നാട്ടിൽ വിദ്യാലയങ്ങൾ തുറന്നു....... നാട്ടിലിപ്പോൾ കഴിഞ്ഞ വർഷത്തെ വിജയികൾക്ക് അനുമോദനങ്ങളൊക്കെ കൊടുക്കുന്ന സമയമാണ്.....
പുതിയ അദ്ധ്യയന വർഷങ്ങളിൽ എനിക്കുണ്ടായ ഉത്സാഹവും ഉത്കണ്ഠയും നിറഞ്ഞ നിമിഷങ്ങൾ ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല... തിമിരി സ്കൂളിലെ ആദ്യ ദിനങ്ങളെ കുറിച്ചും പിന്നെ കണ്ണ് ചിമ്മി തുറക്കുന്നതിനു മുമ്പ് വരുന്ന ഓണ പരീക്ഷകളെ കുറിച്ചുമെല്ലാം ഇന്നലെ ഒരു പ്രിയ സുഹൃത്തുമായി ഓർമ്മകൾ പങ്കു വച്ചു...... ഒന്നാം തരം മുതൽ ഏഴാം തരം വരെയുള്ള കടമ്പകളിൽ രണ്ടാം ക്ലാസ്സിലെ ഓണ പരീക്ഷ എനിക്ക് ഒരൊന്നൊന്നര പരീക്ഷയായിരുന്നു....
ഒന്നാം ക്ലാസ്സിൽ നിന്ന് കേട്ടു പരീക്ഷ കഴിഞ്ഞു സ്ളേറ്റിൽ 50/ 50 എന്നെഴുതിയത് മായ്ക്കാതെ നാട്ടുകാരെയും വീട്ടുകാരെയും കാണിക്കുന്നത് എനിക്കൊരു ഹരമായിരുന്നു... അങ്ങനെ തന്നെയായിരിക്കും ജീവിതത്തിലങ്ങു വരെ എന്ന് വിശ്വസിച്ച എൻ്റെ വിശ്വാസങ്ങളെ കാറ്റിൽ പറത്തി രണ്ടാം ക്ലാസ്സിലെ ഓണപ്പരീക്ഷക്കു തൊട്ടു മുമ്പാണ് സരോജിനി ടീച്ചർ ആ നഗ്ന സത്യം പറഞ്ഞത്..
"ഇനി എഴുത്തു പരീക്ഷയാണ്... ചോദ്യം അച്ചടിച്ചു വരും... എല്ലാവരും ഉത്തരങ്ങൾ ചോദ്യ പേപ്പറിൽ തന്നെ പേന കൊണ്ടെഴുതണം..."
എവറെസ്റ് കയറാൻ പറഞ്ഞ കൺഫ്യൂഷൻ ആയിരുന്നു എനിക്ക്... വീട്ടിലെത്തി അച്ഛനോട് സങ്കടം പറഞ്ഞു... ..
പുള്ളി പറഞ്ഞു…. "അത്രയേ ഉള്ളോ കുട്ടാ... നിസ്സാരം...നിനക്കതൊക്കെ എളുപ്പത്തിൽ ചെയ്യാൻ പറ്റും... എല്ലാ ചോദ്യവും വായിച്ചു നോക്കി ഒരു പാട് ചിന്തിച്ചുത്തരമെഴുതണം... ചിന്തിച്ചാൽ ഏതൊരുത്തരവും നിസ്സാരമായെഴുതാം…"
എനിക്കാശ്വാസമായി!!! ഇത്രയേ ഉള്ളൂ കാര്യം ... "ജാവ ഈസ് വെരി സിമ്പിൾ.... ബട്ട് പവർ ഫുൾ...."
പരീക്ഷാ ദിവസം മൂന്നു പേനയും കൊണ്ടാണ് പോയത്...മഷിയെങ്ങാനും തീർന്നു പോയാലോ???അത്രയ്ക്ക് ആത്മവിശ്വാസമായിരുന്നു....
ചോദ്യപേപ്പറു കണ്ടപ്പോ ചോദ്യങ്ങളെല്ലാം അപരിചിതങ്ങളായിരുന്നെങ്കിലും പേടിയൊന്നുമില്ല... ചിന്തിച്ചുത്തരമെഴുതിയാൽ മതിയല്ലോ.... ചിന്തിക്കാൻ തുടങ്ങി... അങ്ങനെയെഴുതിയ ഓർമ്മയിലിപ്പോഴും തങ്ങി നിൽക്കുന്ന ചോദ്യോത്തരങ്ങൾ ഇവയാണ്...
"ഏറ്റവും വേഗത കൂടിയ വാഹനം……………………….."
ഞാൻ കണ്ടതിൽ ഏറ്റവും വേഗത കൂടിയ വാഹനം നാരാണേട്ടൻ്റെ ജീപ്പാണ്... നാരാണേട്ടൻ ഏമ്പേയില് വിടുന്ന കാര്യം മച്ചിനന്മാർ ഗുണ്ട് വിടാറുണ്ട്. പിന്നെയൊരു ശങ്കക്കിടയില്ല... ഞാൻ എഴുതി...
"നാരാണേട്ടന്റെ ജീപ്പ്..."
ഞാൻ സരോജിനി ടീച്ചറിനെ നോക്കി...പതിവ് പോലെ ചിരിച്ചങ്ങനെ നടപ്പാണ്..
അമ്പടി ഭയങ്കരീ...ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ....കാരണം ചന്തുവിന് ചിന്തയുണ്ടേ......
അടുത്ത ചോദ്യം……………"സ്വയം പ്രകാശിക്കുന്ന വസ്തു………..."
എൻ്റെ ബുദ്ധിയിൽ ഇരുട്ടിൽ മാത്രമേ പ്രകാശത്തിന്റെ ആവശ്യമുള്ളൂ... അപ്പൊ രണ്ടേ രണ്ടു ചോയ്സ് മാത്രമേ ഉള്ളൂ... ഒന്ന് ചിമ്മിനിക്കൂട്... അത് സ്വയം പ്രകാശിക്കുന്നതല്ല... മണ്ണെണ്ണ വൈകുന്നേരം ഞാനാണ്…ഒഴിക്കാറ്...പിന്നെയുള്ളത് മെഴുകുതിരിയാണ്... അതിൽ പിന്നെ മണ്ണെണ്ണ വേണ്ട... ഒറ്റയ്ക്ക് കത്തും... പ്രകാശം തരും...... ഉത്തരം റെഡി!!!
"മെഴുകുതിരി..........."
പിന്നെ, ബൾബ് പോലെയുള്ള കാര്യങ്ങൾ അന്ന് ഞങ്ങളുടെ നാട്ടിലേയില്ല കേട്ടോ .... വൈദ്യുതിയുടെ പിതാവ് ഫാരഡെ ആണെന്നു ഞങ്ങളുടെ നാട്ടിലെ ബുദ്ധിജീവികൾക്ക് അറിയാമായിരുന്നെങ്കിലും കറണ്ട് നാടിൻ്റെ ഏഴയലത്തു പോലും എത്തിയിരുന്നില്ല...
അടുത്ത ചോദ്യം: "ചലിക്കുന്ന വായുവാണ് -----"
ഈ ചോദ്യത്തിനാണ് തലയിൽ നിന്നും പുക വന്നത്.... എങ്ങനെയൊക്കെ വായുവിനെക്കുറിച്ചു ചിന്തിക്കാമോ അങ്ങനെയെല്ലാം ചിന്തിക്കാൻ തുടങ്ങി.... അമ്മാമ്മയും അമ്മിഞ്ഞമ്മയും എപ്പോഴും ഒരു വായുവിൻ്റെ കാര്യം പറയാറുണ്ട്... ആ വായുവിന്റെ ചലനം അവർക്കൊരാഗോള പ്രശ്നമാണ്... സംഗതി അത് തന്നെ... സംശയമില്ല... ചിന്ത ഉപസംഹരിച്ചു...
ഉത്തരം: "വയറുവേദന..."
ശരിയോ തെറ്റോ എന്നെഴുതാനുള്ള ചോദ്യങ്ങളുമുണ്ട്.......
"ശുദ്ധജലം ആരോഗ്യത്തിന് നല്ലതാണ്"
ഓഹോ....ഇതേതു മണ്ടച്ചാർക്കും അറിഞ്ഞൂടെ...... ശുദ്ധജലം കൊണ്ട് ആർക്കെന്തു കാര്യം.....വീടിനടുത്തുള്ള പത്തായകുണ്ടിൽ എത്രയോ ശുദ്ധജലമാണ് ഓരോ നിമിഷവും ഒഴുകിപ്പോകുന്നത്...അത് കൊണ്ട് ആരോഗ്യത്തിനെന്തു കാര്യം? നമുക്കെന്തു കാര്യം?
ഞാൻ ഉത്തരമെഴുതി......"തെറ്റ്". അത് മാത്രമല്ല കുറച്ചു കൂടി കടന്ന് ഒരു വിവരണവും കൊടുത്തു …....ശുദ്ധജലമല്ല....ഗുളികയാണ് ആരോഗ്യത്തിന് നല്ലത്..."
എൻ്റെ കാഴ്ച്ചയിൽ നമ്മളെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നത് ഡോക്ടർമാരായ കായിത്തറയുടെയും നാരാണൻ കുട്ടിയുടെയും ഗുളികകൾ മാത്രമാണ്......
ബാക്കി പല ചോദ്യങ്ങളും ഓർമ്മയില്ലെങ്കിലും ഇതിനേക്കാൾ ചിന്താരൂഢമായ ഉത്തരങ്ങളായിരുന്നു....പരീക്ഷയിൽ എനിക്ക് അമ്പതിൽ പതിനേഴു മാർക്ക് കിട്ടി... പരീക്ഷ പേപ്പർ നോക്കിയ സരോജിനി ടീച്ചറിനും വീട്ടിലുള്ളവർക്കും എൻ്റെ പരീക്ഷ പേപ്പർ ആഘോഷമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.... പിന്നീട് ടീച്ചറത് വീട്ടിലും സ്കൂളിലും പരസ്യമാക്കി ഗംഭീരമാക്കി... എല്ലാവരും ചിരിച്ചപ്പോഴും എനിക്ക് മാത്രം കാര്യം പിടി കിട്ടിയില്ല....
പിന്നീടുള്ള പരീക്ഷകൾ വരുമ്പോഴേക്കും ബാലകൃഷ്ണൻ തൃക്കങ്ങോടിന്റെ "വി" ഗൈഡ് അച്ഛൻ വാങ്ങി തന്നു.... തൃക്കങ്ങോടിന്റെ ബുദ്ധിയിലുദിച്ച ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു എല്ലാവർക്കും "ശരി" എന്നെനിക്കു മനസിലായി... ആ ചോദ്യങ്ങളേ വരൂ... പുള്ളിയുടെ ഉത്തരം എഴുതിയാ മാർക്കുറപ്പാണ്.. അമ്പട മനമേ….. ക്രിസ്തുമസ് പരീക്ഷ യിൽ തൃക്കങ്ങോട് കനിഞ്ഞു... 50/ 50!!!... പോയ മാനം തിരിച്ചു പിടിച്ചു...
വീട്ടിലിപ്പോഴും ആ പഴയ ഉത്തര പേപ്പർ സൂക്ഷിച്ചു വച്ചിട്ടുണ്ട്...ആദ്യമൊക്കെ എല്ലാവർക്കും എന്നെ കളിയാക്കാനും പിന്നെ എനിക്ക് തന്നെ ഓർത്തു ചിരിക്കാനും അതിടക്ക് തുറന്നു നോക്കാറുണ്ട്... പക്ഷെ ഇപ്പൊ എനിക്ക് ആ പരീക്ഷയോട് വല്ലാത്ത സ്നേഹമാണ്... ജീവിതത്തിൽ പൂർണമായും സ്വന്തം ബുദ്ധി ഉപയോഗിച്ചെഴുതിയ ഒരെയൊരു പരീക്ഷ...
പിന്നീട് വർഷങ്ങൾക്ക് ശേഷം മണിപ്രവാളമെന്നത് മണിയടിക്കുമ്പോ കുട്ടികൾക്കുണ്ടാകുന്ന വെപ്രാളമാണെന്നു ഒരു പഹയൻ എഴുതിയത് പത്രത്തിൽ വായിച്ചപ്പോ കിട്ടേട്ടൻ്റെ പീടികയിൽ നിന്നും എല്ലാവരും പറഞ്ഞു ചിരിച്ച ദിവസം എനിക്കോർമ്മയുണ്ട് …. തമാശ പറയുന്നതിലും ആളുകളെ കളിയാക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന ഞാൻ അന്ന് അല്പം താമസിച്ചാണ് ഇളിച്ചത്....... ഉള്ളിൽ നിറയെ ആ പഹയനോടുള്ള ഐക്യ ദാർഢ്യമായിരുന്നു.... പിന്നെ എന്നെ തോൽപ്പിച്ചതിലുള്ള ബഹുമാനവും....
പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടന്ന എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം...........ആശംസകൾ..........................
ഡോ: ലിനോജ് കുമാർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക