Slider

ദീനാമ്മ വെറുമൊരു കഥയല്ല"

4
No automatic alt text available.

അവളുടെ ജീവിതംതന്നെ ഒരു പുസ്തകമാണ്, താളുകൾ ഏറെ ഉളള ഒരുപാട് പാഠങ്ങൾ ഉളള ഒരു വലിയ പുസ്തകം. എത്ര വായിച്ചിട്ടും മനസ്സിലാവാത്ത പുസ്തകം ...
വര്‍ഷങ്ങൾക്ക് ശേഷം സ്കൂള്‍ മുറ്റത്ത് ഒത്തുചേര്‍ന്ന പൂര്‍വ്വ- വിദ്യാർത്ഥി സംഗമത്തിൽ എല്ലാ കണ്ണുകളും തിരഞ്ഞത് ദീനാമ്മയെ ആയിരുന്നു. ദീനാമ്മ പാഠപുസ്തകത്തിലെ ഒരു കഥാപാത്രം മാത്രമായിരുന്നില്ല ഞങ്ങള്‍ക്ക്, ഒരു യഥാര്‍ത്ഥ്യം കൂടിയായിരുന്നു.
നീണ്ട മുഖവും, പുറത്തേക്ക് ഉന്തി നില്‍ക്കുന്ന പല്ലുകളും, വളഞ്ഞ മൂക്കും, കറുത്ത് തടിച്ച ശരീരവും ഉള്ള വൈരൂപിയായ ദീനമ്മയുടെ കഥ ഉണ്ടായിരുന്നു മലയാളം പാഠപുസ്തകത്തിൽ . ആ കഥയിലെ കഥാപാത്രത്തെ പോലൊരു പെണ്ണ് ഞങ്ങളുടെ ക്ലാസ്സിലും ഉണ്ടായിരുന്നു .
അവളെ ഞങ്ങൾ ദീനാമ്മയെന്ന് വിളിച്ചു കളിയാക്കിയിട്ടുണ്ട് ഒരുപാട്. കളിയാക്കുകയാണെന്ന് അറിഞ്ഞിട്ടും അവള്‍ ഒരു അനിഷ്ടവും കാണിച്ചില്ല. അധ്യാപകർ പോലും അവളെ ദീനാമ്മയെന്ന് വിളിച്ചു. അവളുടെ യഥാര്‍ത്ഥ പേര് രജിസറ്ററില്‍ മാത്രം ഒതുങ്ങി .
അവളുടെ വിരൂപത അവളെ എല്ലാവരില്‍ നിന്നും അകറ്റി അവളോട് കൂട്ടുകൂടാന്‍ ആരും ഉണ്ടായില്ല. അവള്‍ മറ്റുള്ളവരുടെ പരിഹാസങ്ങളൊന്നും ശ്രദ്ധിക്കാതെ പഠിത്തത്തില്‍ മാത്രം ഒതുങ്ങി കൂടി . ക്ലാസെടുത്തോണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ അവള്‍ തലകറങ്ങി വിഴുകയും പുറത്ത് പോയി ശര്‍ദ്ദിക്കാറുമോക്കെ ഉണ്ടായിരുന്നു.
അതു പറഞ്ഞും ഞങ്ങള്‍ അവളെ കളിയാക്കും. അവള്‍ മറുത്തൊരക്ഷരം പറയുന്നത് ഞാന്‍ കേട്ടിട്ടില്ല .
ഒരു ദിവസം ക്ലാസിലെ പഠിപ്പിസ്റ്റായ നീതു പരീക്ഷാ ഫീസിന് കൊണ്ടുവന്ന പണം ക്ലാസിൽ വച്ച് കാണാതെ പോയെന്ന ഭയങ്കര ബഹളം. അതിനെ തുടർന്ന് ക്ലാസ്സ് ടീച്ചര്‍ എല്ലാവരുടേയും ബാഗ് പരിശോധിച്ചു.
ഒടുക്കം ദീനാമയുടെ ബാഗ് പരിശോധിച്ച ടീച്ചര്‍ ഒരു കൈയ്യില്‍ അവളുടെ ബാഗും മറു കൈയില്‍ അവളുടെ കൈത്തണ്ടയും പിടിച്ച് സ്റ്റാഫ് റൂമിലേക്ക് പോയി.
ഇവളായിരുന്നോ ക്ലാസിലെ കള്ളി കുട്ടികള്‍ പരസ്പരം അവളെ കുറ്റം പറയാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞു കൊണ്ട് ക്ലാസിലേക്ക് കടന്നു വന്നു. വന്ന ഉടന്‍ മേശപ്പുറത്തുണ്ടായിരുന്ന അവളുടെ പുസ്തകങ്ങളൊക്കെ പെറുക്കി ബാഗിലിട്ട് ഇറങ്ങിപ്പോയി. അതിനിടെ ഞങ്ങളുടെ കളിയാക്കലോ കൂവലോ അവള്‍ ശ്രദ്ധിച്ചില്ല.
അവളുടെ ബാഗില്‍ നിന്നും കാശാണ് പിടിച്ചതെന്ന് കരുതിയിരുന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് ആ വാര്‍ത്ത പരന്നത്.
പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ബാഗില്‍ ഉണ്ടായിരികേണ്ട ഒന്നല്ലായിരുന്നു അത്.
അവളുടെ ബാഗില്‍ നിന്നും കിട്ടിയത് ഒരു പാക്കറ്റ് ഗര്‍ഭ നിരോധന ഉറകളായിരുന്നു.
പിന്നെ കുറച്ച് ദിവസം അവളെ ആരും കണ്ടില്ല.
കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും അവള്‍ വന്നപ്പോള്‍ ഞങ്ങൾ അവളെ അകറ്റി നിർത്തി , ഒറ്റപ്പെടുത്തി , കളിയാക്കി .
അവള്‍ ശര്‍ദ്ദിക്കാന്‍ പുറത്ത് പോയാല്‍ പാക്ക്റ്റ് തീര്‍ന്നു പോയൊ എന്നും എത്രാമത്തെ മാസമാണെന്നും ചോദിക്കാന്‍ തുടങ്ങി.
തങ്ങളുടെ കുട്ടികളെയും അവള്‍ വഴിതെറ്റിക്കും എന്ന് രക്ഷിതാക്കള്‍ പി.ടി.എ മീറ്റിങ്ങില്‍ കംപ്ലൈന്‍റ് ചെയ്തു.
 അങ്ങനെ സഹികെട്ട് അവള്‍ ക്ലാസില്‍ വരാതായി. ഞങ്ങളാരും അവളെ കുറിച്ച് ഓര്‍ത്ത് ആകുലപ്പെട്ടില്ല.
ക്ലാസിൽ ടീച്ചർ ഇല്ലാത്ത സമയങ്ങളിൽ ഞങ്ങളുടെ ചർച്ച അവളായിരുന്നു , അവളുടെ ബാഗിന്ന് കിട്ടിയ ആ സാധാനമായിരുന്നു . മിണ്ടാ പൂച്ച കലം ഉടച്ചുകളഞ്ഞല്ലോ എന്ന അത്ഭുതവും.
പരീക്ഷ എഴുതാന്‍ അവള്‍ വന്നിരുന്നു ആരോടും മിണ്ടാതെ പരീക്ഷ കഴിഞ്ഞ ഉടന്‍ നടന്നകന്നു. അവസാനം ഞങ്ങളവളെ കണ്ടത് എല്ലാ പരീക്ഷയും കഴിഞ്ഞ് നടന്ന സെൻറോഫിലാണ്. അന്ന് എല്ലാവരും ഓട്ടോഗ്രാഫ് എഴുതുന്നതിൻറെയും എഴുതിക്കുന്നതിൻറെയും തിരക്കിലായിരുന്നു. ദീനാമ്മയുടെ ഓട്ടോഗ്രാഫ് ആരും വാങ്ങിയില്ല. അതിലെ കടലാസുകള്‍ മഷി പുരളാതെ കണ്ണുനീര്‍ നനഞ്ഞ് കുതിര്‍ന്നു.
എല്ലാവരും പോകാന്‍ തുടങ്ങവെ മൈക്കിലൂടെ ഒരു അറിയിപ്പ് വന്നു. നിങ്ങളുടെ കൂട്ടത്തിലുളള ഒരു കുട്ടിക്ക് നിങ്ങളോട് എന്തോ പറയാന്‍ ഉണ്ട് എന്ന്. എല്ലാവരും ആകാംക്ഷയോടെ സ്റ്റേജിലേക്ക് നോക്കി. അവിടെ അവള്‍ ദീനാമ്മ, മൈക്ക് കൈയ്യില്‍ പിടിച്ച് നിൽക്കുന്നു.
"ദീനാമ്മ ദീനാമ്മ" എന്ന് വിളിച്ച് ഞങ്ങള്‍ കളിയാക്കാൻ തുടങ്ങി. അവള്‍ പതിയെ സംസാരിച്ചു തുടങ്ങി.
😥😥 "ഞാന്‍ വിരുപയായത് എന്‍റെ തെറ്റ് കൊണ്ടല്ല അതൊര്‍ത്ത് ഞാന്‍ ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല. വിഷമിച്ചത് നിങ്ങള്‍മാത്രം. ഞാനിവിടെ വന്നത് പഠിക്കാനാണ് അതുകൊണ്ട് നിങ്ങളുടെ കളിയാക്കലൊന്നും ഞാന്‍ ശ്രദ്ധിച്ചതേ ഇല്ല.
പിന്നെ ഞാന്‍ സ്കൂള്‍ വിട്ടുപോകാനുണ്ടായ കാരണം അത് നിങ്ങള്‍ അറിയണം ആരും സത്യം അറിയാന്‍ താത്പര്യപ്പെട്ടില്ല. ഞാൻ ഇടയ്ക്കിടെ ചർദിക്കുന്നതും തല കറങ്ങി വീഴുന്നതും എനിക്കൊരു രോഗവും ഉണ്ടായിട്ടല്ല ഞാൻ ഗർഭിണി ആയതുകൊണ്ടുമല്ല . പട്ടിണി കൊണ്ടാ, വെറും പച്ചവെള്ളവും കുടിച്ചു സ്കൂളിൽ വരുന്നത് കൊണ്ടാണ് അല്ലാതെ .....
നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ കഥയുണ്ടാക്കി പ്രചരിപ്പിച്ചു. ഞാന്‍ എന്നെ ന്യായീകരിക്കുകയാണെന്ന് വാദിക്കാന്‍ വരുന്നവരൊട് എനിക്കൊന്നും പറയാനില്ല. എന്‍റെ ബാഗില്‍ നിന്നും ക്ലാസ് ടീച്ചറിന് ഒരു സാധനം കിട്ടി അത് ഞാന്‍ വച്ചതല്ല . അറിയില്ല അതാരുടെ കുസൃതി ആണെന്ന് . അതാരായാലും നിങ്ങളുടെ ആ കുസൃതിയിൽ നഷ്ടപ്പെട്ടത് എന്റെ ജീവിതമാണ്, എന്റെ അച്ഛനെയാണ്, എന്റെ വിദ്യാഭ്യാസമാണ്. എനിക്കാരോടും വെറുപ്പില്ല എന്നെ വിശ്വസിക്കാതെ ഞാന്‍ വഴിപിഴച്ചു പോയെന്ന് നാട്ടുകാരെല്ലാം പറഞ്ഞപ്പോള്‍ നാണകേടാല്‍ ആത്മഹത്യ ചെയത അച്ഛനോട് പോലും". അത്രയും പറഞ്ഞു കരഞ്ഞു കൊണ്ട് അവള്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പൊയി. എല്ലാവരും നിര്‍വികാരരായി ഇരുന്നു. . അന്നായിരുന്നു അവസാനമായി ഞങ്ങൾ അവളെ കാണുന്നത്.
കാലങ്ങള്‍ക്കിപ്പുറം അവള്‍ നടന്നു പോയ വഴിയിലേക്ക് നോക്കിയാണ് ഇന്ന് ഞങ്ങളുടെ നില്‍പ്പ്. എല്ലാവരുടെയും കണ്ണുകള്‍ അവളെ പ്രതീക്ഷിച്ച് സ്കൂള്‍ ഗെയറ്റില്‍ തങ്ങി നിന്നു.
കാത്തിരിപ്പ് തളം കെട്ടിയ കണ്ണുകളില്‍ നിരാശ പടര്‍ന്നു പന്തലിച്ചു. ഓരോരുത്തരായി കൊഴിഞ്ഞു പോകാന്‍ തുടങ്ങവെ ഒരു സര്‍ക്കാര്‍ വാഹനം സ്കൂള്‍ ഗെയറ്റ് കടന്നു വന്നു. എല്ലാവരും ഒരേ സമയം ആ ജീപ്പിന്‍റെ മുന്നില്‍ എഴുതിയത് വായിച്ചു.
"ജില്ലാ ആരോഗ്യ വകുപ്പ് ". ഞങ്ങള്‍ പരസ്പരം നോക്കി.
ജീപ്പിന്‍റെ മുന്‍ സീറ്റില്‍ നിന്നും ഒരു യുവതി ഇറങ്ങി വന്നു.
"ദീനാമ്മ"
എല്ലാവരുടെയും മനസ്സ് മന്ത്രിച്ചു. പുഞ്ചിരിയോടെ അവള്‍ ഞങ്ങള്‍ക്ക് അരികിലേക്ക് നടന്നു വന്നു. ഭംഗിയായി ഞൊറിഞ്ഞുടുത്ത സാരിയും, മുഖത്തേ വട്ടകണ്ണടയും, തോളിലെ സൈഡ് ബാഗും‍, അവള്ക്ക് ഒരു ഉദ്യോഗസ്ഥയുടെ പ്രൗഢി നല്‍കി. പഴയ ദീനമ്മയുടെ നേരിയ ഛായ മാത്രമേ അവക്കുണ്ടായിരുന്നുള്ളൂ, ഒരുപാട് മാറിയിരിക്കുന്നു അവൾ .
അവളുടെ വിശേഷങ്ങൾ തിരക്കാനും സംസാരിക്കാനും എല്ലാവർക്കും വല്ലാത്ത ഉത്സാഹമായിരുന്നു. അവള്‍ ആരോടും അനിഷ്ടം കാണിച്ചതും ഇല്ല. പഠിക്കുന്ന കാലത്തു അവളോടൊന്നു ചിരിക്കുക പോലും ചെയ്യാത്തവരും ഇന്നവളോട് വാതോരാതെ സംസാരിച്ചു.
തമാശയും, പൊട്ടിച്ചിരികളുമായി സ്കൂള്‍മുറ്റം ആ പഴയ പത്താം ക്ലാസായി മാറുകയായിരുന്നു .
ഇടിയും മിന്നലും അവസാനിച്ചപ്പോൾ എന്റെ മനസ്സ് ഒരു മഴക്ക് തയ്യാറായി. എല്ലാവരോടും സംസാരിച്ച് അവൾ പോകാന്‍ തുടങ്ങവെ ഞാന്‍ പിന്നില്‍ നിന്നും വിളിച്ചു. ആരും കേൾക്കാതെ ഞാന്‍ അവളൊട് പറഞ്ഞു.
" ക്ഷമ ചോദിക്കുന്നു ഞാൻ എല്ലാത്തിനും,
നിന്റെ ബാഗില്‍ നിന്നും അങ്ങനെ ഒരു സാധനം കിട്ടിയതിന് കാരണക്കാരൻ ഞാനാണ്. ഞാനല്ല അത് കൊണ്ട്-വെച്ചതെങ്കിലും അതിന്റെ കാരണം മുഴുവന്‍ എൻറെതാണ്. ഞാനും നിന്റെ തൊട്ടടുത്തിരുന്ന രേഖയും തമ്മില്‍ പ്രണയത്തിലായിരിന്നു. അതിനിടെ ഞാന്‍ അവൾക്ക് പല സമ്മാനങ്ങളും നല്‍കിയിട്ടുണ്ട്, അന്ന് ഒരു തമാശക്ക്, സുഹൃത്തുക്കളുടെ വാക്കു കേട്ട് അവള്ക്ക് കൈമാറിയ സമ്മാനമായിരുന്നു അത്.
അന്നവളത് തുറന്നു നോക്കി ഒരു കുസൃതി ചിരിയോടെ ബാഗില്‍ ഇടുന്നത് ഞാന്‍ ദൂരെനിന്ന് നോക്കി നിൽക്കുകയും ചെയ്തു.
നീതുവിന്റെ പണം കളവ് പോയതും, എല്ലാവരുടെയും ബാഗ് പരിശോധിച്ചതും കഷ്ടകാലത്തിന് അന്നായിരുന്നു. അന്ന് ആ ക്ലാസിൽ ഏറ്റവും വേഗത്തിൽ ഇടിച്ചത് എന്റെ നെഞ്ചായിരുന്നു . രേഖയുടെ ബാഗിന്ന് അത് ടീച്ചർ കണ്ടെത്തിയാൽ എല്ലാം തീർന്നില്ലേ എന്ന് ചിന്തിച്ച് അസ്വസ്ഥനാകുകയായിരുന്നു ഞാനപ്പോള്‍.
പക്ഷേ അന്നാസാധനം പിടിച്ചത് നിന്റെ ബാഗില്‍ നിന്നായിരുന്നല്ലോ, അതെന്നെ അത്ഭുതപ്പെടുത്തിയെങ്കിലും അതിലേറെ സന്തോഷപ്പിച്ചു. ഞങ്ങള്‍ പിടിക്കപ്പെട്ടില്ലല്ലോ എന്ന ആശ്വാസമായിരുന്നു. അന്ന് ടീച്ചര്‍ പരിശോധനക്ക് വന്നപ്പോള്‍ വേറെ വഴി ഇല്ലാഞ്ഞിട്ട് രേഖ അത് നിന്റെ ബാഗിലേക്ക് ഇട്ടതാണെന്നു അവൾ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട് . അന്ന് സെൻറ്റോഫിന് നീ പറഞ്ഞ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു . നിന്നോട് എല്ലാം തുറന്നു പറഞ്ഞ് മാപ്പ് ചോദിക്കാൻ അന്ന് മുതല്‍ ഞാന്‍ ആഗ്രഹിക്കുന്നതാണ്. പക്ഷേ ഇന്നാണ് അതില്‍ പിന്നെ നിന്നെ കാണുന്നത്, എല്ലാത്തിനും മാപ്പ് എന്ന് പറയാനേ എനിക്ക് പറ്റൂ. "
ഒരു കുമ്പസാരം പോലെ എല്ലാം ഏറ്റുപറഞ്ഞ് ആത്മാർത്തമായി ഞാന്‍ അവളോട് മാപ്പപേക്ഷിച്ചു.
😊"അതൊക്കെ പഴയ കാര്യങ്ങൾ അല്ലെ അന്നേ എല്ലാം ഞാന്‍ മറന്നതാണ്. ബാല്യത്തിൻറ കുസൃതിയായി മാത്രമേ ഞാന്‍ അതിനെ കണ്ടിട്ടുളളൂ. ചെറുപ്പം മുതലേ കേൾക്കുന്നത് കൊണ്ട് നിങ്ങളുടെ കളിയാക്കലൊന്നും എന്നെ ബാധിക്കാറില്ല"
എന്നും പറഞ്ഞവൾ ഒരു പുഞ്ചിരിയും സമ്മാനിച്ചു മടങ്ങി പോകാന്‍ ജീപ്പിൽ കയറുമ്പോൾ ഞാന്‍ ഓടി ചെന്ന് ചോദിച്ചു. "😊😊 നിന്റെ യഥാർത്ഥ പേരെന്താ ദീനാമ്മേ??" വീണ്ടും നിന്നെ അങ്ങനെ ദീനാമ്മ എന്ന് വിളിക്കാൻ തോന്നുന്നില്ല . 😊😊
ഇളം ചിരിയോടെ അവള്‍ പറഞ്ഞു.
" എന്നെ ദീനാമ്മ എന്ന് തന്നെ വിളിച്ചാൽ മതി. എനിക്ക് ചേരുന്ന പേര് അതുതന്നെയാണ്. " എന്നും പറഞ്ഞവൾ വണ്ടിയിലേക്ക് കയറി.
ദീനാമ്മയുടെ വണ്ടി അവളെയും വഹിച്ച് അകലേക്ക് മറയുമ്പോൾ എന്റെ മനസ്സ് പറയുകയായിരുന്നു
ഞങ്ങളുടെ ക്ലാസിലെ ഏറ്റവും സുന്ദരിയായ പെണ്ണ് അവളായിരുന്നു . എല്ലാ തെറ്റിനും പുഞ്ചിരി കൊണ്ട് മാപ്പു തന്ന വലിയ മനസുള്ള സുന്ദരി
(കടലിന് അക്കരെയും ഇക്കരെയും നിന്ന് വെറും വാട്സാപ്പിലൂടെ മാത്രം ആശയങ്ങൾ കൈമാറി ഞങ്ങൾ എഴുതുന്ന രണ്ടാമത്തെ കഥയാണിത് . നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ വിജയം.)
എഴുതിയത്....
പെരിങ്ങോടൻ പെരിങ്ങോം & ഇർഷാദ് ലാല..
4
( Hide )
  1. നന്നായിട്ടുണ്ട്

    ReplyDelete
  2. കണ്ണിനെ ഈറനണിയിച്ചു....✨️❤

    ReplyDelete
  3. ee katha kittan margam undo

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo