Slider

യക്ഷി | Sreeja K Mangalath

0
 

ശാന്തമായൊഴുകുകയായിരുന്നു കുന്നിപ്പുഴ. 
നീശീഥിനിയുടെ കറുത്തിരുണ്ട മുടിയിഴകൾ കോതി, മെല്ലെ വീശുന്ന തണുത്ത കാറ്റിൽ കൈതപ്പൂവിൻ്റെ മാദകഗന്ധം.
ചെറിയ നിലാവത്ത് തികച്ചും അലൗകികമായി ധ്യാനാവസ്ഥയിൽ നിൽക്കുന്ന തപസ്വികളെപ്പോലെ കരിമ്പനകളുടെ നീണ്ട നിഴലുകൾ.
പെട്ടെന്നെവിടെനിന്നോ ചീറിപ്പാഞ്ഞുവന്ന ഇരുണ്ട രൂപം പുഴയ്ക്കരികെയെത്തി പെട്ടെന്ന് നിന്നു. 
അതൊരു മനുഷ്യനാണ്. ആറടിയോളം പൊക്കമുള്ള ആരോഗ്യ ദൃഢഗാത്രൻ!
കൈയ്യിൽ ഒരു ഭാണ്ഡവുമുണ്ട്!
എന്തിനെയോ കണ്ട് ഭയന്നപോലെ അയാൾ വീണ്ടും വീണ്ടും തിരിഞ്ഞ് തിരിഞ്ഞ് വന്ന വഴിയിലേയ്ക്ക് നോക്കിക്കൊണ്ടുതന്നെ പുഴവക്കിലേയ്ക്കിറങ്ങി, ഇരുകൈകളിലുമായി വെള്ളമെടുത്ത് മുഖംകഴുകിയശേഷം, കുറച്ച് വെള്ളവും കുടിച്ച് കിതപ്പാറ്റി.
അപ്പോഴേയ്ക്കും ആരൊക്കെയോ ഓടിവരുന്നതായുള്ള ശബ്ദങ്ങൾ അടുത്തെത്തിയിരുന്നു. കരിമ്പനക്കൂട്ടങ്ങൾ ഒന്നാകെ ഇളകിയാടി.
അയാൾ ഭയന്ന് ഞെട്ടിയെഴുന്നേറ്റു. നിമിഷങ്ങൾ പാഴാക്കാതെ ഓട്ടം തുടർന്നു.
അയാൾക്കുപിറകിൽ കുറ്റിക്കാടുമൊത്തം ഇളകിയാർത്തുപായുമ്പോലെ ഒരു ഇരുട്ടുകൂമ്പാരം..
എന്താണത്?
വേട്ടപ്പട്ടികൾ!
അഞ്ചെട്ടെണ്ണമുണ്ട്!
അയാൾ അവയുടെ തേറ്റയിൽത്തീരും അതുറപ്പാണ്!
അവ അയാളെ കണ്ടുകഴിഞ്ഞു!
ഭാണ്ഡത്തിൻ്റെ കനംമൂലം അയാൾ ക്ഷീണിച്ചുപോയിരുന്നു.
തളർന്ന കാലുകളുമായി ഒരു കുന്നിൻപ്രദേശത്തിലേയ്ക്ക് ഓടിക്കയറിയ അയാൾ, അവിടെയാദ്യം കണ്ട വൃക്ഷത്തിലേയ്ക്കുതന്നെ വലിഞ്ഞുകയറി. 
വൃക്ഷത്തിന്റെ ചുവട്ടിലേയ്ക്കുപോലും വരാതെ ഏതോ അദൃശ്യശക്തിയാൽ വലിച്ചുനിർത്തിയപോലെ അവറ്റകൾ വൃക്ഷക്കൊമ്പിലിരിയ്ക്കുന്ന അയാളെ നോക്കി, തേറ്റകൾ കാട്ടി കുരച്ചുചാടി. 
ഒരു ഞൊടിയിൽ, എവിടെനിന്നോ പൊട്ടിവീണ കനമുള്ള മരച്ചില്ലയുടെ ഒരു കഷണം ആ വേട്ടപ്പട്ടികൾക്കും വൃക്ഷത്തിനും ഇടയ്ക്കൊരു വരമ്പുതീർത്തു.
എന്തോ അരുതാത്തതുകണ്ടതുപോലെ അവറ്റകൾ ഭയന്ന് മോങ്ങിക്കൊണ്ട് ആദ്യമൊന്ന് പിന്നോട്ട് മാറി പിന്നെ ശാന്തരായി തിരിച്ചുപോയി.
ഇതുകണ്ട് വൃക്ഷക്കൊമ്പിൽനിന്നും ആശ്വാസത്തോടെ ഇറങ്ങാൻ തുനിഞ്ഞ
അയാളെ ഒരു ശബ്ദം തടഞ്ഞു.
"നീയാരാണ്?...ഇവിടെയെന്തിനു വന്നു?"
അപ്പോൾ വീശിയകാറ്റിന് പാലപ്പൂവിൻ്റെ ഗന്ധമായിരുന്നു.
ചുഴലുന്ന കാറ്റിൽ തനിക്ക് മോഹാലസ്യം വന്നുപോവുമോയെന്നയാൾ അതിയായി ഭയന്നു.
കാലുകൾ തളർന്ന് വീഴാനൊരുങ്ങിയ അയാളെ അരികിലേയ്ക്ക് നീണ്ടുവന്ന തണുത്ത മൃദുകരങ്ങൾ കോരിയെടുത്തു.
തന്നെ താങ്ങിയെടുത്ത കൈകളുടെ ഉടമയെ അയാൾ ക്ഷീണിച്ചകണ്ണുകളോടെ നോക്കി.
ഒന്നേ നോക്കിയുള്ളൂ.. അയാളൊന്നമ്പരന്ന് ആ കൈകളിൽനിന്നൂർന്ന്, നിവർന്നു നിന്നു.
ഇതാ മുന്നിൽ!
താമരയിതൾപോലെയുള്ള വിടർന്ന മിഴികളിൽ ,
ചെമ്പരത്തിച്ചോപ്പണിഞ്ഞ ചുണ്ടുകളിൽ, കുസൃതിച്ചിരിനിറച്ച് ഒരു സുന്ദരി.
മുണ്ടും മുലക്കച്ചയും കെട്ടി,
കരിനിറമാർന്ന നീണ്ടുലഞ്ഞമുടിയിൽ ഞാന്നിട്ട മുല്ലപൂക്കളുമായി.. അവൾ വീണ്ടും അവൻ്റെ അരികിലേയ്ക്ക് നീങ്ങി നിന്നു ചോദ്യം ആവർത്തിച്ചു.
"നീയാരാണ്....ഈ അർദ്ധരാത്രിയിൽ നീയിവിടെപ്പോകുന്നു?"
ലേശം ഭീതിയോടെയായിരുന്നെങ്കിലും അവളുടെ ചോദ്യം അയാളെ ചൊടിപ്പിച്ചതുകൊണ്ട്, പെട്ടെന്ന് അവളോടൊരു മറുചോദ്യം ചോദിക്കുകയാണയാൾ ചെയ്തത്. 
"ഞാനാരോ ആവട്ടെ! നിന്നെപ്പോലൊരു പെണ്ണ് ഈ അർദ്ധരാത്രിയിൽ ഈ വിജനതയിലെ ഇരുട്ടിൽ എന്തിനു വന്നു?"
"ഹഹഹഹഹഹ ഹതു കൊള്ളാം... എന്നോടോ ചോദ്യം...ഞാനിവിടത്തെ കടത്തുകാരിയാണ്. എൻ്റെ പിതാവിൻ്റെ കടത്തുതോണിയാണ് ആ കാണുന്നത്. ഇന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുള്ളതുകൊണ്ട് ഞാൻ വന്നുവെന്നേയുള്ളൂ.. നിങ്ങൾക്ക് പോകേണ്ടത് കുന്നിപ്പുഴയുടെ അക്കരേയ്ക്കാണോ.... വേഗം പറയണം.. സമയം പോകുന്നു.."
അവളുടെ പൊട്ടിച്ചിരിച്ചുകൊണ്ടുള്ള ആ മറുപടി പക്ഷേ, അയാളെ വിശ്വസിപ്പിക്കാൻ തക്കതായിരുന്നില്ല. 
"എനിക്ക് മേലാങ്കോട് ദേശത്തേയ്ക്കാണ് പോകേണ്ടത്. അവിടെ മേലാങ്കോട് അച്ചംപടി മൂത്തനായരുടെ വക വിശിഷ്ടമായൊരു പൂജ നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കാനാണ് പോകുന്നത്. പുലർച്ചെ അവിടെയെത്തണം...ഇപ്പോൾത്തന്നെ വളരെ വൈകി... ആ വേട്ടപട്ടികൾ എവിടെ നിന്നു വന്നുവെന്നറിയില്ല! അവറ്റകൾ എന്നെ വഴിതെറ്റിച്ചതാണ്!"
"ഓഹ്...മേലാങ്കോട്... അറിയാം... കുന്നിപ്പുഴയ്ക്കക്കരെച്ചെന്ന് ഒരിരുന്നൂറ് വാര കിഴക്ക് മാറി ഒരു ദേവീക്ഷേത്രമുണ്ട്. അവിടെനിന്ന് വടക്ക് നേരെനോക്കിയാൽ കാണുന്ന മാളിക അച്ചംപടിക്കാരുടേത്... സമയം പാഴാക്കേണ്ട...കയറിക്കോളൂ...."
വഴി കൃത്യമായിപ്പറഞ്ഞുതന്നതുകൊണ്ടോയെന്തോ അയാൾ ആശ്വാസത്തോടെ അവളെനോക്കി പുഞ്ചിരിച്ചുകൊണ്ട്, താഴെ വീണുപോയ തൻ്റെ ഭാണ്ഡമെടുത്ത് തോളിലിട്ട് പുഴയ്ക്കരികിലെ തോണിയിലേയ്ക്ക് കടന്നിരുന്നു. അയാളോടൊപ്പം അവളും പങ്കായവുമെടുത്ത് തോണിയിലേയ്ക്ക് കയറി പാങ്ങ്നോക്കിയിരുന്നു. 
മാനത്ത് അമ്പിളി, മേഘങ്ങളുടെ മറ നീക്കി മെല്ലെ പുറത്തു വന്നു. നിലാവിൻ്റെ ഇത്തിരിവെട്ടത്തിൽ അയാളവളെ മുഴുവനായിക്കണ്ടു.
അതിസുന്ദരി!
ആ ധൈര്യം ആകർഷണീയമാണ്.
അവളെനോക്കിയിരിക്കുമ്പോൾ,
ആ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ, അനിർവചനീയമായ ഒരാനന്ദം അയാളനുഭവിച്ചു.
ഏതോ ഒരു സുഗന്ധം അവരെ ചുഴിഞ്ഞു നിന്നു. 
"എന്താണാലോചിക്കുന്നത്? ഭയംവേണ്ട! ശരിയായ സമയത്ത് തന്നെ അവിടെയെത്തിച്ചേരാൻ കഴിയും! "
അവൾ അക്കരേയ്ക്ക് കൈചൂണ്ടി അയാളോട് പറഞ്ഞു.
"നിങ്ങൾ പേര് പറഞ്ഞില്ല?..."
നിലാവണിഞ്ഞ പുഴയിൽ, വിടർന്നുനിൽക്കുന്ന ആമ്പൽപൂക്കൾക്കിടയിലൂടെ മെല്ലെത്തുഴഞ്ഞ് നീങ്ങുമ്പോൾ, അവയിലൊന്ന് പറിച്ച് അയാൾക്ക് നീട്ടി അവൾ ചോദിച്ചു.
"ഞാൻ ഉത്തമവേദൻ.... മേലാങ്കുളത്ത്ന്ന്..വേദമന്ത്രങ്ങൾ പഠിക്കുന്നു..."
"ഈ ഭാണ്ഡത്തിൽ എന്താണ് മന്ത്രഗ്രന്ഥങ്ങളാണോ?..."
"അതെ...."
പിന്നെയും കുശലാന്വേഷണങ്ങൾ... ചിരികളിവർത്തമാനങ്ങൾ...
ഈ സംഭാഷണങ്ങളും, കുളിർനിലാവും അവസാനിക്കാതിരുന്നെങ്കിലെന്ന് അയാൾ ഒരു നിമിഷം അതിയായി മോഹിച്ചുപോയി. 
കൈയ്യിരുന്ന ആമ്പലിൽ മുത്തമിട്ട് അയാൾ അവളെനോക്കിയിരുന്നുപോയി.
ആ സൗന്ദര്യത്തിൽ ലയിച്ചങ്ങിനെ....
അതിനിടയ്ക്ക്, കൈയ്യിലുള്ള ഭാണ്ഡം ഊർന്ന് തോണിയിൽനിന്നും വെള്ളത്തിലേയ്ക്ക് വീണതുപോലുമറിയാതെ!
അപ്പോഴും തോണി കുന്നിപ്പുഴയുടെ കുഞ്ഞോളങ്ങളിലൂടെ മെല്ലെ നീങ്ങുകയായിരുന്നു.
തോണി ഏകദേശം മദ്ധ്യത്തിലായി.
ഒരു മോഹവലയത്തിൽപ്പെട്ടതുപോലെ ഉത്തമവേദനും അവളും... 
അയാളുടെ കരവലയത്തിനുള്ളിലായിരുന്നു അവൾ.
"നിൻ്റെ പേരെന്താണ് പെണ്ണേ...." 
പ്രേമപരവശ്യതയോടെ അവളുടെ കാതോരം മുഖംചേർത്ത് അയാൾ ചോദിച്ചു.
"സുഗന്ധിനി..." 
ഒരു വാടിയ താമരത്തണ്ടുപോലെ അയാളുടെ കൈകളിലൊതുങ്ങി അവൾ മെല്ലെ മൊഴിഞ്ഞു.
"പേരുപോലെത്തന്നെ നിനക്ക് വല്ലാതെ മോഹിപ്പിക്കുന്നൊരു സുഗന്ധമുണ്ട്..." അയാൾ അവളെ നെഞ്ചോടുചേർത്ത് പറഞ്ഞു.
ആ ലാസ്യരാത്രിക്കാഴ്ച കാണാൻ വയ്യാതെ അമ്പിളി നാണത്തോടെ വീണ്ടും മേഘങ്ങളിലൊളിച്ചു.
മെല്ലെ വീശുന്ന തണുത്ത കാറ്റിൽ ആടിയുലഞ്ഞ് അവരുടെ തോണി ദിക്കറിയാതെയൊഴുകിനീങ്ങി.
"ഹഹഹഹഹഹഹ...."
ഘോരമായ അട്ടഹാസം എവിടെയോ മുഴങ്ങിയോ?
!!!

°°°°°°°°°°°°°°°°
ആളിക്കത്തുന്ന ഹോമകുണ്ഠത്തിനരികിലായിരുന്നു വാസവദത്തനും കൂട്ടരും.
വാഴപ്പോളകൊണ്ട് അലങ്കാരങ്ങൾ തീർത്ത ചുറ്റുപന്തലിൽ അച്ചംപടി തറവാട്ടിലെ കുടുംബാംഗങ്ങളെല്ലാം സന്നഹിതരായിട്ടുണ്ട്. 
രക്തവർണ്ണമാർന്ന മന്ത്രക്കളത്തിൽ ചുടലകാളിയുടെ രൂപത്തിനരുകിൽ ഒരു ചുവന്ന പട്ട് നീളത്തിൽ ഒരാൾരൂപത്തിനുമേൽ വിരിച്ചിരിയ്ക്കുന്നു. അതിനു ചുറ്റുമായി ഇരുപത്തിയൊന്ന് നിലവിളക്കുകൾ തെളിച്ചുവെച്ചിരിയ്ക്കുന്നു. 
വലതുവശത്ത് വലിയ ഉരുളിയിൽ കുങ്കുമവും മഞ്ഞളും ചേർത്ത ഗുരുതിയും നാക്കിലയിൽ നിറച്ച് ചുവന്ന തെച്ചിയും ഒരുക്കിവെച്ചിട്ടുണ്ട്.
ആരെയോ കാത്തിരിയ്ക്കുകയാണോ എല്ലാവരും?
പടിപ്പുരയിലേയ്ക്ക് ഇടയ്ക്കിടെ വാസവദത്തനും നോക്കുന്നുണ്ട്. 
"എവിടെ ഉത്തമവേദൻ! സമയം ഇനിയധികമില്ല!
ഇനി കാത്തിരിയ്ക്കാനാകില്ല! 
ക്ഷമകെട്ട്, ഒടുവിൽ അദ്ദേഹം മന്ത്രക്കളത്തിലെ പീഠത്തിലേയ്ക്കിരുന്നു. 
കൈകൾ വായുവിലേയ്ക്കെറിഞ്ഞ് ചുഴറ്റികൊണ്ട് മന്ത്രങ്ങളോരോന്നായി ഉരുവിടാൻ തുടങ്ങിയ അദ്ദേഹം, പൂജാകർമ്മങ്ങളിലേയ്ക്ക് വേഗം തന്നെ കടന്നു. 

"ഓം ഹ്രീം... കാളീം...ലയകരീം.....
ഓം...ഹ്രീം...ക്രീം.. ക്ലീം..."
ചുറ്റിലുമുള്ളവർ ഭയഭക്തിയോടെ കൈകൾകൂപ്പി അത് കണ്ടുനിന്നു.
സഹായി പെരുമാളും ഉദയനന്ദനും പരസ്പരം ഭീതിയോടെ നോക്കിനിൽക്കുകയായിരുന്നു അപ്പോൾ.

ഇനിയും ഉത്തമവേദൻ വരാൻ വൈകുന്നതെന്താണ്? ഇനി വൈകിയാൽ അദ്ദേഹത്തിന്റെ ജീവന് ആപത്താണ്. 
പെട്ടെന്ന്! ആകാശത്ത് വെള്ളിടിവെട്ടി!
കണ്ണഞ്ചിക്കുന്ന പ്രകാശം അവിടമാകെയൊഴുകിയെത്തി.

നൂറുസൂര്യൻമാരൊന്നിച്ചുദിച്ചപോലെ ഒരു ഞൊടി, എല്ലാവരിലും കാഴ്ചകൾ മഞ്ഞച്ചുപോയി.
ആ പ്രകാശമൊന്ന് മങ്ങിയപ്പോഴാണ് നിറഞ്ഞ് കത്തുന്ന ഇരുപത്തൊന്ന് നിലവിളക്കും ശ്രീഭദ്രകാളിയ്ക്ക് ഗുരുതിയുഴിയുന്ന വാസവദത്തനേയും പട്ടിൽമൂടിയ ആൾരൂപത്തിന് അനക്കം വെച്ചുവരുന്നതും കാണുന്നത്!
എല്ലാ കണ്ണുകളിലേയും ഭീതി, സന്തോഷത്തിലേയ്ക്ക് വഴിമാറി.
ഉവ്വ്! 
ഉത്തമവേദൻ തിരിച്ചുവന്നിരിയ്ക്കുന്നു.
അദ്ദേഹത്തിന്റെ ശരീരത്തിലേയ്ക്ക് ജീവൻ തിരിച്ചുകയറിയിരിയ്ക്കുന്നു. 

പട്ട് നീക്കി ഒരു ഉറക്കച്ചടവിലെന്നപോലെയെഴുന്നേറ്റു വന്ന ആ യുവകോമളൻ്റെ കൈയ്യിൽ ഒരു താമരപ്പൂ!
വാസവദത്തൻ അത് ഇരുകൈകളിലുമായി വാങ്ങി ഹോമകുണ്ഠത്തിലേയ്ക്കിട്ടു.
ശ്രീഭദ്രകാളിയ്ക്ക് നമസ്കാരമരുളി ക്ഷീണസ്വരത്തിലെങ്കിലും സന്തോഷവാനായി ആ യുവാവ് എല്ലാവരോടുമായി പറഞ്ഞു.
"ഞാൻ ഉത്തമവേദൻ വാക്കു പാലിച്ചിരിയ്ക്കുന്നു!പോയ ഉദ്യമം വിജയിപ്പിച്ച് തിരിച്ചു വന്നിരിയ്ക്കുന്നു! നമ്മുടെ ദേശത്തിന്റെ നന്മയ്ക്കായി ഈ ഉദ്യമത്തിനായി,
പരകായപ്രവേശത്തിനായി, തൻ്റെ മരിച്ചുപോയ സ്വപുത്രനായ വീരശർമ്മൻ്റെ ജഢശരീരം എനിക്കായി നൽകിയ അംബാലികാമ്മയെ എങ്ങനെ മറക്കും! ആ ജഢശരീരമെനിക്ക് കുന്നിപ്പുഴയിൽ ഉപേക്ഷിയ്ക്കേണ്ടിവന്നു. ആദ്യംതന്നെ ആ പാതകത്തിന് ആ അമ്മയോട് ഞാൻ ക്ഷമചോദിക്കുന്നു. വേറെ വഴിയില്ലായിരുന്നു!
ആ രൂപത്തിൽ പ്രവേശിച്ച് സുഗന്ധികയെ കബളിപ്പിച്ചൊടുക്കി!
സുഗന്ധിക ഇനിയില്ല!
ആ യക്ഷിസ്വരൂപം ഞാൻ ബന്ധിച്ചിരിയ്ക്കുന്നു!
അവളെ കുന്നിപ്പുഴയ്ക്കക്കരെ പാലയിൽ സർവ്വബന്ധനമന്ത്രമിട്ട് ആണിതറച്ച് എന്നന്നേയ്ക്കുമായി ബന്ധിച്ചിരിയ്ക്കുന്നു!
കുന്നിപ്പുഴയും പരിസരദേശങ്ങളും മുക്തമായി. മംഗളമായി എല്ലാം...."
അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിച്ച് എല്ലാവരും സന്തോഷത്തിൽ ആർപ്പുവിളിനടത്തി. 
കളഭചന്ദനങ്ങളുടെ സുഗന്ധമൊഴുകുന്ന പൂജാസമയം. ധ്യാനമൂർത്തിയെ മനസ്സിലേയ്ക്കാവാഹിച്ച് ഉത്തമവേദൻ ഇരുകൈകളും കൂപ്പി മന്ത്രങ്ങളുരുവിടുമ്പോൾ ..
ദൂരെ...ദൂരെ... കരിമ്പനകളെ ചൂഴ്ന്ന് മറ്റൊരു കനത്ത മണൽക്കാറ്റ് വീശിയടിച്ച് കുന്നിപ്പുഴയിലേയ്ക്കിറങ്ങി.
ആമ്പൽകൂട്ടങ്ങൾ ഓളങ്ങളിൽ, താളത്തിലാടുമ്പോൾ... ആമ്പൽമൊട്ടുകളിൽ ഏറ്റവും ഭംഗിയേറിയയൊന്നിനെ കൈനീട്ടിവലിച്ച് ഒരുവൾ തോണിതുഴയുന്നുണ്ടായിരുന്നു.
കുന്നിപ്പുഴയുടെ ഹൃദയത്തിലേയ്ക്ക്!

............●..........
#ശ്രീജകെമംഗലത്ത്
23.1.2021
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo