നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭൂപടത്തിൽ ഇല്ലാത്തൊരാൾ (കഥ )

അന്നൊരു വെള്ളിയാഴ്ചയായിരുന്നു . രാവിന് തെളിയാത്ത തിരിനാളം
പകുത്തുനൽകി പകൽ വിടവാങ്ങിയിട്ട് ഒത്തിരി നേരമായി, എസ്തപ്പാൻ
മുണ്ടൊന്നുകൂടി മുറുക്കിയുടുത്ത് ചെറിയ മൊബൈൽ വെട്ടത്തിൽ അയാൾക്കാവുന്ന വേഗത്തിൽ നടന്നു .ഒരു കയ്യിൽ ചില്ലറ
വീട്ടുസാമാനങ്ങളടങ്ങിയ ചെറിയ കവറും മറുകൈയ്യിൽ ഒരു ചാർട്ട്പേപ്പറും ഉണ്ടായിരുന്നു .കവറിന്റെ ഇടയിലൂടെ വരുന്ന മൊബൈൽവെട്ടം റോട്ടിൽ തീർക്കുന്ന നിഴലുകളിൽ ശ്രദ്ധയൂന്നി അയാൾ നടന്നു .
മകൾക്ക് എന്തോ ചിത്രം വരയ്ക്കാൻ പേപ്പർ വാങ്ങാൻ ഇന്നലെ പറഞ്ഞതാണ്..പതിവുപോലെ ഇന്നലെ മറന്നു ..ഇന്ന് രാവിലെ വാങ്ങിവെച്ചതാണ്...തുണിക്കടയിലെ ചെറിയ ജോലി പോലും അയാളെ സംബന്ധിച്ച്‌ ബുദ്ധിമുട്ടുള്ളതാണ്. അന്തർമുഖനെന്ന് പലരുമയാളെ വിളിക്കാറുള്ളതിൽ അതിശയോക്തി ഇല്ലെന്ന്തന്നെ പറയാം .
എസ്തപ്പാൻ നടത്തത്തിന്ന് വേഗത കൂട്ടി..റോഡിൽ തിരക്ക് നന്നേകുറവാണ്. ഗരുഡൻപാറ വളവിൽ വിജനമായ റോഡിൽ അയാൾക്കു തൊട്ടു മുന്നിലായി രണ്ടു ബൈക്കുകൾ അതിവേഗത്തിൽ വന്നു നിന്നു ..!
അട്ടഹാസങ്ങളും ആക്രമണവും മുഖരിതമാക്കിയ അന്തരീക്ഷത്തെ വകഞ്ഞു മാറ്റി ഒരു കാറ് വന്നതോടെ
ഹെൽമറ്റ്ധാരികൾ പിൻവലിഞ്ഞു .ഓടയിൽ വീണ എസ്തപ്പാന്റെ കൈയിൽ അപ്പോഴും ചാർട്ട് പേപ്പർ ഭദ്രമായിരുന്നു.
ഏതോ മനുഷ്യ സ്നേഹികളുടെ കൈത്താങ്ങിൽ ഉമ്മറത്തിറങ്ങുമ്പോഴും അയാൾ നിശ്ശബ്ദനായിരുന്നു . അവരു പോകുന്നവരെ ഉമ്മറകോലായിൽ വെറുതേ കുന്തിച്ചിരുന്നു.പക്ഷെ മേരിയോട് കള്ളം പറയാനയാൾക്കാവുമായിരുന്നില്ല.
''എന്തിനാവും ഇച്ചായനെ അവരുപദ്രവിച്ചത്...?"
മേരിയുടെ ചങ്കുപിടയ്ക്കുന്നുണ്ടായിരുന്നു. കൈയ്യിലും കാലിലും മർദ്ദനമേറ്റത്തിന്റെ പാടുകളിൽ അവൾ എന്തോ കുഴമ്പ്
പതിയേ തേച്ചു., എസ്തപ്പാൻ വേദന കടിച്ചമർത്തി മേരിയെ നോക്കി , അൽപ്പസമയത്തെ തയ്യാറെടുപ്പുകൾക്ക് ശേഷം എസ്തപ്പാൻ എഴുന്നേറ്റിരുന്നു.
"കൊടി നശിപ്പിച്ചു എന്നു പറയുന്നുണ്ടായിരുന്നു .!"
"നിങ്ങളെപ്പോഴാ കൊടി നശിപ്പിക്കാൻ പോയത് ...? അതും കൊടിയുടെ നിറം പോലും ശരിക്കാറിയാത്തയാൾ ...!"
ഇടത്കൈ കൊണ്ട് താടി താങ്ങിപ്പിടിച്ച് മേരി ഒരു നെടുവീർപ്പിട്ടു .. "വല്ല ഡോക്ടറേയും കാണിക്കണം .. ഇല്ലെങ്കിൽ കുഴപ്പമാവും. ഞാൻ ആന്റപ്പനെ വിളിക്കാം ,ആ ഫോണിങ്ങ് തായോ .."
മേരിയുടെ ഒരേയൊരാങ്ങളയാണ് ആന്റപ്പൻ . അല്ലറചില്ലറ നാടൻപണിയും കള്ളുകുടിയുമൊക്കെയായി
അടിവാരത്താണ് താമസം
"എല്ലാരുടെ കുന്ത്രാണ്ടത്തിലും ആൾക്കാരുടെ പേരൊക്കെ ചേർക്കാൻ പറ്റും . അതെങ്ങിന്യാ അറിയാൻ പാടില്ലാത്തത് വാ തുറന്ന് ചോദിക്കാൻ അറിയേണ്ടായോ ... ഇങ്ങനെ ഒരു മനുഷ്യൻ ."
മേരി കലണ്ടറിൽ എഴുതി വെച്ച ആന്റപ്പന്റെ നമ്പർ ഓരോന്നായി മൊബൈലിൽ അമർത്തുന്നതിനിടെ ആരോടെന്നില്ലാതെ പറഞ്ഞു.
എസ്തപ്പാൻ നിർവ്വികാരതയോടെ മർദ്ദനമേറ്റ പാടുകളിൽ നോക്കി നിന്നേയുള്ളൂ .
മേരി ഫോൺ ചെവിയോട് ചേർത്തു ..
"എന്നതാ ഇച്ചേയി ... വെക്കം പറഞ്ഞോ .. ചാർജ് കുറവാ .."
"ഡാ .. ഇച്ചായനെ ആരാണ്ട് തല്ലി , നീ നാളെ ഇങ്ങോട്ടേക്കൊന്നു വരാവോ ......
ഡാ ... ഹലോ ... ഹലോ.... ഹൊ .. നാശം...!"
കുറച്ചു നേരം കൂടി ചെവിയോടു ചേർത്തെങ്കിലും നിരാശയോടെ പിൻവലിച്ചു .
"അവന്റെ ചാർജ് കുറവാ ... വല്ല ഷാപ്പിലും ആവും ... തിരിച്ചു വിളിക്കുമായിരിക്കും "
"ചാച്ചന് ഇന്ത്യയുടെ പടം വരയ്ക്കാനറിയാമോ ...? " കുറേ നേരത്തെ പാഴ് ശ്രമത്തിനൊടുവിൽ ചാർട്ട് പേപ്പറും പിടിച്ച് ആറാം ക്ലാസിൽ പഠിക്കുന്ന മകൾ എസ്തപ്പാനെ പ്രതീക്ഷയോടെ നോക്കി .
"അപ്പുറത്തോട്ടെങ്ങാൻ പോടീ കൊച്ചെ .. അവളുടെ ഒരു ചിത്രം ... നല്ല ആളോടാ ചോദിച്ചത് ..."
മേരിയുടെ മുരൾച്ച കേട്ട ബിനി കൊച്ച് ചാർട്ടിൽ വീണ്ടും ഗുജറാത്തിന്റെ അടിഭാഗം മനസ്സിൽ നിറച്ച് പെൻസിൽ ഓടിച്ചു .. കേരളവും തമിഴ്നാടും കഴിഞ്ഞ് ബംഗാളിലെത്താറായി. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത് .
"ആന്റെപ്പനാവും ... "
മേരി ഓടി വന്നു. .. എസ്തപ്പാൻ നഖത്തിനിടയിലെ ചെളി അലസമായി പേനക്കത്തി കൊണ്ട് തോണ്ടിക്കളഞ്ഞു.
മേരി ഫോണിന്റെ ബട്ടൻ അമർത്തി ..കൂടെ ലൗഡ് സ്പീക്കറും ഓണായിരുന്നു .
"ഹലോ , ആന്റപ്പനല്ല്യോ ..?"
"ഇങ്ങോട്ടൊന്നും പറയണ്ട . പറയുന്നത് കേട്ടാൽ നിങ്ങക്ക് നല്ലത് .. ഇന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ... നിന്നെ ഇനീം ഞങ്ങളുടെ കൈയ്യിൽ കിട്ടും .. പോലീസിൽ അറിയിച്ച് വെറുതേ സമയം കളയേണ്ട. ഞങ്ങളുടെ കൊടിമരം നശിപ്പിച്ച് നീയൊന്നും അങ്ങിനെ വിലസേണ്ട."
മേരിയുടെ നാവിറങ്ങിപ്പോയിരുന്നു .. എസ്തപ്പാൻ വീടിന്റെ മോന്തായത്തിലെ മാറാല കെട്ടിയതിൽ തന്റെ ചൂണ്ടുവിരലിനാൽ ഭൂപടം തെരയാൻ തുടങ്ങി....!
"ദേ മനുഷ്യാ ... ഒന്നുകൂടി ആലോചിച്ചു നോക്ക് .. എതാ കൊടിമരമെന്ന് "
"ഞാൻ ഒരു കൊടിയും കണ്ടിട്ടില്ല ....!
എന്റെ കൺവെട്ടത്ത് പാറിയാലല്ലേ ഞാൻ കാണൂ ... "
അയാൾ പാക്ക് കടലിടുക്കിൽ തന്റെ വിരൽ കുത്തി നിർത്തി .
"വടക്ക് മുകളിൽ .... തെക്ക് താഴെ ... ഇടത്ത് പടിഞ്ഞാറ് ...വലത്ത് കിഴക്ക് ..! " വിരലിനാൽ ദിക്കുകൾ ഉറപ്പിച്ചു .
ചേക്കുട്ടി മാഷിന്റെ ചൂരലിന്റെ പാടിനായി കൈപ്പത്തിയിലേക്കുറ്റു നോക്കി ... നേരത്തെ കിട്ടിയ അവിചാരിതമായ ആക്രമണത്തെ അയാൾ മറക്കാൻ തുടങ്ങിയിരുന്നു .
പഠിക്കുന്ന കാലത്ത് എസ്തപ്പാന് ഒരിക്കലും ഭൂപടം പൂർണ്ണമായും വരയ്ക്കുവാൻ കഴിഞ്ഞിരുന്നില്ല . ഒടുവിൽ തന്റെ ചൂരലിന് വിശ്രമം ലഭിക്കാൻ ചേക്കുട്ടി മാഷാണ് ഒരുപായം പറഞ്ഞത് .,
"മാപ്പ് വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തുക , എന്ന ചോദ്യത്തിന്റെ കാതൽ മാപ്പിന്റെ ഭംഗി മാത്രമല്ല , മറിച്ച് കൃത്യമായ സ്ഥലാവബോധം കൂടിയാണ് . "
അച്ഛന്റെ മരണത്തോടെ സ്ഥലകാലാവബോധം നഷ്ടപ്പെട്ട എസ്തപ്പാന്റെ മുന്നിൽ പക്ഷെ വിസ്താരമേറിയ ഭൂപടത്തിന് വിശേഷിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല ....
അയാൾ സ്കെയിലിന്റെ അനുപാതം ഭീമമായി ദീർഘിപ്പിച്ച് തന്റേതായ ഒരിടം കണ്ടെത്തി . അതിന്റെ ഭാഗങ്ങൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു. അതിൽ ഒരു പൊട്ടുപോലെ അയാൾ ഒരു കുടുംബം സൃഷ്ടിച്ചു. .
"ഇച്ചേയി ... ഓയ് ... ഞാനാ ആന്റപ്പൻ "
മേരി മുറ്റത്തേക്കിറങ്ങി വെളിച്ചം നീട്ടി .. ആന്റപ്പനെ കണ്ടതോടെ അവൾക്കാശ്വാസമായി.
"നിനക്ക് എന്നതേലും വെളിച്ചം കൊണ്ടു നടക്കാൻ മേലെ ... വല്ല എഴജാതികളും കാണും ."
എസ്തപ്പാന് ചിരിക്കണമെന്ന് തോന്നി.
"കാര്യങ്ങളൊക്കെ ഞാനറിഞ്ഞു ..
അതവൻമാർക്ക് ആളുമാറിയതാ .. കവലേല് മുട്ടൻ അടിയായിരുന്നു .. പോലീസ് വന്നു എല്ലാത്തിനേം കൊണ്ടുപോയി . ഇച്ചായന് വല്ലതും പറ്റിയാർന്നോ ...? വേണേൽ നാളെ ഡോക്ടറെ കാണാം , ഞാനൊക്കെയാണേൽ ഒരു ചെറുതിൽ തീരാവുന്ന പ്രശ്നമേയുള്ളു . ഇച്ചിരി പച്ചമരുന്നും കൂട്ടി ഒരു പിടി പിടിച്ചാൽ പിറ്റേന്നേക്ക് പമ്പ കടക്കും ."
ആന്റെപ്പൻ ഒന്നു ചിരിച്ചു .എസ്തപ്പാൻ തല ചെറുതായി വലതു വശത്തേക്ക് ഒന്നു ചെരിച്ചു .
"ഇതാ അച്ചായാ പറയുന്നത് ഇച്ചിരി മിണ്ടേം പറയേം ഒക്കെ വേണന്ന് ... ഇച്ചിരി രാഷ്ട്രീയം, ഇച്ചിരി തല്ലുകൊള്ളിത്തരം ഒക്കെ ഒണ്ടേലേ നമ്മുക്ക് എന്തേലും പറ്റുമ്പോം ആരെങ്കിലും ഒക്കെ കാണൂ ..! "
"ന്ത്യേ .. ബിനി കൊച്ച് ..."
"ടാ നിനക്ക് കഴിക്കാൻ വല്ലതും വേണോ .. വാങ്ങിയ സാധനങ്ങളൊക്കെ ഇങ്ങേര് വഴിയില് കളഞ്ഞില്ലേ ...കപ്പയുണ്ട് ,ഇച്ചിരി എടുക്കട്ടെ "
"ഓ വേണ്ട ഇച്ചേയി ..., ഞാൻ ഷാപ്പീന്ന് കഴിച്ചായിരുന്നു .. എടീ ബിനി കൊച്ചേ നീയെന്നതാടീ ഒന്നും മിണ്ടാത്തേ...? "
"അവക്ക് എതാണ്ട് പടം വേണം .. നിനക്കറിയാവോ ...? " മേരി കൊച്ചിനെ ചേർത്തു പിടിച്ചു .
"അയ്യോ .. ഞാൻ വരച്ചാൽ
ശരിയാവൂലെടീ .. നിനക്ക് വേണേൽ നല്ല പടം വരക്കാരനെക്കൊണ്ട് വരപ്പിച്ചു തരാം ,പക്ഷെ ഇന്നിനി നടക്കില്ല. .. ഇപ്പോം ഞാൻ പോട്ടെ ,നമ്മുടെ വടക്കേലെ സജിയുടെ ഓട്ടോ പിടിച്ച് വന്നതാ ... അവൻ കിടന്ന് കയറു പൊട്ടിക്കുന്നുണ്ടാവും ..പോട്ടെടീ കൊച്ചെ ..പടം വേണേൽ പറഞ്ഞേച്ചാ മതീട്ടോ ..."
അത്താഴം കഴിക്കുമ്പോഴും ബിനിക്കൊച്ചിന്റെ മനസ്സിൽ ആധിയായിരുന്നു , ചുരുട്ടി വെച്ച ചാർട്ട് പേപ്പറിലായിരുന്നു അവളുടെ നോട്ടം.
അന്ന് പതിവിലുമേറെ നക്ഷത്രങ്ങൾ ആകാശത്ത് തിരയിളക്കം സൃഷ്ടിച്ചിരുന്നു, തങ്ങൾക്കാവും വിധം വെളിച്ചം പകരാൻ അവർ വൃഥാ ശ്രമിക്കുന്ന പോലെ...
മേരി മകളെ ചേർത്തുപിടിച്ച്
മലപോലെ വന്ന ഭീതിയെ തൂത്തെറിഞ്ഞ കർത്താവിന് സ്തുതി പറഞ്ഞു അവളോട് ഒട്ടിച്ചേർന്നുകിടന്നു.
എസ്തപ്പാന് ഉറക്കം വന്നില്ല .അയാളുടെ മനസ്സിൽ ഒരു ഭൂപടം തിങ്ങിനിറയുന്നുണ്ടായിരുന്നു .പക്ഷെ തന്റെ ചുറ്റുപാടുകൾ മാത്രമേ അതിൽ ദൃശ്യമാവുന്നുള്ളൂ .നിശ്ശബ്ദം എഴുന്നേറ്റിരുന്ന് ശക്തിയായി ഒന്നു നിശ്വസിച്ചു. മനസ്സിന്റെ തെക്കേപ്പറമ്പിൽ കുഴിച്ചുമൂടിയ തന്റെ സ്വത്വം വാശിയോടെ ഇരുകൈയ്യാലും വാരി പുറത്തിട്ടു ...!
കാഴ്ചകളും അനുഭവങ്ങളും ഒരു
തുടർച്ചിത്രമായി മുന്നിൽ നിറഞ്ഞു , തുടക്കത്തിലെ വേഗത കുറഞ്ഞ് ഇഴഞ്ഞു നീങ്ങിയ ചിത്രങ്ങൾ തപ്പിയും തടഞ്ഞും വലിഞ്ഞുമുറുകാൻ തുടങ്ങി .
എസ്തപ്പാൻ നാല്ചുവട് നടന്നു .. മനസ്സിലെ ഭാരമൊഴിയുന്നവരെ അയാൾ അലസമായി ഉലാത്തി. .. ഇപ്പോൾ അയാളുടെ മുന്നിൽ ചുരുളഴിഞ്ഞ ഒരു ചാർട്ട് പേപ്പർ മാത്രമാണുള്ളത്.
അളവിന്റെ അനുപാതം അയാൾ പതിയെ താഴ്ത്തി ,ഇപ്പോൾ തൊട്ടടുത്ത വീട്ടിലെ രാമൻ നായരെ കാണാം , അയാൾ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് ഒരു ചെറുപുഞ്ചിരിയോടെ എസ്തപ്പാൻ കണ്ടു.
ക്രമേണ അനുപാതത്തിലെ അവരോഹണം തുടർന്നു , പലരും അയാളെ
നോക്കിച്ചിരിക്കുന്നു ... എസ്തപ്പാൻ മിഴിയുയർത്തി , ഇപ്പോൾ എല്ലാം കാണാം .. എല്ലാം .. വളരെ വ്യക്തമായി ....!
ഗോവയും കേരളവും താണ്ടി തമിഴ്നാട്ടിലൂടെ കിഴക്കിന്റെ പൊൻകിരണമേറ്റുവാങ്ങി ഹിമപാളികളിൽ മുത്തമിട്ട് ഒരു പുഞ്ചിരിയോടെ ഗുജറാത്തിൽ വന്നിറങ്ങി .
അന്നയാൾ വർഷങ്ങൾക്കു ശേഷം ആത്മവിശ്വാസത്തോടെ നിദ്രയിലമർന്നു.
..................... ................... .......................
അവസാനിച്ചു.
✍️ ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot