സമയബാങ്ക് എന്ന ആശയം ആദ്യമുദിച്ചത് രാമാനന്ദൻ്റെ മനസ്സിലാണെങ്കിലും പതിയേ അത് കിരണിലേക്കും കാർത്തികയിലേക്കും മനാഫിലേക്കും ഡെയ്സിയിലേക്കും ഒഴുകിത്തുടങ്ങി. ആശയ രൂപീകരണം
മിക്കപ്പോഴും ഒരു നദിപോലെയാണ്. ഉത്ഭവത്തിൻ്റെ താമസമേയുള്ളൂ, പിന്നീടത് അനർഗളം ഒഴുകിക്കൊണ്ടിരിക്കും.
അറ്റ് യുവർ സർവീസ് എന്ന നാമത്തിൽ അതൊരു ട്രസ്റ്റാവാൻ അധിക സമയം വേണ്ടി വന്നില്ല. സമയബാങ്കിൽ ആർക്കും സമയം എടുക്കുകയും കൊടുക്കുകയും ചെയ്യാം
ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ ഏകാന്തതയുടെ കൂടാരത്തിൽ കഴിയുന്ന പലർക്കും സമയം എടുക്കാനും കൊടുക്കാനുമുള്ള ഇടത്താവളമായി സമയ ബാങ്ക് മാറി . അവസാന നാളുകളിൽ വീട്ടിലൊ ആശുപത്രിയിലോ ഒറ്റപ്പെടുന്നവർ ,ഏതാനും മണിക്കൂർ കൊച്ചു കുട്ടികളെ നോക്കാൻ ആളില്ലാത്തവർ , പുറത്തെ കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയാത്തവർ ഇവരൊക്കെ അറ്റ് യുവർ സർവീസിൻ്റെ ഉപഭോക്താക്കളായി മാറി.
പതിയെപ്പതിയെ അറ്റ് യുവർ സർവീസ് സിറ്റിയിൽ പലരുടേയും പ്രിയപ്പെട്ട സംഘടനയായി മാറി. മരണക്കിടക്കയിൽ കഴിയുന്നവരോട് പോലും തങ്ങളുടെ സ്വകാര്യതകൾ വെളിപ്പെടുത്താതെ അവരെ പരിചരിച്ചു പോന്നു. അവസാന നിമിഷങ്ങളിൽ ആരോ ചിരിച്ച മുഖവുമായി തങ്ങൾക്കരുകിലിരുന്ന് ആവശ്യങ്ങൾ നിറവേറ്റി എന്നു മാത്രം അവർ മനസ്സിലാക്കിയിൽ മതി.
സുതാര്യമായ നടത്തിപ്പിനുവേണ്ടി സമയം കൊടുക്കുന്നതിൻ്റേയും വാങ്ങുന്നതിൻ്റേയും കൃത്യത വൃത്തിയായി സൂക്ഷിക്കാൻ അവർ മറന്നിരുന്നില്ല. മാത്രമല്ല ആരോഗ്യം തിരിച്ചു കിട്ടുന്ന ഉപഭോക്താക്കൾ അവർക്ക് സൗകര്യമുള്ള സമയത്ത് സമയം തിരിച്ചു നൽകണം എന്ന വ്യവസ്ഥയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.ക്രെഡിറ്റുകൾ ഡെബിറ്റുകളാക്കുന്ന തന്ത്രമാണല്ലോ ബാങ്കിൻ്റെ നിലനിൽപിനാധാരം. ആരോരുമില്ലാതെ മരണപ്പെടുന്ന ഉപഭോക്താക്കളുടെ സേവനം എഴുതിത്തള്ളാറുമുണ്ട്.
പോവുന്നതിനു മുൻപ് ആവശ്യക്കാരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും അറിയാൻ ശ്രമിക്കാറുണ്ടെങ്കിലും
രണ്ടു ദിവസത്തിൽ കൂടുതൽ ഒരാൾ ഒരു സ്ഥലത്തു തുടരില്ല. മൂന്നാമത്തെ ദിവസം കാര്യങ്ങളെല്ലാം മറ്റൊരാളെ അറിയിച്ച് അങ്ങോട്ടു വിടും. അതാണ് പതിവ്. അംഗങ്ങളെല്ലാം വിവിധ ജോലികളിലേർപ്പെട്ടവരായതുകൊണ്ട് തുടർച്ചയായി സമയം കടം കൊടുക്കാൻ സാധിക്കില്ലെന്നു മാത്രമല്ല തുടർച്ച പേരറിയാത്ത ബന്ധങ്ങളിലേക്കും കടപ്പാടുകളിലേക്കും നയിക്കുമെന്നതും ഈ നിയമത്തിനൊരു കാരണമായി.
അന്ന് ഗുരുവായൂരിനടുത്തുള്ള സ്യമന്തകത്തിലേക്ക് തിരിക്കുമ്പോൾ ഡെയ്സി ജ്ഞാനപ്പാനയുടേയും കൃഷ്ണ സ്തുതിയുടേയും പെൻ ഡ്രൈവ് കയ്യിൽ കരുതിയാണ് യാത്ര തിരിച്ചത്. താൻ
ഓൺലൈൻ ജോലിയിൽ തലപൂഴ്ത്തുന്ന സമയത്ത് ഭക്തമീരയായ മീരാഭായിക്ക് ഈ പാട്ടുകൾ വെച്ചു കൊടുക്കാമല്ലോ എന്നോർത്തു കയ്യിൽ കരുതിയതാണ്.
അപ്രതീക്ഷിതമായി ഏതാനും ദിവസത്തേക്ക് ജോലിയിൽ നിന്ന് വിട്ടു നിൽക്കേണ്ട സാഹചര്യം വന്നപ്പോൾ ഹോം നഴ്സ് , ലതിക അറ്റ് യുവർ സർവീസിനെ വിളിച്ച് അവരെ ഏല്പിച്ചപ്പോൾ വിവരങ്ങളെല്ലാം നൽകിയതുകൊണ്ട്ത
ന്നെ കാര്യങ്ങൾ എളുപ്പമായി.
കോളിങ്ങ് ബെല്ലിൽ വിരലമർത്തിയെങ്കിലും പെരുകുന്ന കോശങ്ങളുടെ പിടിയിലമർന്ന് വേദന കാർന്നു തിന്നുന്ന ശരീരത്തിനുടമയായതിനാൽ അവർ എഴുന്നേറ്റ് വന്ന് വാതിൽ തുറക്കാൻ ഏറെ സമയമെടുത്തു.
രാവിലെ എടുക്കേണ്ട ഇഞ്ചക്ഷൻ്റെ സമയം തെറ്റൽ അവരെ വേദനയുടെ അഗാധതയിലേക്ക് തള്ളിയിട്ടതു മനസ്സിലാക്കിയ അവൾ പെട്ടെന്ന് തന്നെ അത് നൽകി. ലതിക പറഞ്ഞ സമയം പാലിക്കാൻ വൈകിയതിൻ്റെ കുറ്റബോധം അവളിൽ ശക്തിയായി അലയടിച്ചു.
അതിൽ നിന്നൊരു മോചനത്തിനായി അവൾ ആ മുറിയുടെ ആവശ്യത്തിൽക്കവിഞ്ഞ ആഢംബരത്തിലേക്ക് ശ്രദ്ധ തിരിച്ചു. സാമാന്യത്തിലധികം വലിപ്പമുള്ള മുറിയിലെ സീലിങ്ങിൽ പിടിച്ചിച്ച തിങ്ങിനിറഞ്ഞ സാധാരണ ബൾബും അലങ്കാര വിളക്കുകളും ചുമരിലെ ടിവിയും പിരിയൻ കാലുകളിൽ ചിത്രപ്പണികൾ ചെയ്ത വലിയ കട്ടിലും , ഡ്രസിംഗ് ടേബിളുമെല്ലാം ആ മുറിക്ക് അത്യന്താധുനികതയുടെ നിറച്ചാർത്തു നൽകിയിരുന്നു.
അല്പം കഴിഞ്ഞപ്പോൾ മീരയുടെ അവശത അൽപം മാറി. തന്നെത്തന്നെ നോക്കിയിരിക്കുന്ന ഡെയ്സിയുടെ മുഖത്തേക്ക് തളർന്ന മിഴികളോടെ അവർ നോക്കിയപ്പോൾ അവൾ സ്വയം പരിചയപ്പെടുത്തി. പക്ഷേ, നോട്ടം അവളുടെ മിഴികളിലൂന്നി നിൽക്കുന്ന അവരുടെ മനസ്സിേലേക്ക് ആ പേരു പതിഞ്ഞതായി തോന്നിയില്ല.
അവർ കട്ടിലിനരുകിലെ ബാസ്കറ്റിലേക്ക് വിരൽ ചൂണ്ടി. വിവിധ പഴങ്ങൾ നിറഞ്ഞ കുട്ട തുറന്ന് ഏതു വേണമെന്ന ചോദ്യഭാവത്തിൽ അവൾ ആ മുഖത്തേക്ക് നോക്കി. ഇഷ്ടമുള്ളതെടുത്തു കഴിച്ചു കൊള്ളാൻ ആംഗ്യം കാട്ടിയപ്പോൾ വേദനക്കിടയിലും അവർ കാണിക്കുന്ന ആതിഥ്യമര്യാദ അവളുടെ മുഖത്ത് പുഞ്ചിരിപടർത്തി. ഇപ്പോൾ ഒന്നും
വേണ്ടെന്ന് പറഞ്ഞ്, നഴ്സ് എഴുതി വെച്ച കുറിപ്പിലേക്ക് നോക്കി അവരുടെ ഭക്ഷണവും ജ്യൂസും തയ്യാറാക്കിക്കൊടുത്ത് മരുന്നുകളും എടുത്ത് കൊടുത്ത ശേഷം ജ്ഞാനപ്പാനയുടെ വരികൾ കേൾപ്പിക്കാൻ തുടങ്ങിയപ്പോൾ അവരുടെ മുഖം പ്രസന്നമായി. കൈകൾ കൂപ്പി അവളെ നോക്കി ചിരിച്ചു...
"എന്നോടല്ല , ദൈവത്തോടു നന്ദി പറയൂ " എന്നു പറഞ്ഞ് അവൾ തൻ്റെ ജോലിയിൽ വ്യാപൃതയായി.
ജോലിക്കിടയിലും ഇടക്കിടെ മീരയെ ശ്രദ്ധിക്കാനവൾ മറന്നില്ല. അന്നാദ്യമായി മീര വീൽ ചെയറിലിരുന്നു പുറം ലോകം കാണാൻ തുടങ്ങി.
വൈകുന്നേരമായപ്പോൾ പകരക്കാരൻ വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് ഡെയ്സിക്കും തോന്നിത്തുടങ്ങി.
പക്ഷേ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ചവരുത്താത്ത സമയ ബാങ്ക് ഏഴു മണിയോടെ പകരക്കാരനെ എത്തിച്ചു.
അടുത്ത ദിവസം കാണാമെന്നു പറഞ്ഞ് ഡെയ്സി അവിടെ നിന്നിറങ്ങുമ്പോൾ മീരയുടെ മിഴികൾ നിറഞ്ഞു തുളുമ്പി. നേരം വെളുക്കാൻ ഡെയ്സിയും കാത്തിരുന്നു.
ലതിക അവധി കൂട്ടിയപ്പോൾ ഇരുവർക്കും സന്തോഷമായി. ചിട്ട , ഭക്ഷണത്തിലും മരുന്നിലും മാത്രമൊതുക്കി വിശാലമായ ലോകത്തിലേക്ക് ഡെയ്സിയുടെ കൈപിടിച്ചു മീര പറന്നു തുടങ്ങി. എവിടെയോ നഷ്ടപ്പെട്ട വായനയും പാട്ടും ചിരിയുമെല്ലാം അവരിലേക്ക് തിരിച്ചു വന്നു. ഒടുവിൽ ഗുരുവായൂരപ്പൻ്റെ ദർശനവും കൂടി സാധിച്ചപ്പോൾ മീര ഏറെ സന്തോഷവതിയായി. ഇപ്പോൾ പകരക്കാരില്ലാതെ മുഴുവൻ സമയവും ഡെയ്സി മീരക്കൊപ്പം ചിലവഴിക്കുന്നു.
ചുരുങ്ങിയ ദിവസങ്ങൾ അവർക്കിടയിൽ സൃഷ്ടിച്ച അടുപ്പത്തിൻ്റെ വലയം ഭേദിക്കാനാവാതെ ഇരുവരും കൂടുതലടുത്തു.
മീരാമ്മയുമൊത്ത് മുറ്റത്തെ ചുറ്റിക്കറങ്ങലിനിടയിൽ
സ്യമന്തകത്തിലെ സിറ്റൗട്ടിലെ വിളക്കു കൂടിനകത്തുള്ള കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ ഡെയ്സിയുടെ മിഴികളെ അങ്ങോട്ടു നയിച്ചു.
" ഇവിടെ ഒരു അമ്മത്തൊട്ടിൽ ഉണ്ടെന്നു തോന്നുന്നു. "
അമ്മക്കിളി ഇല്ലാത്ത കുഞ്ഞിക്കിളികളെ നോക്കിയവൾ പറഞ്ഞു.
" ജീവിച്ചിരിപ്പുണ്ടെങ്കിൽ അമ്മക്കിളി വരാതിരിക്കില്ല. അതാണ് അമ്മ മനസ്സ്"
മീരാമ്മയുടെ ശബ്ദം ഉറച്ചതായിരുന്നു.
അല്ല സമയത്തെ നിശബ്ദതക്കു ശേഷം അവർ തുടർന്നു.
"നിങ്ങളുടെ സമയ ബാങ്കിൽ എന്നെക്കൂടെ ചേർക്കുമോ "
പക്ഷിക്കൂട്ടിൽ മിഴിയർപ്പിച്ചിരുന്ന ഡെയ്സി ഒരു നിമിഷം കൊണ്ട് മീരാ മ്മയുടെ അടുത്തെത്തി അവരുടെ വിരലുകൾ ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു.
" മീരാമ്മ അതിൽ അംഗമായതു കൊണ്ടല്ലേ ഞാനിവിടെയുള്ളത് . "
" അങ്ങനെയല്ല, എനിക്കും ഇതുപോലെ ആരെയെങ്കിലും സഹായിക്കണം. "
കേട്ടപ്പോൾ ഡെയ്സി അദ്ഭുതത്തോടെ അവരെ നോക്കി. പഴയതുപോലെ ക്ഷീണം ഇല്ലാത്തതു കൊണ്ട് വീൽ ചെയറിൻ്റെ സഹായമില്ലാതെ അല്പദൂരം നടക്കാൻ തുടങ്ങിയപ്പോൾ അവർ തൻ്റെ അസുഖം പോലും മറന്നു തുടങ്ങിയിരിയ്ക്കുന്നു. ആ ചിന്ത അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.
അവൾ പൊട്ടിച്ചിരിച്ചു.
"എന്താപ്പോ ഇതിലിത്ര ചിരിക്കാൻ ഇങ്ങനെ ഇങ്ങോട്ടു കൂട്ടു വരുന്നതിനിടയിൽ ഒരു ദിവസമൊക്കെ വല്ലവർക്കുമൊപ്പം എനിക്കും കൂട്ടിരിക്കാമല്ലോ? " പറയുമ്പോൾ അവരുടെ വാക്കുകളിൽ പടർന്നിരുന്ന ആത്മവിശ്വാസം മുഖത്തും പ്രതിഫലിച്ചിരുന്നു.
"അപ്പോൾ മീരാമ്മക്ക് രോഗിയിൽ നിന്ന് ബൈ സ്റ്റാൻഡറിലേക്ക് പ്രമോഷൻ വേണം എന്ന് സാരം "
നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് ഡെയ്സി ചോദിച്ചു.
അല്പനേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല.
" വിഷമിക്കണ്ട , പരിഗണനയിലുണ്ട്. പലരും സമയ ബാങ്ക് നൽകിയ സമയം തിരിച്ചു തരുന്നുണ്ട്. മീരമ്മക്കും അവസരം കിട്ടും. "
അവരെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു.
കോൺവെൻ്റിലെ ചുമരുകൾക്കിടയിൽ ഉപേക്ഷിക്കപ്പെടലിൻ്റെ ബാക്കിപത്രമായി ,
മാലഖമാരുടെ ചിറകിനടിയിൽ വളർന്ന മനസ്സിന് അമ്മയുടെ തലോടൽ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായതിൽ അത്ഭുതമില്ലല്ലോ. ആ മടിയിൽ തലവെച്ചു കിടക്കുമ്പോൾ, അവരെ ചേർത്തുപിടിച്ചു നടക്കുമ്പോൾ ,മരുന്നു കഴിക്കാൻ മടികാണിക്കു മ്പോൾ ശാസിക്കുന്ന സമയം എല്ലാമെല്ലാം അവൾ ആസ്വദിക്കുകയായിരുന്നു. തൻ്റെ മനസ്സ് അറ്റ് യുവർ സർവീസിൻ്റെ നിബന്ധനച്ചങ്ങലകൾ പൊട്ടിച്ച് പാറി നടക്കാൻ തുടങ്ങിയിരിക്കുന്നു.
ആദ്യമായി സമയബാങ്കിൻ്റെ ചതുരംഗപ്പലകയിലെ കരുക്കൾ നിയമങ്ങൾ പാലിക്കാതെ നീങ്ങുന്നു. കുതിരയും കാലാളുമെല്ലാം തങ്ങളുടെ നീക്കങ്ങൾ മാറ്റിത്തുടങ്ങിയാൽ കളങ്ങൾ അർത്ഥശൂന്യമാവും. പേരല്ലാതെ മറ്റൊരു വിവരവും പറയാതിരിക്കേണ്ട താൻ ഭൂതകാലങ്ങളുടെ തിരശ്ശീലയവരുടെ മുന്നിൽ അടർത്തി മാറ്റിയതു കൊണ്ടല്ലേ അവർ കൂടുതൽ അടുത്തത് ? സത്യത്തിൽ എല്ലാം ഉപേക്ഷിച്ച് സ്വന്തം ജോലിയുമായി ഈ അമ്മയുടെ സ്നേഹത്തണലിൽ ഒതുങ്ങിക്കൂടാൻ വല്ലാത്ത കൊതിതോന്നി.
മീരാമ്മയുടെ മക്കളുടേയും ബാങ്കിലെ സൗഹൃദങ്ങളുടേയും മുഖം മനസ്സിൽ മിന്നിമറയാൻ തുടങ്ങി. ചിന്തകളുടെ മുള്ളുകൾ തലങ്ങും വിലങ്ങും വലിഞ്ഞു മുറുകി. സ്നേഹത്തിൻ്റെ നിറം സ്വാർത്ഥതയിൽ ലയിച്ചു ചേരുമ്പോൾ കടപുഴകി വീഴുന്ന നൻമ മരങ്ങളുടെ കൂട്ടത്തിൽ ഒരു സംഘടന കൂടി ഉണ്ടാവരുത്. ഇപ്പോൾത്തന്നെ ട്രസ്റ്റ് നിയമത്തിനെതിരായി തൻ്റെ സ്വാധീനത്തിൻ്റെ വലക്കണ്ണികളിൽ നിന്ന് സ്വാർത്ഥത കവർന്നെടുത്ത നീണ്ട ദിവസങ്ങൾ മറ്റാരും ചെയ്യാത്ത രീതിയിലേക്കെത്തിച്ചു. ആലോചിക്കും തോറും നിലയില്ലാക്കയത്തിലേക്ക് മുങ്ങിപ്പോവുന്നതായി തോന്നി.
ചുരുങ്ങിയ കാലങ്ങൾക്കകം പരിചയപ്പെട്ടു മാഞ്ഞുപോയ പല മുഖങ്ങളും മനസ്സിൽ മിന്നി മറഞ്ഞു. പ്രത്യേക ചായക്കൂട്ടുകളിൽ വരച്ചെടുത്ത ദേവുവിൻ്റെ മുഖം
മായാൻ മനസ്സ് വിസമ്മതിക്കുമെന്നുറപ്പാണ്. പലപ്പോഴും ദേവുവിന് ജീവൻ നൽകാൻ മനസ്സ് ശ്രമിക്കാറുണ്ട്.
പാടില്ല , വലിയ ദൗത്യത്തിൻ്റെ ഭാഗമായ ആൾതന്നെ അതിൻ്റെ ചിട്ടവട്ടങ്ങൾ തെറ്റിച്ചു വഴി തിരിഞ്ഞു നടക്കുന്നതിലെ ശരികേടുകളിൽ മനസ്സ് മുങ്ങിയും പൊങ്ങിയും സഞ്ചരിച്ചു. ഒരുപക്ഷേ ഇത് ഒരുപാട് പേരുടെ പ്രതീക്ഷയായ ആ സ്ഥാപനത്തിൻ്റെ വിശ്വാസ്യത തകർക്കും . ഇനിയും ഇവിടെ തുടരുന്നത് ശരിയല്ല. പലതും തുടച്ചു മാറ്റാൻ മിടുക്കനായ കാലം മീരാമ്മയിലും ദേവുവിലും കളിച്ചു ജയിക്കും.
മീരയുടെ വിശ്വാസം ശരിയായിരുന്നു. പതിവായി അമ്മക്കിളി കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നു. കുഞ്ഞുങ്ങൾ
പറന്നു പോവാറായിരിക്കുന്നു.
ചിറകുകൾക്ക് ബലം വരുമ്പോൾ കൂടു വിടണമെന്നത് പക്ഷികൾക്ക് മാത്രമല്ല മനുഷ്യർക്കും ബാധകമല്ലേ?
സ്ക്രീനിൽ ലതികയുടെ നമ്പർ കണ്ട അവൾ അതെടുത്ത് പതിവുപോലെ കൃത്യനിർവ്വഹണം കൈമാറി അവരുടെ വരവിനായി കാത്തിരുന്നു. ആ വിവരം അറ്റ് യുവർ സർവീസിലേക്ക് പകരുമ്പോഴും മനസ്സ് നിസ്സംഗമായിരുന്നു.
രാവിലെ പതിവുപോലെ ജ്യൂസും ഭക്ഷണവും ഉണ്ടാക്കാൻ ചെന്നപ്പോഴേക്കും മീരാമ്മ അതെല്ലാം ഉണ്ടാക്കി വെച്ചിരുന്നു. സ്നേഹം ചേർത്ത പരിചരണത്തേക്കാൾ വലിയൊരു ഔഷധവുമില്ല . അസുഖം ശരീരത്തിൽ ചിത്രം വരയ്ക്കുമ്പോഴും പ്രിയപ്പെട്ട ലോകത്തിലെ ജീവിതം മീരാമ്മയെ എത്ര മാത്രം മാറ്റിയെടുത്തു എന്നെല്ലാമോർത്ത്
സന്തോഷത്തോടെയവർക്കൊപ്പം കഴിക്കാനിരിക്കുമ്പോഴും ഡെയ്സിയുടെ മനസ്സ് ലതികയെ കാത്തിരുന്നു.
അല്പസമയത്തിനകം അവിടെയെത്തിയ ലതികയെ കണ്ടതും മീരാമ്മയുടെ മുഖം വാടി.
പേരറിയാത്ത വികാരം പടർന്നു കയറുന്ന മിഴികളിലേക്ക് നോക്കിയിരുന്നപ്പോൾ ഭൂതകാലത്തിലെ കലപില ശബ്ദങ്ങൾ കേൾക്കാൻ കഴിഞ്ഞു.
പടിയിറങ്ങുമ്പോൾ നിറഞ്ഞു കവിഞ്ഞ മിഴികൾ കൂടുതൽ നിറയാ തിരിക്കാൻ തിരിഞ്ഞു നോക്കാതെ നടന്നു. ഫോണിലെ സ്ക്രീനിൽ അറ്റ് യുവർ സർവീസിൻ്റെ കാൾ മറ്റൊരു ചായം പുശിയ ലോകത്തിലേക്ക് കൈപിടിച്ചു നടത്താനെന്നവണ്ണം ശബ്ദിച്ചു കൊണ്ടിരുന്നു.
സമർപ്പണത്തിൻ്റെ ബാക്കി പത്രത്തിന് തിരശ്ശീലയുയർത്തുമ്പോൾ ആ സമയ പാലികയുടെ മനസ്സ് ആത്മബന്ധവും ഹൃദയ നൊമ്പരങ്ങളും വിട്ടൊഴിഞ്ഞ് അറ്റ് യുവർ സർവീസിലേക്ക് മാത്രമായി ചുരുങ്ങിക്കഴിഞ്ഞു.
മനോഹരമീ രചന 👌
ReplyDeleteആശംസകൾ 🌹🌹🌹
കഥ അതിമനോഹരം.👌👍. ആശംസകൾ 🌹🌹❤️
ReplyDelete