട് ചേർത്തിട്ടും മതിയാവുന്നില്ലായെന്ന് അനുവിന് തോന്നിയത്.


By Santhosh Appukkuttan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot